“ഇതെല്ലാം സംഭവിച്ചേ തീരൂ”
“യേശു പറഞ്ഞു: ‘. . . ഇതെല്ലാം സംഭവിച്ചേ തീരൂ. എങ്കിലും അവസാനം ഇനിയും ആയിട്ടില്ല.’”—മത്തായി 24:4-6, ഓശാന ബൈബിൾ.
1. ഏതു വിഷയം നമ്മുടെ ശ്രദ്ധ ആകർഷിക്കണം?
നിങ്ങൾ സ്വന്തം ജീവിതത്തിലും ഭാവിയിലും തത്പരനാണ് എന്നതിൽ യാതൊരു സംശയവുമില്ല. അങ്ങനെയെങ്കിൽ, 1877-ൽ സി. റ്റി. റസ്സലിന്റെ ശ്രദ്ധ ആകർഷിച്ച ഒരു വിഷയത്തിലും നിങ്ങൾ തത്പരൻ ആയിരിക്കണം. പിൽക്കാലത്ത് വാച്ച് ടവർ സൊസൈറ്റി സ്ഥാപിച്ച റസ്സൽ, നമ്മുടെ കർത്താവിന്റെ മടങ്ങിവരവിന്റെ ഉദ്ദേശ്യവും രീതിയും (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം എഴുതി. 64 പേജുള്ള ആ ചെറുപുസ്തകം യേശുവിന്റെ മടങ്ങിവരവിനെ, അവന്റെ ഭാവി വരവിനെ, കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു. (യോഹന്നാൻ 14:3) ഒരിക്കൽ ഒലിവുമലയിൽ ആയിരുന്നപ്പോൾ, അപ്പൊസ്തലന്മാർ യേശുവിനോടു ആ മടങ്ങിവരവിനെ കുറിച്ച് “അതു [“അവ,” NW] എപ്പോൾ സംഭവിക്കും . . . നിന്റെ വരവിന്നും [“സാന്നിധ്യത്തിനും,” NW] ലോകാവസാനത്തിന്നും അടയാളം എന്തു” എന്നു ചോദിച്ചു.—മത്തായി 24:3.
2. യേശു മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ചു പരസ്പര വിരുദ്ധമായ അനവധി വീക്ഷണങ്ങൾ ഉള്ളത് എന്തുകൊണ്ട്?
2 യേശുവിന്റെ മറുപടി എന്തായിരുന്നു എന്നു നിങ്ങൾക്ക് അറിയാമോ, അതു സംബന്ധിച്ച ഗ്രാഹ്യം നിങ്ങൾക്കുണ്ടോ? മൂന്നു സുവിശേഷങ്ങളിൽ അതു കാണാം. പ്രൊഫസർ ഡി. എ. കാഴ്സൺ ഇപ്രകാരം പ്രസ്താവിക്കുന്നു: “മത്തായി 24-ഉം അതിന്റെ സമാന്തര വിവരണങ്ങളായ മർക്കൊസ് 13-ഉം ലൂക്കൊസ് 21-ഉം പോലെ, വ്യാഖ്യാതാക്കളുടെ ഇടയിൽ ഇത്രയധികം വിയോജിപ്പ് ഉളവാക്കിയിട്ടുള്ള വേറെ അധ്യായങ്ങൾ ബൈബിളിൽ ഇല്ല.” എന്നിട്ട് അദ്ദേഹം അതേക്കുറിച്ചുള്ള സ്വന്തം അഭിപ്രായം—പരസ്പരവിരുദ്ധ വീക്ഷണങ്ങളിൽ കേവലം മറ്റൊന്ന്—പറയുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടുകളിലൊക്കെ വിശ്വാസമില്ലായ്മയെ എടുത്തു കാണിക്കുന്ന അത്തരം അനേകം വീക്ഷണങ്ങൾ ഉണ്ടായിരുന്നു. ആ വീക്ഷണങ്ങൾ പുലർത്തിയിരുന്നവർ, നാം സുവിശേഷങ്ങളിൽ വായിക്കുന്ന കാര്യങ്ങൾ യേശു ഒരിക്കലും പറഞ്ഞവയല്ലെന്നോ അവൻ പറഞ്ഞ കാര്യങ്ങളിൽ പിന്നീട് മാറ്റം വരുത്തപ്പെട്ടെന്നോ അവന്റെ പ്രവചനം നിവർത്തിക്കപ്പെട്ടില്ലെന്നോ ഒക്കെ കരുതിയിരുന്നു—അതികൃത്തിപ്പിന്റെ ഫലമായിരുന്നു അത്തരം വീക്ഷണങ്ങൾ. ഒരു നിരൂപകനാകട്ടെ, ‘മഹായാന ബുദ്ധമത തത്ത്വശാസ്ത്രത്തിന്റെ വെളിച്ചത്തിൽ’ മർക്കൊസിന്റെ സുവിശേഷത്തെ വിശദീകരിക്കുക പോലും ചെയ്തു!
3. യഹോവയുടെ സാക്ഷികൾ യേശുവിന്റെ പ്രവചനത്തെ എങ്ങനെ വീക്ഷിക്കുന്നു?
3 അതിൽനിന്നു വ്യത്യസ്തമായി, പ്രാമാണികവും വിശ്വസനീയവുമായിട്ടാണ് യഹോവയുടെ സാക്ഷികൾ ബൈബിളിനെ വീക്ഷിക്കുന്നത്. അതിൽ, യേശു തന്റെ മരണത്തിനു മൂന്നു ദിവസം മുമ്പ് ഒലിവുമലയിൽ വെച്ച് തന്നോടൊപ്പം ഉണ്ടായിരുന്ന നാല് അപ്പൊസ്തലന്മാരോടു പറഞ്ഞ കാര്യങ്ങളും ഉൾപ്പെടുന്നു. യേശു അവിടെവെച്ചു പ്രവചിച്ച കാര്യങ്ങളെ കുറിച്ചു ദൈവജനത്തിനുള്ള ഗ്രാഹ്യം സി. റ്റി. റസ്സലിന്റെ കാലം മുതൽ അനുക്രമം വർധിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, വീക്ഷാഗോപുരം പ്രസ്തുത പ്രവചനം സംബന്ധിച്ച ദൈവജനത്തിന്റെ വീക്ഷണത്തെ കൂടുതലായി വ്യക്തമാക്കിയിട്ടുണ്ട്. ആ വിവരങ്ങൾക്കു നിങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾ അവ ഉൾക്കൊണ്ടിരിക്കുന്നുവോ?a നമുക്ക് അതു വീണ്ടും പരിശോധിക്കാം.
ഒരു ഭീതിദ നിവൃത്തി ആസന്നം
4. അപ്പൊസ്തലന്മാർ ഭാവിയെക്കുറിച്ചു യേശുവിനോടു ചോദിച്ചത് എന്തുകൊണ്ടായിരിക്കാം?
4 യേശു മിശിഹാ ആണെന്ന് അപ്പൊസ്തലന്മാർക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവൻ തന്റെ മരണത്തെയും പുനരുത്ഥാനത്തെയും മടങ്ങിവരവിനെയും കുറിച്ചു പറയുന്നതു കേട്ടപ്പോൾ, ‘മരണത്തിൽ വേർപിരിഞ്ഞാൽ, മിശിഹാ ചെയ്യേണ്ട അത്ഭുത കാര്യങ്ങൾ അവൻ എങ്ങനെയാണു ചെയ്യുക?’ എന്ന് അവർ ചിന്തിച്ചിരിക്കാം. മാത്രവുമല്ല, യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും നാശത്തെ കുറിച്ചും യേശു സംസാരിച്ചിരുന്നു. അപ്പൊസ്തലന്മാർ ഇങ്ങനെ വിചാരിച്ചിരിക്കാം, ‘എപ്പോൾ, എങ്ങനെ അതു സംഭവിക്കും?’ അക്കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിച്ച അപ്പൊസ്തലന്മാർ യേശുവിനോടു ചോദിച്ചു: ‘അതു [“അവ,” NW] എപ്പോൾ സംഭവിക്കും? അതിനെല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്ത്’?—മർക്കൊസ് 13:4; മത്തായി 16:21, 27, 28; 23:37–24:2.
5. യേശു പറഞ്ഞ സംഗതികൾക്ക് ഒന്നാം നൂറ്റാണ്ടിൽ നിവൃത്തി ഉണ്ടായത് എങ്ങനെ?
5 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, മഹാമാരികൾ, ഭൂകമ്പങ്ങൾ, ക്രിസ്ത്യാനികളോടുള്ള വിദ്വേഷം, അവർക്ക് എതിരെയുള്ള പീഡനം, കള്ളക്രിസ്തുക്കൾ, വ്യാപകമായ രാജ്യ സുവാർത്താ പ്രസംഗം തുടങ്ങിയവയാണ് അടയാളങ്ങളായി യേശു മുൻകൂട്ടി പറഞ്ഞത്. അവ സംഭവിക്കുമ്പോൾ അവസാനം വരേണ്ടിയിരുന്നു. (മത്തായി 24:4-14; മർക്കൊസ് 13:5-13; ലൂക്കൊസ് 21:8-19) പൊ.യു. 33-ന്റെ തുടക്കത്തിലാണ് യേശു ഇതു പറഞ്ഞത്. തുടർന്നു വന്ന ദശകങ്ങളിൽ, ജാഗരൂകരായിരുന്ന അവന്റെ ശിഷ്യന്മാർക്കു മുൻകൂട്ടി പറയപ്പെട്ട ആ സംഗതികൾ സുപ്രധാനമായ ഒരു വിധത്തിൽ സംഭവിക്കുന്നതു തിരിച്ചറിയാൻ കഴിഞ്ഞു. അക്കാലത്ത് ആ അടയാളത്തിന് ഒരു നിവൃത്തി ഉണ്ടായതായി ചരിത്രം തെളിയിക്കുന്നു. പൊ.യു. 66-70-ൽ റോമാക്കാർ യഹൂദ വ്യവസ്ഥിതിക്കു വരുത്തിയ നാശമായിരുന്നു അതിന്റെ പാരമ്യം. അത് എങ്ങനെയാണു സംഭവിച്ചത്?
6. പൊ.യു. 66-ൽ റോമാക്കാരും യഹൂദരും ഉൾപ്പെട്ട എന്തു സംഭവവികാസം ഉണ്ടായി?
6 പൊ.യു. 66-ൽ യഹൂദ്യയിലെ അത്യുഷ്ണ ഗ്രീഷ്മത്തിൽ യഹൂദമത തീവ്രവാദികൾ യെരൂശലേമിലെ ആലയത്തിന് അടുത്ത് ഒരു കോട്ടയിൽ ഉണ്ടായിരുന്ന റോമൻ കാവൽക്കാരെ ആക്രമിച്ചു. തത്ഫലമായി, ആ ദേശത്തിന്റെ പല ഭാഗങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. യഹൂദരുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പ്രൊഫസർ ഹൈൻ-റിച്ച് ഗ്രെറ്റ്സ് ഇങ്ങനെ പറയുന്നു: “സിറിയൻ ഗവർണർ എന്ന നിലയിൽ റോമൻ സേനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥനായിരുന്ന സെസ്റ്റ്യസ് ഗാലസിന്, . . . ചുറ്റും പടരുന്ന വിപ്ലവത്തെ അടിച്ചമർത്താതെ കയ്യുംകെട്ടി നിൽക്കാൻ സാധിച്ചില്ല. അദ്ദേഹം തന്റെ സേനയെ വിളിച്ചുകൂട്ടി, ചുറ്റുമുള്ള രാജാക്കന്മാർ സ്വമേധയാ തങ്ങളുടെ സൈന്യങ്ങളെ വിട്ടുകൊടുക്കുകയും ചെയ്തു.” 30,000 വരുന്ന സൈന്യം യെരൂശലേമിനെ വളഞ്ഞു. കുറെ പോരാടിയതിനു ശേഷം, യഹൂദന്മാർ ആലയത്തിനു ചുറ്റുമുള്ള മതിലുകൾക്കു പിന്നിലേക്കു വലിഞ്ഞു. “തുടർച്ചയായ അഞ്ചു ദിവസം റോമാക്കാർ മതിലുകളെ ആക്രമിച്ചു. എന്നാൽ, അവർക്കു മിക്കപ്പോഴും യഹൂദ്യരുടെ ശരങ്ങൾക്കു മുന്നിൽ പിൻവാങ്ങേണ്ടി വന്നു. ആറാം ദിവസം മാത്രമാണ് ആലയത്തിനു മുന്നിലുള്ള വടക്കേ മതിലിന്റെ ഒരു ഭാഗത്തിനു തുരങ്കം വെക്കാൻ അവർക്കു കഴിഞ്ഞത്.”
7. മിക്ക യഹൂദരിൽ നിന്നും വ്യത്യസ്തരായി യേശുവിന്റെ ശിഷ്യന്മാർക്കു കാര്യങ്ങളെ വീക്ഷിക്കാൻ സാധിച്ചത് എന്തുകൊണ്ട്?
7 ദൈവം തങ്ങളെയും തങ്ങളുടെ വിശുദ്ധ നഗരത്തെയും സംരക്ഷിക്കുമെന്നു ദീർഘകാലമായി വിശ്വസിച്ചുപോന്ന യഹൂദർക്ക് അത് എത്രയധികം ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കും എന്നു ചിന്തിച്ചു നോക്കുക! എന്നാൽ യേശുവിന്റെ ശിഷ്യർക്കാകട്ടെ, യെരൂശലേമിനു സംഭവിക്കാനിരുന്ന ആ ദുരന്തത്തെ കുറിച്ചു മുന്നറിയിപ്പു ലഭിച്ചിരുന്നു. യേശു ഇങ്ങനെ പ്രവചിച്ചിരുന്നു: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.” (ലൂക്കൊസ് 19:43, 44) എന്നാൽ, പൊ.യു. 66-ൽ യെരൂശലേമിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് അതു വിപത്തിന്റെ സൂചന ആയിരുന്നോ?
8. ഏതു ദുരന്തത്തെ കുറിച്ചാണ് യേശു മുൻകൂട്ടി പറഞ്ഞത്, “തിരഞ്ഞെടുക്കപ്പെട്ട” ആരെപ്രതി ആയിരുന്നു നാളുകൾ ചുരുക്കപ്പെട്ടത്?
8 ഒലിവുമലയിൽ വെച്ച് അപ്പൊസ്തലന്മാർക്കു മറുപടി കൊടുത്തപ്പോൾ യേശു ഇങ്ങനെ പ്രവചിച്ചു: “ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും. കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.” (മർക്കൊസ് 13:19, 20; മത്തായി 24:21, 22) അതുകൊണ്ട്, നാളുകൾ ചുരുക്കപ്പെടുകയും “തിരഞ്ഞെടുക്കപ്പെട്ടവർ” രക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു. അവർ ആരായിരുന്നു? യഹോവയെ ആരാധിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അവന്റെ പുത്രനെ തള്ളിക്കളഞ്ഞ മത്സരികളായ യഹൂദർ ആയിരുന്നില്ല അവർ. (യോഹന്നാൻ 19:1-7; പ്രവൃത്തികൾ 2:22, 23, 36) യേശു, മിശിഹായും രക്ഷകനും ആണെന്നു വിശ്വസിച്ച യഹൂദരും യഹൂദേതരരും ആയിരുന്നു അക്കാലത്തെ യഥാർഥ തിരഞ്ഞെടുക്കപ്പെട്ടവർ. ദൈവം അവരെ തിരഞ്ഞെടുത്ത് പൊ.യു. 33-ൽ ഒരു പുതിയ ആത്മീയ ജനതയായി, ‘ദൈവത്തിന്റെ ഇസ്രായേൽ’ ആയി രൂപപ്പെടുത്തി.—ഗലാത്യർ 6:16; ലൂക്കൊസ് 18:7; പ്രവൃത്തികൾ 10:34-45; 1 പത്രൊസ് 2:9.
9, 10. റോമൻ ആക്രമണത്തിന്റെ നാളുകൾ എങ്ങനെയാണു ‘ചുരുക്കപ്പെട്ട’ത്, അത് എന്തു ഫലം കൈവരുത്തി?
9 നാളുകൾ ‘ചുരുക്കപ്പെടുകയും’ യെരൂശലേമിലെ തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തർ രക്ഷിക്കപ്പെടുകയും ചെയ്തുവോ? പ്രൊഫസർ ഗ്രെറ്റ്സ് ഇങ്ങനെ പറയുന്നു: “ധീരരായ ആ ഉത്സാഹികളോടു പോരാടുന്നതും വർഷത്തിലെ ആ സമയത്ത് ദീർഘമായ ഒരു ആക്രമണം നടത്തുന്നതും അഭികാമ്യമാണെന്ന് [സെസ്റ്റ്യസ് ഗാലസ്] കരുതിയില്ല. ശരത്കാല മഴ തുടങ്ങാറായതിനാൽ . . . സൈന്യത്തിനു ഭക്ഷ്യവസ്തുക്കൾ ലഭിക്കാതായേക്കും എന്നു ചിന്തിച്ചിരിക്കാനും സാധ്യതയുണ്ട്. തന്മൂലം, പിൻവാങ്ങുന്നതാണു ബുദ്ധിയെന്ന് അദ്ദേഹം വിചാരിച്ചിരിക്കാം.” സെസ്റ്റ്യസ് ഗാലസിന്റെ ചിന്ത എന്തുതന്നെ ആയിരുന്നാലും, റോമൻ സൈന്യം ആ നഗരത്തിൽനിന്നു പിൻവാങ്ങി. പിന്നാലെ വന്ന യഹൂദന്മാരുടെ ആക്രമണത്തിന്റെ ഫലമായി, അവർക്കു കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.
10 റോമൻ സൈന്യം അപ്രതീക്ഷിതമായി പിൻവാങ്ങിയതിന്റെ ഫലമായി ‘ജഡം’—യെരൂശലേമിനുള്ളിൽ അപകടാവസ്ഥയിൽ ആയിരുന്ന യേശുവിന്റെ ശിഷ്യന്മാർ—രക്ഷിക്കപ്പെട്ടു. അവസരത്തിന്റെ ഈ വാതിൽ തുറന്നപ്പോൾ, ക്രിസ്ത്യാനികൾ അവിടെനിന്നു പലായനം ചെയ്തു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഭാവി മുൻകൂട്ടി കാണാനും തന്റെ ആരാധകരുടെ അതിജീവനം ഉറപ്പാക്കാനുമുള്ള ദൈവത്തിന്റെ കഴിവിന്റെ എത്ര വലിയ പ്രകടനം! എന്നാൽ, യെരൂശലേമിലും യഹൂദ്യയിലും ഉണ്ടായിരുന്ന അവിശ്വാസികളായ യഹൂദരുടെ കാര്യമോ?
സമകാലികർ അതു കാണുമായിരുന്നു
11. “ഈ തലമുറ”യെ കുറിച്ച് യേശു എന്തു പറഞ്ഞു?
11 ആലയത്തെ കേന്ദ്രീകരിച്ചുള്ള ആരാധനാരീതി ദീർഘകാലം നീണ്ടുനിൽക്കും എന്നാണു പല യഹൂദരും വിചാരിച്ചിരുന്നത്. എന്നാൽ യേശു ഇങ്ങനെ പറഞ്ഞിരുന്നു: “അത്തിയെ നോക്കി . . . പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്ക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—മത്തായി 24:32-35.
12, 13. “ഈ തലമുറ”യെ കുറിച്ചുള്ള യേശുവിന്റെ പരാമർശത്തെ ശിഷ്യന്മാർ എങ്ങനെ മനസ്സിലാക്കുമായിരുന്നു?
12 പൊ.യു. 66 വരെയുള്ള വർഷങ്ങളിൽ, സംയുക്ത അടയാളത്തിന്റെ പ്രാഥമിക ഘടകങ്ങളിൽ പലതും—യുദ്ധങ്ങൾ, ക്ഷാമങ്ങൾ, രാജ്യ സുവാർത്തയുടെ വ്യാപകമായ പ്രസംഗം എന്നിവ—നിവൃത്തിയേറുന്നത് ക്രിസ്ത്യാനികൾ കണ്ടിരിക്കാം. (പ്രവൃത്തികൾ 11:28; കൊലൊസ്സ്യർ 1:23) എന്നാൽ, എപ്പോൾ അവസാനം വരുമായിരുന്നു? ‘ഈ തലമുറ [ഗ്രീക്കിൽ, യെനേയാ] ഒഴിഞ്ഞുപോകുകയില്ല’ എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? മതനേതാക്കന്മാർ ഉൾപ്പെടെ, എതിർപ്പുള്ള സമകാലിക ജനസമൂഹത്തെ യേശു പലപ്പോഴും “ദോഷവും വ്യഭിചാരവുമുള്ള തലമുറ” എന്നു വിളിച്ചിരുന്നു. (മത്തായി 11:16; 12:39, 45; 16:4; 17:17; 23:36) അതുകൊണ്ട്, അവൻ ഒലിവുമലയിൽ വെച്ച് “ഈ തലമുറ”യെക്കുറിച്ചു വീണ്ടും സംസാരിച്ചപ്പോൾ, ചരിത്രത്തിലുടനീളം ഉണ്ടായിരുന്നിട്ടുള്ള യഹൂദരെ ഒന്നാകെ പരാമർശിക്കുക ആയിരുന്നില്ല; “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതി” ആയിരുന്ന തന്റെ അനുഗാമികളെയുമല്ല അവൻ അർഥമാക്കിയത്. (1 പത്രൊസ് 2:9) “ഈ തലമുറ” ഒരു കാലഘട്ടത്തെ പരാമർശിക്കുന്നു എന്നുമല്ല യേശു പറഞ്ഞത്.
13 മറിച്ച്, താൻ നൽകിയ അടയാളത്തിന്റെ നിവൃത്തി അനുഭവിച്ചറിയുമായിരുന്ന തന്റെ കാലത്തെ ശത്രുതാ മനോഭാവക്കാരായ യഹൂദരാണ് യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ലൂക്കൊസ് 21:32-ലെ “ഈ തലമുറ”യെ കുറിച്ച് പ്രൊഫസർ ജോയൽ ബി. ഗ്രീൻ ഇങ്ങനെ പറയുന്നു: “മൂന്നാമത്തെ സുവിശേഷത്തിൽ ‘ഈ തലമുറ’ എന്ന പ്രയോഗം (ബന്ധപ്പെട്ട പ്രയോഗങ്ങളും) ദൈവോദ്ദേശ്യത്തെ എതിർക്കുന്ന വിഭാഗക്കാരായ ആളുകളെയാണ് എപ്പോഴും പരാമർശിക്കുന്നത്. . . . ദിവ്യ ഉദ്ദേശ്യത്തിനു നേർക്കു പുറം തിരിക്കുന്ന ദുശ്ശാഠ്യമുള്ള ആളുകളെ അതു [സൂചിപ്പിക്കുന്നു].”b
14. ആ “തലമുറ” എന്ത് അനുഭവിച്ചു, എന്നാൽ ക്രിസ്ത്യാനികളുടെ അനുഭവം വ്യത്യസ്തമായിരുന്നത് എന്തുകൊണ്ട്?
14 അടയാളം നിവൃത്തിയേറുന്നതു കാണുന്ന ശത്രുക്കളായ യഹൂദരുടെ ദുഷ്ട തലമുറയ്ക്ക് അന്ത്യം സംഭവിക്കുകയും ചെയ്യുമായിരുന്നു. (മത്തായി 24:6, 13, 14) അതുതന്നെയാണു സംഭവിച്ചതും! പൊ.യു. 70-ൽ വെസ്പേഷ്യൻ ചക്രവർത്തിയുടെ പുത്രനായ ടൈറ്റസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം മടങ്ങിവന്നു. നഗരത്തിനുള്ളിൽ കുടുങ്ങിപ്പോയ യഹൂദർക്ക് ഭയങ്കരമായ യാതന അനുഭവിക്കേണ്ടിവന്നു.c റോമാക്കാർ നഗരം നശിപ്പിച്ചപ്പോൾ അവർ 11,00,000-ഓളം യഹൂദരെ കൊന്നൊടുക്കുകയും 1,00,000-ഓളം പേരെ അടിമകളായി കൊണ്ടുപോകുകയും ചെയ്തുവെന്നു ദൃക്സാക്ഷിയായ ഫ്ളേവിയസ് ജോസീഫസ് റിപ്പോർട്ടു ചെയ്യുന്നു. മാത്രമല്ല, അടിമകളായി പിടിക്കപ്പെട്ട മിക്കവരും പട്ടിണി കിടന്നു മരിക്കുകയോ റോമൻ തിയേറ്ററുകളിൽ മൃഗീയമായി കൊല്ലപ്പെടുകയോ ചെയ്തു. യഹൂദ വ്യവസ്ഥിതിക്കു നേരിടേണ്ടി വന്നിട്ടുള്ളതോ പിൽക്കാലത്ത് ഉണ്ടാകാനിരുന്നതോ ആയ ഏതൊരു അനുഭവത്തെക്കാളും ഭയങ്കരമായിരുന്നു പൊ.യു. 66-70-ലെ കഷ്ടം. യേശുവിന്റെ പ്രാവചനിക മുന്നറിയിപ്പു കേട്ടുകൊണ്ട് പൊ.യു. 66-ൽ റോമൻ സൈന്യത്തിന്റെ പിൻവാങ്ങലിനെ തുടർന്ന് യെരൂശലേം വിട്ടുപോയ ക്രിസ്ത്യാനികൾക്ക് ഉണ്ടായ അനുഭവം എത്ര വ്യത്യസ്തമായിരുന്നു! പൊ.യു. 70-ൽ അഭിഷിക്ത ക്രിസ്ത്യാനികളായ “തിരഞ്ഞെടുക്കപ്പെട്ടവർ” ‘രക്ഷിക്കപ്പെട്ടു,’ അഥവാ സുരക്ഷിതരായി പാലിക്കപ്പെട്ടു.—മത്തായി 24:16, 22.
ഉണ്ടാകാനിരിക്കുന്ന മറ്റൊരു നിവൃത്തി
15. യേശുവിന്റെ പ്രവചനത്തിന് പൊ.യു. 70-നു ശേഷം ഒരു നിവൃത്തി ഉണ്ടാകുമായിരുന്നു എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എങ്ങനെ?
15 എന്നാൽ, അതു പരമാന്ത്യം ആയിരുന്നില്ല. നഗരം നശിപ്പിക്കപ്പെട്ട ശേഷം താൻ യഹോവയുടെ നാമത്തിൽ മടങ്ങിവരുമെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നു. (മത്തായി 23:38, 39; 24:2) അവൻ അത് ഒലിവുമലയിൽ വെച്ചു പറഞ്ഞ പ്രവചനത്തിൽ കൂടുതൽ വ്യക്തമാക്കി. വരാൻ പോകുന്ന “മഹോപദ്രവ”ത്തെ കുറിച്ചു പരാമർശിച്ച ശേഷം, പിൽക്കാലത്ത് കള്ളക്രിസ്തുക്കൾ പ്രത്യക്ഷപ്പെടുമെന്നും ദീർഘകാലത്തേക്കു യെരൂശലേം ചവിട്ടിമെതിക്കപ്പെടുമെന്നും അവൻ പറയുകയുണ്ടായി. (മത്തായി 24:21, 23-28; ലൂക്കൊസ് 21:24) അതിനെക്കാൾ വലിയ മറ്റൊരു നിവൃത്തി ഉണ്ടാകുമായിരുന്നോ? വസ്തുതകൾ ഉവ്വ് എന്ന് ഉത്തരം നൽകുന്നു. വെളിപ്പാടു 6:2-8-നെ (പൊ.യു. 70-ൽ യെരൂശലേമിന്മേൽ ഉണ്ടായ കഷ്ടത്തിനു ശേഷം എഴുതപ്പെട്ടത്) മത്തായി 24:6-8-ഉം ലൂക്കൊസ് 21:10, 11-ഉം ആയി താരതമ്യം ചെയ്യുമ്പോൾ, യുദ്ധം, ഭക്ഷ്യക്ഷാമം, മഹാവ്യാധി തുടങ്ങിയവ വർധിച്ച അളവിൽ സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു നാം കാണുന്നു. 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ യേശുവിന്റെ വാക്കുകൾക്കു വലിയ നിവൃത്തി ഉണ്ടായിരിക്കുന്നു.
16-18. ഇനിയും എന്തെല്ലാം സംഭവവികാസങ്ങൾ നാം പ്രതീക്ഷിക്കുന്നു?
16 “മഹോപദ്രവം” ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്ന് ഇപ്പോൾ നിവൃത്തിയേറുന്ന അടയാളങ്ങൾ തെളിയിക്കുന്നതായി യഹോവയുടെ സാക്ഷികൾ ദശകങ്ങളോളം പഠിപ്പിച്ചിരിക്കുന്നു. ഇപ്പോഴത്തെ ദുഷ്ട “തലമുറ” ആ ഉപദ്രവം കാണും. പൊ.യു. 66-ലെ ഗാലസിന്റെ ആക്രമണം യെരൂശലേമിന്മേലുള്ള ഉപദ്രവത്തിനു തുടക്കമിട്ടതുപോലെ, ഒരു ആരംഭ ഘട്ടം (എല്ലാ വ്യാജ മതങ്ങളുടെയും മേലുള്ള ഒരു ആക്രമണം) ഇനിയും ഉണ്ടാകാനിരിക്കുന്നതേ ഉള്ളൂ എന്നു തോന്നുന്നു.d തുടർന്ന്, ക്ലിപ്തമല്ലാത്ത ഒരു കാലയളവിനു ശേഷം, അന്ത്യം വരും—അതു പൊ.യു. 70-ലെ നാശത്തിനു സമാനമായ ഒരു ആഗോള വിനാശമായിരിക്കും.
17 നമ്മുടെ തൊട്ടു മുന്നിലുള്ള ഉപദ്രവത്തെ പരാമർശിച്ചുകൊണ്ട് യേശു പറഞ്ഞു: “ആ കാലത്തിലെ കഷ്ടം [വ്യാജമതത്തിന്റെ നാശം] കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻമേൽ മഹാശക്തിയോടും തേജസ്സോടും [“മഹത്ത്വത്തോടും,” NW] കൂടെ വരുന്നതു കാണും.”—മത്തായി 24:29, 30.
18 ആയതിനാൽ, “ആ കാലത്തിലെ കഷ്ട”ത്തിനു ശേഷം ഏതോ വിധത്തിലുള്ള ആകാശീയ പ്രതിഭാസങ്ങൾ ഉണ്ടാകുമെന്ന് യേശുതന്നെ പറയുന്നു. (യോവേൽ 2:28-32; 3:15 താരതമ്യം ചെയ്യുക.) അനുസരണംകെട്ട മനുഷ്യർ ‘പ്രലാപിക്കുമാറ്’ അത് അവരെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യും. “ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു” അനേകർ “നിർജ്ജീവന്മാർ ആകും.” എന്നാൽ സത്യ ക്രിസ്ത്യാനികളുടെ അവസ്ഥ അതായിരിക്കില്ല! ‘തങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ട് അവർ നിവിർന്നു തല പൊക്കും.’—ലൂക്കൊസ് 21:25, 26, 28.
മുന്നിൽ ന്യായവിധി!
19. ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ഉപമ എപ്പോൾ നിവൃത്തിയേറുമെന്നു നമുക്ക് എങ്ങനെ സ്ഥാപിക്കാൻ കഴിയും?
19 (1) മനുഷ്യപുത്രൻ വരുമെന്നും (2) ആ വരവ് വലിയ മഹത്ത്വത്തോടെ ആയിരിക്കുമെന്നും (3) അവനോടു കൂടെ ദൂതന്മാർ ഉണ്ടായിരിക്കുമെന്നും (4) ഭൂമിയിലെ സകല ഗോത്രങ്ങളും അവനെ കാണുമെന്നും മത്തായി 24:29-31 മുൻകൂട്ടി പറയുന്നതു ശ്രദ്ധിക്കുക. ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ഉപമയിലും യേശു ഈ സംഗതികൾ ആവർത്തിക്കുന്നുണ്ട്. (മത്തായി 25:31-46) അതിനാൽ, ഉപദ്രവത്തിന്റെ പ്രാരംഭ പൊട്ടിപ്പുറപ്പെടലിനു ശേഷം യേശു തന്റെ ദൂതന്മാരോടൊപ്പം വന്ന് ന്യായം വിധിക്കാൻ സിംഹാസനത്തിൽ ഇരിക്കുന്ന സമയത്തോടു ബന്ധപ്പെട്ടതാണ് ഈ ഉപമ എന്നു നമുക്കു നിഗമനം ചെയ്യാൻ കഴിയും. (യോഹന്നാൻ 5:22; പ്രവൃത്തികൾ 17:31; 1 രാജാക്കന്മാർ 7:7-ഉം ദാനീയേൽ 7:10, 13, 14, 22, 26-ഉം മത്തായി 19:28-ഉം താരതമ്യം ചെയ്യുക.) ആരായിരിക്കും ന്യായം വിധിക്കപ്പെടുക, അതിന്റെ ഫലം എന്തായിരിക്കും? തന്റെ സ്വർഗീയ സിംഹാസനത്തിനു മുമ്പാകെ കൂട്ടിവരുത്തിയാൽ എന്നതുപോലെ, യേശു സകല ജനതകൾക്കും ശ്രദ്ധ കൊടുക്കുമെന്ന് ആ ഉപമ പ്രകടമാക്കുന്നു.
20, 21. (എ) യേശുവിന്റെ ഉപമയിലെ ചെമ്മരിയാടുകൾക്ക് എന്തു സംഭവിക്കും? (ബി) ഭാവിയിൽ കോലാടുകൾക്ക് എന്തു സംഭവിക്കും?
20 ചെമ്മരിയാടു തുല്യരായ സ്ത്രീപുരുഷന്മാരെ യേശു തന്റെ വലതു വശത്തേക്കു മാറ്റും, അവരുടെമേൽ അവന്റെ പ്രീതി ഉണ്ടായിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അവർ അവന്റെ സഹോദരന്മാർക്ക്—ക്രിസ്തുവിന്റെ സ്വർഗീയ രാജ്യഭരണത്തിൽ അവനോടൊപ്പം പങ്കുപറ്റുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്ക്—നന്മ ചെയ്യാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി. (ദാനീയേൽ 7:27; എബ്രായർ 2:9–3:1) ആ ഉപമയോടുള്ള ചേർച്ചയിൽ, ചെമ്മരിയാടു തുല്യരായ ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികൾ യേശുവിന്റെ ആത്മീയ സഹോദരന്മാരെ തിരിച്ചറിഞ്ഞ് അവരെ പിന്തുണച്ചുകൊണ്ടു പ്രവർത്തിക്കുന്നു. തത്ഫലമായി, ഈ മഹാപുരുഷാരത്തിന് “മഹോപദ്രവ”ത്തെ അതിജീവിച്ച് ദൈവരാജ്യത്തിന്റെ ഭൗമിക മണ്ഡലമായ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള ബൈബിളധിഷ്ഠിത പ്രത്യാശ ഉണ്ട്.—വെളിപ്പാടു 7:9, 14, NW; 21:3, 4; യോഹന്നാൻ 10:16.
21 കോലാടുകൾക്കു സംഭവിക്കുന്നത് അതിൽനിന്ന് എത്ര വ്യത്യസ്തമായിരിക്കും! യേശു വരുമ്പോൾ അവർ ‘പ്രലാപിക്കു’മെന്ന് മത്തായി 24:30 പറയുന്നു. അവർ പ്രലാപിക്കുകതന്നെ വേണം. കാരണം, അവർ രാജ്യ സുവാർത്ത തള്ളിക്കളയുകയും യേശുവിന്റെ ശിഷ്യന്മാരെ എതിർക്കുകയും നീങ്ങിപ്പോകുന്ന ഒരു ലോകത്തെ കൂടുതൽ പ്രിയപ്പെടുകയും ചെയ്തിരിക്കുന്നു. (മത്തായി 10:16-18; 1 യോഹന്നാൻ 2:15-17) ആരൊക്കെയാണു കോലാടുകൾ എന്നു നിർണയിക്കുന്നത് യേശുവാണ്, അവന്റെ ശിഷ്യന്മാരല്ല. കോലാടുകളെ കുറിച്ച് അവൻ പറയുന്നു: ‘അവർ നിത്യദണ്ഡനത്തിലേക്കു പോകും.’—മത്തായി 25:46.
22. യേശുവിന്റെ പ്രവചനത്തിന്റെ ഏതു ഭാഗമാണു നമ്മുടെ കൂടുതലായ പരിചിന്തനം അർഹിക്കുന്നത്?
22 മത്തായി 24-ഉം 25-ഉം അധ്യായങ്ങളിലെ പ്രവചനം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം പുളകപ്രദമായ വിധത്തിൽ വർധിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ കൂടുതലായ ശ്രദ്ധ അർഹിക്കുന്ന ഒരു ഭാഗം യേശുവിന്റെ ആ പ്രവചനത്തിലുണ്ട്—‘ഒരു വിശുദ്ധസ്ഥലത്തു നില്ക്കുന്ന ശൂന്യമാക്കുന്ന മ്ലേച്ഛത.’ അതു സംബന്ധിച്ചു വിവേചന ഉള്ളവർ ആയിരിക്കാനും പ്രവർത്തന സജ്ജരായി നിലകൊള്ളാനും യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. (മത്തായി 24:15, 16) എന്താണ് ഈ “മ്ലേച്ഛത”? അത് ഒരു വിശുദ്ധ സ്ഥലത്തു നിൽക്കുന്നത് എപ്പോഴാണ്? നമ്മുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവന്റെ പ്രതീക്ഷകൾ അതിൽ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു? അടുത്ത ലേഖനം ഇതു ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a വീക്ഷാഗോപുരത്തിന്റെ 1994 ഫെബ്രുവരി 15; 1995 ഒക്ടോബർ 15; നവംബർ 1; 1996 ആഗസ്റ്റ് 15 എന്നീ ലക്കങ്ങളിലെ അധ്യയന ലേഖനങ്ങൾ കാണുക.
b ബ്രിട്ടീഷ് പണ്ഡിതനായ ജി. ആർ. ബിസ്ലി-മറി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “‘ഈ തലമുറ’ എന്ന പ്രയോഗം വ്യാഖ്യാതാക്കൾക്കു യാതൊരു പ്രശ്നവും സൃഷ്ടിക്കേണ്ടതില്ല. ആദിമ ഗ്രീക്കിൽ യെനേയാ എന്നതിന്റെ അർഥം ജനനം എന്നും സന്തതികൾ എന്നും തന്മൂലം വംശം എന്നും ആണ്. . . . അതേസമയം [ഗ്രീക്ക് സെപ്റ്റുവജിന്റിൽ] പ്രായം, മനുഷ്യവർഗത്തിന്റെ ആയുഷ്കാലം അല്ലെങ്കിൽ സമകാലിക തലമുറ എന്നൊക്കെ അർഥമുള്ള ദൊർ എന്ന എബ്രായ പദത്തിന്റെ പരിഭാഷ ആയിട്ടാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. . . . യേശുവിനോടു ബന്ധപ്പെട്ട പരാമർശങ്ങളിൽ ആ പദപ്രയോഗത്തിന് ഇരട്ട ധ്വനി ഉള്ളതായി തോന്നുന്നു: ഒരു വശത്ത് അത് എല്ലായ്പോഴും യേശുവിന്റെ സമകാലികരെ പരാമർശിക്കുന്നു, അതേസമയം അതിന് എല്ലായ്പോഴും വിമർശനത്തിന്റെ ഒരു ധ്വനിയും ഉണ്ട്.”
c റോമാക്കാർ ചില ദിവസങ്ങളിൽ 500 പേരെ വരെ സ്തംഭത്തിലേറ്റി കൊന്നിരുന്നതായി യഹൂദരുടെ ചരിത്രം എന്ന പുസ്തകത്തിൽ പ്രൊഫസർ ഗ്രെറ്റ്സ് പറയുന്നു. പിടിക്കപ്പെട്ട മറ്റു ചില യഹൂദന്മാരുടെ കൈകൾ മുറിച്ചുകളഞ്ഞ ശേഷം അവരെ നഗരത്തിലേക്കു തിരികെ വിട്ടു. അവിടത്തെ അവസ്ഥകൾ എങ്ങനെയുള്ളത് ആയിരുന്നു? “പണത്തിന്റെ മൂല്യം നഷ്ടപ്പെട്ടു, അതിനാൽ ഭക്ഷണം വാങ്ങാൻ കഴിയാതായി. കുറെ വൈക്കോലോ തോൽക്കഷണമോ നായ്ക്കൾക്ക് എറിഞ്ഞിട്ടതിന്റെ അവശിഷ്ടങ്ങളോ പോലെ അങ്ങേയറ്റം അറപ്പുളവാക്കുന്ന സാധനങ്ങൾക്കായി ആളുകൾ തെരുവുകളിൽ നിർദയം പോരടിച്ചു. . . . അടക്കം ചെയ്യാത്ത ശവങ്ങൾ കുമിഞ്ഞുകൂടിയപ്പോൾ കൊടും വേനൽച്ചൂടിലെ വായുവിലൂടെ മഹാവ്യാധികൾ പടർന്നുപിടിച്ചു. രോഗത്താലും ക്ഷാമത്താലും വാളിനാലും ആളുകൾ ചത്തൊടുങ്ങി.”
d ഭാവി ഉപദ്രവത്തിന്റെ ഈ വശത്തെ കുറിച്ചാണ് അടുത്ത ലേഖനം ചർച്ച ചെയ്യുന്നത്.
നിങ്ങൾ ഓർമിക്കുന്നുവോ?
□ മത്തായി 24:4-14-ന് ഒന്നാം നൂറ്റാണ്ടിൽ എന്തു നിവൃത്തി ഉണ്ടായി?
□ മത്തായി 24:21, 22-ൽ പ്രവചിച്ചിരിക്കുന്നതു പോലെ, അപ്പൊസ്തലന്മാരുടെ കാലത്ത് നാളുകൾ ചുരുക്കപ്പെടുകയും ജഡം രക്ഷിക്കപ്പെടുകയും ചെയ്തത് എങ്ങനെ?
□ മത്തായി 24:34-ൽ പരാമർശിച്ചിരിക്കുന്ന “തലമുറ”യുടെ സവിശേഷത എന്തായിരുന്നു?
□ ഒലിവുമലയിൽ വെച്ചു നൽകപ്പെട്ട പ്രവചനത്തിനു മറ്റൊരു വലിയ നിവൃത്തി ഉണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
□ ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ഉപമ എപ്പോൾ നിവൃത്തിയേറും?
[12-ാം പേജിലെ ചിത്രം]
യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ കൊള്ളയായി കൊണ്ടുവന്ന വസ്തുക്കളെ ചിത്രീകരിക്കുന്ന റോമിലെ ടൈറ്റസിന്റെ കമാന ഭാഗം
[കടപ്പാട]
Soprintendenza Archeologica di Roma