പ്രകാശവാഹകർ—എന്ത് ഉദ്ദേശ്യത്തിൽ?
“ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു.”—പ്രവൃത്തികൾ 13:47.
1. പ്രവൃത്തികൾ 13:47-ൽ പരാമർശിച്ചിരിക്കുന്ന കല്പന അപ്പോസ്തലനായ പൗലോസിനെ സ്വാധീനിച്ചതെങ്ങനെ?
“‘നീ ഭൂമിയുടെ അററത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്നു കർത്താവു [യഹോവ, NW] കല്പിച്ചിട്ടുണ്ട്” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (പ്രവൃത്തികൾ 13:47) അവൻ അതു പറയുകമാത്രമല്ല, പിന്നെയോ അതിന്റെ ഗൗരവം തിരിച്ചറിയുകയും ചെയ്തു. പൗലോസ്, ഒരു ക്രിസ്ത്യാനിയായിത്തീർന്ന ശേഷം, ആ കല്പന നിറവേററുന്നതിനു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. (പ്രവൃത്തികൾ 26:14-20) ആ കല്പന നമുക്കും നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, അതു നമ്മുടെ നാളിൽ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
മനുഷ്യവർഗ്ഗത്തിനു ‘ദീപം പൊലിഞ്ഞ’ സമയം
2. (എ) ലോകം അതിന്റെ അന്ത്യകാലത്തിലേക്കു പ്രവേശിച്ചപ്പോൾ, അതിന്റെ ആത്മീയവും ധാർമ്മികവുമായ കാലാവസ്ഥയെ ഗംഭീരമായി ബാധിച്ച എന്തു സംഭവിച്ചു? (ബി) ഒരു ബ്രിട്ടീഷ് ഭരണതന്ത്രജ്ഞൻ 1914 ഓഗസ്ററിൽ സംഭവിക്കുന്നതായി താൻ കണ്ടതിനോട് എങ്ങനെ പ്രതികരിച്ചു?
2 ഇന്നു ജീവിച്ചിരിക്കുന്ന മിക്കവരും ജനിക്കുന്നതിനുമുമ്പ്, ഈ ലോകം അതിന്റെ അന്ത്യകാലത്തിലേക്കു കടന്നു. വമ്പിച്ച പ്രാധാന്യമുള്ള സംഭവങ്ങൾ ഒന്നിനു പിറകേ ഒന്നായി സത്വരം അരങ്ങേറി. ആത്മീയവും ധാർമ്മികവുമായ ഇരുട്ടിന്റെ മുഖ്യ പ്രോൽസാഹകനായ പിശാചായ സാത്താനെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. (എഫെസ്യർ 6:12; വെളിപ്പാടു 12:7-12) മനുഷ്യവർഗ്ഗം അപ്പോൾത്തന്നെ അതിന്റെ ഒന്നാം ലോകയുദ്ധത്തിലേക്കു തള്ളിവിടപ്പെട്ടിരുന്നു. യുദ്ധം തീർച്ചയായും നടക്കുമെന്നു തോന്നിയ 1914 ഓഗസ്ററിന്റെ പ്രാരംഭത്തിൽത്തന്നെ ബ്രിട്ടീഷ് വിദേശകാര്യ സ്റെറയ്ററ് സെക്രട്ടറിയായിരുന്ന സർ എഡ്വേർഡ് ഗ്രേ ലണ്ടനിലെ തന്റെ ഓഫീസിന്റെ ജനാലക്കൽ നിന്നുകൊണ്ട്, “യൂറോപ്പിലാസകലം ദീപങ്ങൾ പൊലിയുകയാണ്; നാം നമ്മുടെ ആയുസ്സിൽ അവ വീണ്ടും തെളിഞ്ഞുകാണുകയില്ല” എന്നു പറയുകയുണ്ടായി.
3. മനുഷ്യവർഗ്ഗത്തിന്റെ ഭാവിപ്രതീക്ഷയെ ശോഭനമാക്കാനുള്ള ശ്രമത്തിൽ ലോകനേതാക്കൻമാർക്ക് എന്തു വിജയം ലഭിച്ചിട്ടുണ്ട്?
3 ആ ദീപങ്ങൾ വീണ്ടും തെളിക്കുന്നതിന്, സർവരാജ്യസഖ്യം 1920-ൽ പ്രവർത്തനക്ഷമമാക്കപ്പെട്ടു. എന്നാൽ ദീപങ്ങൾ മിന്നിയതേയില്ല. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ, ലോകനേതാക്കൻമാർ വീണ്ടും ശ്രമിച്ചു, ഈ പ്രാവശ്യം ഐക്യരാഷ്ട്രസംഘടനയിലൂടെ. എന്നിട്ടും ദീപങ്ങൾ ജ്വലിച്ചില്ല. എന്നിരുന്നാലും, കുറേക്കൂടെ അടുത്ത കാലങ്ങളിലെ സംഭവങ്ങളുടെ കാഴ്ചപ്പാടിൽ ലോകനേതാക്കൻമാർ “ഒരു പുതിയ ലോകക്രമ”ത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ അവർ ഉളവാക്കിയിരിക്കുന്ന ഏതെങ്കിലും “പുതിയ ലോകം” യഥാർത്ഥ സമാധാനമോ സുരക്ഷിതത്വമോ കൈവരുത്തിയിട്ടുണ്ടെന്ന് അശേഷം പറയാവതല്ല. മറിച്ച്, സായുധപോരാട്ടവും വംശീയകലാപവും കുററകൃത്യങ്ങളും തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിസരമലിനീകരണവും രോഗവുമെല്ലാം ആളുകളുടെ ജീവിതാസ്വാദനത്തെ കളങ്കപ്പെടുത്തുന്നതിൽ തുടരുകയാണ്.
4, 5. (എ) മനുഷ്യകുടുംബത്തിൻമേൽ എപ്പോൾ, എങ്ങനെ ഇരുട്ടു വ്യാപിച്ചു? (ബി) ആശ്വാസം പ്രദാനംചെയ്യുന്നതിന് ആവശ്യമായിരിക്കുന്നത് എന്ത്?
4 യഥാർത്ഥത്തിൽ, 1914-നു ദീർഘനാൾമുമ്പാണു മനുഷ്യവർഗ്ഗത്തിനു ദീപങ്ങൾ അണഞ്ഞുപോയത്. അത് ഏദെനിൽവെച്ച് ഏതാണ്ട് 6,000 വർഷംമുമ്പു നമ്മുടെ ആദ്യ മാനുഷമാതാപിതാക്കൾ ദൈവത്തിന്റെ വെളിപ്പെട്ടുകിട്ടിയ ഇഷ്ടത്തോട് ആദരവില്ലാതെ സ്വന്തം തീരുമാനങ്ങളെടുക്കാൻ ഇഷ്ടപ്പെട്ടപ്പോഴാണു സംഭവിച്ചത്. അന്നു മുതലുള്ള മനുഷ്യവർഗ്ഗത്തിന്റെ സങ്കടകരമായ അനുഭവങ്ങൾ കേവലം ബൈബിൾ പരാമർശിക്കുന്ന “ഇരുട്ടിന്റെ അധികാര”ത്തിൻ കീഴിലെ സംഭവങ്ങൾ മാത്രമാണ്. (കൊലൊസ്സ്യർ 1:13) പിശാചായ സാത്താന്റെ സ്വാധീനത്തിൻകീഴിലാണ് ആദ്യമനുഷ്യനായ ആദാം ലോകത്തെ പാപത്തിലേക്കു തള്ളിവിട്ടത്; ആദാമിൽനിന്നു സകല മനുഷ്യവർഗ്ഗത്തിലേക്കും പാപവും മരണവും വ്യാപിച്ചു. (ഉല്പത്തി 3:1-6; റോമർ 5:12) അങ്ങനെ മനുഷ്യവർഗ്ഗത്തിനു പ്രകാശത്തിന്റെയും ജീവന്റെയും ഉറവായ യഹോവയാം ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടു.—സങ്കീർത്തനം 36:9.
5 മനുഷ്യവർഗ്ഗത്തിൽ ആർക്കെങ്കിലുംവേണ്ടി ഇനിയും ദീപം പ്രകാശിക്കാനിടയാക്കുന്നതിനുള്ള ഏകമാർഗ്ഗം അവർ മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ അംഗീകാരം നേടുകയെന്നതാണ്. അപ്പോൾ, “സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവു,” പാപം മൂലമുള്ള ശിക്ഷാവിധി, നീക്കാൻ കഴിയും. ഇത് എങ്ങനെ സാധ്യമാകുമായിരുന്നു?—യെശയ്യാവു 25:7.
“ജാതികളുടെ പ്രകാശ”മായി നൽകപ്പെട്ടവൻ
6. യേശുക്രിസ്തുവിലൂടെ യഹോവ നമുക്ക് എന്തു മഹത്തായ പ്രതീക്ഷകൾ സാദ്ധ്യമാക്കിയിരിക്കുന്നു?
6 ആദാമിനെയും ഹവ്വായെയും പറുദീസയിൽനിന്നു പുറത്താക്കുന്നതിനു മുമ്പുതന്നെ നീതിസ്നേഹികളുടെ വിമോചകനായിരിക്കുന്ന ഒരു “സന്തതി”യെക്കുറിച്ചു യഹോവ മുൻകൂട്ടിപ്പറഞ്ഞു. (ഉല്പത്തി 3:15) ആ വാഗ്ദത്തസന്തതിയുടെ മനുഷ്യജനനത്തെ തുടർന്ന്, യെരൂശലേമിലെ ആലയത്തിലായിരുന്ന വൃദ്ധനായ ശിമെയോൻ “ജനതകളിൽനിന്നു മൂടുപടം നീക്കുന്നതിനുള്ള ഒരു പ്രകാശ”മെന്ന നിലയിൽ അവനെ തിരിച്ചറിയാൻ യഹോവ ഇടയാക്കി. (ലൂക്കൊസ് 2:29-32, NW) യേശുവിന്റെ പൂർണ്ണമനുഷ്യജീവന്റെ ബലിയിലുള്ള വിശ്വാസത്താൽ മനുഷ്യർക്കു ജൻമപാപത്തിൽനിന്നു കൈവന്ന കുററവിധിയിൽനിന്നു വിമോചിതരാകാൻ കഴിയുമായിരുന്നു. (യോഹന്നാൻ 3:36) യഹോവയുടെ ഇഷ്ടത്തിന് അനുയോജ്യമായി അവർക്ക് ഇപ്പോൾ സ്വർഗ്ഗീയരാജ്യത്തിന്റെ ഭാഗമെന്ന നിലയിലോ ഒരു പറുദീസാഭൂമിയിലെ അതിന്റെ പ്രജകളെന്ന നിലയിലോ പൂർണ്ണതയിലുള്ള നിത്യജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയുമായിരുന്നു. അത് എന്ത് അത്യത്ഭുതകരമായ ഒരു കരുതലാണ്!
7. യെശയ്യാവു 42:1-4-ലെ വാഗ്ദാനങ്ങളും അവയുടെ ഒന്നാം നൂററാണ്ടിലെ നിവൃത്തിയും നമ്മെ പ്രത്യാശകൊണ്ടു നിറയ്ക്കുന്നതെന്തുകൊണ്ട്?
7 ഈ മഹത്തായ പ്രതീക്ഷകളുടെ നിവൃത്തിയുടെ ഉറപ്പു യേശുക്രിസ്തുതന്നെയാണ്. രോഗബാധിതരായ ആളുകളെ യേശു സൗഖ്യമാക്കിയതിനോടുള്ള ബന്ധത്തിൽ യെശയ്യാവു 42:1-4-ൽ എഴുതിയിരിക്കുന്നത് അപ്പോസ്തലനായ മത്തായി യേശുവിനു ബാധകമാക്കി. ഭാഗികമായി ആ തിരുവെഴുത്ത് ഇങ്ങനെ പറയുന്നു: “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.” സകല രാഷ്ട്രങ്ങളിലെയും ആളുകൾക്ക് ആവശ്യമായിരിക്കുന്നത് ഇതല്ലയോ? പ്രവചനം ഇങ്ങനെ തുടരുന്നു: “അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല.” ഇതിനുചേർച്ചയിൽ, അപ്പോൾത്തന്നെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ആളുകളോടു യേശു പരുഷമായി പെരുമാറിയില്ല. അവൻ അവരോടു സഹതാപം പ്രകടമാക്കുകയും യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്തു.—മത്തായി 12:15-21.
8. യഹോവ ഏതർത്ഥത്തിൽ യേശുവിനെ “ജനത്തിന്റെ ഒരു ഉടമ്പടി”യായും “ജാതികളുടെ പ്രകാശ”മായും നൽകിയിരിക്കുന്നു?
8 ഈ പ്രവചനം നൽകിയവൻ തന്റെ ദാസനിലേക്ക്, യേശുവിലേക്ക്, തന്റെ ശ്രദ്ധതിരിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: “കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധൻമാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും [ഉടമ്പടി, NW] ജാതികളുടെ പ്രകാശവും ആക്കും.” (യെശയ്യാവു 42:6, 7) അതേ, യഹോവ യേശുക്രിസ്തുവിനെ ഒരു ഉടമ്പടിയായി, ഗൗരവമുള്ള ഒരു വാഗ്ദാനത്തോടുകൂടിയ ഉറപ്പായി, നൽകിയിരിക്കുന്നു. അത് എത്ര പ്രോത്സാഹജനകമാണ്! യേശു ഭൂമിയിലായിരുന്നപ്പോൾ മനുഷ്യവർഗ്ഗത്തോടു യഥാർത്ഥ താത്പര്യം പ്രകടമാക്കി; അവൻ മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവൻ വെച്ചുകൊടുക്കുകപോലും ചെയ്തു. അവനെയാണു യഹോവ സകല ജനതകളുടെയുംമേലുള്ള ഭരണം ഭരമേല്പിച്ചിരിക്കുന്നത്. യഹോവ ജാതികളുടെ വെളിച്ചമെന്ന് അവനെ പരാമർശിച്ചത് അതിശയമല്ല. യേശുതന്നെ “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു പറഞ്ഞു.—യോഹന്നാൻ 8:12.
9. അന്നു നിലവിലിരുന്ന വ്യവസ്ഥിതിയെ മെച്ചപ്പെടുത്താൻ യേശു തന്നേത്തന്നെ അർപ്പിക്കാഞ്ഞതെന്തുകൊണ്ട്?
9 എന്ത് ഉദ്ദേശ്യത്തിലാണു യേശു ലോകത്തിന്റെ വെളിച്ചമായി സേവിച്ചത്? അതു തീർച്ചയായും ലൗകികമോ ഭൗതികമോ ആയ എന്തെങ്കിലും ഉദ്ദേശ്യത്തിലല്ലായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ നേരെയാക്കാൻ ശ്രമിക്കുന്നതിന് അവൻ വിസമ്മതിച്ചു, ലോകത്തിന്റെ ഭരണാധിപനായ സാത്താനിൽനിന്നോ ജനങ്ങളിൽനിന്നോ അവൻ രാജത്വം സ്വീകരിക്കുകയുമില്ലായിരുന്നു. (ലൂക്കൊസ് 4:5-8; യോഹന്നാൻ 6:15; 14:30) യേശു ക്ലേശിതരോടു വലിയ സഹതാപം പ്രകടമാക്കുകയും മററുള്ളവർക്കു സാധിക്കാത്ത വിധങ്ങളിൽ അവർക്ക് ആശ്വാസം കൈവരുത്തുകയും ചെയ്തു. ജൻമപാപം നിമിത്തം ദിവ്യശിക്ഷാവിധിയിലായിരുന്നതും അദൃശ്യരായ ദുഷ്ടാത്മസേനകൾ നിയന്ത്രിച്ചുകൊണ്ടിരുന്നതുമായ മനുഷ്യസമുദായത്തിന്റെ ചട്ടക്കൂടിൽ സ്ഥിരമായ ആശ്വാസം ലഭിക്കുകയില്ലെന്ന് അവനറിയാമായിരുന്നു. ദൈവികമായ ഉൾക്കാഴ്ചയോടെ യേശു തന്റെ മുഴു ജീവിതത്തെയും ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകരിച്ചു.—എബ്രായർ 10:7.
10. ഏതു വിധങ്ങളിലും എന്ത് ഉദ്ദേശ്യത്തിലും യേശു ലോകത്തിന്റെ വെളിച്ചമായി സേവിച്ചു?
10 അപ്പോൾ ഏതു വിധങ്ങളിലും എന്ത് ഉദ്ദേശ്യത്തിലുമാണു യേശു ലോകത്തിന്റെ വെളിച്ചമായി സേവിച്ചത്? ദൈവരാജ്യസുവാർത്തയുടെ പ്രസംഗത്തിനുവേണ്ടി അവൻ തന്നേത്തന്നെ ഉഴിഞ്ഞുവെച്ചു. (ലൂക്കൊസ് 4:43; യോഹന്നാൻ 18:37) യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്, യേശു തന്റെ സ്വർഗ്ഗീയ പിതാവിന്റെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. (യോഹന്നാൻ 17:4, 6) കൂടാതെ, ലോകത്തിന്റെ വെളിച്ചമെന്ന നിലയിൽ, യേശു മതപരമായ വ്യാജങ്ങളെ തുറന്നുകാട്ടുകയും അങ്ങനെ മതപരമായ അടിമത്തത്തിലിരുന്നവർക്ക് ആത്മീയ സ്വാതന്ത്ര്യം പ്രദാനംചെയ്യുകയും ചെയ്തു. സാത്താന്റെ ഉപയോഗത്തിനു വിട്ടുകൊടുക്കുന്നവരെ അദൃശ്യമായി നിയന്ത്രിക്കുന്നവനെന്ന നിലയിൽ അവൻ സാത്താനെ തുറന്നുകാട്ടി. യേശു ഇരുട്ടിന്റെ പ്രവൃത്തികളെ വ്യക്തമായി തുറന്നുകാട്ടുകയും ചെയ്തു. (മത്തായി 15:3-9; യോഹന്നാൻ 3:19-21; 8:44) അവൻ തന്റെ പൂർണ്ണമനുഷ്യജീവനെ ഒരു മറുവിലയായി വെച്ചുകൊടുത്തുകൊണ്ടു ലോകത്തിന്റെ വെളിച്ചമെന്നു പ്രമുഖമായി തെളിയിച്ചു, അങ്ങനെ ഈ കരുതലിൽ വിശ്വാസമർപ്പിക്കുന്നവർക്കു പാപങ്ങളുടെ മോചനവും ദൈവവുമായുള്ള ഒരു അംഗീകൃത നിലയും യഹോവയുടെ സാർവത്രിക കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ നിത്യജീവന്റെ പ്രതീക്ഷയും ലഭിക്കുന്നതിനുള്ള വഴി തുറന്നുകൊടുത്തു. (മത്തായി 20:28; യോഹന്നാൻ 3:16) ഒടുവിൽ, തന്റെ ജീവിതത്തിലുടനീളം പൂർണ്ണമായ ദൈവികഭക്തി നിലനിർത്തിക്കൊണ്ടു യേശു യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും പിശാചിനെ ഒരു നുണയനെന്നു തെളിയിക്കുകയും ചെയ്തു, അങ്ങനെ നീതിസ്നേഹികൾക്കു നിത്യപ്രയോജനങ്ങൾ സാദ്ധ്യമാക്കി. എന്നാൽ യേശു ഏക പ്രകാശവാഹകനായിരിക്കണമായിരുന്നോ?
“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു”
11. യേശുവിന്റെ ശിഷ്യൻമാർ പ്രകാശവാഹകരായിരിക്കേണ്ടതിന് എന്തു ചെയ്യേണ്ടിയിരുന്നു?
11 മത്തായി 5:14-ൽ യേശു തന്റെ ശിഷ്യൻമാരോടു “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു പറഞ്ഞു. അവർ അവന്റെ കാൽചുവടുകളെ പിന്തുടരണമായിരുന്നു. അവരുടെ ജീവിതരീതിയാലും അവരുടെ പ്രസംഗത്താലും അവർ യഥാർത്ഥ പ്രകാശനത്തിന്റെ ഉറവെന്ന നിലയിൽ യഹോവയിലേക്കു മററുള്ളവരെ തിരിച്ചുവിടണമായിരുന്നു. യേശുവിനെ അനുകരിച്ചുകൊണ്ട് അവർ യഹോവയുടെ നാമത്തെ പ്രസിദ്ധമാക്കുകയും അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യണമായിരുന്നു. യേശു ചെയ്തതുപോലെ, അവർ മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയെന്നനിലയിൽ ദൈവരാജ്യം പ്രഘോഷിക്കണമായിരുന്നു. അവർ ഇരുട്ടിന്റെ പ്രവൃത്തികളെയും മതപരമായ വ്യാജങ്ങളെയും ഇവയ്ക്കുപിന്നിലെ ദുഷ്ടനായവനെയും തുറന്നുകാട്ടണമായിരുന്നു. ക്രിസ്തുവിന്റെ അനുഗാമികൾ യേശുക്രിസ്തു മുഖാന്തരമുള്ള രക്ഷക്കുള്ള യഹോവയുടെ സ്നേഹപൂർവകമായ കരുതലിനെക്കുറിച്ച് എല്ലായിടത്തുമുള്ള ആളുകളോടു പറയണമായിരുന്നു. യേശു കല്പിച്ചിരുന്നതുപോലെ ആദിമക്രിസ്ത്യാനികൾ യെരൂശലേമിൽ തുടങ്ങി യഹൂദ്യയിലും അനന്തരം ശമര്യയിലേക്കും നീങ്ങിക്കൊണ്ട് എത്ര തീക്ഷ്ണതയോടെയാണ് ആ നിയമനം നിറവേററിയത്!—പ്രവൃത്തികൾ 1:8.
12. (എ) ആത്മീയ പ്രകാശം എത്രത്തോളം വ്യാപിക്കണമായിരുന്നു? (ബി) യെശയ്യാവു 42:6-നെക്കുറിച്ചു പൗലോസ് എന്തു തിരിച്ചറിയാൻ യഹോവയുടെ ആത്മാവ് ഇടയാക്കി, ആ പ്രവചനം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
12 എന്നുവരികിലും, സുവാർത്താപ്രസംഗം ആ വയലിൽ ഒതുക്കിനിർത്തേണ്ടതല്ലായിരുന്നു. “സകല ജാതികളെയും ശിഷ്യരാ”ക്കാൻ യേശു തന്റെ അനുഗാമികളോടു നിർദ്ദേശിച്ചു. (മത്തായി 28:19) തർസോസിലെ ശൗലിന്റെ പരിവർത്തനസമയത്തു യഹൂദൻമാരോടു മാത്രമല്ല, വിജാതീയരോടും ശൗൽ (അപ്പോസ്തലനായ പൗലോസായിത്തീർന്നയാൾ) പ്രസംഗിക്കേണ്ടതാണെന്നു കർത്താവു പ്രത്യേകമായി നിർദ്ദേശിച്ചു. (പ്രവൃത്തികൾ 9:15) അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു പരിശുദ്ധാത്മാവിന്റെ സഹായത്താൽ പൗലോസ് വിലമതിക്കാനിടയായി. അങ്ങനെ, യേശുക്രിസ്തുവിൽ നേരിട്ടു നിവൃത്തിയേറുന്ന യെശയ്യാവു 42:6-ലെ പ്രവചനം ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കുമായി സൂചിപ്പിച്ചിരിക്കുന്ന ഒരു കല്പനയാണെന്ന് അവൻ തിരിച്ചറിഞ്ഞു. തന്നിമിത്തം, പ്രവൃത്തികൾ 13:47-ൽ പൗലോസ് യെശയ്യാവിൽനിന്ന് ഉദ്ധരിച്ചപ്പോൾ: “നീ ഭൂമിയുടെ അററത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്ന് അവർ പറഞ്ഞു. നിങ്ങളെസംബന്ധിച്ചെന്ത്? ഒരു പ്രകാശവാഹകനായിരിക്കാനുള്ള ആ കടപ്പാടു നിങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടോ? യേശുവിനെയും പൗലോസിനെയുംപോലെ, ദൈവേഷ്ടംചെയ്യുന്നതിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിക്കുന്നുവോ?
നമ്മെ നയിക്കുന്നതിനു ദൈവത്തിൽനിന്നുള്ള പ്രകാശവും സത്യവും
13. സങ്കീർത്തനം 43:3-നു ചേർച്ചയിൽ നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്താണ്, ഇതു നമ്മെ എന്തിനെതിരെ കാത്തുസൂക്ഷിക്കുന്നു?
13 മനുഷ്യവർഗ്ഗത്തിന്റെ ഭാവി ശോഭനമാക്കുന്നതിനു നാം സ്വന്തം മാർഗ്ഗങ്ങളിൽ ‘ദീപങ്ങൾ തെളിക്കാൻ’ ശ്രമിക്കുകയാണെങ്കിൽ നാം ദൈവത്തിന്റെ നിശ്വസ്തവചനത്തിന്റെ ആശയം അപകടകരമായി നഷ്ടപ്പെടുത്തുന്നതായിരിക്കും. എന്നിരുന്നാലും, പൊതുലോകം എന്തു ചെയ്താലും, പ്രകാശത്തിന്റെ യഥാർത്ഥ ഉറവെന്ന നിലയിൽ യഹോവയിലേക്കു യഥാർത്ഥ ക്രിസ്ത്യാനികൾ നോക്കുന്നു. അവരുടെ പ്രാർത്ഥന സങ്കീർത്തനം 43:3-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയാണ്, അതിങ്ങനെ പറയുന്നു: “നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ. നിന്റെ വിശുദ്ധ പർവതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.”
14, 15. (എ) ഏതു വിധങ്ങളിലാണു യഹോവ ഇപ്പോൾ തന്റെ പ്രകാശവും സത്യവും അയയ്ക്കുന്നത്? (ബി) ദൈവത്തിന്റെ പ്രകാശവും സത്യവും നമ്മെ യഥാർത്ഥമായി നയിക്കുന്നുവെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
14 യഹോവ തന്റെ വിശ്വസ്തദാസൻമാരുടെ ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതിൽ തുടരുന്നു. തന്റെ ഉദ്ദേശ്യം പ്രഖ്യാപിക്കുന്നതിനാലും അതു ഗ്രഹിക്കാൻ തന്റെ ദാസൻമാരെ പ്രാപ്തരാക്കുന്നതിനാലും താൻ പ്രഖ്യാപിച്ചതു നിവർത്തിക്കുന്നതിനാലും അവൻ പ്രകാശം അയക്കുന്നു. നാം ദൈവത്തോടു പ്രാർത്ഥിക്കുമ്പോൾ അതു വിശുദ്ധിയുടെ ഒരു പ്രതീതി ഉളവാക്കാൻവേണ്ടി മാത്രം ചെയ്യുന്ന ഒരു ഔപചാരികനടപടിയല്ല. സങ്കീർത്തനം പറയുന്നതുപോലെ, യഹോവയിൽനിന്നു വരുന്ന പ്രകാശം നമ്മെ നയിക്കണമെന്നുള്ളതാണു നമ്മുടെ ആത്മാർത്ഥമായ ആഗ്രഹം. ദൈവം നൽകുന്ന പ്രകാശത്തോടൊപ്പം കൈവരുന്ന ഉത്തരവാദിത്വം നാം സ്വീകരിക്കുന്നു. അപ്പോസ്തലനായ പൗലോസിനെപ്പോലെ, യഹോവയുടെ വചനത്തിന്റെ നിവൃത്തി അതു വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി സൂചിപ്പിച്ചിരിക്കുന്ന ഒരു കല്പന വഹിക്കുന്നുവെന്നു നാം തിരിച്ചറിയുന്നു. ആ ഉദ്ദേശ്യത്തിൽ ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന സുവാർത്ത മററുള്ളവർക്കു കൊടുക്കുന്നതുവരെ നാം കടക്കാരാണെന്നു നാം വിചാരിക്കുന്നു.—റോമർ 1:14, 15.
15 നമ്മുടെ നാളിൽ യഹോവ അയച്ചിരിക്കുന്ന പ്രകാശവും സത്യവും യേശുക്രിസ്തു തന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽനിന്നു സജീവമായി ഭരിക്കുന്നുണ്ടെന്നു പ്രകടമാക്കുന്നു. (സങ്കീർത്തനം 2:6-8; വെളിപ്പാടു 11:15) തന്റെ രാജകീയസാന്നിദ്ധ്യകാലത്തു രാജ്യത്തിന്റെ ഈ സുവാർത്ത ഒരു സാക്ഷ്യത്തിനുവേണ്ടി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:3, 14) ആ വേല ഇപ്പോൾ തീവ്രമായി ഗോളത്തിനു ചുററും ചെയ്തുകൊണ്ടിരിക്കുകയാണ്. നാം ആ വേലയെ നമ്മുടെ ജീവിതത്തിലെ അതിപ്രധാന സംഗതിയാക്കുന്നുവെങ്കിൽ, അപ്പോൾ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, ദൈവത്തിന്റെ പ്രകാശവും സത്യവും നമ്മെ നയിക്കുകയാണ്.
യഹോവയുടെ മഹത്വംതന്നെ പ്രകാശിച്ചിരിക്കുന്നു
16, 17. യഹോവ 1914-ൽ തന്റെ സ്ത്രീസമാന സ്ഥാപനത്തിൻമേൽ തന്റെ തേജസ്സു പ്രകാശിക്കാനിടയാക്കിയതെങ്ങനെ, അവൻ അവൾക്ക് എന്തു കല്പന കൊടുത്തു?
16 തിരുവെഴുത്തുകൾ ആത്മപ്രചോദകമായ ഭാഷയിൽ എല്ലായിടത്തുമുള്ള ആളുകൾക്കു ദിവ്യപ്രകാശം വിതറുന്ന രീതിയെ വർണ്ണിക്കുന്നു. യഹോവയുടെ “സ്ത്രീയെ” അഥവാ തന്റെ വിശ്വസ്തദാസൻമാരുടെ സ്വർഗ്ഗീയ സ്ഥാപനത്തെ സംബോധനചെയ്യുന്ന യെശയ്യാവു 60:1-3 പറയുന്നു: “എഴുന്നേററു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരിട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയശോഭയിലേക്കും വരും.”
17 ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം യഹോവയുടെ സ്വർഗ്ഗീയ സ്ത്രീസമാനസ്ഥാപനം യേശുക്രിസ്തുവിനെ രാജാവാക്കിക്കൊണ്ട് 1914-ൽ മിശിഹൈകരാജ്യത്തിനു ജൻമം കൊടുത്തപ്പോൾ യഹോവയുടെ തേജസ്സ് അവളുടെമേൽ ഉദിച്ചു. (വെളിപ്പാടു 12:1-5) യഹോവയുടെ മഹത്വമാർന്ന വെളിച്ചം സർവഭൂമിയുടെയും നീതിയുക്തമായ ഗവൺമെന്റെന്ന നിലയിൽ അതിൻമേലുള്ള അംഗീകാരത്തോടെ പ്രകാശിക്കുന്നു.
18. (എ) യെശയ്യാവു 60:2-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, അന്ധകാരം ഭൂമിയെ മൂടുന്നതെന്തുകൊണ്ട്? (ബി) വ്യക്തികൾക്കു ഭൂമിയുടെ അന്ധകാരത്തിൽനിന്ന് എങ്ങനെ വിടുതൽ പ്രാപിക്കാൻ കഴിയും?
18 മറിച്ച്, അന്ധകാരം ഭൂമിയെയും കൂരിരുട്ടു ദേശീയസംഘങ്ങളെയും മൂടുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ജനതകൾ മനുഷ്യഭരണത്തെ അനുകൂലിച്ചുകൊണ്ട് ദൈവത്തിന്റെ പ്രിയ പുത്രന്റെ രാജ്യത്തെ നിരസിക്കുന്നു. ഒരു മനുഷ്യഭരണരൂപത്തെ മാററി മറെറാന്നു സ്ഥാപിക്കുന്നതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്ന് അവർ വിചാരിക്കുന്നു. എന്നാൽ അവർ പ്രത്യാശിക്കുന്ന ആശ്വാസം ഇതു കൈവരുത്തുന്നില്ല. ആത്മമണ്ഡലത്തിൽനിന്നു രാഷ്ട്രങ്ങളെ നിയന്ത്രിച്ചുകൊണ്ടു പിന്നാമ്പുറത്തു നിലകൊള്ളുന്നതാരാണെന്ന് അവർ മനസ്സിലാക്കുന്നില്ല. (2 കൊരിന്ത്യർ 4:4) അവർ യഥാർത്ഥ വെളിച്ചത്തിന്റെ ഉറവിനെ തള്ളിക്കളയുകയും തന്നിമിത്തം അന്ധകാരത്തിൽ കഴിയുകയുമാണ്. (എഫെസ്യർ 6:12) എന്നിരുന്നാലും രാഷ്ട്രങ്ങൾ എന്തു ചെയ്താലും വ്യക്തികൾക്ക് ആ അന്ധകാരത്തിൽനിന്നുള്ള വിടുതൽ സാദ്ധ്യമാണ്. ഏതു വിധത്തിൽ? ദൈവരാജ്യത്തിൽ പൂർണ്ണവിശ്വാസമർപ്പിക്കുന്നതിനാലും അതിനു കീഴ്പ്പെട്ടിരിക്കുന്നതിനാലും.
19, 20. (എ) യഹോവയുടെ തേജസ്സ്, യേശുവിന്റെ അഭിഷിക്താനുഗാമികളുടെമേൽ പ്രകാശിച്ചിരിക്കുന്നതെന്തുകൊണ്ട്, എങ്ങനെ? (ബി) ഏതു കാരണത്താലാണു യഹോവ തന്റെ അഭിഷിക്തരെ പ്രകാശവാഹകരാക്കിയിരിക്കുന്നത്? (സി) മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, ദൈവദത്ത പ്രകാശത്തിങ്കലേക്കു “രാജാക്കൻമാരും” “ജാതികളും” ആകർഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
19 ക്രൈസ്തവലോകം ദൈവരാജ്യത്തിൽ വിശ്വാസമർപ്പിക്കുകയോ അതിനു കീഴ്പ്പെട്ടിരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ യേശുക്രിസ്തുവിന്റെ ആത്മാഭിഷിക്തരായ അനുഗാമികൾ അങ്ങനെ ചെയ്തിരിക്കുന്നു. തത്ഫലമായി, യഹോവയുടെ ദിവ്യാംഗീകാരത്തിന്റെ വെളിച്ചം തന്റെ സ്വർഗ്ഗീയ സ്ത്രീയുടെ ഈ ദൃശ്യപ്രതിനിധികളുടെമേൽ പ്രകാശിച്ചിരിക്കുന്നു. അവന്റെ തേജസ്സും അവരുടെമേൽ പ്രത്യക്ഷമായിട്ടുണ്ട്. (യെശയ്യാവു 60:19-21) അവർ ആത്മീയപ്രകാശം ആസ്വദിക്കുന്നു, ലോകത്തിലെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ രംഗത്തിലെ യാതൊരു മാററത്തിനും അതിനെ കവർന്നുകളയാൻ കഴികയില്ല. യഹോവയാൽ മഹാബാബിലോനിൽനിന്നുള്ള വിടുതൽ അവർക്ക് അനുഭവപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 18:4) അവർ അവന്റെ ശിക്ഷണം സ്വീകരിച്ചിരിക്കുന്നതുകൊണ്ടും വിശ്വസ്തമായി അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചിരിക്കുന്നതുകൊണ്ടും അവർ അവന്റെ അംഗീകാരത്തിന്റെ പുഞ്ചിരി ആസ്വദിക്കുന്നു. അവർക്കു ശോഭനമായ ഭാവിപ്രതീക്ഷകളുണ്ട്. അവൻ അവരുടെമുമ്പാകെ വെച്ചിരിക്കുന്ന പ്രത്യാശയിൽ അവർ സന്തോഷിക്കുന്നു.
20 എന്നാൽ എന്ത് ഉദ്ദേശ്യത്തിലാണു യഹോവ അവരോട് ഇങ്ങനെ ഇടപെട്ടിരിക്കുന്നത്? യെശയ്യാവു 60:21-ൽ അവൻതന്നെ പറഞ്ഞതുപോലെ, അവൻ “മഹത്വപ്പെടേ”ണ്ടതിനാണ്, അവന്റെ നാമം മാനിക്കപ്പെടേണ്ടതിനും മററുള്ളവർ തങ്ങൾക്കുതന്നെ നിലനിൽക്കുന്ന പ്രയോജനമുണ്ടാകുമാറ് ഏകസത്യദൈവമെന്ന നിലയിൽ അവനിലേക്ക് ആകർഷിക്കപ്പെടേണ്ടതിനും തന്നെ. ഇതിനോടുള്ള പൊരുത്തത്തിൽ, സത്യദൈവത്തിന്റെ ഈ ആരാധകർ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചു. തങ്ങളുടെ സാക്ഷീകരണത്തിന്റെ ഫലമായി, യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞതുപോലെ അവർ പ്രതിഫലിപ്പിച്ച പ്രകാശത്തിങ്കലേക്കു “രാജാക്കൻമാർ” ആകർഷിക്കപ്പെട്ടോ? ഉവ്വ്! ഭൂമിയിലെ രാഷ്ട്രീയ ഭരണാധികാരികളല്ല, പിന്നെയോ ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയരാജ്യത്തിൽ രാജാക്കൻമാരായി ഭരിക്കാനുള്ളവരിൽ ശേഷിച്ചവർ. (വെളിപ്പാടു 1:5, 6; 21:24) “ജാതികളെ” സംബന്ധിച്ചെന്ത്? അവർ ഈ പ്രകാശത്തിങ്കലേക്കു ആകർഷിക്കപ്പെട്ടിട്ടുണ്ടോ? തീർച്ചയായും! ഒററയൊററയായ രാഷ്ട്രീയ ജനതകൾ ആകർഷിക്കപ്പെട്ടിട്ടില്ല, പിന്നെയോ സകല ജനതകളിൽനിന്നുമുള്ള ഒരു മഹാപുരുഷാരം ദൈവരാജ്യത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നു. അവർ ദൈവത്തിന്റെ പുതിയലോകത്തിലേക്കുള്ള വിടുതലിനെ ആകാംക്ഷാപൂർവം പ്രതീക്ഷിക്കുകയാണ്. അതു നീതി വസിക്കുന്ന, യഥാർത്ഥത്തിൽ പുതിയതായ ഒരു ലോകമായിരിക്കും.—2 പത്രൊസ് 3:13; വെളിപ്പാടു 7:9, 10.
21. തന്റെ ഇഷ്ടത്തിന്റെ ഒരു ഗ്രാഹ്യം നമുക്കു നൽകിയിരിക്കുന്നതിലെ യഹോവയുടെ അനർഹദയയുടെ ഉദ്ദേശ്യത്തെ നാം നിഷ്ഫലമാക്കിയിട്ടില്ലെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
21 നിങ്ങൾ വർദ്ധിച്ചുവരുന്ന ആ പ്രകാശവാഹകരുടെ സമൂഹത്തിൽപ്പെട്ട ഒരാളാണോ? യേശുവിനെപ്പോലെ നമുക്കു പ്രകാശവാഹകരായിരിക്കാൻ കഴിയേണ്ടതിനു യഹോവ നമുക്കു തന്റെ ഇഷ്ടം സംബന്ധിച്ചുള്ള ഒരു ഗ്രാഹ്യം നൽകിയിട്ടുണ്ട്. യഹോവ നമ്മുടെ നാളിൽ തന്റെ ദാസൻമാരെ ഭരമേല്പിച്ചിരിക്കുന്ന വേലയിൽ തീക്ഷ്ണത പ്രകടമാക്കുന്നിനാൽ ദൈവം നമുക്കു നീട്ടിത്തന്നിരിക്കുന്ന അനർഹദയയുടെ ഉദ്ദേശ്യത്തെ നാം നിഷ്ഫലമാക്കിയിട്ടില്ലെന്നു നമുക്കെല്ലാം പ്രകടമാക്കാം. (2 കൊരിന്ത്യർ 6:1, 2) നമ്മുടെ നാളിൽ ഇതിനെക്കാൾ പ്രധാനപ്പെട്ട വേലയില്ല. യഹോവയിൽനിന്നു വരുന്ന പ്രകാശത്തെ മററുള്ളവർക്കായി പ്രതിഫലിപ്പിച്ചുകൊണ്ടു യഹോവയെ മഹത്വീകരിക്കുന്നതിനെക്കാൾ വലിയ പദവി നമുക്കുണ്ടായിരിക്കാൻ കഴിയുന്നതല്ല.
നിങ്ങൾ എങ്ങനെ ഉത്തരംപറയും?
◻ മനുഷ്യവർഗ്ഗത്തിന്റെ ശോചനീയമായ പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ എന്തെല്ലാമാണ്?
◻ ഏതു വിധങ്ങളിലാണു യേശുവും അവന്റെ ശിഷ്യൻമാരും “ലോകത്തിന്റെ വെളിച്ച”മായിരിക്കുന്നത്?
◻ യഹോവയുടെ പ്രകാശവും സത്യവും നമ്മെ നയിക്കുന്നതെങ്ങനെ?
◻ യഹോവ തന്റെ തേജസ്സു തന്റെ സ്ഥാപനത്തിൻമേൽ പ്രകാശിക്കാനിടയാക്കിയിരിക്കുന്നതെങ്ങനെ?
◻ എന്ത് ഉദ്ദേശ്യത്തിലാണു യഹോവ തന്റെ ജനത്തെ പ്രകാശവാഹകരാക്കിയിരിക്കുന്നത്?
[9-ാം പേജിലെ ചിത്രം]
ഏദെനിൽ നടന്ന ഒരു സംഭവം ഇന്നത്തെ മനുഷ്യവർഗ്ഗത്തിന്റെ ശോചനീയമായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു
[കടപ്പാട്]
Tom Haley/Sipa
Paringaux/Sipa