“വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ”
“ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ . . . യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.”—മത്തായി 24:15, 16.
1. ലൂക്കൊസ് 19:43, 44-ൽ കാണുന്ന യേശുവിന്റെ മുന്നറിയിപ്പിന് എന്തു ഫലമുണ്ടായിരുന്നു?
അടുത്തുവരുന്ന വിപത്തിനെ കുറിച്ചു ജാഗരൂകർ ആയിരിക്കുന്നത് അത് ഒഴിവാക്കാൻ നമ്മെ പ്രാപ്തരാക്കും. (സദൃശവാക്യങ്ങൾ 22:3) പൊ.യു. 66-ലെ റോമാക്കാരുടെ ആക്രമണശേഷം യെരൂശലേമിലെ ക്രിസ്ത്യാനികളുടെ അവസ്ഥ ഒന്നു ചിന്തിച്ചുനോക്കുക. ആ നഗരത്തെ സൈന്യം വളയുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് യേശു മുന്നറിയിപ്പു നൽകിയിരുന്നു. (ലൂക്കൊസ് 19:43, 44) മിക്ക യഹൂദന്മാരും യേശു പറഞ്ഞത് അവഗണിച്ചെങ്കിലും, അവന്റെ ശിഷ്യന്മാർ ആ മുന്നറിയിപ്പിനു ചെവി കൊടുത്തു. തത്ഫലമായി, പൊ.യു. 70-ലെ വിപത്തിൽനിന്ന് അവർ രക്ഷപ്പെട്ടു.
2, 3. മത്തായി 24:15-21-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രവചനത്തിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
2 ഇന്നു ജീവിക്കുന്ന നമ്മെ ബാധിക്കുന്ന ഒരു പ്രവചനത്തിൽ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, മഹാവ്യാധികൾ, ദൈവരാജ്യ ഘോഷകരായ ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനം തുടങ്ങിയ സംഗതികൾ ഉൾപ്പെട്ട ഒരു സംയുക്ത അടയാളം യേശു നൽകി. (മത്തായി 24:4-14; ലൂക്കൊസ് 21:10-19) അന്ത്യം ആസന്നമാണെന്ന് അറിയാൻ തന്റെ ശിഷ്യന്മാരെ സഹായിക്കുന്ന ഒരു സൂചന കൂടി യേശു നൽകുകയുണ്ടായി—‘ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കും’ എന്നത്. (മത്തായി 24:15) അർഥവത്തായ ആ വാക്കുകൾക്കു നമ്മുടെ ജീവിതത്തെ ഇപ്പോഴും ഭാവിയിലും എങ്ങനെ ബാധിക്കാൻ കഴിയുമെന്ന് അറിയാൻ അവ നമുക്ക് ഒന്നുകൂടി പരിശോധിക്കാം.
3 അടയാളം വിവരിച്ചശേഷം, യേശു ഇങ്ങനെ പറഞ്ഞു: “ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ [“വിവേചന ഉപയോഗിക്കട്ടെ,” NW]—അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. വീട്ടിൻമേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.”—മത്തായി 24:15-21.
4. മത്തായി 24:15-ന് ഒന്നാം നൂറ്റാണ്ടിൽ ഒരു നിവൃത്തി ഉണ്ടായെന്ന് എന്തു സൂചിപ്പിക്കുന്നു?
4 മർക്കൊസിന്റെയും ലൂക്കൊസിന്റെയും വിവരണങ്ങൾ കൂടുതലായ വിശദാംശങ്ങൾ നൽകുന്നു. ‘വിശുദ്ധസ്ഥലത്തു നില്ക്കുന്നത്’ എന്നു മത്തായി പറയുമ്പോൾ, ‘നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നത്’ എന്നാണ് മർക്കൊസ് 13:14 പറയുന്നത്. ലൂക്കൊസ് 21:20-ൽ യേശുവിന്റെ കൂടുതലായ ഈ വാക്കുകളും കാണാം: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.” യെരൂശലേമിന്റെ മേലും അതിലെ ആലയത്തിന്റെ മേലും, പൊ.യു. 66-ൽ തുടങ്ങിയ, റോമൻ ആക്രമണം ഉൾപ്പെടുന്ന ആദ്യ നിവൃത്തി തിരിച്ചറിയാൻ ഇതു നമ്മെ സഹായിക്കുന്നു—പ്രസ്തുത ആലയം യഹൂദർക്ക് ഒരു വിശുദ്ധ സ്ഥലം ആയിരുന്നെങ്കിലും, യഹോവ അതിനെ മേലാൽ അങ്ങനെ വീക്ഷിച്ചില്ല. പൊ.യു. 70-ൽ റോമാക്കാർ ആ നഗരത്തെയും ആലയത്തെയും നശിപ്പിച്ചപ്പോൾ പൂർണമായ ശൂന്യമാക്കൽ നടന്നു. അന്നത്തെ “മ്ലേച്ഛത” എന്തായിരുന്നു? അതു ‘വിശുദ്ധ സ്ഥലത്ത് നിന്നത്’ എങ്ങനെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അതിന്റെ ആധുനിക നിവൃത്തി വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.
5, 6. (എ) ദാനീയേൽ 9-ാം അധ്യായത്തിന്റെ വായനക്കാർക്കു വിവേചന ആവശ്യമായിരുന്നത് എന്തുകൊണ്ട്? (ബി) “മ്ലേച്ഛത”യെ കുറിച്ചുള്ള യേശുവിന്റെ പ്രവചനം എങ്ങനെ നിവൃത്തിയേറി?
5 വിവേചന ഉപയോഗിക്കാൻ യേശു വായനക്കാരെ പ്രോത്സാഹിപ്പിച്ചു. എന്തു വായിക്കുന്നവരെ? സാധ്യതയനുസരിച്ച്, ദാനീയേൽ 9-ാം അധ്യായം വായിക്കുന്നവരെ. മിശിഹാ എപ്പോൾ വരുമെന്നു സൂചിപ്പിക്കുകയും മൂന്നര വർഷത്തിനു ശേഷം അവൻ “ഛേദിക്കപ്പെടും” എന്നു മുൻകൂട്ടി പറയുകയും ചെയ്യുന്ന ഒരു പ്രവചനമാണ് ആ അധ്യായത്തിലുള്ളത്. പ്രവചനം ഇങ്ങനെ പറയുന്നു: “മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—ദാനീയേൽ 9:26, 27; കൂടാതെ ദാനീയേൽ 11:31; 12:11-ഉം കാണുക.
6 അന്തിയോക്കസ് നാലാമൻ ഏകദേശം 200 വർഷത്തിനു മുമ്പ് ആലയം അശുദ്ധമാക്കിയതിനെ ആണ് ഇതു പരാമർശിക്കുന്നതെന്നു യഹൂദന്മാർ കരുതിയിരിക്കാം. എന്നാൽ, വിവേചന ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഗതി അതല്ല എന്ന് യേശു പ്രകടമാക്കി. കാരണം, ആ “മ്ലേച്ഛത” പ്രത്യക്ഷപ്പെട്ട് ‘വിശുദ്ധ സ്ഥലത്തു’ നിൽക്കുന്ന സമയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വ്യക്തമായും, പ്രത്യേകതരം പതാകകളുമേന്തി പൊ.യു. 66-ൽ വരാനിരുന്ന റോമൻ സൈന്യത്തെ പരാമർശിക്കുകയായിരുന്നു യേശു. ദീർഘകാലമായി ഉപയോഗത്തിലിരുന്ന വിഗ്രഹതുല്യമായ അത്തരം പതാകകൾ യഹൂദന്മാർക്കു മ്ലേച്ഛമായിരുന്നു.a എന്നാൽ അവ ‘വിശുദ്ധ സ്ഥലത്തു നിൽക്കു’മായിരുന്നത് എപ്പോഴാണ്? യഹൂദന്മാർ വിശുദ്ധമെന്നു കരുതിയിരുന്ന യെരൂശലേമിനെയും അതിലെ ആലയത്തെയും പതാകകളേന്തിയ റോമൻ സൈന്യങ്ങൾ ആക്രമിച്ചപ്പോഴാണ് അതു സംഭവിച്ചത്. റോമാക്കാർ ആലയപ്രദേശത്തെ മതിലിനു തുരങ്കം വെക്കാൻ പോലും തുടങ്ങി. സത്യമായും, ദീർഘകാലം വെറുപ്പ് ഉളവാക്കിയിരുന്ന സംഗതി ഇപ്പോൾ വിശുദ്ധ സ്ഥലത്തു നിൽക്കുകയായി!—യെശയ്യാവു 52:1; മത്തായി 4:5; 27:53; പ്രവൃത്തികൾ 6:13.
ആധുനികകാല “മ്ലേച്ഛത”
7. യേശുവിന്റെ ഏതു പ്രവചനമാണു നമ്മുടെ നാളിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത്?
7 മത്തായി 24-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശു നൽകിയ അടയാളത്തിന്റെ വലിയ നിവൃത്തി ഒന്നാം ലോകമഹായുദ്ധം മുതൽ നാം കണ്ടിരിക്കുന്നു. എന്നാൽ, അവന്റെ വാക്കുകൾ ഓർമിക്കുക: “ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ . . . യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.” (മത്തായി 24:15, 16) പ്രവചനത്തിന്റെ ഈ വശത്തിനു നമ്മുടെ നാളിലും ഒരു നിവൃത്തി ഉണ്ടായിരിക്കണം.
8. വർഷങ്ങളായി, ആധുനികകാല “മ്ലേച്ഛത”യെ യഹോവയുടെ സാക്ഷികൾ എങ്ങനെ തിരിച്ചറിയിച്ചിരിക്കുന്നു?
8 ഈ പ്രവചനം നിവൃത്തിയേറുമെന്ന യഹോവയുടെ ദാസന്മാരുടെ വിശ്വാസത്തെ എടുത്തു കാണിച്ചുകൊണ്ട്, 1921 ജനുവരി 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) മധ്യപൂർവ ദേശത്തെ സംഭവവികാസങ്ങളോടു ബന്ധപ്പെടുത്തി പ്രസ്തുത പ്രവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പിന്നീട്, വീക്ഷാഗോപുരം (ഇംഗ്ലീഷ്) 1929 ഡിസംബർ 15 ലക്കത്തിന്റെ 374-ാമത്തെ പേജിൽ ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തിൽനിന്നും ക്രിസ്തുവിൽനിന്നും ആളുകളെ അകറ്റാൻ സർവരാജ്യസഖ്യം വലിയ പ്രവണത കാണിക്കുന്നു. അതിനാൽ സാത്താന്റെ ഒരു ഉത്പന്നമായ അത് ശൂന്യമാക്കുന്ന സംഗതിയാണ്. ദൈവദൃഷ്ടിയിൽ ഒരു മ്ലേച്ഛതയുമാണ്.” 1919-ൽ പ്രത്യക്ഷപ്പെട്ട സർവരാജ്യസഖ്യം എന്ന ആ “മ്ലേച്ഛത,” പിന്നീട് ഐക്യരാഷ്ട്രങ്ങൾക്കു വഴിമാറി. സമാധാനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഈ മനുഷ്യ സംഘടനകൾ ദൈവദൃഷ്ടിയിൽ മ്ലേച്ഛമായിരിക്കുന്നതായി ദീർഘകാലം മുമ്പേ യഹോവയുടെ സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
9, 10. മഹോപദ്രവം സംബന്ധിച്ച മുൻകാല ഗ്രാഹ്യം, “മ്ലേച്ഛത” വിശുദ്ധ സ്ഥലത്തു നിൽക്കുന്ന സമയം സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ സ്വാധീനിച്ചത് എങ്ങനെ?
9 മുൻ ലേഖനം മത്തായി 24-ഉം 25-ഉം അധ്യായങ്ങളുടെ അധിക ഭാഗത്തിന്റെയും വിശദീകരണം സംക്ഷിപ്ത രൂപത്തിൽ നൽകി. ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’യുടെ കാര്യത്തിലും അൽപ്പം വിശദീകരണം ഉചിതമാണോ? തീർച്ചയായും. ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്നു’ എന്ന സംഗതിയെ മുൻകൂട്ടി പറയപ്പെട്ട “ഉപദ്രവ”ത്തിന്റെ തുടക്കവുമായി യേശുവിന്റെ പ്രവചനം ബന്ധിപ്പിക്കുന്നു. തന്മൂലം “മ്ലേച്ഛത” ദീർഘകാലമായി ഉണ്ടായിരുന്നെങ്കിലും, അതു ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്നു’ എന്ന സംഗതിയും മഹോപദ്രവവും തമ്മിലുള്ള ബന്ധം നമ്മുടെ ചിന്തയെ ബാധിക്കേണ്ടതുണ്ട്. എങ്ങനെ?
10 മഹോപദ്രവത്തിന്റെ ആദ്യ ഘട്ടം 1914-ൽ തുടങ്ങിയെന്നും അതിന്റെ അന്ത്യ ഘട്ടം അർമഗെദോൻ യുദ്ധത്തിൽ ആയിരിക്കുമെന്നും ആണ് ദൈവജനം ഒരിക്കൽ മനസ്സിലാക്കിയിരുന്നത്. (വെളിപ്പാടു 16:14, 16; 1939 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 110-ാം പേജ് താരതമ്യം ചെയ്യുക.) അക്കാരണത്താൽ, ആധുനികകാല “മ്ലേച്ഛത” ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഉടനെതന്നെ വിശുദ്ധ സ്ഥലത്തു നിന്നിരിക്കണം എന്ന് ഒരിക്കൽ കരുതിയിരുന്നത് എന്തുകൊണ്ടെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും.
11, 12. മഹോപദ്രവം സംബന്ധിച്ച് പൊരുത്തപ്പെടുത്തൽ വരുത്തിയ ഏതു വീക്ഷണമാണ് 1969-ൽ നൽകപ്പെട്ടത്?
11 എന്നാൽ, പിൽക്കാല വർഷങ്ങളിൽ നാം കാര്യങ്ങളെ വ്യത്യസ്തമായി കാണുകയുണ്ടായി. 1969 ജൂലൈ 10-ാം തീയതി ന്യൂയോർക്ക് നഗരത്തിൽ നടന്ന “ഭൂമിയിൽ സമാധാനം” അന്താരാഷ്ട്ര സമ്മേളനത്തിൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന എഫ്. ഡബ്ലിയു. ഫ്രാൻസ് ആവേശോജ്ജ്വലമായ ഒരു പ്രസംഗം നടത്തി. യേശുവിന്റെ പ്രവചനം സംബന്ധിച്ച മുൻകാല ഗ്രാഹ്യത്തെ അവലോകനം ചെയ്തുകൊണ്ട് ഫ്രാൻസ് സഹോദരൻ ഇങ്ങനെ പറഞ്ഞു: “പൊ.യു. 1914-ൽ ‘മഹോപദ്രവം’ ആരംഭിച്ചെങ്കിലും, അതു പൂർത്തിയാകാൻ അനുവദിക്കാതെ ദൈവം 1918 നവംബറിൽ ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ചുവെന്നും അന്നു മുതൽ തന്റെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്ത്യാനികളുടെ അഭിഷിക്ത ശേഷിപ്പിന്റെ പ്രവർത്തനത്തിന് അവൻ ഒരു ഇടവേള അനുവദിക്കുകയായിരുന്നു എന്നും അതിനുശേഷം, അർമഗെദോൻ യുദ്ധത്തിൽ ‘മഹോപദ്രവ’ത്തിന്റെ അന്ത്യ ഘട്ടം അരങ്ങേറാൻ അവൻ അനുവദിക്കുമെന്നും ആയിരുന്നു മുമ്പു നൽകിയിരുന്ന വിശദീകരണം.”
12 കാര്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിയ ഒരു വിശദീകരണവും അന്നു നൽകപ്പെട്ടു: “കാര്യങ്ങളെ ഒന്നാം നൂറ്റാണ്ടിലെ സംഭവങ്ങളുമായി ഒത്തുനോക്കുക ആണെങ്കിൽ, . . . പ്രതിമാതൃകാ ‘മഹോപദ്രവം’ പൊ.യു. 1914-ൽ ആരംഭിച്ചില്ല. മറിച്ച്, 1914-1918 കാലഘട്ടത്തിൽ യെരൂശലേമിന്റെ ആധുനിക പ്രതിമാതൃകയുടെ മേൽ സംഭവിച്ചത് ‘ഈറ്റുനോവിന്റെ ആരംഭം’ മാത്രമായിരുന്നു . . . വീണ്ടുമൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള ‘മഹോപദ്രവം’ ഉണ്ടാകാനിരിക്കുന്നതേ ഉള്ളൂ. അതിന്റെ അർഥം, വ്യാജമത ലോകസാമ്രാജ്യം (ക്രൈസ്തവലോകം ഉൾപ്പെടെ) നശിപ്പിക്കപ്പെടുമെന്നും തുടർന്ന് അർമഗെദോനിൽ ‘സർവശക്തിയുള്ള ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ നടക്കുമെന്നുമാണ്.” മഹോപദ്രവത്തിന്റെ മുഴു ഭാഗവും സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്ന് അത് അർഥമാക്കി.
13. ഭാവിയിൽ “മ്ലേച്ഛത” ‘വിശുദ്ധ സ്ഥലത്തു’ നിൽക്കുമെന്നു പറയുന്നതു ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്?
13 വിശുദ്ധ സ്ഥലത്ത് “മ്ലേച്ഛത” എപ്പോഴാണു നിൽക്കുന്നത് എന്നു വിവേചിച്ചറിയുന്നതിനെ അതു നേരിട്ടു സ്വാധീനിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ സംഭവിച്ചത് എന്തെന്ന് ഓർമിക്കുക. പൊ.യു. 66-ൽ റോമാക്കാർ യെരൂശലേമിനെ ആക്രമിച്ചെങ്കിലും അവർ പെട്ടെന്നുതന്നെ പിന്മാറി, അങ്ങനെ ക്രിസ്തീയ “ജഡം” രക്ഷിക്കപ്പെടുന്നതിന് അവസരം ലഭിച്ചു. (മത്തായി 24:22) അതനുസരിച്ച്, മഹോപദ്രവം പെട്ടെന്നുതന്നെ തുടങ്ങുമെന്നു നാം പ്രതീക്ഷിക്കുന്നു. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തം അതു ചുരുക്കപ്പെടും. ഈ മുഖ്യ സംഗതി ശ്രദ്ധിക്കുക: പുരാതനകാലത്ത്, ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’ പൊ.യു. 66-ൽ ജനറൽ ഗാലസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട റോമൻ ആക്രമണത്തോടു ബന്ധപ്പെട്ടിരുന്നു. ആ ആക്രമണത്തിനു സമാനമായ ആധുനിക ആക്രമണം—മഹോപദ്രവത്തിന്റെ തുടക്കം—ഇനിയും സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ. 1919 മുതൽ അസ്തിത്വത്തിലുള്ള “ശൂന്യമാക്കുന്ന മ്ലേച്ഛത” തെളിവനുസരിച്ച് വിശുദ്ധ സ്ഥലത്തു നിൽക്കാനിരിക്കുന്നതേ ഉള്ളൂ.b അത് എങ്ങനെ ആയിരിക്കും? അതു നമ്മെ എങ്ങനെ ബാധിച്ചേക്കാം?
ഭാവി ആക്രമണം
14, 15. അർമഗെദോനിലേക്കു നയിക്കുന്ന സംഭവങ്ങൾ മനസ്സിലാക്കാൻ വെളിപ്പാടു 17-ാം അധ്യായം നമ്മെ സഹായിക്കുന്നത് എങ്ങനെ?
14 വ്യാജമതത്തിന്മേലുള്ള നാശോന്മുഖമായ ഭാവി ആക്രമണത്തെ കുറിച്ച് വെളിപ്പാടു പുസ്തകം വിവരിക്കുന്നുണ്ട്. ‘വേശ്യമാരുടെ മാതാവ്’ ആയ ‘മഹാ ബാബിലോന്’—വ്യാജമത ലോകസാമ്രാജ്യത്തിന്—എതിരെയുള്ള ദൈവത്തിന്റെ ന്യായവിധിയെ കുറിച്ച് അതിന്റെ 17-ാം അധ്യായം വിവരിക്കുന്നു. ഈ വ്യാജമത ലോകസാമ്രാജ്യത്തിൽ ഒരു മുഖ്യ പങ്കു വഹിക്കുന്ന ക്രൈസ്തവലോകം ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിൽ ആണെന്ന് അവകാശപ്പെടുന്നു. (യിരെമ്യാവു 7:4 താരതമ്യം ചെയ്യുക.) ക്രൈസ്തവലോകം ഉൾപ്പെടെയുള്ള വ്യാജമതങ്ങൾ ദീർഘകാലമായി ‘ഭൂമിയിലെ രാജാക്കന്മാരുമായി’ അവിശുദ്ധ ബന്ധം പുലർത്തിയിരിക്കുന്നു. എന്നാൽ ഇത് ആ മതങ്ങൾ ശൂന്യമാക്കപ്പെടുമ്പോൾ ഇല്ലാതാകും. (വെളിപ്പാടു 17:2, 5) ആരായിരിക്കും അവയെ ശൂന്യമാക്കുക?
15 കുറെ കാലത്തേക്കു നിലനിൽക്കുകയും പിന്നെ അപ്രത്യക്ഷമാകുകയും വീണ്ടും മടങ്ങിവരുകയും ചെയ്യുന്ന ഒരു ‘കടുഞ്ചുവപ്പു മൃഗ’ത്തെ വെളിപ്പാടു ചിത്രീകരിക്കുന്നു. (വെളിപ്പാടു 17:3, 8) ആ മൃഗത്തിനു പിന്തുണ നൽകുന്നത് ലോക ഭരണാധികാരികൾ ആണ്. ആ പ്രതീകാത്മക മൃഗം, സർവരാജ്യസഖ്യം (“മ്ലേച്ഛത”) എന്ന നിലയിൽ 1919-ൽ നിലവിൽ വരികയും ഐക്യരാഷ്ട്രങ്ങൾ എന്ന പേരിൽ ഇപ്പോൾ നിലവിലിരിക്കുകയും ചെയ്യുന്ന ഒരു സമാധാന സംഘടന ആണെന്നു തിരിച്ചറിയാൻ പ്രവചനത്തിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ നമ്മെ സഹായിക്കുന്നു. വ്യാജമത ലോകസാമ്രാജ്യത്തെ ശൂന്യമാക്കാൻ ഈ ‘മൃഗ’ത്തിലെ പ്രധാനികളായ ചില മനുഷ്യ ഭരണാധിപന്മാരുടെ ഹൃദയത്തിൽ ദൈവം തോന്നിപ്പിക്കുമെന്നു വെളിപ്പാടു 17:16, 17 പ്രകടമാക്കുന്നു. പ്രസ്തുത ആക്രമണത്തോടെ മഹോപദ്രവത്തിനു തുടക്കം കുറിക്കപ്പെടും.
16. മതം ഉൾപ്പെടുന്ന ശ്രദ്ധേയമായ എന്തു സംഭവവികാസങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു?
16 മഹോപദ്രവം തുടങ്ങുന്നതു ഭാവിയിൽ ആയതിനാൽ, ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്നു’ എന്ന സംഗതിയും ഇനി നടക്കാനിരിക്കുന്നതേ ഉള്ളോ? തെളിവനുസരിച്ച്, അതു നടക്കാനിരിക്കുന്നതേ ഉള്ളൂ. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ രംഗപ്രവേശം ചെയ്ത “മ്ലേച്ഛത” ഇപ്പോൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്നെങ്കിലും, സമീപ ഭാവിയിൽ അതു ‘വിശുദ്ധ സ്ഥലത്ത്’ അസാധാരണമായ വിധത്തിൽ നിലയുറപ്പിക്കും. ‘വിശുദ്ധ സ്ഥലത്തുള്ള നിൽപ്പ്’ എങ്ങനെ സംഭവിക്കും എന്നറിയാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുവിന്റെ അനുഗാമികൾ സൂക്ഷ്മമായ നിരീക്ഷണം നടത്തിയിരിക്കണം. അതുപോലെ വേണം ഇന്നത്തെ ക്രിസ്ത്യാനികളും. മറ്റെല്ലാ വിശദാംശങ്ങളും അറിയാൻ യഥാർഥ നിവൃത്തിക്കായി നാം കാത്തിരിക്കേണ്ടി വരും. എങ്കിലും, ചില ദേശങ്ങളിൽ മതത്തോടുള്ള എതിർപ്പ് ഇപ്പോൾത്തന്നെ കാണാൻ കഴിയും, അതു വളർന്നുകൊണ്ടുമിരിക്കുന്നു. ചില രാഷ്ട്രീയ ഘടകങ്ങൾ വിശ്വാസത്തിൽനിന്നു തെറ്റിപ്പോയ മുൻ ക്രിസ്ത്യാനികളുമായി ചേർന്നു മതത്തിനെതിരെ മൊത്തത്തിലും, സത്യ ക്രിസ്ത്യാനികൾക്ക് എതിരെ പ്രത്യേകിച്ചും, വിദ്വേഷം ഇളക്കിവിടുന്നു. (സങ്കീർത്തനം 94:20, 21; 1 തിമൊഥെയൊസ് 6:20, 21) തത്ഫലമായി, ചില രാഷ്ട്രീയ ശക്തികൾ ഇപ്പോൾ പോലും “കുഞ്ഞാടിനോടു പോരാടു”ന്നു. വെളിപ്പാടു 17:14 സൂചിപ്പിക്കുന്നതു പോലെ, ആ പോരാട്ടം ശക്തി പ്രാപിക്കും. ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തു ഉയർത്തപ്പെട്ട, മഹത്ത്വീകരിക്കപ്പെട്ട ഒരു സ്ഥാനത്ത് ആയിരിക്കുന്നതിനാൽ അവന്റെമേൽ അക്ഷരീയമായി കൈ വെക്കാൻ കഴിയാത്തതുകൊണ്ട് അവർ ദൈവത്തിന്റെ സത്യാരാധകരോട്, പ്രത്യേകിച്ചും അവന്റെ ‘വിശുദ്ധന്മാരോട്,’ എതിർപ്പു പ്രകടമാക്കും. (ദാനീയേൽ 7:25; റോമർ 8:27-ഉം കൊലൊസ്സ്യർ 1:2-ഉം വെളിപ്പാടു 12:17-ഉം താരതമ്യം ചെയ്യുക.) കുഞ്ഞാടും അവനോടു കുടെയുള്ളവരും വിജയം വരിക്കും എന്നതിനു നമുക്കു ദിവ്യമായ ഉറപ്പുണ്ട്.—വെളിപ്പാടു 19:11-21.
17. ഉറപ്പിച്ചു പറയാനാവില്ലെങ്കിലും, വിശുദ്ധ സ്ഥലത്തു “മ്ലേച്ഛത” നിൽക്കുന്ന വിധം സംബന്ധിച്ച് നമുക്ക് എന്തു പറയാവുന്നതാണ്?
17 വ്യാജ മതത്തിനു ശൂന്യമാക്കൽ സംഭവിക്കാനിരിക്കുന്നു എന്നു നമുക്ക് അറിയാം. ‘വിശുദ്ധന്മാരുടെ രക്തം’ കുടിച്ച് ‘മത്തയായിരിക്കുന്ന’ മഹാ ബാബിലോൻ രാജ്ഞിയായി നടിക്കുന്നെങ്കിലും, അവളുടെ നാശം സുനിശ്ചിതമാണ്. അവൾ ഭൂമിയിലെ രാജാക്കന്മാരുടെമേൽ പ്രയോഗിച്ചിട്ടുള്ള അശുദ്ധ സ്വാധീനത്തിനു നാടകീയമായ മാറ്റം വരും, അപ്പോൾ അവർ തമ്മിലുള്ള ബന്ധം ഉലഞ്ഞ് ‘പത്തു കൊമ്പും മൃഗവും’ ഉഗ്രമായ ദ്വേഷം അവളോടു കാണിക്കും. (വെളിപ്പാടു 17:6, 16; 18:7, 8) ‘കടുഞ്ചുവപ്പുള്ള മൃഗം’ മതവേശ്യയെ ആക്രമിക്കുന്ന സമയത്ത് ആയിരിക്കും വിശുദ്ധമെന്നു വിളിക്കപ്പെടുന്ന ക്രൈസ്തവലോകത്തിന്റെ സ്ഥലത്തു “മ്ലേച്ഛത” നിൽക്കുന്നത്.c അപ്പോൾ വിശുദ്ധമെന്നു സ്വയം വിശേഷിപ്പിക്കുന്ന വിശ്വാസരഹിത ക്രൈസ്തവലോകത്തിന്മേൽ ശൂന്യമാക്കൽ ആരംഭിക്കും.
“ഓടിപ്പോക്ക്”—എങ്ങനെ?
18, 19. ‘മലകളിലേക്കു ഓടിപ്പോകുക’ എന്നതിനു മതം മാറുക എന്ന് അർഥമില്ലെന്നു കാണിക്കാൻ നിരത്തുന്ന കാരണങ്ങൾ ഏവ?
18 ‘വിശുദ്ധ സ്ഥലത്തു മ്ലേച്ഛത നിൽക്കുന്ന’തിനെ കുറിച്ചു മുൻകൂട്ടി പറഞ്ഞശേഷം വിവേകമുള്ളവർ നടപടിയെടുക്കാൻ യേശു മുന്നറിയിപ്പു നൽകി. ആ നിർണായക ഘട്ടത്തിൽ—‘മ്ലേച്ഛത വിശുദ്ധ സ്ഥലത്തു നിൽക്കുമ്പോൾ’—ആളുകൾ വ്യാജമതം ഉപേക്ഷിച്ചു സത്യാരാധന സ്വീകരിക്കുമെന്ന് അവൻ അർഥമാക്കിയോ? ഒട്ടും അർഥമാക്കിയില്ല. ആദ്യ നിവൃത്തി പരിചിന്തിക്കുക. യേശു പറഞ്ഞു: “യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. വീട്ടിൻമേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപ്പോകയോ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു. വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—മർക്കൊസ് 13:14-18.
19 യഹൂദാരാധനയുടെ കേന്ദ്രസ്ഥാനത്തുനിന്നു പുറത്തു വരണമെന്നു സൂചിപ്പിക്കും മട്ടിൽ, യെരൂശലേമിൽ ഉള്ളവർ മാത്രം പിൻവാങ്ങിയാൽ മതിയെന്ന് യേശു പറഞ്ഞില്ല; മതം മാറുന്ന—വ്യാജമതം വിട്ട് സത്യമതം സ്വീകരിക്കുന്ന—കാര്യവുമായിരുന്നില്ല അവന്റെ മുന്നറിയിപ്പിൽ അടങ്ങിയിരുന്നത്. ഒരു മതത്തിൽനിന്നു മറ്റൊന്നിലേക്കു മാറുന്ന കാര്യം സംബന്ധിച്ച് യേശുവിന്റെ ശിഷ്യന്മാർക്ക് യാതൊരു മുന്നറിയിപ്പും ആവശ്യമില്ലായിരുന്നു; അവർ അപ്പോൾത്തന്നെ സത്യക്രിസ്ത്യാനികൾ ആയിരുന്നു. യെരൂശലേമിലും യഹൂദാ പ്രദേശത്തുമുള്ള യഹൂദർ തങ്ങളുടെ മതം വിട്ട് ക്രിസ്ത്യാനിത്വം സ്വീകരിക്കാൻ പൊ.യു. 66-ലെ ആക്രമണം പ്രേരിപ്പിച്ചില്ല. പിൻവലിഞ്ഞ റോമാക്കാരെ തുരത്തിയവർ നഗരത്തിലേക്കു മടങ്ങിവന്നുവെന്നു പ്രൊഫസർ ഹൈൻ-റിച്ച് ഗ്രെറ്റ്സ് പറയുന്നു: “യഹൂദമത തീവ്രവാദികൾ സന്തോഷത്തോടെ യുദ്ധഗീതികൾ പാടിക്കൊണ്ട് യെരൂശലേമിൽ മടങ്ങിവന്നു. അവരുടെ ഹൃദയങ്ങൾ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്തുഷ്ട പ്രത്യാശയിൽ തുടികൊട്ടി . . . കാരുണ്യവാനായ ദൈവം പൂർവ പിതാക്കന്മാരുടെ കാര്യത്തിൽ ചെയ്തതു പോലെ, അവരെയും സഹായിക്കുകയില്ലെന്നു വരുമോ? ആ യഹൂദമത തീവ്രവാദികൾക്ക് ഭാവിയെ കുറിച്ചു തെല്ലും ഭയം ഉണ്ടായിരുന്നില്ല.”
20. മലകളിലേക്ക് ഓടാനുള്ള യേശുവിന്റെ മുന്നറിയിപ്പിനോട് ആദിമ ശിഷ്യന്മാർ പ്രതികരിച്ചത് എങ്ങനെ?
20 അപ്പോൾ, താരതമ്യേന ചുരുക്കമായിരുന്ന തിരഞ്ഞെടുക്കപ്പെട്ടവർ യേശുവിന്റെ ബുദ്ധിയുപദേശം അനുസരിച്ചു പ്രവർത്തിച്ചത് എങ്ങനെയാണ്? യഹൂദ്യ വിട്ട് യോർദാന് അക്കരെയുള്ള മലകളിലേക്ക് ഓടുകവഴി രാഷ്ട്രീയമോ മതപരമോ ആയി തങ്ങൾ യഹൂദ വ്യവസ്ഥിതിയുടെ ഭാഗമല്ലെന്ന് അവർ പ്രകടമാക്കി. അവർ വീടുകളും വയലുകളും ഉപേക്ഷിച്ചു, തങ്ങളുടെ വീടുകളിലുള്ള സാധനങ്ങൾ പോലും എടുത്തില്ല. യഹോവയുടെ സംരക്ഷണവും പിന്തുണയും സംബന്ധിച്ച് ഉറപ്പുണ്ടായിരുന്ന അവർ, പ്രധാനമെന്നു തോന്നിയേക്കാവുന്ന മറ്റ് എന്തിനെക്കാളും ഉപരി അവനെ ആരാധിക്കുന്നതിനു പ്രാധാന്യം നൽകി.—മർക്കൊസ് 10:29, 30; ലൂക്കൊസ് 9:57-62.
21. “മ്ലേച്ഛത” ആക്രമിക്കുമ്പോൾ നാം എന്തു പ്രതീക്ഷിക്കേണ്ടതില്ല?
21 ഇനി, അതിന്റെ വലിയ നിവൃത്തിയെ കുറിച്ച് ചിന്തിക്കുക. വ്യാജമതം ഉപേക്ഷിച്ച് സത്യാരാധന സ്വീകരിക്കാൻ അനേക ദശകങ്ങളായി നാം ആളുകളോട് ആഹ്വാനം ചെയ്തിരിക്കുന്നു. (വെളിപ്പാടു 18:4, 5) ദശലക്ഷങ്ങൾ അങ്ങനെ ചെയ്തിരിക്കുന്നു. മഹോപദ്രവം തുടങ്ങുന്നതോടെ ജനതതികൾ സത്യാരാധനയിലേക്കു തിരിയുമെന്ന് യേശുവിന്റെ പ്രവചനം സൂചിപ്പിക്കുന്നില്ല; തീർച്ചയായും, പൊ.യു. 66-ൽ യഹൂദന്മാരുടെ കൂട്ടത്തോടെയുള്ള മതപരിവർത്തനം നടന്നില്ല. എന്നിരുന്നാലും, യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിച്ചുകൊണ്ട് പലായനം ചെയ്യാൻ യഥാർഥ ക്രിസ്ത്യാനികൾക്കു വലിയ കാരണം ഉണ്ടായിരിക്കും.
22. മലകളിലേക്കു പലായനം ചെയ്യാനുള്ള യേശുവിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ എന്ത് ഉൾപ്പെട്ടേക്കാം?
22 മഹോപദ്രവത്തെ കുറിച്ചു പൂർണമായ വിശദാംശങ്ങൾ നമുക്ക് ഇപ്പോൾ ലഭ്യമല്ല. എന്നാൽ, നമ്മുടെ കാര്യത്തിൽ യേശു പറഞ്ഞ ഓടിപ്പോക്ക് ഒരു പ്രത്യേക പ്രദേശത്തേക്കല്ല എന്നു ന്യായമായും നിഗമനം ചെയ്യാൻ സാധിക്കും. ലോകത്തിൽ എല്ലായിടത്തും, ഏതു മുക്കിലും മൂലയിലും ദൈവജനത്തെ കാണാം. എങ്കിലും, ഓടിപ്പോക്ക് ആവശ്യമായിരിക്കുമ്പോൾ, തങ്ങളും വ്യാജമത സംഘടനകളും തമ്മിൽ വ്യക്തമായ ഒരു വ്യത്യാസം ക്രിസ്ത്യാനികൾ തുടർന്നും നിലനിർത്തുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. വസ്ത്രമോ മറ്റു സാധനങ്ങളോ എടുക്കാൻ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകാതിരിക്കുന്നതു സംബന്ധിച്ച് യേശു നൽകിയ മുന്നറിയിപ്പും പ്രാധാന്യം അർഹിക്കുന്നതാണ്. (മത്തായി 24:17, 18) ഭൗതിക സംഗതികളെ നാം വീക്ഷിക്കുന്ന വിധം സംബന്ധിച്ച് നിരവധി പരിശോധനകൾ നേരിട്ടേക്കാം; അതാണോ ഏറ്റവും പ്രധാനം, അതോ ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന രക്ഷയോ? നമ്മുടെ ഓടിപ്പോക്കിൽ കുറെ കഷ്ടതയും ബുദ്ധിമുട്ടും ഉൾപ്പെട്ടേക്കാം എന്നതു ശരിതന്നെ. യഹൂദ്യയിൽനിന്നു യോർദാന് അക്കരെയുള്ള പെരിസ്യയിലേക്കു പലായനം ചെയ്ത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ പോലെ, ആവശ്യമായിരിക്കുന്നത് എന്തും ചെയ്യാൻ നാം ഒരുക്കമുള്ളവർ ആയിരിക്കണം.
23, 24. (എ) എവിടെ മാത്രമേ നമുക്കു സംരക്ഷണം കണ്ടെത്താനാകൂ? (ബി) ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’ സംബന്ധിച്ച യേശുവിന്റെ മുന്നറിയിപ്പിനു നമ്മുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം?
23 നമ്മുടെ സങ്കേതം തുടർന്നും യഹോവയും അവന്റെ പർവതസമാന സംഘടനയും ആണെന്ന കാര്യത്തിൽ നാം ഉറപ്പുള്ളവർ ആയിരിക്കണം. (2 ശമൂവേൽ 22:2, 3; സങ്കീർത്തനം 18:2; ദാനീയേൽ 2:35, 44) അവിടെയാണു നാം സംരക്ഷണം കണ്ടെത്തുക! ‘ഗുഹകളി’ലേക്ക് ഓടിപ്പോകുകയും ‘മലപ്പാറകളിൽ’ ഒളിച്ചിരിക്കുകയും ചെയ്യുന്ന, അതായത് മഹാ ബാബിലോൻ ശൂന്യമാക്കപ്പെട്ട ശേഷം അൽപ്പകാലത്തേക്കു സ്ഥിതി ചെയ്യുന്ന മനുഷ്യ സംഘടനകളിലും സ്ഥാപനങ്ങളിലും ആശ്രയിക്കുന്ന, ജനതതികളെ നാം അനുകരിക്കുകയില്ല. (വെളിപ്പാടു 6:15; 18:9-11) തീർച്ചയായും, നാളുകൾ വളരെ ദുഷ്കരമായിത്തീർന്നേക്കാം. പൊ.യു. 66-ൽ, യഹൂദ്യയിൽനിന്നു പലായനം ചെയ്ത ഗർഭിണികൾക്കും മഴയും തണുപ്പും ഉള്ള കാലാവസ്ഥയിൽ യാത്ര ചെയ്യേണ്ടി വന്നവർക്കും നാളുകൾ ദുഷ്കരമായിരുന്നതു പോലെ. എന്നാൽ, ദൈവം നമ്മുടെ അതിജീവനം സാധ്യമാക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ഇപ്പോൾ നമുക്ക് യഹോവയിലും രാജ്യത്തിന്റെ രാജാവായി ഇപ്പോൾ വാഴ്ച നടത്തുന്ന അവന്റെ പുത്രനിലുമുള്ള ആശ്രയം ബലപ്പെടുത്താം.
24 എന്തു സംഭവിക്കും എന്നോർത്തു ഭയപ്പെടാൻ യാതൊരു കാരണവുമില്ല. ആ നാളുകളിൽ തന്റെ ശിഷ്യന്മാർ ഭയപ്പെടാൻ യേശു ആഗ്രഹിച്ചില്ല. നാമും ഇപ്പോഴോ ഭാവിയിലോ ഭയപ്പെടാൻ അവൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ ഹൃദയവും മനസ്സും ഒരുക്കാൻ കഴിയുമാറ് അവൻ നമുക്കു മുന്നറിയിപ്പു നൽകി. വ്യാജമതത്തിന്മേലും ശേഷിക്കുന്ന ദുഷ്ട വ്യവസ്ഥിതിയുടെ മേലും നാശം വരുമ്പോൾ, അനുസരണമുള്ള ക്രിസ്ത്യാനികൾ ശിക്ഷിക്കപ്പെടുകയില്ല. അവർ വിവേചന പ്രകടമാക്കിക്കൊണ്ട് ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’യെ കുറിച്ചു നൽകിയിരിക്കുന്ന മുന്നറിയിപ്പിനു ശ്രദ്ധ കൊടുക്കും. അചഞ്ചല വിശ്വാസത്തോടെ അവർ നിർണായകമായി പ്രവർത്തിക്കും. യേശുവിന്റെ വാഗ്ദാനം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.”—മർക്കൊസ് 13:13.
[അടിക്കുറിപ്പുകൾ]
a “റോമിലെ ക്ഷേത്രങ്ങളിൽ റോമൻ പതാകകൾക്കു മതപരമായ പരിപാവനത്വം നൽകി സൂക്ഷിച്ചിരുന്നു; മറ്റു ജനതകളുടെമേൽ റോമാക്കാർക്കുള്ള മേൽക്കോയ്മയ്ക്ക് ആനുപാതികമായി അവർ തങ്ങളുടെ പതാകകൾക്കു ഭക്ത്യാദരവു കൊടുത്തിരുന്നു . . . [സൈനികരെ] സംബന്ധിച്ചിടത്തോളം, ഒരുപക്ഷേ ഭൂമിയിൽ ഏറ്റവും പവിത്രമായ സംഗതി അതായിരുന്നു. റോമൻ പട്ടാളക്കാരൻ സത്യം ചെയ്യാൻ ഉപയോഗിച്ചിരുന്നത് തന്റെ പതാക ആയിരുന്നു.”—ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, 11-ാം പതിപ്പ്.
b യേശുവിന്റെ വാക്കുകൾക്കു പൊ.യു. 66-70-ൽ ഉണ്ടായ നിവൃത്തി, മഹോപദ്രവത്തിൽ അവന്റെ ആ വാക്കുകൾ എങ്ങനെ നിവൃത്തിയാകും എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. എങ്കിലും, ഇരു നിവൃത്തികളും കൃത്യമായി ഒരേ പോലെ ആയിരിക്കില്ല എന്നതു നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, വ്യത്യസ്ത പശ്ചാത്തലങ്ങളിലാണ് അവ സംഭവിക്കുന്നത്.
c 1975 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 741-4 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ഒന്നാം നൂറ്റാണ്ടിൽ “ശൂന്യമാക്കുന്ന മ്ലേച്ഛത” വെളിപ്പെട്ടത് എങ്ങനെ?
□ ആധുനികകാല “മ്ലേച്ഛത” ഭാവിയിൽ ഒരു സമയത്ത് വിശുദ്ധ സ്ഥലത്തു നിൽക്കുമെന്നു കരുതുന്നതു ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്?
□ “മ്ലേച്ഛത”യുടെ ഏത് ആക്രമണം വെളിപ്പാടിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നു
□ നാം എങ്ങനെയുള്ള ഒരു ‘ഓടിപ്പോക്ക്’ നടത്തേണ്ടതുണ്ടായിരിക്കാം?
[16-ാം പേജിലെ ചിത്രം]
മഹാ ബാബിലോനെ ‘വേശ്യമാരുടെ മാതാവ്’ എന്നു വിളിച്ചിരിക്കുന്നു
[17-ാം പേജിലെ ചിത്രം]
വെളിപ്പാടു 17-ാം അധ്യായത്തിലെ ‘കടുഞ്ചുവപ്പുള്ള മൃഗ’മാണ് യേശു പരാമർശിച്ച “മ്ലേച്ഛത”
[18-ാം പേജിലെ ചിത്രം]
കടുഞ്ചുവപ്പുള്ള കാട്ടുമൃഗം മതത്തെ ആക്രമിച്ച് നശിപ്പിക്കും