യഹോവയിലുള്ള ആശ്രയം സമർപ്പണത്തിലേക്കും സ്നാനത്തിലേക്കും നയിക്കുന്നു
“യഹോവയിൽ ആശ്രയിക്കുകയും നൻമചെയ്യുകയും ചെയ്യുക; ഭൂമിയിൽ വസിക്കുക, വിശ്വസ്തതയോടെ ഇടപെടുകയും ചെയ്യുക.”—സങ്കീർത്തനം 37:3.
1. ലോകജ്ഞാനികളായ മനുഷ്യരാലുള്ള ഏതു സാക്ഷ്യം മനുഷ്യനേതാക്കളിലാശ്രയിക്കുന്നത് മൗഢ്യമാണെന്നു പ്രകടമാക്കുന്നു?
നമുക്ക് ആരിൽ ആശ്രയിക്കാൻ കഴിയും? മനുഷ്യ നേതാക്കളിലോ? അപൂർണ്ണ മനുഷ്യരിലാശ്രയിക്കുന്നത് വിഡ്ഢിത്തമാണെന്ന് അവരുടെ രേഖ തെളിയിക്കുന്നു. എന്തിന്, ലോകജ്ഞാനികളായ മനുഷ്യർപോലും ആ വസ്തുത തിരിച്ചറിയുന്നു! അങ്ങനെ, “ഇപ്പോഴത്തെ സാഹചര്യം സംബന്ധിച്ച് ഏററം മോശമായിരിക്കുന്നത് യാതൊരുത്തർക്കും അതിൽനിന്നുള്ള പോംവഴി കാണാൻ കഴിയുന്നില്ലെന്നുള്ളതാണ്” എന്ന് യൂറോപ്യൻ ബിസിനസ് മാസികയായ വിഷ്യൻ ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി.“ നമ്മെ കാർന്നുതിന്നുന്ന മറെറാന്നുണ്ട്. അത് ആർക്കും ഉത്തരവാദിത്തമില്ലെന്നുള്ള സംശയമാണ്, നമ്മെ ബാധിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആരും സജ്ജനല്ലെന്നുള്ള സംശയമാണ്” എന്ന് സാമ്പത്തിക ചരിത്രകാരനായ റോബർട്ട് ഹെയിൽ ബ്രോണർ പ്രസ്താവിച്ചു.
2. ആധുനികശാസ്ത്രത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചു എന്തു പറയാൻ കഴിയും?
2 വിവിധ ശാസ്ത്രീയ മണ്ഡലങ്ങളിൽ മനുഷ്യർ വളരെയധികം പുരോഗതി നേടിയിട്ടുണ്ടെന്നുള്ളത് സത്യംതന്നെ. എന്നാൽ ഇതെല്ലാം പ്രയോജനകരമായിരുന്നിട്ടുണ്ടോ? ഇല്ല, പ്രയോജനകരമായിരുന്നിട്ടില്ല. ഗ്രൻഥകാരനായ ലൂയിസ് മംഫോർഡ് ചുണ്ടിക്കാണിച്ച പ്രകാരം: “യാന്ത്രികവും ശാസ്ത്രീയവുമായ പുരോഗതി സമാന്തരമായ മാനുഷിക പ്രയോജനങ്ങൾക്ക് ഉറപ്പുനൽകിയെന്ന അഭിപ്രായം. . . . ഇപ്പോൾ തികച്ചും അസ്വീകാര്യമായിത്തീർന്നിരിക്കുന്നു.” ഒരു ഉദാഹരണമാണ് അമ്ല മഴ. അത് തടാകങ്ങളെയും നദികളെയും മലിനീകരിക്കുകയും ദശലക്ഷക്കണക്കിന് വൃക്ഷങ്ങളെ നശിപ്പിക്കാൻ സഹായിക്കുകയുമാണ്. മാത്രവുമല്ല, ലോകത്തിന്റെ സങ്കടാവസ്ഥ—കുററകൃത്യത്തിന്റെയും അക്രമത്തിന്റെയും ഭീകരപ്രവർത്തനത്തിന്റെയും മയക്കുമരുന്ന്, മദ്യം എന്നിവയിലെ ആസക്തിയുടെയും വർദ്ധനവും അപകടകരമായ സാമ്പത്തികാവസ്ഥയും—എല്ലാം നാം മനുഷ്യനേതാക്കളിലാശ്രയിക്കുന്നത് നിഷ്പ്രയോജനകരമാണെന്ന് സാക്ഷ്യം വഹിക്കുന്നു.
3. നാം എവിടെ നമ്മുടെ ആശ്രയം വെക്കണം എന്നതു സംബന്ധിച്ച് ദൈവവചനം എന്തു ബുദ്ധിയുപദേശം നൽകുന്നു?
3 ദൈവവചനം ഏററവും ഉചിതമായി നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “പ്രഭുക്കൻമാരിലോ ഭൗമിക മമനുഷ്യന്റെ പുത്രനിലോ ആശ്രയിക്കരുത്, രക്ഷ അവരുടെ വകയല്ല. അവന്റെ ആത്മാവു പുറത്തുപോകുന്നു, അവൻ തന്റെ നിലത്തേക്ക് തിരികെപോകുന്നു, ആ ദിവസം അവന്റെ ചിന്തകൾ നശിക്കുകതന്നെ ചെയ്യുന്നു.” (സങ്കീർത്തനം 146:3, 4) മനുഷ്യരിൽ പാടില്ലെങ്കിൽ പിന്നെ ആരിൽ നമുക്ക് ആശ്രയിക്കാൻ കഴിയും? നമുക്ക് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിൽ ആശ്രയിക്കാൻ കഴിയും, നാം ഇങ്ങനെ വായിക്കുന്നു: “യഹോവയിൽ ആശ്രയിക്കുകയും യഹോവ ദൃഢവിശ്വാസമായിരിക്കുകയും ചെയ്യുന്ന ശരീരശേഷിയുള്ള മനുഷ്യൻ അനുഗൃഹീതനാകുന്നു.”—യിരെമ്യാവ് 17:7.
യഹോവയിൽ ആശ്രയിക്കുന്നതെന്തുകൊണ്ട്?
4. യഹോവയുടെ മുഖ്യഗുണവിശേഷങ്ങൾ ഏവ, അവ അവനിൽ ആശ്രയം വെക്കുന്നതിന് നമുക്ക് ഈടുററ കാരണങ്ങൾ നൽകുന്നതെങ്ങനെ?
4 ഈടുററ കാരണങ്ങളാൽ നമുക്ക് യഹോവയിൽ ആശ്രയിക്കാൻ കഴിയും. ഒന്നാമതായി, അവന്റെ സ്നേഹം, ജ്ഞാനം, നീതി, ശക്തി എന്നീ പ്രമുഖ ഗുണവിശേഷങ്ങളും മററ് അത്ഭുതഗുണങ്ങളും നിമിത്തം നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും. അവൻ സർവ്വശക്തനാണെന്ന് അവന്റെ വചനം നമുക്ക് ഉറപ്പുനൽകുന്നു. അവന്റെ സ്ഥാനപ്പേരുകളിലൊന്ന് “സർവ്വശക്തനായ ദൈവം” എന്നാണ്. (ഉല്പത്തി 28:3) അത് ആശ്രയത്തിനുള്ള എന്തോരടിസ്ഥാനമാണ്! ആർക്കും വിജയപ്രദമായി യഹോവയെ ചെറുത്തുനിൽക്കാനാവില്ല, ആർക്കും അവന്റെ ഉദ്ദേശ്യങ്ങളെ പരാജയപ്പെടുത്താൻ കഴിയുകയില്ല. അവൻ സർവ്വജ്ഞാനിയും കൂടെയാണ്. ഭാവി അവന് ഒരു തുറന്ന പുസ്തകമായിരിക്കുന്നതുകൊണ്ട്, അവന് ആരംഭത്തിൽതന്നെ അവസാനവും അറിയാമെന്നു മാത്രമല്ല, അവന്റെ അത്ഭുത സൃഷ്ടിക്രിയകളിൽ നിന്ന് ദൃശ്യമാകുന്ന പ്രകാരം അവനിൽ സകല അറിവും ജ്ഞാനവും വസിക്കുകയും ചെയ്യുന്നു. അവന്റെ ഇടപെടലുകളിലൊന്നിലും അവൻ ഒരൊററ തെററും വരുത്തിയിട്ടില്ല. (യെശയ്യാവ് 46:10; റോമർ 11:33-35) അതിലുപരിയായി, യഹോവ പൂർണ്ണമായും വിശ്വാസയോഗ്യനാണ്, നീതിയും വിശ്വസ്തതയുമുള്ള ഒരു ദൈവമാണ്, അവന് ഭോഷ്കു പറയുക അസാദ്ധ്യമാണ്. (ആവർത്തനം 32:4; തീത്തോസ് 1:2; എബ്രായർ 6:18) എല്ലാററിനുമുപരിയായി, അവന്റെ പ്രമുഖ ഗുണം നിസ്വാർത്ഥ സ്നേഹമായിരിക്കുന്നതുകൊണ്ട്, “ദൈവം സ്നേഹമാണ്” എന്ന് ഉചിതമായി പറയപ്പെട്ടിരിക്കുന്നു.—1 യോഹന്നാൻ 4:8, 16.
5. ദൈവത്തിന്റെ വിശ്വാസയോഗ്യതയെ സാക്ഷ്യപ്പെടുത്തുന്ന ഏതു രേഖ ദൈവവചനത്തിലടങ്ങിയിരിക്കുന്നു?
5 മനുഷ്യവർഗ്ഗത്തോടുള്ള യഹോവയുടെ ഇടപെടലുകൾ അവൻ സർവ്വശക്തിയും ജ്ഞാനവും നീതിയും സ്നേഹവും ഉള്ള വിശ്വാസയോഗ്യനായ ഒരു ദൈവമാണെന്നുള്ളതിന് കൂടുതലായ സാക്ഷ്യം വഹിക്കുന്നു. തന്നെ സ്നേഹിക്കുകയും തന്റെ കല്പനകളനുസരിക്കുകയും ചെയ്യുന്നവർക്കായി യഹോവ സ്നേഹദയയും ഉടമ്പടിയും പാലിക്കുന്നുവെന്ന് മോശെ യിസ്രായേല്യർക്ക് ഉറപ്പുകൊടുത്തു. (ആവർത്തനം 7:9) അതിനുമുൻപ് യഹോവ ദൈവഭയമുണ്ടായിരുന്ന നോഹയേയും അവന്റെ കുടുംബത്തെയും വലിയ പ്രളയത്തിൽ സംരക്ഷിച്ചു. ദൈവം ലോത്തിനെയും അവന്റെ രണ്ടു പുത്രിമാരെയും സോദോമിന്റെയും ഗോമോറയുടെയും അഗ്നിനാശത്തിൽനിന്ന് വിടുവിച്ചു. പിന്നീട്, ദൈവം യിസ്രായേല്യരെ ഈജിപ്ററിൽനിന്ന് കൊണ്ടുവരികയും അബ്രാഹാമിനോടുള്ള തന്റെ വാഗ്ദത്തത്തിന് ചേർച്ചയായി കനാൻ ദേശം അവർക്കു കൊടുക്കുകയും ചെയ്തു. (ഉല്പത്തി 7:23; 17:8; 19:15-26) തീച്ചൂളയിലേക്ക് എറിയപ്പെട്ട മൂന്ന് എബ്രായരെയും അതുപോലെതന്നെ സിംഹക്കുഴിയിൽനിന്ന് ദാനിയേലിനെയും യഹോവ വിടുവിച്ചില്ലേ?—ദാനിയേൽ 3:27; 6:23.
6. യഹോവയിലുള്ള ആശ്രയം അസ്ഥാനത്തല്ലെന്നുള്ളതിന് ഏത് ആധുനിക തെളിവുണ്ട്?
6 യഹോവ നമുക്ക് ആശ്രയിക്കാവുന്ന ഒരുവനാണെന്നുള്ളത് അവന്റെ ആധുനികനാളിലെ സാക്ഷികളുടെ അനുഭവങ്ങളാലും തെളിയുന്നുണ്ട്. ദൃഷ്ടാന്തമായി, അഡോൾഫ് ഹിററ്ലർ യഹോവയുടെ സാക്ഷികളുടെ “ജാതിയെ” ജർമ്മനിയിൽ നിർമ്മൂലമാക്കുമെന്ന് വീമ്പിളക്കി. പകരം, ഹിററ്ലറും അയാളുടെ നാസി പാർട്ടിയുമാണ് നിർമ്മൂലമാക്കപ്പെട്ടത്. ഇന്ന് യഹോവയുടെ സാക്ഷികളുടെ കൂട്ടം അവിടെ അനേകം മടങ്ങ് പെരുകി 119000-ത്തിലധികമായിത്തീർന്നിരിക്കുന്നു. മാത്രവുമല്ല, വീക്ഷാഗോപുരത്തിലും അതിന്റെ കൂട്ടു മാസികയായ ഉണരുക!യിലും പ്രസിദ്ധീകരിച്ചിട്ടുള്ള അക്ഷരീയമായി നൂറുകണക്കിന് യഹോവയുടെ സാക്ഷികളുടെ ജീവചരിത്രങ്ങൾ തീർച്ചയായും യഹോവ നമുക്കാശ്രയിക്കാൻ കഴിയുന്ന ദൈവമാണെന്നുള്ള വസ്തുതക്ക് വാചാലമായ സാക്ഷ്യം വഹിക്കുന്നു.
ചിലർ യഹോവയെ ആശ്രയിക്കാത്തതിന്റെ കാരണം
7. താൻ ഒരു “യഹോവാനുഭാവി”യാണെന്ന് ഒരു വ്യക്തി പറഞ്ഞതെന്തുകൊണ്ട്?
7 എന്നിരുന്നാലും എത്ര കുറച്ചാളുകൾ മാത്രമേ ഇന്ന് യഹോവയിൽ ആശ്രയിക്കുന്നുള്ളു! അവന്റെ ഗുണങ്ങളെയും വീര്യപ്രവൃത്തികളെയും കുറിച്ച് പഠിച്ചിട്ടുള്ള അനേകർ പോലും അവനിൽ ആശ്രയം വെക്കുന്നതിൽ പരാജയപ്പെടുന്നു. യു. എസ്. കാത്തലിക്ക് (1979 ജനുവരി) എന്ന മാസികയിൽ വന്ന ഒരു ലേഖനം അങ്ങനെയുള്ള ഒരാളെക്കുറിച്ച് പറയുന്നു: “അഭിപ്രായമാരാഞ്ഞ മനുഷ്യൻ അയാളോട് അയാളുടെ മതപരമായ മുൻഗണനയെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഞാൻ ഒരു യഹോവാഅനുഭാവി’യാണെന്നു വിചാരിക്കുന്നു’ എന്ന് അയാൾ മറുപടി പറഞ്ഞു. വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു, ‘യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നതിലധികവും ഞാൻ വിശ്വസിക്കുന്നു—എന്നാൽ ഞാൻ ഉൾപ്പെടാനാഗ്രഹിക്കുന്നില്ല.’” ആ മാസിക ഇങ്ങനെ പ്രസ്താവിച്ചു: “ഒരു സമർപ്പിത യഹോവയുടെ സാക്ഷിക്ക് അഗാധമായി ഉൾപ്പെടുകയല്ലാതെ ഗത്യന്തരമില്ല.”
8. ഏത് അടിസ്ഥാന സ്വഭാവങ്ങളാണ് ഒരു വ്യക്തി യഹോവയെ സേവിക്കുന്നതിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നതിനിടയാക്കുന്നത്?
8 ചിലർ ഉൾപ്പെടാൻ ആഗ്രഹിക്കാത്തതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അവർക്ക് ശരിയായ ഹൃദയനില ഇല്ല. ഒരു വ്യക്തി “നിത്യജീവനുവേണ്ടി ശരിയായ പ്രകൃത”മുള്ളവൻ ആയിരിക്കണം. (പ്രവൃത്തികൾ 13:48) വിതക്കാരന്റെ ഉപമയിൽ യേശു പ്രസ്താവിച്ചപ്രകാരം, ഫലം പുറപ്പെടുവിക്കുന്നവർ സത്യത്തിന്റെ വചനം ‘വിശിഷ്ടവും നല്ലതുമായ ഹൃദയങ്ങളിൽ’ സ്വീകരിക്കുന്നു. (ലൂക്കോസ് 8:15) അതെ, സത്യം ആത്മാർത്ഥതയില്ലാത്തവർക്ക് ഇഷ്ടപ്പെടുന്നില്ല. ഒരു അടിസ്ഥാനാവശ്യം ഒരു സത്യസന്ധമായ ഹൃദയമാണ്. ദൈവവചനത്തിലെ സത്യം അഹങ്കാരികൾക്കും ഇഷ്ടപ്പെടുന്നില്ല. ഒരു വിനീതമനോഭാവം ആവശ്യമാണ്. (യാക്കോബ് 4:6) കൂടാതെ, ആത്മസംതൃപ്തിയുള്ളവർക്ക്, സ്വയനീതിക്കാർക്ക്, ഇഷ്ടപ്പെടുന്നില്ല. എന്നാൽ തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ചു ബോധമുള്ളവർക്കും നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കും, ഇന്നത്തെ ലോകത്തിൽ നടക്കുന്നതായി കാണുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു ഞരങ്ങുന്നവർക്കും അത് ഇഷ്ടപ്പെടുകതന്നെ ചെയ്യുന്നു.—മത്തായി 5:3, 6; യെഹെസ്ക്കേൽ 9:4.
യഹോവയിലുള്ള ആശ്രയം സമർപ്പണത്തിലേക്കു നയിക്കുന്നു
9, 10. (എ) ഒരു വ്യക്തിക്ക് യഹോവയിൽ ആശ്രയിക്കാൻ കഴിയുന്നതിനു മുമ്പ് എന്താവശ്യമാണ്, ശരിയായ ഹൃദയനിലയുള്ളവർ എങ്ങനെ ചെവികൊടുക്കുന്നു? (ബി) അങ്ങനെയുള്ളവർ ആരിൽ വിശ്വാസം പ്രകടമാക്കുന്നു?
9 ഒരു വ്യക്തിക്ക് യഹോവയിൽ ആശ്രയിക്കാൻ കഴിയുന്നതിനു മുമ്പ്, അയാൾ അവനെക്കുറിച്ചു കേൾക്കണം. എന്നാൽ “തങ്ങൾ വിശ്വാസമർപ്പിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? തങ്ങൾ കേട്ടിട്ടില്ലാത്തവനിൽ അവർ, ക്രമത്തിൽ, എങ്ങനെ വിശ്വാസമർപ്പിക്കും? ക്രമത്തിൽ, പ്രസംഗിക്കാൻ ആരെങ്കിലും ഇല്ലെങ്കിൽ അവർ എങ്ങനെ കേൾക്കും?” (റോമർ 10:14) യഹോവയുടെ ദാസൻമാർ പ്രസംഗിക്കുമ്പോൾ ശരിയായ ഹൃദയനിലയുള്ളവർ ചെവികൊടുക്കുന്നു, പുരാതന തെസ്സലോനീക്യയിലെ അനേകർ ചെയ്തതുപോലെതന്നെ. ഇവരെ സംബന്ധിച്ച് പൗലോസ് ഇങ്ങനെ എഴുതി: “ഞങ്ങളിൽ നിന്ന് നിങ്ങൾ കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചപ്പോൾ മനുഷ്യരുടെ വചനമായിട്ടല്ല, പിന്നെയോ അത് സത്യമായി ആയിരിക്കുന്നതുപോലെതന്നെ, ദൈവവചനമായി നിങ്ങൾ അതിനെ കൈക്കൊണ്ടു, അത് വിശ്വാസികളായ നിങ്ങളിൽ പ്രവർത്തനത്തിലിരിക്കുന്നു.”—1 തെസ്സലോനീക്യർ 2:13.
10 യഹോവയെക്കുറിച്ചു മനസ്സിലാക്കുമ്പോൾ, അങ്ങനെയുള്ള സദ്ഹൃദയർ അവനിൽ വിശ്വാസം പ്രകടമാക്കുന്നു. ഇത് മർമ്മപ്രധാനമാണ്, എന്തെന്നാൽ “വിശ്വാസം കൂടാതെ അവനെ നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്, എന്തെന്നാൽ ദൈവത്തെ സമീപിക്കുന്നവൻ അവൻ ഉണ്ടെന്നും അവൻ തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നുവെന്നും വിശ്വസിക്കേണ്ടതാണ്.” (എബ്രായർ 11:6) ദൈവപുത്രനിൽ വിശ്വാസം പ്രകടമാക്കുന്നതും അത്യന്താപേക്ഷിതമാണ്. “മറെറാരുവനിലും രക്ഷയില്ല, എന്തെന്നാൽ നാം രക്ഷിക്കപ്പെടേണ്ടതിന് ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ടിരിക്കുന്ന മറെറാരു നാമം ഇല്ല”—അതെ, യേശുക്രിസ്തുവിന്റേതല്ലാതെ മറെറാരു നാമമില്ല.—പ്രവൃത്തികൾ 4:12.
11. യഹോവയിലുള്ള ആശ്രയം അപ്പോസ്തലനായ പത്രോസ് നൽകിയ ഏതു ബുദ്ധിയുപദേശം ഒരു വ്യക്തി അനുസരിക്കാനിടയാക്കും?
11 ദൈവവചനത്തിലും യഹോവയിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമുള്ള വിശ്വാസം തന്റെ നാളിലെ യഹൂദൻമാരോടുള്ള അപ്പോസ്തലനായ പത്രോസിന്റെ ഉപദേശം അനുസരിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കും: “യഹോവയാം വ്യക്തിയിൽനിന്ന് നവോൻമേഷകാലങ്ങൾ വരേണ്ടതിന്, തന്നിമിത്തം, അനുതപിക്കുകയും തിരിഞ്ഞുവരികയും ചെയ്യുക.” (പ്രവൃത്തികൾ 3:19) യഹോവയേയും അവന്റെ വ്യവസ്ഥകളേയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിനാൽ, തന്നേ സംബന്ധിച്ചുള്ള ദൈവേഷ്ടം യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയാകുകയെന്നതാണെന്ന് ഒരു വ്യക്തി മനസ്സിലാക്കുന്നു. പത്രോസ് അതു പ്രസ്താവിച്ചപ്രകാരം, “നിങ്ങൾ ഈ ഗതിക്കുവേണ്ടി വിളിക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ ക്രിസ്തുപോലും തന്റെ ചുവടുകൾ അടുത്തു പിന്തുടരേണ്ടതിന് നിങ്ങൾക്ക് ഒരു മാതൃക വെച്ചുകൊണ്ട് നിങ്ങൾക്കുവേണ്ടി കഷ്ടതയനുഭവിച്ചു.” (1 പത്രോസ് 2:21) “ആരെങ്കിലും എന്റെ പിന്നാലെ വരാനാഗ്രഹിക്കുന്നുവെങ്കിൽ അയാൾ തന്നേത്തന്നെ ത്യജിച്ചു തന്റെ ദണ്ഡനസ്തംഭമെടുത്ത് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.” (മത്തായി 16:24) അതിന്റെ അർത്ഥം യഹോവയാം ദൈവത്തിന് അവന്റെ ഇഷ്ടം ചെയ്യാനും യേശുക്രിസ്തുവിന്റെ കാൽചുവടുകൾ പിന്തുടരാനും തന്നേത്തന്നെ സമർപ്പിക്കുകയെന്നാണ്.
സമർപ്പണം മറെറരു പ്രതിജ്ഞ മാത്രമല്ല
12. ക്രൈസ്തവലോകത്തിൽ “പ്രതിജ്ഞ” എന്ന പദം മിക്കപ്പോഴും എങ്ങനെ ഉപയോഗിക്കപ്പെടുന്നു?
12 ക്രൈസ്തവലോകത്തിൽ ക്രിസ്ത്യാനിയാകുന്നതു സംബന്ധിച്ച് “പ്രതിജ്ഞ” എന്ന പദം ആവർത്തിച്ചു ഉപയോഗിക്കപ്പെടുന്നുണ്ട്. അങ്ങനെ ഐക്യനാടുകളിലെ സുവിശേഷകൻമാർ “യേശുവിനോടുള്ള വ്യക്തിപരമായ പ്രതിജ്ഞാബദ്ധതയെ ഊന്നിപ്പറയുന്നതായി” നമ്മോടു പറയപ്പെട്ടിരിക്കുന്നു. ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ ഒരു “കത്തോലിക്കാ മത പ്രതിജ്ഞ”യെക്കുറിച്ചു സംസാരിച്ചു. തന്റെ രാഷ്ട്രീയ ഉൾപ്പെടലിനെ ന്യായീകരിച്ചുകൊണ്ട് ഒരു കത്തോലിക്കാ പുരോഹിതൻ “രാഷ്ട്രീയത്തിലിടപെടുന്നത് എന്റെ [പൗരോഹിത്യ] പ്രതിജ്ഞയുടെ ഒരു വ്യാപനമാണ്” എന്ന് ഒരിക്കൽ പറയുകയുണ്ടായി. വ്യാപാര സ്ഥാപനങ്ങൾ “ഞങ്ങളുടെ ഇടപാടുകാരോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത”യെ പരസ്യപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, അപ്പോൾ, ഒരു വ്യക്തിക്ക് ഒരേ സമയത്ത് ഒട്ടുവളരെ പ്രതിജ്ഞകൾ ഉണ്ടായിരിക്കാൻ കഴിയും: വ്യാപാര പ്രതിജ്ഞകൾ, സാമൂഹ്യപ്രതിജ്ഞകൾ, രാഷ്ട്രീയ പ്രതിജ്ഞകൾ, മത പ്രതിജ്ഞകൾ.
13. യഹോവക്കുള്ള ഒരു സമർപ്പണത്തിൽ എന്ത് ഉൾപ്പെടുന്നു?
13 എന്നിരുന്നാലും, യഹോവയാം ദൈവത്തിനുവേണ്ടിയുള്ള സമർപ്പണം മറെറാരു പ്രതിജ്ഞ മാത്രമല്ല. ഒരു പ്രതിജ്ഞ കേവലം “ഭാവിയിൽ എന്തെങ്കിലും ചെയ്യാനുള്ള ഒരു സമ്മതമോ വാഗ്ദാനമോ” ആകുന്നു. എന്നാൽ ഒരു സമർപ്പണം ചെയ്യുന്നതിന്റെ അർത്ഥം ‘ഒരു ദൈവത്തിന്റെ സേവനത്തിനോ ആരാധനയ്ക്കോ പാവനമായ ഉപയോഗങ്ങൾക്കോ തന്നേത്തന്നെ മുഴുവനായി അർപ്പിക്കുന്നു’ എന്നാണ്. മിക്കയാളുകളും ഒരു സമർപ്പണമല്ല, ഒരു പ്രതിജ്ഞ ചെയ്യുന്നതിൽ സംതൃപ്തരാണ്. അവരുടെ മതം കേവലം കുറെ പശ്ചാത്തല സംഗീതം പോലെയാണെന്നുള്ള വസ്തുതക്കു കാരണം ഇതാണെന്നുള്ളതിനു സംശയമില്ല. അതു കേൾക്കുക ഉല്ലാസപ്രദമാണ്, എന്നാൽ ഒരു വ്യക്തി യഥാർത്ഥത്തിൽ ചെയ്യാനാഗ്രഹിക്കുന്നതിന് അതു പ്രതിബന്ധമായിരിക്കുന്നില്ല.
14. യഹോവയാം ദൈവത്തിന് വെറും പ്രതിജ്ഞ സ്വീകാര്യമല്ലാത്തതെന്തുകൊണ്ട്?
14 ദൈവത്തിനുവേണ്ടിയുള്ള ഒരു സമർപ്പണം അവന്റെ ഇഷ്ടം ചെയ്യലിനെ ജീവിതത്തിലെ അതിപ്രധാന സംഗതിയാക്കുന്നു. അത് ഒരു വ്യക്തി യേശു എടുത്തു പറഞ്ഞ ഒന്നാമത്തേതും ഏററവും വലുതുമായ കല്പന അനുസരിക്കണമെന്ന് ആവശ്യപ്പെടുന്നു: “നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കേണ്ടതാകുന്നു.” യേശു ദൈവത്തെ സേവിക്കുന്നതിന്റെ സമ്പൂർണ്ണ സ്വഭാവത്തെ ദൃഢീകരിച്ചുകൊണ്ടു പറഞ്ഞു: “ആർക്കും രണ്ട് യജമാനൻമാരെ സേവിക്കാനാവില്ല, ഒന്നുകിൽ അയാൾ ഒരാളെ വെറുത്ത് മറെറയാളെ സ്നേഹിക്കും, അല്ലെങ്കിൽ അയാൾ ആ ഒരാളോടു പററിനിന്നുകൊണ്ട് മറേറയാളെ നിരസിക്കും. നിങ്ങൾക്ക് ദൈവത്തിനും ധനത്തിനും അടിമവേല ചെയ്യാനാവില്ല.” (മർക്കോസ് 12:30; മത്തായി 6:24) അപ്പോൾ, വെറുമൊരു പ്രതിജ്ഞ ദൈവത്തിന് സ്വീകാര്യമല്ല.
ജലസ്നാപനം എന്തിന്?
15. ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഒരു പരസ്യപ്രഖ്യാപനം നടത്തുന്നതു സംബന്ധിച്ച് യേശു എന്തു മാതൃക വെച്ചു?
15 ദൈവത്തിനുവേണ്ടിയുള്ള ഒരു സമർപ്പണത്തെ സ്നാപനമേററുകൊണ്ട് പ്രതീകവൽക്കരിക്കുന്നതെന്തിന്? ഒരു വ്യക്തി യഹോവയുടെ സാക്ഷിയാകാനാഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് ഇതു ചെയ്യാതെ ഗത്യന്തരമില്ല. അയാൾ യേശുക്രിസ്തുവിന്റെ അനുഗാമിയായ ഒരു ക്രിസ്ത്യാനിയായി അറിയപ്പെടാനാഗ്രഹിക്കുന്നുവെങ്കിൽ ഇതു സത്യമാണ്. യഹോവയുടെ “വിശ്വസ്ത സാക്ഷി”യായ യേശു ഇതിനുള്ള മാതൃക വെച്ചു, അവൻ യോർദ്ദാൻ നദിയിൽ സ്നാപനം കഴിപ്പിക്കപ്പെട്ടു. യോഹന്നാൻ അനുതാപമുണ്ടായിരുന്ന പാപികളെ സ്നാപനപ്പെടുത്തിയിരുന്നതുകൊണ്ട് യേശു സ്നാപനമേൽക്കാനാഗ്രഹിച്ചതെന്തുകൊണ്ടെന്ന് അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ “ഈ പ്രാവശ്യം സമ്മതിക്കുക, എന്തെന്നാൽ ആ വിധത്തിൽ നീതിനിഷ്ഠമായതെല്ലാം നാം നിവർത്തിക്കുന്നത് ഉചിതമാണ്” എന്ന് യേശു അവനോടു പറഞ്ഞു. (വെളിപ്പാട് 1:5; മത്തായി 3:13-17) അങ്ങനെ ദൈവപുത്രൻ യഹോവക്ക് തന്നേത്തന്നെ ഏൽപ്പിച്ചുകൊടുത്തുകൊണ്ട് തന്റെ വിശ്വാസത്തിന്റെ ഒരു പരസ്യപ്രകടനം നടത്തുകയും ദിവ്യേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു മാതൃകവെക്കുകയും ചെയ്തു.
16. സ്നാപനം സംബന്ധിച്ച് യേശു തന്റെ അനുഗാമികൾക്ക് എന്തു കല്പന കൊടുത്തു, അവന്റെ ശിഷ്യൻമാർ ആ കല്പന അനുസരിച്ചുവെന്ന് എന്തു പ്രകടമാക്കുന്നു?
16 അതു മാത്രവുമല്ല, സ്വർഗ്ഗത്തിൽ തന്റെ പിതാവിന്റെ അടുക്കലേക്ക് മടങ്ങിപ്പോകുന്നതിന് തൊട്ടു മുമ്പ് യേശു തന്റെ അനുഗാമികളോട് ഇങ്ങനെ കല്പിച്ചു: “ആകയാൽ പോയി ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനം കഴിപ്പിച്ചുകൊണ്ട് അവരെ ശിഷ്യരാക്കിക്കൊൾക.” (മത്തായി 28:19, 20.) പ്രവൃത്തികളുടെ പുസ്തകത്തിലെ രേഖ യേശുവിന്റെ ശിഷ്യൻമാർ സതീഷ്ണം ആ കല്പന അനുസരിച്ചുവെന്ന് പ്രകടമാക്കുന്നു.—പ്രവൃത്തികൾ 2:40, 41; 8:12; 9:17, 18; 19:5.
17. കേവലം ഒരു തളിക്കൽ സാധുതയുള്ള ഒരു സ്നാപനം ആയിരിക്കാൻ കഴിയാത്തതെന്തുകൊണ്ട്?
17 ഇവർ എങ്ങനെ സ്നാപനം കഴിപ്പിക്കപ്പെട്ടു? ക്രൈസ്തവലോകത്തിലെ മിക്ക സഭകളിലെയും നടപടി പോലെ അവരുടെമേൽ വെള്ളം തളിച്ചുകൊണ്ടുമാത്രമാണോ? യാതൊരു പ്രകാരത്തിലുമല്ല! സ്നാപനമേററശേഷം ‘യേശു വെള്ളത്തിൽനിന്നു പൊങ്ങിവന്നു.’ ഇത് അവൻ വെള്ളത്തിൽ നിമജ്ജനം ചെയ്യപ്പെട്ടുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. (മർക്കോസ് 1:9, 10) യഥാർത്ഥത്തിൽ, വേറെ യാതൊന്നും ഒരു സ്നാപനമായിരിക്കുകയില്ല, എന്തെന്നാൽ “സ്നാപനപ്പെടുത്തുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “മുക്കുക, ആഴ്ത്തുക” എന്നാണ്.—പ്രവൃത്തികൾ 8:36-39.
18. നിമജ്ജനം ദൈവത്തിനുവേണ്ടിയുള്ള ഒരു വ്യക്തിയുടെ സമർപ്പണത്തിന്റെ ഉചിതമായ ഒരു പ്രതീകമായിരിക്കുന്നതെന്തുകൊണ്ട്?
18 അങ്ങനെയുള്ള ഒരു സ്നാപനമാണ് സമർപ്പണത്തിന്റെ അത്യന്തം ഉചിതമായ പ്രതീകം. വെള്ളത്തിനടിയിലേക്കുപോകുന്നത് ഒരു വ്യക്തി തന്റെ മുൻ പെരുമാററഗതി സംബന്ധിച്ചു മരിക്കുന്നതിനെ നന്നായി ചിത്രീകരിക്കുന്നു. അയാൾ വെള്ളത്തിൽനിന്ന് പൊക്കപ്പെടുന്നത് ഒരു പുതിയ ജീവിതരീതിക്കായി അയാൾ ഉയർത്തപ്പെടുന്നതിനെ ചിത്രീകരിക്കുന്നു. ഒരു വിവാഹചടങ്ങ് ഒരു മണവാട്ടിക്കും മണവാളനും തങ്ങളുടെ വിവാഹിതാവസ്ഥയെക്കുറിച്ച് ബോദ്ധ്യപ്പെടുന്നതിനു സഹായിക്കുന്നതുപോലെ സാക്ഷികളുടെ മുമ്പാകെയുള്ള ജലനിമജ്ജനം സ്നാനാർത്ഥിയുടെമേൽ നിലനിൽക്കുന്ന ഒരു ബോദ്ധ്യമുളവാക്കാനിടയുണ്ട്. ഇതു സംബന്ധിച്ചു സംശയമില്ല: സ്നാപനമേൽക്കുന്ന ആ ക്രിയയാൽ യഹോവക്കായുള്ള ഒരുവന്റെ സമർപ്പണം ഒരുവന്റെ ജീവിതത്തിലെ അതിപ്രധാന സംഭവമെന്ന നിലയിൽ അയാളുടെ മനസ്സിലും ഓർമ്മയിലും മായാതെ പതിപ്പിക്കപ്പെടേണ്ടതാണ്. അത് തന്നേത്തന്നെ സേവിക്കുന്നതിൽനിന്ന് യഹോവയാം ദൈവത്തെ സേവിക്കുന്നതിലേക്കുള്ള വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നു.
19. സ്നാപനമേൽക്കുന്നതിനുള്ള കൂടുതലായ ഒരു കാരണമെന്ത്?
19 ജലസ്നാപനം യഹോവയിങ്കൽ ഒരു നല്ല മനഃസാക്ഷി സമ്പാദിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണെന്നുള്ള വസ്തുത നമുക്ക് അവഗണിക്കാതിരിക്കാം. ഇത് 1 പത്രോസ് 3:21-ൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതിങ്ങനെ വായിക്കപ്പെടുന്നു: “ഇതിനോട് ഒക്കുന്നത്, അതായത്, സ്നാപനം, (ജഡത്തിന്റെ മാലിന്യം നീക്കലല്ല, പിന്നെയോ ഒരു നല്ല മനഃസാക്ഷിക്കായി ദൈവത്തോട് ചെയ്യുന്ന അപേക്ഷ) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ ഇപ്പോൾ നിങ്ങളെ രക്ഷിക്കുകയുമാകുന്നു.”
സ്നാപനം ഏതു പ്രായത്തിൽ?
20. ശിശുക്കൾക്ക് സ്നാപനത്തിന് യോഗ്യരാകാൻ കഴിയാത്തതെന്തുകൊണ്ട്?
20 മത്തായി 28:19, 20-ലെ യേശുവിന്റെ വാക്കുകൾ അവന്റെ ശിഷ്യരാക്കപ്പെട്ടവരെയാണ് സ്നാപനപ്പെടുത്തേണ്ടതെന്നു പ്രകടമാക്കുന്നു. തന്നിമിത്തം, ഒരു ശിശുവിനോ കൊച്ചുകുട്ടിക്കോ സ്നാപനത്തിന്റെ തിരുവെഴുത്തു വ്യവസ്ഥ പാലിക്കാൻ കഴിവില്ലെന്ന് സിദ്ധിക്കുന്നു. ഒരു ശിശുവിന് ദൈവവചനത്തിലും സ്രഷ്ടാവിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലും വിശ്വാസം പ്രകടമാക്കാനാവില്ല. പരിശുദ്ധാത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്നു ഗ്രഹിക്കാൻ ഒരു ശിശുവിനു കഴിവില്ല, കഴിഞ്ഞകാല പാപങ്ങളെക്കുറിച്ച് അനുതപിക്കാനും ദൈവേഷ്ടം ചെയ്യാൻ ഗൗരവപൂർണ്ണമായ ഒരു പ്രതിജ്ഞ ചെയ്യാനും അതിനു കഴിവില്ല.
21. ചെറുപ്പക്കാർ സ്നാപനമേൽക്കുന്നത് ഉചിതമാണോ?
21 എന്നാൽ യഹോവയുടെ ജനത്തിൽപെട്ട ചിലർ അങ്ങേയററത്തെ എതിർവീക്ഷണം കൈക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. അനേകം ക്രിസ്തീയ മാതാപിതാക്കൾ സ്നാപനത്തിന്റെ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങുന്നതിന് തങ്ങളുടെ മക്കൾ യൗവനാവസാനത്തിലെത്തുന്നതിന് കാത്തിരിക്കാൻ അനുവദിക്കുന്നു. പലപ്പോഴും കുട്ടികൾ സ്വന്തമായി മുൻകൈ എടുത്ത് സാധുതയുള്ള സമർപ്പണം നടത്തുന്നതായി നാം കേൾക്കുന്നു. ദൃഷ്ടാന്തമായി, ഒരു മൂപ്പന്റെ പതിമൂന്നു വയസ്സാകാത്ത പുത്രൻ സ്നാപനമേൽക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. തന്നിമിത്തം സ്നാപനത്തെക്കുറിച്ചു പരിചിന്തിക്കുന്നവർക്കായി ഉദ്ദേശിച്ചിട്ടുള്ള ചോദ്യങ്ങൾ ആ കുട്ടിയുമായി ചർച്ചചെയ്യാൻ അവന്റെ പിതാവ് വേറെ മൂന്നു മൂപ്പൻമാരെ ഏർപ്പെടുത്തി.a വളരെ ചെറുപ്പമായിരുന്നെങ്കിലും അവൻ യഹോവയാം ദൈവത്തിന്റെ ഒരു നിയമിത ശുശ്രൂഷകനെന്നനിലയിൽ സ്നാപനമേൽക്കാൻ യോഗ്യനാണെന്നായിരുന്നു അവരുടെ നിഗമനം. എന്തിന്, അടുത്ത കാലത്ത് ബഹാമസിൽ പയനിയർ സേവനസ്കൂളിൽ, സ്നാപനമേററ പത്തുവയസ്സുള്ള ഒരു പുത്രിയുണ്ടായിരുന്ന രണ്ടു മുഴുസമയശുശ്രൂഷകർ പങ്കെടുത്തിരുന്നു!
22. മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ക്രിസ്തീയ വ്യക്തിത്വം കെട്ടുപണിചെയ്യുമ്പോൾ, തങ്ങളുടെ കുട്ടികളിൽനിന്ന് അവർക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും?
22 ഈ കാര്യത്തിൽ, ചില മാതാപിതാക്കൾ കുറവുള്ളവരായിത്തീരുന്നുവെന്നു തോന്നുന്നു. അവർ തങ്ങളുടെ മക്കളിൽ ക്രിസ്തീയ വ്യക്തിത്വങ്ങൾ കെട്ടുപണിചെയ്യുന്നതിന് എത്രത്തോളം ‘അഗ്നിനിരോധക വസ്തുക്കൾ’ ഉപയോഗിക്കുന്നു? (1 കൊരിന്ത്യർ 3:10-15) ഒന്നാമതായി, അങ്ങനെ ചെയ്യുന്നതിന്, യഹോവയുടെ ശുദ്ധാരാധന മാതാപിതാക്കളുടെ ജീവിതത്തിലെ അതിപ്രധാന സംഗതിയായിരിക്കേണ്ടതാവശ്യമാണ്. കൂടാതെ, മാതാപിതാക്കൾ ആവർത്തനം 6:6, 7-ലും എഫേസ്യർ 6:4-ലും നൽകപ്പെട്ടിരിക്കുന്ന നല്ല ബുദ്ധിയുപദേശം അനുസരിക്കേണ്ടതാണ്. ഇതിന്റെ ഫലം തങ്ങളുടെ മക്കളെ പിൽക്കാലത്ത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതാവശ്യമായി വരുന്നതിനു പകരം, മാതാപിതാക്കൾ അവരെ വളരെ നേരത്തെ സ്നാപനമേൽക്കുന്നതിൽനിന്ന് തടയേണ്ടയാവശ്യം നേരിടും എന്നതായിരിക്കാം.
23. ഒരു വ്യക്തി സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ഘട്ടത്തിലെത്തിയാൽ, വേറെ എന്തും ആവശ്യമാണ്?
23 ഒരു വ്യക്തി സമർപ്പണത്താലും ജലസ്നാപനത്താലും യഹോവയിലുള്ള ആശ്രയം പ്രകടമാക്കിക്കഴിഞ്ഞാൽ അയാൾ ആ ആശ്രയം പ്രകടമാക്കുന്നതിൽ തുടരണം. ഇതിൽ ഉൾപ്പെട്ടിരിക്കുന്നതിനെ വിലമതിക്കാൻ “ആശ്രയം പ്രകടമാക്കുന്ന യഹോവയുടെ സഹപ്രവർത്തകർ” എന്ന അടുത്ത ലേഖനം നമ്മെ സഹായിക്കും. (w88 3/15)
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളായി സ്നാപനമേൽക്കാനാഗ്രഹിക്കുന്ന എല്ലാവരും ഉത്തരം പറയേണ്ട ചോദ്യപരമ്പര നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിൽ കാണപ്പെടുന്നു. സ്നാപനത്തിന് ഒരുങ്ങുന്നവർക്ക് അത് ലഭ്യമാക്കപ്പെടുന്നു.
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ മനുഷ്യരിൽ ആശ്രയിക്കുന്നതിന്റെ മൗഢ്യത്തെ ഏതു വസ്തുതകൾ പ്രദീപ്തമാക്കുന്നു?
◻ യഹോവയുടെ ഗുണവിശേഷങ്ങളും ഇടപെടലുകളും അവനിൽ ആശ്രയിക്കുന്നതിന് നമുക്ക് ഈടുററ കാരണങ്ങൾ നൽകുന്നതെന്തുകൊണ്ട്?
◻ യഹോവയിലുള്ള ആശ്രയത്തിന് കേവലം പ്രതിജ്ഞാബദ്ധതയല്ല, സമർപ്പണം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളിൽ ഇളംപ്രായത്തിൽത്തന്നെ തങ്ങളേത്തന്നെ യഹോവക്കു സമർപ്പിക്കാനുള്ള ഒരു ആഗ്രഹം ഉളവാക്കാൻ കഴിയുന്നതെങ്ങനെ?
[16-ാം പേജിലെ ചിത്രം]
വലിയവിമോചകനെന്ന നിലയിൽ യഹോവയിൽ നമുക്ക് ആശ്രയം വെക്കാൻ കഴിയും