അധ്യായം 115
യേശുവിന്റെ അവസാനത്തെ പെസഹ അടുത്തുവരുന്നു
മത്തായി 26:1-5, 14-19; മർക്കോസ് 14:1, 2, 10-16; ലൂക്കോസ് 22:1-13
യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് ഈസ്കര്യോത്ത് പണം വാങ്ങുന്നു
രണ്ട് അപ്പോസ്തലന്മാർ പെസഹയ്ക്കായി ഒരുക്കങ്ങൾ നടത്തുന്നു
ഒലിവുമലയിൽ ഇരുന്നുകൊണ്ട് തന്റെ സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ അവസാനത്തെയും കുറിച്ചുള്ള നാല് അപ്പോസ്തലന്മാരുടെ ചോദ്യങ്ങൾക്ക് യേശു ഉത്തരം നൽകിക്കഴിഞ്ഞിരിക്കുന്നു.
എത്ര തിരക്കു പിടിച്ച ഒരു ദിവസമായിരുന്നു നീസാൻ 11! അന്ന് രാത്രി അവർ ബഥാന്യയിലേക്ക് തിരിച്ചുപോകുന്ന വഴിക്കായിരിക്കാം യേശു അപ്പോസ്തലന്മാരോട് ഇങ്ങനെ പറയുന്നത്: “രണ്ടു ദിവസം കഴിഞ്ഞ് പെസഹയാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. മനുഷ്യപുത്രനെ സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും.”—മത്തായി 26:2.
ചൊവ്വാഴ്ച യേശു മതനേതാക്കന്മാരുടെ കപടത വെളിച്ചത്ത് കൊണ്ടുവരുകയും പരസ്യമായി അവരെ ശകാരിക്കുകയും ചെയ്തിരുന്നു. അവർ ഇപ്പോൾ യേശുവിനെ കൊല്ലാൻ അന്വേഷിച്ചുനടക്കുകയാണ്. യേശു അടുത്ത ദിവസം, അതായത് ബുധനാഴ്ച, സാധ്യതയനുസരിച്ച് അപ്പോസ്തലന്മാരോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടാകണം. പിറ്റെ ദിവസം സൂര്യാസ്തമയം കഴിയുമ്പോൾ നീസാൻ 14 തുടങ്ങുകയാണ്. അന്നാണ് യേശു അപ്പോസ്തലന്മാരുമായി പെസഹ ആചരിക്കേണ്ടത്. യാതൊന്നും ആ ആചരണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കാത്തതുകൊണ്ട് നീസാൻ 12-ാം തീയതി യേശു ആളുകളുടെ ഇടയിലേക്ക് വരുന്നില്ല.
എന്നാൽ മുഖ്യപുരോഹിതന്മാർക്കും ജനത്തിന്റെ മൂപ്പന്മാർക്കും പെസഹയ്ക്കു മുമ്പുള്ള ദിവസങ്ങളിൽ അടങ്ങിയിരിക്കാൻ കഴിയുന്നില്ല. മഹാപുരോഹിതനായ കയ്യഫയുടെ വീടിന്റെ നടുമുറ്റത്ത് അവർ ഒത്തുകൂടുന്നു. കാരണം യേശു അവരുടെ കപടത തുറന്നുകാട്ടിയതിൽ അവർക്കു വല്ലാത്ത അമർഷമുണ്ട്. അവർ “യേശുവിനെ തന്ത്രപൂർവം പിടികൂടി കൊന്നുകളയാൻ” ഗൂഢാലോചന നടത്തുന്നു. എങ്ങനെ, എപ്പോൾ ഇത് ചെയ്യാമെന്നാണ് അവർ ആലോചിക്കുന്നത്? അവർ പറയുന്നു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.” (മത്തായി 26:4, 5) അവർക്ക് പേടിയുണ്ട്. കാരണം ജനത്തിൽ ഏറെപ്പേർക്കും യേശുവിനെ വലിയ ഇഷ്ടമാണ്.
മതനേതാക്കന്മാരെ ഞെട്ടിച്ചുകൊണ്ട് അവരുടെ മുമ്പിൽ ഒരു സന്ദർശകൻ വന്നിരിക്കുന്നു. യേശുവിന്റെ അപ്പോസ്തലന്മാരിൽ ഒരാളായ യൂദാസ് ഈസ്കര്യോത്ത് ആണ് അത്. ഗുരുവിനെ ഒറ്റിക്കൊടുക്കാൻ സാത്താൻ യൂദാസിനെ തോന്നിപ്പിച്ചു. യൂദാസ് അവരോടു ചോദിക്കുന്നു: “യേശുവിനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും?” (മത്തായി 26:15) വലിയ സന്തോഷത്തോടെ “അവർ യൂദാസിനു പണം കൊടുക്കാമെന്ന് ഏറ്റു.” (ലൂക്കോസ് 22:5) എത്ര പണം? 30 വെള്ളിപ്പണം കൊടുക്കാമെന്ന് അവർ സന്തോഷത്തോടെ സമ്മതിക്കുന്നു. ഒരു അടിമയുടെ വിലയായിരുന്നു 30 ശേക്കെൽ. (പുറപ്പാട് 21:32) യേശുവിനെ തീരെ വില കുറഞ്ഞ ആളായിട്ടാണ് വീക്ഷിക്കുന്നതെന്ന് അതിലൂടെ മതനേതാക്കന്മാർ തെളിയിച്ചു. അപ്പോൾമുതൽ “ജനക്കൂട്ടം അടുത്തില്ലാത്ത നേരം നോക്കി യേശുവിനെ ഒറ്റിക്കൊടുക്കാൻ അയാൾ തക്കംനോക്കി നടന്നു.”—ലൂക്കോസ് 22:6.
സൂര്യാസ്തമയത്തോടെ നീസാൻ 13 ബുധനാഴ്ച ആരംഭിക്കുന്നു. ബഥാന്യയിൽ യേശുവിന്റെ അവസാനത്തെ രാത്രിയാണ് അത്. അടുത്ത ദിവസം പെസഹയുടെ അവസാനത്തെ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എവിടെയായിരിക്കും അവർക്ക് പെസഹാഭക്ഷണം? നീസാൻ 14-ാം തീയതി പെസഹ തുടങ്ങുന്നതിനു മുമ്പ് ആരായിരിക്കും പെസഹയ്ക്കുവേണ്ട ആട്ടിൻകുട്ടിയെ അറുത്ത് അതിനെ ചുട്ടെടുക്കുന്നത്? യേശു അത്തരം വിശദാംശങ്ങളൊന്നും നൽകിയില്ല. അതുകൊണ്ടുതന്നെ യൂദാസിന് ആ വിവരങ്ങളൊന്നും മുഖ്യപുരോഹിതന്മാർക്ക് കൈമാറാനും കഴിഞ്ഞില്ല.
വ്യാഴാഴ്ച സാധ്യതയനുസരിച്ച് ഉച്ചകഴിഞ്ഞ് യേശു ബഥാന്യയിൽനിന്ന് പത്രോസിനെയും യോഹന്നാനെയും ഇങ്ങനെ പറഞ്ഞ് അയയ്ക്കുന്നു: “പോയി നമുക്കു പെസഹ ഭക്ഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തുക.” അവർ യേശുവിനോട്, “ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത് ” എന്നു ചോദിച്ചപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലുമ്പോൾ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ അയാൾ കയറുന്ന വീട്ടിലേക്കു ചെല്ലുക. എന്നിട്ട് വീട്ടുടമസ്ഥനോട്, ‘“എനിക്കു ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ് ” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയുക. അപ്പോൾ അയാൾ മുകളിലത്തെ നിലയിൽ, വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണിച്ചുതരും. അവിടെ പെസഹ ഒരുക്കുക.”—ലൂക്കോസ് 22:8-12.
ആ വീട്ടുടമസ്ഥൻ യേശുവിന്റെ ശിഷ്യനായിരുന്നിരിക്കണം എന്നതിന് സംശയമില്ല. പെസഹ ആചരിക്കുന്നതിന് തന്റെ വീട് ഉപയോഗിക്കാൻ യേശു ആവശ്യപ്പെടുമെന്ന് അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആ രണ്ട് അപ്പോസ്തലന്മാർ യരുശലേമിൽ എത്തുമ്പോൾ യേശു പറഞ്ഞതുപോലെതന്നെ എല്ലാം കാണുന്നു. യേശുവിനും 12 അപ്പോസ്തലന്മാർക്കും പെസഹ ആചരിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ അവർ ചെയ്യുന്നു. ആട്ടിൻകുട്ടിയെയും ഭക്ഷണത്തിനുവേണ്ട മറ്റു കാര്യങ്ങളും അവർ തയ്യാറാക്കി.