അധ്യായം 9
“നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”
1-3. (എ) വിളവ് തനിച്ച് കൊയ്തെടുക്കാവുന്നതിലും അധികമാണെങ്കിൽ ഒരു കർഷകൻ എന്തു ചെയ്യും? (ബി) പുനരുത്ഥാനശേഷം യേശുവിന് ഏത് സാഹചര്യം ഉണ്ടായി? എങ്ങനെയാണ് അവനത് കൈകാര്യം ചെയ്തത്?
ആ കർഷകൻ ഒരു വിഷമസന്ധിയിലാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് അയാൾ നിലമുഴുത് വിത്ത് വിതച്ചിരുന്നു. വിത്തുകൾ മുളച്ചുപൊങ്ങിയപ്പോൾ അയാൾ അവയെ നന്നായി പരിചരിച്ചു. ധാന്യച്ചെടികൾ മൂപ്പെത്തുന്നതു കണ്ടപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. അയാളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കാൻ പോകുകയാണ്! താമസിയാതെതന്നെ വിള കൊയ്തെടുക്കാനാകും. എന്നാൽ ഒരു പ്രശ്നമുണ്ട്: അയാൾക്ക് തനിച്ച് കൊയ്തെടുക്കാനാകുന്നതിലും അധികമാണ് വിളവ്. അയാൾ ഒരു പോംവഴി കണ്ടെത്തുന്നു: കൊയ്ത്തുവേലയ്ക്കായി ചിലരെ കൂലിക്കെടുക്കുക. അത് തികച്ചും ബുദ്ധിപൂർവകമായ ഒരു തീരുമാനമാണ്. കാരണം, വിളവ് പെട്ടെന്നുതന്നെ കൊയ്തെടുക്കണം.
2 എ.ഡി. 33-ൽ, തന്റെ പുനരുത്ഥാനശേഷം യേശുവിനും സമാനമായ ഒരു സാഹചര്യം ഉണ്ടായി. അതിനുമുമ്പുള്ള മൂന്നരവർഷക്കാലം അവൻ സത്യത്തിന്റെ വിത്തുകൾ വിതച്ചിരുന്നു. ഇപ്പോൾ കൊയ്ത്തിനുള്ള സമയം ആയിരിക്കുകയാണ്, വിളവാകട്ടെ സമൃദ്ധവും. അതെ, സുവാർത്ത സ്വീകരിച്ച പലരെയും തന്റെ ശിഷ്യഗണത്തിലേക്കു കൂട്ടിച്ചേർക്കേണ്ടതുണ്ട്. (യോഹന്നാൻ 4:35-38) യേശു ഇപ്പോൾ എന്തു ചെയ്യും? കൂടുതൽ വേലക്കാരെ കണ്ടെത്താനുള്ള ഒരു നിയോഗം അവൻ ശിഷ്യന്മാർക്ക് നൽകുന്നു. സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് ഗലീലയിലെ ഒരു മലയിൽവെച്ച് അവൻ അവരോട് പറയുന്നു: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . അവരെ സ്നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ.”—മത്തായി 28:19, 20.
3 ഈ നിയോഗം നിറവേറ്റുന്ന ഒരാൾക്കുമാത്രമേ ക്രിസ്തുവിന്റെ ഒരു യഥാർഥ അനുഗാമിയായിരിക്കാൻ കഴിയൂ. നമുക്കിപ്പോൾ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ ശ്രമിക്കാം: കൂടുതൽ വേലക്കാരെ കണ്ടെത്താനുള്ള നിയോഗം യേശു ശിഷ്യന്മാർക്കു നൽകിയത് എന്തുകൊണ്ടാണ്? എങ്ങനെയാണ് അവൻ അവരെ പരിശീലിപ്പിച്ചത്? ഈ നിയോഗം നമുക്കുകൂടെയുള്ളതാണെന്നു പറയുന്നത് എന്തുകൊണ്ടാണ്?
കൂടുതൽ വേലക്കാർ വേണ്ടിവന്നത് എന്തുകൊണ്ട്?
4, 5. തുടങ്ങിവെച്ച വേല പൂർത്തീകരിക്കാൻ യേശുവിന് കഴിയുകയില്ലായിരുന്നത് എന്തുകൊണ്ട്? യേശു സ്വർഗാരോഹണം ചെയ്തശേഷം ആ വേല ആര് തുടരുമായിരുന്നു?
4 എ.ഡി. 29-ൽ ശുശ്രൂഷ ആരംഭിച്ചപ്പോൾ, തനിയെ ചെയ്തുതീർക്കാനാവാത്ത ഒരു വേലയാണ് താൻ തുടങ്ങിവെക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അവന് കുറച്ചു സമയമേ ശേഷിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ എല്ലായിടത്തും പോയി, എല്ലാവരോടും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അറിയിക്കാൻ അവന് സാധിക്കില്ലായിരുന്നു. യേശു മുഖ്യമായും ‘ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളോട്’ അതായത്, യഹൂദന്മാരോടും യഹൂദമതം സ്വീകരിച്ചിരുന്നവരോടുമാണ് പ്രസംഗിച്ചത്. (മത്തായി 15:24) എന്നാൽ ഈ ‘കാണാതെപോയ ആടുകൾ’ത്തന്നെയും ആയിരക്കണക്കിന് കിലോമീറ്റർ വിസ്തൃതിയുള്ള ഇസ്രായേൽദേശത്തുടനീളം ചിതറിപ്പാർക്കുകയായിരുന്നു. മാത്രമല്ല, ലോകമാകുന്ന വയലിന്റെ ഇതരഭാഗങ്ങളിലും കാലക്രമത്തിൽ സുവാർത്ത എത്തിക്കേണ്ടിയിരുന്നു.—മത്തായി 13:38; 24:14.
5 തന്റെ മരണശേഷം ശിഷ്യന്മാർക്ക് ധാരാളം വേല ചെയ്തുതീർക്കാൻ ഉണ്ടാകുമെന്ന് യേശുവിന് അറിയാമായിരുന്നു. വിശ്വസ്തരായ 11 അപ്പൊസ്തലന്മാരോട് അവൻ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും.” (യോഹന്നാൻ 14:12) അതെ, യേശു സ്വർഗത്തിലേക്ക് പോകുമായിരുന്നതിനാൽ പ്രസംഗ, ശിഷ്യരാക്കൽ വേല തുടരേണ്ടിയിരുന്നത് അവന്റെ അനുഗാമികളായിരുന്നു. (യോഹന്നാൻ 17:20) താൻ ചെയ്യുന്നതിലും “വലിയ” വേല അവർ—അപ്പൊസ്തലന്മാർ മാത്രമല്ല, ഭാവിയിൽ ശിഷ്യന്മാർ ആകുന്നവരും—ചെയ്യുമെന്ന് യേശു താഴ്മയോടെ സമ്മതിച്ചുപറഞ്ഞു. എങ്ങനെ? മൂന്നുവിധങ്ങളിൽ.
6, 7. (എ) യേശു ചെയ്തതിലും “വലിയ” വേല അവന്റെ ശിഷ്യന്മാർ ചെയ്യുമായിരുന്നത് എങ്ങനെ? (ബി) തന്റെ അനുഗാമികളിൽ യേശു അർപ്പിച്ച വിശ്വാസം അസ്ഥാനത്തല്ലെന്ന് നമുക്ക് എങ്ങനെ തെളിയിക്കാനാകും?
6 ഒന്നാമതായി, യേശുവിന്റെ ശിഷ്യന്മാർ കൂടുതൽ പ്രദേശങ്ങളിലേക്ക് സുവാർത്ത എത്തിക്കുമായിരുന്നു. യേശു പ്രവർത്തിച്ച പ്രദേശത്തിന്റെ അതിർത്തികളും കടന്ന് ഇന്ന് ആ സുവിശേഷം ഭൂമിയുടെ അറ്റങ്ങളോളം എത്തിയിരിക്കുന്നു. രണ്ടാമതായി, അവർ കൂടുതൽ ആളുകളോട് പ്രസംഗിക്കുമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രിസ്തുശിഷ്യന്മാരുടെ എണ്ണം പെരുകി ആയിരങ്ങളായി. (പ്രവൃത്തികൾ 2:41; 4:4) ഇന്നിപ്പോൾ അവർ ദശലക്ഷങ്ങളായിത്തീർന്നിരിക്കുന്നു; പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും സ്നാനമേൽക്കുന്നത്. മൂന്നാമതായി, അവർ കൂടുതൽ കാലം പ്രസംഗിക്കുമായിരുന്നു. യേശുവിന്റെ ശുശ്രൂഷ മൂന്നരവർഷക്കാലം മാത്രമേ നീണ്ടുനിന്നുള്ളൂ. എന്നാൽ അവന്റെ ശിഷ്യന്മാർ ആ വേല 2,000-ത്തോളം വർഷത്തിനുശേഷവും തുടർന്നുകൊണ്ടിരിക്കുന്നു.
7 അവർ ‘അതിൽ വലിയതും ചെയ്യും’ എന്നു പറഞ്ഞപ്പോൾ, തന്റെ അനുഗാമികളിൽ തനിക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു യേശു. താൻ ഏറ്റവും ഉത്കൃഷ്ടമായി കണക്കാക്കിയിരുന്ന ഒരു വേലയാണ് അവൻ ശിഷ്യന്മാർക്ക് ഏൽപ്പിച്ചുകൊടുത്തത്. “ദൈവരാജ്യത്തിന്റെ സുവിശേഷം” പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ നിയോഗം. (ലൂക്കോസ് 4:43) വിശ്വസ്തമായി അവർ ആ നിയമനം നിറവേറ്റുമെന്ന് അവന് ഉറപ്പായിരുന്നു. നമ്മുടെ കാര്യത്തിലും ഇത് സത്യമാണോ? തീക്ഷ്ണതയോടെ, മുഴുഹൃദയാ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, തന്റെ അനുഗാമികളിൽ യേശു അർപ്പിച്ച വിശ്വാസം അസ്ഥാനത്തല്ലെന്ന് തെളിയിക്കുകയാണു നാം. എത്ര വലിയ പദവി!—ലൂക്കോസ് 13:24.
സാക്ഷ്യം നൽകാനുള്ള പരിശീലനം
8, 9. ശുശ്രൂഷയോടുള്ള ബന്ധത്തിൽ യേശു എന്ത് മാതൃക വെച്ചു? ശുശ്രൂഷയിൽ നമുക്ക് അവന്റെ മാതൃക എങ്ങനെ പകർത്താം?
8 ശുശ്രൂഷ നിറവേറ്റാനായി ഏറ്റവും മികച്ച പരിശീലനമാണ് യേശു തന്റെ ശിഷ്യന്മാർക്കു നൽകിയത്. അതിനുപുറമെ അവൻ അവർക്ക് ഒരു പിഴവറ്റ മാതൃക വെക്കുകയും ചെയ്തു. (ലൂക്കോസ് 6:40) കഴിഞ്ഞ അധ്യായത്തിൽ ശുശ്രൂഷയോടുള്ള യേശുവിന്റെ മനോഭാവം നാം കാണുകയുണ്ടായി. പ്രസംഗപര്യടനത്തിൽ അവനോടൊപ്പമുണ്ടായിരുന്ന ശിഷ്യന്മാരെക്കുറിച്ച് ചിന്തിക്കുക. തടാകക്കരയിലും മലഞ്ചെരിവുകളിലും പട്ടണങ്ങളിലും ചന്തസ്ഥലങ്ങളിലും വീടുകളിലും എന്നിങ്ങനെ ആളുകളെ കണ്ടെത്താൻ കഴിഞ്ഞ സ്ഥലങ്ങളിലെല്ലാം അവൻ പ്രസംഗിക്കുന്നത് അവർക്ക് കാണാമായിരുന്നു. (മത്തായി 5:1, 2; ലൂക്കോസ് 5:1-3; 8:1; 19:5, 6) യേശു അതികാലത്ത് എഴുന്നേറ്റ് നേരം ഇരുട്ടുംവരെ ശുശ്രൂഷയിൽ ഏർപ്പെടുന്നതും അവർ നിരീക്ഷിച്ചു. അവനെ സംബന്ധിച്ചിടത്തോളം ശുശ്രൂഷ ഒരു നേരംപോക്കായിരുന്നില്ല. (ലൂക്കോസ് 21:37, 38; യോഹന്നാൻ 5:17) ആളുകളോടുള്ള അഗാധമായ സ്നേഹമാണ് അവരോടു സുവിശേഷിക്കാൻ അവനെ പ്രചോദിപ്പിക്കുന്നതെന്ന് ശിഷ്യന്മാർക്കു വ്യക്തമായി കാണാൻ കഴിഞ്ഞു. ഉള്ളിന്റെയുള്ളിൽ അവന് തോന്നിയ മനസ്സലിവ് അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് അവർക്ക് ദർശിക്കാനായിട്ടുണ്ടാകണം. (മർക്കോസ് 6:34) യേശുവിന്റെ മാതൃക അവന്റെ ശിഷ്യന്മാരെ എങ്ങനെയായിരിക്കാം സ്വാധീനിച്ചത്? അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ അത് നിങ്ങളെ എങ്ങനെ സ്വാധീനിക്കുമായിരുന്നു?
9 ക്രിസ്തുവിന്റെ അനുഗാമികളെന്നനിലയിൽ നാം ശുശ്രൂഷയിൽ അവന്റെ മാതൃക പകർത്താൻ ശ്രമിക്കുന്നു. ‘സമഗ്രമായി സാക്ഷ്യം’ നൽകുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ സുവാർത്ത പ്രസംഗിക്കാൻ ലഭിക്കുന്ന ഒരവസരവും നാം പാഴാക്കുകയില്ല. (പ്രവൃത്തികൾ 10:42) യേശു ചെയ്തതുപോലെ നാം ആളുകളെ വീടുകളിൽ ചെന്നുകണ്ട് അവരെ സുവാർത്ത അറിയിക്കുന്നു. (പ്രവൃത്തികൾ 5:42) ആളുകൾ വീട്ടിൽ കാണാൻ സാധ്യതയുള്ള സമയത്ത് അവരെ സന്ദർശിക്കാൻ നാം പ്രത്യേകം ശ്രമിക്കുന്നു. വേണ്ടിവന്നാൽ അവരുടെ സൗകര്യാർഥം നാം നമ്മുടെ കാര്യങ്ങൾ ക്രമീകരിക്കുകപോലും ചെയ്യുന്നു. തെരുവുകളിലും പാർക്കുകളിലും കടകളിലും ജോലിസ്ഥലത്തുമെല്ലാം നാം ആളുകളോടു വിവേകത്തോടെ പ്രസംഗിക്കുന്നു. നാം ശുശ്രൂഷ ഗൗരവമായി കാണുന്നതിനാൽ അതിനായി ‘നാം അധ്വാനിക്കുകയും ആയുകയും’ ചെയ്യുന്നു. (1 തിമൊഥെയൊസ് 4:10) ആളുകളെ കണ്ടെത്താൻ സാധ്യതയുള്ള ഏതു സ്ഥലത്തും സമയത്തും പ്രസംഗിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് അവരോടുള്ള ആഴമായ സ്നേഹമാണ്.—1 തെസ്സലോനിക്യർ 2:8.
10-12. പ്രസംഗിക്കാനുള്ള നിയോഗം നൽകി ശിഷ്യന്മാരെ അയയ്ക്കുന്നതിനുമുമ്പ് യേശു അവരെ ഏത് സുപ്രധാന പാഠങ്ങൾ പഠിപ്പിച്ചു?
10 ശുശ്രൂഷ എങ്ങനെ നിർവഹിക്കണം എന്നതു സംബന്ധിച്ച് യേശു ശിഷ്യന്മാർക്ക് വിശദമായ നിർദേശങ്ങൾ നൽകി. അതും അവൻ നൽകിയ പരിശീലനത്തിന്റെ ഭാഗമായിരുന്നു. സുവാർത്ത ഘോഷിക്കുന്നതിനായി ആദ്യം 12 അപ്പൊസ്തലന്മാരെയും പിന്നീട് 70 ശിഷ്യന്മാരെയും അയയ്ക്കുന്നതിനുമുമ്പ്, അവർ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നെല്ലാം അവൻ അവർക്ക് വ്യക്തമായി പറഞ്ഞുകൊടുത്തു. (മത്തായി 10:1-15; ലൂക്കോസ് 10:1-12) യേശു നൽകിയ പരിശീലനം വളരെ ഗുണം ചെയ്തു, കാരണം “ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു” എന്ന് ലൂക്കോസ് 10:17 പറയുന്നു. യേശു പഠിപ്പിച്ച രണ്ട് സുപ്രധാന പാഠങ്ങൾ നമുക്കിപ്പോൾ നോക്കാം. എന്നാൽ അവൻ പറഞ്ഞ കാര്യങ്ങൾ ബൈബിൾ കാലങ്ങളിലെ യഹൂദ സമ്പ്രദായങ്ങളുടെ വെളിച്ചത്തിൽവേണം നാം മനസ്സിലാക്കാൻ.
11 യഹോവയിൽ ആശ്രയിക്കാൻ യേശു ശിഷ്യന്മാരെ ഉപദേശിച്ചു. അവൻ അവരോടു പറഞ്ഞു: “നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്; യാത്രയ്ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.” (മത്തായി 10:9, 10) യാത്രപോകുമ്പോൾ, മടിശീലയും ഭക്ഷണസഞ്ചിയും വേറൊരു ജോഡി ചെരിപ്പും കൂടെക്കരുതുന്നത് അന്നൊക്കെ പതിവായിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്ന് ശിഷ്യന്മാരെ ഉപദേശിച്ചപ്പോൾ ഫലത്തിൽ അവൻ പറഞ്ഞത് ഇതായിരുന്നു: “യഹോവയിൽ പൂർണമായി ആശ്രയിക്കുക, അവൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരും.” അതെ, യഹോവ അവർക്കായി കരുതുമായിരുന്നു, എങ്ങനെ? ശിഷ്യന്മാരോട് ആതിഥ്യമര്യാദ കാണിക്കാൻ തക്കവിധം, സുവാർത്ത സ്വീകരിച്ചവരുടെ മനസ്സുകളെ അവൻ ഉണർത്തുമായിരുന്നു. അപരിചിതർക്ക് ആതിഥ്യമരുളുന്നത് ഇസ്രായേല്യരുടെ ഒരു രീതിയുമായിരുന്നു.—ലൂക്കോസ് 22:35.
12 സമയം പാഴാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും യേശു ശിഷ്യന്മാരെ ഉപദേശിച്ചു. ‘വഴിയിൽവെച്ച് ആരെയെങ്കിലും വന്ദനം ചെയ്യാനായി സമയംകളയരുത്’ എന്ന് അവൻ പറഞ്ഞു. (ലൂക്കോസ് 10:4) ആളുകളോടു സൗഹൃദം കാണിക്കരുത് എന്നാണോ യേശു ഉദ്ദേശിച്ചത്? തീർച്ചയായും അല്ല. ഇന്നത്തെപ്പോലെ കേവലം “നമസ്കാരം” പറയുന്നതായിരുന്നില്ല യേശുവിന്റെ കാലത്തെ അഭിവാദനരീതി. വന്ദനം ചെയ്യുന്നതിൽ പലവിധ ഉപചാരക്രമങ്ങളും ദീർഘസംഭാഷണവും ഉൾപ്പെട്ടിരുന്നു. ഒരു ബൈബിൾ പണ്ഡിതൻ അതേക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “നമ്മൾ ചെയ്യുന്നതുപോലെ തല ചെറുതായിട്ടൊന്ന് കുനിക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ ഒന്നുമായിരുന്നില്ല പൗരസ്ത്യരുടെ അഭിവാദനരീതി. തമ്മിൽ പലവട്ടം ആലിംഗനം ചെയ്യുക, കുമ്പിടുക, സാഷ്ടാംഗം പ്രണമിക്കുക തുടങ്ങിയ രീതികളായിരുന്നു അവരുടേത്. ഇതിനെല്ലാം വളരെയേറെ സമയം ആവശ്യമായിരുന്നു.” ശിഷ്യന്മാരോട്, ‘ആരെയെങ്കിലും വന്ദനം ചെയ്യാനായി സമയംകളയരുത്’ എന്നു പറഞ്ഞപ്പോൾ ഫലത്തിൽ യേശു പറഞ്ഞത് ഇതായിരുന്നു: “അടിയന്തിരമായ ഒരു സന്ദേശമാണ് നിങ്ങൾക്ക് ആളുകളെ അറിയിക്കാനുള്ളത്. അതുകൊണ്ട് ഒരു നിമിഷംപോലും നിങ്ങൾക്കു പാഴാക്കാനില്ല.”a
13. ഒന്നാം നൂറ്റാണ്ടിൽ യേശു ശിഷ്യന്മാർക്കു കൊടുത്ത ഉപദേശങ്ങൾ നാം അനുസരിക്കുന്നുണ്ടെന്ന് എങ്ങനെ തെളിയിക്കാം?
13 ഒന്നാം നൂറ്റാണ്ടിൽ യേശു ശിഷ്യന്മാർക്കു കൊടുത്ത ഉപദേശങ്ങൾ ഇന്ന് നാമും അനുസരിക്കുന്നു. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് നാം രാജ്യസന്ദേശം ഘോഷിക്കുന്നു. (സദൃശവാക്യങ്ങൾ 3:5, 6) ‘ഒന്നാമത് രാജ്യം അന്വേഷിക്കുന്നെങ്കിൽ’ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ ദൈവം നിറവേറ്റിത്തരുമെന്ന് നമുക്ക് ഉത്തമബോധ്യമുണ്ട്. (മത്തായി 6:33) പ്രതിസന്ധിഘട്ടങ്ങളിൽ യഹോവ തുണയ്ക്കെത്തിയിട്ടുണ്ടെന്നും സഹായിക്കാനാകാത്തവിധം അവന്റെ കൈ കുറുകിപ്പോയിട്ടില്ലെന്നും ലോകമെമ്പാടുമുള്ള മുഴുസമയ ശുശ്രൂഷകർക്ക് സ്വന്തം അനുഭവത്തിൽനിന്ന് പറയാനാകും. (സങ്കീർത്തനം 37:25) പ്രസംഗപ്രവർത്തനത്തിൽനിന്ന് ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും നമുക്കറിയാം. ശ്രദ്ധിച്ചില്ലെങ്കിൽ ഈ ലോകം നമ്മെ എളുപ്പം വഴിതെറ്റിച്ചേക്കാം. (ലൂക്കോസ് 21:34-36) മറ്റു കാര്യങ്ങളുടെ പിന്നാലെ പോകാനുള്ള സമയമല്ല ഇത്. ആളുകളുടെ ജീവൻ അപകടത്തിലാണെന്നുള്ളതുകൊണ്ട് നാം അടിയന്തിരതയോടെ രാജ്യസന്ദേശം അറിയിക്കണം. (റോമർ 10:13-15) അടിയന്തിരബോധം എപ്പോഴും കാത്തുസൂക്ഷിക്കുന്നത്, ശുശ്രൂഷയിൽ ചെലവഴിക്കേണ്ട സമയവും ഊർജവും ഈ ലോകത്തിലെ കാര്യങ്ങൾക്കായി ചെലവഴിക്കുന്നതിൽനിന്ന് നമ്മെ തടയും. ഓർക്കുക: സമയം ഇനി അധികം ബാക്കിയില്ല, കൊയ്ത്ത് വളരെയുണ്ടുതാനും.—മത്തായി 9:37, 38.
നമുക്കുകൂടെയുള്ള ഒരു നിയോഗം
14. മത്തായി 28:18-20-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിയോഗം ക്രിസ്തുവിന്റെ എല്ലാ അനുഗാമികൾക്കും ഉള്ളതാണെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക)
14 “പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്നു പറഞ്ഞപ്പോൾ, ഭാരിച്ച ഒരു ഉത്തരവാദിത്വം യേശു തന്റെ ശിഷ്യന്മാരെ ഏൽപ്പിക്കുകയായിരുന്നു. അന്ന് ഗലീലയിലെ ആ മലയിൽ ഉണ്ടായിരുന്ന ശിഷ്യന്മാർക്കു മാത്രമാണോ അവൻ ആ നിയോഗം നൽകിയത്?b അല്ല, കാരണം “സകല ജനതകളിലുംപെട്ട ആളുകളെ” സുവാർത്ത അറിയിക്കേണ്ടതുണ്ടായിരുന്നു; “യുഗസമാപ്തിയോളം” തുടരേണ്ട ഒരു വേലയുമായിരുന്നു അത്. നാം ഉൾപ്പെടെ ക്രിസ്തുവിന്റെ എല്ലാ അനുഗാമികൾക്കും ഉള്ളതാണ് ആ നിയോഗം എന്ന് ഇതിൽനിന്നു വ്യക്തമല്ലേ? മത്തായി 28:18-20-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ നമുക്കിപ്പോൾ വിശദമായി പരിശോധിക്കാം.
15. ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 ആ നിയോഗം നൽകുന്നതിനുമുമ്പ് യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.” (18-ാം വാക്യം) യേശുവിന് വാസ്തവത്തിൽ അത്രയധികം അധികാരമുണ്ടോ? തീർച്ചയായും. അവൻ പ്രധാനദൂതനാണ്, കോടാനുകോടി ദൂതന്മാരുടെമേൽ അവന് അധികാരമുണ്ട്. (1 തെസ്സലോനിക്യർ 4:16; വെളിപാട് 12:7) “സഭയുടെ ശിരസ്സ്” എന്നനിലയിൽ ഭൂമിയിലെ തന്റെ അനുഗാമികളുടെമേലും അവന് അധികാരമുണ്ട്. (എഫെസ്യർ 5:23) 1914 മുതൽ അവൻ സ്വർഗത്തിൽ മിശിഹൈക രാജാവായി ഭരണം നടത്തുകയാണ്. (വെളിപാട് 11:15) മരിച്ചവരെ ഉയിർപ്പിക്കാനുള്ള പ്രാപ്തി അവനുള്ളതിനാൽ പാതാളത്തിന്മേൽപ്പോലും അവന് അധികാരമുണ്ടെന്നു പറയാനാകും. (യോഹന്നാൻ 5:26-28) തനിക്ക് വിപുലമായ അധികാരമുണ്ടെന്ന് ആദ്യം പറയുകവഴി, താൻ തുടർന്നു പറയാൻ പോകുന്ന വാക്കുകൾ കേവലം ഒരു നിർദേശമല്ല, ഒരു കൽപ്പനയാണെന്ന് സൂചിപ്പിക്കുകയായിരുന്നു അവൻ. നാം ആ കൽപ്പന അനുസരിക്കേണ്ടത് അനിവാര്യമാണ്. കാരണം, അവന്റെ അധികാരം ദൈവദത്തമാണ്, സ്വകൽപ്പിതമല്ല.—1 കൊരിന്ത്യർ 15:27.
16. (എ) “നിങ്ങൾ പോയി. . . ” എന്നു പറയുകവഴി നാം എന്തുചെയ്യാനാണ് യേശു ആവശ്യപ്പെട്ടത്? (ബി) നമുക്ക് അത് എങ്ങനെ അനുസരിക്കാനാകും?
16 അടുത്തതായി യേശു ശിഷ്യന്മാർക്കുള്ള നിയോഗം എന്താണെന്നു വ്യക്തമാക്കുന്നു. “നിങ്ങൾ പോയി. . . ” എന്നു പറഞ്ഞുകൊണ്ടാണ് അവൻ തുടങ്ങുന്നത്. (19-ാം വാക്യം) അതിലൂടെ, ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തിക്കുന്നതിന് മുന്നിട്ടിറങ്ങാൻ യേശു ശിഷ്യന്മാരോട് ആവശ്യപ്പെടുകയായിരുന്നു. പല മാർഗങ്ങളിലൂടെ നമുക്കത് ചെയ്യാനാകും. വീടുതോറുമുള്ള പ്രസംഗപ്രവർത്തനമാണ് ആളുകളെ നേരിൽ കാണാനുള്ള ഏറ്റവും നല്ല മാർഗം. (പ്രവൃത്തികൾ 20:20) അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങളും നാം പ്രയോജനപ്പെടുത്തുന്നു; അനുദിനജീവിതത്തിൽ ഉചിതമായ എല്ലാ സാഹചര്യങ്ങളിലും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ നാം ഉത്സുകരാണ്. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി നാം വ്യത്യസ്ത സാക്ഷീകരണ മാർഗങ്ങൾ സ്വീകരിച്ചേക്കാമെന്നതു ശരിയാണ്. എന്നാൽ ഒരു കാര്യത്തിന് അന്നുമിന്നും മാറ്റമില്ല: നാം “പോയി” അർഹതയുള്ളവരെ കണ്ടുപിടിക്കുന്നു.—മത്തായി 10:11.
17. നാം എങ്ങനെയാണ് ആളുകളെ ‘ശിഷ്യന്മാരാക്കുന്നത്?’
17 യേശു അടുത്തതായി ആ നിയോഗത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നു: ‘സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കുക.’ (19-ാം വാക്യം) നമുക്ക് എങ്ങനെ ‘ശിഷ്യരെ ഉളവാക്കാനാകും?’ കുറെ അറിവ് പകർന്നുകൊടുക്കുന്നതുകൊണ്ടുമാത്രം നമുക്ക് ശിഷ്യരെ ഉളവാക്കാനാവില്ല. ക്രിസ്തുവിന്റെ അനുഗാമികളായിത്തീരാൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് നാം അവർക്ക് ബൈബിളധ്യയനമെടുക്കുന്നത്. സാധ്യമാകുമ്പോഴൊക്കെയും യേശുവിന്റെ മാതൃകയിലേക്ക് നാം അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. അങ്ങനെയാകുമ്പോൾ യേശുവിനെ തങ്ങളുടെ ഗുരുവും മാതൃകാപുരുഷനുമായി കാണാൻ അവർ പഠിക്കും. അവന്റെ ജീവിതശൈലി അവർ പകർത്തും, അവൻ ചെയ്ത വേല അവരും ചെയ്യും.—യോഹന്നാൻ 13:15.
18. സ്നാനമേൽക്കുന്നത് ക്രിസ്തുശിഷ്യനായിത്തീരുന്ന ഒരാളുടെ ജീവിതത്തിലെ വഴിത്തിരിവായിരിക്കുന്നത് എന്തുകൊണ്ട്?
18 യേശു നൽകിയ നിയോഗത്തിന്റെ ഒരു സുപ്രധാനവശം അവന്റെ പിൻവരുന്ന വാക്കുകളിൽ കാണാനാകും: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കുക.” (19-ാം വാക്യം) ശിഷ്യനാകുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പടിയാണ് സ്നാനം. കാരണം ജീവിതം പൂർണമായും യഹോവയ്ക്ക് സമർപ്പിക്കുന്നതിന്റെ ഒരുത്തമ പ്രതീകമാണ് അത്. അതുകൊണ്ടുതന്നെ അത് രക്ഷയ്ക്ക് അനിവാര്യവുമാണ്. (1 പത്രോസ് 3:21) യഹോവയുടെ സേവനത്തിൽ തന്നാലാകുന്നതെല്ലാം ചെയ്യുന്നതിലൂടെ സ്നാനമേറ്റ ഒരു ശിഷ്യന്, വരാനിരിക്കുന്ന പുതിയ ലോകത്തിലെ നിത്യാനുഗ്രഹങ്ങൾ പ്രാപിക്കാനാകും. സ്നാനമേറ്റ് ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീരാൻ നിങ്ങൾ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ? ക്രിസ്തീയ ശുശ്രൂഷയിൽ അതിനെക്കാൾ വലിയ സന്തോഷം വേറെയില്ല.—3 യോഹന്നാൻ 4.
19. (എ) പുതിയവരെ നാം എന്താണ് പഠിപ്പിക്കുന്നത്? (ബി) അവർ സ്നാനമേറ്റശേഷവും നാം അവരെ പഠിപ്പിക്കേണ്ടിവന്നേക്കാവുന്നത് എന്തുകൊണ്ട്?
19 നിയോഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന അടുത്ത കാര്യം യേശു വിശദീകരിക്കുന്നു: ‘ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുവിൻ.’ (20-ാം വാക്യം) ദൈവത്തെ സ്നേഹിക്കുക, അയൽക്കാരെ സ്നേഹിക്കുക, ശിഷ്യരെ ഉളവാക്കുക തുടങ്ങിയ യേശുവിന്റെ കൽപ്പനകൾ അനുസരിക്കാൻ നാം പുതിയവരെ പഠിപ്പിക്കുന്നു. (മത്തായി 22:37-39) ബൈബിൾസത്യങ്ങൾ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാനും തങ്ങളുടെ വിശ്വാസത്തിനുവേണ്ടി പ്രതിവാദിക്കാനും നാം അവരെ പടിപടിയായി പരിശീലിപ്പിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ അവർ യോഗ്യത പ്രാപിക്കുമ്പോൾ, നാം അവരെ നമ്മോടൊപ്പം പ്രസംഗവേലയ്ക്കു കൊണ്ടുപോകുന്നു. അങ്ങനെ, അർഥവത്തായ വിധത്തിൽ ശുശ്രൂഷ നിറവേറ്റാൻ വാക്കാലും മാതൃകയാലും നാം അവർക്ക് ആവശ്യമായ പരിശീലനം നൽകുന്നു. പുതിയ ശിഷ്യന്മാർ സ്നാനമേറ്റുകഴിഞ്ഞാലുടനെ അവരെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും നിറുത്തണമെന്ന് അർഥമില്ല. ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരുമ്പോൾ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ വിജയകരമായി നേരിടാൻ ഈ പുതിയ ശിഷ്യർക്ക് തുടർന്നും മാർഗനിർദേശങ്ങൾ ആവശ്യമായിവന്നേക്കാം.—ലൂക്കോസ് 9:23, 24.
“ഞാനോ . . . എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്”
20, 21. (എ) യേശു നൽകിയ നിയോഗം നിറവേറ്റവെ നാം ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) ഇപ്പോൾ നാം ശുശ്രൂഷയിൽ മന്ദീഭവിക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്? (സി) നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
20 “ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്” എന്ന യേശുവിന്റെ അന്തിമവാക്കുകൾ അങ്ങേയറ്റം പ്രോത്സാഹനവും ആത്മധൈര്യവും പകരുന്നതാണ്. (മത്തായി 28:20) താൻ നൽകിയ നിയോഗം ഗൗരവമുള്ള ഒന്നാണെന്ന് യേശുവിന് അറിയാമായിരുന്നു. ഈ നിയമനം നിർവഹിക്കവെ, ചിലപ്പോഴൊക്കെ എതിരാളികളിൽനിന്ന് നമുക്ക് ശക്തമായ എതിർപ്പ് ഉണ്ടായേക്കാമെന്നും അവന് അറിയാമായിരുന്നു. (ലൂക്കോസ് 21:12) എന്നാൽ ഭയപ്പെടാൻ യാതൊരു കാരണവുമില്ല. യാതൊരു സഹായവുമില്ലാതെ നാം തനിച്ച് ഈ നിയമനം നിർവഹിക്കണമെന്ന് നമ്മുടെ നായകനായ യേശു പ്രതീക്ഷിക്കുന്നില്ല. നാം ഈ നിയമനം നിറവേറ്റവെ, “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും” ലഭിച്ചിരിക്കുന്നവൻ നമ്മോടൊപ്പം ഉണ്ടെന്നും നമ്മെ പിന്തുണയ്ക്കുമെന്നും അറിയുന്നത് എത്ര ആശ്വാസകരമാണ്!
21 ശുശ്രൂഷ നിർവഹിക്കാൻ ആവശ്യമായ സഹായം നൽകിക്കൊണ്ട് “യുഗസമാപ്തിയോളം” താൻ ശിഷ്യന്മാരോടൊപ്പം ഉണ്ടായിരിക്കുമെന്ന് യേശു അവർക്ക് ഉറപ്പുനൽകി. അന്ത്യം വരുന്നതുവരെ, യേശു നൽകിയ നിയോഗം നാം തുടരേണ്ടിയിരിക്കുന്നു. ആത്മീയ കൊയ്ത്തുവേല ഊർജിതമായി നടക്കുന്ന ഈ സമയത്ത് നാം ശുശ്രൂഷയിൽ മന്ദീഭവിക്കരുത്. സുവിശേഷത്തിന് ചെവികൊടുക്കുന്ന അനേകായിരങ്ങൾ ഇന്ന് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്തു നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന നിയോഗം നിറപടിയായി നിവർത്തിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. “നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിക്കാൻ നമുക്ക് നമ്മുടെ സമയവും ഊർജവും സമ്പത്തും നിർലോപം ചെലവഴിക്കാം.
a ഒരിക്കൽ ഏലീശ പ്രവാചകനും തന്റെ ദാസനായ ഗേഹസിക്ക് ഇതുപോലൊരു നിർദേശം നൽകുകയുണ്ടായി. ശൂനേംകാരി സ്ത്രീയുടെ മകൻ മരിച്ചപ്പോൾ പിൻവരുന്ന നിർദേശം നൽകിയാണ് ഏലീശ ഗേഹസിയെ അവളുടെ അടുക്കലേക്ക് അയച്ചത്: “നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്.” (2 രാജാക്കന്മാർ 4:29) ഗേഹസിയെ ഭരമേൽപ്പിച്ച ദൗത്യം അടിയന്തിരപ്രാധാന്യമുള്ളതായിരുന്നതുകൊണ്ട് അവൻ സമയം ഒട്ടും പാഴാക്കാൻ പാടില്ലായിരുന്നു.
b ആ മലയിൽ അപ്പോൾ എത്ര പേർ ഉണ്ടായിരുന്നിരിക്കണം? പുനരുത്ഥാനം പ്രാപിച്ച യേശു “അഞ്ഞൂറിലധികം സഹോദരന്മാർക്കു” പ്രത്യക്ഷനായതിനെക്കുറിച്ച് 1 കൊരിന്ത്യർ 15:6-ൽ പറയുന്നു. യേശുവിന്റെ അനുഗാമികളിൽ മിക്കവരും ഗലീലയിലുള്ളവരായതിനാൽ മത്തായി 28:16-20-ൽ വിവരിച്ചിരിക്കുന്ന സന്ദർഭത്തിൽത്തന്നെയായിരിക്കണം ഇത്. അതുകൊണ്ട് ശിഷ്യന്മാരെ ഉളവാക്കാനുള്ള നിയോഗം യേശു നൽകിയപ്പോൾ അവിടെ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നിരിക്കണം.