അടയാളം നിങ്ങൾ അത അനുസരിക്കുന്നുവോ?
“എല്ലാ രാജ്യങ്ങളിലെയും ആളുകൾ ഐശ്വര്യവും ക്ഷേമവും സന്തുഷ്ടിയും ആസ്വദിക്കണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു. ഇതിലേക്കുള്ള വഴി സ്ഥിതിചെയ്യുന്നത് അണുവിമുക്തവും അക്രമരഹിതവുമായ ഒരു ലോകത്തിലേക്ക് നീങ്ങുന്നതിലാണ്.”—പെരിസ്ത്രോയിക്കാ, സോവ്യററ് നേതാവായ മിഖായേൽ ഗോർബച്ചേവിനാൽ വിരചിതം.
അങ്ങനെയുള്ള ലോകാവസ്ഥകൾ കൈവരുത്താൻ മനുഷ്യന് യഥാർത്ഥത്തിൽ പ്രാപ്തിയുണ്ടോയെന്ന് അനേകരും സംശയിക്കുന്നത് നീതീകരിക്കപ്പെടും. മറെറാരു നേതാവായ യേശുക്രിസ്തു മഹത്തരമായ ഒന്ന് വാഗ്ദത്തംചെയ്തു—മരണപ്രക്രിയ പോലും പിമ്പോട്ടടിക്കപ്പെടുന്ന ഒരു പരദീസാഭൂമി. (മത്തായി 5:5; ലൂക്കോസ് 23:43; യോഹന്നാൻ 5:28, 29) തീർച്ചയായും, ദിവ്യ ഇടപെടലാണ് ഇത് വരുത്തിക്കൂട്ടുന്നത്. അങ്ങനെയുള്ള ഇടപെടൽ “എപ്പോൾ” വരുമെന്നുള്ള ചോദ്യത്തിനുത്തരമായി യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യം പ്രകടമായ ദൃശ്യതയോടെയല്ല വരുന്നത്.” ആദ്യം ആലങ്കാരിക കഴുകൻകണ്ണുള്ള നിരീക്ഷണപടുക്കൾ മാത്രമേ അതു തിരിച്ചറിയുകയുള്ളു. (ലൂക്കോസ് 17:20, 37) എന്തുകൊണ്ട്?
അടയാളത്തിന്റെ ആവശ്യം
യേശുവിന്റെ സ്വർഗ്ഗാരോഹണം മുതൽ അവൻ “മനുഷ്യരിൽ ആരും കണ്ടിട്ടില്ലാത്തവനും കാണാൻ കഴിയാത്തവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും” ആണ്. (1 തിമൊഥെയോസ് 6:16) അങ്ങനെ, അക്ഷരീയ മനുഷ്യനേത്രങ്ങൾ അവനെ വീണ്ടുമൊരിക്കലും കാണുകയില്ല. തന്റെ ഭൗമികജീവിതത്തിന്റെ അവസാനത്തെ ദിവസം യേശു പറഞ്ഞതുപോലെ, “അല്പകാലംകൂടെ കഴിഞ്ഞാൽ ലോകം മേലാൽ എന്നെ കാണുകയില്ല.” (യോഹന്നാൻ 14:19) ഒരു ആലങ്കാരിക വിധത്തിൽ മാത്രമേ അവനെ കാണാൻ കഴിയൂ.—എഫേസ്യർ 1:18; വെളിപ്പാട് 1:7.
എന്നിരുന്നാലും, തന്റെ ശിഷ്യൻമാർക്ക് ദൈവരാജ്യം എപ്പോൾ ഭരിച്ചുതുടങ്ങുമെന്ന് തിരിച്ചറിയുക സാദ്ധ്യമാണെന്ന് യേശു പറഞ്ഞു. എങ്ങനെ? ഒരു അടയാളം മുഖേന. “നിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമെന്തായിരിക്കും?” എന്ന ചോദ്യത്തിന്റെ ഉത്തരമായി യേശു തന്റെ അദൃശ്യമായ ഭാവി ഭരണത്തിന്റെ ദൃശ്യതെളിവ് വിവരിച്ചു.—മത്തായി 24:3.
ഏതു തരം ആളുകൾക്കാണ് അതിൽനിന്ന് പ്രയോജനം കിട്ടുന്നതെന്ന് പ്രകടമാക്കുന്ന ഒരു ദൃഷ്ടാന്തം അടയാളത്തിൽ ഉൾപ്പെടുത്തിയിരുന്നു. “ശവം ഉള്ളടത്തെല്ലാം കഴുക്കൾ കൂടിവരും” എന്ന് യേശു പറഞ്ഞു. (മത്തായി 24:28) ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിച്ച് ദൈവത്തിന്റെ പുതിയ ലോകത്തിൽ കടക്കാനാഗ്രഹിക്കുന്ന എല്ലാവരും ‘കൂടിവരുകയും’ ക്രിസ്തുവിന്റെ കഴുകുതുല്യരായ “തെരഞ്ഞെടുക്കപ്പെട്ടവരോ”ടൊത്ത് ആത്മീയഭക്ഷണം ആസ്വദിക്കുകയും ചെയ്യേണ്ടതാണ്.—മത്തായി 24:31, 45-47.
അക്ഷമക്കെതിരെ സൂക്ഷിക്കുക
യാതൊരു മനുഷ്യനും ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തിന്റെ തീയതി കണ്ടുപിടിക്കാൻ കഴികയില്ല. “ആ ദിവസമോ മണിക്കൂറോ സംബന്ധിച്ച് പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനുംകൂടെ അറിയുന്നില്ല” എന്ന് യേശു പറഞ്ഞു.—മർക്കോസ് 13:32, 33.
എന്നാൽ അടയാളം സംഭവിക്കുന്നത് അനേകം മനുഷ്യതലമുറകളുടെ കാലദൈർഘ്യത്തിലായിരിക്കുമോ? അല്ല. ഒരു പ്രത്യേക തലമുറയുടെ കാലത്താണ് അടയാളം സംഭവിക്കേണ്ടത്. അടയാളത്തിന്റെ തുടക്കം കണ്ട അതേ തലമുറ “സൃഷ്ടിയുടെ ആരംഭം മുതൽ സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു മഹോപദ്രവ”ത്തിൽ അതിന്റെ പാരമ്യവും കാണും. മത്തായി, മർക്കോസ്, ലൂക്കോസ് എന്നിങ്ങനെ മൂന്ന് ചരിത്രകാരൻമാർ ഇതിനെസംബന്ധിച്ചുള്ള യേശുവിന്റെ ഉറപ്പ് രേഖപ്പെടുത്തി.—മർക്കോസ് 13:19, 30; മത്തായി 24:13, 21, 22, 34; ലൂക്കോസ് 21:28, 32.
എന്നിരുന്നാലും അക്ഷമരാകുന്നതിന്റെ അപകടമുണ്ട്. 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ മുതൽ എഴുപത്തിനാലു വർഷം കഴിഞ്ഞുപോയിരിക്കുന്നു. ഒരു മനുഷ്യവീക്ഷണത്തിൽ ഇത് വളരെ ദീർഘമായ കാലമാണെന്ന് തോന്നിയേക്കാം. എന്നാൽ ഒന്നാം ലോകമഹായുദ്ധം കണ്ട കഴുകന്റെ കണ്ണുള്ള ചില ക്രിസ്ത്യാനികൾ ഇപ്പോഴും വളരെ സജീവരാണ്. അവരുടെ തലമുറ നീങ്ങിപ്പോയിട്ടില്ല.
യേശു അടയാളം നൽകിയപ്പോൾ അക്ഷമരാകുന്നതിന്റെ അപകടത്തെ സംബന്ധിച്ച് അവൻ മുന്നറിയിപ്പുനൽകി. “എന്റെ യജമാനൻ താമസിക്കുകയാണ്” എന്ന് ഹൃദയത്തിൽ പറയുന്ന വ്യക്തികളെക്കുറിച്ച് അവൻ പറഞ്ഞു. നിയന്ത്രിച്ചില്ലെങ്കിൽ അത്തരം വിചാരങ്ങൾക്ക് മൗഢ്യമായ പ്രവർത്തനങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്ന് യേശു പ്രകടമാക്കി. (മത്തായി 24:48-51) ക്രിസ്തുവിന്റെ അപ്പോസ്തലൻമാർക്ക് ഇതിനെസംബന്ധിച്ചു കൂടുതൽ പറയാനുണ്ടായിരുന്നു.
“പരിഹാസികൾ”
ബൈബിളെഴുത്തുകാരനായ യൂദാ പറയുന്നതനുസരിച്ച്, ക്രിസ്തുവിന്റെ അപ്പോസ്തലൻമാർ പിൻവരുന്ന മുന്നറിയിപ്പ് മുഴക്കി: “അവസാനകാലത്ത് ഭക്തികെട്ട കാര്യങ്ങളോടുള്ള തങ്ങളുടെ സ്വന്തമോഹങ്ങളനുസരിച്ചു പോകുന്ന പരിഹാസികൾ ഉണ്ടായിരിക്കും.”—യൂദാ 17, 18.
ഒരു നിർമ്മലമായ പുതിയ ലോകത്തിലെ ജീവിതത്തിനുവേണ്ടിയുള്ള ആഗ്രഹത്തിന്റെ സ്ഥാനത്ത് “ഭക്തികെട്ട കാര്യങ്ങൾക്കുവേണ്ടിയുള്ള മോഹങ്ങൾ” അനായാസം സ്ഥലംപിടിച്ചേക്കാം. ആശയപ്രകാശനത്തിനും ആശയവിനിമയത്തിനുമുള്ള ലോകരീതികൾ നിമിത്തം ഇത് ഇന്ന് വിശേഷാൽ അപകടകരമാണ്. മനുഷ്യചരിത്രത്തിൽ മുമ്പൊരിക്കലും അക്രമവും ആത്മവിദ്യയും ലൈംഗികദുർമ്മാർഗ്ഗവും ഇത്രത്തോളം അഴിഞ്ഞാടിയിരുന്നില്ല. മിക്കപ്പോഴും അവയാണ് റേഡിയോ സംഗീതാവതരണങ്ങളുടെ വിഷയങ്ങൾ. അവ നിരവധി ററിവി പരിപാടികളിലും വീഡിയോകളിലും പരസ്യങ്ങളിലും പുസ്തകങ്ങളിലും മാസികകളിലും കാണപ്പെടുന്നു.
അങ്ങനെയുള്ള അഭക്തിയുടെ അവസാനത്തിലേക്ക് അടയാളം വിരൽചൂണ്ടുന്നു. സ്വാഭാവികമായി, അപ്പോൾ ഭക്തികെട്ട കാര്യങ്ങളോട് തൃഷ്ണയുള്ള ചിലയാളുകൾ അടയാളത്തെ പരിഹസിക്കുന്നു. മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നതുപോലെ “സകലവും സൃഷ്ടിയുടെ ആരംഭത്തിലേതുപോലെ തുടരുകയാണ്” എന്ന് അവർ വാദിക്കുന്നു.—2 പത്രോസ് 3:3, 4.
‘സനേഹം തണുത്തുപോകുന്നു’
അടുത്ത കാലത്ത് 75 വയസ്സുള്ള ഒരു അമേരിക്കൻ ഗ്രന്ഥകാരനായ പോൾ ബൗൾസിനെ ന്യൂസവീക്ക മാസിക ഇൻറവ്യൂ നടത്തി. “ലോകത്തെ സംബന്ധിച്ച നിങ്ങളുടെ വീക്ഷണമെന്താണ്?” എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ട് ബൗൾസ് ഇങ്ങനെ പ്രസ്താവിച്ചു: “ലോകം ഒരു ധാർമ്മികമായ അർത്ഥത്തിൽ ശിഥിലമായിരിക്കുകയാണ്. ആരും 60 വർഷം മുമ്പത്തെപ്പോലെ മേലാൽ സത്യസന്ധരായിരിക്കുന്നില്ല. ഒരു മാന്യൻ ആരാണെന്നുള്ള ഒരു സങ്കൽപ്പനമുണ്ടായിരുന്നു; അത് നമ്മുടെ പാശ്ചാത്യസംസ്ക്കാരത്തിന്റെ വിലപ്പെട്ട ഗുണവിശേഷമായിരുന്നു. ഇപ്പോൾ ആരും [കാര്യമാക്കുന്നില്ല]. പണത്തിന് വമ്പിച്ച പ്രാധാന്യം കൊടുക്കുന്നുമുണ്ട്.”
സാഹചര്യം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെയാണ്. യേശു മുൻകൂട്ടിപ്പറഞ്ഞു: “അധർമ്മത്തിന്റെ പെരുപ്പം നിമിത്തം അധികംപേരുടെയും സ്നേഹം തണുത്തുപോകും.” (മത്തായി 24:12; 2 തിമൊഥെയോസ്3:1-5) സ്വാർത്ഥതയും അത്യാഗ്രഹവും വർദ്ധിക്കുമ്പോൾ ദൈവത്തോടുള്ള സ്നേഹം കുറയുന്നു. അധികമധികമാളുകൾ കുററകൃത്യങ്ങളിലും ഭീകരപ്രവർത്തനങ്ങളിലും വഞ്ചനാപരമായ ബിസിനസ് നടപടികളിലും ലൈംഗികദുർമ്മാർഗ്ഗത്തിലും മയക്കുമരുന്നുദുരുപയോഗത്തിലും ഏർപ്പെട്ടുകൊണ്ട് തങ്ങളുടെ സ്വന്തമോഹങ്ങളെ ദൈവനിയമങ്ങൾക്കുപരിയായി കരുതുന്നു.
ചിലർ അടയാളത്തിന്റെ നിവൃത്തിയെ തിരിച്ചറിയുന്നുണ്ടെങ്കിലും തങ്ങളേത്തന്നെ പ്രസാദിപ്പിക്കുന്നതിൽ വളരെ ലയിച്ചിരിക്കുന്നതിനാൽ അതനുസരിച്ചു പ്രവർത്തിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. മറിച്ച്, അടയാളം അനുസരിക്കുന്നതിന് ദൈവത്തോടും അയൽക്കാരനോടും നിസ്വാർത്ഥമായ സ്നേഹം പ്രകടമാക്കുന്നതിൽ സഹിഷ്ണുത ആവശ്യമാണ്.—മത്തായി 24:13, 14.
“ജീവിതോൽക്കണഠകൾ”
സ്വാർത്ഥോല്ലാസങ്ങൾക്കു പുറമേ, ന്യായമായ ശാരീരികാവശ്യങ്ങളും ചിലർ അടയാളത്തെ അവഗണിക്കത്തക്കവണ്ണം അവരെ വലിച്ചെടുക്കുമെന്നും യേശു മുന്നറിയിപ്പുനൽകി. അവൻ ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “നിങ്ങളുടെ ഹൃദയങ്ങൾ അതിഭക്ഷണത്താലും ഭാരിച്ച കുടിയാലും ജീവിതോൽക്കണ്ഠകളാലും ഒരിക്കലും ഭാരപ്പെടാതിരിക്കാനും പെട്ടെന്ന് ആ ദിവസം നിങ്ങളുടെമേൽ ഒരു കെണിയായി വരാതിരിക്കാനും നിങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കുക. എന്തെന്നാൽ അത് സർവ്വഭൂമുഖത്തും വസിക്കുന്ന എല്ലാവരുടെയും മേൽ വരും.”—ലൂക്കോസ് 21:34, 35.
തീർച്ചയായും, ബൈബിൾ സന്തുഷ്ട കുടുംബജീവിതത്തിനു പ്രോൽസാഹിപ്പിക്കുന്നു. (എഫേസ്യർ 5:24–6:4) മിക്കപ്പോഴും ഇത് കുടുംബത്തലവൻ തന്റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടി കരുതാൻ ഏതെങ്കിലും തരം തൊഴിലിലൊ ബിസിനസിലൊ ഏർപ്പെടേണ്ടതാവശ്യമാക്കിത്തീർക്കുന്നു. (1 തിമൊഥെയോസ് 5:8) എന്നിരുന്നാലും, ഒരുവന്റെ ജീവിതം മുഴുവനായും കുടുംബത്തിലും ബിസിനസിലും ഭൗതികകാര്യങ്ങളിലും ചുററിത്തിരിയാൻ അനുവദിക്കുന്നത് ഹ്രസ്വദൃഷ്ടിയായിരിക്കും. ഈ അപകടം നിമിത്തം യേശു ഇങ്ങനെ മുന്നറിയിപ്പുനൽകി: “നോഹയുടെ നാളുകളിൽ സംഭവിച്ചതുപോലെതന്നെയായിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും: നോഹ പെട്ടകത്തിൽ കയറിയ നാൾ വരുകയും പ്രളയം വന്ന് അവരെയെല്ലാം നശിപ്പിക്കുകയും ചെയ്തതുവരെ അവർ ഭക്ഷിക്കുകയായിരുന്നു, അവർ കുടിക്കുകയായിരുന്നു, പുരുഷൻമാർ വിവാഹംകഴിക്കുകയായിരുന്നു, സ്ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയായിരുന്നു. . . . മനുഷ്യപുത്രൻ വെളിപ്പെടുത്തപ്പെടാനിരിക്കുന്ന ആ നാളിൽ അങ്ങനെതന്നെയായിരിക്കും.”—ലൂക്കോസ് 17:26-30; മത്തായി 24:36-39.
“എടുക്കപ്പെടു”മോ അതോ “ഉപേക്ഷിക്കപ്പെടു”മോ?
നാഴിക വൈകിയിരിക്കുകയാണ്. പെട്ടെന്നുതന്നെ, കാര്യങ്ങൾ നേരെയാക്കാൻ ദൈവരാജ്യം ഇടപെടും. അപ്പോൾ സകല മനുഷ്യരും രണ്ടിൽ ഏതെങ്കിലും വിധത്തിൽ ബാധിക്കപ്പെടും. യേശു വിശദീകരിച്ച പ്രകാരം: “അപ്പോൾ രണ്ടു പുരുഷൻമാർ വയലിലായിരിക്കും: ഒരുവൻ എടുക്കപ്പെടും, മററവൻ ഉപേക്ഷിക്കപ്പെടും; രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും: ഒരുവൾ എടുക്കപ്പെടും, മററവൾ ഉപേക്ഷിക്കപ്പെടും.”—മത്തായി 24:40, 41.
ആ നിർണ്ണായകസമയം വരുമ്പോൾ നിങ്ങളുടെ നില എന്തായിരിക്കും? നിങ്ങൾ നാശത്തിനായി ഉപേക്ഷിക്കപ്പെടുമോ, അതോ അതിജീവനത്തിനായി എടുക്കപ്പെടുമോ? ശരിയായ ദിശയിൽ നിങ്ങളെ നയിക്കുന്നതിന് യേശു നൽകിയ ദൃഷ്ടാന്തം വീണ്ടും പരിചിന്തിക്കുക: “ശരീരം ഉള്ളടത്ത് കഴുക്കൾ കൂടിവരുകയുംചെയ്യും.”—ലൂക്കോസ് 17:34-37; മത്തായി 24:28.
അങ്ങനെ യേശു ദീർഘദൃഷ്ടിയോടുകൂടിയ സംയുക്തപ്രവർത്തനത്തിന്റെ ആവശ്യം ഊന്നിപ്പറയുകയായിരുന്നു. അതിജീവനത്തിനുവേണ്ടി എടുക്കപ്പെടുന്നവർ ക്രമമായി കൂടിവരുകയും ദൈവം പ്രദാനംചെയ്യുന്ന ആത്മീയപോഷണത്തിൽനിന്ന് പ്രയോജനമനുഭവിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ള ആത്മീയപോഷണം യഹോവയുടെ സാക്ഷികളുടെ 60,000ത്തിൽപരം സഭകളിലൊന്നിനോട് അടുത്തു സഹവസിക്കുന്നതിനാലും നിങ്ങൾ വായിക്കുന്നതരം ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങൾ പഠിക്കുന്നതിനാലുമാണെന്ന് ദശലക്ഷങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്.
മുപ്പത്തിയേഴുലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാർക്ക് “രാജ്യത്തിന്റെ സുവാർത്ത” പങ്കുവെക്കുന്നതിനാൽ അടയാളത്തിൽ വിശ്വാസം പ്രകടമാക്കുന്നു. (മത്തായി 24:14) നിങ്ങൾ സുവാർത്തയോട് ക്രിയാത്മകമായി പ്രതികരിക്കുന്നുവോ? എങ്കിൽ, നിങ്ങൾക്ക് ഒരു ഭൗമികപരദീസയിലേക്കുള്ള അതിജീവനത്തിന്റെ വാഗ്ദത്തം കാര്യമായി എടുക്കാവുന്നതാണ്. (w88 10/15)
[5-ാം പേജിലെ ചിത്രം]
അനേകർ അടയാളത്തെ അവഗണിക്കത്തക്കവണ്ണം ഉല്ലാസങ്ങളിൽ ലയിച്ചിരിക്കുകയാണ്
[6-ാം പേജിലെ ചിത്രം]
അടയാളം അനുസരിക്കുന്നതിൽ ദൈവവചനം ഭക്ഷിക്കുന്നതിനു കൂടിവരുന്നതും ഉൾപ്പെടുന്നു