അധ്യായം 107
രാജാവ് വിവാഹവിരുന്നിനു ക്ഷണിക്കുന്നു
വിവാഹവിരുന്നിനെക്കുറിച്ചുള്ള ദൃഷ്ടാന്തം
യേശുവിന്റെ ശുശ്രൂഷ അവസാനിക്കുന്ന സാഹചര്യത്തിലും, ശാസ്ത്രിമാരുടെയും പുരോഹിതന്മാരുടെയും കപടത തുറന്നുകാട്ടുന്ന ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ അവർ യേശുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. (ലൂക്കോസ് 20:19) യേശു ആകട്ടെ അവരുടെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരു ദൃഷ്ടാന്തം പറയുകയാണ്:
“സ്വർഗരാജ്യം, തന്റെ മകനുവേണ്ടി വിവാഹവിരുന്ന് ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണ്. വിവാഹവിരുന്നിനു ക്ഷണിച്ചവരെ കൂട്ടിക്കൊണ്ടുവരാൻ രാജാവ് തന്റെ അടിമകളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല.” (മത്തായി 22:2, 3) ‘സ്വർഗരാജ്യത്തെക്കുറിച്ച് ’ പറഞ്ഞുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം തുടങ്ങുന്നത്. അതുകൊണ്ട് ഈ “രാജാവ് ” ദൈവമായ യഹോവയായിരിക്കാനാണു സാധ്യത. അപ്പോൾ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവർ ആരായിരിക്കും? ആരാണ് രാജാവിന്റെ മകൻ? രാജാവ് യഹോവയാണെങ്കിൽ രാജാവിന്റെ മകൻ യേശുവാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഭാവിയിൽ സ്വർഗരാജ്യത്തിൽ മകനോടൊപ്പം ആയിരിക്കുന്നവരാണ് ക്ഷണിക്കപ്പെട്ടവർ.
ഈ വിവാഹവിരുന്നിന് ആദ്യം ക്ഷണിച്ചത് ആരെയാണ്? ഇതു മനസ്സിലാക്കാൻ സ്വർഗരാജ്യത്തെക്കുറിച്ച് യേശുവും അപ്പോസ്തലന്മാരും ആരോടായിരുന്നു പ്രസംഗിച്ചുകൊണ്ടിരുന്നത് എന്നു ചിന്തിക്കുക. അവർ പ്രസംഗിച്ചതു ജൂതന്മാരോടായിരുന്നു. (മത്തായി 10:6, 7; 15:24) ആ ജനത ബി.സി. 1513-ൽ നിയമ ഉടമ്പടി സ്വീകരിച്ചു. അങ്ങനെ ‘രാജ-പുരോഹിതന്മാരുടെ’ ആദ്യത്തെ നിരയിലേക്കു വന്നത് അവരായിരുന്നു. (പുറപ്പാട് 19:5-8) എന്നാൽ, അവരെ “വിവാഹവിരുന്നിനു” ക്ഷണിച്ചത് എപ്പോഴാണ്? ആ ക്ഷണം അവർക്കു ലഭിച്ചത് എ.ഡി. 29-ൽ യേശു സ്വർഗരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.
ആ ക്ഷണത്തോട് മിക്ക ഇസ്രായേല്യരും പ്രതികരിച്ചത് എങ്ങനെയാണ്? യേശു പറഞ്ഞതുപോലെ “അവർ വരാൻ കൂട്ടാക്കിയില്ല.” ഭൂരിഭാഗം മതനേതാക്കന്മാരും ജനവും യേശുവിനെ ദൈവത്തിന്റെ നിയമിത രാജാവായും മിശിഹയായും സ്വീകരിച്ചില്ല.
ജൂതന്മാർക്ക് മറ്റൊരു അവസരംകൂടി ലഭിക്കുമെന്ന് യേശു സൂചിപ്പിച്ചു: “രാജാവ് വീണ്ടും മറ്റ് അടിമകളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ചവരോട് ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കിക്കഴിഞ്ഞു. എന്റെ കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിരിക്കുന്നു. എല്ലാം തയ്യാറായിക്കഴിഞ്ഞു. വിവാഹവിരുന്നിനു വരൂ.”’ എന്നാൽ ക്ഷണം കിട്ടിയവർ അതു ഗൗനിക്കാതെ ഒരാൾ തന്റെ വയലിലേക്കും മറ്റൊരാൾ കച്ചവടത്തിനും പൊയ്ക്കളഞ്ഞു. ബാക്കിയുള്ളവർ രാജാവിന്റെ അടിമകളെ പിടിച്ച് അപമാനിച്ച് കൊന്നുകളഞ്ഞു.” (മത്തായി 22:4-6) ഇത്, പിന്നീട് ക്രിസ്തീയസഭ സ്ഥാപിതമാകുമ്പോൾ സംഭവിക്കുമായിരുന്നതിനു ചേർച്ചയിലാണ്. അപ്പോഴും സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കാനുള്ള അവസരം ജൂതന്മാർക്കുണ്ടായിരുന്നു. എന്നാൽ മിക്കവരും ആ ക്ഷണം നിരസിച്ചു. ‘രാജാവിന്റെ അടിമകളെ’ ഉപദ്രവിക്കുകപോലും ചെയ്തു.—പ്രവൃത്തികൾ 4:13-18; 7:54, 58.
അതുകൊണ്ട് ഈ ജനതയ്ക്ക് എന്തു സംഭവിക്കുമായിരുന്നു? യേശു പറയുന്നു: “അപ്പോൾ രോഷാകുലനായ രാജാവ് തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ കൊന്ന് അവരുടെ നഗരം ചുട്ടുചാമ്പലാക്കി.” (മത്തായി 22:7) എ.ഡി. 70-ൽ റോമാക്കാർ ജൂതന്മാരുടെ “നഗരം” ആയ യരുശേലം നശിപ്പിച്ചപ്പോഴാണ് ഇക്കാര്യം സംഭവിച്ചത്.
രാജാവിന്റെ ക്ഷണം ഇവർ നിരസിച്ചെന്നു കരുതി വേറെയാരെയും ക്ഷണിക്കില്ലെന്ന് അതിന് അർഥമുണ്ടോ? യേശുവിന്റെ ദൃഷ്ടാന്തം അനുസരിച്ച് അങ്ങനെയാകില്ല. യേശു തുടരുന്നു: “പിന്നെ (രാജാവ്) അടിമകളോടു പറഞ്ഞു: ‘വിവാഹവിരുന്നു തയ്യാറാണ്. പക്ഷേ ക്ഷണം കിട്ടിയവർക്ക് അതിന് അർഹതയില്ലാതെപോയി. അതുകൊണ്ട് നിങ്ങൾ നഗരത്തിനു പുറത്തേക്കുള്ള വഴികളിൽ ചെന്ന് ആരെ കണ്ടാലും അവരെ വിവാഹവിരുന്നിനു ക്ഷണിക്കുക.’ അങ്ങനെ, ആ അടിമകൾ ചെന്ന് ദുഷ്ടന്മാരും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവരെയെല്ലാം കൂട്ടിക്കൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.”—മത്തായി 22:8-10.
പിൽക്കാലത്ത്, അപ്പോസ്തലനായ പത്രോസ് ജനതകളെ, അതായത് പരിവർത്തനത്താലോ ജനനത്താലോ ജൂതന്മാർ അല്ലാത്തവരെ, സത്യക്രിസ്ത്യാനികളാകാൻ സഹായിക്കുമായിരുന്നു. എ.ഡി. 36-ൽ റോമൻ സൈനികോദ്യോഗസ്ഥനായ കൊർന്നേല്യൊസിനും കുടംബത്തിനും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ലഭിച്ചു. അങ്ങനെ അവർ യേശു പറഞ്ഞ സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കുന്നവരുടെ നിരയിലേക്കു വന്നു.—പ്രവൃത്തികൾ 10:1, 34-48.
വിവാഹവിരുന്നിനു വരുന്ന എല്ലാവരെയും ‘രാജാവ് ’ സ്വീകരിക്കും എന്ന് യേശു സൂചിപ്പിച്ചില്ല. യേശു പറയുന്നു: “രാജാവ് അതിഥികളെ കാണാൻ അകത്ത് ചെന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ കണ്ടു. രാജാവ് അയാളോട്, ‘സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ താങ്കൾ എങ്ങനെ അകത്ത് കടന്നു’ എന്നു ചോദിച്ചു. അയാൾക്ക് ഉത്തരം മുട്ടിപ്പോയി. അപ്പോൾ രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടിലേക്ക് എറിയുക. അവിടെ കിടന്ന് അവൻ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.’ ‘ക്ഷണം കിട്ടിയവർ അനേകരുണ്ട്; പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ്.’”—മത്തായി 22:11-14.
യേശു പറഞ്ഞ ദൃഷ്ടാന്തംകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നോ അതിന്റെ അർഥമെന്താണെന്നോ പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും തങ്ങളെ ഈ വിധത്തിൽ അപമാനിച്ച യേശുവിനോട് അവർക്ക് കടുത്ത അനിഷ്ടം തോന്നി. മുമ്പെന്നത്തേക്കാളും വാശിയോടെ യേശുവിനെ എങ്ങനെയും വകവരുത്താൻ അവർ തീരുമാനിച്ചുറച്ചു.