അധ്യായം 109
എതിരാളികളെ വിമർശിക്കുന്നു
മത്തായി 22:41–23:24; മർക്കോസ് 12:35-40; ലൂക്കോസ് 20:41-47
ക്രിസ്തു ആരുടെ മകനാണ്?
എതിരാളികളുടെ കാപട്യം യേശു തുറന്നുകാണിക്കുന്നു
യേശുവിനെ അപകീർത്തിപ്പെടുത്താനും വാക്കിൽ കുടുക്കി റോമാക്കാർക്ക് ഏൽപ്പിച്ചുകൊടുക്കാനും ഉള്ള എതിരാളികളുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. (ലൂക്കോസ് 20:20) നീസാൻ 11-ാം തീയതിയായി. യേശു ഇപ്പോഴും ആലയത്തിൽത്തന്നെയാണ്. താൻ യഥാർഥത്തിൽ ആരാണെന്ന് കാണിക്കാൻ യേശു ഇപ്പോൾ അവരോടു ചില ചോദ്യങ്ങൾ ചോദിക്കുന്നു: “ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ക്രിസ്തു ആരുടെ മകനാണ്?” (മത്തായി 22:42) ക്രിസ്തു അല്ലെങ്കിൽ മിശിഹാ ദാവീദിന്റെ വംശപരമ്പരയിൽ വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ ഉത്തരംതന്നെയാണ് അവർ നൽകിയതും. (മത്തായി 9:27; 12:23; യോഹന്നാൻ 7:42)
യേശു അവരോട് വീണ്ടും ചോദിക്കുന്നു: “പിന്നെ എങ്ങനെയാണു ദാവീദ് ദൈവാത്മാവിന്റെ പ്രചോദനത്താൽ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുന്നത്? “‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’ എന്നു ദാവീദ് പറഞ്ഞല്ലോ. ദാവീദ് ക്രിസ്തുവിനെ ‘കർത്താവ് ’ എന്നു വിളിക്കുന്നെങ്കിൽ ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”—മത്തായി 22:43-45.
പരീശന്മാർ നിശ്ശബ്ദരായിപ്പോയി. കാരണം, ദാവീദിന്റെ വംശപരമ്പരയിൽ വരുന്ന ഒരാൾ, തങ്ങളെ റോമൻ ആധിപത്യത്തിൽനിന്ന് സ്വതന്ത്രരാക്കും എന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ സങ്കീർത്തനം 110: 1, 2-ലെ ദാവീദിന്റെ വാക്കുകളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുകൊണ്ട് മിശിഹ വെറുമൊരു മനുഷ്യഭരണാധികാരിയല്ല എന്ന കാര്യം യേശു സ്ഥാപിക്കുന്നു. യേശുവാണ് ദാവീദിന്റെ കർത്താവ്. ദൈവത്തിന്റെ വലതുവശത്ത് ഇരുന്നശേഷം യേശു തന്റെ അധികാരം പ്രയോഗിക്കും. യേശുവിന്റെ മറുപടി എതിരാളികളെ നിശ്ശബ്ദരാക്കുന്നു.
ശിഷ്യന്മാരും മറ്റു ചിലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരീശന്മാരെയും ശാസ്ത്രിമാരെയും സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് യേശു അവർക്കു കൊടുക്കുന്നു. ദൈവത്തിന്റെ നിയമം പഠിപ്പിക്കാൻ അവർ “മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു.” അതുകൊണ്ട് “അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്. കാരണം അവർ പറയുന്നെങ്കിലും അതുപോലെ പ്രവർത്തിക്കുന്നില്ല.”—മത്തായി 23:2, 3.
അവരുടെ കാപട്യം തുറന്നുകാണിക്കുന്ന ഉദാഹരണങ്ങൾ യേശു നൽകുന്നു: ‘അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുന്നു.’ മോശയ്ക്കു കൊടുത്ത നിയമത്തിലെ ചില ഭാഗങ്ങൾ അടങ്ങിയ ചെറിയ ചെപ്പുകൾ ചില ജൂതന്മാർ നെറ്റിയിലോ കൈയിലോ ചുറ്റിക്കൊണ്ട് നടന്നിരുന്നു. എന്നാൽ പരീശന്മാർ തങ്ങൾക്കു മോശയുടെ നിയമം സംബന്ധിച്ച് വലിയ തീക്ഷ്ണതയുണ്ടെന്ന് കാണിക്കാൻ വലുപ്പം കൂടിയ വേദവാക്യചെപ്പുകൾ കെട്ടിക്കൊണ്ട് നടന്നിരുന്നു. കൂടാതെ അവർ “വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും” ചെയ്തിരുന്നു. ഇസ്രായേൽ ജനത അവരുടെ വസ്ത്രങ്ങളിൽ തൊങ്ങൽ പിടിപ്പിക്കണമായിരുന്നു. എന്നാൽ പരീശന്മാർ ആ തൊങ്ങലുകളുടെ വലുപ്പം മനഃപൂർവം കൂട്ടിയിരുന്നു. (സംഖ്യ 15:38-40) അവർ ഇതെല്ലാം ചെയ്തത് “മനുഷ്യരെ കാണിക്കാനാണ്.”—മത്തായി 23:5.
പ്രാമുഖ്യതയ്ക്കുവേണ്ടിയുള്ള ആഗ്രഹം യേശുവിന്റെ ശിഷ്യന്മാരെപ്പോലും ബാധിച്ചേനേ. അതുകൊണ്ട് യേശു അവരെ ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്; സ്വർഗസ്ഥൻതന്നെ. ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്.” അപ്പോൾ ശിഷ്യന്മാർ എങ്ങനെ പ്രവർത്തിക്കണമായിരുന്നു? അവർ സ്വയം എങ്ങനെ വീക്ഷിക്കണമായിരുന്നു? യേശു അവരോട് പറയുന്നു: “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനാകണം. തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”—മത്തായി 23:8-12.
അടുത്തതായി, യേശു കപടഭക്തിക്കാരായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ശോചനീയമായ അവസ്ഥയെക്കുറിച്ച് പറയുന്നു: “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിനു സമ്മതിക്കുന്നുമില്ല.”—മത്തായി 23:13.
യേശു അവരെ കുറ്റം വിധിക്കുന്നു. കാരണം, യഹോവയുടെ വീക്ഷണത്തിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾക്കു പരീശന്മാർ യാതൊരു വിലയും കല്പിക്കുന്നില്ല. അർഥശൂന്യമായ അവരുടെ ന്യായവാദങ്ങൾ അതാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, “ആരെങ്കിലും ദേവാലയത്തെക്കൊണ്ട് സത്യം ചെയ്താൽ സാരമില്ല എന്നും ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട് സത്യം ചെയ്താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ” എന്നും പരീശന്മാർ പഠിപ്പിച്ചിരുന്നു. അങ്ങനെ, അവരുടെ വികലമായ ചിന്താരീതികൾ അവർ വെളിപ്പെടുത്തുന്നു. കാരണം യഹോവയെ ആരാധിക്കാനുള്ള ദേവാലയത്തെക്കാളും അവർ പ്രാധാന്യം കൊടുത്തത് അവിടത്തെ സ്വർണത്തിനാണ് . ‘ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ അവർ അവഗണിച്ചിരിക്കുന്നു.’—മത്തായി 23:16, 23; ലൂക്കോസ് 11:42.
“അന്ധരായ വഴികാട്ടികളേ” എന്ന് യേശു പരീശന്മാരെ വിളിക്കുന്നു. “നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുന്നു. പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു!” എന്ന് യേശു പറയുന്നു. (മത്തായി 23:24) കൊതുകിനെ അശുദ്ധജീവിയായി കണക്കാക്കിയിരുന്നതുകൊണ്ട് പരീശന്മാർ വീഞ്ഞിൽനിന്ന് അതിനെ അരിച്ചെടുക്കുന്നു. എന്നാൽ ഒട്ടകവും അശുദ്ധജീവികളുടെ ഗണത്തിലാണ് പെടുന്നത്. പക്ഷേ പരീശന്മാർ ആ വലിയ ജീവിയെ വിഴുങ്ങുന്നു! അതായത്, മോശയ്ക്കു കൊടുത്ത നിയമത്തിലെ ചെറിയ കാര്യങ്ങൾ അവർ അനുസരിക്കുകയും ഗൗരവമേറിയ കാര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.—ലേവ്യ 11:4, 21-24.