മറ്റുള്ളവരോടു നാം എങ്ങനെ ഇടപെടണം?
“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്വിൻ.”—ലൂക്കൊ. 6:31.
1, 2. (എ) എന്താണ് ഗിരിപ്രഭാഷണം? (ബി) ഈ ലേഖനത്തിലും അടുത്തതിലും നാം എന്തു പരിചിന്തിക്കും?
യേശുക്രിസ്തു മഹാനായ അധ്യാപകനായിരുന്നു എന്നതിനു സംശയമില്ല. അവനെ അറസ്റ്റു ചെയ്യാൻ മതവൈരികൾ അയച്ച ഉദ്യോഗസ്ഥർ വെറുംകയ്യോടെ മടങ്ങിവന്നിട്ട് ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.” (യോഹ. 7:32, 45, 46) യേശുവിന്റെ വിഖ്യാതമായ പ്രസംഗങ്ങളിലൊന്നാണ് ഗിരിപ്രഭാഷണം. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിലാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. ലൂക്കൊസ് 6:20-49-ലും സമാന വിവരങ്ങൾ കാണാം.a
2 മറ്റുള്ളവരോടു നാം എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് യേശു പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്വിൻ.” (ലൂക്കൊ. 6:31) സുവർണനിയമം എന്നാണ് ഇതു പൊതുവേ അറിയപ്പെടുന്നത്. ഇനിയും, എത്രയെത്ര നല്ല കാര്യങ്ങളാണ് യേശു ജനങ്ങൾക്കുവേണ്ടി ചെയ്തത്! രോഗികളെ സൗഖ്യമാക്കി; മരിച്ചവരെ ഉയിർപ്പിച്ചു. എന്നാൽ, അവൻ പ്രസംഗിച്ച സുവാർത്ത സ്വീകരിച്ചവരായിരുന്നു പ്രത്യേകാൽ അനുഗ്രഹിക്കപ്പെട്ടവർ. (ലൂക്കൊസ് 7:20-22 വായിക്കുക.) രാജ്യപ്രസംഗവേലയിൽ യഹോവയുടെ സാക്ഷികളായ നാമും സന്തോഷത്തോടെ ഏർപ്പെടുന്നു. (മത്താ. 24:14; 28:19, 20) പ്രസംഗവേലയെക്കുറിച്ചും മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ ചില ആശയങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തിലും അടുത്തതിലും നാം പരിചിന്തിക്കുന്നത്.
സൗമ്യതയുള്ളവരായിരിക്കുക
3. സൗമ്യതയെ എങ്ങനെ നിർവചിക്കാം?
3 യേശു പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്താ. 5:5) സൗമ്യത ദൗർബല്യത്തിന്റെ ലക്ഷണമാണെന്ന് തിരുവെഴുത്തുകളിൽ ഒരിടത്തും പറയുന്നില്ല. മറിച്ച് അതു ദൈവം വെക്കുന്ന ഒരു നിബന്ധനയാണ്. മൃദുവായ പെരുമാറ്റവും പ്രകൃതവുമാണ് സൗമ്യത എന്നതുകൊണ്ട് അർഥമാക്കുന്നത്. സഹമനുഷ്യരോടുള്ള നമ്മുടെ പെരുമാറ്റത്തിൽ ഈ ഗുണം പ്രതിഫലിച്ചുകാണാം. ഉദാഹരണത്തിന്, നാം ‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യില്ല.’—റോമ. 12:17-19.
4. സൗമ്യർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
4 സൗമ്യതയുള്ളവർ ഭാഗ്യവാന്മാരാണ് അഥവാ സന്തുഷ്ടരാണ്, എന്തെന്നാൽ “അവർ ഭൂമിയെ അവകാശമാക്കും.” “സൌമ്യതയും താഴ്മയും” ഉണ്ടായിരുന്ന യേശുവിനെയാണ് ദൈവം “സകലത്തിന്നും അവകാശിയാക്കി”വെച്ചിരിക്കുന്നത്. അതുകൊണ്ട് ഭൂമിയുടെ മുഖ്യ അവകാശി യേശുവാണ്. (മത്താ. 11:29; എബ്രാ. 1:2; സങ്കീ. 2:8) മിശിഹായായ “മനുഷ്യപുത്ര”നോടുകൂടെ സ്വർഗരാജ്യത്തിൽ മറ്റു ഭരണകർത്താക്കളും ഉണ്ടായിരിക്കുമെന്ന് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ദാനീ. 7:13, 14, 21, 22, 27) സൗമ്യരായ 1,44,000 പേർ ക്രിസ്തുവിന്റെ കൂട്ടവകാശികൾ എന്നനിലയിൽ അവനോടൊപ്പം ഭൂമി അവകാശമാക്കും. (റോമ. 8:16, 17; വെളി. 14:1) സൗമ്യരായ മറ്റുള്ളവർക്ക് പറുദീസാഭൂമിയിലെ നിത്യജീവൻ പ്രതിഫലമായി ലഭിക്കും.—സങ്കീ. 37:11.
5. ക്രിസ്തുവിന്റേതുപോലുള്ള സൗമ്യത എന്തു ഫലമുളവാക്കും?
5 പരുഷമായിട്ടാണ് മറ്റുള്ളവരോട് ഇടപെടുന്നതെങ്കിൽ നാം അവരുടെ ക്ഷമ പരിശോധിക്കുകയായിരിക്കും. അത് അവരെ നമ്മിൽനിന്ന് അകറ്റുകയും ചെയ്യും. നേരെമറിച്ച് ക്രിസ്തുവിന്റേതുപോലുള്ള സൗമ്യത നമ്മുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടുമെന്നു മാത്രമല്ല സഹോദരങ്ങൾക്ക് ഒരു ആത്മീയ താങ്ങായി വർത്തിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. ‘ആത്മാവിനാൽ ജീവിക്കുകയും ആത്മാവിനെ അനുസരിച്ചു നടക്കുകയും’ ചെയ്യുമ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മിൽ ഉളവാക്കുന്ന ഒരു ഗുണമാണ് സൗമ്യത. (ഗലാത്യർ 5:22-25 വായിക്കുക.) ദൈവാത്മാവിനാൽ വഴിനയിക്കപ്പെടുന്ന സൗമ്യതയുള്ളവരുടെ കൂട്ടത്തിൽപ്പെടാനല്ലേ നാം ആഗ്രഹിക്കുന്നത്?
കരുണയുള്ളവർ സന്തുഷ്ടർ
6. ‘കരുണയുള്ളവർ’ ശ്രദ്ധേയമായ ഏതെല്ലാം ഗുണങ്ങൾ പ്രകടിപ്പിക്കുന്നു?
6 ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെയും പറഞ്ഞു: “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്താ. 5:7) കരുണയുള്ളവർ ക്ലേശമനുഭവിക്കുന്നവരോട് ദയയും പരിഗണനയും ഉള്ളവരാണ്. മറ്റുള്ളവരുടെ ദുഃഖത്തിൽ മനസ്സലിഞ്ഞ് അവർ സഹായഹസ്തം നീട്ടുന്നു. രോഗികളോടു ‘മനസ്സലിവുതോന്നിയ’ യേശു അവരെ അത്ഭുതകരമായി സൗഖ്യമാക്കി. (മത്താ. 14:14; 20:34) അതുകൊണ്ട്, മനസ്സലിവും പരിഗണനയും കരുണയുള്ളവരായിരിക്കാൻ നമ്മെയും പ്രചോദിപ്പിക്കണം.—യാക്കോ. 2:13.
7. എന്തു ചെയ്യാൻ മനസ്സലിവ് യേശുവിനെ പ്രേരിപ്പിച്ചു?
7 അൽപ്പമൊന്നു വിശ്രമിക്കാനായി ഒരു ഏകാന്തസ്ഥലത്തേക്കു പോകവേ വലിയൊരു പുരുഷാരത്തെ കണ്ട് “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു . . . [യേശുവിന്റെ] മനസ്സലിഞ്ഞു.” ഫലമോ? അവൻ അവരോടു “പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊ. 6:34) യേശു ചെയ്തതുപോലെ, രാജ്യസന്ദേശത്തെയും ദൈവത്തിന്റെ മഹാകരുണയെയുംകുറിച്ച് മറ്റുള്ളവരോടു പറയുന്നത് നമുക്ക് എത്ര വലിയ സന്തോഷമാണു കൈവരുത്തുന്നത്!
8. കരുണയുള്ളവർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
8 കരുണയുള്ളവർ ഭാഗ്യവാന്മാരാണ്, സന്തുഷ്ടരാണ്. കാരണം അവർക്കു “കരുണ ലഭിക്കും.” നാം മറ്റുള്ളവരോടു കരുണയോടെ ഇടപെടുമ്പോൾ നമ്മോടുള്ള അവരുടെ പെരുമാറ്റത്തിലും അതു പ്രതിഫലിക്കും. (ലൂക്കൊ. 6:38) “മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും” എന്നും യേശു പറഞ്ഞു. (മത്താ. 6:14) പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിന്റെയും ദിവ്യാംഗീകാരത്തിന്റെയും സന്തോഷം കരുണയുള്ളവർക്കു മാത്രമുള്ളതാണ്.
“സമാധാനം ഉണ്ടാക്കുന്നവർ” സന്തുഷ്ടരായിരിക്കുന്നതിന്റെ കാരണം
9. സമാധാനം ഉണ്ടാക്കുന്നവരാണെങ്കിൽ നാം എങ്ങനെ പ്രവർത്തിക്കും?
9 “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും” എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തിന്റെ മറ്റൊരു കാരണത്തിലേക്ക് യേശു വിരൽചൂണ്ടുന്നു. (മത്താ. 5:9) സമാധാനം ഉണ്ടാക്കുന്നവരാണ് നമ്മളെങ്കിൽ “മിത്രങ്ങളെ ഭേദിപ്പിക്കുന്ന” ഏഷണിപോലുള്ള സംഗതികളിൽ നാം ഏർപ്പെടുകയോ അതിനുനേരെ കണ്ണടയ്ക്കുകയോ ചെയ്യില്ല. (സദൃ. 16:28) ക്രിസ്തീയ സഭയ്ക്ക് അകത്തും പുറത്തും ഉള്ളവരുമായി നാം സമാധാനത്തിലായിരിക്കും—വാക്കിലും പ്രവൃത്തിയിലും. (എബ്രാ. 12:14) വിശേഷാൽ, യഹോവയുമായി സമാധാനത്തിലായിരിക്കാൻ നാം പരമാവധി ശ്രമിക്കും.—1 പത്രൊസ് 3:10-12 വായിക്കുക.
10. “സമാധാനം ഉണ്ടാക്കുന്നവർ” സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
10 “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” കാരണം, “അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും” എന്ന് യേശു പറഞ്ഞു. മിശിഹയായ യേശുവിൽ വിശ്വാസമർപ്പിക്കുന്നതു മുഖാന്തരം അഭിഷിക്തക്രിസ്ത്യാനികൾക്ക് “ദൈവമക്കൾ ആകുവാൻ . . . അധികാരം” ലഭിക്കുന്നു. (യോഹ. 1:12; 1 പത്രൊ. 2:24) സമാധാനപ്രിയരായ ‘വേറെ ആടുകളുടെ’ കാര്യമോ? സ്വർഗീയ കൂട്ടവകാശികളുമൊത്തുള്ള ആയിരംവർഷ ഭരണകാലത്ത് യേശു അവരുടെ “നിത്യപിതാവ്” ആയിരിക്കും. (യോഹ. 10:14, 16; യെശ. 9:6; വെളി. 20:6) ആ ഭരണത്തിനൊടുവിൽ സമാധാനപ്രിയരായ അവർ പൂർണമായ അർഥത്തിൽ ദൈവമക്കളായിത്തീരും—അതേ, ഭൂമിയിലെ ദൈവമക്കൾ.—1 കൊരി. 15:27, 28.
11. നമ്മെ വഴിനയിക്കാൻ “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തെ അനുവദിക്കുന്നപക്ഷം നാം മറ്റുള്ളവരോട് എങ്ങനെ ഇടപെടും?
11 “സമാധാനത്തിന്റെ ദൈവ”മായ യഹോവയുമായി ഒരു ഉറ്റബന്ധം ആസ്വദിക്കുന്നതിന്, സമാധാനപ്രിയം ഉൾപ്പെടെയുള്ള ദൈവത്തിന്റെ ഗുണങ്ങൾ നാം അനുകരിക്കേണ്ടതുണ്ട്. (ഫിലി. 4:9) നമ്മെ വഴിനയിക്കാൻ “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തെ അനുവദിക്കുന്നപക്ഷം മറ്റുള്ളവരോടുള്ള നമ്മുടെ ഇടപെടൽ സമാധാനപരമായിരിക്കും. (യാക്കോ. 3:17) അതേ, നാം സമാധാനം ഉണ്ടാക്കുന്നവരായിരിക്കും, സന്തുഷ്ടരും.
“നിങ്ങളുടെ വെളിച്ചം . . . പ്രകാശിക്കട്ടെ”
12. (എ) ആത്മീയ പ്രകാശത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു? (ബി) നമുക്കെങ്ങനെ പ്രകാശം പരത്താം?
12 ദൈവത്തിൽനിന്നുള്ള ആത്മീയ പ്രകാശം നേടാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം അവരോട് ഏറ്റവും നന്നായി ഇടപെടുകയാണ്. (സങ്കീ. 43:3) “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. മറ്റുള്ളവർ അവരുടെ “നല്ല പ്രവൃത്തികളെ” കാണേണ്ടതിന് തങ്ങളുടെ വെളിച്ചം അവരുടെ മുമ്പാകെ പ്രകാശിപ്പിക്കാനും യേശു ഉദ്ബോധിപ്പിക്കുകയുണ്ടായി. ‘മനുഷ്യരുടെ മുമ്പാകെ’ അഥവാ സകലരുടെയും പ്രയോജനത്തിനുവേണ്ടി ആത്മീയ പ്രകാശം പരക്കാൻ അത് ഇടയാക്കുമായിരുന്നു. (മത്തായി 5:14-16 വായിക്കുക.) മറ്റുള്ളവർക്കു നന്മ ചെയ്തുകൊണ്ടും “ലോകത്തിൽ എങ്ങും” അതായത് “സകലജാതികളോടും” സുവാർത്ത പ്രസംഗിച്ചുകൊണ്ടും നാം ഇന്ന് പ്രകാശം പരത്തിക്കൊണ്ടാണിരിക്കുന്നത്. (മത്താ. 26:13; മർക്കൊ. 13:10) എത്ര വലിയ ഒരു ബഹുമതിയാണത്!
13. എന്തിനെപ്രതിയാണ് നാം ശ്രദ്ധിക്കപ്പെടുന്നത്?
13 “മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല” എന്ന് യേശു പറഞ്ഞു. മലമേൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണം ആരുടെയും കണ്ണിൽപ്പെടും. സമാനമായി, രാജ്യഘോഷകരെന്ന നിലയിലും, സത്പ്രവൃത്തികളുടെയും നല്ല ഗുണങ്ങളുടെയും പേരിലും നാം ശ്രദ്ധിക്കപ്പെടുന്നു.—തീത്തൊ. 2:1-14.
14. (എ) ഒന്നാം നൂറ്റാണ്ടിലെ വിളക്കുകൾ എങ്ങനെയുള്ളതായിരുന്നു? (ബി) ആത്മീയ വെളിച്ചം പറയിൻകീഴിൽ വെക്കരുത് എന്നതിന്റെ അർഥമെന്ത്?
14 വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേൽ വെക്കുന്നതിനെക്കുറിച്ച് യേശു പറയുകയുണ്ടായി. അപ്പോൾ വീട്ടിലുള്ളവർക്കെല്ലാം പ്രകാശം ലഭിക്കുമായിരുന്നു. ഒലിവെണ്ണ ഒഴിച്ച് തിരിയിട്ട മൺവിളക്കുകളാണ് ഒന്നാം നൂറ്റാണ്ടിൽ പൊതുവേ ഉപയോഗിച്ചിരുന്നത്. “വീട്ടിലുള്ള എല്ലാവർക്കും” വെളിച്ചം കിട്ടാൻപാകത്തിന് മരംകൊണ്ടോ ലോഹംകൊണ്ടോ ഉള്ള തണ്ടിന്മേലാണ് അതു വെച്ചിരുന്നത്. ആരും വിളക്കുകത്തിച്ച് “പറ”യിൻകീഴിൽ വെക്കില്ലായിരുന്നു. ശിഷ്യന്മാർ തങ്ങളുടെ ആത്മീയ പ്രകാശം പറയുടെ കീഴിൽ എന്നപോലെ മറച്ചുവെക്കരുതെന്നാണ് യേശു ഉദ്ദേശിച്ചത്. തിരുവെഴുത്തുസത്യം മറ്റുള്ളവരെ അറിയിക്കുന്നതിൽനിന്നു നമ്മെ തടയാൻ എതിർപ്പിനെയോ പീഡനത്തെയോ അനുവദിക്കുന്നതിനു പകരം പ്രകാശം പരത്താൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം നാം.
15. നമ്മുടെ ‘നല്ല പ്രവൃത്തികൾ’ ചിലരിൽ എന്തു ഫലമുളവാക്കുന്നു?
15 പ്രകാശം പരത്തുന്ന വിളക്കിനെ പരാമർശിച്ചശേഷമാണ് യേശു ശിഷ്യന്മാരോടു പിൻവരുംവിധം പറഞ്ഞത്: “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” നമ്മുടെ ‘നല്ല പ്രവൃത്തികൾ’ കണ്ട് ദൈവത്തിന്റെ ആരാധകരായിത്തീർന്നുകൊണ്ട് ചിലർ ദൈവത്തിന് ‘മഹത്വം കൊടുക്കുന്നു.’ ‘ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിച്ചുകൊണ്ടിരിക്കാൻ’ ഇതു നമ്മെ പ്രചോദിപ്പിക്കുന്നില്ലേ?—ഫിലി. 2:15.
16. “ലോകത്തിന്റെ വെളിച്ച”മായി വർത്തിക്കുന്നതിന് നാം എന്തു ചെയ്യണം?
16 ലോകത്തിന്റെ വെളിച്ചമായി വർത്തിക്കുന്നതിന് നാം പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പങ്കുപറ്റേണ്ടതുണ്ട്. എന്നാൽ അതു മാത്രംപോരാ. “വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതുകയുണ്ടായി. (എഫെ. 5:8-10) ദൈവിക നിലവാരങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം നമ്മുടെ ജീവിതം. അതേ, പത്രൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾക്കു നാം ചെവികൊടുക്കണം: “ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.” (1 പത്രൊ. 2:11, 12) എന്നാൽ സഹവിശ്വാസികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നെങ്കിലോ?
“സഹോദരനോടു നിരന്നുകൊൾക”
17-19. (എ) മത്തായി 5:23, 24-ൽ പറഞ്ഞിരിക്കുന്ന ‘വഴിപാട്’ എന്താണ്? (ബി) സഹോദരനുമായി സമാധാനത്തിലാകുന്നത് എത്ര പ്രധാനമാണ്, യേശു അത് എങ്ങനെ വ്യക്തമാക്കി?
17 സഹോദരനെതിരെ നീരസവും വെറുപ്പും വെച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഗിരിപ്രഭാഷണത്തിൽ യേശു ശിഷ്യന്മാരോടു പറയുകയുണ്ടായി. ഒരു പ്രശ്നമുള്ളപക്ഷം അവർ എത്രയുംപെട്ടെന്ന് അതു പരിഹരിക്കണമായിരുന്നു. (മത്തായി 5:21-25 വായിക്കുക.) യേശുവിന്റെ ഉപദേശം ഒന്ന് അടുത്തുപരിശോധിക്കുക. നിങ്ങൾ വഴിപാടുമായി യാഗപീഠത്തിന് അടുത്തേക്കു വരുകയാണെന്നു സങ്കൽപ്പിക്കുക. അപ്പോഴാണ് ഒരു സഹോദരനു നിങ്ങളുമായി പ്രശ്നമുള്ള കാര്യം നിങ്ങൾ ഓർക്കുന്നത്. ഇപ്പോൾ എന്തു ചെയ്യണം? വഴിപാട് യാഗപീഠത്തിനു മുന്നിൽവെച്ചിട്ട് സഹോദരനെ തേടിപ്പിടിച്ച് പ്രശ്നം പരിഹരിക്കണം. അതിനുശേഷം വന്ന് യാഗമർപ്പിക്കാം.
18 യഹോവയുടെ ആലയത്തിൽ ഒരുവൻ അർപ്പിക്കുന്ന യാഗങ്ങളായിരുന്നു പലപ്പോഴും ഈ വഴിപാടുകൾ. മൃഗബലികൾക്ക് അവിടെ വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം, ഇസ്രായേല്യരുടെ ആരാധനയുടെ ഭാഗമായി മോശൈക ന്യായപ്രമാണം അതു നിഷ്കർഷിച്ചിരുന്നു. എന്നാൽ, സഹോദരനു നിങ്ങളോട് ഒരു പ്രശ്നമുണ്ടെന്ന് നിങ്ങൾ ഓർക്കുന്നപക്ഷം, അതു പരിഹരിച്ചിട്ടേ യാഗം അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. യേശു പറഞ്ഞു: “വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” അതേ, ന്യായപ്രമാണപ്രകാരമുള്ള ഒരു യാഗം അർപ്പിക്കുന്നതിനുമുമ്പ് സഹോദരനുമായി നിരന്നുകൊള്ളണമായിരുന്നു.
19 ആ പ്രസ്താവന നടത്തിയപ്പോൾ ഏതെങ്കിലുമൊരു പ്രത്യേക യാഗമോ പ്രശ്നമോ അല്ലായിരുന്നു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. അതുകൊണ്ട് പ്രശ്നമുണ്ടെന്നു മനസ്സിലാക്കുന്നപക്ഷം ഏതുതരം യാഗമാണെങ്കിലും അത് അർപ്പിക്കുന്നത് മാറ്റിവെക്കണമായിരുന്നു. യാഗവസ്തു പക്ഷിയോ മൃഗമോ ആണെങ്കിൽ ആലയത്തിന്റെ അകത്തെ പ്രാകാരത്തിലുള്ള യാഗപീഠത്തിനുമുന്നിൽ അതിനെ നിറുത്തിയിട്ട് പോയി പ്രശ്നം പരിഹരിക്കണമായിരുന്നു; അതിനുശേഷം വേണമായിരുന്നു യാഗമർപ്പിക്കാൻ.
20. ഒരു സഹവിശ്വാസിയോടു കോപം തോന്നുന്നപക്ഷം രമ്യതയിലാകാൻ എത്രയുംവേഗം നടപടി സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
20 ദൈവത്തിന്റെ ദൃഷ്ടിയിൽ, സത്യാരാധനയുടെ ഒരു പ്രമുഖ ഭാഗമാണ് സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധം. സഹമനുഷ്യരോടു നന്നായി പെരുമാറാൻ പരാജയപ്പെടുന്നവർ അർപ്പിക്കുന്ന മൃഗബലികൾക്ക് യഹോവ യാതൊരു വിലയും കൽപ്പിച്ചില്ല. (മീഖാ 6:6-8) അതുകൊണ്ടാണ് ആരെങ്കിലുമായി പ്രശ്നമുണ്ടെങ്കിൽ “വേഗത്തിൽ . . . ഇണങ്ങിക്കൊൾക” എന്ന് യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചത്. (മത്താ. 5:25) പൗലൊസും സമാനമായ ഒരു പ്രസ്താവന നടത്തി: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുത്.” (എഫെ. 4:26, 27) ന്യായമായിട്ടാണെങ്കിൽപ്പോലും കോപംതോന്നിയാൽ എത്രയുംപെട്ടെന്നു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. അങ്ങനെ, കോപം വെച്ചുകൊണ്ടിരിക്കുന്നതും പിശാചിന് ഇടംകൊടുക്കുന്നതും ഒഴിവാക്കുക.—ലൂക്കൊ. 17:3, 4.
മറ്റുള്ളവരോട് ആദരവോടെ പെരുമാറുക
21, 22. (എ) ഇപ്പോൾ പരിചിന്തിച്ച യേശുവിന്റെ ഉപദേശം നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കും?
21 ഗിരിപ്രഭാഷണത്തിൽ യേശു നടത്തിയ ചില പ്രസ്താവനകളുടെ ഈ പുനരവലോകനം മറ്റുള്ളവരോട് ദയയോടും ആദരവോടുംകൂടെ ഇടപെടാൻ നമ്മെ സഹായിക്കേണ്ടതാണ്. നാമെല്ലാം അപൂർണരാണെങ്കിലും യേശുവിന്റെ ഉപദേശം നമുക്ക് പ്രാവർത്തികമാക്കാനാകും. കാരണം, യേശുവോ സ്വർഗീയ പിതാവോ നമ്മുടെ കഴിവിനപ്പുറം പ്രതീക്ഷിക്കുന്നില്ല. പ്രാർഥനയും ആത്മാർഥമായ ശ്രമവും യഹോവയാം ദൈവത്തിന്റെ അനുഗ്രഹവുമുണ്ടെങ്കിൽ നമുക്ക് സൗമ്യതയുള്ളവരും കരുണയുള്ളവരും സമാധാനപ്രിയരും ആയിരിക്കാനാകും. യഹോവയുടെ മഹത്ത്വത്തിനുതകുന്ന ആത്മീയ പ്രകാശം പ്രതിഫലിപ്പിക്കാനും നമുക്കു സാധിക്കും. മാത്രമല്ല, പ്രശ്നമുണ്ടാകുന്നപക്ഷം സഹോദരനുമായി രമ്യതയിലാകാനും കഴിയും.
22 സഹമനുഷ്യരോടുള്ള നല്ല പെരുമാറ്റവും യഹോവയ്ക്ക് സ്വീകാര്യമായ ആരാധനയിൽ ഉൾപ്പെടുന്നു. (മർക്കൊ. 12:31) മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിൽ തുടരാൻ നമ്മെ സഹായിക്കുന്ന ഗിരിപ്രഭാഷണത്തിലെ മറ്റു പ്രസ്താവനകളാണ് അടുത്ത ലേഖനത്തിൽ. യേശുവിന്റെ വിഖ്യാതമായ പ്രഭാഷണത്തിൽനിന്ന് അടർത്തിയെടുത്ത പ്രസ്താവനകൾ വിചിന്തനം ചെയ്ത നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘മറ്റുള്ളവരോടുള്ള എന്റെ പെരുമാറ്റം എങ്ങനെയാണ്?’
[അടിക്കുറിപ്പ്]
a ഈ ലേഖനവും അടുത്തതും പരിചിന്തിക്കുന്നതിനുമുമ്പ് നിങ്ങളുടെ വ്യക്തിപരമായ പഠനത്തോടനുബന്ധിച്ച് ഈ ഭാഗങ്ങൾ വായിക്കുന്നതു വളരെ നന്നായിരിക്കും.
നിങ്ങളുടെ ഉത്തരമെന്ത്?
• സൗമ്യതയുള്ളവരായിരിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
• “കരുണയുള്ളവർ” സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
• നമുക്കെങ്ങനെ വെളിച്ചം പ്രകാശിപ്പിക്കാം?
• എത്രയുംവേഗം സഹോരനുമായി രമ്യതയിലാകേണ്ടത് എന്തുകൊണ്ട്?
[4-ാം പേജിലെ ചിത്രം]
നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള സുപ്രധാന മാർഗമാണ് രാജ്യഘോഷണം
[5-ാം പേജിലെ ചിത്രം]
ദൈവിക നിലവാരങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ക്രിസ്ത്യാനികളുടെ ജീവിതം
[6-ാം പേജിലെ ചിത്രം]
സഹോദരനുമായി സമാധാനത്തിലാകാൻ സാധ്യമാകുന്നതെല്ലാം ചെയ്യുക