അധ്യായം 62
താഴ്മയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു പാഠം
മത്തായി 17:22–18:5; മർക്കോസ് 9:30-37; ലൂക്കോസ് 9:43-48
യേശു തന്റെ മരണത്തെക്കുറിച്ച് വീണ്ടും മുൻകൂട്ടിപ്പറയുന്നു
മീനിന്റെ വായിൽനിന്ന് കിട്ടിയ നാണയം യേശു നികുതിയായി കൊടുക്കുന്നു
ദൈവരാജ്യത്തിൽ ഏറ്റവും വലിയവൻ ആരായിരിക്കും?
രൂപാന്തരപ്പെടുകയും കൈസര്യഫിലിപ്പി പ്രദേശത്തുവെച്ച് ഭൂതം ബാധിച്ച കുട്ടിയെ സുഖപ്പെടുത്തുകയും ചെയ്തതിനു ശേഷം യേശു കഫർന്നഹൂമിലേക്കു പോകുന്നു. ജനം അത് അറിയുന്നില്ല. യേശുവിന്റെകൂടെ ശിഷ്യന്മാർ മാത്രമേ ഉള്ളൂ. (മർക്കോസ് 9:30) അതുകൊണ്ട് തന്റെ മരണത്തിനും അതിനു ശേഷം അവർ ചെയ്യാൻപോകുന്ന പ്രവർത്തനത്തിനും വേണ്ടി അവരെ ഒരുക്കാൻ യേശുവിനു കൂടുതലായ അവസരം കിട്ടുന്നു. “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”—മത്തായി 17:22, 23.
ആദ്യമായിട്ടല്ല ശിഷ്യന്മാർ ഇതു കേൾക്കുന്നത്. താൻ കൊല്ലപ്പെടുമെന്നു യേശു മുമ്പും പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിക്കുമെന്നു വിശ്വസിക്കാൻ പത്രോസ് കൂട്ടാക്കിയില്ലെന്നുള്ളതു ശരിയാണ്. (മത്തായി 16:21, 22) മാത്രമല്ല മൂന്ന് അപ്പോസ്തലന്മാർ യേശു രൂപാന്തരപ്പെടുന്നതു കണ്ടു; യേശുവിന്റെ “വേർപാടിനെക്കുറി”ച്ചുള്ള ചർച്ച കേൾക്കുകയും ചെയ്തു. (ലൂക്കോസ് 9:31) യേശു പറയുന്നതിന്റെ അർഥം പൂർണമായി മനസ്സിലാകുന്നില്ലെങ്കിലും ശിഷ്യന്മാർക്ക് ഇപ്പോൾ “വലിയ സങ്കടമാ”കുന്നു. (മത്തായി 17:23) പക്ഷേ അതെക്കുറിച്ച് കൂടുതലായി എന്തെങ്കിലും ചോദിക്കാൻ അവർക്കു പേടിയാണ്.
പിന്നെ അവർ കഫർന്നഹൂമിൽ എത്തുന്നു. അവിടം കേന്ദ്രീകരിച്ചാണു യേശു പ്രവർത്തിക്കുന്നത്. അപ്പോസ്തലന്മാരിൽ പലരും ആ പ്രദേശത്തുനിന്നുള്ളവരാണുതാനും. അവിടെവെച്ച്, ആലയനികുതി പിരിക്കുന്നവർ പത്രോസിന്റെ അടുത്ത് വരുന്നു. യേശു നികുതി അടയ്ക്കുന്നില്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് അവർ. അവർ പത്രോസിനോട്, “നിങ്ങളുടെ ഗുരു രണ്ടു-ദ്രഹ്മ നികുതി കൊടുക്കാറില്ലേ” എന്നു ചോദിക്കുന്നു.—മത്തായി 17:24.
“ഉണ്ട് ” എന്നു പത്രോസ് പറയുന്നു. ഇക്കാര്യങ്ങളൊന്നും പത്രോസ് യേശുവിനോടു പറഞ്ഞില്ലെങ്കിലും നടന്ന കാര്യം യേശുവിന് അറിയാം. അതുകൊണ്ട് വീട്ടിൽ എത്തുമ്പോൾ യേശു ചോദിക്കുന്നു: “ശിമോനേ, നിനക്ക് എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ വാങ്ങുന്നത് ആരിൽനിന്നാണ്? മക്കളിൽനിന്നോ അതോ മറ്റുള്ളവരിൽനിന്നോ?” “മറ്റുള്ളവരിൽനിന്ന് ” എന്നു പത്രോസ് പറഞ്ഞപ്പോൾ യേശു പറയുന്നു: “അങ്ങനെയെങ്കിൽ മക്കൾ നികുതിയിൽനിന്ന് ഒഴിവുള്ളവരാണല്ലോ.”—മത്തായി 17:25, 26.
യേശുവിന്റെ പിതാവ് ഈ പ്രപഞ്ചത്തിന്റെ രാജാവാണ്. ആ പിതാവിനെയാണ് ആലയത്തിൽ ആരാധിക്കുന്നത്. അതുകൊണ്ട് നിയമപരമായി ദൈവപുത്രൻ ആലയനികുതി അടയ്ക്കേണ്ട ആവശ്യമില്ല. പക്ഷേ യേശു പറയുന്നു: “എന്നാൽ നമുക്ക് അവരെ മുഷിപ്പിക്കേണ്ടാ. അതുകൊണ്ട് നീ കടലിൽ ചെന്ന് ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ നീ ഒരു വെള്ളിനാണയം (ചതുർദ്രഹ്മ) കാണും. അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്കുക.”—മത്തായി 17:27.
താമസിയാതെ ശിഷ്യന്മാരെല്ലാം അവിടെ എത്തുന്നു. അപ്പോൾ ദൈവരാജ്യത്തിൽ ഏറ്റവും വലിയവൻ ആരായിരിക്കും എന്ന് യേശുവിനോടു ചോദിക്കാൻ അവർ ആഗ്രഹിക്കുന്നു. ഈയിടെ യേശുവിന്റെ മരണത്തെക്കുറിച്ച് ചോദിക്കാൻ പേടിച്ചിരുന്ന ആളുകളാണ് ഇവർ എന്ന് ഓർക്കണം. പക്ഷേ ഇപ്പോൾ സ്വന്തം ഭാവിയെക്കുറിച്ചായപ്പോൾ അവർക്ക് ഒരു പേടിയും ഇല്ല. അവരുടെ മനസ്സിൽക്കൂടി പോകുന്നത് എന്താണെന്നു യേശുവിന് അറിയാം. കഫർന്നഹൂമിലേക്കു നടക്കുമ്പോൾ വഴിയിൽവെച്ച് അവർ യേശു കേൾക്കാതെ ഇതേ കാര്യത്തെക്കുറിച്ചാണു തർക്കിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് യേശു ചോദിക്കുന്നു: “വഴിയിൽവെച്ച് നിങ്ങൾ എന്തിനെക്കുറിച്ചാണു തർക്കിച്ചുകൊണ്ടിരുന്നത്?” (മർക്കോസ് 9:33) നാണക്കേടു തോന്നിയിട്ട് ആരും ഒന്നും മിണ്ടുന്നില്ല. കാരണം, തങ്ങളിൽ ആരാണു വലിയവൻ എന്നതിനെക്കുറിച്ചാണല്ലോ അവർ തർക്കിച്ചത്. എന്തായാലും ഒടുവിൽ അവർ ആ ചോദ്യം യേശുവിനോടു ചോദിക്കുന്നു: “ശരിക്കും ആരാണു സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ?”—മത്തായി 18:1.
അവർ യേശുവിന്റെകൂടെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് മൂന്നു വർഷമായി. യേശു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നതെല്ലാം അവർ കാണുകയും കേൾക്കുകയും ചെയ്തതാണ്. എന്നിട്ടും ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ചാണ് അവർ തർക്കിക്കുന്നത് എന്നോർക്കണം! പക്ഷേ അവർ അപൂർണരാണ്. മാത്രമല്ല സ്ഥാനമാനങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു മതപശ്ചാത്തലത്തിലാണ് അവർ വളർന്നുവന്നത്. ഇനി, അടുത്തയിടെയാണു യേശു പത്രോസിനോടു ദൈവരാജ്യത്തിന്റെ ചില “താക്കോലുകൾ” കൊടുക്കുമെന്നു പറഞ്ഞത്. അതുകൊണ്ട് താൻ വലിയ ആളാണെന്നു പത്രോസ് ചിന്തിക്കുന്നുണ്ടാകുമോ? ഇനി, യാക്കോബും യോഹന്നാനും ആണെങ്കിൽ, യേശു രൂപാന്തരപ്പെടുന്നതു നേരിട്ടു കണ്ടവരാണ്. അതുകൊണ്ട് അവർക്കും അങ്ങനെ ഒരു തോന്നലുണ്ടായിരിക്കുമോ?
എന്തായാലും അവരുടെ മനോഭാവം തിരുത്തിക്കൊടുക്കാൻ യേശു ഒരു കാര്യം ചെയ്യുന്നു. ഒരു കുട്ടിയെ വിളിച്ച് അവരുടെ നടുവിൽ നിറുത്തുന്നു. എന്നിട്ട് ശിഷ്യന്മാരോടു പറയുന്നു: “നിങ്ങൾ മാറ്റം വരുത്തി കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ ഒരുതരത്തിലും നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അതുകൊണ്ട് ഈ കുട്ടിയെപ്പോലെ താഴ്മയുള്ളവനായിരിക്കും സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു.”—മത്തായി 18:3-5.
എത്ര നല്ല പഠിപ്പിക്കൽ രീതി! യേശു അവരോടു ദേഷ്യപ്പെടുന്നില്ല. അവരെ അത്യാഗ്രഹികളെന്നോ അധികാരമോഹികളെന്നോ വിളിക്കുന്നില്ല. പകരം ഒരു കുട്ടിയെ കാണിച്ചുകൊണ്ട് യേശു അവരെ പഠിപ്പിക്കുന്നു. കുട്ടികൾക്ക് വലിയ പദവിയോ സ്ഥാനമോ ഒന്നും കിട്ടാറില്ല. ശിഷ്യന്മാരും തങ്ങളെക്കുറിച്ച് അങ്ങനെ ഒരു വീക്ഷണം വളർത്തിയെടുക്കണമെന്നാണു യേശു പറയുന്നത്. അവസാനമായി യേശു ഇങ്ങനെ പറയുന്നു: “നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനാണു വലിയവൻ.”—ലൂക്കോസ് 9:48.