അത്യാഗ്രഹത്തിന്റെ കെണി ഒഴിവാക്കുന്നതിൽ വിജയിക്കുക
“ധനികരാകാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ പരീക്ഷയിലും കെണിയിലും അകപ്പെടുന്നു.”—1 തിമൊഥെയൊസ് 6:9, NW.
1. കെണികളെ സംബന്ധിച്ചു നാം ഉത്ക്കണ്ഠാകുലരാകേണ്ടത് എന്തുകൊണ്ട്?
“കെണി” എന്ന പദം സംശയം തോന്നാത്ത ഇരയെ പിടിക്കാൻ ഉപായരൂപേണ ഒരു ഉപകരണം ഒളിച്ചുവെക്കുന്ന ഒരു വേട്ടക്കാരനെക്കുറിച്ചു നിങ്ങൾ ചിന്തിക്കാൻ ഇടയാക്കിയേക്കാം. എന്നിരുന്നാലും, നമുക്ക് ഏററവും അപകടകരമായ കെണികൾ അക്ഷരീയമായ അത്തരം ഉപകരണങ്ങളല്ല, പിന്നെയോ, ആത്മീയമായോ ധാർമികമായോ നമ്മെ കെണിയിലകപ്പെടുത്തുന്നവയാണെന്നു ദൈവം വ്യക്തമാക്കുന്നു. അത്തരം കെണികൾ വെക്കുന്നതിൽ പിശാച് വിദഗ്ധനാണ്.—2 കൊരിന്ത്യർ 2:11; 2 തിമൊഥെയൊസ് 2:24-26.
2. (എ) അപകടകരമായ കെണികൾ ഒഴിവാക്കാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ? (ബി) ഏതു പ്രത്യേകതരം കെണിയിലാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്?
2 സാത്താന്റെ വിഭിന്നമായ അനേകം കെണികളിൽ ചിലതു തിരിച്ചറിയിച്ചുകൊണ്ടു യഹോവ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, നാം ബുദ്ധിശൂന്യമായോ ഇടംവലം നോക്കാതെയോ അരുതാത്തതോ സംസാരിക്കുന്നെങ്കിൽ നമ്മുടെ അധരങ്ങൾക്കോ വായ്ക്കോ ഒരു കെണിയാകാൻ കഴിയുമെന്നു ദൈവം മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 18:7; 20:25) കോപപ്രവണതയുള്ളവരുമായുള്ള കൂട്ടുകെട്ടു പോലെതന്നെ അഹങ്കാരത്തിന് ഒരു കെണിയായിരിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 22:24, 25; 29:25) എന്നാൽ നമുക്കു മറെറാരു കെണിയിലേക്കു തിരിയാം: “ധനികരാകാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ പരീക്ഷയിലും കെണിയിലും, മനുഷ്യരെ നാശത്തിലും കെടുതിയിലും ആഴ്ത്തിക്കളയുന്ന, നിരർഥകവും ഹാനികരവുമായ അനേകം ആഗ്രഹങ്ങളിലും അകപ്പെടുന്നു.” (1 തിമൊഥെയൊസ് 6:9, NW) ആ കെണിക്കു പിന്നിലുള്ളതിനെ അല്ലെങ്കിൽ അതിന്റെ അടിസ്ഥാനത്തെ “അത്യാഗ്രഹം” എന്ന വാക്കിൽ സംഗ്രഹിക്കാനാകും. അത്യാഗ്രഹം പലപ്പോഴും ധനവാനാകാനുള്ള ദൃഢനിശ്ചയത്താൽ തെളിയുന്നുവെങ്കിലും അത്യാഗ്രഹം വാസ്തവത്തിൽ പല മുഖങ്ങളുള്ള ഒരു കെണിയാണ്.
യഹോവ നമുക്ക് അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു
3, 4. അത്യാഗ്രഹത്തെ സംബന്ധിച്ചു പുരാതന ചരിത്രം എന്തു പാഠം ഉൾക്കൊള്ളുന്നു?
3 അടിസ്ഥാനപരമായി, പണമോ സ്വത്തുക്കളോ അധികാരമോ ലൈംഗികതയോ മററുകാര്യങ്ങളോ ആയാലും, കൂടുതൽ വേണമെന്ന അതിർകടന്ന അല്ലെങ്കിൽ അമിതമായ ആഗ്രഹമാണ് അത്യാഗ്രഹം. അത്യാഗ്രഹത്തിന്റെ കെണിയാൽ ആദ്യമായി അപകടത്തിലായതു നാമല്ല. വളരെക്കാലംമുമ്പ് ഏദെൻ തോട്ടത്തിൽവെച്ച് അത്യാഗ്രഹം ഹവ്വായെയും പിന്നീട് ആദാമിനെയും കെണിയിലാക്കി. ജീവിതത്തിൽ ഹവ്വായെക്കാൾ കൂടുതൽ അനുഭവപരിചയം നേടിയവനായിരുന്ന ഹവ്വായുടെ ഇണ യഹോവയാൽ വ്യക്തിപരമായി പഠിപ്പിക്കപ്പെട്ടവനുമായിരുന്നു. ദൈവം ഒരു പറുദീസാ ഭവനം പ്രദാനം ചെയ്തിരുന്നു. അവർക്ക് മലിനീകരിക്കപ്പെടാത്ത നിലത്തു വളർന്ന വൈവിധ്യമാർന്ന നല്ല ഭക്ഷ്യവസ്തുക്കൾ ധാരാളം ആസ്വദിക്കാൻ കഴിഞ്ഞു. അവർക്കു പൂർണരായ കുട്ടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു, അവരുമൊത്ത് അനന്തമായി ജീവിക്കാനും ദൈവത്തെ സേവിക്കാനും അവർക്കു സാധിക്കുമായിരുന്നു. (ഉല്പത്തി 1:27-31; 2:15) ഏതു മനുഷ്യനെയും തൃപ്തിപ്പെടുത്താൻ അതു മതിയാകുമായിരുന്നു എന്നു തോന്നുന്നില്ലേ?
4 എന്നിരുന്നാലും ഒരാൾക്ക് വേണ്ടുവോളമുണ്ടായിരിക്കുന്നത് അത്യാഗ്രഹം ഒരു കെണിയായിത്തീരുന്നതിൽനിന്നു തടയുന്നില്ല. കൂടുതൽ സ്വാതന്ത്ര്യം നേടിക്കൊണ്ടും അവളുടെ സ്വന്തം നിലവാരങ്ങൾ വെച്ചുകൊണ്ടും ദൈവത്തെപ്പോലെയാകാമെന്നുള്ള പ്രതീക്ഷയാൽ ഹവ്വാ കെണിയിലകപ്പെട്ടു. എന്തു നഷ്ടമുണ്ടായാലും, ആദാം തന്റെ സുന്ദരിയായ ഇണയുമായി തുടർച്ചയായ സഖിത്വം ആഗ്രഹിച്ചതായി തോന്നുന്നു. അത്യാഗ്രഹം മൂലം ഈ പൂർണമനുഷ്യർ പോലും കെണിയിലായി എന്നതിനാൽ അത് എന്തുകൊണ്ടു നമുക്ക് അപകടകരമായിരിക്കാൻ കഴിയും എന്നു നിങ്ങൾക്കു മനസ്സിലാക്കാനാകും.
5. അത്യാഗ്രഹത്തിന്റെ കെണി ഒഴിവാക്കുന്നതു നമ്മെ സംബന്ധിച്ച് എത്ര പ്രാധാന്യമുള്ളതാണ്?
5 അത്യാഗ്രഹത്താൽ കെണിയിലാകുന്നതിനെതിരെ നാം സൂക്ഷിക്കണം, എന്തുകൊണ്ടെന്നാൽ അപ്പോസ്തലനായ പൗലോസ് നമുക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ; വിഗ്രഹാരാധികൾ; വ്യഭിചാരികൾ; സ്വയഭോഗികൾ; പുരുഷകാമികൾ; കള്ളൻമാർ; അത്യാഗ്രഹികൾ . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) പൗലോസ് ഇതുകൂടി നമ്മോടു പറഞ്ഞു: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്.” (എഫെസ്യർ 5:3) അതുകൊണ്ടു നമ്മുടെ അപൂർണ ജഡത്തെ തൃപ്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തിൽ അത്യാഗ്രഹത്തെ ഒരു സംഭാഷണ വിഷയമാക്കാൻപോലും പാടില്ല.
6, 7. (എ) അത്യാഗ്രഹത്തിന് എത്ര ശക്തമായിരിക്കാൻ കഴിയുമെന്നതിന് ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ അടിവരയിടുന്നു? (ബി) ഈ ദൃഷ്ടാന്തങ്ങൾ നമുക്കൊരു മുന്നറിയിപ്പായിരിക്കേണ്ടത് എന്തുകൊണ്ട്?
6 അത്യാഗ്രഹത്തിന്റെ അപകടത്തെക്കുറിച്ചു നമ്മെ ജാഗരൂഗരാക്കാൻ യഹോവ അനേകം ദൃഷ്ടാന്തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആഖാന്റെ അത്യാഗ്രഹത്തെ ഓർമിക്കുക. യെരീഹോ നശിപ്പിക്കപ്പെടേണ്ടതാണെന്നും എന്നാൽ അതിലെ സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും യഹോവയുടെ ഭണ്ഡാരത്തിലേക്കുള്ളതാണെന്നും അവിടുന്നു പറഞ്ഞു. ആ നിർദേശം അനുസരിക്കണമെന്ന് ആരംഭത്തിൽ ആഖാൻ ഉദ്ദേശിച്ചിരിക്കാം, എന്നാൽ അത്യാഗ്രഹം അയാളെ കെണിയിലാക്കി. യെരീഹോയിലെത്തിയ ഉടൻ അയാൾ സാധനങ്ങൾ വാങ്ങാൻ പുറപ്പെട്ടമട്ടിലായിരുന്നു. തനിക്കു നന്നായി ഇണങ്ങുന്നതായി തോന്നിയ ഒരു കമനീയ കുപ്പായമുൾപ്പെടെ അവിശ്വസനീയമായി ആദായകരമായ വസ്തുക്കൾ അവിടെ അയാൾ കണ്ടു. പതിനായിരക്കണക്കിനു രൂപാ വിലവരുന്ന സ്വർണവും വെള്ളിയും എടുക്കവേ, ‘എന്തൊരു ഭാഗ്യം! കോളടിച്ചുപോയി’ എന്ന് അയാൾ വിചാരിച്ചിരിക്കാം. കൃത്യമായി അതുതന്നെ! നശിപ്പിക്കേണ്ടിയിരുന്നതിനെ അഥവാ ഏല്പിക്കേണ്ടിയിരുന്നതിനെ മോഹിച്ചുകൊണ്ട് അയാൾ ദൈവത്തിന്റെ പക്കൽനിന്നു മോഷ്ടിച്ചു, അതിന് ആഖാൻ തന്റെ ജീവൻ ഒടുക്കേണ്ടിവന്നു. (യോശുവ 6:17-19; 7:20-26) ഗേഹസിയുടെയും ഈസ്കര്യോത്താ യൂദായുടെയും ദൃഷ്ടാന്തങ്ങൾകൂടി പരിചിന്തിക്കുക.—2 രാജാക്കൻമാർ 5:8-27; യോഹന്നാൻ 6:64; 12:2-6.
7 യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് അജ്ഞരായ പുറജാതിക്കാരല്ല മേൽപ്പറഞ്ഞ മൂവരെന്ന വസ്തുത നാം അവഗണിക്കരുത്. പ്രത്യുത, അവർ ദൈവവുമായി ഒരു സമർപ്പിത ബന്ധത്തിലായിരുന്നു. ദൈവത്തിന്റെ ശക്തിയെയും അവിടുത്തെ പ്രീതി നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെയും സംബന്ധിച്ചു തങ്ങളിൽ ബോധ്യമുളവാക്കിയ അത്ഭുതങ്ങൾക്ക് അവർ എല്ലാവരും സാക്ഷ്യം വഹിച്ചിരുന്നു. എന്നിട്ടും അത്യാഗ്രഹത്തിന്റെ കെണി അവർക്കു വീഴ്ചയായി. ഏതെങ്കിലും രൂപത്തിലുള്ള അത്യാഗ്രഹത്താൽ കെണിയിലകപ്പെടാൻ നാം സ്വയം അനുവദിക്കുന്നെങ്കിൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ നാമും നശിപ്പിച്ചേക്കാം. നമുക്കു വിശേഷാൽ അപകടകരമായിരുന്നേക്കാവുന്നത് അത്യാഗ്രഹത്തിന്റെ ഏതു രൂപങ്ങൾ ആയിരിക്കാം?
ധനത്തിനോ സ്വത്തുക്കൾക്കോ വേണ്ടിയുള്ള അത്യാഗ്രഹത്താൽ കെണിയിലകപ്പെടുന്നു
8. ധനത്തെ സംബന്ധിച്ചു ബൈബിൾ എന്തു മുന്നറിയിപ്പു നൽകുന്നു?
8 ധനത്തോടുള്ള ഒരു സ്നേഹം അഥവാ സ്വത്തിനോടുള്ള ഒരു അഭിവാഞ്ഛ വളർത്തുന്നതിനെതിരെ ബൈബിളിൽനിന്നുള്ള വ്യക്തമായ മുന്നറിയിപ്പുകൾ മിക്ക ക്രിസ്ത്യാനികളും കേട്ടിട്ടുണ്ട്. മത്തായി 6:24-33; ലൂക്കൊസ് 12:13-21; 1 തിമൊഥെയൊസ് 6:9, 10 എന്നിവിടങ്ങളിൽ കാണപ്പെടുന്ന അവയിൽ ചിലത് എന്തുകൊണ്ടു പുനർവിചിന്തനം ചെയ്തുകൂടാ? അത്തരം ബുദ്ധ്യുപദേശം നിങ്ങൾ സ്വീകരിക്കുകയും പിൻപററുകയും ചെയ്യുന്നുണ്ടെന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ആഖാനും ഗേഹസിയും യൂദാ ഈസ്കര്യോത്തയും അതിനോടു തങ്ങളും യോജിക്കുന്നു എന്നു പറഞ്ഞിരിക്കാനിടയില്ലേ? വ്യക്തമായും, വെറും ബൗദ്ധിക സമ്മതത്തിനപ്പുറം നാം പോകണം. ധനത്തോടോ സ്വത്തുക്കളോടോ ഉള്ള അത്യാഗ്രഹമാകുന്ന കെണി നമ്മുടെ അനുദിന ജീവിതത്തെ ബാധിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
9. സാധനങ്ങൾ വാങ്ങുന്നതിനോടുള്ള നമ്മുടെ മനോഭാവം നാം പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
9 ദൈനംദിന ജീവിതത്തിൽ ഭക്ഷണം, വസ്ത്രം, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ എന്നിവ നമുക്കു കൂടെക്കൂടെ വാങ്ങേണ്ടതുണ്ട്. (ഉല്പത്തി 42:1-3; 2 രാജാക്കൻമാർ 12:11, 12; സദൃശവാക്യങ്ങൾ 31:14, 16; ലൂക്കൊസ് 9:13; 17:28; 22:36) എന്നാൽ വാണിജ്യലോകം കൂടുതൽ വസ്തുക്കൾക്ക്, പുതിയ വസ്തുക്കൾക്കുവേണ്ടിയുള്ള ആഗ്രഹം ഉത്തേജിപ്പിക്കുന്നു. പത്രങ്ങളിലും പത്രികകളിലും ടിവി സ്ക്രീനിലും നിറഞ്ഞിരിക്കുന്ന അനവധി പരസ്യങ്ങൾ അത്യാഗ്രഹത്തിനായുള്ള മുഖംമൂടിയണിഞ്ഞ ആഹ്വാനങ്ങളാണ്. ബ്ളൗസുകളും കോട്ടുകളും സ്വെറററുകളുമിട്ടിരിക്കുന്ന ചട്ടക്കൂടുകളും പുത്തൻ ഷൂസും ഇലക്ട്രോണിക് ഉപകരണങ്ങളും ക്യാമറകളുമിരിക്കുന്ന ഷെൽഫുകളുമുള്ള കടകളിലും അത്തരം ആഹ്വാനങ്ങൾ സ്ഥിതി ചെയ്തേക്കാം. ‘സാധങ്ങൾ വാങ്ങൽ എന്റെ ജീവിതത്തിലെ ഒരു സവിശേഷത അല്ലെങ്കിൽ മുഖ്യ ഉല്ലാസം ആയിത്തീർന്നിരിക്കയാണോ?’ ‘ഞാൻ കാണുന്ന പുതിയ സാധനങ്ങൾ എനിക്കു വാസ്തവത്തിൽ ആവശ്യമുണ്ടോ’ അതോ ‘വാണിജ്യലോകം എന്നിൽ അത്യാഗ്രഹത്തിന്റെ വിത്തുകൾക്കു വളം വെക്കുകയാണോ?’ എന്നു ക്രിസ്ത്യാനികൾ തങ്ങളോടുതന്നെ ചോദിക്കുന്നതു വിവേകമാണ്.—1 യോഹന്നാൻ 2:16.
10. പുരുഷൻമാർക്കു വിശേഷാൽ അപകടമായിരിക്കുന്ന അത്യാഗ്രഹത്തിന്റെ കെണി ഏത്?
10 സാധനങ്ങൾ വാങ്ങൽ സ്ത്രീകൾക്കു സാധാരണമായ ഒരു കെണിയായി തോന്നുന്നുവെങ്കിൽ എണ്ണമററ പുരുഷൻമാർക്കു കൂടുതൽ പണം കിട്ടുന്നതാണ് കെണി. നല്ല വരുമാനമുണ്ടായിരുന്നിട്ടും ‘ഞാൻ എന്റെ ധാന്യപ്പുരകൾ പൊളിച്ച് വലുതാക്കി പണിയും. അവിടെ എന്റെ ധാന്യവും വിഭവങ്ങളും മുഴുവൻ ഞാൻ ശേഖരിക്കും’ എന്നു നിശ്ചയിച്ചുറച്ച ഒരു ധനികനെക്കുറിച്ചു പറഞ്ഞുകൊണ്ട് ഈ കെണിയെ യേശു ദൃഷ്ടാന്തീകരിച്ചു. അപകടത്തെ സംബന്ധിച്ചു യേശു ഒരു സംശയവും ശേഷിപ്പിച്ചില്ല: “ശ്രദ്ധിക്കുക; എല്ലാ അത്യാഗ്രഹങ്ങളിൽനിന്നും വിട്ടുനില്ക്കുക.” (ലൂക്കോസ് 12:15-21, ഓശാന ബൈബിൾ) നാം ധനികരായാലും അല്ലെങ്കിലും ആ ബുദ്ധ്യുപദേശം നാം ശ്രദ്ധിക്കണം.
11. കൂടുതൽ പണത്തിനുവേണ്ടിയുള്ള അത്യാഗ്രഹത്താൽ ഒരു ക്രിസ്ത്യാനി കെണിയിലായേക്കാവുന്നത് എങ്ങനെ?
11 കൂടുതൽ പണത്തിനോ പണത്തിനു വാങ്ങാൻ കഴിയുന്ന സാധനങ്ങൾക്കോ വേണ്ടിയുള്ള അത്യാഗ്രഹം പലപ്പോഴും പോഷിപ്പിക്കപ്പെടുന്നതു വഞ്ചനയുടെ മറ പിടിച്ചാണ്. അതു പെട്ടെന്നു പണക്കാരനാകാനുള്ള ഒരു പദ്ധതിയായി, ഒരുപക്ഷേ ഒരു അപകടംപിടിച്ച മുതൽമുടക്കിലൂടെ സാമ്പത്തിക സുരക്ഷിതത്വം നേടാൻ ആയുസ്സിലൊരിക്കലുള്ള ഒരു അവസരമായി അവതരിപ്പിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ചോദ്യം ചെയ്യപ്പെടാവുന്നതോ നിയമവിരുദ്ധമോ ആയ ബിസിനസ് നടപടികളിലൂടെ പണമുണ്ടാക്കാൻ ഒരാൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അതേ, ഈ അതിമോഹം അപ്രതിരോധ്യം അഥവാ കെണിയിലകപ്പെടുത്തുന്നത് ആയിത്തീർന്നേക്കാം. (സങ്കീർത്തനം 62:10; സദൃശവാക്യങ്ങൾ 11:1; 20:10) ക്രിസ്തീയ സഭയ്ക്കുള്ളിലുള്ള ചിലർ തങ്ങളുടെ വിശ്വസ്ത സഹോദരങ്ങൾ മുഖ്യ ഇടപാടുകാർ ആയിരിക്കുമെന്ന പ്രതീക്ഷയിൽ ബിസിനസ് ആരംഭിച്ചിട്ടുണ്ട്. അവരുടെ ലക്ഷ്യം കേവലം ‘കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിച്ച്’ ആവശ്യമായ ഒരു ഉത്പന്നമോ സേവനമോ പ്രദാനം ചെയ്യുന്നതിനു പകരം സഹക്രിസ്ത്യാനികളുടെ ചെലവിൽ ശീഘ്രം പണമുണ്ടാക്കാനാണെങ്കിൽ അവർ പ്രവർത്തിക്കുന്നത് അത്യാഗ്രഹം നിമിത്തമാണ്. (എഫെസ്യർ 4:28; സദൃശവാക്യങ്ങൾ 20:21; 31:17-19, 24; 2 തെസ്സലൊനീക്യർ 3:8-12) പണത്തോടുള്ള അത്യാഗ്രഹം ചിലരെ നറുക്കെടുപ്പുകളിലൂടെയോ പന്തയങ്ങളിലൂടെയോ ഭാഗ്യക്കുറികളിലൂടെയോ ഉള്ള ചൂതാട്ടത്തിലേക്കു നയിച്ചിട്ടുണ്ട്. മററു ചിലർ സമാനുഭാവത്തെയും ന്യായബോധത്തെയും അവഗണിച്ചുകൊണ്ട് ഒരു വലിയ പ്രതിഫലമോ തുകയോ ലഭിക്കുമെന്ന പ്രത്യാശയിൽ ധൃതിയിൽ കോടതികേസുകളിലേക്കു എടുത്തുചാടിയിട്ടുണ്ട്.
12. ധനത്തിനുവേണ്ടിയുള്ള അത്യാഗ്രഹത്തെ തരണം ചെയ്യാനാകുമെന്നു നമുക്ക് അറിയാവുന്നത് എന്തുകൊണ്ട്?
12 അത്യാഗ്രഹം നമ്മിൽ വ്യാപരിക്കുന്നുണ്ടോ എന്നു സത്യസന്ധമായി നമുക്കു കാണാൻ കഴിയത്തക്കവണ്ണം ഒരു ആത്മപരിശോധന ഉചിതമായിരിക്കുന്ന മേഖലകളാണ് മേൽവിവരിച്ചത്. അതു വ്യാപരിക്കുന്നുണ്ടെങ്കിൽപ്പോലും നമുക്കു മാററം വരുത്താനാവും. സക്കായി മാററം വരുത്തി എന്നോർക്കുക. (ലൂക്കൊസ് 19:1-10) സമ്പത്തിനോ സ്വത്തുക്കൾക്കോ വേണ്ടിയുള്ള അത്യാഗ്രഹം ഒരു പ്രശ്നമായി ആരെങ്കിലും കണ്ടെത്തുന്നെങ്കിൽ കെണിയിൽനിന്നു രക്ഷപെടുവാൻ അയാൾ സക്കായിയെപ്പോലെ ദൃഢനിശ്ചയമുള്ളവനായിരിക്കണം.—യിരെമ്യാവു 17:9.
ജീവിതത്തിന്റെ മററു വശങ്ങളിലുള്ള അത്യാഗ്രഹം
13. സങ്കീർത്തനം 10:18 അത്യാഗ്രഹത്തിന്റെ വേറെ ഏതു കെണിയെ ആണു നമ്മുടെ ശ്രദ്ധയിലേക്കു വരുത്തുന്നത്?
13 ചിലർക്ക്, അത്യാഗ്രഹം പ്രത്യക്ഷമാകുന്ന മററു വിധങ്ങളെക്കാൾ, പണത്തിന്റെയോ സ്വത്തുക്കളുടെയോ കാര്യത്തിലുള്ള അത്യാഗ്രഹത്തിന്റെ അപകടം കാണുക എളുപ്പമാണ്. “അത്യാഗ്രഹ”മെന്നോ “അതിമോഹ”മെന്നോ വിവർത്തനം ചെയ്തിരിക്കുന്ന പദസമൂഹത്തിനു “അധികാരത്തിന്റെയും വസ്തുവകയുടെയും മററും ബന്ധത്തിൽ ‘കൂടുതൽ ആഗ്രഹിക്കുക’” എന്ന അർഥമുണ്ടെന്ന് ഒരു ഗ്രീക്കു നിഘണ്ടു പറയുന്നു. അതേ, മററുള്ളവരുടെമേൽ അധികാരം പ്രയോഗിക്കാൻ, ഒരുപക്ഷേ നമ്മുടെ അധികാരത്തിൻ കീഴിൽ അവരെ വിറപ്പിക്കാൻ അത്യാർത്തിയോടെ ആഗ്രഹിച്ചുകൊണ്ടു നാം കെണിയിലായേക്കാം.—സങ്കീർത്തനം 10:18.
14. അധികാരത്തിനായുള്ള ആഗ്രഹം ഏതെല്ലാം മേഖലകളിൽ ദോഷകരമായിരുന്നിട്ടുണ്ട്?
14 ആദിമനാളുകൾമുതൽ അപൂർണ മനുഷ്യർ മററുള്ളവരുടെമേൽ അധികാരം പ്രയോഗിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. പല ഭർത്താക്കൻമാരും ഭാര്യമാരെ “ഭരിക്കും” എന്നതാണു മനുഷ്യപാപത്തിന്റെ ദാരുണമായ ഒരു ഫലമെന്നു ദൈവം മുൻകൂട്ടിക്കണ്ടു. (ഉല്പത്തി 3:16) എന്നിരുന്നാലും, ഈ വൈകല്യം വൈവാഹിക രംഗത്തിനപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഒരു ബൈബിൾ എഴുത്തുകാരൻ ഇപ്രകാരം കുറിക്കൊണ്ടു: “മനുഷ്യൻ മനുഷ്യന്റെമേൽ അധികാരം സ്ഥാപിച്ച് ദ്രോഹിക്കുന്നു.” (സഭാപ്രസംഗകൻ 8:9, പി.ഒ.സി ബൈബിൾ) രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങളിൽ അത് എത്രമാത്രം സത്യമാണെന്നു നിങ്ങൾക്കു അറിയാമായിരിക്കാം. എന്നാൽ നമ്മുടെ സ്വന്തം മേഖലകളിൽ വ്യക്തിപരമായി കൂടുതൽ അധികാരത്തിനോ നിയന്ത്രണത്തിനോ വേണ്ടി നാം കഠിനമായി യത്നിക്കുന്നുണ്ടോ?
15, 16. കൂടുതൽ അധികാരത്തിനായുള്ള ആഗ്രഹത്താൽ ഒരു ക്രിസ്ത്യാനി ഏതു കാര്യങ്ങളിൽ കെണിയിലായേക്കാം? (ഫിലിപ്പിയർ 2:3)
15 അടുത്തതോ അകന്നതോ ആയ കുടുംബങ്ങളിലോ, നമ്മുടെ ലൗകിക ജോലിസ്ഥലത്തോ സ്കൂളിലോ, സുഹൃത്തുക്കൾക്കിടയിലോ സഭയിലോ നാമെല്ലാം മററു മനുഷ്യരുമായി ബന്ധപ്പെടുന്നു. ചിലപ്പോഴൊക്കെ അല്ലെങ്കിൽ പലപ്പോഴും എന്ത്, എങ്ങനെ, എപ്പോൾ ചെയ്യണമെന്നു തീരുമാനിക്കുന്നതിൽ നമുക്ക് ഒരു പങ്കുണ്ടായിരിക്കാം. അത് അതിൽത്തന്നെ തെറേറാ മോശമോ അല്ല. എന്നിരുന്നാലും, നമുക്കുണ്ടായിരിക്കാവുന്ന ഏതെങ്കിലും അധികാരം ഉപയോഗിക്കുന്നത് അമിതമായി നാം ആസ്വദിക്കുന്നുണ്ടോ? ഏതു കാര്യത്തിലും അന്തിമ തീരുമാനം നമ്മുടേതായിരിക്കാൻ നാം ഇഷ്ടപ്പെടുകയും അധികമധികമായി നാം അതാഗ്രഹിക്കുകയും ചെയ്യുന്നുവോ? ഭിന്ന വീക്ഷണങ്ങൾ സമർപ്പിക്കാതെ, അധികാരത്തിനുവേണ്ടിയുള്ള മേലധികാരികളുടെ ലൗകിക ത്വരയെ (അത്യാഗ്രഹത്തെ) വെല്ലുവിളിക്കാതെ, എന്തിനും സമ്മതം മൂളുന്ന ആളുകളെ ചുററുംനിർത്തി ലോകത്തിലെ മാനേജർമാർ അഥവാ മേധാവികൾ പലപ്പോഴും ഈ മനോഭാവം പ്രകടിപ്പിക്കുന്നു.
16 സഹക്രിസ്ത്യാനികളുമായുള്ള ഇടപെടലുകളിൽ ഒഴിവാക്കേണ്ട ഒരു കെണിയാണിത്. “വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷക”നായിരിക്കണമെന്നു യേശു പറഞ്ഞു. (മത്തായി 20:25, 26, പി.ഒ.സി ബൈബിൾ) ക്രിസ്തീയ മൂപ്പൻമാർ തമ്മിൽത്തമ്മിലും ശുശ്രൂഷാദാസൻമാരോടും ആട്ടിൻകൂട്ടത്തോടും ഇടപെടുമ്പോൾ അത്തരം താഴ്മ പ്രകടമായിരിക്കണം. ഉദാഹരണത്തിന്, നിസ്സാര കാര്യങ്ങളിൽമാത്രം സഹമൂപ്പൻമാരുമായി കൂടിയാലോചന കഴിക്കുകയും, എന്നാൽ പ്രധാന തീരുമാനങ്ങളെല്ലാം സ്വന്തമായി എടുക്കുകയും ചെയ്യുന്ന അധ്യക്ഷമേൽവിചാരകൻ അധികാരത്തിനായുള്ള ഒരു ആഗ്രഹം പ്രതിഫലിപ്പിക്കുകയായിരിക്കുമോ? അയാൾ ചുമതലകൾ മററുള്ളവരെ ഭരമേല്പിക്കാൻ വാസ്തവത്തിൽ സന്നദ്ധനാണോ? ഒരു വയൽസേവനയോഗം കൈകാര്യം ചെയ്യുന്ന ഒരു ശുശ്രൂഷാദാസൻ തന്റെ ക്രമീകരണങ്ങളിൽ ന്യായയുക്തമല്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുക മാത്രമല്ല നിയമങ്ങൾ ഉണ്ടാക്കുക പോലും ചെയ്യുമ്പോൾ അതു പ്രശ്നങ്ങൾ ഉളവാക്കിയേക്കാം.—1 കൊരിന്ത്യർ 4:21; 9:18; 2 കൊരിന്ത്യർ 10:8; 13:10; 1 തെസ്സലൊനീക്യർ 2:6, 7.
17. അത്യാഗ്രഹത്തിന്റെ കെണിയെപ്പററി ചർച്ചചെയ്യുമ്പോൾ ഭക്ഷണത്തെക്കുറിച്ചു പരിചിന്തിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
17 അത്യാഗ്രഹത്താൽ അനേകരും കെണിയലകപ്പെടുന്ന മറെറാരു മണ്ഡലം ഭക്ഷണമാണ്. തീർച്ചയായും, തീററിയിലും കുടിയിലും ആനന്ദം കണ്ടെത്തുന്നത് സ്വാഭാവികമാണ്; ബൈബിൾ അതിനെക്കുറിച്ച് അംഗീകാരത്തോടെ സംസാരിക്കുന്നു. (സഭാപ്രസംഗി 5:18) എന്നാലും, ഇതിനോടുള്ള ബന്ധത്തിൽ, ന്യായമായി ആസ്വാദ്യവും പര്യാപ്തവുമായതിലും വളരെ കവിയുന്ന ഒരാഗ്രഹം ഒരു കാലഘട്ടംകൊണ്ടു വളർന്നുവരുന്നത് അസാധാരണമല്ല. ഇത് ദൈവദാസർക്ക് ഉത്കണ്ഠ ഉണ്ടായിരിക്കേണ്ട ഉചിതമായ ഒരു മേഖലയല്ലെങ്കിൽ “അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽപ്പെടരുത്” എന്നു യഹോവയുടെ വചനം എന്തുകൊണ്ടു പറയുന്നു? (സുഭാഷിതങ്ങൾ 23:20, പി.ഒ.സി ബൈബിൾ) എന്നിരുന്നാലും, എങ്ങനെയാണു നാം ഈ കെണി ഒഴിവാക്കുക?
18. ഭക്ഷണപാനീയങ്ങളെ സംബന്ധിച്ച് ഏത് ആത്മപരിശോധന നമുക്കു നടത്താവുന്നതാണ്?
18 തന്റെ ജനം ഉല്ലാസമേകാത്ത ഏതെങ്കിലും ആഹാരക്രമമനുസരിച്ച് ഉപജീവനം കഴിക്കണമെന്നു ദൈവം നിർദേശിക്കുന്നില്ല. (സഭാപ്രസംഗി 2:24, 25) എന്നാൽ ഭക്ഷണപാനീയങ്ങളെ നമ്മുടെ സംസാരത്തിന്റെയും ആസൂത്രണത്തിന്റെയും ഒരു പ്രമുഖ ഭാഗമാക്കുന്നതിനെയും അവിടുന്ന് അംഗീകരിക്കുന്നില്ല. നമുക്കു സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഞാൻ കഴിച്ചതോ കഴിക്കാൻ ആസൂത്രണം ചെയ്യുന്നതോ ആയ ഏതെങ്കിലും ഭക്ഷണത്തെപ്പററി വർണിക്കുമ്പോൾ ഞാൻ കൂടെക്കൂടെ അമിതമായി ആവേശഭരിതനായിത്തീരാറുണ്ടോ?’ ‘ഞാൻ എല്ലായ്പോഴും ഭക്ഷണപാനീയങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ടോ?’ ഒരുപക്ഷേ മറെറാരാളുടെ വീട്ടിൽ നാം അതിഥിയായിരിക്കുമ്പോഴോ ഒരു ക്രിസ്തീയ സമ്മേളനസ്ഥലത്ത് ഭക്ഷണം ലഭ്യമായിരിക്കുമ്പോഴോ നാം ഉണ്ടാക്കാത്തതോ വിലകൊടുക്കാത്തതോ ആയ ഒരു ഭക്ഷണം നമുക്കു ലഭിക്കുമ്പോൾ നാം എപ്രകാരം പ്രതികരിക്കുന്നു എന്നതു മറെറാരു സൂചകമായിരിക്കാം. സാധാരണയിലും വളരെ കൂടുതൽ ഭക്ഷിക്കാൻ അപ്പോൾ നാം ചായ്വു കാണിക്കുന്നുണ്ടായിരിക്കുമോ? ഏശാവ്, തനിക്കുതന്നെ നിലനിൽക്കുന്ന ദ്രോഹം വരുത്തിക്കൊണ്ട്, ഭക്ഷണം അമിത പ്രാധാന്യമുള്ളതായിത്തീരാൻ അനുവദിച്ചതു നാം അനുസ്മരിക്കുന്നു?—എബ്രായർ 12:16.
19. ലൈംഗിക സുഖത്തിന്റെ കാര്യത്തിൽ അത്യാഗ്രഹം എങ്ങനെ ഒരു പ്രശ്നമാകാൻ കഴിയും?
19 മറെറാരു കെണിയെക്കുറിച്ചു പൗലോസ് നമുക്ക് ഉൾക്കാഴ്ച നൽകുന്നു: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു.” (എഫെസ്യർ 4:17-19; 5:3) തീർച്ചയായും, ലൈംഗിക സുഖത്തിനായുള്ള അത്യാഗ്രഹം വികാസം പ്രാപിച്ചേക്കാം. നിശ്ചയമായും, ഈ ആസ്വാദന പ്രകടനത്തിനു ദാമ്പത്യബന്ധങ്ങൾക്കുള്ളിൽ ഉചിതമായ സ്ഥാനമുണ്ട്. ഈ സുഖവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഉററസ്നേഹം വിവാഹജീവിതത്തിന്റെ അനേകം വർഷങ്ങളിൽ ഭാര്യാഭർത്താക്കൻമാരെ പരസ്പരം അർപ്പിതരായി നിലകൊള്ളാൻ സഹായിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. എന്നിരുന്നാലും, പൗലോസ് സൂചിപ്പിച്ച അത്യാഗ്രഹത്തിന്റെ വാസ്തവത്തിലുള്ള ഒരു പ്രതിഫലനമായിരിക്കുന്നതിനെ സ്വാഭാവികം എന്ന മട്ടിൽ അവതരിപ്പിച്ചുകൊണ്ട്, ഇന്നത്തെ ലോകം ലൈംഗികതയ്ക്ക് അങ്ങേയററത്തെ ഊന്നൽ കൊടുത്തിരിക്കുന്നു എന്നതിനെ അധികംപേർ നിഷേധിക്കില്ല. ഇന്ന് അനേകം സിനിമകളിലും വീഡിയോകളിലും മാസികകളിലും അതുപോലെതന്നെ വിനോദസ്ഥലങ്ങളിലും സാധാരണമായിട്ടുള്ള ദുർമാർഗവും നഗ്നതയും കാണുന്നവർ വിശേഷിച്ചു ലൈംഗിക സുഖത്തെക്കുറിച്ചുള്ള അത്തരമൊരു തെററായ കാഴ്ചപ്പാട് എളുപ്പത്തിൽ സ്വീകരിക്കുന്നു.
20. ലൈംഗിക കാര്യങ്ങളിൽ തങ്ങൾ അത്യാഗ്രഹത്തിന്റെ അപകടം സംബന്ധിചു ജാഗ്രതയുള്ളവരാണെന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
20 ദൈവദാസരിൽ ഒരുവനെ കുരുക്കിലാക്കാൻ ലൈംഗിക അത്യാഗ്രഹത്തിന്റെ കെണിക്കു കഴിയുമെന്നു ബത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപത്തിന്റെ വിവരണം പ്രകടമാക്കുന്നു. സ്വന്തം ദാമ്പത്യബന്ധത്തിൽ സുഖമനുഭവിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും, അവിഹിത ലൈംഗികാഗ്രഹം വളരാൻ ദാവീദ് അനുവദിച്ചു. ഊരീയാവിന്റെ ഭാര്യ എത്ര സൗന്ദര്യവതിയെന്നു ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അവളിൽനിന്നുള്ള അവിഹിത സുഖം തേടുന്നതിനെക്കുറിച്ചുള്ള ചിന്തയുടെയും പ്രവൃത്തിയുടെയും കടിഞ്ഞാൺ ഊരിവിട്ടു. (2 ശമൂവേൽ 11:2-4; യാക്കോബ് 1:14, 15) തീർച്ചയായും അത്യാഗ്രഹത്തിന്റെ ഈ രൂപത്തെ നാം നിരാകരിക്കണം. വിവാഹത്തിനുള്ളിൽപ്പോലും അത്യാഗ്രഹം ഉപേക്ഷിക്കേണ്ടത് ഉചിതമാണ്. ഇതിൽ അങ്ങേയററത്തെ ലൈംഗിക നടപടികൾ ത്യജിക്കുന്നത് ഉൾപ്പെടും. ഈ മേഖലയിൽ അത്യാഗ്രഹം ഒഴിവാക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഒരു ഭർത്താവു തന്റെ ഇണയിൽ ആത്മാർഥമായി തത്പരനായിരിക്കും, തൻമൂലം കുടുംബാസൂത്രണം സംബന്ധിച്ച് അവർ രണ്ടുപേരും എടുക്കുന്ന ഏതു തീരുമാനത്തിലും തന്റെ സുഖത്തെ ഭാര്യയുടെ ഇപ്പോഴത്തെയോ ഭാവിയിലെയോ ആരോഗ്യത്തെക്കാൾ കൂടുതൽ പ്രാധാന്യമുള്ളതായി പരിഗണിക്കില്ല.—ഫിലിപ്പിയർ 2:4.
അത്യാഗ്രഹം ഒഴിവാക്കാനുള്ള ദൃഢനിശ്ചയത്തിൽ തുടരുക
21. അത്യാഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ച നമ്മെ നിരുത്സാഹപ്പെടുത്താൻ പാടില്ലാത്തത് എന്തുകൊണ്ട്?
21 വിശ്വാസമില്ലാത്തതിന്റെ പേരിൽ യഹോവ അപായമറിയിക്കലുകൾ അഥവാ മുന്നറിയിപ്പുകൾ പ്രദാനം ചെയ്യുന്നില്ല. തന്റെ സമർപ്പിത ദാസൻമാർ തന്നെ വിശ്വസ്തതയോടെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവിടുത്തേക്ക് അറിയാം, ബഹുഭൂരിപക്ഷം അതു തുടർന്നു ചെയ്യുമെന്നതിൽ അവിടുത്തേക്ക് ആത്മവിശ്വാസമുണ്ട്. സാത്താനോടു സംസാരിക്കവേ, അവിടുന്ന് ഇയ്യോബിനെക്കുറിച്ചു പറഞ്ഞതിനോടു സമാനമായി, യഹോവക്കു തന്റെ ജനത്തെക്കുറിച്ചു മൊത്തത്തിൽ പറയാൻ കഴിയും: “എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.” (ഇയ്യോബ് 1:8) സ്നേഹവാനും വിശ്വാസമുള്ളവനുമായ നമ്മുടെ സ്വർഗീയ പിതാവ് വിവിധ തരത്തിലുള്ള അത്യാഗ്രഹത്തോടു ബന്ധപ്പെട്ടതുപോലുള്ള അപകടകരമായ കെണികൾ സംബന്ധിച്ചു നമ്മെ ജാഗരൂകരാക്കുന്നു, എന്തുകൊണ്ടെന്നാൽ നാം നിഷ്കളങ്കരും അവിടുത്തോടു വിശ്വസ്തരുമായി തുടരാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
22. നമ്മുടെ പഠനം വ്യക്തിപരമായ അപകടത്തിന്റെയോ ബലഹീനതയുടെയോ മണ്ഡലത്തെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ നാം എന്തു ചെയ്യണം?
22 നാം ഓരോരുത്തരും അത്യാഗ്രഹത്തോടുള്ള ഒരു ചായ്വ് അവകാശപ്പെടുത്തിയിട്ടുണ്ട്, ഇതിനെ ഈ ദുഷ്ട ലോകത്തിന്റെ സ്വാധീനത്തിൽ നാം കൂടുതലായി വികസിപ്പിച്ചെടുത്തിട്ടുണ്ടായിരിക്കാം. ധനവും സ്വത്തുക്കളും ശക്തിയും അധികാരവും ഭക്ഷണം അല്ലെങ്കിൽ ലൈംഗിക സുഖം എന്നിവയുമായി ബന്ധപ്പെട്ട അത്യാഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ പഠനത്തിനിടയിൽ ഏതെങ്കിലും ബലഹീന വശം നിങ്ങൾ കണ്ടെത്തിയെങ്കിലെന്ത്? എങ്കിൽ യേശുവിന്റെ ഈ ഉപദേശം കാര്യമായി എടുക്കുക: “നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലൂ.” (മർക്കൊസ് 9:43) മനോഭാവത്തിലോ താത്പര്യങ്ങളിലോ ആവശ്യമായിവരുന്ന മാററങ്ങൾ വരുത്തുക. അത്യാഗ്രഹത്തിന്റെ മാരകമായ കെണി ഒഴിവാക്കുക. അങ്ങനെ ദൈവസഹായത്താൽ നിങ്ങൾ “ജീവനിൽ കടക്കു”മാറാകട്ടെ.
ഞാൻ എന്തു പഠിച്ചിരിക്കുന്നു?
◻ അത്യാഗ്രഹത്തിന്റെ കെണിയെ സംബന്ധിച്ചു നാം ഉത്ക്കണ്ഠാകുലരായിരിക്കേണ്ടത് എന്തുകൊണ്ട്?
◻ ധനത്തിനോ സ്വത്തുക്കൾക്കോവേണ്ടിയുള്ള അത്യാഗ്രഹം ഏതെല്ലാം വിധങ്ങളിൽ നമ്മെ കെണിയിലകപ്പെടുത്തിയേക്കാം?
◻ ജീവിതത്തിന്റെ മററു മേഖലകളിലെ അത്യാഗ്രഹം യഥാർഥ അപകടങ്ങൾ വരുത്തിയേക്കാവുന്നതെങ്ങനെ?
◻ അത്യാഗ്രഹത്തിന്റെ കാര്യത്തിൽ നമ്മുടെ ഏതെങ്കിലും ബലഹീനതയോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?