ഈ അന്ത്യനാളുകളിൽ ഐക്യം നിലനിർത്തുക
“സുവാർത്തയുടെ വിശ്വാസത്തിനായി ഏകദേഹിയോടെ ഒത്തൊരുമിച്ച് പോരാടിക്കൊണ്ട് ഏകാത്മാവിൽ ഉറച്ചു നിൽക്കുന്നു . . . സുവാർത്തക്കു യോഗ്യമായ വിധത്തിൽ പെരുമാറുക.”—ഫിലിപ്യർ 1:27, NW.
1. യഹോവയുടെ സാക്ഷികളും ലോകവും തമ്മിൽ എന്തു വ്യത്യാസമുണ്ട്?
ഇത് “അന്ത്യകാല”മാണ്. “ദുർഘടസമയങ്ങൾ” ആയിരിക്കുന്നുവെന്നതിനു സംശയമില്ല. (2 തിമൊഥെയൊസ് 3:1-5) മനുഷ്യ സമുദായത്തിൽ അസ്വസ്ഥത നിറഞ്ഞ ഈ “അന്ത്യകാല”ത്ത്, തങ്ങളുടെ സമാധാനവും ഐക്യവും നിമിത്തം യഹോവയുടെ സാക്ഷികൾ തികച്ചും വ്യത്യസ്തരായി മുന്തിനിൽക്കുന്നു. (ദാനീയേൽ 12:4) എന്നാൽ ഈ ഐക്യം നിലനിർത്തുന്നതിനു യഹോവയുടെ ആരാധകരുടെ ആഗോള കുടുംബത്തിൽപെടുന്ന ഓരോ വ്യക്തിയും കഠിനശ്രമം ചെയ്യേണ്ടത് ആവശ്യമാണ്.
2. ഐക്യം നിലനിർത്തുന്നതു സംബന്ധിച്ചു പൗലോസ് എന്തു പറഞ്ഞു, ഏതു ചോദ്യം നാം പരിഗണിക്കും?
2 ഐക്യം നിലനിർത്താൻ അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. അവൻ എഴുതി: “ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു; അതു ദൈവം തന്നേ വെച്ചതാകുന്നു.” (ഫിലിപ്പിയർ 1:27, 28) ക്രിസ്ത്യാനികളെന്ന നിലയിൽ നാം ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നു പൗലോസിന്റെ വാക്കുകൾ വ്യക്തമായി കാണിക്കുന്നു. അപ്പോൾ ഈ ആയാസകരമായ നാളുകളിൽ ക്രിസ്തീയ ഐക്യം നിലനിർത്തുന്നതിനു നമ്മെ എന്തു സഹായിക്കും?
ദിവ്യേഷ്ടത്തിനു കീഴ്പെടുക
3. പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയർ ആദ്യമായി ക്രിസ്തുവിന്റെ അനുഗാമികൾ ആയിത്തീർന്നത് എപ്പോൾ, എങ്ങനെ?
3 എല്ലാ സമയത്തും ദിവ്യേഷ്ടത്തിനു കീഴ്പെടുന്നതാണു നമ്മുടെ ഐക്യം നിലനിർത്തുന്നതിനുള്ള ഒരു മാർഗം. ഇതു നമ്മുടെ ചിന്തയിൽ ഒരു പൊരുത്തപ്പെടുത്തൽ ആവശ്യമാക്കിയേക്കാം. യേശുക്രിസ്തുവിന്റെ ആദിമ യഹൂദ ശിഷ്യൻമാരെ പരിഗണിക്കുക. പൊ.യു. 36-ൽ ആദ്യമായി അപ്പോസ്തലനായ പത്രോസ് പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയരോടു പ്രസംഗിച്ചപ്പോൾ, ജനതകളിൽനിന്നുള്ള ഈ ആളുകളുടെമേൽ ദൈവം പരിശുദ്ധാത്മാവിനെ പകരുകയും അവർ സ്നാപനമേൽക്കുകയും ചെയ്തു. (പ്രവൃത്തികൾ 10-ാം അധ്യായം) അന്നുവരെ യഹൂദൻമാരും യഹൂദ മതത്തിലേക്കു പരിവർത്തനം ചെയ്തവരും ശമര്യക്കാരും മാത്രമേ യേശുക്രിസ്തുവിന്റെ അനുഗാമികൾ ആയിത്തീർന്നിരുന്നുള്ളൂ.—പ്രവൃത്തികൾ 8:4-8, 26-38.
4. കൊർന്നേല്യോസിനോടുള്ള ബന്ധത്തിൽ എന്തു സംഭവിച്ചുവെന്നു വിശദീകരിച്ചശേഷം പത്രോസ് എന്തു പറഞ്ഞു, യേശുവിന്റെ യഹൂദ ശിഷ്യൻമാർക്ക് ഇത് എന്തു പരിശോധനയുളവാക്കി?
4 കൊർന്നേല്യോസിന്റെയും മറ്റു വിജാതീയരുടെയും പരിവർത്തനത്തെക്കുറിച്ച് അപ്പോസ്തലൻമാരും യെരുശലേമിലെ മറ്റു സഹോദരൻമാരും അറിഞ്ഞപ്പോൾ അവർ പത്രോസിന്റെ റിപ്പോർട്ടു കേൾക്കുന്നതിൽ താത്പര്യമുള്ളവരായിരുന്നു. കൊർന്നേല്യോസിനോടും മറ്റു വിശ്വാസമുള്ള വിജാതീയരോടുമുള്ള ബന്ധത്തിൽ എന്തു സംഭവിച്ചുവെന്നു വിശദീകരിച്ചശേഷം, അപ്പോസ്തലൻ ഈ വാക്കുകളോടെ ഉപസംഹരിച്ചു: “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു [യഹൂദൻമാർക്ക്] തന്നതുപോലെ അതേ ദാനത്തെ [പരിശുദ്ധാത്മാവിനെ] അവർക്കും [വിശ്വസിച്ച ആ വിജാതീയർക്കും] ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃത്തികൾ 11:1-17) ഇതു യേശുക്രിസ്തുവിന്റെ യഹൂദ അനുഗാമികൾക്ക് ഒരു പരിശോധനയുളവാക്കി. അവർ ദൈവേഷ്ടത്തിനു കീഴ്പെടുകയും വിശ്വാസമുള്ള വിജാതീയരെ തങ്ങളുടെ സഹാരാധകരായി സ്വീകരിക്കുകയും ചെയ്യുമോ? അതോ, യഹോവയുടെ ഭൗമിക ആരാധകരുടെ ഐക്യം അപകടത്തിലാകുമോ?
5. ദൈവം വിജാതീയർക്കു മാനസാന്തരം അനുവദിച്ചുവെന്ന യാഥാർഥ്യത്തോട് അപ്പോസ്തലൻമാരും മറ്റു സഹോദരൻമാരും എങ്ങനെ പ്രതികരിച്ചു, ഈ മനോഭാവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
5 വിവരണം പറയുന്നു: “അവർ [അപ്പോസ്തലൻമാരും മറ്റു സഹോദരൻമാരും] ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: [“സമ്മതിച്ചു,” NW] അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നൽകിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃത്തികൾ 11:18) ആ മനോഭാവം യേശുവിന്റെ അനുഗാമികളുടെ ഐക്യം കാത്തുസൂക്ഷിക്കുകയും ഉന്നമിപ്പിക്കുകയും ചെയ്തു. ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ, വിജാതീയരുടെ അതായതു ജനതകളിലെ ആളുകളുടെ, ഇടയിൽ പ്രസംഗപ്രവർത്തനം പുരോഗമിച്ചു. അത്തരം പ്രവർത്തനങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു. ഒരു പുതിയ സഭയുടെ രൂപീകരണത്തോടുള്ള ബന്ധത്തിൽ നമ്മുടെ സഹകരണം അഭ്യർഥിക്കുമ്പോൾ അല്ലെങ്കിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തിൻ കീഴിൽ ചില ദിവ്യാധിപത്യ പൊരുത്തപ്പെടുത്തലുകൾ വരുത്തുമ്പോൾ നാം സമ്മതിക്കണം. നമ്മുടെ മുഴു ഹൃദയത്തോടെയുള്ള സഹകരണം യഹോവയെ പ്രീതിപ്പെടുത്തുകയും ഈ അന്ത്യനാളുകളിൽ നമ്മുടെ ഐക്യം നിലനിർത്താൻ നമ്മെ സഹായിക്കുകയും ചെയ്യും.
സത്യത്തോടു പറ്റിനിൽക്കുക
6. യഹോവയുടെ ആരാധകരുടെ ഐക്യത്തിൻമേൽ സത്യത്തിന് എന്തു ഫലമുണ്ട്?
6 യഹോവയുടെ ആരാധകരുടെ കുടുംബത്തിന്റെ ഭാഗമെന്നനിലയിൽ നാം ഐക്യം നിലനിർത്തുന്നു. കാരണം നാമെല്ലാവരും “യഹോവയാൽ പഠിപ്പിക്ക”പ്പെടുന്നവരും അവന്റെ വെളിപ്പെടുത്തപ്പെട്ട സത്യം മുറുകെപ്പിടിക്കുന്നവരുമാണ്. (യോഹന്നാൻ 6:45, NW; സങ്കീർത്തനം 43:3) നമ്മുടെ പഠിപ്പിക്കലുകൾ ദൈവവചനത്തിൽ അധിഷ്ഠിതമായതിനാൽ നാമെല്ലാം യോജിപ്പിൽ സംസാരിക്കുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ ലഭ്യമാക്കിയിരിക്കുന്ന ആത്മീയ ഭക്ഷണം നാം സന്തോഷപൂർവം സ്വീകരിക്കുന്നു. (മത്തായി 24:45-47, NW) അത്തരം ഏകരൂപമായ പഠിപ്പിക്കൽ നമ്മുടെ ഐക്യം ലോകവ്യാപകമായി നിലനിർത്താൻ നമ്മെ സഹായിക്കുന്നു.
7. ഒരു പ്രത്യേക ആശയം ഗ്രഹിക്കാൻ നമുക്കു വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെങ്കിൽ നാം എന്തുചെയ്യണം, എന്തുചെയ്യരുത്?
7 ഒരു പ്രത്യേക ആശയം ഗ്രഹിക്കാനോ അംഗീകരിക്കാനോ നമുക്കു വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെങ്കിൽ എന്തുചെയ്യണം? നാം ജ്ഞാനത്തിനായി പ്രാർഥിക്കുകയും തിരുവെഴുത്തുകളിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തുകയും വേണം. (സദൃശവാക്യങ്ങൾ 2:4, 5; യാക്കോബ് 1:5-8) ഒരു മൂപ്പനുമായുള്ള ചർച്ച സഹായകമായിരുന്നേക്കാം. എന്നിട്ടും ആശയം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അതേക്കുറിച്ച് അമിതമായി വ്യാകുലപ്പെടാതിരിക്കുന്നതാണ് ഏറ്റവും മെച്ചം. ഒരുപക്ഷേ പ്രസ്തുത വിഷയത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടേക്കാം. അപ്പോൾ നമ്മുടെ ഗ്രാഹ്യം വിശാലമാകും. എന്നാൽ, നമ്മുടെ വിഭിന്നമായ സ്വന്തം അഭിപ്രായം സ്വീകരിക്കാൻതക്കവണ്ണം സഭയിലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതു തെറ്റായിരിക്കും. ഇത് ഐക്യം കാത്തുസൂക്ഷിക്കാനുള്ള യത്നമല്ല, മറിച്ച് ഭിന്നത വിതയ്ക്കലായിരിക്കും. “സത്യത്തിൽ നടക്കു”കയും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എത്രയധികം മെച്ചമാണ്.—3 യോഹന്നാൻ 4.
8. സത്യത്തോടുള്ള ഏതു മനോഭാവം ഉചിതമാണ്?
8 ഒന്നാം നൂറ്റാണ്ടിൽ പൗലോസ് പറഞ്ഞു: “ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും. ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ അറിയപ്പെട്ടതുപോലെ തന്നേ അറിയും.” (1 കൊരിന്ത്യർ 13:12) ആദിമ ക്രിസ്ത്യാനികൾ എല്ലാ വിശദാംശങ്ങളും തിരിച്ചറിഞ്ഞില്ലെങ്കിലും അവർ ഏകീകൃതരായി നിലനിന്നു. യഹോവയുടെ ഉദ്ദേശ്യത്തെയും അവന്റെ സത്യവചനത്തെയും കുറിച്ച് ഇന്നു നമുക്കു കൂടുതൽ വ്യക്തമായ ഗ്രാഹ്യമുണ്ട്. അതുകൊണ്ട് ‘വിശ്വസ്ത അടിമ’യിലൂടെ ലഭിച്ചിരിക്കുന്ന സത്യത്തിനുവേണ്ടി നമുക്കു കൃതജ്ഞതയുള്ളവരായിരിക്കാം. യഹോവ തന്റെ സ്ഥാപനത്തിലൂടെ നമ്മെ നയിച്ചിരിക്കുന്നതിലും നമുക്കു നന്ദിയുള്ളവരായിരിക്കാം. നമുക്ക് എല്ലായ്പോഴും ഒരേ അളവിലുള്ള പരിജ്ഞാനം ഉണ്ടായിരുന്നില്ലെങ്കിലും, നാം ആത്മീയമായി വിശന്നുവലയുന്നവരോ ദാഹിക്കുന്നവരോ ആയിരുന്നില്ല. മറിച്ച്, നമ്മുടെ ഇടയനായ യഹോവ നമ്മെ ഏകീകരിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്തിരിക്കുന്നു.—സങ്കീർത്തനം 23:1-3.
നാവ് ശരിയായി ഉപയോഗിക്കുക!
9. ഐക്യം ഉന്നമിപ്പിക്കാൻവേണ്ടി നാവ് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
9 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നാവ് ഉപയോഗിക്കുന്നത് ഐക്യവും സാഹോദര്യത്തിന്റെ ആത്മാവും ഉന്നമിപ്പിക്കാനുള്ള ഒരു പ്രധാന മാർഗമാണ്. പരിച്ഛേദന സംബന്ധിച്ച ഒരു പ്രശ്നം പരിഹരിച്ചുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം അയച്ച കത്ത് പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നു. അതു വായിച്ചതിനെത്തുടർന്ന് അന്ത്യോക്യയിലെ വിജാതീയ ശിഷ്യൻമാർ “പ്രോത്സാഹനത്തിൽ സന്തോഷിച്ചു.” യെരുശലേമിൽനിന്നും കത്തുമായി അയയ്ക്കപ്പെട്ട യൂദായും ശീലാസും “സഹോദരൻമാരെ നിരവധി പ്രസംഗങ്ങളാൽ പ്രോത്സാഹിപ്പിച്ചു ശക്തീകരിച്ചു.” പൗലോസിന്റെയും ബർന്നബാസിന്റെയും സാന്നിധ്യവും അന്ത്യോക്യയിലെ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്തുവെന്നതിനു സംശയമില്ല. (പ്രവൃത്തികൾ 15:1-3, 23-32, NW) ക്രിസ്തീയ യോഗങ്ങൾക്കായി കൂടിവരുമ്പോഴും നമ്മുടെ സാന്നിധ്യത്താലും പരിപുഷ്ടിപ്പെടുത്തുന്ന അഭിപ്രായപ്രകടനങ്ങളാലും ‘പരസ്പരം പ്രോത്സാഹിപ്പിക്കു’മ്പോഴും നമുക്കു ഗണ്യമായതോതിൽ അതുതന്നെ ചെയ്യാൻ കഴിയും.—എബ്രായർ 10:24, 25, NW.
10. അധിക്ഷേപിക്കൽ സംഭവിക്കുന്നുവെങ്കിൽ, ഐക്യം നിലനിർത്താൻ എന്തു ചെയ്യേണ്ടതുണ്ടായിരിക്കാം?
10 എന്നിരുന്നാലും, നാവിന്റെ തെറ്റായ ഉപയോഗം നമ്മുടെ ഐക്യത്തെ ഭീഷണിപ്പെടുത്തിയേക്കാം. “നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു” എന്നു ശിഷ്യനായ യാക്കോബ് എഴുതി. “കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു.” (യാക്കോബ് 3:5) വാദപ്രതിവാദത്തിന് ഇടയാക്കുന്നവരെ യഹോവ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 6:16-19) അത്തരം സംസാരം അനൈക്യത്തിന് ഇടയാക്കിയേക്കാം. അതുകൊണ്ട്, ഒരു അധിക്ഷേപിക്കൽ അതായത് ഒരുവന്റെമേൽ നിന്ദ വർഷിക്കൽ അല്ലെങ്കിൽ അവനെയോ അവളെയോ അപമാനിച്ചുകൊണ്ടുള്ള സംസാരം ഉണ്ടാകുന്നെങ്കിൽ അപ്പോൾ എന്തുചെയ്യണം? ദുഷ്പ്രവൃത്തിക്കാരനെ സഹായിക്കാൻ മൂപ്പൻമാർ ശ്രമിക്കും. എന്നിരുന്നാലും, സഭയുടെ സമാധാനവും ക്രമവും ഐക്യവും നിലനിർത്താൻവേണ്ടി അനുതാപമില്ലാത്ത അധിക്ഷേപകനെ പുറത്താക്കണം. എന്തായാലും, “സഹോദരൻ എന്നു പേർപെട്ട ഒരുവൻ . . . വാവിഷ്ഠാണക്കാരനോ [“അധിക്ഷേപകൻ,” NW] . . . ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടു കൂടെ ഭക്ഷണം കഴിക്കപോലും അരുതു” എന്ന് പൗലോസ് എഴുതി.—1 കൊരിന്ത്യർ 5:11.
11. നമുക്കും ഒരു സഹവിശ്വാസിക്കും ഇടയിൽ പിരിമുറുക്കത്തിന് ഇടയാക്കിയ ഒരുസംഗതി നാം പറഞ്ഞുപോയെങ്കിൽ, താഴ്മ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 നാവിനു കടിഞ്ഞാണിടുന്നത് ഐക്യം നിലനിർത്താൻ നമ്മെ സഹായിക്കുന്നു. (യാക്കോബ് 3:10-18) എന്നാൽ നാം പറഞ്ഞ ഒരു സംഗതി, നമുക്കും ഒരു സഹക്രിസ്ത്യാനിക്കും ഇടയിൽ പിരിമുറുക്കത്തിന് ഇടയാക്കിയിരിക്കുന്നുവെന്നു വിചാരിക്കുക. ആവശ്യമെങ്കിൽ ക്ഷമായാചനം നടത്തിക്കൊണ്ട്, നമ്മുടെ സഹോദരനുമായി സമാധാനത്തിലാകാൻ മുൻകൈ എടുക്കുന്നത് ഉചിതമായിരിക്കില്ലേ? (മത്തായി 5:23, 24) ഇതിനു താഴ്മ അല്ലെങ്കിൽ മനസ്സിന്റെ എളിമ ആവശ്യമാണെന്നുള്ളതു സത്യമാണ്. എന്നാൽ, പത്രോസ് എഴുതി: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോടു എതിർത്തുനിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നൽകുന്നു.” (1 പത്രൊസ് 5:5) നമ്മുടെ തെറ്റുകൾ സമ്മതിച്ചുകൊണ്ടും ഉചിതമായ ക്ഷമാപണം നടത്തിക്കൊണ്ടും സഹോദരൻമാരുമായി ‘സമാധാനം പിന്തുടരാൻ’ താഴ്മ നമ്മെ പ്രേരിപ്പിക്കും. ഇത് യഹോവയുടെ കുടുംബത്തിന്റെ ഐക്യം നിലനിർത്താൻ സഹായിക്കുന്നു.—1 പത്രൊസ് 3:10, 11.
12. യഹോവയുടെ ജനത്തിന്റെ ഐക്യം ഉന്നമിപ്പിക്കാനും നിലനിർത്താനും നമുക്കു നാവ് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
12 നാം നമ്മുടെ നാവ് ശരിയായി ഉപയോഗിക്കുന്നെങ്കിൽ യഹോവയുടെ സ്ഥാപനത്തിലുള്ളവരുടെ ഇടയിൽ കുടുംബാത്മാവു പരിപോഷിപ്പിക്കാൻ നമുക്കു സാധിക്കും. താൻ ചെയ്തത് അതായിരുന്നതിനാൽ പൗലോസിനു തെസലോനിക്യരെ ഇങ്ങനെ ഓർമിപ്പിക്കാൻ കഴിഞ്ഞു: “ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.” (1 തെസ്സലൊനീക്യർ 2:11, 12) ഈ സംഗതിയിൽ ഒരു ഉത്തമ ദൃഷ്ടാന്തംവെച്ച പൗലോസിന്, “വിഷാദ ദേഹികളോടു സാന്ത്വനദായകമായി സംസാരിപ്പിൻ” എന്ന് സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കാൻ സാധിച്ചു. (1 തെസലോനിക്യർ 5:14, NW) മറ്റുള്ളവരെ സാന്ത്വനപ്പെടുത്താനും, പ്രോത്സാഹിപ്പിക്കാനും, കെട്ടുപണിചെയ്യാനും നമ്മുടെ നാവ് ഉപയോഗിച്ചുകൊണ്ടു നമുക്ക് എത്രയധികം നന്മചെയ്യാൻ കഴിയുമെന്നു ചിന്തിക്കുക. അതേ, “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” (സദൃശവാക്യങ്ങൾ 15:23) കൂടുതലായി, അത്തരം സംസാരം യഹോവയുടെ ജനത്തിന്റെ ഐക്യം ഉന്നമിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നു.
ക്ഷമിക്കുന്നവരായിരിക്കുക!
13. നാം എന്തുകൊണ്ടു ക്ഷമിക്കുന്നവരായിരിക്കണം?
13 നാം ക്രിസ്തീയ ഐക്യം നിലനിർത്തണമെങ്കിൽ ക്ഷമാപണം നടത്തിയ കുറ്റക്കാരനോടു ക്ഷമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എത്ര കൂടെക്കൂടെ നാം ക്ഷമിക്കണം? യേശു പത്രോസിനോടു പറഞ്ഞു: “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം.” (മത്തായി 18:22) നാം ക്ഷമിക്കുന്നവരല്ലെങ്കിൽ, നാം നമ്മുടെ സ്വന്തം താത്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. അതെങ്ങനെ? കൊള്ളാം, വിദ്വേഷവും ഈർഷ്യ പരിപോഷിപ്പിക്കുന്നതും നമ്മുടെ മനസ്സമാധാനം കവർന്നുകളയും. നാം ക്രൂരവും ക്ഷമാരഹിതവുമായ വഴികൾക്കു പേരുകേട്ടവർ ആയിത്തീർന്നാൽ നാം ഒറ്റപ്പെടുകയും ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 11:17) പക വെച്ചുപുലർത്തുന്നതു യഹോവയ്ക്ക് അനിഷ്ടകരമാണ്. (ലേവ്യപുസ്തകം 19:18) അതു കടുത്ത പാപത്തിലേക്കു നയിച്ചേക്കാം. യോഹന്നാൻ സ്നാപകനെതിരെ “പക വെച്ചു”പുലർത്തിയ ദുഷ്ട ഹെരോദ്യ ആസൂത്രണം ചെയ്ത ഒരു പദ്ധതിയിലാണ് അവൻ ശിരച്ഛേദം ചെയ്യപ്പെട്ടതെന്ന് ഓർമിക്കുക.—മർക്കൊസ് 6:19-28.
14. (എ) ക്ഷമയെക്കുറിച്ചു മത്തായി 6:14, 15 നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) ഒരുവനോടു ക്ഷമിക്കുന്നതിനു മുൻപു ഒരു ക്ഷമാപണത്തിനായി നാം എല്ലായ്പോഴും കാത്തുനിൽക്കണമോ?
14 യേശുവിന്റെ മാതൃകാ പ്രാർഥനയിൽ ഈ വാക്കുകൾ ഉൾപ്പെടുന്നു: “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു.” (ലൂക്കൊസ് 11:4) നാം ക്ഷമിക്കുന്നവരല്ലെങ്കിൽ, യഹോവയാം ദൈവം മേലാൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാത്ത ഒരു സമയം ഉണ്ടായിരിക്കുന്നതിന്റെ അപകടമുണ്ട്. എന്തെന്നാൽ യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മത്തായി 6:14, 15) അതുകൊണ്ടു യഹോവയുടെ ആരാധകരുടെ കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിൽ നമ്മുടെ പങ്കു നിർവഹിക്കാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ, നാം ക്ഷമിക്കുന്നവരായിരിക്കും. ചിന്താശൂന്യത നിമിത്തവും ഏതെങ്കിലും ദുഷ്ടലാക്കില്ലാതെയും ചെയ്യുന്ന ഒരു കുറ്റം ഒരുപക്ഷേ കേവലം മറന്നുകളയുന്നവരും ആയിരിക്കും. പൗലോസ് പറഞ്ഞു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13) നാം ക്ഷമിക്കുന്നവരായിരിക്കുമ്പോൾ, യഹോവയുടെ സ്ഥാപനത്തിന്റെ അമൂല്യ ഐക്യം നിലനിർത്താൻ നാം സഹായിക്കുന്നു.
ഐക്യവും വ്യക്തിഗത തീരുമാനങ്ങളും
15. വ്യക്തിഗത തീരുമാനങ്ങൾ എടുക്കുമ്പോൾ ഐക്യം നിലനിർത്താൻ യഹോവയുടെ ജനത്തെ സഹായിക്കുന്നതെന്ത്?
15 വ്യക്തിഗത തീരുമാനങ്ങൾ എടുക്കാനുള്ള പദവിയും ഉത്തരവാദിത്വവും ഉള്ള സ്വതന്ത്ര ധാർമിക കാര്യസ്ഥരായിട്ടാണ് ദൈവം നമ്മെ നിർമിച്ചത്. (ആവർത്തനപുസ്തകം 30:19, 20; ഗലാത്യർ 6:5) എങ്കിലും നമ്മുടെ ഐക്യം നിലനിർത്താൻ നമുക്കു കഴിയുന്നു, കാരണം നാം ബൈബിൾ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നു. വ്യക്തിഗത തീരുമാനങ്ങൾ എടുക്കുമ്പോൾ നാം അവ പരിഗണിക്കുന്നു. (പ്രവൃത്തികൾ 5:29; 1 യോഹന്നാൻ 5:3) നിഷ്പക്ഷത സംബന്ധിച്ച് ഒരു പ്രശ്നം ഉയർന്നുവരുന്നുവെന്നു കരുതുക. നാം “ലോകത്തിന്റെ ഭാഗമല്ല” എന്നും ആയതിനാൽ നാം ‘വാളുകളെ കൊഴുക്കളായി’ അടിച്ചുതീർത്തിരിക്കുന്നുവെന്നും ഓർമിച്ചുകൊണ്ട് നമുക്കു ജ്ഞാനത്തോടെ ഒരു വ്യക്തിഗത തീരുമാനം കൈക്കൊള്ളാൻ കഴിയും. (യോഹന്നാൻ 17:16, NW; യെശയ്യാവു 2:2-4) സമാനമായി, രാഷ്ട്രത്തോടുള്ള നമ്മുടെ ബന്ധം സംബന്ധിച്ച് ഒരു വ്യക്തിഗത തീരുമാനം എടുക്കേണ്ടിവരുമ്പോൾ, ലൗകിക കാര്യങ്ങളിൽ “ശ്രേഷ്ഠാധികാരങ്ങൾക്കു” സ്വയം കീഴ്പെടുമ്പോൾത്തന്നെ “ദൈവത്തിന്നുള്ളതു ദൈവത്തിന്നു” കൊടുക്കുന്നതു സംബന്ധിച്ചു ബൈബിൾ പറയുന്നതു നാം പരിഗണിക്കുന്നു. (ലൂക്കൊസ് 20:25; റോമർ 13:1-7; തീത്തൊസ് 3:1, 2) അതേ, വ്യക്തിഗത തീരുമാനങ്ങൾ ചെയ്യുമ്പോൾ ബൈബിൾ നിയമങ്ങളും തത്ത്വങ്ങളും പരിഗണിക്കുന്നതു നമ്മുടെ ക്രിസ്തീയ ഐക്യം നിലനിർത്താൻ സഹായിക്കുന്നു.
16. തിരുവെഴുത്തുപരമായി ശരിയോ തെറ്റോ അല്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ഐക്യം നിലനിർത്തുന്നതിനു നമുക്കെങ്ങനെ സഹായിക്കാൻ കഴിയും? ദൃഷ്ടാന്തീകരിക്കുക.
16 തിരുവെഴുത്തുപരമായി ശരിയോ തെറ്റോ അല്ലാത്ത, പൂർണമായും വ്യക്തിപരമായ ഒരു തീരുമാനം എടുക്കുമ്പോൾപോലും നമുക്കു ക്രിസ്തീയ ഐക്യം നിലനിർത്താൻ സഹായിക്കാവുന്നതാണ്. അത് എങ്ങനെ? നമ്മുടെ തീരുമാനത്താൽ ബാധിക്കപ്പെടാവുന്ന മറ്റുള്ളവരോടു സ്നേഹപൂർവമായ പരിഗണന കാണിച്ചുകൊണ്ട്. ദൃഷ്ടാന്തത്തിന്: പുരാതന കൊരിന്തിലെ സഭയിൽ വിഗ്രഹങ്ങൾക്കു ബലിയർപ്പിച്ച മാംസം സംബന്ധിച്ച് ഒരു പ്രശ്നം ഉയർന്നുവന്നു. തീർച്ചയായും ഒരു ക്രിസ്ത്യാനി വിഗ്രഹാരാധനാപരമായ ഒരു ചടങ്ങിൽ പങ്കെടുക്കുകയില്ലായിരുന്നു. എന്നാൽ, ചന്തയിൽ വിൽക്കപ്പെടുന്ന മിച്ചംവരുന്ന ഇത്തരം മാംസം ശരിയായി രക്തം ഒഴുക്കിക്കളഞ്ഞതാണെങ്കിൽ ഭക്ഷിക്കുന്നതു പാപമായിരുന്നില്ല. (പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 10:25) എന്നിരുന്നാലും, ഈ മാംസം തിന്നുന്നതു സംബന്ധിച്ചു ചില ക്രിസ്ത്യാനികളുടെ മനസ്സാക്ഷി അസ്വസ്ഥമായി. അതുകൊണ്ട് അവരെ ഇടറിക്കുന്നത് ഒഴിവാക്കാൻ പൗലോസ് മറ്റു ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. യഥാർഥത്തിൽ, അവൻ എഴുതി: “ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.” (1 കൊരിന്ത്യർ 8:13) അതുകൊണ്ടു യാതൊരു ബൈബിൾ നിയമമോ തത്ത്വമോ ഉൾപ്പെടാത്തപ്പോൾപോലും, ദൈവകുടുംബത്തിന്റെ ഐക്യത്തെ ബാധിച്ചേക്കാവുന്ന തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റുള്ളവരെ പരിഗണിക്കുന്നത് എത്ര സ്നേഹപൂർവകമാണ്!
17. നാം വ്യക്തിഗത തീരുമാനങ്ങൾ ചെയ്യേണ്ടിവരുമ്പോൾ എന്തു ചെയ്യുന്നതാണ് അഭിലഷണീയം?
17 ഏതു ഗതി സ്വീകരിക്കണമെന്നു നമുക്കു നിശ്ചയമില്ലെങ്കിൽ, നമുക്കൊരു ശുദ്ധ മനസ്സാക്ഷി ശേഷിപ്പിക്കുന്ന ഒരു വിധത്തിൽ തീരുമാനമെടുക്കുന്നതാണു ജ്ഞാനം, മറ്റുള്ളവർ നമ്മുടെ തീരുമാനത്തെ ആദരിക്കുകയും വേണം. (റോമർ 14:10-12) നാമൊരു വ്യക്തിഗത തീരുമാനം ചെയ്യേണ്ടതുള്ളപ്പോൾ തീർച്ചയായും നാം പ്രാർഥനയിൽ യഹോവയുടെ മാർഗനിർദേശം തേടണം. സങ്കീർത്തനക്കാരനെപ്പോലെ നമുക്ക് ആത്മവിശ്വാസത്തോടെ പ്രാർഥിക്കാം: ‘നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ . . . നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമം നിമിത്തം എന്നെ നടത്തി പാലിക്കണമേ.’—സങ്കീർത്തനം 31:2, 3.
എല്ലായ്പോഴും ക്രിസ്തീയ ഐക്യം നിലനിർത്തുക
18. ക്രിസ്തീയ സഭയുടെ ഐക്യം പൗലോസ് ചിത്രീകരിച്ചത് എങ്ങനെ?
18 ക്രിസ്തീയ സഭയുടെ ഐക്യം ചിത്രീകരിക്കാൻ 1 കൊരിന്ത്യർ 12-ാം അധ്യായത്തിൽ പൗലോസ് മാനുഷ ശരീരത്തെ ഉപയോഗിച്ചു. പരസ്പരാശ്രയത്വത്തെയും ഓരോ അംഗത്തിന്റെ പ്രാധാന്യത്തെയും അവൻ ഊന്നിപ്പറഞ്ഞു. “സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?” എന്ന് പൗലോസ് ചോദിച്ചു. “അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ. കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.” (1 കൊരിന്ത്യർ 12:19-21) സമാനമായി, യഹോവയുടെ ആരാധകരുടെ കുടുംബത്തിലുള്ള നാം എല്ലാവരും ഒരേ കർത്തവ്യം നിർവഹിക്കുന്നില്ല. എന്നിരുന്നാലും നാം ഏകീകൃതരാണ്, പരസ്പരം ആവശ്യമുള്ളവരാണ്.
19. ദൈവത്തിന്റെ ആത്മീയ കരുതലുകളിൽനിന്നു നമുക്കെങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയും, ഇതു സംബന്ധിച്ച് ഒരു പ്രായമുള്ള സഹോദരൻ എന്തു പറഞ്ഞു?
19 ശരീരത്തിന് ആഹാരവും പരിപാലനവും മാർഗനിർദേശവും ആവശ്യമായിരിക്കുന്നതുപോലെ, ദൈവം തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും സ്ഥാപനത്തിലൂടെയും പ്രദാനം ചെയ്യുന്ന ആത്മീയ കരുതലുകൾ നമുക്ക് ആവശ്യമാണ്. ഈ കരുതലുകളിൽനിന്നു പ്രയോജനം അനുഭവിക്കുന്നതിനു നാം യഹോവയുടെ ഭൗമിക കുടുംബത്തിന്റെ ഭാഗമായിരിക്കണം. ദൈവസേവനത്തിൽ അനേക വർഷങ്ങൾ ചെലവഴിച്ചശേഷം ഒരു സഹോദരൻ എഴുതി: “എല്ലാം വളരെ വ്യക്തമല്ലാതിരുന്ന . . . 1914-നു തൊട്ടുമുൻപുള്ള ആ ആദിമ നാളുകൾ മുതൽ, സത്യം മധ്യാഹ്നസൂര്യനെപ്പോലെ ശോഭിക്കുന്ന ഈ നാൾവരെ, യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ലഭ്യമായ അറിവനുസരിച്ചു ജീവിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. എനിക്ക് ഒരു സംഗതി ഏറ്റവും പ്രധാനമായിരുന്നിട്ടുണ്ടെങ്കിൽ, അതു യഹോവയുടെ ദൃശ്യസ്ഥാപനത്തോടു പറ്റിനിൽക്കുന്ന സംഗതി ആയിരുന്നിട്ടുണ്ട്. മാനുഷ ന്യായവാദത്തിൽ ആശ്രയിക്കുന്നത് എത്ര യുക്തിഹീനമാണെന്ന് എന്റെ ആദ്യകാല അനുഭവം എന്നെ പഠിപ്പിച്ചു. ആ സംഗതി സംബന്ധിച്ച് എന്റെ മനസ്സിൽ തീരുമാനം എടുത്ത നിമിഷം മുതൽ വിശ്വസ്ത സ്ഥാപനത്തോടൊപ്പം നിൽക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. ഒരുവനു യഹോവയുടെ അംഗീകാരവും അനുഗ്രഹവും ലഭിക്കാനാവുന്നതു മറ്റേതു വിധത്തിലാണ്?”
20. യഹോവയുടെ ജനമെന്നനിലയിലുള്ള നമ്മുടെ ഐക്യം സംബന്ധിച്ച് എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കണം?
20 യഹോവ തന്റെ ജനത്തെ ലൗകിക അന്ധകാരത്തിൽനിന്നും അനൈക്യത്തിൽനിന്നും വിളിച്ചിരിക്കുന്നു. (1 പത്രൊസ് 2:9) തന്നോടും നമ്മുടെ സഹവിശ്വാസികളോടുമുള്ള അനുഗൃഹീത ഐക്യത്തിലേക്ക് അവൻ നമ്മെ കൊണ്ടുവന്നിരിക്കുന്നു. ഇപ്പോൾ വളരെ അടുത്തായിരിക്കുന്ന പുതിയ വ്യവസ്ഥിതിയിൽ ഈ ഐക്യം നിലനിൽക്കും. ആയതിനാൽ നമുക്കു നിർണായകമായ ഈ അന്ത്യനാളുകളിൽ, ‘സ്നേഹം ധരിക്കു’ന്നതിലും, നമ്മുടെ അമൂല്യ ഐക്യം ഉന്നമിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും നമുക്കാവുന്ന സകലവും ചെയ്യുന്നതിലും തുടരാം.—കൊലൊസ്സ്യർ 3:14.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ദൈവേഷ്ടം ചെയ്യുന്നതും സത്യത്തോടു പറ്റിനിൽക്കുന്നതും ഐക്യം നിലനിർത്താൻ നമ്മെ സഹായിക്കുന്നത് എന്തുകൊണ്ട്?
◻ ഐക്യം നാവിന്റെ ഉചിതമായ ഉപയോഗത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
◻ ക്ഷമിക്കുന്നവരായിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
◻ വ്യക്തിഗത തീരുമാനങ്ങൾ ചെയ്യുമ്പോൾ നമുക്കെങ്ങനെ ഐക്യം നിലനിർത്താൻ സാധിക്കും?
◻ ക്രിസ്തീയ ഐക്യം നിലനിർത്തേണ്ടത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
ഈ ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ ഒരുമിച്ചുനിർത്തുന്നതുപോലെ, യഹോവ തന്റെ ജനത്തെ ഏകീകൃതരായി നിലനിർത്തുന്നു
[18-ാം പേജിലെ ചിത്രം]
ദ്രോഹം ചെയ്യുമ്പോൾ താഴ്മയോടെ ക്ഷമാപണം നടത്തുന്നതിനാൽ ഐക്യം ഉന്നമിപ്പിക്കാൻ നാം സഹായിക്കുന്നു