ക്ഷാമകാലത്തു ജീവൻ സംരക്ഷിക്കൽ
1. സമൃദ്ധിയുടെ വർഷങ്ങളിൽ യോസേഫ് ഏതു ബുദ്ധിപൂർവ്വമായ നടപടി സ്വീകരിച്ചു, ഫലമെന്തായിരുന്നു?
ഭക്ഷ്യകാര്യനിർവ്വഹകനായുള്ള തന്റെ നിയമനശേഷം യോസേഫ് ഉടൻതന്നെ ഈജിപററ്ദേശത്തു പര്യടനം നടത്തി. സുഭിക്ഷകാലം തുടങ്ങിയപ്പോഴേക്ക് അവൻ കാര്യങ്ങൾ നന്നായി ക്രമീകരിച്ചു. ഇപ്പോൾ ദേശം സമൃദ്ധമായി വിളവുൽപ്പാദിപ്പിച്ചു! യോസേഫ് ഓരോ നഗരത്തിനും ചുററുമുള്ള വയലിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങി നഗരത്തിൽ ശേഖരിച്ചു പോന്നു. അവൻ സമുദ്രത്തിലെ മണൽപോലെ “വളരെ വലിയ അളവിൽ ധാന്യം കൂനകൂട്ടിക്കൊണ്ടിരുന്നു, ഒടുവിൽ അവർ എണ്ണം നിർത്തി, എന്തുകൊണ്ടെന്നാൽ അത് എണ്ണമില്ലാതെയായിരുന്നു.”—ഉല്പത്തി 41:46-49.
2. ഏതു വ്യക്തിപരമായ ത്യാഗം ചെയ്തതിനാൽ ജനങ്ങൾക്ക് ആഹാരം ലഭിക്കാൻ കഴിഞ്ഞു?
2 ഏഴുവർഷത്തെ സമൃദ്ധി അവസാനിച്ചു. യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, ക്ഷാമം തുടങ്ങി—ഈജിപ്ററിൽ മാത്രമല്ല, “സർവ്വഭൂതലത്തിലുമുള്ള” ഒരു ക്ഷാമം തന്നെ. ഈജിപ്ററിലെ വിശന്നു വലഞ്ഞ ജനം ഫറവോനോട് അപ്പത്തിനായി മുറവിളികൂട്ടിയപ്പോൾ ഫറവോൻ അവരോട് “യോസേഫിന്റെ അടുക്കൽ പോകുക. അവൻ നിങ്ങളോടു പറയുന്ന എന്തും നിങ്ങൾ ചെയ്യേണ്ടതാണ്” എന്നു പറഞ്ഞു. ഈജിപ്ററുകാരുടെ പണം തീരുന്നതുവരെ യോസേഫ് അവർക്കു ധാന്യം വിററു. അപ്പോൾ അവൻ അവരുടെ കന്നുകാലികളെ വിലയായി സ്വീകരിച്ചു. ഒടുവിൽ “അപ്പത്തിനുപകരം ഞങ്ങളെയും ഞങ്ങളുടെ ദേശത്തെയും വാങ്ങുക, ഞങ്ങളുടെ ദേശത്തോടുകൂടെ ഞങ്ങളും ഫറവോന്റെ അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞുകൊണ്ട് ജനം യോസേഫിനെ സമീപിച്ചു. അങ്ങനെ യോസേഫ് ഫറവോനുവേണ്ടി ഈജിപ്ററുകാരുടെ സകലദേശവും വാങ്ങി.—ഉല്പത്തി 41:53-57; 47:13-20.
ആത്മീയ പോഷിപ്പിക്കലിനുള്ള കരുതൽ
3. തക്കസമയത്ത് ആഹാരം പ്രദാനം ചെയ്യുന്നതിന് യേശു ഏതു ഏജൻസി ഉണ്ടായിരിക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞു?
3 യോസേഫ് വിതരണം ചെയ്ത ധാന്യം ഈജിപ്ററുകാരുടെ ജീവൻ നിലനിർത്തിയതുപോലെ, വലിപ്പമേറിയ യോസേഫാകുന്ന യേശുക്രിസ്തുവിലൂടെ യഹോവക്കുവേണ്ടി ചെയ്യുന്ന തങ്ങളുടെ സമർപ്പണത്താൽ അവന്റെ അടിമകളായിത്തീരുന്ന ക്രിസ്ത്യാനികളുടെ ജീവൻ നിലനിർത്തുന്നതിന് യഥാർത്ഥ ആത്മീയാഹാരം ആവശ്യമാണ്. ഈ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം വഹിക്കുന്നത് തന്റെ അഭിഷിക്തപാദാനുഗാമികളായിരിക്കുമെന്ന് യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്തു മുൻകൂട്ടിപ്പറയുകയുണ്ടായി. “തന്റെ വീട്ടുകാർക്ക് തക്കസമയത്ത് അവരുടെ ആഹാരം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ ആക്കിവെച്ച വിശ്വസ്തനും വിവേകിയുമായ അടിമ ആർ?” എന്ന് അവൻ ചോദിച്ചു. “അവന്റെ യജമാനൻ വന്നെത്തുമ്പോൾ അവൻ അങ്ങനെ ചെയ്യുന്നതായി കണ്ടെത്തുന്നെങ്കിൽ ആ അടിമ സന്തുഷ്ടനാകുന്നു.”—മത്തായി 24:45,46.
4. ഇന്നത്തെ “അടിമ”വർഗ്ഗം ചെയ്തിരിക്കുന്ന കരുതൽ യോസേഫിന്റെ നാളിൽ ക്രമീകരിക്കപ്പെട്ടതിനോട് ഒത്തുവരുന്നതെങ്ങനെ?
4 ഈ “വിശ്വസ്തനായ അടിമ”യുടെ വിശ്വസ്തശേഷിപ്പു വർഗ്ഗം ഇന്ന് യഹോവയുടെ സമർപ്പിതസാക്ഷികൾക്കും അതുപോലെതന്നെ ലോകത്തിലെ താൽപ്പര്യക്കാർക്കും ജീവൻ നിലനിർത്തുന്ന ആത്മീയാഹാരം ലഭിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് തിരുവെഴുത്തുപരമായി പരമാവധി ശ്രമിക്കുന്നു. ഈ ഉത്തരവാദിത്തം ഒരു പാവനകർത്തവ്യമായും യഹോവക്കുള്ള ഒരു പവിത്രസേവനമായും അംഗീകരിക്കപ്പെടുന്നു. തന്നെയുമല്ല, “അടിമ” സഭകൾ സംഘടിപ്പിക്കുകയും അവയ്ക്ക് ബൈബിൾ സാഹിത്യം പ്രദാനം ചെയ്യുകയും ചെയ്തിരിക്കുന്നു. സഭകൾക്ക് അവയുടെ നിയമിത വയലുകളിൽ പരസ്യമായി വിതയ്ക്കുന്നതിന് വേണ്ടത്ര രാജ്യ“വിത്ത്” ഉണ്ടായിരിക്കാൻതക്ക അളവിൽ അവ ലഭ്യമായിരിക്കുന്നു. ഇത് യോസേഫിന്റെ നാളിനോട് ഒത്തു വരുന്നു, അന്ന് അവൻ ജനങ്ങളെ നഗരങ്ങളിൽ കൂട്ടിവരുത്തുകയും അവർക്ക് നിലനിൽപ്പിനുവേണ്ടി മാത്രമല്ല, പിൽക്കാല വിളവിനെ മുന്നിൽകണ്ടുകൊണ്ട് വിതക്കാനുമായി ധാന്യം പ്രദാനം ചെയ്തു.—ഉല്പത്തി 47:21-25; മർക്കോസ് 4:14,20; മത്തായി 28:19,20.
5. (എ) പ്രതിസന്ധിയുടെ കാലത്ത് “അടിമ” വീട്ടുകാരുടെ ആവശ്യങ്ങൾക്ക് ഏതു പ്രത്യേക ശ്രദ്ധ കൊടുക്കുന്നു? (ബി) 1986-ലെ ആത്മീയ കരുതലുകളുടെ “കവിഞ്ഞൊഴുക്ക്” യോസേഫിന്റെ കാലത്തെ വിതരണങ്ങളോട് എങ്ങനെ ഒക്കുന്നു?
5 പരസ്യപ്രസംഗവേല നിരോധിക്കപ്പെട്ടിരിക്കുമ്പോഴും യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുമ്പോഴും പോലും ഈ ആത്മീയാഹാരത്തിന്റെ വിതരണം ഒരു പരിപാവനകർത്തവ്യമാണെന്ന് ‘വിശ്വസ്തനായ അടിമ’ വീക്ഷിക്കുന്നു. (പ്രവൃത്തികൾ 5:29,41,42; 14:19-22) കൊടുങ്കാററുകൾ, പ്രളയങ്ങൾ, ഭൂകമ്പങ്ങൾ എന്നിങ്ങനെയുള്ള വിപത്തുകൾ നേരിടുമ്പോൾ ദൈവത്തിന്റെ ഭവനക്കാരുടെ ശാരീരികവും ആത്മിയവുമായ ആവശ്യങ്ങൾ നിറവേററുന്നതിൽ “അടിമ” ശ്രദ്ധിക്കുന്നു. തടങ്കൽപാളയങ്ങളിൽ ഉള്ളവർക്കുപോലും ക്രമമായി അച്ചടിച്ച വചനം എത്തിച്ചുകൊടുത്തിട്ടുണ്ട്. ആത്മീയാഹാരം ആവശ്യമുള്ളവർക്ക് അത് എത്തിച്ചുകൊടുക്കുന്നതിനെ തടയാൻ ദേശീയാതിർത്തികളെ അനുവദിക്കുന്നില്ല. വിതരണം തുടരുന്നതിന് ധൈര്യവും യഹോവയിലുള്ള വിശ്വാസവും മിക്കപ്പോഴും ഗണ്യമായ വൈദഗ്ദ്ധ്യവും ആവശ്യമാണ്. 1986-ൽ മാത്രം ലോകവ്യാപകമായി 4,39,58,303 ബൈബിളുകളുടെയും കട്ടിബയൻറിട്ട പുസ്തകങ്ങളുടെയും 55,02,16,455 മാസികകളുടെയും ഒരു കവിഞ്ഞൊഴുക്കാണ് “അടിമ” ഉളവാക്കിയത്—യഥാർത്ഥത്തിൽ “സമുദ്രത്തിലെ മണൽപോലെ ഒരു വളരെ വലിയ അളവ്.”
പ്രതികാരം, ശിക്ഷ അല്ലെങ്കിൽ കരുണ?
6, 7. (എ) ക്ഷാമം പത്ത് അർദ്ധസഹോദരൻമാർ യോസേഫിന്റെ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്യുന്നതിൽ കലാശിച്ചതെങ്ങനെ? (ബി) യോസേഫുതന്നെ ഇപ്പോൾ എങ്ങനെ പരിശോധനയിലായിരുന്നു?
6 ഒടുവിൽ ക്ഷാമം കനാൻദേശത്തെത്തി. യാക്കോബ് ധാന്യം വാങ്ങുന്നതിന് യോസേഫിന്റെ പത്ത് അർദ്ധ സഹോദരൻമാരെ ഈജിപ്ററിലേക്കയച്ചു. എന്നാൽ അവൻ പറഞ്ഞപ്രകാരം “ഒരു മാരകമായ അപകടം അവനു നേരിട്ടേക്കാം” എന്ന ഭീതിയാൽ യോസേഫിന്റെ ഏക പൂർണ്ണ സഹോദരനായ ബന്യാമീനെ അവൻ അയച്ചില്ല. ധാന്യവില്പന നടത്തിക്കൊണ്ടിരുന്നത് യോസേഫായിരുന്നതുകൊണ്ട് അവന്റെ സഹോദരൻമാർ അവന്റെ അടുക്കൽ ചെല്ലുകയും അവന്റെ മുമ്പാകെ സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തു. അവർ തങ്ങളുടെ സഹോദരനെ തിരിച്ചറിഞ്ഞില്ലെങ്കിലും യോസേഫ് അവരെ അറിഞ്ഞു.—ഉല്പത്തി 42:1-7.
7 ഇപ്പോൾ യോസേഫ് അവരെ സംബന്ധിച്ച തന്റെ മുൻ സ്വപ്നങ്ങൾ ഓർത്തു. എന്നാൽ അവൻ എന്താണ് ചെയ്യേണ്ടിയിരുന്നത്? അവൻ പകരംവീട്ടണമോ? അവരുടെ വലിയ ആവശ്യത്തിന്റെ സമയത്ത്, അവരിൽ നിന്ന് അവനു ലഭിച്ചിരുന്ന പെരുമാററം അവൻ വിസ്മരിക്കണമോ? അവരുടെ പിതാവിന്റെ വേദനാകരമായ ദുഃഖം സംബന്ധിച്ചെന്ത്? അതു വിസ്മരിക്കണമോ? അവന്റെ സഹോദരൻമാർ ചെയ്തിരുന്ന വലിയ തെററിനെക്കുറിച്ച് അവർ ഇപ്പോൾ എങ്ങനെ വിചാരിച്ചു? ഈ കാര്യത്തിൽ യോസേഫും പരിശോധനയിൻകീഴായിരുന്നു. അവന്റെ പ്രവർത്തനങ്ങൾ, 1 പത്രോസ് 2:22, 23-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന പ്രകാരം, വലിപ്പമേറിയ യോസേഫായ യേശുക്രിസ്തു പിന്നീടു പ്രകടമാക്കുന്ന മനോഭാവത്തോടു ചേർച്ചയിലായിരിക്കുമോ: “അവൻ പാപം ചെയ്തില്ല. അവന്റെ വായിൽ വഞ്ചന കാണപ്പെട്ടുമില്ല. അവൻ ശകാരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ, അവൻ തിരിച്ച് ശകാരിച്ചില്ല. അവൻ കഷ്ടപ്പെട്ടപ്പോൾ അവൻ ഭീഷണിപ്പെടുത്തിയില്ല, എന്നാൽ തന്നേത്തന്നെ നീതിപൂർവ്വം ന്യായം വിധിക്കുന്നവനെ ഭരമേൽപ്പിച്ചുകൊണ്ടിരുന്നു.”
8. യോസേഫ് എന്തിനാൽ നയിക്കപ്പെടും, ഇത് യേശുവിന്റെയും അവന്റെ ശിഷ്യൻമാരുടെയും കാര്യത്തിൽ എന്തിനെ ദൃഷ്ടാന്തീകരിക്കുന്നു?
8 സംഭവങ്ങളുടെ നടത്തിപ്പിൽ യോസേഫിന് യഹോവയുടെ കൈ കാണാൻ കഴിഞ്ഞതുകൊണ്ട് യഹോവയുടെ നിയമങ്ങളും തത്വങ്ങളും പാലിക്കുന്നതിൽ അവൻ ശ്രദ്ധാലുവായിരിക്കും. ഇതേ വിധത്തിൽ ‘തന്നിൽ വിശ്വാസമർപ്പിക്കുന്ന ഏവനും’ നിത്യജീവൻ കൊടുക്കവേ ‘തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിന്’ യേശുവിന് എല്ലായ്പ്പോഴും ആകാംക്ഷയുണ്ടായിരുന്നു. (യോഹന്നാൻ 6:37-40) “ക്രിസ്തുവിനു പകരമുള്ള സ്ഥാനപതികൾ” എന്ന നിലയിൽ അവന്റെ അഭിഷിക്ത ശിഷ്യൻമാരും “ഈ ജീവനെക്കുറിച്ചുള്ള സകല വചനങ്ങളും സംസാരിക്കുന്നതിൽ” തങ്ങളുടെ പാവനമായ ഉത്തരവാദിത്തം നിറവേററുന്നു.—2 കൊരിന്ത്യർ 5:20; പ്രവൃത്തികൾ 5:20.
9, 10. (എ) യോസേഫ് ഇപ്പോൾ എന്തു പ്രവർത്തനഗതി സ്വീകരിച്ചു, എന്തുകൊണ്ട്? (ബി) യേശു കാണിക്കുമായിരുന്ന അനുകമ്പയോടു താരതമ്യപ്പെടുത്താവുന്ന അനുകമ്പ യോസേഫ് പ്രകടമാക്കിയതെങ്ങനെ?
9 യോസേഫ് ഉടൻതന്നെ തന്റെ സഹോദരൻമാർക്കു തന്നേത്തന്നെ വെളിപ്പെടുത്തിയില്ല. പകരം ഒരു ദ്വിഭാഷി മുഖേന പരുഷമായി സംസാരിച്ചുകൊണ്ട് “നിങ്ങൾ ചാരൻമാരാകുന്നു!” എന്ന് അവൻ പറഞ്ഞു. അവർ ഒരു ഇളയ സഹോദരനെക്കുറിച്ചു പറഞ്ഞിരുന്നതുകൊണ്ട്, അവനെ ഈജിപ്ററിലേക്കു കൊണ്ടുവരുന്നതിനാൽ അവരുടെ സത്യത തെളിയിക്കാൻ യോസേഫ് ആവശ്യപ്പെട്ടു. ഈ സംഭവഗതികൾ തങ്ങൾ യോസേഫിനെ അടിമത്തത്തിലേക്കു വിററതിന്റെ പ്രതിഫലമായിരിക്കണമെന്ന് അവർ അനുതാപപൂർവ്വം അന്യോന്യം പറയുന്നത് യോസേഫ് മറഞ്ഞുനിന്നു കേട്ടു. യോസേഫ് മാറിനിന്നു കരഞ്ഞു. എന്നിരുന്നാലും, അവർ ബന്യാമീനെയും കൊണ്ട് മടങ്ങിയെത്തുന്നതുവരെ അവൻ ശിമയോനെ ജാമ്യത്തടവുകാരനായി ബന്ധിച്ചിട്ടു.—ഉല്പത്തി 42:9-24.
10 യോസേഫ് തന്നോടു ചെയ്യപ്പെട്ട അപരാധത്തിന് പകരം വീട്ടുകയായിരുന്നില്ല. അവരോടു കരുണ കാണിക്കത്തക്കവണ്ണം അവരുടെ ഹൃദയത്തിന്റെ ആഴത്തിൽനിന്നുള്ള യഥാർത്ഥ അനുതാപം അവർക്കുണ്ടോയെന്ന് തിട്ടപ്പെടുത്താൻ അവൻ ആഗ്രഹിച്ചു. (മലാഖി 3:7; യാക്കോബ് 4:8) യേശു പ്രകടമാക്കുമായിരുന്ന അനുകമ്പാർദ്രമായ മനോഭാവത്തോടു സമാനമായ മനോഭാവത്തോടെ യോസേഫ് അവരുടെ ചാക്കുകളിൽ ധാന്യം നിറക്കുകമാത്രമല്ല, ഓരോരുത്തരുടെയും ചാക്കിന്റെ വായ്കളിൽ അവരുടെ പണം തിരികെ വെക്കുകയും ചെയ്തു. കൂടാതെ, അവരുടെ യാത്രയ്ക്കുള്ള കരുതലുകളും അവൻ ചെയ്തു.—ഉല്പത്തി 42:25-35; മത്തായി 11:28-30 താരതമ്യപ്പെടുത്തുക.
11. (എ) കാലക്രമത്തിൽ എന്തുചെയ്യാൻ യാക്കോബ് നിർബ്ബന്ധിതനായി, അവൻ ഒടുവിൽ എന്തിനു സമ്മതിച്ചു? (ബി) അതുപോലെ റോമർ 8:32-ഉം 1 യോഹന്നാൻ 4:10-ഉം നമുക്ക് ദൈവസ്നഹത്തിന് ഉറപ്പു നൽകുന്നതെങ്ങനെ?
11 കാലക്രമത്തിൽ അവർ ഈജിപ്ററിൽനിന്നു കൊണ്ടുവന്നിരുന്ന ഭക്ഷ്യം തിന്നുതീർത്തു. തന്റെ ഒൻപതു പുത്രൻമാരോട് മടങ്ങിച്ചെന്ന് കൂടുതൽ വാങ്ങാൻ യാക്കോബ് ആവശ്യപ്പെട്ടു. നേരത്തെ അവൻ ബന്യാമീനെ സംബന്ധിച്ച് ഇങ്ങനെ വാദിച്ചിരുന്നു: “എന്റെ മകൻ നിങ്ങളോടുകൂടെ പോരുകയില്ല, എന്തുകൊണ്ടെന്നാൽ അവന്റെ സഹോദരൻ മരിച്ചു, അവൻ മാത്രം ശേഷിച്ചിരിക്കുന്നു. നിങ്ങൾ പോകുന്ന വഴിയിൽ അവന് മാരകമായ ഒരു അപകടം നേരിടുന്നുവെങ്കിൽ, അപ്പോൾ നിങ്ങൾ തീർച്ചയായും എന്റെ നരച്ചമുടിയെ ദുഃഖത്തോടെ ഷീയോളിലേക്ക് ഇറക്കും.” എന്നിരുന്നാലും, വളരെയധികം പ്രേരണ ചെലുത്തിയ ശേഷവും ബന്യാമീനുവേണ്ടി വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നുള്ള യഹൂദയുടെ വാഗ്ദാനത്തിനുശേഷവും യാക്കോബ് വൈമുഖ്യത്തോടെ അവനെ അവരോടുകൂടെ കൊണ്ടുപോകാൻ സമ്മതിക്കുന്നു.—ഉല്പത്തി 42:36-43:14.
12, 13. (എ) യോസേഫ് തന്റെ സഹോദരൻമാരുടെ ഹൃദയഭാവം വെളിപ്പെടുത്തുന്നതിന് ഒരു പരിശോധന നടത്തിയതെങ്ങനെ? (ബി) ഫലം കരുണ കാണിക്കുന്നതിന് യോസേഫിന് ഒരു അടിസ്ഥാനം കൊടുത്തതെങ്ങനെ?
12 ബന്യാമീൻ സഹോദരൻമാരോടു കൂടെ വന്നിരിക്കുന്നതായി യോസേഫ് കണ്ടപ്പോൾ അവൻ അവരെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെ അവൻ ഒരു വിരുന്നൊരുക്കി. ബന്യാമീനുവേണ്ടി അവൻ മററ് ഓരോരുത്തരുടെയും ഓഹരിയുടെ അഞ്ചിരട്ടി കരുതി. അനന്തരം യോസേഫ് സഹോദരൻമാരെ അന്തിമമായി ഒന്നു പരിശോധിച്ചു. വീണ്ടും അവൻ ഓരോരുത്തരുടെയും ചാക്കിൽ വെച്ച് എല്ലാവരുടെയും പണം തിരികെ കൊടുത്തു. എന്നാൽ അവന്റെ സ്വന്തം പ്രത്യേക വെള്ളിക്കപ്പ് ബന്യാമീന്റെ ചാക്കിന്റെ വായ്ക്കൽ വെച്ചു. അവർ പോയശേഷം അവരുടെമേൽ മോഷണക്കുററം ആരോപിക്കുന്നതിനും തന്റെ കപ്പ് തിരയുന്നതിനും വേണ്ടി യോസേഫ് തന്റെ ഗൃഹവിചാരകനെ അയച്ചു. കപ്പ് ബന്യാമീന്റെ ചാക്കിൽ കണ്ടെത്തിയപ്പോൾ സഹോദരൻമാർ തങ്ങളുടെ അങ്കികൾ കീറി. യോസേഫിനെ അഭിമുഖീകരിക്കാൻ അവർ തിരികെ നയിക്കപ്പെട്ടു. യഹൂദാ കരുണക്കുവേണ്ടി വികാരോജ്ജ്വലമായ ഒരു വാദം നടത്തി. കുട്ടിയെ അവന്റെ പിതാവിന്റെ അടുക്കലേക്ക് മടക്കിക്കൊണ്ടുപോകാൻ കഴിയേണ്ടതിന് അവന്റെ സ്ഥാനത്ത് താൻ ഒരു അടിമയായിരുന്നുകൊള്ളാമെന്ന് യഹൂദാ വാഗ്ദത്തം ചെയ്തു.—ഉല്പത്തി 43:15-44:34.
13 തന്റെ സഹോദരൻമാരുടെ ഹൃദയമാററത്തെക്കുറിച്ച് ഇപ്പോൾ ബോദ്ധ്യം വന്നതിനാൽ യോസേഫിന് തന്റെ വികാരങ്ങളെ ഇനി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മറെറല്ലാവരും തന്റെ അടുക്കൽ നിന്ന് പുറത്തുപോകാൻ ആജ്ഞാപിച്ചിട്ട് യോസേഫ് ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾ ഈജിപ്ററിലേക്കു വിററ നിങ്ങളുടെ സഹോദരനായ യോസേഫാണു ഞാൻ. എന്നാൽ ഇപ്പോൾ പ്രയാസം തോന്നരുത്, നിങ്ങൾ എന്നെ ഇവിടെ വിററതിൽ നിങ്ങളോടുതന്നെ കുപിതരാകുകയുമരുത്; എന്തുകൊണ്ടെന്നാൽ ജീവന്റെ സംരക്ഷണാർത്ഥം ദൈവം എന്നെ നിങ്ങൾക്കു മുമ്പായി അയച്ചിരിക്കുന്നു . . . ഭൂമിയിൽ നിങ്ങൾക്ക് ഒരു ശേഷിപ്പിനെ വെച്ചേക്കേണ്ടതിനും ഒരു വലിയ രക്ഷയാൽ നിങ്ങളെ ജീവനോടെ സൂക്ഷിക്കേണ്ടതിനും തന്നെ.” പിന്നീട് അവൻ തന്റെ സഹോദരൻമാരോട് ഇങ്ങനെ പറഞ്ഞു: “പെട്ടെന്ന് എന്റെ അപ്പന്റെ അടുക്കലേക്കു പോകുക, നിങ്ങൾ അവനോട് ഇങ്ങനെ പറയുകയും വേണം, ‘ . . . എന്റെ അടുക്കലേക്കു വരിക. താമസിക്കരുത്. നിങ്ങൾ ഗോശെൻ ദേശത്തു വസിക്കണം, . . . ഞാൻ അവിടെ നിങ്ങൾക്ക് ആഹാരം തരും, എന്തെന്നാൽ ഇനി അഞ്ചു വർഷത്തെ ക്ഷാമം ഉണ്ട്; നീയും നിന്റെ ഗൃഹവും നിനക്കുള്ള സകലവും ദാരിദ്ര്യത്തിൽ ആണ്ടുപോകാതിരിക്കേണ്ടതിനുതന്നെ.”—ഉല്പത്തി 45:4-15.
14. ഏതു സന്തോഷകരമായ വാർത്ത യാക്കോബിനോട് അറിയിക്കപ്പെട്ടു?
14 ഫറവോൻ യോസേഫിന്റെ സഹോദരൻമാരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ അവന്റെ പിതാവിനെയും അവന്റെ സകല കുടുംബത്തെയും ഈജിപ്ററിലേക്കു കൊണ്ടുവരുന്നതിന് ഈജിപ്ററ് ദേശത്തുനിന്ന് വണ്ടികൾ കൊണ്ടുപൊയ്ക്കൊള്ളാൻ അവൻ യോസേഫിനോടു പറഞ്ഞു, ദേശത്തിന്റെ ഏററം നല്ല ഭാഗം അവർക്കായിരിക്കേണ്ടതിനുതന്നെ. സംഭവിച്ചതെല്ലാം കേട്ടപ്പോൾ യാക്കോബ് ഊർജ്ജസ്വലനായി ഇങ്ങനെ ഉദ്ഘോഷിച്ചു. “അതുമതി! എന്റെ മകനായ യോസേഫ് ഇപ്പോഴും ജീവനോടിരിക്കുന്നു! ഹാ, ഞാൻ മരിക്കുന്നതിനു മുമ്പ് അവനെ പോയി കാണട്ടെ!”—ഉല്പത്തി 45:16-28.
ആത്മീയാഹാരം സമൃദ്ധം
15. നാം ഇപ്പോൾ ആത്മീയാഹാരത്തിനുവേണ്ടി ആരിലേക്കു നോക്കുന്നു, നമുക്ക് എങ്ങനെ സമൃദ്ധിയുടെ ഉറപ്പു ലഭിക്കാവുന്നതാണ്?
15 ഇതെല്ലാം ഇന്നു നമ്മെ സംബന്ധിച്ച് എന്തർത്ഥമാക്കുന്നു? നമ്മുടെ ആത്മീയാവശ്യത്തെക്കുറിച്ച് സദാ ബോദ്ധ്യമുള്ളവരായി നാം യോസേഫിന്റെ കാലത്തെ ദയാലുവായ ഫറവോനെക്കാൾ വലിപ്പമേറിയവനിലേക്കു നോക്കുന്നു. ബൈബിൾ സത്യത്തിന്റെ കാര്യത്തിൽ പട്ടിണിയായ ഒരു ലോകത്തിന്റെ ഈ അന്ധകാരനാളുകളിൽ ആഹാരവും മാർഗ്ഗനിർദ്ദേശവും നൽകുന്നത് പരമാധികാരിയാം കർത്താവാം യഹോവയാണ്. നാം അവന്റെ രാജ്യത്തിന്റെ താൽപ്പര്യത്തിൽ കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നു, അവന്റെ കളപ്പുരയിലേക്ക് നമ്മുടെ ദശാംശങ്ങൾ കൊണ്ടുവന്നിരിക്കുന്നു. അവൻ എത്ര ഉദാരമായി “ആകാശത്തിന്റെ കിളിവാതിലുകൾ” നമുക്കുവേണ്ടി തുറക്കുകയും “മേലാൽ ആവശ്യമില്ലാതാകുംവരെ” അനുഗ്രഹം ചൊരിയുകയും ചെയ്തിരിക്കുന്നു!—മലാഖി 3:10.
16. (എ) ഇന്ന് എവിടെ മാത്രമെ ജീവൻ നിലനിർത്തുന്ന ആഹാരം കണ്ടെത്താനുള്ളു? (ബി) പട്ടിണിയിലായിരിക്കുന്ന മനുഷ്യവർഗ്ഗത്തിനു വേണ്ടി “ധാന്യ”ത്തിന്റെ വിത വ്യാപകമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
16 യഹോവയുടെ ഭക്ഷ്യകാര്യനിർവാഹകൻ, ഇപ്പോൾ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്ന രാജാവായ, മഹത്വീകരിക്കപ്പെട്ട യേശു, യഹോവയുടെ വലതുഭാഗത്തുണ്ട്. (പ്രവൃത്തികൾ 2:34-36) ജനം ജീവിച്ചിരിക്കേണ്ടതിന് തങ്ങളേത്തന്നെ അടിമകളായി വിൽക്കേണ്ടിയിരുന്നതുപോലെ, ഇന്ന് ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും യേശുവിന്റെ അടുക്കലേക്കു വരികയും ദൈവത്തിന് സമർപ്പിതരായിരിക്കുന്ന അവന്റെ അനുഗാമികളായിത്തീരുകയും വേണം. (ലൂക്കോസ് 9:23, 24) ആഹാരത്തിനുവേണ്ടി യോസേഫിന്റെ അടുക്കലേക്കു പോകാൻ യാക്കോബ് തന്റെ പുത്രൻമാരെ നയിച്ചതുപോലെ, യഹോവ അനുതാപമുള്ള മനുഷ്യരെ തന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെ അടുക്കലേക്കു നയിക്കുന്നു. (യോഹന്നാൻ 6:44, 48-51) യേശു തന്റെ അനുഗാമികളെ നഗരതുല്യമായ സഭകളിലേക്ക് കൂട്ടിച്ചേർക്കുന്നു—ലോകത്തിലാസകലം അവ 52,000-ത്തിലധികം വരും. അവിടെ അവർ സമൃദ്ധമായ ആത്മീയാഹാരത്താൽ പോഷിപ്പിക്കപ്പെടുകയും വയലിൽ വിതക്കുന്നതിന് “വിത്ത്” എന്ന നിലയിൽ കവിഞ്ഞൊഴുകുമാറ് ധാന്യം പ്രദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. (ഉല്പത്തി 47:23, 24; മത്തായി 13:4-9, 18-23) യഹോവയുടെ ഈ സാക്ഷികൾ മനസ്സൊരുക്കമുള്ള വേലക്കാരാണ്! അവരിൽ അധികമധികം പേർ മുഴുസമയ പയനിയർ ശുശ്രൂഷക്ക് സ്വമേധയാ അർപ്പിക്കുകയാണ്. കഴിഞ്ഞ വർഷം 5,95,896 പേരുടെ ഒരു അത്യുച്ചം ഒരു മാസത്തിൽ ഈ പദവിയിൽ പങ്കുപററി. അത് ഓരോ സഭയിലും 11-ൽ പരം പയനിയർമാരുടെ ശരാശരിയാണ്.
17. വേറെ ഏതു പ്രാവചനിക വിവരണത്തിന്, പത്തു അർദ്ധസഹോദരൻമാർ യോസേഫിനോട് ചേരുന്നതുമായി സാമ്യമുണ്ട്?
17 യോസേഫിന്റെ പത്ത് അർദ്ധസഹോദരൻമാരും ഇപ്പോൾ മുൻ മനോഭാവങ്ങളിലും പ്രവർത്തനങ്ങളിലും അനുതപിച്ച് ഈജിപ്ററിൽ അവനോടു ചേർന്നു. ഈജിപ്ററും സോദോമും യേശു സ്തംഭത്തിൽ തറയ്ക്കപ്പെട്ട ഈ ലോകത്തിന്റെ മാതൃകയാണ്. (വെളിപ്പാട് 11:8) ഇത് നമ്മെ സെഖര്യാവ് 8:20-23-നെ അനുസ്മരിപ്പിക്കുന്നു, അത് “ഞങ്ങൾ നിങ്ങളോടുകൂടെ പോരും,” അതായത് യഹോവയുടെ അഭിഷിക്തജനത്തോടുകൂടെ പോരും എന്നു പറയുന്ന “പത്തു പുരുഷൻമാരുടെ” ഒരു വർണ്ണനയോടെ പര്യവസാനിക്കുന്നു, ആ അഭിഷിക്ത ജനത്തിന്റെ ഒരു ശേഷിപ്പ് ഭൂമിയിൽ ഇപ്പോഴും സേവിക്കുന്നുണ്ട്.
18. ബന്യാമീനോടു കാണിക്കപ്പെട്ട പ്രത്യേകപ്രീതി ആധുനികകാലത്തെ എന്തിനോടു സദൃശമായിരിക്കുന്നു?
18 എന്നിരുന്നാലും, യോസേഫിന്റെ ഏക പൂർണ്ണസഹോദരനായിരുന്ന ബന്യാമീനെ സംബന്ധിച്ചെന്ത്? അവന്റെ ക്ലേശകരമായ ജനനം യാക്കോബിന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്ന റാഹേലിന്റെ ജീവൻ നഷ്ടപ്പെടുത്തിയിരുന്നു. യോസേഫിന് ബന്യാമീൻ വിശേഷാൽ ഇഷ്ടമുള്ളവൻ ആയിരുന്നു, അവന്റെ സ്വന്തം അമ്മയുടെ ഈ പുത്രനോട് അവന് അടുപ്പമേറിയ ഒരു ബന്ധം തോന്നിയിരുന്നുവെന്നുള്ളതിനു സംശയമില്ല. ഇത് യോസേഫിന്റെ വീട്ടിലെ വിരുന്നിൽ വച്ച് ആദ്യമായി 12 സഹോദരൻമാരുടെയും പുനഃസംഗമം നടന്നപ്പോൾ ബന്യാമീന് അഞ്ചിരട്ടി ഓഹരി ലഭിച്ചതിന്റെ കാരണമായിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്. ബന്യാമീൻ ഇന്നത്തെ അഭിഷിക്ത സാക്ഷികളുടെ ശേഷിപ്പിനെ നന്നായി ചിത്രീകരിക്കുന്നില്ലേ? 1919 മുതൽ കർത്താവിന്റെ പക്ഷത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന അവരിൽ മിക്കവരും ജീവിച്ചിരിക്കുന്നു. ഈ “ബന്യാമീൻ” വർഗ്ഗത്തിന്, യഹോവയുടെ ‘ആത്മാവ് അവരുടെ ആത്മാവോടുകൂടെ സാക്ഷ്യം വഹിക്കവേ’ തീർച്ചയായും അവനിൽനിന്ന് ഒരു പ്രത്യേക ഓഹരി ലഭിച്ചിരിക്കുന്നു. (റോമർ 8:16) കർത്താവിന്റെ “ചെമ്മരിയാടുകൾ” അവരെ ശുശ്രൂഷിക്കവേ, അവരുടെ നിർമ്മലത സംബന്ധിച്ച് അവർ പരിശോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.—മത്തായി 25:34-40.
19. യിസ്രായേലിന്റെ കുടുംബങ്ങൾ ഗോശേനിലേക്കു നീങ്ങുന്നതും ഇന്ന് ദൈവജനത്തെ കൂട്ടിച്ചേർക്കുന്നതും തമ്മിൽ എന്തു സമാന്തരമുണ്ട്?
19 യാക്കോബിനെയും അവന്റെ കുടുംബങ്ങളെയും ഈജിപ്ററിലേക്കു കൊണ്ടുപോകുന്നതിന് ഫറവോൻ ക്രമീകരണം ചെയ്തപ്പോൾ, അവിടെയെത്തി പാർപ്പുറപ്പിച്ച പുരുഷ “ദേഹികളുടെ” എണ്ണം 70 ആയിരുന്നു, 7-ന്റെയും 10-ന്റെയും ഒരു ഗുണിതം. (ഉല്പത്തി 46:26, 27) ഈ രണ്ടു സംഖ്യകൾ തിരുവെഴുത്തുകളിലുടനീളം അർത്ഥവത്തായി ഉപയോഗിക്കപ്പെടുന്നു, “7” മിക്കപ്പോഴും സ്വർഗ്ഗീയവും “10” ഭൗമികവുമായ പൂർണ്ണതയെ സൂചിപ്പിക്കുന്നു. (വെളിപ്പാട് 1:4, 12, 16; 2:10; 17:12) ഇത് ഇന്നത്തെ അവസ്ഥക്കു സമാന്തരമാണ്, യഹോവ തന്റെ സാക്ഷികളുടെ കുടുംബത്തിലെ ഓരോരുത്തനെയും തന്റെ “ദേശ”ത്തേക്ക്, നാം ഇപ്പോൾ സന്തോഷമനുഭവിക്കുന്ന ആത്മീയ പരദീസയിലേക്ക്, കൂട്ടിച്ചേർക്കുമെന്ന് നമുക്ക് ഇപ്പോൾ പ്രതീക്ഷിക്കാവുന്നതാണ്. (എഫേസ്യർ 1:10 താരതമ്യപ്പെടുത്തുക.) “യഹോവ തനിക്കുള്ളവരെ അറിയുന്നു.” ഫറവോന്റെ ഭരണ പ്രദേശത്തെ ഗോശെനെപ്പോലെ, “ഏററവും നല്ല ദേശത്ത്” ഇപ്പോൾ പോലും അവൻ അവരെ കുടിപാർപ്പിക്കുകയാണ്.—ഉല്പത്തി 47:5, 6; 2 തിമൊഥെയോസ് 2:19.
20. ഇന്നത്തെ ആത്മീയ ക്ഷാമം ഗണ്യമാക്കാതെ, നാം സന്തോഷിക്കേണ്ടതെന്തുകൊണ്ട്?
20 യോസേഫിന്റെ നാളിൽ ക്ഷാമവർഷങ്ങൾ സമൃദ്ധിയുടെ വർഷങ്ങൾക്കുശേഷമാണു വന്നത്. ഇന്ന് അവ ഏകകാലത്താണ്. യഹോവയുടെ പ്രീതിക്കു പുറത്തെ ദേശത്തിലെ ആത്മീയ ക്ഷാമത്തിൽനിന്നു വ്യത്യസ്തമായി യഹോവയുടെ ആരാധനാസ്ഥലത്ത് ആത്മീയാഹാരത്തിന്റെ സമൃദ്ധിയുണ്ട്. (യെശയ്യാവ് 25:6-9; വെളിപ്പാട് 7:16, 17) അതെ, ആമോസ് മുൻകൂട്ടിപ്പറഞ്ഞതുപോലെ, ക്രൈസ്തവലോകത്തിൽ യഹോവയുടെ വചനം കേൾക്കുന്നതിന് ക്ഷാമമുണ്ടെങ്കിലും സ്വർഗ്ഗീയ യരൂശലേമിൽനിന്ന് യഹോവയുടെ വചനം പുറപ്പെടുന്നു. അതു നമ്മെ എത്ര സന്തുഷ്ടരാക്കുന്നു!—ആമോസ് 8:11; യെശയ്യാവ് 2:2, 3; 65:17, 18.
21. (എ) നാം ഇന്ന് ഏതു വലിയ പദവി ആസ്വദിക്കന്നു? (ബി) നാം എന്തിനു നന്ദിയുള്ളവരായിരിക്കണം, നമുക്ക് നമ്മുടെ നന്ദി എങ്ങനെ പ്രകടമാക്കാവുന്നതാണ്?
21 ഇന്ന് വലിപ്പമേറിയ യോസേഫായ യേശുക്രിസ്തുവിന്റെ നടത്തിപ്പിൽ നഗരതുല്യമായ സഭകളിൽ കൂട്ടിച്ചേർക്കപ്പെടുന്നതിനുള്ള വലിയ പദവി നമുക്കുണ്ട്. അവിടെ നമുക്ക് സമൃദ്ധമായ ആത്മീയാഹാരം കൊണ്ടുള്ള വിരുന്ന് ആസ്വദിക്കാനും സത്യത്തിന്റെ വിത്തു വിതയ്ക്കാനും ആത്മീയാഹാരം ലഭ്യമാണെന്നുള്ള സുവാർത്ത പരത്താനും കഴിയും. നാം ഇതു ചെയ്യുന്നത് പരമാധീശ ഭരണാധികാരിയായ യഹോവ സ്നേഹപൂർവ്വം ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും സ്വീകരിക്കുന്ന സകലരുടെയും പ്രയോജനത്തിനുവേണ്ടിയാണ്. ആത്മീയാഹാരത്തിന്റെ ജ്ഞാനിയായ കാര്യനിർവ്വാഹകനായി സേവിക്കുന്ന വലിപ്പമേറിയ യോസേഫായ തന്റെ പുത്രനെ ദാനം ചെയ്തതിന് നമുക്കു നമ്മുടെ ദൈവത്തോട് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! ഈ ആത്മീയ ക്ഷാമത്തിന്റെ കാലത്ത് ജീവരക്ഷകനായി പ്രവർത്തിക്കാൻ യഹോവയാൽ നിയുക്തനായിരിക്കുന്നത് പുത്രനാണ്. അവന്റെ മാതൃക പിൻപററിക്കൊണ്ടും അവന്റെ നേതൃത്വത്തിലും വിശുദ്ധസേവനം അർപ്പിക്കുന്നതിൽ നമ്മിലോരോരുത്തർക്കും ഉൽസുകരായിരിക്കാം! (w87 5/1)
നിങ്ങൾ സമാന്തരം കാണുന്നുവോ?
◻ ഭക്ഷ്യകാര്യനിർവ്വാഹകനെന്നനിലയിൽ യോസേഫ് യേശുവിനോട് എങ്ങനെ സദൃശനായി?
◻ സമർപ്പണത്തിലൂടെ ദൈവത്തിന് അടിമകളായിത്തീരുന്നതിനോട് താരതമ്യപ്പെടുത്താവുന്നതായി യോസേഫ് നാടകത്തിൽ എന്തുണ്ട്?
◻ നമുക്ക് ഇന്ന് ദൃഷ്ടാന്തമായി യോസേഫും യേശുവും എന്തു ഗുണം പ്രകടമാക്കി?
◻ യോസേഫിന്റെ കാലത്തെന്നപോലെ, ഇന്ന് ഭക്ഷ്യവിതരണത്തിനുള്ള ഏത് സമ്പൂർണ്ണക്രമീകരണം നിലവിലുണ്ട്?
◻ ഈ നാടകത്തിന്റെ പരിചിന്തനം എന്തുചെയ്യുന്നതിന് നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്?
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ആത്മീയക്ഷാമത്താൽ ബാധിതമായ ഒരു ലോകത്തിൽ വിശ്വാസത്തോടെ തന്റെ അടുക്കൽ വരുന്ന സകലർക്കും വലിപ്പമേറിയ യോസേഫ് സമൃദ്ധമായി പ്രദാനം ചെയ്യുന്നു.
പത്ത് അർദ്ധസഹോദരൻമാർ യോസേഫിനോട് കീഴ്പ്പെടൽ പ്രകടമാക്കിയതുപോലെ, ഇപ്പോൾ ഒരു മഹാപുരുഷാരം ക്രിസ്തുവിനെ അംഗീകരിക്കുന്നു.
യാക്കോബിന്റെ കുടുംബത്തിലെ 70 ദേഹികളെപ്പോലെ യഹോവയുടെ “ആടുകളുടെ” പൂർണ്ണസംഖ്യ ഒരു നല്ല “ദേശത്ത്”,—നാം ഇപ്പോൾ ആസ്വദിക്കുന്ന ആത്മീയ പരദീസയിൽ—വന്നെത്തുന്നു.
[10-ാം പേജിലെ ചിത്രങ്ങൾ]
ആധുനികനാളിലെ ബന്യാമീൻ വർഗ്ഗം “തക്കസമയത്തെ, ആഹാരം” സമൃദ്ധമായി സ്വീകരിക്കുന്നതിനാൽ ക്രിസ്തുവിനാൽ പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.