വിജയകരമായ വിവാഹജീവിതത്തിന്. . .
“നിങ്ങളിൽ ഓരോരുത്തനും തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.”—എഫെ. 5:33.
1. പൊതുവേ വിവാഹജീവിതത്തിന്റെ ആരംഭം സന്തോഷകരമാണെങ്കിലും വിവാഹിതരാകുന്നവർ എന്തു പ്രതീക്ഷിക്കണം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
വിവാഹദിവസം അണിഞ്ഞൊരുങ്ങി വരുന്ന സുന്ദരിയായ വധുവിനെ വരൻ കാണുന്ന ആ രംഗം! അവരുടെ സന്തോഷം വാക്കുകൾകൊണ്ട് വർണിക്കാനാകില്ല. പരസ്പരം വിശ്വസ്തരായിരിക്കുമെന്ന് അവർ ഇപ്പോൾ വാക്കു കൊടുക്കുന്നു. ഇതിനോടകം അവർ തമ്മിൽ അത്രത്തോളം അടുത്തു. എന്നാൽ വിവാഹത്തിനു ശേഷം ഒരുമിച്ച് ജീവിതം തുടങ്ങുമ്പോൾ, സ്നേഹവും ഐക്യവും നിലനിറുത്തുന്നതിന് അവർ ചില മാറ്റങ്ങൾ വരുത്തണം. എല്ലാ ദമ്പതികളും സന്തുഷ്ടവും വിജയകരവും ആയ ഒരു വിവാഹജീവിതം ആസ്വദിക്കണമെന്നാണു വിവാഹത്തിനു തുടക്കം കുറിച്ച യഹോവയുടെ ആഗ്രഹം. അതുകൊണ്ടാണ് തന്റെ വചനമായ ബൈബിളിലൂടെ യഹോവ ആവശ്യമായ ഉപദേശങ്ങൾ തന്നിരിക്കുന്നത്. (സദൃ. 18:22) അങ്ങനെയാണെങ്കിലും, അപൂർണരായ മനുഷ്യർ വിവാഹിതരാകുമ്പോൾ “ജഡത്തിൽ കഷ്ടം” അഥവാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ബൈബിൾ പറയുന്നു. (1 കൊരി. 7:28) ദാമ്പത്യപ്രശ്നങ്ങൾ കുറയ്ക്കാൻ ഭാര്യക്കും ഭർത്താവിനും എന്തു ചെയ്യാനാകും? ക്രിസ്ത്യാനികൾക്ക് എങ്ങനെ വിവാഹജീവിതം വിജയകരമാക്കാനാകും?
2. ദമ്പതികൾ സ്നേഹത്തിന്റെ ഏതെല്ലാം രൂപങ്ങൾ പ്രകടിപ്പിക്കേണ്ടതുണ്ട്?
2 വിവാഹജീവിതത്തിൽ സ്നേഹം ഒഴിച്ചുകൂടാനാകാത്തതാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. എന്നാൽ സ്നേഹത്തിനു പല രൂപങ്ങളുണ്ട്. അവയെല്ലാം ദമ്പതികൾക്കിടയിലുണ്ടായിരിക്കണം. ഉദാഹരണത്തിന്, അവർ പരസ്പരം ആർദ്രപ്രിയവും (ഗ്രീക്കിൽ ഫീലിയ.) പ്രേമാത്മകസ്നേഹവും (ഈറോസ്) പ്രകടിപ്പിക്കണം. കുടുംബാംഗങ്ങൾക്കിടയിലെ സഹജസ്നേഹവും (സ്റ്റോർഘി) ഏറെ പ്രധാനമാണ്, പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കിൽ. എന്നാൽ തത്ത്വത്തിൽ അധിഷ്ഠിതമായ സ്നേഹമുണ്ടെങ്കിലേ (അഗാപെ) ഒരു വിവാഹം ശരിക്കും വിജയിക്കൂ. അപ്പോസ്തലനായ പൗലോസ് ഈ സ്നേഹത്തെ ഇങ്ങനെ വിവരിച്ചു: “നിങ്ങളിൽ ഓരോരുത്തനും തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.”—എഫെ. 5:33.
ദമ്പതികളുടെ ഉത്തരവാദിത്വങ്ങൾ
3. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം എത്ര ശക്തമായിരിക്കണം?
3 “ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ” എന്നു പൗലോസ് എഴുതി. (എഫെ. 5:25) യേശു ശിഷ്യന്മാരെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിച്ചുകൊണ്ട് ക്രിസ്ത്യാനികൾ ഇന്നു യേശുവിന്റെ മാതൃക അനുകരിക്കുന്നു. (യോഹന്നാൻ 13:34, 35; 15:12, 13 വായിക്കുക.) വേണ്ടിവന്നാൽ ഇണയ്ക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻപോലും ക്രിസ്ത്യാനികൾ ഒരുക്കമായിരിക്കണം; അത്രമാത്രം അവർ തമ്മിൽത്തമ്മിൽ സ്നേഹിക്കണം. എന്നാൽ വിവാഹജീവിതത്തിൽ ഗൗരവമായ പ്രശ്നങ്ങൾ തലപൊക്കുമ്പോഴോ? അവരെ എന്തു സഹായിക്കും? തത്ത്വത്താൽ നയിക്കപ്പെടുന്ന സ്നേഹം! അത്തരം സ്നേഹം “എല്ലാം പൊറുക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം സഹിക്കുന്നു.” അത് “ഒരിക്കലും നിലച്ചുപോകുകയില്ല.” (1 കൊരി. 13:7, 8) പരസ്പരം സ്നേഹിക്കുമെന്നും വിശ്വസ്തരായിരിക്കുമെന്നും അവർ വാക്കു കൊടുത്തതാണ്. ആ വിവാഹപ്രതിജ്ഞയെക്കുറിച്ച് ഓർക്കുന്നത് യഹോവയുടെ സഹായം തേടാനും ഒരുമിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ പ്രേരിപ്പിക്കും.
4, 5. (എ) കുടുംബത്തിന്റെ ശിരസ്സെന്ന നിലയിൽ ഭർത്താവിന്റെ ഉത്തരവാദിത്വം എന്താണ്? (ബി) ഭാര്യ ശിരസ്ഥാനത്തെ എങ്ങനെ വീക്ഷിക്കണം? (സി) വിവാഹിതരായശേഷം ഒരു ദമ്പതികൾക്ക് എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടിവന്നു?
4 ഭാര്യയുടെയും ഭർത്താവിന്റെയും ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണെന്നു പൗലോസ് വിവരിച്ചു: “ഭാര്യമാർ കർത്താവിന് എന്നപോലെ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കട്ടെ; എന്തെന്നാൽ ക്രിസ്തു ശരീരത്തിന്റെ രക്ഷകനാകയാൽ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സ് ആകുന്നു.” (എഫെ. 5:22, 23) ഭർത്താവിനെക്കാൾ താഴ്ന്നവളാണു ഭാര്യ എന്നല്ല ഇതിന്റെ അർഥം. കുടുംബജീവിതത്തിൽ ഭാര്യയുടെ പങ്കു വിലപ്പെട്ടതാണെന്ന് യഹോവയുടെ ഈ വാക്കുകൾ വ്യക്തമാക്കുന്നു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” (ഉൽപ. 2:18) ഒരു നല്ല കുടുംബനാഥനായിരിക്കാൻ ഭാര്യ ഭർത്താവിനെ സഹായിക്കണം. ഭർത്താവോ ‘സഭയുടെ ശിരസ്സായ’ യേശുവിന്റെ സ്നേഹപൂർവമായ മാതൃക അനുകരിക്കണം. ഒരു ഭർത്താവ് അങ്ങനെ ചെയ്യുമ്പോൾ അദ്ദേഹത്തെ ബഹുമാനിക്കാനും പിന്തുണയ്ക്കാനും ഭാര്യക്ക് എളുപ്പമായിരിക്കും. മാത്രമല്ല, ഭർത്താവിന്റെ തണലിൽ ഭാര്യക്കു സുരക്ഷിതത്വവും തോന്നും.
5 ഫ്രെഡിന്റെ ഭാര്യയായ കാത്തി[1] പറയുന്നു: “വിവാഹത്തിനു മുമ്പ് എന്റെ കാര്യങ്ങൾ ഞാൻ ഒറ്റയ്ക്കാണു ചെയ്തിരുന്നത്. എന്നാൽ വിവാഹത്തിനു ശേഷം ഭർത്താവിനെ ആശ്രയിക്കാൻ ഞാൻ പഠിച്ചു. എനിക്ക് അതു വലിയൊരു മാറ്റമായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ യഹോവ പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് ഞങ്ങൾക്കു കൂടുതൽ അടുക്കാൻ കഴിഞ്ഞു.” ഫ്രെഡ് പറയുന്നു: “തീരുമാനങ്ങൾ എടുക്കാൻ എനിക്ക് എപ്പോഴും ബുദ്ധിമുട്ടായിരുന്നു. വിവാഹത്തിനു ശേഷം രണ്ടു പേരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്തിട്ടുവേണം ഒരു തീരുമാനം എടുക്കാൻ. അതു കൂടുതൽ ബുദ്ധിമുട്ടായി. പക്ഷേ യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുന്നതും എന്റെ ഭാര്യയുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ഞങ്ങൾ ഇപ്പോൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.”
6. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ “ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹം” എങ്ങനെ സഹായിക്കും?
6 “അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും” ചെയ്യുന്നെങ്കിൽ ദാമ്പത്യബന്ധം ശക്തമാകും. അപൂർണരായതുകൊണ്ട് രണ്ടു പേരുടെയും ഭാഗത്ത് തെറ്റുകളുണ്ടാകും. അങ്ങനെ സംഭവിക്കുമ്പോൾ ആ തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊള്ളുകയും ക്ഷമിക്കാൻ പഠിക്കുകയും “ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹം” കൂടുതൽ തികവോടെ കാണിക്കുകയും വേണം. (കൊലോ. 3:13, 14) ക്ഷമയും ദയയും ഉള്ളവരായിരുന്നുകൊണ്ടും ‘ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കാതിരുന്നുകൊണ്ടും’ ഇണകൾക്കു സ്നേഹം കാണിക്കാനാകും. (1 കൊരി. 13:4, 5) വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ അവ എത്രയും പെട്ടെന്നുതന്നെ, ആ ദിവസം തീരുന്നതിനു മുമ്പുതന്നെ, പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്. (എഫെ. 4:26, 27) ഇണയെ വേദനിപ്പിച്ചെങ്കിൽ “എന്നോടു ക്ഷമിക്കണം” എന്നു പറയാൻ താഴ്മയും ധൈര്യവും ആവശ്യമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതു പ്രശ്നങ്ങൾ പരിഹരിക്കാനും ഇണകൾ കൂടുതൽ അടുക്കാനും സഹായിക്കും.
ആർദ്രത പ്രത്യേകാൽ ആവശ്യമായ സാഹചര്യം
7, 8. (എ) ദമ്പതികൾക്കിടയിലെ ലൈംഗികതയെക്കുറിച്ച് ബൈബിൾ എന്ത് ഉപദേശമാണു തരുന്നത്? (ബി) ഇണകൾ ആർദ്രത കാണിക്കേണ്ടത് എന്തുകൊണ്ട്?
7 ദമ്പതികൾക്കിടയിലെ ലൈംഗികതയെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കാൻ സഹായിക്കുന്ന ഉപദേശങ്ങൾ ബൈബിളിലുണ്ട്. (1 കൊരിന്ത്യർ 7:3-5 വായിക്കുക.) ഭാര്യ ഭർത്താവിന്റെയും ഭർത്താവ് ഭാര്യയുടെയും വികാരങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കേണ്ടതു പ്രധാനമാണ്. ഭർത്താവ് ആർദ്രതയോടെ ഭാര്യയോട് ഇടപെടുന്നില്ലെങ്കിൽ ഭാര്യക്കു ലൈംഗികബന്ധം ആസ്വദിക്കുന്നതു ബുദ്ധിമുട്ടായിരുന്നേക്കാം. ഭർത്താവ് “വിവേകപൂർവം,” അഥവാ ഭാര്യയെ നന്നായി മനസ്സിലാക്കി വേണം ഇടപെടാൻ. (1 പത്രോ. 3:7) ലൈംഗികബന്ധത്തിനായി ഇണയെ ഒരിക്കലും നിർബന്ധിക്കരുത്. പകരം അതു സ്വാഭാവികമായി തോന്നേണ്ടതാണ്. സ്ത്രീയെക്കാൾ പെട്ടെന്നു താത്പര്യം തോന്നുന്നതു പുരുഷനായിരിക്കും. എന്നാൽ ഇരുവരും ഒരുപോലെ മാനസികമായി ഒരുക്കമായിരിക്കുമ്പോൾ വേണം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ.
8 ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിലെ സ്നേഹപ്രകടനങ്ങൾ എത്രത്തോളമാകാമെന്നും അത് എങ്ങനെയൊക്കെ കാണിക്കാമെന്നും സംബന്ധിച്ച് ബൈബിൾ പ്രത്യേകനിബന്ധനകൾ ഒന്നും വെക്കുന്നില്ല. പക്ഷേ അത്തരം സ്നേഹപ്രകടനങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (ഉത്ത. 1:2; 2:6) ക്രിസ്ത്യാനികളായ ദമ്പതികൾ പരസ്പരം ആർദ്രതയോടെ ഇടപെടണം.
9. ഇണയല്ലാത്ത ഒരു വ്യക്തിയോടുള്ള ലൈംഗികതാത്പര്യം ശരിയല്ലാത്തത് എന്തുകൊണ്ട്?
9 ദൈവത്തോടും അയൽക്കാരോടും സ്നേഹമുണ്ടെങ്കിൽ നമ്മുടെ ദാമ്പത്യത്തിനു ഭീഷണി ഉയർത്താൻ നമ്മൾ ആരെയും, ഒന്നിനെയും അനുവദിക്കില്ല. ചിലർ അശ്ലീലത്തിന് അടിമകളായിക്കൊണ്ട് അവരുടെ വിവാഹബന്ധം ദുർബലപ്പെടുത്തുകയോ തകർക്കുകപോലുമോ ചെയ്തിട്ടുണ്ട്. അശ്ലീലത്തോടോ മറ്റ് ഏതെങ്കിലും അനുചിതമായ ലൈംഗികനടപടികളോടോ ഉള്ള ആകർഷണത്തിന് എതിരെ നമ്മൾ ശക്തമായ നിലപാട് എടുക്കണം. ഇണയല്ലാത്ത ഒരു വ്യക്തിയോടു ശൃംഗരിക്കുകയാണ് എന്നു തോന്നിപ്പിക്കുന്ന കാര്യങ്ങൾപോലും നമ്മൾ ഒഴിവാക്കണം. കാരണം അത്തരം പ്രവർത്തനങ്ങൾ സ്നേഹത്തിനു നേർവിപരീതമാണ്. നമ്മുടെ എല്ലാ ചിന്തകളും പ്രവൃത്തികളും ദൈവം അറിയുന്നുവെന്ന് ഓർക്കുന്നതു ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹം ശക്തമാക്കും, ഇണയോടു വിശ്വസ്തരായിരിക്കാൻ സഹായിക്കുകയും ചെയ്യും.—മത്തായി 5:27, 28; എബ്രായർ 4:13 വായിക്കുക.
വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
10, 11. (എ) വിവാഹമോചനം ഇന്ന് എത്ര സർവസാധാരണമാണ്? (ബി) വേർപിരിയുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? (സി) വേർപിരിയുന്നതിനെക്കുറിച്ച് പെട്ടെന്നു തീരുമാനിക്കാതിരിക്കാൻ ഒരു വ്യക്തിയെ എന്തു സഹായിക്കും?
10 ഗൗരവമുള്ള ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വരുമ്പോൾ ചില ദമ്പതികൾ വേർപിരിയാനോ വിവാഹമോചനം ചെയ്യാനോ തീരുമാനിച്ചേക്കാം. ചില രാജ്യങ്ങളിൽ, വിവാഹിതരാകുന്ന പകുതിയിലധികം ആളുകൾ വിവാഹമോചനം ചെയ്യാറുണ്ട്. ക്രിസ്തീയസഭയിൽ ഇതു സാധാരണമല്ല. എങ്കിലും ഗൗരവമേറിയ വൈവാഹികപ്രശ്നങ്ങളുള്ള ദമ്പതികൾ ദൈവജനത്തിന് ഇടയിൽ കൂടിക്കൂടിവരുകയാണ്.
11 ഇക്കാര്യത്തിൽ ബൈബിൾ ഈ ബുദ്ധിയുപദേശം തരുന്നു: “ഭാര്യ ഭർത്താവിൽനിന്നു വേർപിരിയരുത്. ഇനി, വേർപിരിയേണ്ടിവരുന്നപക്ഷം അവൾ വിവാഹം കൂടാതെ കഴിയട്ടെ; അല്ലെങ്കിൽ ഭർത്താവുമായി രമ്യതയിലാകട്ടെ. ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.” (1 കൊരി. 7:10, 11) പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതായതുകൊണ്ട് വേർപിരിഞ്ഞേ മതിയാകൂ എന്നു ചില ദമ്പതികൾക്കു തോന്നാറുണ്ട്. എന്നാൽ വേർപിരിയുന്നതു നിസ്സാരമായ ഒരു കാര്യമല്ലെന്നു യേശു പറഞ്ഞു. വിവാഹത്തെക്കുറിച്ച് ദൈവം ആദ്യം പറഞ്ഞ കാര്യം, അതായത് മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും എന്ന കാര്യം, ആവർത്തിച്ചശേഷം യേശു ഇങ്ങനെ പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:3-6; ഉൽപ. 2:24) അതിന്റെ അർഥം “ദൈവം കൂട്ടിച്ചേർത്തതിനെ” ഭാര്യയോ ഭർത്താവോ പോലും വേർപിരിക്കരുതെന്നാണ്. വിവാഹത്തെ ഒരു ആജീവനാന്തബന്ധമായിട്ടാണ് യഹോവ കാണുന്നത്. (1 കൊരി. 7:39) നമ്മുടെ പ്രവൃത്തികൾക്ക് യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവരാണു നമ്മൾ എന്ന് ഓർക്കുന്നത്, പ്രശ്നങ്ങൾ ഗുരുതരമാകുന്നതിനു മുമ്പ് പരിഹരിക്കാൻ സഹായിക്കും.
12. എന്തൊക്കെ കാരണങ്ങളാലാണ് ആളുകൾ വേർപിരിയാൻ തീരുമാനിക്കുന്നത്?
12 എന്തുകൊണ്ടാണു ചിലരുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്? തങ്ങൾ സ്വപ്നം കണ്ടതുപോലെയല്ല ജീവിതം എന്നു കാണുമ്പോൾ ചിലർക്കു നിരാശയും ദേഷ്യവും തോന്നുന്നു. ചിലർ വളർന്നുവന്ന സാഹചര്യങ്ങളും വികാരങ്ങൾ പ്രകടിപ്പിക്കുന്ന വിധവും വ്യത്യസ്തമായിരിക്കും. ഇണയുടെ കുടുംബാംഗങ്ങളുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ പ്രശ്നങ്ങൾക്കു കാരണമായേക്കാം. അല്ലെങ്കിൽ പണം ചെലവഴിക്കുന്നതും കുട്ടികളെ വളർത്തുന്നതും പോലുള്ള കാര്യങ്ങളിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാം. എന്നാൽ തങ്ങളെ നയിക്കാൻ ദൈവത്തെ അനുവദിക്കുന്നതുകൊണ്ട് മിക്ക ക്രിസ്തീയദമ്പതികൾക്കും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയുന്നുവെന്നതു സന്തോഷകരമാണ്.
13. വേർപിരിയാനുള്ള ന്യായമായ കാരണങ്ങൾ എന്തൊക്കയാണ്?
13 വേർപിരിയാൻ ചിലപ്പോൾ ന്യായമായ കാരണങ്ങൾ ഉണ്ടായേക്കാം. മനഃപൂർവം കുടുംബം നോക്കാതിരിക്കുന്നതോ കടുത്ത ശാരീരിക ഉപദ്രവമോ ആരാധനാപരമായ കാര്യങ്ങൾക്കുള്ള കടുത്ത ഭീഷണിയോ പോലുള്ള അങ്ങേയറ്റം ദുസ്സഹമായ സാഹചര്യങ്ങളിൽ ചിലർ വേർപിരിയാൻ തീരുമാനിച്ചേക്കാം. ഗുരുതരമായ പ്രശ്നങ്ങളുള്ളപ്പോൾ ദമ്പതികൾ മൂപ്പന്മാരുടെ സഹായം തേടണം. ദൈവവചനത്തിലെ ബുദ്ധിയുപദേശം ബാധകമാക്കാൻ അനുഭവപരിചയമുള്ള ഈ സഹോദരങ്ങൾക്കു ദമ്പതികളെ സഹായിക്കാനാകും. പരിശുദ്ധാത്മാവിനുവേണ്ടിയും, ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാനും ആത്മാവിന്റെ ഫലം പ്രകടിപ്പിക്കാനും ഉള്ള സഹായത്തിനുവേണ്ടിയും, ദമ്പതികൾ യഹോവയോട് അപേക്ഷിക്കണം.—ഗലാ. 5:22, 23.[2]
14. യഹോവയെ ആരാധിക്കാത്ത ഇണകളുള്ള ക്രിസ്ത്യാനികളോടു ബൈബിൾ എന്താണു പറയുന്നത്?
14 ഇണകളിൽ ഒരാൾ യഹോവയെ ആരാധിക്കാത്തപ്പോൾപ്പോലും ദമ്പതികൾ ഒരുമിച്ച് കഴിയണമെന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:12-14 വായിക്കുക.) ഭാര്യയോ ഭർത്താവോ സത്യദൈവത്തെ ആരാധിക്കുന്നെങ്കിൽ അവിശ്വാസിയായ ഇണ അക്കാരണത്താൽ “വിശുദ്ധീകരിക്കപ്പെടുന്നു.” അവരുടെ ചെറിയ കുട്ടികളെ ദൈവം “വിശുദ്ധരായി” കണക്കാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പൗലോസ് ക്രിസ്തീയദമ്പതികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഭാര്യയേ, നീ നിന്റെ ഭർത്താവിനെ രക്ഷയിലേക്കു നയിക്കുകയില്ലെന്ന് എങ്ങനെ അറിയാം? ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷയിലേക്കു നയിക്കുകയില്ലെന്ന് എങ്ങനെ അറിയാം?” (1 കൊരി. 7:16) ഇണയെ സത്യാരാധനയിലേക്കു നയിച്ച ക്രിസ്ത്യാനികളുടെ നല്ല ദൃഷ്ടാന്തങ്ങൾ ഒരുപാടുണ്ട്.
15, 16. (എ) അവിശ്വാസിയായ ഭർത്താവുള്ള ക്രിസ്തീയഭാര്യക്കു ബൈബിൾ എന്ത് ഉപദേശമാണു നൽകുന്നത്? (ബി) ‘അവിശ്വാസി വേർപിരിയാൻ’ തീരുമാനിക്കുന്നെങ്കിൽ ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാനാകും?
15 അപ്പോസ്തലനായ പത്രോസ് ക്രിസ്തീയഭാര്യമാരോടു ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കാൻ ആവശ്യപ്പെട്ടു. കാരണം പത്രോസ് പറഞ്ഞു: “അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട് ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.” എപ്പോഴും തന്റെ വിശ്വാസത്തെക്കുറിച്ച് ഭർത്താവിനോടു പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം ഒരു ഭാര്യ ‘ശാന്തതയും സൗമ്യതയുമുള്ള മനസ്സുള്ളവളായിരിക്കുമ്പോൾ’ അതു സത്യം സ്വീകരിക്കാൻ ഭർത്താവിനെ കൂടുതൽ സഹായിച്ചേക്കും. അത്തരമൊരു മനസ്സ് ‘ദൈവസന്നിധിയിൽ വിലയേറിയതാണ്.’—1 പത്രോ. 3:1-4.
16 അവിശ്വാസിയായ ഇണ വേർപിരിയാൻ തീരുമാനിക്കുന്നെങ്കിലോ? ബൈബിൾ പറയുന്നു: “അവിശ്വാസി വേർപിരിയുന്നെങ്കിലോ, വേർപിരിഞ്ഞുകൊള്ളട്ടെ. അത്തരം സാഹചര്യങ്ങളിൽ ആ സഹോദരനോ സഹോദരിയോ കടപ്പാടിൻകീഴിലല്ല. സമാധാനത്തിൽ ജീവിക്കാനല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്.” (1 കൊരി. 7:15) വേർപിരിയുന്നത് ഒരു പരിധിവരെ സമാധാനം കൊണ്ടുവന്നേക്കാം. എങ്കിലും ക്രിസ്ത്യാനിയായ ഇണയ്ക്കു പുനർവിവാഹം ചെയ്യാനുള്ള അനുമതി ബൈബിൾ നൽകുന്നില്ല. അതേസമയം അവിശ്വാസിയായ ഇണയെ തന്നോടൊപ്പം ജീവിക്കാൻ നിർബന്ധിക്കാനുള്ള കടപ്പാടുമില്ല. കാലം കടന്നുപോകുമ്പോൾ, അവിശ്വാസിയായ ഇണ വിവാഹബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിച്ച് തിരികെ വന്നേക്കാം. ഒരുപക്ഷേ യഹോവയുടെ ഒരു ആരാധകനായിത്തീരുകയും ചെയ്തേക്കാം.
വിവാഹജീവിതത്തിൽ മുഖ്യസ്ഥാനം എന്തിനായിരിക്കണം?
17. ക്രിസ്ത്യാനികളായ ദമ്പതികൾ എന്തിനാണു മുഖ്യസ്ഥാനം കൊടുക്കേണ്ടത്?
17 ‘അന്ത്യകാലത്തിന്റെ’ അവസാനഭാഗത്ത് ജീവിക്കുന്നതുകൊണ്ട്, ‘വിശേഷാൽ ദുഷ്കരമായ സമയങ്ങളിലൂടെയാണു’ നമ്മൾ കടന്നുപോകുന്നത്. (2 തിമൊ. 3:1-5) അതുകൊണ്ട്, യഹോവയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നത് ഒരു സംരക്ഷണമായിരിക്കും. പൗലോസ് എഴുതി: “സമയം ചുരുങ്ങിയിരിക്കുന്നു. ആകയാൽ ഭാര്യമാർ ഉള്ളവർ ഇല്ലാത്തവരെപ്പോലെയും . . . ലോകത്തെ ഉപയോഗപ്പെടുത്തുന്നവർ അതിനെ മുഴുവനായി ഉപയോഗിക്കാത്തവരെപ്പോലെയും ഇരിക്കട്ടെ.” (1 കൊരി. 7:29-31) വിവാഹിതർ അവരുടെ ഇണയ്ക്കു യാതൊരു ശ്രദ്ധയും കൊടുക്കേണ്ട എന്നല്ല, പകരം നമ്മൾ അന്ത്യകാലത്ത് ജീവിക്കുന്നതുകൊണ്ട് യഹോവയുടെ ആരാധനയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കണം എന്നാണു പൗലോസ് ഉദ്ദേശിച്ചത്.—മത്താ. 6:33.
18. സന്തുഷ്ടവും വിജയകരവും ആയ വിവാഹജീവിതം നയിക്കാൻ ക്രിസ്ത്യാനികൾക്ക് എങ്ങനെ കഴിയും?
18 ഈ ദുഷ്കരമായ സമയങ്ങളിൽ പല വിവാഹങ്ങളും തകരുന്നതു നമുക്കു കാണാം. സന്തുഷ്ടവും വിജയകരവും ആയ ദാമ്പത്യം യഥാർഥത്തിൽ സാധ്യമാണോ? യഹോവയോടും ദൈവജനത്തോടും അടുത്തുനിൽക്കുകയും ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുകയും പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ അതു സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ “ദൈവം കൂട്ടിച്ചേർത്ത” വിവാഹബന്ധത്തെ നമ്മൾ ആദരിക്കുകയായിരിക്കും.—മർക്കോ. 10:9.
^ [1] (ഖണ്ഡിക 5) പേരുകൾ മാറ്റിയിട്ടുണ്ട്.
^ [2] (ഖണ്ഡിക 13)“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകത്തിന്റെ “വിവാഹമോചനവും വേർപിരിയലും—ബൈബിളിന്റെ വീക്ഷണം” എന്ന അനുബന്ധം കാണുക.