അധ്യായം 134
യേശു ജീവനോടിരിക്കുന്നു!
മത്തായി 28:3-15; മർക്കോസ് 16:5-8; ലൂക്കോസ് 24:4-12; യോഹന്നാൻ 20:2-18
യേശു ഉയിർപ്പിക്കപ്പെടുന്നു
യേശുവിന്റെ കല്ലറയ്ക്കൽ നടന്ന സംഭവങ്ങൾ
യേശു സ്ത്രീകളുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നു
കല്ലറയിൽ ആരുമില്ലെന്നു കണ്ടപ്പോൾ ആ സ്ത്രീകൾ ഞെട്ടിത്തരിച്ചുപോയിരിക്കാം! മഗ്ദലക്കാരി മറിയ “ശിമോൻ പത്രോസിന്റെയും യേശുവിനു പ്രിയപ്പെട്ട ശിഷ്യന്റെയും,” അതായത് അപ്പോസ്തലനായ യോഹന്നാന്റെയും, അടുത്തേക്ക് ഓടി. (യോഹന്നാൻ 20:2) എന്നാൽ മറ്റു സ്ത്രീകൾ കല്ലറയുടെ അടുത്തുവെച്ച് ഒരു ദൂതനെ കാണുന്നു. അവർ കല്ലറയ്ക്കുള്ളിൽ കടന്നപ്പോൾ “വെളുത്ത നീളൻ കുപ്പായം” ധരിച്ച വേറൊരു ദൂതനെയും കാണുന്നു.—മർക്കോസ് 16:5.
അവരിൽ ഒരു ദൂതൻ ഇങ്ങനെ പറയുന്നു: “പേടിക്കേണ്ടാ; സ്തംഭത്തിലേറ്റി കൊന്ന യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്ക് അറിയാം. പക്ഷേ യേശു ഇവിടെയില്ല. യേശു പറഞ്ഞിരുന്നതുപോലെതന്നെ ഉയിർപ്പിക്കപ്പെട്ടു. അദ്ദേഹം കിടന്ന സ്ഥലം വന്ന് കാണൂ. എന്നിട്ട് വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.’” (മത്തായി 28:5-7) ഇതു കേട്ട് ‘പേടിച്ചുവിറച്ച് അമ്പരന്നുപോയ’ ആ സ്ത്രീകൾ കാര്യങ്ങൾ അറിയിക്കുന്നതിനായി ശിഷ്യന്മാരുടെ അടുക്കലേക്ക് ഓടുന്നു.—മർക്കോസ് 16:8.
ഇപ്പോൾ പത്രോസിന്റെയും യോഹന്നാന്റെയും അടുത്ത് എത്തിയ മറിയ ഒറ്റശ്വാസത്തിൽ ഇങ്ങനെ പറയുന്നു: “അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി. എവിടെയാണു വെച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.” (യോഹന്നാൻ 20:2) ഇതു കേട്ടതോടെ പത്രോസും യോഹന്നാനും കല്ലറയുടെ അടുത്തേക്കു ഓടുന്നു. യോഹന്നാൻ ആദ്യം ഓടി കല്ലറയ്ക്കൽ എത്തുന്നു. കല്ലറയ്ക്കുള്ളിലേക്കു നോക്കുമ്പോൾ തുണികൾ കാണുന്നു. എന്നാൽ യോഹന്നാൻ അകത്തേക്കു കയറിയില്ല.
എന്നാൽ പത്രോസ് നേരെ കല്ലറയ്ക്കുള്ളിലേക്കു പോകുന്നു. അവിടെ ലിനൻതുണികളും യേശുവിന്റെ തലയിൽ കെട്ടിയിരുന്ന തുണിയും കാണുന്നു. പുറകെ യോഹന്നാനും കല്ലറയ്ക്കുള്ളിൽ കയറുന്നു. മറിയ പറഞ്ഞ കാര്യം ഇപ്പോൾ യോഹന്നാൻ വിശ്വസിക്കുന്നു. യേശു കാര്യങ്ങളൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നെങ്കിലും, യേശു ഉയിർത്തെഴുന്നേറ്റെന്ന കാര്യം രണ്ടു പേരും മനസ്സിലാക്കുന്നില്ല. (മത്തായി 16:21) ഒരു അമ്പരപ്പോടെ അവർ വീട്ടിലേക്കു മടങ്ങുന്നു. എന്നാൽ കല്ലറയുടെ അടുത്തേക്കു മടങ്ങിവന്ന മറിയ അവിടെത്തന്നെ ഇരിക്കുന്നു.
യേശു ഉയിർത്തെഴുന്നേറ്റെന്ന കാര്യം മറ്റു ശിഷ്യന്മാരോടു പറയുന്നതിനുവേണ്ടി പോയ സ്ത്രീകളെ യേശു വഴിയിൽ എതിരേറ്റ് ഇങ്ങനെ പറയുന്നു: “നമസ്കാരം.” അപ്പോൾ അവർ യേശുവിന്റെ അടുത്ത് ചെന്ന് കാലിൽ കെട്ടിപ്പിടിച്ച് “വണങ്ങി”. യേശു അവരോടു പറയുന്നു: “പേടിക്കേണ്ടാ! പോയി എന്റെ സഹോദരന്മാരെ വിവരം അറിയിക്കൂ! അവർ ഗലീലയ്ക്കു വരട്ടെ. അവിടെവെച്ച് അവർ എന്നെ കാണും.”—മത്തായി 28:9, 10.
നേരത്തേ ഉണ്ടായ ഭൂകമ്പവും ദൂതന്മാരുടെ പ്രത്യക്ഷപ്പെടലും കല്ലറയ്ക്കൽ കാവൽനിന്ന പടയാളികളെ ഭയപ്പെടുത്തി. അവർ “പേടിച്ചുവിറച്ച് മരിച്ചവരെപ്പോലെയായി.” എന്നാൽ ഭയമൊക്കെ മാറിയപ്പോൾ ആ പടയാളികൾ നഗരത്തിൽ ചെന്ന് “സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു.” ഇവരാകട്ടെ ജൂതന്മാരുടെ മൂപ്പന്മാരുമായി കൂടിയാലോചനകൾ നടത്തി. കാര്യങ്ങൾ മറച്ചുവെക്കുന്നതിനായി പടയാളികളെ വിലയ്ക്കു വാങ്ങാൻ അവർ തീരുമാനിക്കുന്നു. എന്നിട്ട് പടയാളികളോട് ഇങ്ങനെ പറയാൻ ആവശ്യപ്പെടുന്നു: “രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി.”—മത്തായി 28:4, 11, 13.
ജോലിക്കിടെ ഉറങ്ങുന്ന റോമൻ പടയാളികൾക്ക് മരണശിക്ഷ ലഭിച്ചേക്കാം. അതുകൊണ്ട് പുരോഹിതന്മാർ അവർക്ക് ഇങ്ങനെ ഉറപ്പ് കൊടുക്കുന്നു: “ഇതു (ഉറങ്ങിപ്പോയി എന്ന കള്ളക്കഥ) ഗവർണറുടെ ചെവിയിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തോടു കാര്യങ്ങൾ വിശദീകരിച്ചുകൊള്ളാം. നിങ്ങൾക്കു കുഴപ്പമൊന്നും വരില്ല.” (മത്തായി 28:14) ആ പടയാളികൾ പുരോഹിതന്മാർ കൊടുത്ത കൈക്കൂലി വാങ്ങിയിട്ട് അവർ പറഞ്ഞതുപോലെ ചെയ്യുന്നു. അങ്ങനെ യേശുവിന്റെ ശരീരം മോഷ്ടിക്കപ്പെട്ടു എന്ന കഥ ജൂതന്മാരുടെ ഇടയിൽ പരന്നു.
മഗ്ദലക്കാരി മറിയ ഇപ്പോഴും കല്ലറയ്ക്കലിരുന്ന് കരയുകയാണ്. കല്ലറയിലേക്ക് കുനിഞ്ഞ് നോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാരെ കാണുന്നു! യേശുവിന്റെ ശരീരം വെച്ചിരുന്നിടത്തെ തലഭാഗത്ത് ഒരു ദൂതനും കാൽഭാഗത്ത് മറ്റൊരു ദൂതനും ഇരിപ്പുണ്ടായിരുന്നു. “സ്ത്രീയേ, എന്തിനാണ് ഇങ്ങനെ കരയുന്നത് ” എന്ന് അവർ ചോദിക്കുന്നു. അതിന് മറിയ ഇങ്ങനെ ഉത്തരം പറയുന്നു: “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന് എനിക്ക് അറിഞ്ഞുകൂടാ.” മറിയ തിരിയുമ്പോൾ മറ്റൊരാളെ കാണുന്നു. അദ്ദേഹം ദൂതൻ ചോദിച്ച അതേ ചോദ്യം ചോദിച്ചിട്ട് ഇങ്ങനെയുംകൂടി ചോദിക്കുന്നു: “ആരെയാണു നീ അന്വേഷിക്കുന്നത്?” അത് തോട്ടക്കാരനായിരിക്കുമെന്നു കരുതി അവൾ പറയുന്നു: “യജമാനനേ, അങ്ങാണു യേശുവിനെ എടുത്തുകൊണ്ടുപോയതെങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം.”—യോഹന്നാൻ 20:13-15.
ഉയിർത്തെഴുന്നേറ്റ യേശുവിനോടാണ് വാസ്തവത്തിൽ മറിയ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ മറിയ അത് മനസ്സിലാക്കുന്നില്ല. യേശു, “മറിയേ” എന്നു വിളിക്കുമ്പോഴാണ്, അത് യേശുവാണെന്ന കാര്യം മറിയ തിരിച്ചറിയുന്നത്. എപ്പോഴും യേശു മറിയയെ വിളിക്കാറുണ്ടായിരുന്ന അതേ രീതിയിലായിരുന്നു ഇപ്പോൾ യേശു വിളിച്ചത്. മറിയ സന്തോഷത്തോടെ “റബ്ബോനി!” (“ഗുരു!” എന്ന് അർഥം.) എന്നു വിളിക്കുന്നു. യേശു സ്വർഗത്തിലേക്ക് പോകാൻ ഒരുങ്ങുകയാണെന്നു കരുതി മറിയ യേശുവിനെ പിടിച്ച് നിറുത്താൻ ശ്രമിക്കുന്നു. എന്നാൽ യേശു മറിയയോട് ഇങ്ങനെ പറയുന്നു: “എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്. ഞാൻ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിപ്പോയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്ത് ചെന്ന് അവരോട്, ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു’ എന്നു പറയുക.”—യോഹന്നാൻ 20:16, 17.
അപ്പോസ്തലന്മാരും മറ്റു ശിഷ്യന്മാരും കൂടിയിരുന്ന സ്ഥലത്തേക്കു മറിയ ഓടുന്നു. എന്നിട്ട് അവരോട് ഇങ്ങനെ പറയുന്നു: “ഞാൻ കർത്താവിനെ കണ്ടു.” ഇതുതന്നെയാണ് അവരോടു മറ്റു സ്ത്രീകളും പറഞ്ഞത്. (യോഹന്നാൻ 20:18) എന്നാൽ ആ സ്ത്രീകൾ പറഞ്ഞതൊക്കെ അപ്പോസ്തലന്മാർക്കും ശിഷ്യന്മാർക്കും “ഒരു കെട്ടുകഥപോലെ തോന്നി.”—ലൂക്കോസ് 24:11.