നിങ്ങൾ ദൈവേഷ്ടം ചെയ്യുന്നുവോ?
യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടു പേർ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ എപ്പിസ്കോപ്പൽ സഭയിലെ ഒരു പുരോഹിതനെ കണ്ടുമുട്ടി. പ്രസന്നവാനായ ഒരു മനുഷ്യൻ, താടിക്കാരൻ, പ്രായം 60-ഓളം വരും. തന്റെ സഭയുടെ പേർ വെട്ടിത്തിളങ്ങുന്ന ഒരു ടീ-ഷർട്ടാണു ധരിച്ചിരുന്നത്. ഒററശ്വാസത്തിൽ അദ്ദേഹം പറഞ്ഞു: “വചനം പ്രചരിപ്പിക്കുന്നതിൽ ഞങ്ങളുടെ സഭാംഗങ്ങൾ നിങ്ങളെപ്പോലെ തീക്ഷ്ണതയുള്ളവരായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു, പക്ഷേ എന്റെ വീട്ടിൽ മേലാൽ വന്നുപോകരുത് എന്നാണ് എനിക്കു പറയാനുള്ളത്.”
അതേ, യഹോവയുടെ സാക്ഷികളുടെ വേലയെ സ്തുതിച്ചുപറയുന്ന, അവരുടെ തീക്ഷ്ണതയെയും ആവേശത്തെയും പ്രശംസിക്കുന്ന അനേകമാളുകളുണ്ട്. എങ്കിലും, സാക്ഷികളുടെ വേലയിൽ അവർക്ക് അശേഷം താത്പര്യമില്ല, ആ വേല അവർ സ്വയം ഒട്ടു ചിന്തിക്കുന്നതുമില്ല. എന്നിരുന്നാലും, പ്രത്യക്ഷത്തിൽ വിരോധാഭാസമായി തോന്നുന്ന ഈ സംഗതി അത്ര പുതിയ കാര്യമൊന്നുമല്ല. യേശുവിന്റെ നാളിൽ ഇതു ശ്രദ്ധിക്കപ്പെട്ടിരുന്നു, ഒരു ചിന്തോദ്ദീപകമായ ദൃഷ്ടാന്തത്തിലൂടെ അവിടുന്ന് ഈ ആശയം ഊന്നിപ്പറയുകയും ചെയ്തു.
“നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രൻമാരുണ്ടായിരുന്നു. അവൻ ഒന്നാമന്റെ അടുത്തുചെന്നുപറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക. ഞാൻ പോകാം എന്ന് അവൻ പറഞ്ഞു: എങ്കിലും പോയില്ല. അവൻ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ എനിക്കു മനസ്സില്ല എന്നു പറഞ്ഞു: എങ്കിലും പിന്നീട് പശ്ചാത്തപിച്ച് അവൻ പോയി. ഈ രണ്ടുപേരിൽ ആരാണു പിതാവിന്റെ ഇഷ്ടം നിറവേററിയത്?”—മത്തായി 21:28-31, പി.ഒ.സി. ബൈബിൾ.
ഉത്തരം സ്പഷ്ടമാണ്. യേശുവിനെ ശ്രദ്ധിച്ച ജനക്കൂട്ടത്തെപ്പോലെ നമ്മളും ഉത്തരം പറയും, “രണ്ടാമൻ” എന്ന്. എന്നാൽ യേശു ആ ദൃഷ്ടാന്തത്തിലൂടെ വ്യക്തമായ ആ ഉത്തരത്തിനുമപ്പുറത്തേക്ക്, പിതാവ് ആവശ്യപ്പെട്ടതു ചെയ്യുന്നതാണു പ്രധാനം എന്ന സംഗതിയിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുകയായിരുന്നു. പോകാൻ ആഗ്രഹിക്കുന്നില്ലെന്നു രണ്ടാമത്തെ പുത്രൻ പറഞ്ഞെങ്കിലും അവൻ പോകുകതന്നെ ചെയ്തു, അതിന് അവനു പ്രശംസയും കിട്ടി. ശരിയായതരം വേല ചെയ്യുന്നതു സമാനമായി പ്രാധാന്യമുള്ളതാണ്. രണ്ടാമത്തെ പുത്രൻ പിതാവിന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്തുകൊണ്ട് അതു നിറവേററി; അവൻ പുറത്തുപോയി തന്റെതന്നെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്തില്ല.
ഇതിനെല്ലാം നമുക്ക് എന്ത് ആന്തരാർഥമാണുള്ളത്? ദൈവം ഇന്നത്തെ ആരാധകരിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്? പിതാവിന്റെ ഇഷ്ടം ചെയ്യാൻ നമ്മെ സഹായിക്കുന്ന എന്താണു യേശുവിന്റെ ജീവിതത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയുന്നത്? ഇവ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, നാം ശരിയായ ഉത്തരങ്ങൾ കണ്ടെത്തുന്നതു നമ്മുടെ നിത്യക്ഷേമത്തെ അർഥമാക്കും. എന്തെന്നാൽ “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17; എഫെസ്യർ 5:17.
എന്താണു “ദൈവത്തിന്റെ ഇഷ്ടം?”
“ഇഷ്ടം” എന്ന നാമം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ കോംബ്രിഹെൻസിവ് കൺകോർഡൻസിൽ 80-ലധികം പ്രാവശ്യം പ്രതിപാദിച്ചിരിക്കുന്നു. ഇതിൽ 60-ഓളം (അഥവാ 75 ശതമാനത്തോളം) പരാമർശം ദൈവേഷ്ടത്തോടാണ്. “ദൈവത്തിന്റെ ഇഷ്ടം [will of God],” “എന്റെ പിതാവിന്റെ ഇഷ്ടം [will of my Father],” “ദൈവേഷ്ടം [God’s will]” എന്നിവപോലുള്ള പ്രയോഗങ്ങൾ 20-ഓളം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം പ്രാഥമിക പ്രാധാന്യമുള്ളതായിരിക്കണം ദിവ്യേഷ്ടം എന്ന് ഇതിൽനിന്നു നമുക്കു കാണാൻ കഴിയും. ദൈവേഷ്ടം ചെയ്യുക, അതായിരിക്കണം ജീവിതത്തിൽ നമ്മുടെ മുഖ്യതാത്പര്യം.
‘ഇച്ഛ, ആഗ്രഹം, ദൃഢനിശ്ചയം, ഇച്ഛിക്കപ്പെട്ട എന്തെങ്കിലും, വിശേഷിച്ച് അധികാരമോ ശക്തിയോ ഉള്ള ഒരാളുടെ ഒരു തിരഞ്ഞെടുപ്പ് അഥവാ ദൃഢനിശ്ചയം’ എന്നിവയാണു “വിൽ” എന്ന ഇംഗ്ലീഷു പദത്തിന്റെ അർഥം. അങ്ങനെയാകുമ്പോൾ പരമാധികാരിയായ യഹോവക്ക് ഒരു ഇഷ്ടം അഥവാ ദൃഢനിശ്ചയം ഉണ്ട്. അത് എന്താണ്? അതിനെക്കുറിച്ചു തിരുവെഴുത്തുകൾ നമ്മോടു ഭാഗികമായി ഇങ്ങനെ പറയുന്നു: “എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടണം, സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനത്തിൽ എത്തണം എന്നതാണു [ദൈവത്തിന്റെ] ഇഷ്ടം.” (1 തിമൊഥെയോസ് 2:4, NW) മററുള്ളവർക്കു സൂക്ഷ്മ പരിജ്ഞാനം പകർന്നുകൊടുക്കാൻ യേശുക്രിസ്തുവും ആദിമക്രിസ്ത്യാനികളും മുഴുഹൃദയത്തോടെ വേല ചെയ്തു.—മത്തായി 9:35; പ്രവൃത്തികൾ 5:42; ഫിലിപ്പിയർ 2:19, 22.
ഇന്നു ദൈവേഷ്ടം ചെയ്യുന്നത് ആരാണ്? യേശുക്രിസ്തുവിന്റെ അനുഗാമികളായി നടിക്കുന്ന ഏതാണ്ട് 200 കോടി ആളുകളെ എടുത്താൽ അതിൽ യേശുവിന്റെ ദൃഷ്ടാന്തത്തിലെ, പുറപ്പെട്ട് പിതാവിന്റെ ഇഷ്ടം ചെയ്ത ഇളയ പുത്രനെപ്പോലെ ആയിട്ടുള്ളത് എത്ര പേരാണ്? ഉത്തരം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അവർ ചെയ്യുമെന്നു അവിടുന്ന് പറഞ്ഞ വേല അഥവാ “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു” എന്നതു ചെയ്തുകൊണ്ടിരിക്കുന്നവരായിരിക്കും യേശുക്രിസ്തുവിന്റെ കാലടികളെ യഥാർഥമായി പിൻപററുന്നവർ. (മർക്കൊസ് 13:10) 45 ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ ദൈവരാജ്യ സുവാർത്ത സജീവമായി പ്രസംഗിക്കുകയും മററുള്ളവരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമാധാനത്തിനും സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ ഒരേ ഒരു പ്രത്യാശയെന്ന നിലയിൽ രാജ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവർ ഇതു നിർവഹിക്കുന്നത്. ദൈവേഷ്ടം ചെയ്യുന്നതിൽ ഒരു മുഴുവനായ പങ്കാണോ നിങ്ങൾക്കുള്ളത്? യേശു ചെയ്തതുപോലെ നിങ്ങൾ രാജ്യസുവാർത്ത പ്രസംഗിക്കുന്നുണ്ടോ?—പ്രവൃത്തികൾ 10:42; എബ്രായർ 10:7.
ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തൽ
പിതാവിന്റെ ഇഷ്ടം എന്തെന്നു പഠിക്കുന്നതിൽ സന്തോഷമുണ്ട്, എന്നാൽ അതിലും സന്തോഷമുണ്ടു ദൈവേഷ്ടം മററുള്ളവരെ പഠിപ്പിക്കുന്നതിൽ. പിതാവിനെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിൽ യേശു സന്തോഷം കണ്ടെത്തി. അവിടുത്തേക്ക് അതു ഭക്ഷണം പോലെയായിരുന്നു. (യോഹന്നാൻ 4:34) യേശുക്രിസ്തു ചെയ്തതുപോലെ, വിശേഷിച്ച് അവിടുന്ന് പഠിപ്പിച്ച സംഗതികൾ, പിതാവിൽനിന്ന് യേശുവിനു ലഭിച്ച സംഗതികൾ, നാം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്താൽ യഥാർഥ സന്തുഷ്ടി ആസ്വദിക്കുക നമുക്കും സാധ്യമാകും. (മത്തായി 28:19, 20) യേശു വാഗ്ദത്തം ചെയ്തതുപോലെ, “ഈ കാര്യങ്ങൾ അറിഞ്ഞ് നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗൃഹീതർ.”—യോഹന്നാൻ 13:17, പി.ഒ.സി.
ദൃഷ്ടാന്തീകരിച്ചാൽ: മുഴുസമയ പയനിയർ ശുശ്രൂഷയിൽ വീണ്ടും പ്രവേശിച്ച ഒരു അമ്മ പറഞ്ഞു: “വ്യത്യസ്ത ബൈബിൾ സത്യങ്ങൾ ഹൃദയത്തെ സ്പർശിക്കുമ്പോൾ ബൈബിൾപഠിതാവിന്റെ മുഖം പ്രകാശിക്കും, അതു കാണുന്നതു എത്ര പുളകപ്രദം! അവസാനത്തെ പുനരവലോകന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയേണ്ടതിന് ഒരു വിദ്യാർഥി അധ്യയനത്തിനുമുമ്പു മുഴു തിരുവെഴുത്തുകളും എഴുതിവെച്ചിരിക്കുന്നതും അധ്യയനസമയത്തു കുറിപ്പുകൾ എഴുതിയെടുക്കുന്നതും കാണാൻ കഴിഞ്ഞത് എനിക്ക് എന്തൊരു സന്തോഷമായിരുന്നു.” കൗമാരപ്രായത്തിലായിരുന്നപ്പോൾ അല്പസ്വല്പം സത്യം പഠിക്കാൻ അവസരം ലഭിച്ച, എന്നാൽ വിവാഹിതയായതോടെ സ്വന്തപ്രശ്നങ്ങളുമായി ഒതുങ്ങിക്കഴിയേണ്ടിവരുകയും പിന്നീട് യഹോവയുടെ സാക്ഷികളെ കണ്ടെത്താൻ അതിയായി ആഗ്രഹിക്കുകയും ചെയ്ത ഒരുവൾ അവരുടെ ബൈബിൾവിദ്യാർഥികളിൽ ഉണ്ടായിരുന്നു. പയനിയർസഹോദരി അവളെ കണ്ടെത്തിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു അവൾക്ക്! അങ്ങനെ ബൈബിൾപഠനം പുനരാരംഭിക്കാൻ ഈ യുവതി സഹായിക്കപ്പെട്ടു.
ദൈവേഷ്ടം ചെയ്യുന്നതിലെ സന്തോഷം നിലനിർത്തൽ
തന്റെ മുഴു ജീവിതത്തിലും ദൈവേഷ്ടം ചെയ്യാൻ തുനിഞ്ഞ ഒരുവനായിരുന്നു പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ്. തനിക്കെതിരെ വരുത്തപ്പെട്ട അനേകം പ്രയാസങ്ങളും സമ്മർദങ്ങളും ഉണ്ടായിരുന്നിട്ടും ഇങ്ങനെ പറയാൻ അദ്ദേഹം നിശ്വസ്തനാക്കപ്പെട്ടു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീർത്തനം 40:8) യഹോവയുടെ ഇഷ്ടം ചെയ്യൽ ദാവീദിന്റെ ദേഹിയിൽത്തന്നെ, അദ്ദേഹത്തിന്റെ അസ്തിത്വത്തിൽത്തന്നെ അന്തർലീനമായിരുന്നു. യഹോവയെ സേവിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന മങ്ങാത്ത സന്തോഷത്തിന്റെ രഹസ്യം അതായിരുന്നു. ദൈവേഷ്ടം ചെയ്യുന്നതു ദാവീദിനു പ്രയാസമുളവാക്കുന്ന ഒരു കാര്യമായിരുന്നില്ല. മറിച്ച് അത് അദ്ദേഹത്തിന് ആനന്ദമായിരുന്നു, ഹൃദയത്തിൽനിന്നു വന്ന ഒരു സംഗതിതന്നെ. ചിലപ്പോഴെല്ലാം തെററു ചെയ്യുകയും കുറവുള്ളവനായിത്തീരുകയും ചെയ്തെങ്കിലും ജീവിതത്തിലുടനീളം തന്റെ ദൈവമായ യഹോവയെ ഏററവും മികച്ചരീതിയിൽ സേവിക്കുന്നതിൽ അദ്ദേഹം കഠിനമായി യത്നിച്ചു.
നമ്മുടെ സന്തോഷം കുറയുന്ന സന്ദർഭങ്ങളുണ്ടായേക്കാം. നാം തളർന്നവരും മനസ്സിടിഞ്ഞവരും ആയിത്തീർന്നേക്കാം. ഒരുപക്ഷേ നമ്മുടെ കഴിഞ്ഞകാലം നമ്മെ വേട്ടയാടിയേക്കാം, പണ്ടെങ്ങോ ചെയ്ത ഒരു തെററിനെക്കുറിച്ചു മനസ്സാക്ഷി നമ്മെ അലട്ടിക്കൊണ്ടിരുന്നേക്കാം. പലപ്പോഴും, ദൈവവചനത്തിന്റെ കൂടുതൽ വിശദമായ പഠനത്താൽ ഇത്തരം വികാരങ്ങളെ നമുക്കു കീഴടക്കാനാവും. ദാവീദ് ചെയ്തതുപോലെ ദൈവത്തിന്റെ പ്രമാണം നമ്മുടെ “ഉള്ളിൽ” ആലേഖനം ചെയ്യാൻ നമുക്കു ലക്ഷ്യം വെക്കാനാവും. മുഴുഹൃദയത്തോടെ, അതായത് നമ്മുടെ കഴിവിന്റെ പരമാവധി ദൈവേഷ്ടം ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിൽ അവിടുന്ന് അതിൻപ്രകാരം പ്രതിഫലം നൽകും, എന്തെന്നാൽ അവിടുന്ന് വിശ്വസ്തനാണ്.—എഫെസ്യർ 6:6; എബ്രായർ 6:10-12; 1 പത്രൊസ് 4:19.
രസാവഹമായി, എബ്രായർ 10:5-7-ൽ അപ്പോസ്തലനായ പൗലോസ് സങ്കീർത്തനം 40:6-8-ലെ ദാവീദിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവയെ യേശുക്രിസ്തുവിനു ബാധകമാക്കി. പൗലോസ് അപ്രകാരം ചെയ്തുകൊണ്ടു യേശു പിതാവിനോട് എത്ര അടുത്തവൻ എന്നു സൂചിപ്പിച്ചു. “ഇഷ്ടം” എന്നതിനുള്ള എബ്രായ പദത്തിന്റെ ആശയം വാസ്തവത്തിൽ ‘ആനന്ദം, ആഗ്രഹം, പ്രീതി, അല്ലെങ്കിൽ സുഖം’ എന്നെല്ലാമാണ്. അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചു സങ്കീർത്തനം 40:8 ഇങ്ങനെ വായിക്കുന്നു: “എന്റെ ദൈവമേ, അങ്ങേക്ക് ആനന്ദമായതു ചെയ്യാൻ ഞാൻ പ്രിയപ്പെടുന്നു.”a മുമ്പു ചെയ്തിരുന്നതുപോലെ, യേശു പിതാവിനെ പ്രീതിപ്പെടുത്തുന്നതു ചെയ്യാൻ ആഗ്രഹിച്ചു. തന്നോട് ആവശ്യപ്പെട്ടതു മാത്രമല്ല, അതിനപ്പുറവും യേശു ചെയ്തു. പിതാവിന്റെ ഹൃദയത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു, അതു ചെയ്യുന്നത് അവിടുന്ന് ആസ്വദിക്കുകയും ചെയ്തു.
ദൈവേഷ്ടം എന്ത്, ദൈവാനുഗ്രഹം നേടാൻ എന്തു ചെയ്യണം എന്നിവ മററുള്ളവരെ പഠിപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു യേശുവിന്റെ മുഴുജീവിതവും. അവിടുന്ന് ഒരു മുഴുസമയ പ്രസംഗകനും അധ്യാപകനും ആയിരുന്നു, ആ വേലയിൽ അവിടുന്ന് വലിയ സന്തോഷം കണ്ടെത്തി. അതുകൊണ്ട്, നാം യഹോവയുടെ വേല എത്രയധികം ചെയ്യുന്നുവോ അത്രയധികം സന്തോഷം നമുക്കു ലഭിക്കും എന്നതു സ്വാഭാവികമാണ്. അതിരില്ലാത്ത സന്തോഷമുണ്ടാകാൻ തക്കവണ്ണം മുഴുസമയ ശുശ്രൂഷയിൽ സേവിക്കാൻ നിങ്ങൾക്കും കഴിയുമോ?
ദൈവേഷ്ടം ചെയ്യുന്നതിലെ സന്തോഷം നിലനിർത്തുന്നതിനുള്ള കൂടുതലായ ഒരു സഹായം ഭാവിയെ ദൃഷ്ടിപഥത്തിൽ തിളക്കത്തിൽ നിർത്തുക എന്നതാണ്. അതായിരുന്നു യേശു ചെയ്തത്. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി.” യേശുവിനു സന്തോഷമുണ്ടായിരുന്നത് അവസാനംവരെ ദൈവത്തോടു വിശ്വസ്തനെന്നു തെളിയിക്കുന്നതിലും പിന്നെ പിതാവിന്റെ വലതുഭാഗത്തെ രാജത്വം എന്ന സമ്മാനം നേടുന്നതിലുമായിരുന്നു.—എബ്രായർ 12:2.
ദൈവേഷ്ടം ചെയ്യുന്നതിൽ തുടരുന്നവർക്കു ലഭിക്കാനിരിക്കുന്ന ഭാവിസന്തോഷത്തെ ഭാവനയിൽ കാണുക. ദൈവേഷ്ടം ചെയ്യാൻ കഠിനമായി ശ്രമിക്കുന്നവർക്കു കഷ്ടങ്ങൾ വരുത്തിക്കൊണ്ടാണെങ്കിൽക്കൂടി തങ്ങളുടെ സ്വാർഥലക്ഷ്യങ്ങൾ നിറവേററാൻ നിഷ്കർഷിക്കുന്നവരുടെ നാശം അവർ കാണും. (2 തെസ്സലൊനീക്യർ 1:7, 8) പുനരുത്ഥാനം പ്രാപിച്ചുവരുന്നവർക്കു ദൈവേഷ്ടം പഠിക്കാനും ചെയ്യാനും അവസരം ലഭിക്കുമ്പോഴത്തെ സന്തോഷത്തെക്കുറിച്ചു ചിന്തിക്കുക. അല്ലെങ്കിൽ ഭൂമിയെ വീണ്ടും പറുദീസയാക്കി രൂപാന്തപ്പെടുത്തുന്നതിനുള്ള ദൈവേഷ്ടത്തെക്കുറിച്ചു പരിചിന്തിക്കുക. അവസാനമായി, യഹോവയുടെ ഇഷ്ടത്തിന്റെ എതിരാളിയായ സാത്താനെ പൂർണമായി നശിപ്പിച്ചതിനെത്തുടർന്നു ലഭ്യമാകുന്ന സ്വാതന്ത്ര്യത്തെ ഭാവനയിൽ കാണുക.
അതേ, ദൈവേഷ്ടം ചെയ്യുന്നത് ഇപ്പോൾ വർധിച്ച സന്തോഷവും ഭാവിയിൽ അനന്തമായ സന്തുഷ്ടിയും കൈവരുത്തും. പ്രസംഗവേലയിൽ നമുക്കു ലഭിക്കുന്ന പ്രതികരണം എന്തുതന്നെയായാലും, പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നതിൽ നമുക്കു യേശുവിന്റെ മാതൃക അനുകരിക്കാം.
[അടിക്കുറിപ്പ്]
a സങ്കീർത്തനം 40:8, NW-ന്റെ അടിക്കുറിപ്പു കാണുക.