ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം ആസ്വദിക്കുക
“ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.”—സങ്കീർത്തനം 77:12.
1, 2. (എ) ധ്യാനത്തിനായി നാം സമയം നീക്കിവെക്കേണ്ടത് എന്തുകൊണ്ട്? (ബി) “ധ്യാനിക്കുക” എന്നതിന്റെ അർഥമെന്ത്?
യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെന്ന നിലയിൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനും അവനെ സേവിക്കുന്നതിനു പിന്നിലെ നമ്മുടെ ആന്തരത്തിനും നാം അങ്ങേയറ്റത്തെ പ്രാധാന്യം നൽകേണ്ടതുണ്ട്. എന്നാൽ ഇന്ന് മിക്കവരും ദൈവിക കാര്യങ്ങളെ കുറിച്ചു ധ്യാനിക്കാൻ സമയം ഇല്ലാത്തവിധം അങ്ങേയറ്റം തിരക്കുള്ളവരാണ്. അവർ ഭൗതികാസക്തിയുടെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും നീരാളിപ്പിടിത്തത്തിൽ അകപ്പെട്ടുപോയിരിക്കുന്നു. ഇതിനു പുറമേ, സകലതും മറന്ന് ഉദ്ദേശ്യരഹിതമായ വിനോദത്തിനു പിന്നാലെ പരക്കം പായുന്നവരാണ് പലരും. എന്നാൽ ഇത്തരത്തിലുള്ള വ്യർഥമായ ഒരു ജീവിതശൈലി പിൻപറ്റുന്നത് നമുക്കെങ്ങനെ ഒഴിവാക്കാൻ കഴിയും? ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കായി നാം ദിവസവും നിശ്ചിത സമയം മാറ്റി വെക്കുന്നതുപോലെതന്നെ യഹോവയുടെ പ്രവൃത്തികളെയും ഇടപെടലുകളെയും കുറിച്ചു ധ്യാനിക്കാനും നാം ദിവസവും സമയം കണ്ടെത്തണം.—ആവർത്തനപുസ്തകം 8:3; മത്തായി 4:4.
2 നിങ്ങൾ ധ്യാനിക്കാറുണ്ടോ? ധ്യാനിക്കുക എന്നതിന്റെ അർഥം എന്താണ്? “ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി ഒരു കാര്യത്തെ കുറിച്ചു ചിന്തിക്കൽ; പര്യാലോചിക്കൽ അല്ലെങ്കിൽ വിചിന്തനം ചെയ്യൽ” എന്നിങ്ങനെ ഒരു നിഘണ്ടു അതിനെ നിർവചിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ഇത് എന്ത് അർഥമാക്കുന്നു?
3. ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നത് എന്തുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു?
3 ഒന്നാമതായി, അപ്പൊസ്തലനായ പൗലൊസ് തന്റെ സഹദാസനായ തിമൊഥെയൊസിന് എഴുതിയ പിൻവരുന്ന വാക്കുകൾ അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരണം. “ഞാൻ വരുവോളം പരസ്യ വായന, ഉദ്ബോധനം, ഉപദേശം എന്നിവയിൽ ഉത്സുകനായിരിക്കുക. . . . ഈ സംഗതികളെക്കുറിച്ചു ധ്യാനിച്ച് ഇവയിൽ ആമഗ്നനായിരിക്കുക, അങ്ങനെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രകടമാകട്ടെ.” അതേ, തിമൊഥെയൊസ് അഭിവൃദ്ധി പ്രാപിക്കേണ്ടിയിരുന്നു. ആത്മീയകാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് അഭിവൃദ്ധി പ്രാപിക്കുന്നതുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു എന്ന് പൗലൊസിന്റെ വാക്കുകൾ സൂചിപ്പിച്ചു. ഇന്നും അതു സത്യമാണ്. ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നതിന്റെ സംതൃപ്തി ആസ്വദിക്കണമെങ്കിൽ നാം ദൈവവചനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ‘ധ്യാനിക്കുകയും’ അവയിൽ ‘ആമഗ്നരായിരിക്കുകയും’ വേണം.—1 തിമൊഥെയൊസ് 4:13-15, NW.
4. യഹോവയുടെ വചനത്തെ കുറിച്ചു ക്രമമായ അടിസ്ഥാനത്തിൽ ധ്യാനിക്കാൻ ഏത് ഉപകരണങ്ങൾ നിങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും?
4 ധ്യാനത്തിനുള്ള ഏറ്റവും നല്ല സമയം നിങ്ങളെയും നിങ്ങളുടെ കുടുംബത്തിന്റെ ദിനചര്യയെയും ആശ്രയിച്ചിരിക്കും. പലരും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിൽനിന്ന് ദിവസവും രാവിലെ ഒരു ബൈബിൾ വാക്യം വായിക്കുകയും അതിനെ കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ബെഥേൽ ഭവനങ്ങളിലെ 20,000-ത്തോളം വരുന്ന സ്വമേധയാസേവകർ ഓരോ ദിവസവും ആരംഭിക്കുന്നത് അന്നത്തേക്കുള്ള ബൈബിൾ വാക്യത്തിന്റെ 15 മിനിട്ടു നേരത്തെ ഒരു പരിചിന്തനത്തോടെയാണ്. ഓരോ ദിവസവും ഏതാനും നിയമിത വ്യക്തികൾ മാത്രമാണ് വാക്യത്തെ കുറിച്ച് അഭിപ്രായം പറയുന്നതെങ്കിലും ബാക്കിയുള്ളവർ അവിടെ വായിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നു. മറ്റു ചില സാക്ഷികൾ ജോലിസ്ഥലത്തേക്കുള്ള യാത്രാമധ്യേ യഹോവയുടെ വചനത്തെ കുറിച്ചു ധ്യാനിക്കാൻ സമയം എടുക്കുന്നു. ചില ഭാഷകളിൽ ലഭ്യമായ, ബൈബിളിന്റെയും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെയും ഓഡിയോ കാസെറ്റുകൾ അവർ ശ്രദ്ധിക്കുന്നു. പല വീട്ടമ്മമാരും വീട്ടുജോലികൾക്കിടയിൽ ഇതു ചെയ്യുന്നു. അങ്ങനെ ചെയ്തുകൊണ്ട് അവർ “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും” എന്ന് എഴുതിയ സങ്കീർത്തനക്കാരനായ ആസാഫിനെ അനുകരിക്കുന്നു.—സങ്കീർത്തനം 77:11, 12.
ശരിയായ മനോഭാവം നല്ല ഫലങ്ങൾ കൈവരുത്തുന്നു
5. വ്യക്തിപരമായ പഠനം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം ആയിരിക്കേണ്ടത് എന്തുകൊണ്ട്?
5 ടിവി, വീഡിയോ, കമ്പ്യൂട്ടർ എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളുടെ രംഗപ്രവേശം വായനാശീലത്തെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അതു തീർച്ചയായും യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ സത്യമായിരിക്കരുത്. ബൈബിൾ വായന യഹോവയുമായുള്ള നമ്മുടെ ബന്ധം നിലനിറുത്തുന്ന ജീവനാഡിയാണ്. ആയിരക്കണക്കിനു വർഷം മുമ്പ്, മോശെയുടെ പിൻഗാമിയെന്ന നിലയിൽ ഇസ്രായേലിന്റെ നേതാവായിത്തീർന്ന യോശുവയുടെ കാര്യം പരിചിന്തിക്കുക. യഹോവയുടെ അനുഗ്രഹം നേടുന്നതിന് അവൻ ദൈവവചനം വായിക്കേണ്ടിയിരുന്നു. (യോശുവ 1:8, NW; സങ്കീർത്തനം 1:1, 2, NW) ഇന്നും അതൊരു നിബന്ധനയാണ്. എന്നാൽ വിദ്യാഭ്യാസ പരിമിതി നിമിത്തം ചിലർക്കു വായിക്കാൻ ബുദ്ധിമുട്ടു നേരിട്ടേക്കാം അല്ലെങ്കിൽ അതു ശ്രമകരമായി തോന്നിയേക്കാം. അതുകൊണ്ട്, ദൈവവചനം വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹം നട്ടുവളർത്താൻ എന്തു നമ്മെ സഹായിക്കും? ഉത്തരം സദൃശവാക്യങ്ങൾ 2:1-6-ൽ രേഖപ്പെടുത്തിയിട്ടുള്ള ശലോമോൻ രാജാവിന്റെ വാക്കുകളിൽ കാണാം. ദയവായി ബൈബിൾ തുറന്ന് ആ വാക്യങ്ങൾ വായിക്കുക. തുടർന്ന് നമുക്ക് അവ ഒരുമിച്ചു ചർച്ച ചെയ്യാം.
6. ദൈവ പരിജ്ഞാനത്തോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
6 ആദ്യംതന്നെ ഈ ഉദ്ബോധനം നാം കാണുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു [“വിവേകത്തിന്,” NW] നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ [“നിധി പോലെ കാത്തുകൊള്ളുന്നു എങ്കിൽ,” NW], . . .” (സദൃശവാക്യങ്ങൾ 2:1, 2) ഈ വാക്കുകളിൽനിന്ന് നാം എന്തു മനസ്സിലാക്കുന്നു? ദൈവവചനം പഠിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ‘എന്റെ വചനങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ’ എന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ‘എങ്കിൽ’ എന്ന വാക്കിനു വളരെ പ്രാധാന്യമുണ്ട്, കാരണം ഇന്ന് ഭൂരിപക്ഷം ആളുകളും ദൈവവചനത്തിന് യാതൊരു ശ്രദ്ധയും നൽകുന്നില്ല. നമുക്ക് ദൈവവചനത്തിന്റെ പഠനത്തിൽ സന്തോഷം കണ്ടെത്താൻ കഴിയണമെങ്കിൽ നാം യഹോവയുടെ വചനങ്ങൾ കൈക്കൊള്ളാൻ മനസ്സൊരുക്കം കാണിക്കുകയും കൈവിട്ടുകളയാൻ ആഗ്രഹിക്കാത്ത ഒരു നിധി പോലെ അവയെ കാത്തുകൊള്ളുകയും വേണം. ദൈവവചനത്തെ നിസ്സംഗതയോടെ, എന്തിന് സംശയത്തോടെ പോലും, വീക്ഷിക്കുന്നവരായിത്തീരാൻ തക്കവണ്ണം അനുദിന ജീവിതത്തിന്റെ തിരക്കുകളെയോ ശ്രദ്ധാശൈഥില്യങ്ങളെയോ നാം ഒരിക്കലും അനുവദിക്കരുത്.—റോമർ 3:3, 4.
7. സാധ്യമായ എല്ലാ സന്ദർഭത്തിലും നാം ക്രിസ്തീയ യോഗങ്ങളിൽ ഹാജരായി അവിടെ കേൾക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?
7 ക്രിസ്തീയ യോഗങ്ങളിൽ ദൈവവചനം വിശദീകരിക്കപ്പെടുമ്പോൾ നാം യഥാർഥത്തിൽ അതിനു ‘ചെവികൊടുക്കു’കയും അതു ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യുന്നുണ്ടോ?’ (എഫെസ്യർ 4:20, 21) വിവേകം പ്രാപിക്കാൻ തക്കവണ്ണം നാം നമ്മുടെ ‘ഹൃദയം ചായിക്കുന്നുവോ?’ പ്രസംഗകൻ ഒരുപക്ഷേ വളരെ അനുഭവപരിചയം ഉള്ള ആൾ അല്ലായിരിക്കാം. എന്നാൽ ദൈവവചനം കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹം നമ്മുടെ പൂർണ ശ്രദ്ധ അർഹിക്കുന്നു. തീർച്ചയായും യഹോവയുടെ ജ്ഞാനത്തിനു ചെവികൊടുക്കാൻ കഴിയണമെങ്കിൽ സാധ്യമായ എല്ലാ സന്ദർഭത്തിലും നാം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 18:1) ശിഷ്യന്മാരിൽ ആരെങ്കിലും പൊ.യു. 33-ലെ പെന്തെക്കൊസ്തു ദിവസം യെരൂശലേമിലെ മാളികമുറിയിൽ നടന്ന യോഗം നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ അവർക്ക് എത്ര ദുഃഖം തോന്നുമായിരുന്നെന്നു ചിന്തിക്കുക! നമ്മുടെ യോഗങ്ങൾ അന്നു നടന്ന യോഗത്തിന്റെ അത്രയും ആവേശജനകം അല്ല എന്നുള്ളതു ശരിതന്നെ. എന്നാൽ നമ്മുടെ അടിസ്ഥാന പാഠപുസ്തകമായ ബൈബിൾ അവിടെ ചർച്ച ചെയ്യപ്പെടുന്നു. അതുകൊണ്ട് നന്നായി ശ്രദ്ധിക്കുകയും വായിക്കുന്ന വാക്യങ്ങൾ ബൈബിൾ തുറന്ന് നോക്കുകയും ചെയ്യുന്നെങ്കിൽ ഓരോ യോഗത്തിൽനിന്നും നാം വളരെയധികം പ്രയോജനം നേടും.—പ്രവൃത്തികൾ 2:1-4; എബ്രായർ 10:24, 25.
8, 9. (എ) വ്യക്തിപരമായ പഠനത്തിന് നമ്മുടെ പക്ഷത്ത് എന്ത് ആവശ്യമാണ്? (ബി) പൊന്നിന്റെ മൂല്യത്തെ ദൈവപരിജ്ഞാനം സംബന്ധിച്ച ഗ്രാഹ്യവുമായി നിങ്ങൾ എങ്ങനെ താരതമ്യം ചെയ്യും?
8 ജ്ഞാനിയായ രാജാവ് അടുത്തതായി ഇങ്ങനെ പറയുന്നു: “നീ ബോധത്തിന്നായി [“ഗ്രാഹ്യത്തിനായി,” NW] വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, . . .” (സദൃശവാക്യങ്ങൾ 2:3) ഏതുതരം മനോഭാവത്തെയാണ് ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്? യഹോവയുടെ വചനം ഗ്രഹിക്കുന്നതിനുള്ള ആത്മാർഥ ആഗ്രഹത്തെത്തന്നെ! വിവേകം നേടുകയും യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പഠിക്കാനുള്ള മനസ്സൊരുക്കത്തെ അതു സൂചിപ്പിക്കുന്നു. ഇതിന് തീർച്ചയായും ശ്രമം ആവശ്യമാണ്. ഇത് ശലോമോന്റെ അടുത്ത വാക്കുകളിലേക്കും അവൻ ഉപയോഗിക്കുന്ന ദൃഷ്ടാന്തത്തിലേക്കും നമ്മുടെ ശ്രദ്ധയെ നയിക്കുന്നു.—എഫെസ്യർ 5:15-17.
9 അവൻ തുടരുന്നു: “അതിനെ [ഗ്രാഹ്യത്തെ] വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, . . .” (സദൃശവാക്യങ്ങൾ 2:4) അമൂല്യ ലോഹങ്ങളായി കരുതപ്പെടുന്ന വെള്ളിക്കും പൊന്നിനുമായുള്ള അന്വേഷണത്തിൽ നൂറ്റാണ്ടുകളിൽ ഉടനീളം മനുഷ്യൻ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ കുറിച്ച് ഇതു നമ്മെ ഓർമിപ്പിക്കുന്നു. പൊന്നിനു വേണ്ടി മനുഷ്യൻ മനുഷ്യനെ കൊന്നിട്ടുണ്ട്. ചിലർ തങ്ങളുടെ ആയുഷ്കാലം മുഴുവനും അതു കണ്ടെത്തുന്നതിനായി ചെലവഴിച്ചിരിക്കുന്നു. എന്നാൽ യഥാർഥത്തിൽ സ്വർണത്തിന് എന്തു മൂല്യമാണുള്ളത്? നിങ്ങൾ ഒരു മരുഭൂമിയിൽ വഴിതെറ്റി അലയുകയാണെന്നു വിചാരിക്കുക. നിങ്ങൾക്കു നല്ല ദാഹമുണ്ട്. ആ സമയത്ത് ആരെങ്കിലും ഒരു സ്വർണക്കട്ടിയും ഒരു ഗ്ലാസ്സ് വെള്ളവും നിങ്ങളുടെ നേർക്ക് നീട്ടിയാൽ നിങ്ങൾ ഏതു സ്വീകരിക്കും? എന്നിട്ടും, ഇത്ര കൃത്രിമവും അസ്ഥിരവുമായ മൂല്യമുള്ള സ്വർണത്തിനു വേണ്ടി മനുഷ്യൻ എത്ര ഉത്സാഹത്തോടെയാണ് തിരച്ചിൽ നടത്തിയിട്ടുള്ളത്!a അപ്പോൾപ്പിന്നെ ജ്ഞാനവും വിവേകവും ദൈവത്തെയും അവന്റെ ഹിതത്തെയും കുറിച്ചുള്ള ഗ്രാഹ്യവും സമ്പാദിക്കുന്നതിന് നാം എത്രയധികം ഉത്സാഹം കാണിക്കേണ്ടതാണ്! അത്തരമൊരു അന്വേഷണത്തിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?—സങ്കീർത്തനം 19:7-10; സദൃശവാക്യങ്ങൾ 3:13-18.
10. ദൈവവചനം പഠിക്കുന്നെങ്കിൽ നമുക്ക് എന്തു കണ്ടെത്താൻ കഴിയും?
10 ശലോമോൻ തന്റെ വിവരണം തുടരുന്നു: “നീ യഹോവാഭക്തി [“യഹോവാഭയം,” NW] ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 2:5) എത്ര വിസ്മയകരമായ ഒരു ആശയം—പാപികളായ നമുക്ക് “ദൈവപരിജ്ഞാനം,” പ്രപഞ്ചത്തിന്റെ പരമാധികാരിയാം കർത്താവായ യഹോവയെ കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്താനാകും! (സങ്കീർത്തനം 73:28, NW; പ്രവൃത്തികൾ 4:24, NW) ലോകത്തിലെ തത്ത്വചിന്തകരും ജ്ഞാനികളുമൊക്കെ നൂറ്റാണ്ടുകളായി പ്രപഞ്ചത്തെയും ജീവനെയും സംബന്ധിച്ച രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നു. എന്നാൽ “ദൈവപരിജ്ഞാനം” കണ്ടെത്താൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട്? ദൈവവചനമായ ബൈബിളിൽ സഹസ്രാബ്ദങ്ങളായി അതു രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും അതിനെ തീരെ ലളിതമെന്നു പറഞ്ഞ് അവർ തള്ളിക്കളയുന്നു. തത്ഫലമായി അത് അംഗീകരിക്കാനോ ഗ്രഹിക്കാനോ അവർക്കു കഴിയുന്നില്ല.—1 കൊരിന്ത്യർ 1:18-21.
11. വ്യക്തിപരമായ പഠനത്തിന്റെ ചില പ്രയോജനങ്ങൾ ഏവ?
11 ദൈവവചനം പഠിക്കുന്നതിനു മറ്റൊരു പ്രേരക ഘടകം കൂടിയുണ്ട്. അടുത്തതായി ശലോമോൻ പറയുന്നു: “യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.” (സദൃശവാക്യങ്ങൾ 2:6) ജ്ഞാനം, പരിജ്ഞാനം, വിവേകം എന്നിവയ്ക്കായി അന്വേഷിക്കാൻ തയ്യാറാകുന്ന ഏവർക്കും അതു ധാരാളമായി നൽകാൻ യഹോവയ്ക്കു സന്തോഷമാണ്. തീർച്ചയായും ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം വിലമതിക്കാൻ നമുക്ക് എല്ലാ കാരണവും ഉണ്ട്, അത് ശ്രമവും അച്ചടക്കവും ത്യാഗവും ആവശ്യമാക്കിത്തീർക്കുന്നെങ്കിൽ കൂടി. ഇന്ന് നമുക്ക് ബൈബിളിന്റെ അച്ചടിച്ച പ്രതികൾ ലഭ്യമാണ്. പുരാതന നാളിലെപ്പോലെ ബൈബിളിന്റെ പ്രതികൾ സ്വന്തമായി നാം പകർത്തിയെഴുതണമായിരുന്നു എങ്കിലോ?—ആവർത്തനപുസ്തകം 17:18, 19.
യഹോവയ്ക്കു യോഗ്യമാംവണ്ണം നടക്കാൻ
12. ദൈവപരിജ്ഞാനം നേടാനുള്ള ശ്രമത്തിനു പിന്നിലെ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?
12 വ്യക്തിപരമായ പഠനത്തിനു പിന്നിലെ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം? മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാനോ വലിയ ജ്ഞാനിയാണെന്നു കാണിക്കാനോ സഞ്ചരിക്കുന്ന ബൈബിൾ വിജ്ഞാനകോശങ്ങൾ എന്ന പേരു സമ്പാദിക്കാനോ ആണോ നാം അതു ചെയ്യുന്നത്? അല്ല. ക്രിസ്തുവിന്റെ നവോന്മേഷപ്രദമായ ആത്മാവിൽ മറ്റുള്ളവരെ സഹായിക്കാൻ എല്ലായ്പോഴും ഒരുക്കമുള്ളവർ ആയിരുന്നുകൊണ്ട് ക്രിസ്ത്യാനിക്കു ചേരുംവിധം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ആയിരിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (മത്തായി 11:28-30) അപ്പൊസ്തലനായ പൗലൊസ് ഈ മുന്നറിയിപ്പു നൽകി: “അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.” (1 കൊരിന്ത്യർ 8:1) അതുകൊണ്ട് യഹോവയോടു പിൻവരുന്ന പ്രകാരം പറഞ്ഞ മോശെയുടെ താഴ്മയുള്ള മനോഭാവം നമുക്ക് അനുകരിക്കാം: “അങ്ങയുടെ വഴികൾ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാൻ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ.” (പുറപ്പാടു 33:13, പി.ഒ.സി. ബൈബിൾ) അതേ, അറിവു നേടാൻ നാം ആഗ്രഹിക്കുന്നത് ദൈവത്തെ പ്രീതിപ്പെടുത്താൻ ആയിരിക്കണം, അല്ലാതെ മനുഷ്യരിൽ മതിപ്പുളവാക്കാൻ ആയിരിക്കരുത്. ദൈവത്തിനു യോഗ്യമാംവണ്ണം നടക്കുന്ന താഴ്മയുള്ള ദൈവദാസർ ആയിരിക്കാനാണു നാം ആഗ്രഹിക്കുന്നത്. നമുക്ക് എങ്ങനെ ആ ലക്ഷ്യം നേടാൻ കഴിയും?
13. ദൈവത്തിനു യോഗ്യമാംവണ്ണം നടക്കുന്നതിന് ഒരു വ്യക്തി എന്തു ചെയ്യണം?
13 ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം എന്നതിനെ കുറിച്ച് പൗലൊസ് തിമൊഥെയൊസിന് ഈ ബുദ്ധിയുപദേശം നൽകി: “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്തുകൊണ്ട് ഒന്നിനെക്കുറിച്ചും ലജ്ജിപ്പാൻ വകയില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിനു അംഗീകാരമുള്ളവനായി സ്വയം അർപ്പിക്കാൻ നിന്റെ പരമാവധി പ്രവർത്തിക്കുക.” (2 തിമൊഥെയൊസ് 2:15, NW) ‘ശരിയായി കൈകാര്യം ചെയ്യുക’ എന്ന പ്രയോഗം വന്നിരിക്കുന്നത് “നേരെ മുറിക്കുക” എന്നർഥമുള്ള ഒരു ഗ്രീക്ക് സംയുക്ത ക്രിയയിൽ നിന്നാണ്. (രാജ്യ വരിമധ്യ ഭാഷാന്തരം) ഒരു പ്രത്യേക മാതൃക അനുസരിച്ച് തുണി മുറിക്കുന്ന ഒരു തയ്യൽക്കാരനെ അല്ലെങ്കിൽ ഒരു വയലിൽ ഉഴവുചാലുകൾ കീറുന്ന കർഷകനെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ ഒട്ടും വ്യതിചലിക്കാതെ നേരെ ചെയ്യേണ്ട കാര്യങ്ങളാണ് രണ്ടും. അപ്പോൾ ആശയം ഇതാണ്, ദൈവത്തിനു യോഗ്യമാംവണ്ണം നടക്കുന്ന, അവന്റെ അംഗീകാരമുള്ള ഒരു ദൈവദാസനായിരിക്കണമെങ്കിൽ തിമൊഥെയൊസ് തന്റെ പഠിപ്പിക്കലും പ്രവൃത്തിയും സത്യവചനത്തിനു ചേർച്ചയിലാണെന്ന് ഉറപ്പുവരുത്താൻ ‘പരമാവധി പ്രവർത്തിക്കേണ്ടിയിരുന്നു.’—1 തിമൊഥെയൊസ് 4:16.
14. വ്യക്തിപരമായ പഠനം നമ്മുടെ സംസാരത്തെയും പ്രവൃത്തിയെയും ഏതുവിധത്തിൽ സ്വാധീനിക്കണം?
14 “സകലവിധ സത്പ്രവൃത്തികളിലും ഫലം കായിച്ചുകൊണ്ടിരിക്കയും ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽ വർധിച്ചുവരികയും ചെയ്തുകൊണ്ട് [യഹോവയെ] പൂർണമായി പ്രസാദിപ്പിക്കുന്നതിന് അവനു യോഗ്യമാംവണ്ണം നട”ക്കാൻ കൊലൊസ്സ്യയിലെ തന്റെ സഹ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചപ്പോൾ പൗലൊസ് ഇതേ കാര്യം വ്യക്തമാക്കി. (കൊലൊസ്സ്യർ 1:10, NW) ഇവിടെ പൗലൊസ് യഹോവയ്ക്ക് യോഗ്യമാംവണ്ണം നടക്കുന്നതിനെ ‘സകലവിധ സത്പ്രവൃത്തികളിലും ഫലം കായ്ക്കു’ന്നതുമായും ‘ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽ വർധിച്ചുവരു’ന്നതുമായും ബന്ധപ്പെടുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാം അറിവിനെ എത്രമാത്രം വിലമതിക്കുന്നു എന്നതു മാത്രമല്ല, പിന്നെയോ സംസാരത്തിലും പ്രവൃത്തിയിലും നാം ദൈവവചനത്തോട് എത്രമാത്രം പറ്റിനിൽക്കുന്നു എന്നതും യഹോവയെ സംബന്ധിച്ചു പ്രധാനമാണ്. (റോമർ 2:21, 22) ഇതിന്റെ അർഥം ദൈവത്തെ പ്രസാദിപ്പിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ വ്യക്തിപരമായ പഠനം നമ്മുടെ ചിന്തയെയും പ്രവൃത്തികളെയും സ്വാധീനിക്കണം എന്നാണ്.
15. നമുക്ക് എങ്ങനെ നമ്മുടെ മനസ്സിനെയും ചിന്തകളെയും നിയന്ത്രിക്കാനും സംരക്ഷിക്കാനും സാധിക്കും?
15 ഇന്ന്, ഒരു മാനസിക പോരാട്ടത്തെ ഉന്നമിപ്പിച്ചുകൊണ്ട് നമ്മുടെ ആത്മീയതയെ തകർക്കാൻ സാത്താൻ ദൃഢചിത്തനാണ്. (റോമർ 7:14-25) അതുകൊണ്ട് നമ്മുടെ ദൈവമായ യഹോവയ്ക്കു യോഗ്യമാംവണ്ണം നടക്കുന്നതിന് നാം നമ്മുടെ മനസ്സിനെയും ചിന്തകളെയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്കുള്ള ആയുധം ‘ദൈവപരിജ്ഞാനം’ ആണ്. അതിന് “ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചട”ക്കാനുള്ള ശക്തിയുണ്ട്. ഇത്, മനസ്സിൽനിന്ന് സ്വാർഥവും ജഡികവുമായ എല്ലാ ചിന്തകളും നിർമാർജനം ചെയ്യാൻ ആഗ്രഹിക്കുന്ന നമുക്ക് ദിവസേനയുള്ള ബൈബിൾ പഠനത്തിനു ശ്രദ്ധനൽകാൻ കൂടുതലായ കാരണം നൽകുന്നു.—2 കൊരിന്ത്യർ 10:5.
ഗ്രാഹ്യം നേടുന്നതിനുള്ള സഹായികൾ
16. യഹോവ പഠിപ്പിക്കുമ്പോൾ നമുക്ക് എങ്ങനെ അതിൽനിന്നു പ്രയോജനം നേടാനാകും?
16 യഹോവയുടെ പഠിപ്പിക്കൽ ആത്മീയവും ഭൗതികവുമായ പ്രയോജനങ്ങൾ കൈവരുത്തുന്നു. പ്രായോഗിക മൂല്യമില്ലാത്ത മുഷിപ്പൻ ദൈവശാസ്ത്രമല്ല അത്. അതുകൊണ്ട് നാം ഇങ്ങനെ വായിക്കുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17) നാം ശുഭകരമായി നടക്കാൻ യഹോവ ഇടയാക്കുന്നത് എങ്ങനെയാണ്? ഒന്നാമതായി, നമുക്ക് അവന്റെ നിശ്വസ്ത വചനമായ വിശുദ്ധ ബൈബിൾ ഉണ്ട്. നാം നിരന്തരം പരിശോധിക്കുന്ന നമ്മുടെ അടിസ്ഥാന പാഠപുസ്തകമാണ് അത്. ക്രിസ്തീയ യോഗങ്ങളിൽ വായിക്കുന്ന വാക്യങ്ങൾ ബൈബിൾ തുറന്നു പരിശോധിക്കേണ്ടത് അതുകൊണ്ടാണ്. അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ പ്രവൃത്തികൾ 8-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള എത്യോപ്യൻ ഷണ്ഡനെ കുറിച്ചുള്ള വിവരണത്തിൽനിന്നു കാണാൻ കഴിയും.
17. എത്യോപ്യൻ ഷണ്ഡന്റെ കാര്യത്തിൽ എന്താണു സംഭവിച്ചത്, ഇത് എന്തു വ്യക്തമാക്കുന്നു?
17 എത്യോപ്യൻ ഷണ്ഡൻ യഹൂദ മതത്തിലേക്കു പരിവർത്തനം ചെയ്ത ഒരു വ്യക്തി ആയിരുന്നു. അവൻ ദൈവത്തിൽ പൂർണമായി വിശ്വസിക്കുകയും തിരുവെഴുത്തുകൾ പഠിക്കുകയും ചെയ്തിരുന്നു. തേരിൽ ഇരുന്ന് യെശയ്യാ പുസ്തകം വായിക്കുകയായിരുന്ന ഷണ്ഡനോട് “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ” എന്ന് തേരിനൊപ്പം ഓടിച്ചെന്ന ഫിലിപ്പൊസ് ചോദിച്ചപ്പോൾ അവന്റെ മറുപടി എന്തായിരുന്നു? “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.” തുടർന്ന്, പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിൽ യെശയ്യാ പ്രവചനം ഗ്രഹിക്കാൻ ഫിലിപ്പൊസ് ഷണ്ഡനെ സഹായിച്ചു. (പ്രവൃത്തികൾ 8:27-35) ഇത് എന്തു വ്യക്തമാക്കുന്നു? വ്യക്തിപരമായ ബൈബിൾ വായന മാത്രം മതിയാകുന്നില്ല എന്ന്. യഹോവ തന്റെ ആത്മാവിനാൽ, നമുക്ക് തക്കസമയത്ത് അവന്റെ വചനത്തെ കുറിച്ചുള്ള ഗ്രാഹ്യം നൽകുന്നതിന് വിശ്വസ്തനും വിവേകിയുമായ അടിമ വർഗത്തെ ഉപയോഗിക്കുന്നു. എങ്ങനെ?—മത്തായി 24:45-47, NW; ലൂക്കൊസ് 12:42, NW.
18. വിശ്വസ്തനും വിവേകിയുമായ അടിമവർഗം നമ്മെ സഹായിക്കുന്നത് എങ്ങനെ?
18 അടിമവർഗത്തെ “വിശ്വസ്തനും വിവേകിയും” എന്നു വിളിച്ചിട്ടുണ്ടെങ്കിലും അവർ അപ്രമാദിത്വം ഉള്ളവർ അഥവാ തെറ്റു പറ്റാത്തവർ ആയിരിക്കുമെന്ന് യേശു പറഞ്ഞില്ല. വിശ്വസ്ത അഭിഷിക്ത സഹോദരങ്ങളുടെ ഈ സംഘത്തിൽ അടങ്ങിയിരിക്കുന്നതും അപൂർണ ക്രിസ്ത്യാനികൾ തന്നെയാണ്. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുമ്പോഴും അവർക്കു തെറ്റു പറ്റാം, ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്തർക്കു ചിലപ്പോഴൊക്കെ സംഭവിച്ചതുപോലെ. (പ്രവൃത്തികൾ 10:9-15; ഗലാത്യർ 2:8, 11-14) എന്നിരുന്നാലും അവരുടെ ആന്തരം ശുദ്ധമാണ്. ദൈവത്തിന്റെ വചനത്തിലും വാഗ്ദാനങ്ങളിലും നമ്മുടെ വിശ്വാസം വളർത്തുന്നതിന് ആവശ്യമായ ബൈബിൾ പഠന സഹായികൾ ലഭ്യമാക്കാൻ യഹോവ അവരെ ഉപയോഗിക്കുന്നു. വ്യക്തിപരമായ പഠനത്തിനായി അടിമ നമുക്ക് പ്രദാനം ചെയ്തിട്ടുള്ള അടിസ്ഥാന ഉപകരണം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്) ആണ്. ഇപ്പോൾ, പൂർണമായോ ഭാഗികമായോ അത് 42 ഭാഷകളിൽ ലഭ്യമാണ്. അതിന്റെ വ്യത്യസ്ത പതിപ്പുകളുടെ 11.4 കോടി പ്രതികൾ അച്ചടിക്കപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ പഠനത്തിൽ നമുക്കെങ്ങനെ അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും?—2 തിമൊഥെയൊസ് 3:14-17.
19. വ്യക്തിപരമായ പഠനത്തിൽ ഉപയോഗപ്രദം ആയേക്കാവുന്ന പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിന്റെ ചില സവിശേഷതകൾ ഏവ?
19 ഉദാഹരണത്തിന് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിന്റെ (ഇംഗ്ലീഷ്) കാര്യം എടുക്കുക. ഒത്തുവാക്യങ്ങൾ, അടിക്കുറിപ്പുകൾ, “ബൈബിൾ പദസൂചിക”യുടെയും [“Bible Words Indexed”] “അടിക്കുറിപ്പിലെ വാക്കുകളുടെ സൂചിക”യുടെയും [“Footnote Words Indexed”] രൂപത്തിലുള്ള ഒരു ചെറിയ കൺകോർഡൻസ്, ഭൂപടങ്ങളും ചാർട്ടുകളും ഉൾപ്പെടുത്തിക്കൊണ്ട് 43 വിഷയങ്ങളെ കുറിച്ചു വിശദമായി ചർച്ച ചെയ്യുന്ന ഒരു അനുബന്ധം എന്നിവയെല്ലാം അതിന്റെ സവിശേഷതകളാണ്. കൂടാതെ, അനുപമമായ ഈ ബൈബിൾ പരിഭാഷയ്ക്കായി ഉപയോഗിച്ച അനേകം മൂലപ്രമാണങ്ങളെ കുറിച്ചുള്ള വിശദീകരണം ഉൾക്കൊള്ളുന്ന ഒരു “ആമുഖ”വും അതിനുണ്ട്. നിങ്ങൾക്കു മനസ്സിലാകുന്ന ഒരു ഭാഷയിൽ അതു ലഭ്യമാണെങ്കിൽ, ഈ സവിശേഷതകളുമായി നന്നായി പരിചയത്തിലാകുകയും അവ ഉപയോഗിക്കുകയും ചെയ്യുക. എന്തായിരുന്നാലും നമ്മുടെ പഠന പരിപാടിക്ക് ആവശ്യമായിരിക്കുന്ന അടിസ്ഥാന ഉപകരണം ബൈബിളാണ്. പുതിയലോക ഭാഷാന്തരം ദിവ്യനാമത്തിന് അർഹിക്കുന്ന ഊന്നൽ നൽകുകയും അങ്ങനെ ദൈവരാജ്യഭരണത്തെ വിശേഷവത്കരിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 149:1-9; ദാനീയേൽ 2:44; മത്തായി 6:9, 10.
20. വ്യക്തിപരമായ പഠനത്തെ കുറിച്ചുള്ള ഏതു ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം ലഭിക്കേണ്ടതുണ്ട്?
20 ഇപ്പോൾ, നാം ചോദിച്ചേക്കാം: ‘ബൈബിൾ മനസ്സിലാക്കുന്നതിന് നമുക്ക് കൂടുതലായ എന്തു സഹായമാണ് ആവശ്യമായിരിക്കുന്നത്? വ്യക്തിപരമായ പഠനത്തിന് എങ്ങനെ സമയം കണ്ടെത്താനാകും? നമ്മുടെ പഠനം എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം? നമ്മുടെ പഠനത്തിന് മറ്റുള്ളവരുടെ മേലുള്ള ഫലം എന്തായിരിക്കണം?’ നമ്മുടെ ക്രിസ്തീയ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട ഈ പ്രധാന ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a 1979-നു ശേഷം സ്വർണത്തിന്റെ മൂല്യത്തിൽ വന്നിട്ടുള്ള വ്യത്യാസം പരിശോധിച്ചാൽ, 1980-ൽ 31 ഗ്രാമിന് 850 ഡോളർ ആയിരുന്നത് 1999-ൽ 252.80 ഡോളറായി കുറഞ്ഞതായി കാണാം.
നിങ്ങൾ ഓർമിക്കുന്നുവോ?
• “ധ്യാനിക്കുക” എന്നതിന്റെ അർഥം എന്ത്?
• ദൈവവചനത്തിന്റെ പഠനത്തോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
• വ്യക്തിപരമായ പഠനത്തിനു പിന്നിലെ ലക്ഷ്യം എന്തായിരിക്കണം?
• ബൈബിൾ ഗ്രാഹ്യം നേടുന്നതിന് നമുക്ക് ഏതൊക്കെ സഹായികൾ ഉണ്ട്?
[15-ാം പേജിലെ ചിത്രം]
ഒരു ബൈബിൾ വാക്യം പരിചിന്തിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് തങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതായി ബെഥേൽ കുടുംബാംഗങ്ങൾ കണ്ടെത്തുന്നു
[15-ാം പേജിലെ ചിത്രങ്ങൾ]
യാത്രാവേളകളിൽ ബൈബിൾ ടേപ്പുകൾ ശ്രദ്ധിച്ചുകൊണ്ട് വിലപ്പെട്ട സമയം പ്രയോജനപ്രദമായി ഉപയോഗിക്കാനാകും
[16-ാം പേജിലെ ചിത്രം]
സ്വർണം കണ്ടെത്തുന്നതിന് മനുഷ്യർ കഠിന പ്രയത്നം ചെയ്തിരിക്കുന്നു. ദൈവവചനം പഠിക്കാൻ നിങ്ങൾ എത്രമാത്രം ശ്രമം ചെയ്യുന്നു?
[കടപ്പാട്]
Courtesy of California State Parks, 2002
[17-ാം പേജിലെ ചിത്രങ്ങൾ]
നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന ഒരു നിധിയാണു ബൈബിൾ