നിങ്ങളുടെ ദാമ്പത്യം കരുത്തുറ്റതാക്കാൻ കഴിയുന്ന വിധം
ശ്രദ്ധിക്കാതെ ഇട്ടിരിക്കുന്ന, മോശമായ സ്ഥിതിയിലായ ഒരു വീട് ഭാവനയിൽ കാണുക. പെയിന്റ് ഇളകി വീഴുന്നു, മേൽക്കൂര ദ്രവിച്ചുതുടങ്ങിയിരിക്കുന്നു, മുറ്റമെല്ലാം കാടുകയറിക്കിടക്കുന്നു. ആരും ശ്രദ്ധിക്കാനില്ലാതെ, വർഷങ്ങളോളം ശക്തമായ കാറ്റുംമഴയുമേറ്റ് ജീർണിച്ചതാണ് ഈ കെട്ടിടം എന്നു വ്യക്തം. എന്നിരുന്നാലും, അതു പൊളിച്ചുകളഞ്ഞേതീരൂ എന്നുണ്ടോ? ഇല്ല. അടിത്തറ ബലിഷ്ഠവും ചട്ടക്കൂട് ഇളക്കമില്ലാത്തതുമാണെങ്കിൽ സാധ്യതയനുസരിച്ച് ആ കെട്ടിടത്തെ കേടുപോക്കിയെടുക്കാൻ കഴിയും.
ആ വീടിന്റെ അവസ്ഥയെപ്പറ്റി ചിന്തിച്ചപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് ഓർമവന്നോ? വർഷങ്ങളായി, ശക്തമായ ‘കാറ്റുംകോളും’ നിങ്ങളുടെ ദാമ്പത്യബന്ധത്തെ പിടിച്ചുലച്ചിട്ടുണ്ടാവാം. ഒരു പരിധിവരെ നിങ്ങളിൽ ഒരാളുടെയോ രണ്ടുപേരുടെയുമോ ഭാഗത്തെ അശ്രദ്ധ അതിൽ ഉൾപ്പെട്ടിട്ടുണ്ടാവണം. സാൻഡിക്കു തോന്നിയതുപോലെ നിങ്ങൾക്കും തോന്നാം. 15 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം അവർ ഇപ്രകാരം പ്രസ്താവിച്ചു: “ഞങ്ങൾ വിവാഹിതരാണ് എന്നതു മാത്രമാണ് ഞങ്ങൾക്കു പൊതുവായുള്ള ഒരേയൊരു സംഗതി. അങ്ങനെ ജീവിച്ചതുകൊണ്ടായില്ലല്ലോ.”
നിങ്ങളുടെ ദാമ്പത്യം ഇങ്ങനെയൊരു തലത്തിലേക്കു കൂപ്പുകുത്തിയിരിക്കുന്നു എങ്കിൽപ്പോലും അത് അവസാനിപ്പിക്കാറായി എന്ന് തിടുക്കത്തിൽ നിഗമനം ചെയ്യരുത്. നിങ്ങളുടെ ദാമ്പത്യത്തെ ശരിയാക്കിയെടുക്കാൻ സാധിച്ചേക്കും. ഇത് ഏറെയും നിങ്ങൾക്കും നിങ്ങളുടെ ഇണയ്ക്കും ഇടയിൽ എത്രത്തോളം പ്രതിബദ്ധതയുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പരിശോധനകളിന്മധ്യേ ഒരു ദാമ്പത്യത്തിനു സ്ഥിരത പ്രദാനം ചെയ്യുന്നതിൽ പ്രതിബദ്ധത വളരെ സഹായിക്കുന്നു. എന്നാൽ എന്താണ് പ്രതിബദ്ധത? അത് അരക്കിട്ടുറപ്പിക്കാൻ ബൈബിളിനു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
പ്രതിബദ്ധതയിൽ കടപ്പാട് ഉൾപ്പെടുന്നു
കടപ്പാടിൻ കീഴിൽ ആയിരിക്കുന്ന അഥവാ വൈകാരികമായി നിർബന്ധം തോന്നുന്ന അവസ്ഥയെയാണ് പ്രതിബദ്ധത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ബിസിനസ് കരാറുകൾ പോലെ വ്യക്തികൾ അല്ലാത്തവയോടുള്ള ബന്ധത്തിലും ചിലപ്പോൾ ഈ പദം ഉപയോഗിക്കാറുണ്ട്. ദൃഷ്ടാന്തത്തിന്, ഒരു കെട്ടിട നിർമാതാവിന് താൻ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് വീടു പണിയാൻ കടപ്പാടു തോന്നിയേക്കാം. പണി ഏൽപ്പിച്ച വ്യക്തിയെ ഒരുപക്ഷേ അയാൾക്കു വ്യക്തിപരമായി അറിയില്ലായിരിക്കാം. എങ്കിൽപ്പോലും, തന്റെ വാക്കു പാലിക്കാൻ അയാളുടെ മനസ്സ് അയാളെ നിർബന്ധിക്കുന്നു.
ദാമ്പത്യം നിർവികാരമായ ഒരു ബിസിനസ് ഇടപാട് അല്ലെങ്കിലും അതിലുള്ള പ്രതിബദ്ധതയിൽ കടപ്പാട് ഉൾപ്പെട്ടിരിക്കുന്നു. എന്തുതന്നെ സംഭവിച്ചാലും ഒറ്റക്കെട്ടായി നിൽക്കുമെന്ന് നിങ്ങളും ഇണയും സാധ്യതയനുസരിച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ ഗൗരവമായി പ്രതിജ്ഞയെടുത്തിട്ടുള്ളതാണ്. യേശു ഇങ്ങനെ പ്രസ്താവിച്ചു: പുരുഷനെയും സ്ത്രീയെയും ‘സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു, അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പററിച്ചേരും എന്ന് അരുളിച്ചെയ്തു.’ തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” (മത്തായി 19:4-6) അതുകൊണ്ട്, പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ നിങ്ങളും നിങ്ങളുടെ ഇണയും നിങ്ങൾ ചെയ്ത വിവാഹ പ്രതിജ്ഞയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം.a ഒരു വിവാഹിത സ്ത്രീ ഇങ്ങനെ പറഞ്ഞു: “വിവാഹമോചനത്തെ ഒരു സാധ്യതയായി കണക്കാക്കുന്നത് നിറുത്തിയതിൽപ്പിന്നെയാണ് ഞങ്ങളുടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങിയത്.”
എന്നിരുന്നാലും, ദാമ്പത്യ പ്രതിബദ്ധതയിൽ കടപ്പാടിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നു. അവ എന്തൊക്കെയാണ്?
കൂട്ടായ പ്രവർത്തനം ദാമ്പത്യ പ്രതിബദ്ധതയെ അരക്കിട്ടുറപ്പിക്കുന്നു
വിവാഹ ഇണകൾക്ക് ഇടയിൽ ഒരിക്കലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയില്ല എന്നല്ല ദാമ്പത്യ പ്രതിബദ്ധതയുടെ അർഥം. പ്രശ്നങ്ങൾ തലപൊക്കുമ്പോൾ അതു പരിഹരിക്കാൻ ആത്മാർഥമായ ഒരു ആഗ്രഹം ഉണ്ടായിരിക്കണം. അത് വിവാഹപ്രതിജ്ഞയുടെ കടപ്പാടിൻകീഴിൽ ആയിരിക്കുന്നതുകൊണ്ടു മാത്രമല്ല പിന്നെയോ വൈകാരികമായ ഒരു ബന്ധം ഉള്ളതുകൊണ്ടുംകൂടെ ആയിരിക്കണം. ഭർത്താവിനെയും ഭാര്യയെയും കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ.”
നിങ്ങളുടെ ഇണയുമായി ‘ഒരു ദേഹം’ ആയിരിക്കുക എന്നതിന്റെ അർഥമെന്താണ്? ‘ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു’ എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (എഫെസ്യർ 5:28, 29) അതുകൊണ്ട്, സ്വന്തം ക്ഷേമത്തെപ്പറ്റി നിങ്ങൾക്ക് എത്രമാത്രം ചിന്തയുണ്ടോ അത്രയുംതന്നെ ചിന്ത ഇണയുടെ ക്ഷേമത്തെപ്പറ്റിയും ഉണ്ടായിരിക്കുക എന്നതാണ് ‘ഒരു ദേഹം’ ആയിരിക്കുക എന്നതിന്റെ ഭാഗികമായ അർഥം. വിവാഹിതരായ വ്യക്തികൾ, ‘എന്റേത്,’ ‘എനിക്ക്’ എന്നിങ്ങനെയുള്ള ചിന്തയ്ക്കു മാറ്റംവരുത്തിക്കൊണ്ട് ‘നമ്മുടേത്,’ ‘നമുക്ക്’ എന്നിങ്ങനെ ചിന്തിച്ചുതുടങ്ങേണ്ടത് ആവശ്യമാണ്. ഒരു ദാമ്പത്യ ഉപദേശക ഇപ്രകാരം എഴുതി: “ഇണകൾ ഇരുവരും ഹൃദയത്തിൽ ഏകാകിത്വം വെച്ചുപുലർത്തുന്നത് നിറുത്തുകയും ഹൃദയംകൊണ്ട് വിവാഹിതരാവുകയും വേണം.”
നിങ്ങളും നിങ്ങളുടെ ഇണയും അപ്രകാരം ‘ഹൃദയംകൊണ്ട് വിവാഹിതരാണോ?’ ചിലർ വർഷങ്ങളായി ഒരുമിച്ചു കഴിയുന്നവരാണെങ്കിലും ആ അർഥത്തിൽ ‘ഒരു ദേഹം’ ആയിത്തീരാതിരുന്നേക്കാം. അതേ, അങ്ങനെ ചിലപ്പോൾ സംഭവിച്ചേക്കാം, പക്ഷേ സമയത്തിന് ഒരു അവസരം നൽകൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ജീവിതം പങ്കുവെക്കലാണ് ദാമ്പത്യം, രണ്ടുപേർ അത് എത്രത്തോളം പങ്കുവെക്കുന്നുവോ അത്രയധികം ദാമ്പത്യം തഴച്ചുവളരും.”
കുട്ടികളെ ഓർത്തിട്ടോ സാമ്പത്തിക സുരക്ഷിതത്വത്തിനായിട്ടോ അസന്തുഷ്ടരായ ചില ദമ്പതികൾ വേർപിരിയാതെ കഴിയുന്നുണ്ട്. വിവാഹമോചനത്തോട് ശക്തമായ ധാർമിക എതിർപ്പ് ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ തങ്ങൾ വേർപിരിഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഭയന്നിട്ടോ മാത്രം ഒരുമിച്ചു കഴിയുന്നവരുമുണ്ട്. ഈ വിവാഹബന്ധങ്ങൾ നിലനിന്നുപോകുന്നു എന്നു കാണുന്നത് അഭിനന്ദനാർഹമാണ്. എങ്കിലും, കേവലം നീണ്ടുനിൽക്കുന്ന ഒരു ദാമ്പത്യമല്ല മറിച്ച് സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം ഉണ്ടായിരിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം എന്നത് ഓർമിക്കുക.
നിസ്സ്വാർഥ പ്രവൃത്തികൾ ദാമ്പത്യ പ്രതിബദ്ധതയെ ഊട്ടിവളർത്തുന്നു
“അന്ത്യകാലത്ത്” ആളുകൾ ‘സ്വസ്നേഹികൾ’ ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞു. (2 തിമൊഥെയൊസ് 3:1, 2) ആ പ്രവചനത്തിനു ചേർച്ചയിൽ, തന്നോടുതന്നെയുള്ള ഒരു ആരാധനയ്ക്കാണ് ആളുകൾ ഇക്കാലത്ത് ഊന്നൽ കൊടുത്തുകാണുന്നത്. തിരിച്ച് ഇങ്ങോട്ടും സമാനമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കാതെ തന്നെത്തന്നെ വിട്ടുകൊടുക്കുന്നത് ബലഹീനതയുടെ സൂചനയായിട്ടാണ് പല ദാമ്പത്യങ്ങളിലും വീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും, വിജയപ്രദമായ ഒരു ദാമ്പത്യത്തിൽ ഇണകൾ ഇരുവരും ആത്മത്യാഗ മനോഭാവം പ്രകടിപ്പിക്കുന്നു. അതു നിങ്ങൾക്കെങ്ങനെ ചെയ്യാൻ കഴിയും?
‘ഈ ബന്ധത്തിൽ നിന്ന് എനിക്ക് എന്തു പ്രയോജനമാണുള്ളത്?’ എന്നു സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം ‘എന്റെ ദാമ്പത്യത്തെ കരുത്തുറ്റതാക്കാൻ വ്യക്തിപരമായി ഞാൻ എന്താണ് ചെയ്യുന്നത്?’ എന്ന് സ്വയം ചോദിക്കുക. ക്രിസ്ത്യാനികൾ “ഓരോരുത്തരും സ്വന്തം താത്പര്യംമാത്രം നോക്കിയാൽ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം” എന്ന് ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (ഫിലിപ്പിയർ 2:4, പി.ഒ.സി. ബൈബിൾ) ഈ ബൈബിൾ തത്ത്വം മനസ്സിൽപ്പിടിച്ചുകൊണ്ട് കഴിഞ്ഞ ഒരാഴ്ചത്തെ നിങ്ങളുടെ പ്രവർത്തനങ്ങളെ ഒന്നു വിലയിരുത്തുക. നിങ്ങളുടെ ഇണയുടെ പ്രയോജനത്തിനുവേണ്ടി മാത്രമായി നിങ്ങൾ എത്ര ദയാപ്രവൃത്തികൾ ചെയ്തു? നിങ്ങളുടെ ഇണ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ—നിങ്ങൾ അപ്പോൾ അതു ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല എങ്കിൽക്കൂടി—നിങ്ങൾ ശ്രദ്ധിച്ചോ? നിങ്ങളെക്കാൾ അധികം നിങ്ങളുടെ ഇണയെ സന്തോഷിപ്പിച്ച എത്ര പ്രവർത്തനങ്ങളിൽ നിങ്ങൾ ഏർപ്പെട്ടു?
അത്തരം ചോദ്യങ്ങൾ അവലോകനം ചെയ്യുമ്പോൾ, നിങ്ങൾ ചെയ്ത നല്ല പ്രവൃത്തികൾ ശ്രദ്ധിക്കപ്പെടാതെയോ അവയ്ക്കു പ്രതിഫലം ലഭിക്കാതെയോ പോകുമെന്ന് ഉത്കണ്ഠപ്പെടാതിരിക്കുക. “മിക്ക ബന്ധങ്ങളിലും ക്രിയാത്മകമായ ഒരു പെരുമാറ്റം, മറുവശത്തുനിന്നും അത്തരം പെരുമാറ്റംതന്നെ ഉണ്ടാകാൻ ഇടയാക്കുന്നു. അതുകൊണ്ട് നിങ്ങൾതന്നെ ക്രിയാത്മകമായി പെരുമാറിക്കൊണ്ട് അപ്രകാരം പെരുമാറാൻ നിങ്ങളുടെ ഇണയെ പ്രോത്സാഹിപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക” എന്ന് ഒരു പരാമർശ കൃതി പറയുന്നു. ആത്മത്യാഗപരമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ ബലിഷ്ഠമാക്കും, കാരണം നിങ്ങളുടെ ദാമ്പത്യത്തിന് നിങ്ങൾ മൂല്യം കൽപ്പിക്കുന്നുവെന്നും അതിനെ പരിരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നും അത്തരം പ്രവൃത്തികൾ തെളിയിക്കുന്നു.
ഒരു ദീർഘകാല വീക്ഷണം അനിവാര്യം
യഹോവയാം ദൈവം വിശ്വസ്തതയ്ക്കു വിലകൽപ്പിക്കുന്നു. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “വിശ്വസ്തനോട് അവിടുന്നു [യഹോവ] വിശ്വസ്തത പുലർത്തുന്നു.” (2 ശമൂവേൽ 22:26, പി.ഒ.സി. ബൈ.) യഹോവയോടു വിശ്വസ്തത പുലർത്തുന്നതിൽ അവൻ ഏർപ്പെടുത്തിയിരിക്കുന്ന ദാമ്പത്യ ക്രമീകരണത്തോടു വിശ്വസ്തത പുലർത്തുന്നത് ഉൾപ്പെടുന്നു.—ഉല്പത്തി 2:24.
നിങ്ങളും ഇണയും പരസ്പരം വിശ്വസ്തരാണെങ്കിൽ നിങ്ങളുടെ ബന്ധത്തെ കുറിച്ച് നിങ്ങൾക്ക് ഒരു സ്ഥായീഭാവം അനുഭവപ്പെടും. വരാൻപോകുന്ന മാസങ്ങളെയും വർഷങ്ങളെയും പതിറ്റാണ്ടുകളെയും കുറിച്ചു ചിന്തിക്കുമ്പോൾ ഒരുമിച്ച് ആയിരിക്കുന്നതു നിങ്ങൾ വിഭാവന ചെയ്യുന്നു. നിങ്ങൾ പരസ്പരം വിവാഹിതർ അല്ലാതിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല, ഈ വീക്ഷണം നിങ്ങളുടെ ബന്ധത്തിനു സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു. ഒരു ഭാര്യ ഇപ്രകാരം പറഞ്ഞു: “ഞാൻ [ഭർത്താവിനോട്] അങ്ങേയറ്റം അരിശപ്പെട്ടിരിക്കുമ്പോഴും ഞങ്ങൾക്ക് എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്ത് ഏറ്റവും വ്യാകുലപ്പെട്ടിരിക്കുമ്പോഴും പോലും ഞങ്ങളുടെ ദാമ്പത്യബന്ധം അവസാനിക്കുമെന്ന ഭയമൊന്നും എനിക്കില്ല. പഴയ ബന്ധം എങ്ങനെ വീണ്ടെടുക്കാൻ കഴിയും എന്നതിനെ കുറിച്ചേ എനിക്ക് ഉത്കണ്ഠയുള്ളൂ. ഞങ്ങൾ പിന്നെയും പഴയതുപോലെ സന്തോഷത്തിലാകും എന്ന കാര്യത്തിൽ—അത് എങ്ങനെ എന്ന് അപ്പോൾ എനിക്ക് അറിയില്ല എങ്കിൽക്കൂടി—എനിക്ക് തരിമ്പും സംശയമില്ല.”
ഒരു ദീർഘകാല വീക്ഷണം ഉണ്ടായിരിക്കുന്നത് വിവാഹ ഇണയോടുള്ള പ്രതിബദ്ധതയുടെ ഒരു അവിഭാജ്യ ഘടകമാണ്. സങ്കടകരമെന്നു പറയട്ടെ, പല വിവാഹബന്ധങ്ങളിലും അതു കാണാൻ കഴിയുന്നില്ല. “ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകുകയാണ്” എന്നോ “എന്നെ യഥാർഥത്തിൽ വിലമതിക്കുന്ന ആരെയെങ്കിലും കിട്ടുമോയെന്നു ഞാൻ നോക്കട്ടെ” എന്നോ വഴക്കു മൂക്കുമ്പോൾ ഒരു ഇണ വിളിച്ചുകൂവിയേക്കാം. മിക്കപ്പോഴും അതൊന്നും കാര്യമായി പറയുന്ന സംഗതികൾ ആയിരിക്കില്ല എന്നതു ശരിതന്നെ. എങ്കിലും, നാവിന് “മരണകരമായ വിഷം നിറഞ്ഞത്” ആയിരിക്കാൻ കഴിയും എന്ന് ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. (യാക്കോബ് 3:8) ഭീഷണികളും അന്ത്യശാസനങ്ങളും പുറപ്പെടുവിക്കുന്ന സന്ദേശം ഇതാണ്: ‘നമ്മുടെ ദാമ്പത്യത്തെ സ്ഥിരമായ ഒന്നായി ഞാൻ വീക്ഷിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും എനിക്കത് ഉപേക്ഷിച്ചു പോകാം.’ അത്തരം ഒരു സൂചന നൽകുന്നത് ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം വിനാശകമായിരുന്നേക്കാം.
ഒരു ദീർഘകാല വീക്ഷണം നിങ്ങൾക്ക് ഉണ്ടായിരിക്കുമ്പോൾ ഏതു മോശമായ സാഹചര്യത്തിലും ഇണയോടൊപ്പം ആയിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന് കൂടുതലായ ഒരു പ്രയോജനമുണ്ട്. ബലഹീനതകളും തെറ്റുകളും അംഗീകരിക്കുന്നതിനും അന്യോന്യം പൊറുത്തുകൊണ്ട് തമ്മിൽ ധാരാളമായി ക്ഷമിക്കുന്നതിനും, അതു നിങ്ങളെ ഇരുവരെയും സഹായിക്കും. (കൊലൊസ്സ്യർ 3:13) “ഒരു നല്ല ദാമ്പത്യത്തിൽ, നിങ്ങൾ രണ്ടുപേരും തെറ്റുകൾ വരുത്തിയേക്കാമെങ്കിലും അവയ്ക്കെല്ലാംമധ്യേ വിവാഹബന്ധം ബലിഷ്ഠമായി നിലനിൽക്കാനുള്ള സാധ്യതയുണ്ട്” എന്ന് ഒരു ഹാൻഡ്ബുക്ക് പറയുന്നു.
നിങ്ങളുടെ വിവാഹ ദിവസം നിങ്ങൾ ആത്മാർഥമായ ഒരു പ്രതിജ്ഞ ചെയ്തു. വിവാഹ ക്രമീകരണത്തോടല്ല, മറിച്ച് ജീവനുള്ള ഒരു വ്യക്തിയോട്—നിങ്ങളുടെ ഇണയോട്. ഒരു വിവാഹിത വ്യക്തിയെന്ന നിലയിൽ നിങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധത്തെ ഈ വസ്തുത ശക്തമായി സ്വാധീനിക്കണം. നിങ്ങളുടെ ഇണയോടൊപ്പം നിങ്ങൾ തുടരേണ്ടത്, വിവാഹത്തിന്റെ പവിത്രതയിൽ നിങ്ങൾ ശക്തമായി വിശ്വസിക്കുന്നതുകൊണ്ടു മാത്രമായിരിക്കരുത്, വിവാഹം കഴിച്ച വ്യക്തിയെ നിങ്ങൾ സ്നേഹിക്കുന്നതുകൊണ്ടു കൂടെ ആയിരിക്കണം എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
[അടിക്കുറിപ്പ്]
a അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ, ഒരു ദമ്പതികൾ വേർപിരിയുന്നതിന് സാധുവായ കാരണം ഉണ്ടായിരുന്നേക്കാം. (1 കൊരിന്ത്യർ 7:10, 11; യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ 160-1 പേജുകൾ കാണുക.) കൂടാതെ, ഇണ പരസംഗം (ലൈംഗിക അധാർമികത) ചെയ്യുന്നപക്ഷം വിവാഹമോചനം നേടുന്നതിന് ബൈബിൾ അനുമതി നൽകുന്നുണ്ട്.—മത്തായി 19:9.
[5 -ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്
പ്രതിബദ്ധതയുടെ കാര്യത്തിൽ നിങ്ങളുടെ വിവാഹബന്ധം എങ്ങനെ പോകുന്നു? പുരോഗതി വരുത്താനുള്ള മേഖല ഒരുപക്ഷേ നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടാവും. പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുന്നതിന് പിൻവരുന്ന കാര്യങ്ങൾ ചെയ്തുനോക്കുക:
● ഒരു ആത്മപരിശോധന നടത്തുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഹൃദയംകൊണ്ട് ഞാൻ വിവാഹിതനാണോ, അതോ ഇപ്പോഴും ഞാൻ ഒരു ഏകാകിയെപ്പോലെയാണോ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും?’ ഇതിനോടുള്ള ബന്ധത്തിൽ നിങ്ങളുടെ ഇണ നിങ്ങളെ കുറിച്ച് എന്തു വിചാരിക്കുന്നു എന്ന് കണ്ടുപിടിക്കുക.
● നിങ്ങളുടെ ഇണയോടൊപ്പം ഈ ലേഖനം വായിക്കുക. തുടർന്ന്, ശാന്തമായിരുന്ന് ദാമ്പത്യത്തോട് നിങ്ങൾക്ക് ഇരുവർക്കുമുള്ള പ്രതിബദ്ധത ഊട്ടിവളർത്താൻ കഴിയുന്ന വിധങ്ങളെ കുറിച്ച് ചർച്ച ചെയ്യുക.
● നിങ്ങളുടെ ഇണയോടൊപ്പം പ്രതിബദ്ധത ശക്തമാക്കുന്നതരം പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ദൃഷ്ടാന്തത്തിന്: നിങ്ങളുടെ വിവാഹത്തിന്റെയും മധുര സ്മരണകൾ നിറഞ്ഞ മറ്റ് സന്ദർഭങ്ങളുടെയും ഫോട്ടോകൾ കാണുക. നിങ്ങളുടെ കോർട്ടിങ്ങിന്റെ കാലത്തോ വിവാഹത്തിന്റെ ആദ്യ നാളുകളിലോ നിങ്ങൾ ആസ്വദിച്ച കാര്യങ്ങൾ ചെയ്യുക. വിവാഹബന്ധത്തെ കുറിച്ച് വീക്ഷാഗോപുരത്തിലും ഉണരുക!യിലും വന്നിട്ടുള്ള ബൈബിളധിഷ്ഠിത ലേഖനങ്ങൾ ഒത്തൊരുമിച്ചു പഠിക്കുക.
[6 -ാം പേജിലെ ചതുരം/ചിത്രം]
വൈവാഹിക പ്രതിബദ്ധതയിൽ പിൻവരുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
● കടപ്പാട് “നീ നേർന്നതു കഴിക്ക. നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലത്.”—സഭാപ്രസംഗി 5:4, 5.
● കൂട്ടായ പ്രവർത്തനം “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു . . . വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്പിക്കും.”—സഭാപ്രസംഗി 4:9, 10.
● ആത്മത്യാഗം “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
● ദീർഘകാല വീക്ഷണം “സ്നേഹം . . . എല്ലാം സഹിക്കുന്നു.”—1 കൊരിന്ത്യർ 13:4, 7.
[7 -ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ ഇണ സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?