അധ്യായം പതിന്നാല്
യഹോവ തന്റെ സംഘടനയെ നയിക്കുന്നത് എങ്ങനെ?
1. യഹോവയുടെ സംഘടനയെ കുറിച്ചുള്ള ഏതു വിവരങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു, അതു നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തിന് ഒരു സംഘടന ഉണ്ടോ? തീർച്ചയായും ഉണ്ടെന്നു നിശ്വസ്ത തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. അവന്റെ വചനത്തിൽ, ആ സംഘടനയുടെ ഭയാദരവ് ഉണർത്തുന്ന സ്വർഗീയ ഭാഗത്തിന്റെ ദർശനങ്ങൾ അവൻ നമുക്കു നൽകുന്നു. (യെഹെസ്കേൽ 1:1, 4-14; ദാനീയേൽ 7:9, 10, 13, 14) ഈ അദൃശ്യ ഭാഗം നമുക്കു കാണാൻ കഴിയില്ലെങ്കിലും അത് ഇന്നത്തെ സത്യാരാധകരെ അതിയായി ബാധിക്കുന്നുണ്ട്. (2 രാജാക്കന്മാർ 6:15-17) യഹോവയുടെ സംഘടനയ്ക്ക് ഭൂമിയിൽ ഒരു ദൃശ്യ ഭാഗവുമുണ്ട്. അത് ഏതാണെന്നും യഹോവ അതിനെ നയിക്കുന്നത് എങ്ങനെയെന്നും മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു.
ദൃശ്യഭാഗത്തെ തിരിച്ചറിയൽ
2. ഏതു പുതിയ സഭയെയാണു ദൈവം ഉളവാക്കിയത്?
2 ഇസ്രായേൽ ജനത 1,545 വർഷം ദൈവത്തിന്റെ സഭയായിരുന്നു. (പ്രവൃത്തികൾ 7:38) എന്നാൽ ആ ജനത ദൈവനിയമങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെടുകയും അവന്റെ സ്വന്തം പുത്രനെ ത്യജിക്കുകയും ചെയ്തു. തത്ഫലമായി, യഹോവ ആ സഭയെ തള്ളിക്കളയുകയും ഉപേക്ഷിക്കുകയും ചെയ്തു. “നോക്കൂ! നിങ്ങളുടെ ഭവനം നിങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്നു” എന്നു യഹൂദന്മാരോടു യേശു പറയുകയുണ്ടായി. (മത്തായി 23:38, NW) പിന്നീടു ദൈവം ഒരു പുതിയ സഭയെ ഉളവാക്കി. അതുമായി അവൻ ഒരു പുതിയ ഉടമ്പടി ചെയ്തു. സ്വർഗത്തിൽ തന്റെ പുത്രനോടു ചേരാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന 1,44,000 വ്യക്തികൾ ചേർന്നതാണ് ഈ സഭ.—വെളിപ്പാടു 14:1-4.
3. ദൈവം ഇപ്പോൾ ഒരു പുതിയ സഭയെ ഉപയോഗിക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവെന്ന നിലയിൽ പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ എന്തു സംഭവിച്ചു?
3 ആ പുതിയ സഭയിലെ ആദ്യത്തവർ പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ യഹോവയുടെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. ശ്രദ്ധേയമായ ആ സംഭവത്തെപ്പറ്റി നാം ഇങ്ങനെ വായിക്കുന്നു: “പെന്തെകൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാററടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി.” (പ്രവൃത്തികൾ 2:1-4) അങ്ങനെ, സ്വർഗത്തിലെ യേശുക്രിസ്തുവിന്റെ നേതൃത്വത്തിൽ തന്റെ ഉദ്ദേശ്യം നിറവേറ്റാൻ ദൈവം ഇപ്പോൾ ഉപയോഗിക്കുന്ന ആളുകളുടെ കൂട്ടം ഇതാണെന്നു ദൈവാത്മാവു തെളിവു നൽകി.
4. ഇന്നു യഹോവയുടെ ദൃശ്യ സംഘടനയിൽ ഉൾപ്പെട്ടിരിക്കുന്നത് ആരെല്ലാം?
4 ഇന്ന് 1,44,000-ത്തിന്റെ ഒരു ശേഷിപ്പു മാത്രമേ ഭൂമിയിലുള്ളൂ. എന്നാൽ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി ‘വേറെ ആടുകളുടെ’ “ഒരു മഹാപുരുഷാരം,” ദശലക്ഷങ്ങൾതന്നെ, അഭിഷിക്ത ശേഷിപ്പിനോടുള്ള സഹവാസത്തിലേക്കു വരുത്തപ്പെട്ടിരിക്കുന്നു. നല്ല ഇടയനായ യേശു ഈ വേറെ ആടുകളെ, ശേഷിപ്പിനോടു കൂട്ടിച്ചേർത്തതിനാൽ അവർ തങ്ങളുടെ ഏക ഇടയനായ അവന്റെ കീഴിൽ ഏക ആട്ടിൻകൂട്ടമായിത്തീർന്നിരിക്കുന്നു. (വെളിപ്പാടു 7:9; യോഹന്നാൻ 10:11, 16) ഇവരെല്ലാം ചേർന്ന് ഒരു ഏകീകൃത സഭ, യഹോവയുടെ ദൃശ്യ സംഘടന, ആയിത്തീർന്നിരിക്കുന്നു.
ദിവ്യാധിപത്യ ഘടന
5. ദൈവത്തിന്റെ സംഘടനയെ നയിക്കുന്നത് ആർ, എങ്ങനെ?
5 “ജീവനുള്ള ദൈവത്തിന്റെ സഭ” എന്ന തിരുവെഴുത്തു പദപ്രയോഗം അതിനെ നയിക്കുന്നത് ആരാണെന്നു വ്യക്തമാക്കുന്നു. സംഘടന ദിവ്യാധിപത്യപരമാണ് അല്ലെങ്കിൽ ദൈവത്താൽ ഭരിക്കപ്പെടുന്നതാണ്. സഭയുടെ അദൃശ്യ ശിരസ്സായിരിക്കാൻ താൻ നിയമിച്ചിരിക്കുന്ന ഏകനായ യേശുവിലൂടെയും തന്റെ സ്വന്തം നിശ്വസ്ത വചനമായ ബൈബിളിലൂടെയും യഹോവ തന്റെ ജനത്തിനു മാർഗനിർദേശം നൽകുന്നു.—1 തിമൊഥെയൊസ് 3:14, 15; എഫെസ്യർ 1:22, 23; 2 തിമൊഥെയൊസ് 3:16, 17.
6. (എ) സഭയുടെമേൽ സ്വർഗീയ മാർഗനിർദേശമുണ്ടെന്ന് ഒന്നാം നൂറ്റാണ്ടിൽ പ്രകടമായത് എങ്ങനെ? (ബി) യേശു ഇപ്പോഴും സഭയുടെ ശിരസ്സാണെന്ന് എന്തു പ്രകടമാക്കുന്നു?
6 അത്തരം മാർഗനിർദേശം പെന്തെക്കൊസ്തിൽ വളരെ ദൃശ്യമായിരുന്നു. (പ്രവൃത്തികൾ 2:14-18, 32, 33) യഹോവയുടെ ദൂതൻ ആഫ്രിക്കയിലേക്കുള്ള സുവാർത്തയുടെ വ്യാപനത്തെ നയിച്ചപ്പോഴും തർസൊസിലെ ശൗലിന്റെ പരിവർത്തനവേളയിൽ യേശുവിന്റെ സ്വരം മാർഗനിർദേശങ്ങൾ നൽകിയപ്പോഴും പത്രൊസ് വിജാതീയരുടെ ഇടയിൽ പ്രസംഗവേല തുടങ്ങിയപ്പോഴുമെല്ലാം അതു വ്യക്തമായിരുന്നു. (പ്രവൃത്തികൾ 8:26, 27; 9:3-7; 10:9-16, 19-22) എന്നാൽ, അതിൽപ്പിന്നെ സ്വർഗത്തിൽനിന്നു ശബ്ദങ്ങൾ കേൾക്കുകയോ ദൂതന്മാർ പ്രത്യക്ഷമാവുകയോ ആത്മാവിന്റെ അത്ഭുതവരങ്ങൾ നൽകപ്പെടുകയോ ചെയ്യുകയുണ്ടായില്ല. എന്നിരുന്നാലും, ‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ എന്ന് യേശു വാഗ്ദാനം ചെയ്തിരുന്നു. (മത്തായി 28:20; 1 കൊരിന്ത്യർ 13:8) ഇന്ന് യഹോവയുടെ സാക്ഷികൾ യേശുവിന്റെ മാർഗനിർദേശത്തെ അംഗീകരിക്കുന്നു. അതില്ലാതെ, കടുത്ത ശത്രുതയിൻ മധ്യേ രാജ്യസന്ദേശം ഘോഷിക്കുക അസാധ്യമായിരിക്കും.
7. (എ) ആർ ചേർന്നാണ് “വിശ്വസ്തനും വിവേകിയുമായ അടിമ” ഉണ്ടായിരിക്കുന്നത്, എന്തുകൊണ്ട്? (ബി) “അടിമ”യ്ക്ക് എന്തു നിയമനം നൽകപ്പെട്ടു?
7 തന്റെ മരണത്തിന് അൽപ്പകാലം മുമ്പ്, യജമാനൻ എന്ന നിലയിൽ താൻ പ്രത്യേക ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. കർത്താവു സ്വർഗത്തിലേക്കു പോകുന്ന സമയത്ത് ആ “അടിമ” ഉണ്ടായിരിക്കുമായിരുന്നു, ക്രിസ്തു രാജ്യാധികാരത്തിൽ അദൃശ്യമായി തിരിച്ചുവരുന്ന സമയത്തും കഠിനവേല ചെയ്തുകൊണ്ട് ആ “അടിമ” ഉണ്ടായിരിക്കുമായിരുന്നു. അത്തരമൊരു വർണന തീർച്ചയായും ഒരൊറ്റ വ്യക്തിക്കു യോജിക്കുകയില്ല, മറിച്ച് ക്രിസ്തുവിന്റെ അഭിഷിക്ത സഭയ്ക്കു യോജിക്കുന്നു. തന്റെ രക്തത്താൽ വിലയ്ക്കു വാങ്ങിയിരിക്കയാൽ യേശു അതിനെ തന്റെ “അടിമ” എന്നു പരാമർശിച്ചു. ശിഷ്യരെ ഉളവാക്കാനും അവർക്കു “തത്സമയത്തു [ആത്മീയ] ഭക്ഷണം” കൊടുത്തുകൊണ്ടു ക്രമാനുഗതമായി പോഷിപ്പിക്കാനും അവൻ അതിന്റെ അംഗങ്ങളെ നിയോഗിച്ചു.—മത്തായി 24:45-47, NW; 28:19; യെശയ്യാവു 43:10; ലൂക്കൊസ് 12:42, NW; 1 പത്രൊസ് 4:10.
8. (എ) അടിമവർഗത്തിന് ഇപ്പോൾ എന്ത് ഉത്തരവാദിത്വങ്ങൾ ഉണ്ട്? (ബി) ദൈവം ഉപയോഗിക്കുന്ന സരണിയിലൂടെ ലഭിക്കുന്ന പ്രബോധനത്തോടുള്ള നമ്മുടെ പ്രതികരണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 യജമാനന്റെ 1914-ലെ അദൃശ്യ മടങ്ങിവരവിന്റെ സമയത്ത് അടിമവർഗം തങ്ങളുടെ വേല വിശ്വസ്തമായി ചെയ്തുകൊണ്ടിരുന്നതിനാൽ 1919-ൽ അവൻ അവരെ കൂടുതൽ വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുവെന്നതിനു തെളിവുണ്ട്. അന്നു മുതലുള്ള വർഷങ്ങൾ രാജ്യത്തിന് ഒരു ആഗോള സാക്ഷ്യം നൽകാനുള്ള സമയമായിരുന്നിട്ടുണ്ട്. യഹോവയുടെ ആരാധകരുടെ ഒരു മഹാപുരുഷാരം മഹോപദ്രവത്തെ അതിജീവിക്കാനായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. (മത്തായി 24:14, 21, 22; വെളിപ്പാടു 7:9, 10) ഇവർക്കും ആത്മീയഭക്ഷണം ആവശ്യമാണ്, അടിമവർഗമാണ് അത് അവർക്കു വിളമ്പിക്കൊടുക്കുന്നത്. തന്നിമിത്തം, യഹോവയെ പ്രസാദിപ്പിക്കുന്നതിനു നാം ഈ സരണിയിലൂടെ അവൻ നൽകുന്ന പ്രബോധനം സ്വീകരിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
9, 10. (എ) ഒന്നാം നൂറ്റാണ്ടിൽ ഉപദേശ സംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കാനും സുവാർത്താ പ്രസംഗത്തിനു മാർഗനിർദേശം കൊടുക്കാനും എന്തു ക്രമീകരണം ഉണ്ടായിരുന്നു? (ബി) യഹോവയുടെ ജനത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഏതു ക്രമീകരണങ്ങളാണ് ഇന്നുള്ളത്?
9 ചില സമയങ്ങളിൽ, ഉപദേശവും നടപടിക്രമങ്ങളും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു. അപ്പോൾ എന്തു ചെയ്യും? വിജാതീയ പരിവർത്തിതരെ സംബന്ധിച്ച ഒരു വിവാദപ്രശ്നത്തിനു പരിഹാരമുണ്ടാക്കിയത് എങ്ങനെയെന്നു പ്രവൃത്തികൾ 15-ാം അധ്യായം പറയുന്നു. ഒരു കേന്ദ്രഭരണസംഘമായി സേവിച്ച, അപ്പൊസ്തലന്മാരുടെയും യെരൂശലേമിലെ മൂപ്പന്മാരുടെയും തീരുമാനത്തിന് അതു വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. ആ പുരുഷന്മാർ അപ്രമാദിത്വമുള്ളവർ അല്ലായിരുന്നു, എന്നാൽ ദൈവം അവരെ ഉപയോഗിച്ചു. അവർ ഈ വിഷയം സംബന്ധിച്ച തിരുവെഴുത്തുകളും വിജാതീയ വയൽ തുറന്നതിൽ ദൈവാത്മാവിന്റെ പ്രവർത്തനത്തിന്റെ തെളിവും പരിചിന്തിച്ചു. അനന്തരം അവർ ഒരു തീരുമാനത്തിലെത്തി. ആ ക്രമീകരണത്തെ ദൈവം അനുഗ്രഹിച്ചു. (പ്രവൃത്തികൾ 15:1-29; 16:4, 5) രാജ്യപ്രസംഗം വിപുലപ്പെടുത്തുന്നതിനു വ്യക്തികളെ അയച്ചത് ആ കേന്ദ്ര സംഘം ആയിരുന്നു.
10 വിവിധ ദേശങ്ങളിൽ നിന്നുള്ള ആത്മാഭിഷിക്ത സഹോദരന്മാരുടെ ഒരു കൂട്ടമാണ് നമ്മുടെ നാളിലെ യഹോവയുടെ ദൃശ്യസംഘടനയുടെ ഭരണസംഘം. യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്താണ് ആ സംഘം പ്രവർത്തിക്കുന്നത്. യേശുക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ, യഹോവയുടെ സാക്ഷികളുടെ പതിനായിരക്കണക്കിനു സഭകളിലെ പ്രസംഗപ്രവർത്തനത്തെ ഏകോപിപ്പിച്ചുകൊണ്ട് ഭരണസംഘം എല്ലാ ദേശങ്ങളിലും നിർമലാരാധന വ്യാപിപ്പിക്കുന്നു. ഭരണസംഘത്തിലുള്ളവർക്ക് അപ്പൊസ്തലനായ പൗലൊസിന്റെ വീക്ഷണഗതിയാണുള്ളത്. അവൻ സഹക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.”—2 കൊരിന്ത്യർ 1:24.
11. (എ) മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും നിയമിക്കപ്പെടുന്നത് എങ്ങനെ? (ബി) നിയമിക്കപ്പെടുന്നവരോടു നാം അടുത്തു സഹകരിക്കേണ്ടത് എന്തുകൊണ്ട്?
11 സഭകളുടെ കാര്യങ്ങൾ നോക്കുന്നതിന് മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാൻ അധികാരമുള്ള യോഗ്യരായ സഹോദരന്മാരെ തിരഞ്ഞെടുക്കാൻ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ഭരണസംഘത്തിലേക്കു നോക്കുന്നു. നിയമിക്കപ്പെടുന്നവർക്കുള്ള യോഗ്യതകൾ ബൈബിളിൽ പ്രസ്താവിച്ചിട്ടുണ്ട്. നിയമിക്കപ്പെടുന്ന പുരുഷന്മാർ പൂർണരല്ല, തെറ്റുകൾ വരുത്തുന്നവരാണ് എന്ന വസ്തുത കണക്കിലെടുക്കുന്നു. ശുപാർശകൾ നടത്തുന്ന മൂപ്പന്മാർക്കും നിയമനം നടത്തുന്നവർക്കും ദൈവമുമ്പാകെ ഗൗരവമേറിയ ഉത്തരവാദിത്വമാണുള്ളത്. (1 തിമൊഥെയൊസ് 3:1-10, 12, 13; തീത്തൊസ് 1:5-9) അതുകൊണ്ട് അവർ ദൈവാത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കുകയും അവന്റെ നിശ്വസ്ത വചനത്തിൽനിന്നുള്ള മാർഗദർശനം തേടുകയും ചെയ്യുന്നു. (പ്രവൃത്തികൾ 6:2-4, 6; 14:23) ഈ ‘മനുഷ്യരാം ദാനങ്ങൾക്കു’ (NW) വേണ്ടി നമുക്കു വിലമതിപ്പു പ്രകടമാക്കാം, അവരാണു ‘വിശ്വാസത്തിലുള്ള ഐക്യത’ പ്രാപിക്കാൻ നമ്മെയെല്ലാം സഹായിക്കുന്നത്.—എഫെസ്യർ 4:8, 11-16.
12. ദിവ്യാധിപത്യ ക്രമീകരണത്തിൽ യഹോവ സ്ത്രീകളെ ഉപയോഗിക്കുന്നത് എങ്ങനെ?
12 സഭയുടെ മേൽവിചാരണ പുരുഷന്മാർ നടത്തണമെന്നാണ് തിരുവെഴുത്തുകൾ നിർദേശിക്കുന്നത്. ഇതു സ്ത്രീകളെ തരംതാഴ്ത്തുന്നില്ല. കാരണം, അവരിൽ ചിലർ സ്വർഗീയ രാജ്യത്തിന്റെ അവകാശികളാണ്. പ്രസംഗവേലയിൽ അധികവും ചെയ്യുന്നതും സ്ത്രീകളാണ്. (സങ്കീർത്തനം 68:11) നിരന്തരം കുടുംബ ചുമതലകൾ നോക്കി നടത്തിക്കൊണ്ട് അവർ സഭയുടെ സത്കീർത്തിക്കു സംഭാവന ചെയ്യുന്നു. (തീത്തൊസ് 2:3-5) എന്നാൽ സഭയിൽ പഠിപ്പിക്കുന്നത് നിയമിത പുരുഷന്മാരാണ്.—1 തിമൊഥെയൊസ് 2:12, 13.
13. (എ) തങ്ങളുടെ സ്ഥാനം സംബന്ധിച്ച് ഏതു വീക്ഷണം ഉണ്ടായിരിക്കാൻ ബൈബിൾ മൂപ്പന്മാരെ പ്രോത്സാഹിപ്പിക്കുന്നു? (ബി) നമുക്കെല്ലാം ഏതു പദവിയിൽ പങ്കുപറ്റാവുന്നതാണ്?
13 ലോകത്തിൽ, ഒരു പ്രമുഖസ്ഥാനം വഹിക്കുന്ന വ്യക്തി പ്രധാനിയായി പരിഗണിക്കപ്പെടുന്നു, എന്നാൽ ദൈവസംഘടനയിൽ “നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ” എന്നതാണു ചട്ടം. (ലൂക്കൊസ് 9:46-48; 22:24-26) ദൈവത്തിന്റെ അവകാശമായവരുടെമേൽ കർതൃത്വം നടത്താതെ ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീരാൻ ശ്രദ്ധിക്കണമെന്നു തിരുവെഴുത്തുകൾ മൂപ്പന്മാരെ ഉപദേശിക്കുന്നു. (1 പത്രൊസ് 5:2, 3) തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്കല്ല, യഹോവയുടെ സാക്ഷികൾക്കെല്ലാം, പുരുഷന്മാർക്കും സ്ത്രീകൾക്കും, അഖിലാണ്ഡപരമാധികാരിയെ പ്രതിനിധാനം ചെയ്യാനും അവന്റെ നാമത്തിൽ താഴ്മയോടെ സംസാരിക്കാനും അവന്റെ രാജ്യത്തെക്കുറിച്ച് എല്ലായിടത്തുമുള്ളവരോടു പറയാനുമുള്ള പദവിയുണ്ട്.
14. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ച് ഖണ്ഡികയുടെ ഒടുവിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
14 നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്: ‘യഹോവ തന്റെ ദൃശ്യ സംഘടനയെ നയിക്കുന്നത് എങ്ങനെയെന്നു ഞാൻ സത്യമായി ഗ്രഹിക്കുകയും അതിനു കൃതജ്ഞത പ്രകടമാക്കുകയും ചെയ്യുന്നുവോ? എന്റെ മനോഭാവവും സംസാരവും പ്രവർത്തനങ്ങളും അതിനെ പ്രതിഫലിപ്പിക്കുന്നുവോ? പിൻവരുന്ന ആശയങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് അത്തരമൊരു വിശകലനം നടത്താൻ നമ്മെ ഓരോരുത്തരെയും സഹായിക്കും.
സഭയുടെ ശിരസ്സെന്ന നിലയിൽ ക്രിസ്തുവിനു ഞാൻ വാസ്തവമായി കീഴ്പെടുന്നെങ്കിൽ, ചുവടെ ചേർക്കുന്ന തിരുവെഴുത്തുകളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഞാൻ എന്തു ചെയ്യുന്നതായിരിക്കും? (മത്തായി 24:14; മത്തായി 28:19, 20; യോഹന്നാൻ 13:34, 35)
അടിമവർഗവും അതിന്റെ ഭരണസംഘവും മുഖാന്തരം ലഭിക്കുന്ന ആത്മീയ കരുതലുകളെ വിലമതിപ്പോടെ സ്വീകരിക്കുമ്പോൾ ഞാൻ വാസ്തവത്തിൽ ആരോടാണ് ആദരവു കാട്ടുന്നത്? (ലൂക്കൊസ് 10:16)
സഭയിലെ എല്ലാവരും, വിശേഷാൽ മൂപ്പന്മാർ, അന്യോന്യം എങ്ങനെ ഇടപെടണം? (റോമർ 12:10)
15. (എ) യഹോവയുടെ ദൃശ്യസംഘടനയോടുള്ള നമ്മുടെ മനോഭാവത്തിലൂടെ നാം എന്തു പ്രകടമാക്കുന്നു? (ബി) പിശാച് ഒരു ഭോഷ്കാളി ആണെന്നു തെളിയിക്കാനും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമുക്ക് ഏതെല്ലാം അവസരങ്ങൾ ഉണ്ട്?
15 ക്രിസ്തുവിന്റെ കീഴിലെ തന്റെ ദൃശ്യസംഘടന മുഖാന്തരം യഹോവ ഇന്നു നമ്മെ നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഘടനയോടുള്ള നമ്മുടെ മനോഭാവം പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നത്തെ നാം എങ്ങനെ വീക്ഷിക്കുന്നുവെന്നു പ്രകടമാക്കുന്നു. (എബ്രായർ 13:17) നമ്മുടെ മുഖ്യ താത്പര്യം സ്വന്തം കാര്യത്തിലാണെന്നു സാത്താൻ വാദിക്കുന്നു. എന്നാൽ സഹായം ആവശ്യമുള്ള രംഗത്തു സേവിക്കുകയും നമ്മിലേക്കുതന്നെ അനുചിത ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നെങ്കിൽ, പിശാച് ഒരു ഭോഷ്കാളിയാണെന്നു നാം തെളിയിക്കുകയായിരിക്കും. നമ്മുടെ ഇടയിൽ നേതൃത്വം എടുക്കുന്നവരെ നാം സ്നേഹിക്കുകയും ആദരിക്കുകയും ഒപ്പം, ‘കാര്യസാധ്യത്തിനായി മുഖസ്തുതി പ്രയോഗി’ക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നെങ്കിൽ നാം യഹോവയ്ക്കു സന്തോഷം കൈവരുത്തുന്നു. (യൂദാ 16; എബ്രായർ 13:7) യഹോവയുടെ സംഘടനയോടു വിശ്വസ്തരായിരിക്കുന്നതിനാൽ യഹോവ നമ്മുടെ ദൈവമാകുന്നു എന്നും നാം അവന്റെ ആരാധനയിൽ ഏകീകൃതരാണെന്നും നാം പ്രകടമാക്കുന്നു.—1 കൊരിന്ത്യർ 15:58.
പുനരവലോകന ചർച്ച
• യഹോവയുടെ ഇന്നത്തെ ദൃശ്യസംഘടന ഏതാണ്? അതിന്റെ ഉദ്ദേശ്യം എന്ത്?
• സഭയുടെ നിയമിത ശിരസ്സ് ആരാണ്, ഏതു ദൃശ്യ ക്രമീകരണങ്ങളിലൂടെ അവൻ നമുക്കു സ്നേഹപൂർവകമായ മാർഗനിർദേശം നൽകുന്നു?
• യഹോവയുടെ സംഘടനയിലുള്ളവരോടു നാം ആരോഗ്യാവഹമായ ഏതു മനോഭാവങ്ങൾ നട്ടുവളർത്തണം?
[133-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തുവിന്റെ കീഴിലെ തന്റെ ദൃശ്യസംഘടന മുഖാന്തരം യഹോവ നമ്മെ നയിക്കുന്നു