ദൈവരാജ്യത്തിന് നിങ്ങളെ സംബന്ധിച്ച് അർത്ഥമാക്കാൻ കഴിയുന്നത്?
യേശുക്രിസ്തു “നിന്റെ രാജ്യം വരേണമേ” എന്ന് പ്രാർത്ഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:10) യേശുവിന്റെ അനുഗാമികളാണെന്നവകാശപ്പെടുന്നവർ ദൈവത്തെ സംബോധനചെയ്ത് ആ വാക്കുകൾ എത്ര കൂടെക്കൂടെ പറഞ്ഞിട്ടുണ്ട്!
എന്നിരുന്നാലും, യേശുക്രിസ്തു ദൈവരാജ്യത്തെക്കുറിച്ച് പ്രാർത്ഥിക്കാൻ തന്റെ ശിഷ്യൻമാരെ പഠിപ്പിക്കുന്നതിലധികം ചെയ്തു. അവൻ ദൈവരാജ്യത്തെ തന്റെ പ്രസംഗവേലയുടെ ഒരു മുഖ്യ വിഷയമാക്കി. യഥാർത്ഥത്തിൽ, ദൈവരാജ്യം “സാധാരണയായി യേശുവിന്റെ പഠിപ്പിക്കലിന്റെ മുഖ്യ വിഷയമായി പരിഗണിക്കപ്പെടുന്നു”വെന്ന് ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു.
ക്രിസ്തുവിന്റെ അനുഗാമികൾ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവർ യഥാർത്ഥത്തിൽ എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്? ദൈവരാജ്യത്തിന് അവരെ സംബന്ധിച്ചും നിങ്ങളെ സംബന്ധിച്ചും എന്തർത്ഥമാക്കാൻ കഴിയും? യേശു അതിനെ എങ്ങനെ വീക്ഷിച്ചു?
രാജ്യത്തെ സംബന്ധിച്ച യേശുവിന്റെ വീക്ഷണം
യേശു മിക്കപ്പോഴും തന്നേത്തന്നെ “മനുഷ്യപുത്രൻ” എന്നു വിളിച്ചു. (മത്തായി 10:23; 11:19; 16:28; 20:18, 28) ഇത് ഒരു “മനുഷ്യപുത്രനെ”ക്കുറിച്ചുള്ള ദാനിയേൽ പ്രവാചകന്റെ പരാമർശത്തെക്കുറിച്ച് നമ്മെ ഓർപ്പിക്കുന്നു. ഒരു ഭാവി സ്വർഗ്ഗീയ സംഭവത്തെക്കുറിച്ച് ദാനിയേൽ ഇങ്ങനെ പറഞ്ഞു: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു.”—ദാനിയേൽ 7:13, 14.
തനിക്ക് ഈ ആധിപത്യം ലഭിക്കുന്ന സമയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് യേശു തന്റെ അപ്പോസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ . . . മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനങ്ങളിൽ” ഇരിക്കും. യേശു ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വരുമ്പോൾ . . . സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടപ്പെടും. അവൻ ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ ജനത്തെ തമ്മിൽ തമ്മിൽ വേർതിരിക്കും. . . . ഇവർ [നീതികെട്ടവർ] നിത്യച്ഛേദനത്തിലേക്കു പോകും, എന്നാൽ നീതിമാൻമാർ നിത്യജീവനിലേക്കും.”—മത്തായി 19:28; 25:31, 32, 46, NW.
സിംഹാസനങ്ങളെയും സകല ദേശീയ സമൂഹങ്ങളെയും കുറിച്ചുള്ള ഈ പ്രാവചനിക പരാമർശനങ്ങൾ രാജ്യം ഒരു ഗവൺമെൻറാണെന്ന് സൂചിപ്പിക്കുന്നു, അതിൽ യേശുവും അവന്റെ അനുഗാമികളിൽ ചിലരും മനുഷ്യവർഗ്ഗത്തിൻമേൽ ഭരണാധികാരികളായിരിക്കും. ആ ഗവൺമെൻറിന് നീതികെട്ടവരെ മരണത്താൽ ഛേദിച്ചുകളയുന്നതിനുള്ള അധികാരമുണ്ടായിരിക്കും. എന്നിരുന്നാലും രാജ്യഭരണത്തിൻകീഴിൽ നീതിപ്രകൃതമുള്ളവർക്ക് നിത്യജീവൻ എന്ന ദൈവദാനം ലഭിക്കും.
അപ്പോൾ വ്യക്തമായി, ദൈവരാജ്യം ദിവ്യമായി ഏർപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സ്വർഗ്ഗീയ ഗവൺമെൻറാണ്. രാജ്യം സഭയല്ല, അതിനെക്കുറിച്ചുള്ള ഒരു ലൗകികവീക്ഷണത്തിന് തിരുവെഴുത്തുകൾ അനുവദിക്കുന്നില്ല. കൂടാതെ, ദൈവദത്തമായ ഒരു ഗവൺമെൻറിന് കേവലം ഒരു വ്യക്തിയുടെ ഹൃദയത്തിലെ എന്തെങ്കിലും ആയിരിക്കാൻ കഴിയുന്നതല്ല. ദൈവത്തിന്റെ രാജ്യം ഒരു ഗവൺമെൻറായതുകൊണ്ട് അത് നാം ക്രിസ്ത്യാനിത്വം സ്വീകരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിലെ എന്തെങ്കിലും ആയിത്തീരുന്നില്ല. എന്നാൽ ഹൃദയം ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് രാജ്യമെന്ന് ചിലർ വിചാരിക്കുന്നതെന്തുകൊണ്ട്?
രാജ്യം നമ്മുടെ ഉള്ളിലോ?
ചില ബൈബിൾ വിവർത്തകൻമാർ ലൂക്കോസ് 17:21 വിവർത്തനംചെയ്തിരിക്കുന്ന വിധം നിമിത്തം രാജ്യം ഹൃദയത്തിലാണെന്ന് ചിലർ വിചാരിക്കുന്നു. ന്യൂ ഇൻറർനാഷനൽ വേർഷൻ അനുസരിച്ച്, യേശു അവിടെ “രാജ്യം നിങ്ങളുടെ ഉള്ളിലാണ്” എന്നു പറഞ്ഞു.
ഈ കാര്യം സംബന്ധിച്ച്, വ്യാഖ്യാതാവിന്റെ ബൈബിൾ നിഘണ്ടു [ഇംഗ്ലീഷിൽ മാത്രം ലഭ്യം] ഇങ്ങനെ പ്രസ്താവിക്കുന്നു: “യേശുവിന്റെ ‘ഗൂഢാർത്ഥപ്രയോഗ’ത്തിന്റെ അഥവാ ‘ആന്തരികത്വ’ത്തിന്റെ ഒരു ദൃഷ്ടാന്തമായി കൂടെക്കൂടെ ഉദ്ധരിക്കപ്പെടുന്നുവെങ്കിലും ഈ വ്യാഖ്യാനം മുഖ്യമായി അനുയോജ്യമല്ലാത്ത ‘നിങ്ങൾ’ എന്നതിന്റെ ആധുനിക ഏകവചന അർത്ഥത്തിൽ മനസ്സിലാക്കപ്പെടുന്ന ‘നിങ്ങളുടെ ഉള്ളിൽ’ എന്ന പഴയ ഭാഷാന്തരത്തെയാണ് ആശ്രയിക്കുന്നത്; ‘നിങ്ങൾ’ . . . എന്നത് ബഹുവചനമാണ് (യേശു പരീശൻമാരെയാണ് സംബോധനചെയ്യുന്നത്—വാക്യം 20) . . . ദൈവരാജ്യം മനസ്സിന്റെ അല്ലെങ്കിൽ വ്യക്തിപരമായ രക്ഷയുടെ ഒരു ആന്തരിക അവസ്ഥയാണെന്നുള്ള സിദ്ധാന്തം ഈ വാക്യത്തിന്റെ സന്ദർഭത്തിനും ആശയത്തിന്റെ മുഴു പു[തിയ] നി[യമ] അവതരണത്തിനും വിരുദ്ധമാണ്.”
ന്യൂ ഇൻറർനാഷനൽ വേർഷനിൽ ലൂക്കോസ് 17:21ന് കൊടുത്തിരിക്കുന്ന ഒരു അടിക്കുറിപ്പ് യേശുവിന്റെ വാക്കുകൾ “ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്” എന്ന് വിവർത്തനം ചെയ്യാമെന്ന് പ്രകടമാക്കുന്നു. മററു ബൈബിൾഭാഷാന്തരങ്ങൾ ഇങ്ങനെ വായിക്കപ്പെടുന്നു: “ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്” അല്ലെങ്കിൽ “നിങ്ങളുടെ മദ്ധ്യത്തിലാണ്.” (ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ; ദ ജറൂസലം ബൈബിൾ; റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷൻ) ന്യൂ വേൾഡ് ട്രാൻസ്ലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സ് അനുസരിച്ച് യേശു “ദൈവരാജ്യം നിങ്ങളുടെ മദ്ധ്യേ ആണ്” എന്നാണ് പറഞ്ഞത്. താൻ സംബോധനചെയ്തുകൊണ്ടിരുന്ന അഹങ്കാരികളായിരുന്ന പരീശൻമാരുടെ ഹൃദയങ്ങളിലാണ് രാജ്യമുള്ളതെന്ന് യേശു അർത്ഥമാക്കിയില്ല. എന്നാൽ ദീർഘനാളായി കാത്തിരുന്ന മശിഹായും നിയുക്ത രാജാവുമെന്ന നിലയിൽ യേശു അവരുടെ മദ്ധ്യേതന്നെ ഉണ്ടായിരുന്നു. എന്നാൽ ദൈവരാജ്യം വരുന്നതിന് കുറെ സമയം എടുക്കുമായിരുന്നു.
അതു വരുന്ന സമയം
യേശുക്രിസ്തുവിന്റെ ചില അനുഗാമികൾ സ്വർഗ്ഗീയ മശിഹൈകരാജ്യത്തിലെ തന്റെ കൂട്ടുഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. യേശുവിനെപ്പോലെ അവർ ദൈവത്തോടുള്ള വിശ്വസ്തതയിൽ മരിക്കുകയും സ്വർഗ്ഗത്തിലെ ആത്മീയ ജീവിതത്തിലേക്ക് ഉയർപ്പിക്കപ്പെടുകയും ചെയ്യുന്നു. (1 പത്രോസ് 3:18) താരതമ്യേന എണ്ണത്തിൽ ചുരുക്കമായ അവർ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്ന് വിലക്കുവാങ്ങപ്പെട്ട 1,44,000 രാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കും. (വെളിപ്പാട് 14:1-4; 20:6) യേശുവിന്റെ സഹഭരണാധികാരികളിൽ അവന്റെ വിശ്വസ്തരായ അപ്പോസ്തലൻമാർ ഉൾപ്പെടുന്നു.—ലൂക്കോസ് 12:32.
ഒരു സന്ദർഭത്തിൽ തന്റെ അനുഗാമികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് യേശു ഇങ്ങനെ വാഗ്ദാനംചെയ്തു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് ആദ്യം കാണുന്നതുവരെ മരണം ആസ്വദിക്കാത്തവരായി ഇവിടെ നിൽക്കുന്നവരിൽ ചിലരുണ്ട്.” (മത്തായി 16:28, NW.) രസാവഹമായി, ഏതാനും ചില ദിവസങ്ങൾ മാത്രം കഴിഞ്ഞ് യേശുവിന്റെ വാഗ്ദത്തം നിറവേറിയതായി അടുത്ത വാക്യം സൂചിപ്പിക്കുന്നു. അനന്തരം അവൻ അവന്റെ ശിഷ്യൻമാരിൽ മൂന്നുപേരെ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ അവൻ അവരുടെമുമ്പാകെ രൂപാന്തരപ്പെട്ടു. അങ്ങനെ അവർക്ക് രാജ്യമഹത്വത്തിലുള്ള അവന്റെ ഒരു ദർശനം ലഭിച്ചു. (മത്തായി 17:1-9) എന്നാൽ ആ സമയത്ത് രാജ്യം സ്ഥാപിക്കപ്പെട്ടില്ല. അത് എപ്പോൾ നടക്കും?
താൻ മശിഹൈകരാജാവായി ഉടൻതന്നെ അവരോധിക്കപ്പെടുകയില്ലെന്ന് യേശുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് സൂചിപ്പിക്കുന്നു. ലൂക്കോസ് 19:11-15-ൽ നാം വായിക്കുന്നു: “അവൻ യരൂശലേമിനു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമ . . . പറഞ്ഞത് എന്തെന്നാൽ: കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്ര പോയി. അവൻ പത്തു ദാസൻമാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു: ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു. . . . അവൻ രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസൻമാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.”
ആ നാളുകളിൽ ഒരു മനുഷ്യന് ഇസ്രയേലിൽനിന്ന് റോമിലേക്കു യാത്രചെയ്തു രാജത്വം പ്രാപിക്കുന്നതുവരെ ആ നഗരത്തിൽ കാത്തിരുന്നിട്ട് രാജാവായി സ്വദേശത്തേക്കു മടങ്ങിവരുന്നതിന് ദീർഘനാൾ എടുക്കാൻ കഴിയുമായിരുന്നു. “കുലീനനായോരു മനുഷ്യൻ” യേശു ആയിരുന്നു. അവന് സ്വർഗ്ഗത്തിലെ തന്റെ പിതാവിൽനിന്ന് രാജാവെന്ന നിലയിൽ അധികാരം പ്രാപിക്കാൻ കഴിയുമായിരുന്നു, എന്നാൽ മശിഹൈകരാജാവായി ഉടൻതന്നെ അവരോധിക്കപ്പെടുകയില്ലായിരുന്നു. അവൻ രാജാവായി മടങ്ങിവരുന്നതിനുമുമ്പ് അവന്റെ അനുഗാമികൾ ഒരു ഗണ്യമായ കാലം സുവാർത്താഘോഷണവേല നിർവഹിച്ചുകൊണ്ട് വ്യാപാരംചെയ്യും.
രാജ്യം വരുന്ന വിധം
ദൈവത്തിന്റെ രാജ്യം വരാൻ പ്രാർത്ഥിക്കുമ്പോൾ ദൈവസ്നേഹികൾ എന്തിനുവേണ്ടിയാണ് അപേക്ഷിക്കുന്നത്? അവർ യഥാർത്ഥത്തിൽ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുമെന്നുള്ള തങ്ങളുടെ വാഗ്ദത്തം സാക്ഷാത്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്ന മനുഷ്യനിർമ്മിത ഭരണവ്യവസ്ഥിതികളെ നശിപ്പിച്ചുകൊണ്ട് സ്വർഗ്ഗീയ രാജ്യം നിർണ്ണായക നടപടി സ്വീകരിക്കാൻ അപേക്ഷിക്കുകയാണ്. ഈ സംഭവവികാസത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പ്രവാചകനായ ദാനിയേൽ ഇങ്ങനെ എഴുതി: “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏൽപ്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനിയേൽ 2:44) ഇത് എപ്പോൾ സംഭവിക്കും?
മനുഷ്യകാര്യാദികളിൽ ഒരു അസാധാരണ പ്രക്ഷുബ്ധാവസ്ഥക്ക് സാക്ഷ്യം വഹിക്കുന്നവരുടെ തലമുറക്കുള്ളിൽ ഇതു നടക്കുമെന്ന് യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. തന്റെ “സാന്നിദ്ധ്യ”ത്തെ സംബന്ധിച്ച് യേശു മുമ്പുണ്ടായിട്ടില്ലാത്ത തരം യുദ്ധങ്ങളും ഭൂകമ്പങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും, അതെ, ദൈവരാജ്യസുവാർത്തയുടെ ലോകവ്യാപകപ്രസംഗവും പോലെയുള്ള സംഭവവികാസങ്ങൾ ഉൾപ്പെടുന്ന ഒരു സംയുക്ത “അടയാളം” നൽകി.—മത്തായി, അദ്ധ്യായങ്ങൾ 24, 25; മർക്കോസ്, അദ്ധ്യായം 13; ലൂക്കോസ്, അദ്ധ്യായം 21.
യേശുവിന്റെ പ്രവചനത്തിൽ ഇപ്പോൾത്തന്നെ—നമ്മുടെ 20-ാം നൂററാണ്ടിൽ—നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദൈവരാജ്യം മനുഷ്യവർഗ്ഗത്തിന് മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തുന്നതിന് ദീർഘനാൾ വേണ്ടിവരുകയില്ല. രാജ്യഭരണത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരിൽ നിങ്ങൾക്ക് ഉൾപ്പെടാൻ കഴിയും. എന്നാൽ ദൈവരാജ്യത്തിന് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എന്തുതന്നെ അർത്ഥമാക്കാൻ കഴിയും?
രാജ്യഭരണത്തിന്റെ അനുഗ്രഹങ്ങൾ
ലോകവ്യാപകമായി സന്തുഷ്ടി കളിയാടും. സ്വർഗ്ഗീയ രാജ്യമാകുന്ന ഒരു “പുതിയ ആകാശ”ത്തിൻ കീഴിൽ, അനുസരണമുള്ള രാജ്യപ്രജകളുടെ ഒരു ആഗോളസമുദായമാകുന്ന ഒരു “പുതിയ ഭൂമി” ഉണ്ടായിരിക്കും. “ദൈവംതാൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. “അവൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും.” അന്ന് സന്തുഷ്ടിക്കല്ലാതെ മറെറാന്നിനും അവിടെ കാരണമുണ്ടായിരിക്കയില്ല, എന്തുകൊണ്ടെന്നാൽ “ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാട് 21:1-4.
മേലാൽ മരണം ഉണ്ടായിരിക്കയില്ല. ദുഃഖത്തിന്റെ ഈ ഭയങ്കര കാരണം മേലാൽ നമ്മുടെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അപഹരിക്കുകയില്ല. “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.” (1 കൊരിന്ത്യർ 15:26) ശവസംസ്കാരങ്ങൾക്കു പകരം ദൈവത്തിന്റെ സ്മരണയിലുള്ളവരുടെ പുനരുത്ഥാനങ്ങൾ നടക്കുമ്പോൾ എന്തു സന്തോഷമായിരിക്കും ഉണ്ടായിരിക്കുക!—യോഹന്നാൻ 5:28, 29.
രോഗത്തിനും ദൗർബല്യത്തിനും പകരം ഉജ്ജ്വലമായ ആരോഗ്യം ഉണ്ടായിരിക്കും. മേലാൽ ആശുപത്രിക്കിടക്കകൾ ശാരീരികവും മാനസികവുമായ രോഗങ്ങളാൽ അസ്വസ്ഥരായിരിക്കുന്നവരെക്കൊണ്ടു നിറയുകയില്ല. വിദഗ്ദ്ധവൈദ്യനായ യേശുക്രിസ്തു തന്റെ മറുവിലയാഗത്തിന്റെ മൂല്യം “ജനതകളുടെ സൗഖ്യമാക്കലിന്” (NW) പ്രയോഗിക്കും. (വെളിപ്പാട് 22:1, 2; മത്തായി 20:28; 1 യോഹന്നാൻ 2:1, 2) ഭൂമിയിലായിരുന്നപ്പോൾ അവൻ നിർവഹിച്ച സൗഖ്യമാക്കലുകൾ അവൻ രാജ്യംമുഖാന്തരം ചെയ്യാനിരിക്കുന്നതിന്റെ ഒരു മാതൃക മാത്രമായിരുന്നു.—യെശയ്യാവ് 33:24 താരതമ്യപ്പെടുത്തുക; മത്തായി 14:14.
ഭക്ഷ്യവസ്തുക്കൾ സമൃദ്ധമായിരിക്കും. സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, “ദേശത്തു പർവതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) യെശയ്യാവിന്റെ പ്രവചനം ഇതിനോടു കൂട്ടിച്ചേർക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകല ജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടുനീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നുതന്നെ.” (യെശയ്യാവ് 25:6) തീർച്ചയായും ക്ഷാമം രാജ്യഭരണത്തിൻകീഴിൽ ഭൂവാസികളെ ബാധിക്കുകയില്ല.
മുഴു ഭൂമിയും ഒരു പറുദീസാ ആയിത്തീരും. അങ്ങനെ പശ്ചാത്താപമുണ്ടായിരുന്ന ഒരു ദുഷ്പ്രവൃത്തിക്കാരനോടുള്ള യേശുവിന്റെ വാഗ്ദാനം നിവർത്തിക്കപ്പെടും: “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കോസ് 23:43, NW.) നിങ്ങൾക്കും ഈ ഭൂമിയിൽ, ദുഷ്ടത നീക്കി ശുദ്ധീകരിച്ച് ഉല്ലാസപ്രദവും ഉദ്യാനതുല്യവുമായ ഒരു ഗോളമാക്കി മാററപ്പെടുന്ന ഭൂമിയിൽ, നിത്യജീവൻ ആസ്വദിക്കാൻ കഴിയും.—യോഹന്നാൻ 17:3.
ഈ അത്ഭുതകരമായ പ്രതീക്ഷകൾ അനുസരണമുള്ള സകല മനുഷ്യവർഗ്ഗത്തിന്റെയും മുമ്പാകെ വെക്കപ്പെടുകയാണ്. യഹോവയുടെ നിശ്വസ്ത വചനമാകുന്ന ബൈബിൾ ഈ അനുഗൃഹീതമായ ഉറപ്പുകൾ നൽകുന്നു. ഇതെല്ലാമാണ് ദൈവരാജ്യത്തിന് നിങ്ങളേസംബന്ധിച്ച് അർത്ഥമാക്കാൻ കഴിയുന്നത്.
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തെക്കുറിച്ച് യേശു പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നുവോ?