ദൈവത്തെ സേവിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്?
“നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.”—മർക്കൊസ് 12:30.
1, 2. പ്രസംഗവേലയോടുള്ള ബന്ധത്തിൽ പുളകപ്രദമായ എന്തെല്ലാം കാര്യങ്ങൾ നിർവഹിക്കപ്പെടുന്നു?
ഒരു മോട്ടോർ വാഹനത്തിന്റെ യഥാർഥ മൂല്യം നിശ്ചയിക്കുന്നത് അതിന്റെ രൂപഭംഗിയാൽ മാത്രമല്ല. പുറമേയുള്ള പെയിന്റ് അതിന്റെ പുറംമോടി കൂട്ടിയേക്കാം. വാങ്ങാൻ സാധ്യതയുള്ള ഒരാളെ ആകർഷിക്കുന്നതായിരുന്നേക്കാം അതിന്റെ മിനുസമുള്ള ആകാരം; എന്നാൽ പെട്ടെന്നു കാണാനാവാത്ത സംഗതികൾക്കാണു വളരെയധികം പ്രാധാന്യമുള്ളത്—വാഹനത്തെ മുന്നോട്ടു തള്ളുന്ന എൻജിനും അതിനെ നിയന്ത്രിക്കുന്ന മറ്റു സാമഗ്രികൾക്കും.
2 അതുപോലെയാണു ക്രിസ്ത്യാനിയുടെ ദൈവസേവനത്തിന്റെ കാര്യവും. ദൈവിക വേലകളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം വളരെയധികമാണ്. ഓരോ വർഷവും ദൈവരാജ്യത്തിന്റെ സുവാർത്താ പ്രസംഗത്തിനായി അവർ 100 കോടിയിലധികം മണിക്കൂറുകൾ ചെലവിടുന്നു. അതിലുപരി, ലക്ഷക്കണക്കിനു ബൈബിളധ്യയനങ്ങൾ നടത്തുകയും ലക്ഷക്കണക്കിന് ആളുകൾ സ്നാപനമേൽക്കുകയും ചെയ്യുന്നു. സുവാർത്ത ഘോഷിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, ഈ പുളകപ്രദമായ കണക്കിൽ, ചെറുതാണെന്നു തോന്നിയാൽപ്പോലും, നിങ്ങൾക്കും ഒരു പങ്കുണ്ട്. “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്നു നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—എബ്രായർ 6:10.
3. പ്രവൃത്തികൾക്കു പുറമേ വേറെ എന്തുകൂടെ ക്രിസ്ത്യാനികൾക്കു മർമപ്രധാനമായിരിക്കണം, എന്തുകൊണ്ട്?
3 എന്നിരുന്നാലും, നമ്മുടെ സേവനത്തിന്റെ യഥാർഥ മൂല്യം—വ്യക്തിപരമായോ കൂട്ടായോ—അളക്കുന്നതു കേവലം സംഖ്യകൾ നോക്കിയല്ല. ശമുവേലിനോടു പറഞ്ഞതുപോലെ, “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) അതേ, നാം അകമേ എന്തായിരിക്കുന്നുവെന്ന സംഗതിയാണു ദൈവത്തിനു പ്രാധാന്യമുള്ളത്. ശരിയാണ്, വേല അത്യന്താപേക്ഷിതംതന്നെ. ദൈവിക ഭക്തിയുടേതായ പ്രവർത്തനങ്ങൾ യഹോവയുടെ പഠിപ്പിക്കലിനു മാറ്റുകൂട്ടുകയും ഭാവി ശിഷ്യൻമാരെ ആകർഷിക്കുകയും ചെയ്യുന്നു. (മത്തായി 5:14-16; തീത്തൊസ് 2:10; 2 പത്രൊസ് 3:11) എങ്കിലും നമ്മുടെ വേലകൾ മുഴുകാര്യങ്ങളും വെളിപ്പെടുത്തുന്നില്ല. നല്ല വേലകളുടെ രേഖയുണ്ടായിരുന്നിട്ടും, എഫേസൂസിലെ സഭയെക്കുറിച്ച് പുനരുത്ഥാനം പ്രാപിച്ച യേശുവിന് ഉത്കണ്ഠയ്ക്കു കാരണമുണ്ടായിരുന്നു. അവൻ അവരോടു പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തി . . . അറിയുന്നു. . . . എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.”—വെളിപ്പാടു 2:1-4.
4. (എ) ഏതുവിധത്തിൽ നമ്മുടെ ദൈവസേവനം കടമനിർവഹണംപോലുള്ള ഒരു ആചാരം മാത്രമായിത്തീർന്നേക്കാം? (ബി) ഒരു ആത്മപരിശോധനയുടെ ആവശ്യമുള്ളത് എന്തുകൊണ്ട്?
4 ഒരു അപകടമുണ്ട്. ഒരു കാലഘട്ടം പിന്നിടുന്നതോടെ, നമ്മുടെ ദൈവസേവനം കടമനിർവഹണംപോലുള്ള ഒരു ആചാരം മാത്രമായിത്തീർന്നേക്കാം. ഒരു ക്രിസ്തീയ സ്ത്രീ അതിനെ വർണിച്ചത് ഇങ്ങനെയാണ്: “ഞാൻ സേവനത്തിനും യോഗങ്ങൾക്കും പോകാറുണ്ട്. പഠിക്കുകയും പ്രാർഥിക്കുകയുമൊക്കെ ചെയ്യാറുണ്ട്—പക്ഷേ അതൊക്കെ ഞാൻ ചെയ്തതു യാന്ത്രികമായി, ഒരിക്കലും യാതൊരു വികാരാനുഭൂതിയുമില്ലാതെ ആയിരുന്നു.” തീർച്ചയായും, “താഴേക്ക് എറിയപ്പെടുന്നു” എന്നോ “അടിച്ചുവീഴ്ത്തപ്പെടുന്നു” എന്നോ തോന്നുമ്പോഴും കഠിനമായി യത്നിക്കുന്ന ദൈവദാസൻമാരെ പ്രശംസിക്കേണ്ടതാണ്. (2 കൊരിന്ത്യർ 4:9; 7:6, NW) എന്നിരുന്നാലും, നമ്മുടെ ക്രിസ്തീയ ദിനചര്യ കേവലം ആവർത്തനങ്ങളായി തരംതാഴുമ്പോൾ, നാം അകത്തേക്ക്, എൻജിനിലേക്കെന്നപോലെ എത്തിനോക്കണം. ഏറ്റവും നല്ല വാഹനങ്ങൾക്കുപോലും ക്ലിപ്തകാലങ്ങളിൽ പരിശോധനയും സംരക്ഷണവും ആവശ്യമാണ്; അതുപോലെ, സകല ക്രിസ്ത്യാനികളും നിരന്തരമായ ആത്മപരിശോധന നടത്തേണ്ട ആവശ്യമുണ്ട്. (2 കൊരിന്ത്യർ 13:5) മറ്റുള്ളവർക്കു നമ്മുടെ വേലകൾ കാണാനാവും, എന്നാൽ അവർക്കു നമ്മുടെ പ്രവർത്തനങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്നു വിവേചിക്കാനാവില്ല. അതുകൊണ്ട്, നാം ഓരോരുത്തരും ഗൗരവമായിട്ടെടുക്കേണ്ട ഒരു ചോദ്യമുണ്ട്: ‘ദൈവത്തെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്ത്?’
ഉചിതമായ പ്രചോദനത്തിനുള്ള പ്രതിബന്ധങ്ങൾ
5. എല്ലാറ്റിലും മുഖ്യമായതെന്നു യേശു പറഞ്ഞ കൽപ്പന ഏത്?
5 ഇസ്രായേലിനു കൊടുത്ത നിയമങ്ങളിൽ ഏറ്റവും വലിയ നിയമം ഏതെന്നു ചോദിച്ചപ്പോൾ, യേശു ഉദ്ധരിച്ചത് ആന്തരിക പ്രചോദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കൽപ്പനയായിരുന്നു, അല്ലാതെ പുറമേ കാണുന്ന എന്തെങ്കിലുമായിരുന്നില്ല: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (മർക്കൊസ് 12:30) അങ്ങനെ, നമ്മുടെ ദൈവസേവനത്തിനു പിന്നിലെ പ്രേരകശക്തി എന്തായിരിക്കണമെന്ന് യേശു തിരിച്ചറിയിച്ചു—സ്നേഹം.
6, 7. (എ) കുടുംബവൃത്തത്തെ സാത്താൻ തന്ത്രപൂർവം ആക്രമിച്ചിരിക്കുന്നതെങ്ങനെ, എന്തുകൊണ്ട്? (2 കൊരിന്ത്യർ 2:11) (ബി) വളർത്തപ്പെടുന്ന വിധം ദിവ്യാധികാരത്തോടുള്ള ഒരുവന്റെ മനോഭാവത്തെ ബാധിച്ചേക്കാവുന്നതെങ്ങനെ?
6 സ്നേഹമെന്ന മർമപ്രധാനമായ ഗുണം നട്ടുവളർത്താനുള്ള നമ്മുടെ പ്രാപ്തിയെ മുരടിപ്പിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. ഇതു നേടിയെടുക്കാൻ അവൻ ആവിഷ്കരിച്ചിരിക്കുന്ന ഒരു മാർഗം കുടുംബവൃത്തത്തെ ആക്രമിക്കുക എന്നതാണ്. എന്തുകൊണ്ട്? സ്നേഹത്തെ സംബന്ധിച്ച് ആദ്യത്തേതും നിലനിൽക്കുന്നതുമായ നമ്മുടെ ധാരണകൾ ഉടലെടുക്കുന്നത് കുടുംബത്തിൽവെച്ചാണ് എന്നതാണു കാരണം. കുട്ടിക്കാലത്തു പഠിക്കുന്ന സംഗതികൾ പ്രായപൂർത്തിയാകുമ്പോൾ മൂല്യവത്തായിത്തീരുമെന്ന ബൈബിൾ തത്ത്വം സാത്താനു നന്നായി അറിയാം. (സദൃശവാക്യങ്ങൾ 22:6) ചെറുപ്പകാലത്തുതന്നെ സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ വികലമാക്കാൻ അവൻ തന്ത്രപൂർവം ശ്രമിക്കുന്നു. സ്നേഹത്തിന്റെ ഈറ്റില്ലമായിരിക്കാത്ത, എന്നാൽ കാലുഷ്യത്തിന്റെയും ക്രോധത്തിന്റെയും വാഗ്ശരങ്ങളുടെയും പോർനിലമായിരിക്കുന്ന ഭവനങ്ങളിൽ അനേകരും വളർന്നുവരുമ്പോൾ “ഈ വ്യവസ്ഥിതിയുടെ ദൈവ”മായ സാത്താൻ തന്റെ ഉദ്ദേശ്യങ്ങൾ വിജയം നേടുന്നതായി കണ്ടെത്തുന്നു.—2 കൊരിന്ത്യർ 4:4, NW; എഫെസ്യർ 4:31, 32; 6:4, അടിക്കുറിപ്പ്, NW; കൊലൊസ്സ്യർ 3:21.
7 ഒരു പിതാവു തന്റെ റോൾ കൈകാര്യം ചെയ്യുന്ന വിധത്തിന് “അയാളുടെ മക്കൾ മാനുഷികവും ദിവ്യവുമായ അധികാരത്തോട് പിൽക്കാലത്തു പുലർത്തുന്ന മനോഭാവത്തിന്മേൽ ഗണ്യമായ ഫലമുണ്ടായിരിക്കാൻ കഴിയും” എന്നു നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം അഭിപ്രായപ്പെട്ടു.a പരുക്കനായ പിതാവിന്റെ കർക്കശ ശിക്ഷണത്തിൻ കീഴിൽ വളർന്നുവന്ന ഒരു ക്രിസ്ത്യാനി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “യഹോവയെ അനുസരിക്കുക എനിക്ക് എളുപ്പമാണ്; എന്നാൽ അവനെ സ്നേഹിക്കാനാണു വലിയ ബുദ്ധിമുട്ട്.” തീർച്ചയായും അനുസരണം മർമപ്രധാനമാണ്, എന്തെന്നാൽ ദൈവദൃഷ്ടിയിൽ, ‘അനുസരിക്കുന്നതു യാഗത്തെക്കാൾ നല്ലതാണ്.’ (1 ശമൂവേൽ 15:22) എന്നാൽ കേവലം അനുസരണത്തിനപ്പുറം പോകാനും നമ്മുടെ ആരാധനയ്ക്കു പിന്നിലെ പ്രേരകശക്തി എന്നനിലയിൽ യഹോവയോടു സ്നേഹം നട്ടുവളർത്താനും നമ്മെ എന്തിനു സഹായിക്കാൻ കഴിയും?
“ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു”
8, 9. യേശുവിന്റെ മറുവിലയാഗം യഹോവയോടുള്ള നമ്മുടെ സ്നേഹത്തെ പ്രചോദിപ്പിക്കേണ്ടതെങ്ങനെ?
8 യഹോവയോടു മുഴുഹൃദയ സ്നേഹം നട്ടുവളർത്തുന്നതിനുള്ള ഏറ്റവും വലിയ പ്രേരകഘടകം യേശുക്രിസ്തുവിന്റെ മറുവിലയാഗത്തോടുള്ള വിലമതിപ്പാണ്. “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1 യോഹന്നാൻ 4:9) നാം അതു മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുന്നതോടെ ഈ സ്നേഹപ്രവൃത്തി ഒരു സ്നേഹപ്രതിപ്രവൃത്തി ഉളവാക്കുന്നു. “[യഹോവ] ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.”—1 യോഹന്നാൻ 4:19.
9 മനുഷ്യന്റെ രക്ഷകൻ എന്നനിലയിൽ സേവിക്കാനുള്ള തന്റെ നിയമനം യേശു മനസ്സോടെ സ്വീകരിച്ചു. “അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു.” (1 യോഹന്നാൻ 3:16; യോഹന്നാൻ 15:13) യേശുവിന്റെ ആത്മത്യാഗപരമായ സ്നേഹം നമ്മിൽ വിലമതിപ്പിന്റേതായ ഒരു പ്രതികരണം ഉണർത്തണം. ദൃഷ്ടാന്തമായി, മുങ്ങിമരിക്കുന്നതിൽനിന്നു നിങ്ങളെ ആരോ രക്ഷപെടുത്തിയെന്നു സങ്കൽപ്പിക്കുക. ശരീരമെല്ലാം തുവർത്തി നേരേ വീട്ടിലെത്തി സംഗതിയങ്ങു മറന്നുകളയുമോ നിങ്ങൾ? തീർച്ചയായും ഇല്ല! നിങ്ങളെ രക്ഷിച്ച വ്യക്തിയോടു നിങ്ങൾക്കു കടപ്പാടു തോന്നും. എന്തായാലും നിങ്ങളുടെ ജീവൻ ആ വ്യക്തിയോടു കടപ്പെട്ടിരിക്കുന്നു. യഹോവയാം ദൈവത്തോടും യേശുക്രിസ്തുവിനോടുമുള്ള നമ്മുടെ കടപ്പാട് അതിലും കുറഞ്ഞതാണോ? മറുവിലയില്ലെങ്കിൽ, വാസ്തവത്തിൽ നാം ഓരോരുത്തരും പാപത്തിലും മരണത്തിലും മുങ്ങിപ്പോകുമായിരുന്നു. മറിച്ച്, ഈ മഹത്തായ സ്നേഹപ്രവൃത്തി നിമിത്തം ഒരു പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കുന്നതിന്റെ പ്രതീക്ഷ നമുക്കുണ്ട്.—റോമർ 5:12, 18; 1 പത്രൊസ് 2:24.
10. (എ) നമുക്കു മറുവിലയെ വ്യക്തിപരമായി ബാധകമാക്കാവുന്ന ഒന്നാക്കിമാറ്റാവുന്നതെങ്ങനെ? (ബി) ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നതെങ്ങനെ?
10 മറുവിലയെക്കുറിച്ചു ധ്യാനിക്കുക. പൗലോസ് ചെയ്തതുപോലെ, അതു വ്യക്തിപരമായി ബാധകമാക്കുക: “ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു.” (ഗലാത്യർ 2:20) അത്തരം ധ്യാനം ഹൃദയത്തിൽനിന്നുള്ള പ്രചോദനത്തിനു തിരികൊളുത്തും. എന്തെന്നാൽ പൗലോസ് കൊരിന്ത്യർക്ക് ഇങ്ങനെ എഴുതി: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു.” (2 കൊരിന്ത്യർ 5:14, 15) ക്രിസ്തുവിന്റെ സ്നേഹം “നമ്മെ കീഴ്പ്പെടുത്തുന്നു”വെന്നു ദ ജറുസലേം ബൈബിൾ പറയുന്നു. ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചു നാം ആഴത്തിൽ ചിന്തിക്കുമ്പോൾ, നാം നിർബന്ധിതരാകുകയും ആഴത്തിൽ പ്രചോദിപ്പിക്കപ്പെടുകയും കീഴ്പെടുത്തപ്പെടുകയുംപോലും ചെയ്യുന്നു. അതു നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുകയും നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജെ. ബി. ഫിലിപ്പ്സ് പരാവർത്തനം ചെയ്യുന്നതുപോലെ, “നമ്മുടെ പ്രവർത്തനങ്ങളുടെ പ്രേരകഘടകംതന്നെ ക്രിസ്തുവിന്റെ സ്നേഹമാണ്.” പരീശന്മാരുടെ ദൃഷ്ടാന്തത്തിൽനിന്നു പ്രകടമാകുന്നതുപോലെ, വേറെ ഏതുതരം ആന്തരവും നമ്മിൽ നിലനിൽക്കുന്ന ഫലം ഉളവാക്കുകയില്ല.
‘പരീശന്മാരുടെ പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ’
11. മതപരമായ പ്രവൃത്തികളോടുള്ള പരീശന്മാരുടെ മനോഭാവം വർണിക്കുക.
11 പരീശന്മാർ ദൈവത്തിന്റെ ആരാധനയിൽനിന്നു ചൈതന്യം മുഴുവൻ വറ്റിച്ചുകളഞ്ഞു. ദൈവത്തോടുള്ള സ്നേഹത്തിന് ഊന്നൽ കൊടുക്കേണ്ടതിനുപകരം, അവർ ആത്മീയതയുടെ അളവുകോൽ എന്നനിലയിൽ ഊന്നൽ കൊടുത്തതു പ്രവൃത്തികൾക്കായിരുന്നു. വിപുലമായ നിയമങ്ങളോടുള്ള അവരുടെ ആഭിമുഖ്യം നിമിത്തം അവർ പുറമേ നീതിയുള്ളവരായി കാണപ്പെട്ടു. എന്നാൽ അകമേ അവർ “ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞവരാ”യിരുന്നു.—മത്തായി 23:27.
12. യേശു ഒരു മനുഷ്യനെ സുഖപ്പെടുത്തിയശേഷം, തങ്ങൾ കഠിനഹൃദയരാണെന്നു പരീശന്മാർ പ്രകടമാക്കിയതെങ്ങനെ?
12 ശുഷ്കിച്ച കൈകളുണ്ടായിരുന്ന ഒരു മനുഷ്യനെ ഒരവസരത്തിൽ യേശു അനുകമ്പാപൂർവം സുഖപ്പെടുത്തി. ശാരീരികവും വൈകാരികവുമായി വളരെയധികം അസ്വസ്ഥതയ്ക്ക് ഇടയാക്കിയ ഒരസുഖത്തിന്റെ പെട്ടെന്നുള്ള സുഖമാകൽ അനുഭവിക്കാൻ സാധിച്ച ഈ മനുഷ്യൻ നിസ്സംശയമായും എത്ര സന്തോഷവാനായിരുന്നിരിക്കണം! എന്നിട്ടും, പരീശന്മാർ അവനോടുകൂടെ ആഹ്ലാദിച്ചില്ല. പകരം, അവർ സാങ്കേതികതയിൽ തൂങ്ങിക്കൊണ്ടുള്ള, അർഥശൂന്യമായ വിമർശനത്തിലേർപ്പെട്ടു—യേശു ശബത്തിൽ സഹായമേകിപോലും. നിയമത്തിന്റെ സാങ്കേതിക വ്യാഖ്യാനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന പരീശന്മാർ നിയമത്തിന്റെ അന്തസ്സത്ത മൊത്തം കളഞ്ഞുകുളിച്ചു. അപ്പോൾ യേശു “അവരുടെ ഹൃദയകാഠിന്യംനിമിത്തം . . . ദുഃഖിച്ച”തിൽ അതിശയിക്കാനില്ല! (മർക്കൊസ് 3:1-5) മാത്രമല്ല, അവൻ തന്റെ ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു: “പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ.” (മത്തായി 16:6) നമ്മുടെ പ്രയോജനത്തിനുവേണ്ടി അവരുടെ പ്രവൃത്തികളും മനോഭാവങ്ങളും ബൈബിളിൽ തുറന്നുകാട്ടിയിരിക്കുന്നു.
13. പരീശന്മാരുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്കുള്ള പാഠമെന്ത്?
13 പ്രവർത്തനങ്ങളെക്കുറിച്ചു ന്യായയുക്തമായ ഒരു കാഴ്ചപ്പാട് നമുക്കുണ്ടായിരിക്കേണ്ട ആവശ്യമുണ്ടെന്നു പരീശന്മാരുടെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു. തീർച്ചയായും പ്രവൃത്തികൾ മർമപ്രധാനമാണ്, കാരണം ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു.’ (യാക്കോബ് 2:26) എന്നിരുന്നാലും, വാസ്തവത്തിൽ മറ്റുള്ളവർ എന്തായിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് എന്തു ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവരെ വിധിക്കാനുള്ള ഒരു പ്രവണത അപൂർണ മനുഷ്യർക്കുണ്ട്. ചിലപ്പോൾ, നമ്മെപ്പോലും നാം ഈവിധം വിധിച്ചേക്കാം. നമ്മുടെ ആത്മീയതയുടെ ഒരേ ഒരു അളവുകോൽ പ്രവൃത്തികളാണെന്നമട്ടിൽ, അതു നമ്മുടെ സർവസ്വവുമായിത്തീർന്നേക്കാം. നമ്മുടെ ആന്തരങ്ങളെ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം നാം മറന്നുപോയേക്കാം. (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 5:12.) നിയമത്തിന്റെ ഉദ്ദേശ്യത്തെ കാറ്റിൽ പറത്തുകയും, അതേസമയം അതിനെ അക്ഷരാർഥത്തിൽ അനുസരിക്കുകയും ചെയ്തുകൊണ്ട് നാം “കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്ന,” കർക്കശ നിയമാനുഷ്ഠാനവാദികൾ ആയിത്തീർന്നേക്കാം.—മത്തായി 23:24.
14. പരീശന്മാർ വെടിപ്പില്ലാത്ത ഒരു കപ്പിനെയോ പാത്രത്തെയോപോലെ ആയിരുന്നതെങ്ങനെ?
14 ഒരു വ്യക്തി വാസ്തവത്തിൽ യഹോവയെ സ്നേഹിക്കുന്നെങ്കിൽ, ദൈവിക ഭക്തിയുടേതായ പ്രവൃത്തികൾ സ്വാഭാവികമായും വന്നുകൊള്ളുമെന്ന സംഗതിയാണു പരീശന്മാർ ഗ്രഹിക്കാതെ പോയത്. അകത്തുനിന്നു പുറത്തേക്ക് ഒഴുകുന്നതാണ് ആത്മീയത. ഇക്കാര്യത്തിൽ പരീശന്മാർക്കുണ്ടായിരുന്ന തെറ്റായ ചിന്ത നിമിത്തം യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് അവരെ ശക്തമായി അപലപിച്ചു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.”—മത്തായി 23:25, 26.
15. യേശു പുറമേ കാണുന്നതിനുമപ്പുറം നോക്കുന്നുവെന്നു പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങൾ പരാമർശിക്കുക.
15 ഒരു കപ്പിന്റെ, ഒരു പാത്രത്തിന്റെ, അല്ലെങ്കിൽ ഒരു കെട്ടിടത്തിന്റെ പുറമേയുള്ള ദൃശ്യം സകലവും വെളിപ്പെടുത്തുന്നില്ല. യെരുശലേം ദേവാലയത്തിന്റെ മനോഹാരിതയിൽ യേശുവിന്റെ ശിഷ്യന്മാർ അന്തംവിട്ടിരുന്നു, എന്നാൽ അതിനകത്തു നടന്നിരുന്ന സംഗതികൾ നിമിത്തം യേശു അതിനെ “കള്ളന്മാരുടെ ഗുഹ” എന്നു വിളിച്ചു. (മർക്കൊസ് 11:17; 13:1) ആലയത്തിന്റെ കാര്യത്തിൽ സത്യമായിരുന്നതു ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുടെ കാര്യത്തിലും സത്യമാണ്. അതാണു ക്രൈസ്തവലോകത്തിന്റെ ചരിത്രം പ്രകടമാക്കുന്നത്. തന്റെ നാമത്തിൽ “അത്ഭുതങ്ങൾ” പ്രവർത്തിച്ച ചിലരെ “അനീതി പ്രവർത്തി”ക്കുന്നവരായി താൻ ന്യായംവിധിക്കുമെന്നു യേശു പറഞ്ഞു. (മത്തായി 7:22, 23, പി.ഒ.സി. ബൈബിൾ) എന്നാൽ തികച്ചും വ്യത്യസ്തമായി, ആലയത്തിൽ തീരെ തുച്ഛമായ തുക സംഭാവനയിട്ട ഒരു വിധവയെക്കുറിച്ച് അവൻ പറഞ്ഞു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു . . . ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു.” (മർക്കൊസ് 12:41-44) പൊരുത്തക്കേടുള്ള വിധികളോ? അല്ലേ അല്ല. രണ്ടു സന്ദർഭങ്ങളിലും, യേശു യഹോവയുടെ വീക്ഷണം പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 8:16) പ്രവൃത്തികൾക്കു പിന്നിലെ ആന്തരങ്ങൾ നോക്കി, അതനുസരിച്ച് അവൻ വിധിച്ചു.
“അവനവന്റെ പ്രാപ്തിപോലെ”
16. നാം നമ്മുടെ പ്രവർത്തനത്തെ മറ്റൊരു ക്രിസ്ത്യാനിയുടേതുമായി എപ്പോഴും താരതമ്യം ചെയ്യേണ്ടയാവശ്യമില്ലാത്തത് എന്തുകൊണ്ട്?
16 നമ്മുടെ ആന്തരങ്ങൾ ഉചിതമാണെങ്കിൽ, നിരന്തരം താരതമ്യം ചെയ്യേണ്ടതിന്റെ യാതൊരാവശ്യവുമില്ല. ഉദാഹരണത്തിന്, ശുശ്രൂഷയിൽ മറ്റൊരു ക്രിസ്ത്യാനി ചെലവഴിക്കുന്ന സമയത്തോളംതന്നെ സമയം ചെലവഴിക്കുന്നതിനോ പ്രസംഗവേലയിൽ ഒരുവന്റെ നേട്ടങ്ങൾക്കൊപ്പം എത്തുന്നതിനോ മത്സരപൂർവം പാടുപെടുന്നതുകൊണ്ട് ഒരു നേട്ടവുമില്ല. വേറെ ആരുടെയെങ്കിലുമല്ല, നിങ്ങളുടെ മുഴു ഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടുംകൂടെ യഹോവയെ സേവിക്കാനാണു യേശു പറഞ്ഞിരിക്കുന്നത്. ഓരോ വ്യക്തിയുടെയും പ്രാപ്തികൾക്കും ശേഷിക്കും സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നെങ്കിൽ, ശുശ്രൂഷയിൽ കുറെയധികം സമയം—ഒരുപക്ഷേ ഒരു മുഴുസമയ ശുശ്രൂഷകനായിട്ടുപോലും—ചെലവഴിക്കാൻ സ്നേഹം നിങ്ങളെ പ്രചോദിപ്പിക്കും. എന്നാൽ ഒരു രോഗവുമായി നിങ്ങൾ മല്ലടിക്കുകയാണെങ്കിൽ, ശുശ്രൂഷയിൽ നിങ്ങൾ ചെലവിടുന്ന സമയം നിങ്ങൾ ആഗ്രഹിക്കുന്നതിനെക്കാൾ കുറഞ്ഞുപോയേക്കാം. നിരുത്സാഹപ്പെടരുത്. ദൈവത്തോടുള്ള വിശ്വസ്തത അളക്കുന്നതു മണിക്കൂറുകൾ നോക്കിയിട്ടല്ല. ശുദ്ധമായ ആന്തരങ്ങളുണ്ടെങ്കിൽ, നിങ്ങൾക്കു സന്തോഷിക്കാൻ കാരണമുണ്ട്. പൗലോസ് എഴുതി: “ഓരോരുത്തരും സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നെക്കുറിച്ചു മാത്രം ആഹ്ലാദിക്കുന്നതിനു കാരണമുണ്ടായിരിക്കും, അല്ലാതെ മറേറയാളിനോടുള്ള താരതമ്യത്തിലായിരിക്കയില്ല.”—ഗലാത്യർ 6:4, NW.
17. നിങ്ങളുടെ സ്വന്തം വാക്കുകളിൽ താലന്തുകളുടെ ഉപമ ഹ്രസ്വമായി വിവരിക്കുക.
17 മത്തായി 25:14-30-ൽ രേഖപ്പെടുത്തിയിരിക്കുന്ന താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമ പരിചിന്തിക്കുക. വിദേശത്തേക്കു യാത്ര പുറപ്പെടാനിരിക്കുകയായിരുന്ന ഒരു മനുഷ്യൻ തന്റെ ദാസന്മാരെ വിളിച്ച് തന്റെ സമ്പാദ്യങ്ങൾ അവർക്ക് ഏൽപ്പിച്ചുകൊടുത്തു. “ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഓരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു.” യജമാനൻ തന്റെ ദാസന്മാരുമായി കണക്കുതീർക്കാൻ തിരിച്ചുവന്നപ്പോൾ അയാൾ കണ്ടതെന്തായിരുന്നു? അഞ്ചു താലന്തുകൾ ലഭിച്ച ദാസൻ അഞ്ചുകൂടി നേടി. അതുപോലെ, രണ്ടു താലന്തുകൾ ലഭിച്ച ദാസൻ രണ്ടുകൂടി നേടി. ഒരു താലന്തു ലഭിച്ച ദാസൻ അതു നിലത്തു കുഴിച്ചിട്ടു, തന്റെ യജമാനന്റെ സമ്പാദ്യം വർധിപ്പിക്കാൻ യാതൊന്നും ചെയ്തതുമില്ല. യജമാനൻ പ്രസ്തുത സാഹചര്യത്തെ വിലയിരുത്തിയതെങ്ങനെയായിരുന്നു?
18, 19. (എ) രണ്ടു താലന്തുകൾ ലഭിച്ച ദാസനെയും അഞ്ചു താലന്തുകൾ ലഭിച്ച ദാസനെയും യജമാനൻ താരതമ്യം ചെയ്യാഞ്ഞത് എന്തുകൊണ്ട്? (ബി) പ്രശംസിക്കലിനെയും താരതമ്യപ്പെടുത്തലുകളെയും കുറിച്ചു താലന്തുകളുടെ ഉപമ നമ്മെ എന്തു പഠിപ്പിക്കുന്നു? (സി) മൂന്നാമത്തെ ദാസൻ പ്രതികൂലമായി വിധിക്കപ്പെട്ടത് എന്തുകൊണ്ട്?
18 ആദ്യമായി, യഥാക്രമം അഞ്ചും രണ്ടും താലന്തുകൾ ലഭിച്ച ദാസന്മാരെക്കുറിച്ചു നമുക്കു ചിന്തിക്കാം. ഈ ദാസന്മാർ ഓരോരുത്തനോടും യജമാനൻ പറഞ്ഞു: “നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ.” അഞ്ചു താലന്തു ലഭിച്ചവൻ രണ്ടെണ്ണമേ നേടിയുള്ളുവെങ്കിൽ അദ്ദേഹം ആ ദാസനോട് ഇതു പറയുമായിരുന്നോ? സാധ്യതയില്ല! അതേസമയം, ‘നീ എന്തുകൊണ്ട് അഞ്ചെണ്ണം നേടിയില്ല? നിന്റെ സഹദാസനെ നോക്കുക, അവൻ എനിക്കുവേണ്ടി എന്തുമാത്രം സമ്പാദിച്ചിരിക്കുന്നുവെന്നു കാണുക!’ എന്നു രണ്ടു താലന്തുകൾ ലഭിച്ച ദാസനോട് അവൻ പറഞ്ഞില്ല. ഇല്ല, യേശുവിനെ ചിത്രീകരിച്ച അനുകമ്പയുള്ള യജമാനൻ താരതമ്യപ്പെടുത്തലുകൾ നടത്തിയില്ല. അവൻ താലന്തുകൾ ഭാഗിച്ചുകൊടുത്തത് “ഓരോരുത്തന്നു അവനവന്റെ പ്രാപ്തിക്കനുസരിച്ചായിരുന്നു. ഓരോരുത്തർക്കും കൊടുക്കാൻ കഴിയുന്നതിനെക്കാളധികം അവൻ തിരിച്ചു പ്രതീക്ഷിച്ചില്ല. രണ്ടു ദാസന്മാർക്കും തുല്യ പ്രശംസ ലഭിച്ചു. രണ്ടുപേരും തങ്ങളുടെ യജമാനന്മാർക്കുവേണ്ടി മുഴുദേഹിയോടെ വേല ചെയ്തു എന്നതാണു കാരണം. നമുക്കെല്ലാം ഇതിൽനിന്നു പഠിക്കാൻ സാധിക്കും.
19 നിശ്ചയമായും, മൂന്നാമത്തെ ദാസൻ പ്രശംസിക്കപ്പെട്ടില്ല. വാസ്തവത്തിൽ, അവൻ പുറമേയുള്ള അന്ധകാരത്തിലേക്ക് എറിയപ്പെട്ടു. അഞ്ചു താലന്തുകൾ ലഭിച്ച ദാസൻ നേടിയ അത്രയും ഒരു താലന്ത് ലഭിച്ച ദാസനിൽനിന്നു പ്രതീക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. എന്നിരുന്നാലും, അവൻ ഒന്നു ശ്രമിക്കുകപോലും ചെയ്തില്ല! അവനു ലഭിച്ച പ്രതികൂല ന്യായവിധിക്കു കാരണം മുഖ്യമായും അവന്റെ “ദുഷ്ടവും അലസവുമായ” [NW] ഹൃദയനിലവാരമായിരുന്നു, അതു യജമാനനോടുള്ള സ്നേഹമില്ലായ്മ വെളിപ്പെടുത്തി.
20. നമ്മുടെ പരിമിതികളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
20 നാം ഓരോരുത്തരും നമ്മുടെ മുഴുശക്തിയോടുംകൂടി യഹോവയെ സ്നേഹിക്കണമെന്ന് അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു” എന്നത് എത്ര ഹൃദയോഷ്മളമാണ്! (സങ്കീർത്തനം 103:14) സദൃശവാക്യങ്ങൾ 21:2 പറയുന്നു: “യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു”—അല്ലാതെ സ്ഥിതിവിവരക്കണക്കുകളല്ല നോക്കുന്നത്. സാമ്പത്തികമോ ശാരീരികമോ വൈകാരികമോ മറ്റേതെങ്കിലുമോപോലുള്ള, നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഏതൊരു പരിമിതികളും അവൻ മനസ്സിലാക്കുന്നു. (യെശയ്യാവു 63:9) അതേസമയം, നാം നമ്മുടെ സകല വസ്തുവകകളും പരമാവധി ഉപയോഗിക്കണമെന്ന് അവൻ പ്രതീക്ഷിക്കുന്നു. യഹോവ പൂർണനാണെങ്കിലും തന്റെ അപൂർണ ആരാധകരുമായി ഇടപെടുമ്പോൾ അവൻ പൂർണത ആവശ്യപ്പെടുന്നില്ല. തന്റെ ഇടപെടലുകളിൽ ന്യായയുക്തതയില്ലാത്തവനോ പ്രതീക്ഷകളിൽ യാഥാർഥ്യബോധമില്ലാത്തവനോ അല്ല അവൻ.
21. നമ്മുടെ ദൈവസേവനം സ്നേഹത്താൽ പ്രചോദിതമാണെങ്കിൽ, എന്തു സദ്ഫലങ്ങൾ ഉളവാകും?
21 നമ്മുടെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ യഹോവയെ സ്നേഹിക്കുന്നത് “സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു.” (മർക്കൊസ് 12:33) നാം സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടുന്നെങ്കിൽ, ദൈവസേവനത്തിൽ നമ്മളാലാവുന്ന സകലതും നാം ചെയ്യും. സ്നേഹം ഉൾപ്പെടെയുള്ള ദൈവിക ഗുണങ്ങൾ “നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല” എന്നു പത്രോസ് എഴുതി.—2 പത്രൊസ് 1:8.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
പുനരവലോകനം
◻ നമ്മുടെ ദൈവസേവനത്തിനു പിന്നിലെ പ്രേരകശക്തി എന്തായിരിക്കണം?
◻ യഹോവയെ സേവിക്കാൻ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നതെങ്ങനെ?
◻ പരീശന്മാരുടെ ഏതു മുന്നഭിപ്രായമാണു നാം ഒഴിവാക്കേണ്ടത്?
◻ നമ്മുടെ സേവനത്തെ മറ്റൊരു ക്രിസ്ത്യാനിയുടേതുമായി താരതമ്യം ചെയ്തുകൊണ്ടേയിരിക്കുന്നതു ബുദ്ധിശൂന്യമായിരിക്കുന്നത് എന്തുകൊണ്ട്?
16-ാം പേജിലെ ചിത്രം]
വ്യക്തികളുടെ പ്രാപ്തികൾക്കും ശേഷിക്കും സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്