നിങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെ?
എങ്ങനെയോ ഒന്ന് അനങ്ങി—നിരന്നിരുന്ന അഞ്ചു ചീനക്കളിമൺ ആനകളിൽ മൂന്നാമത്തേതു തട്ടിൽനിന്നു വീണു ദാ കിടക്കുന്നു താഴേ. ഇനിയിപ്പോൾ കഷണങ്ങൾ കൂട്ടിയോജിപ്പിക്കണം. അല്ലെങ്കിൽ ആ മുഴു സെററും ഒരുമിച്ചിരിക്കുമ്പോഴുള്ള ഭംഗിയുണ്ടാവില്ല. എന്നുവരികിലും, അതു ചെയ്യുക അത്ര എളുപ്പമല്ല. നിങ്ങൾക്ക് അതു ചെയ്യാനുള്ള പാങ്ങുമില്ല. നിങ്ങൾ വിദഗ്ധോപദേശം തേടേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ ഒരു വിദഗ്ധനോട് ആ വേല ചെയ്തുതരാൻ ആവശ്യപ്പെടുകപോലും ചെയ്യേണ്ടതുണ്ടായിരിക്കാം.
ആത്മീയ സഹോദരീസഹോദരൻമാരുടെ ഇടയിലെ ഐക്യം കേവലം അലങ്കാരവസ്തുക്കളെക്കാൾ വളരെയേറെ വിലപിടിച്ചതാണ്. സങ്കീർത്തനക്കാരൻ അത് ഉചിതമായിത്തന്നെ പാടിയിരിക്കുന്നു: “ഇതാ, സഹോദരൻമാർ ഒത്തൊരുമിച്ച് ഐക്യത്തിൽ വസിക്കുന്നത് എത്ര വിശിഷ്ടവും എത്ര രസകരവുമാണ്!” (സങ്കീർത്തനം 133:1, NW) സഹക്രിസ്ത്യാനിയുമായുള്ള ഒരു പ്രശ്നം പരിഹരിക്കുന്നതു ചിലപ്പോൾ വിഷമംപിടിച്ച ഒരു സംഗതിയാകാം. തന്നെയുമല്ല, ഇക്കാര്യത്തിൽ ചിലർ ശരിയായ വഴി പിൻപററുന്നുമില്ല. പലപ്പോഴും, “കൂട്ടിയോജിപ്പിക്കൽ” അനാവശ്യമായി വേദനാജനകമായിത്തീരുകയോ അത്രയങ്ങു സുഖകരമാകാതിരിക്കുകയോ ചെയ്യുന്നു. അതാകട്ടെ, അവലക്ഷണമായ പാടുകൾ വീഴ്ത്തുകയും ചെയ്യും.
സ്വയം കൈകാര്യംചെയ്തു തീർക്കാവുന്ന കാര്യങ്ങളിൽ ചില ക്രിസ്ത്യാനികൾ ഒരാവശ്യവുമില്ലാതെ നിയമിത മൂപ്പൻമാരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. എന്തു ചെയ്യണമെന്നു തിട്ടമില്ലാതെ വരുന്നതുകൊണ്ടാവാം അവർ അങ്ങനെ ചെയ്യുന്നത്. “പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ബൈബിൾ ബുദ്ധ്യുപദേശം എങ്ങനെ ബാധകമാക്കാമെന്നു നമ്മുടെ അനേകം സഹോദരങ്ങൾക്കും അറിയില്ല.” ഇതു പറഞ്ഞത് ബൈബിൾ ബുദ്ധ്യുപദേശം നൽകുന്നതിൽ അനുഭവസമ്പത്തുള്ള ഒരു സഹോദരനാണ്. തുടർന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു: “കാര്യങ്ങൾ നിർവഹിക്കുന്നതിൽ യേശുവിന്റെ വിധം അവർ മിക്കപ്പോഴും പിൻപററുന്നില്ല.” അതുകൊണ്ട്, തന്റെ സഹോദരനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് യേശു വാസ്തവത്തിൽ എന്താണു പറഞ്ഞത്? അവന്റെ ബുദ്ധ്യുപദേശവുമായി നന്നായി പരിചിതമാകേണ്ടതും അത് എങ്ങനെ പഠിച്ച് ബാധകമാക്കണം എന്ന് അറിഞ്ഞിരിക്കേണ്ടതും മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നിസ്സാരമായ പ്രശ്നങ്ങൾ
“ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”—മത്തായി 5:23, 24.
യേശു ആ വാക്കുകൾ സംസാരിച്ചപ്പോൾ, യെരുശലേമിലെ ആലയബലിപീഠത്തിങ്കൽ ബലികളർപ്പിക്കുക അഥവാ വഴിപാടുകൾ കൊണ്ടുവരിക എന്നതു യഹൂദൻമാരുടെ ഒരു പതിവായിരുന്നു. ഒരു സഹ ഇസ്രായേല്യനോട് ഒരു യഹൂദൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ തെററുകാരൻ ഒരു മുഴു ഹോമയാഗം അഥവാ പാപയാഗം അർപ്പിക്കുമായിരുന്നു. ഏററവും നിർണായക സമയത്താണ് യേശു പറഞ്ഞ ദൃഷ്ടാന്തം ബാധകമാകുന്നത്. വ്യക്തി ബലിപീഠത്തിലെത്തി ദൈവത്തിനു വഴിപാട് അർപ്പിക്കാറാകുന്ന നേരത്ത് സഹോദരനു തന്നോട് എന്തോ പ്രശ്നമുണ്ടല്ലോ എന്ന് ഓർമവരുന്നു. അതേ, അത്തരം മതപരമായ കർത്തവ്യനിർവഹണത്തെക്കാൾ മുൻതൂക്കം സഹോദരനുമായി രമ്യപ്പെടുന്നതിനാണു കൊടുക്കേണ്ടത് എന്ന് ഇസ്രായേല്യൻ മനസ്സിലാക്കേണ്ട ആവശ്യമുണ്ടായിരുന്നു.
അത്തരം യാഗങ്ങൾ മോശൈക ന്യായപ്രമാണത്തിന്റെ ഒരു നിബന്ധനയായിരുന്നു. എങ്കിലും ദൈവദൃഷ്ടിയിൽ ഏററവും വലിയ മൂല്യം അവയ്ക്കായിരുന്നില്ല. അവിശ്വസ്തനായ ശൗൽ രാജാവിനോടു ശമുവേൽ പ്രവാചകൻ പറഞ്ഞു: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.”—1 ശമൂവേൽ 15:22.
തന്റെ ഗിരിപ്രഭാഷണത്തിൽ ഈ മുൻഗണനാക്രമം ആവർത്തിച്ച യേശു യാഗങ്ങൾ അർപ്പിക്കുന്നതിനു മുമ്പു ശിഷ്യൻമാർ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു പ്രകടമാക്കുകയുണ്ടായി. “അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം” എന്ന ആത്മീയ സ്വഭാവമുള്ള യാഗങ്ങൾ അർപ്പിക്കാനാണ് ഇന്നു ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. (എബ്രായർ 13:15) എന്നിരുന്നാലും, ആ തത്ത്വത്തിന് ഇപ്പോഴും സാധുതയുണ്ട്. അതുപോലെതന്നെ, തന്റെ സഹോദരനെ വെറുക്കുന്നവൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്നതു വെറുതെയാണെന്ന് അപ്പോസ്തലനായ യോഹന്നാൻ പ്രകടമാക്കുന്നു.—1 യോഹന്നാൻ 4:20, 21.
രസകരമെന്നുപറയട്ടെ, ഒരു സഹോദരനു തന്നോട് എന്തോ പ്രശ്നമുണ്ടല്ലോ എന്ന് ഓർക്കുന്ന വ്യക്തിയാണ് ആദ്യ നടപടി എടുക്കേണ്ടത്. അങ്ങനെ, അയാൾ പ്രകടമാക്കുന്ന താഴ്മ മിക്കവാറും നല്ല ഫലമുളവാക്കും. സാധ്യതയനുസരിച്ച്, കുററം അനുഭവിക്കേണ്ടിവന്ന വ്യക്തി തന്റെ അടുക്കലേക്കു തെററു സമ്മതിച്ചുകൊണ്ട് വരുന്ന ഒരുവനോടു സഹകരിക്കാൻ കൂട്ടാക്കാതിരിക്കില്ല. അനധികൃതമായിട്ട് എടുത്ത എന്തും മുഴുവനായിത്തന്നെ തിരിച്ചുകൊടുക്കണം, പിന്നെ മുതലോട് അഞ്ചിലൊന്നുകൂട്ടിയും കൊടുക്കണം എന്നായിരുന്നു മോശൈക ന്യായപ്രമാണം വ്യവസ്ഥചെയ്തിരുന്നത്. (ലേവ്യപുസ്തകം 6:5) അതുപോലെ, താൻ വരുത്തിക്കൂട്ടിയെന്നു കരുതുന്ന ദോഷങ്ങൾക്ക്, തിരുവെഴുത്തു കർക്കശമായി ആവശ്യപ്പെടുന്നതിലും അധികം ചെയ്യാനുള്ള ആഗ്രഹം കുററംചെയ്തവൻ പ്രകടമാക്കുമ്പോൾ സമാധാനപൂർണമായ, സ്വരചേർച്ചയുള്ള ബന്ധങ്ങൾ വീണ്ടെടുക്കുക എന്നത് എളുപ്പമായിത്തീരും.
എന്നിരുന്നാലും, സമാധാനപൂർണമായ ബന്ധങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് എല്ലായ്പോഴും വിജയമുണ്ടാകാറില്ല. പ്രതികരിക്കാൻ വിമുഖത കാണിക്കുന്ന ഒരുവനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നു സദൃശവാക്യങ്ങളുടെ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു. സദൃശവാക്യങ്ങൾ 18:19 പറയുന്നു: “ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.” മറെറാരു പരിഭാഷ ഇങ്ങനെ വായിക്കുന്നു: “ഉറപ്പുള്ള ഒരു പട്ടണത്തെ ജയിച്ചടക്കുന്നതിനെക്കാൾ ദുഷ്കരമാണ് ദ്രോഹിക്കപ്പെട്ട ഒരു സഹോദരനെ നേടുക എന്നത്: അവരുടെ പിണക്കങ്ങൾ ഒരു കൊട്ടാരത്തിന്റെ ഇരുമ്പഴികൾപോലെയാണ്.” (ദി ഇംഗ്ലീഷ്മാൻസ് ബൈബിൾ) എന്നുവരികിലും, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന സഹവിശ്വാസികളുടെ കാര്യത്തിൽ ആത്മാർഥമായ, താഴ്മയോടുകൂടിയ ശ്രമങ്ങൾ ഒടുവിൽ വിജയിക്കാനാണു സാധ്യത. എന്നാൽ കൊടിയ പാപം ആരോപിക്കപ്പെടുമ്പോൾ മത്തായി 18-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ബുദ്ധ്യുപദേശം ബാധകമാക്കേണ്ട ആവശ്യമുണ്ട്.
ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കൽ
“നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.”—മത്തായി 18:15-17.
ഒരു യഹൂദൻ (അല്ലെങ്കിൽ പിൽക്കാലത്ത് ഒരു ക്രിസ്ത്യാനി) യഹോവയുടെ ഒരു സഹ ആരാധകനുമായി ഗുരുതരമായ പ്രശ്നങ്ങളിൽ അകപ്പെടുന്നെങ്കിലോ? തന്നോടു തെററു ചെയ്തിരിക്കുന്നു എന്നു വിചാരിക്കുന്നവനാണ് ആദ്യ നടപടി എടുക്കേണ്ടിയിരുന്നത്. കുററം ചെയ്തവനുമായി അയാൾ കാര്യങ്ങൾ രഹസ്യത്തിൽ ചർച്ചചെയ്യണമായിരുന്നു. തന്റെ ഭാഗത്തിനു പിന്തുണയാർജിക്കാൻ ശ്രമിക്കാതെ, അയാൾ തന്റെ സഹോദരനെ തീർച്ചയായും നേടാനാണ് ഏറെ സാധ്യത. പെട്ടെന്നു പറഞ്ഞുതീർക്കാവുന്ന ഒരു തെററിദ്ധാരണ മാത്രമേയുള്ളൂവെങ്കിൽ വിശേഷിച്ചും. നേരിട്ട് ഉൾപ്പെട്ടിരിക്കുന്നവർക്കു മാത്രമേ കാര്യമറിയാവുള്ളൂവെങ്കിൽ സംഗതി എളുപ്പം പരിഹരിക്കപ്പെടും.
എന്നിരുന്നാലും, ചിലപ്പോൾ ആദ്യ നടപടി മാത്രം മതിയാകാതെ വന്നേക്കാം. അത്തരം സ്ഥിതിവിശേഷം കൈകാര്യം ചെയ്യാൻ യേശു പറഞ്ഞത് “ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക” എന്നാണ്. ഇതു ശരിക്കും നേരിട്ടു കണ്ടവരെയാണ് ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ, ഒരാൾ മറേറയാളെ നിന്ദിക്കുന്നത് അവർ കേട്ടിട്ടുണ്ടാകും. അല്ലെങ്കിൽ രണ്ടു കക്ഷികളും ഇപ്പോൾ വിയോജിപ്പു പ്രകടമാക്കുന്ന പ്രമാണരേഖ എഴുതിയപ്പോൾ അവർ അതിനു സാക്ഷികളായിരുന്നിരിക്കാം. അല്ലെങ്കിൽ, പ്രശ്നത്തിന്റെ കാരണം സ്ഥാപിക്കാൻ എഴുത്താലോ വാക്കാലോ ഉള്ള തെളിവുകൾ നിരത്തുമ്പോൾ കൂടെച്ചെന്നിരിക്കുന്നവർ അതിനു സാക്ഷികളായിത്തീർന്നേക്കാം. ഈ സന്ദർഭത്തിലും ആവുന്നത്ര കുറച്ചു പേരെ പാടുള്ളൂ—‘ഒന്നോ രണ്ടോ’—അവരേ കാര്യങ്ങൾ അറിയേണ്ടതുള്ളൂ. കാര്യം വെറുമൊരു തെററിദ്ധാരണയാണെങ്കിൽ സംഗതി കൂടുതൽ വഷളാകാതിരിക്കാൻ അത് ഉപകരിക്കും.
ദ്രോഹിക്കപ്പെട്ട വ്യക്തിയുടെ ആന്തരോദ്ദേശ്യങ്ങൾ എന്തായിരിക്കണം? അയാൾ തന്റെ സഹക്രിസ്ത്യാനിയെ നാണംകെടുത്താൻ തുനിയുകയും അയാളെ ഇടിച്ചുതാഴ്ത്താൻ ആഗ്രഹിക്കുകയും ചെയ്യണമോ? യേശുവിന്റെ ബുദ്ധ്യുപദേശത്തിന്റെ വീക്ഷണത്തിൽ, തങ്ങളുടെ സഹോദരങ്ങളെ കുററംവിധിക്കാൻ വെമ്പൽകൊള്ളരുത്. ദ്രോഹി തന്റെ തെററു മനസ്സിലാക്കി ക്ഷമ ചോദിക്കുന്നെങ്കിൽ, കാര്യങ്ങളെ നേരെയാക്കാൻ ശ്രമിക്കുന്നെങ്കിൽ ദ്രോഹിക്കപ്പെട്ടവൻ ‘തന്റെ സഹോദരനെ നേടിയതുതന്നെ.’—മത്തായി 18:15.
അവിടംകൊണ്ടും സംഗതി തീരുന്നില്ലെങ്കിൽ സഭയെ അറിയിക്കേണ്ടിയിരുന്നു. ആരംഭത്തിൽ, ഇത് അർഥമാക്കിയിരുന്നത് യഹൂദൻമാരുടെ ഇടയിലെ മൂപ്പൻമാരെയാണ്, എന്നാൽ പിന്നീട് അതു ക്രിസ്തീയ സഭയിലെ മൂപ്പൻമാരെ അർഥമാക്കി. അനുതാപമില്ലാത്ത തെററുകാരനെ സഭയിൽനിന്നു പുറത്താക്കേണ്ടിവരും. അയാളെ “പുറജാതിക്കാരനും ചുങ്കക്കാരനും” എന്ന നിലയിൽ കണക്കാക്കുകയെന്നാൽ അതാണ് അർഥം. യഹൂദർ അത്തരക്കാരിൽനിന്ന് അകന്നുനിന്നിരുന്നു. ഏതെങ്കിലും ക്രിസ്ത്യാനിക്കു തനിച്ച് എടുക്കാവുന്ന ഒന്നല്ല ഈ കടുത്ത നടപടി. സഭയെ പ്രതിനിധീകരിക്കുന്ന നിയമിത മൂപ്പൻമാർക്കാണ് അത്തരം നടപടിയെടുക്കാൻ ചുമതലയുള്ളത്.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 5:13.
അനുതാപമില്ലാത്ത തെററുകാരനാണല്ലോ പുറത്താക്കപ്പെടാനുള്ള സാധ്യതയുള്ളത്. അങ്ങനെയാവുമ്പോൾ മത്തായി 18:15-17 നിസ്സാര പ്രശ്നങ്ങളെ ബാധിക്കുന്നതല്ലെന്നു വരുന്നു. യേശു ഗുരുതരമായ തെററുകളെയായിരുന്നു പരാമർശിച്ചത്. എന്നാൽ, ഉൾപ്പെട്ട രണ്ടു വ്യക്തികൾക്കുതന്നെ പരിഹരിച്ചുതീർക്കാവുന്ന തരത്തിലുള്ളവയാണുതാനും അത്. ഉദാഹരണത്തിന്, ഒരാളുടെ സൽപ്പേരിനെ ഗുരുതരമായി ബാധിച്ച ഒരു നിന്ദയായിരിക്കാം കുററം. അല്ലെങ്കിൽ പണസംബന്ധമായ വല്ലതുമായിരിക്കാം. കാരണം, ഒരു വൻ കടം ഇളച്ചുകിട്ടിയ ദയാരഹിതനായ ഒരു ഭൃത്യനെക്കുറിച്ച് യേശു പറഞ്ഞ ഉപമയാണ് തുടർന്നുള്ള വാക്യങ്ങളിൽ ഉള്ളത്. (മത്തായി 18:23-35) സമയത്തു തിരിച്ചുതരാഞ്ഞ ഒരു കടം. രണ്ടു വ്യക്തികൾക്കു വളരെ എളുപ്പം പരിഹരിക്കാവുന്ന ഒരു താത്കാലിക പ്രശ്നം. പക്ഷേ, താൻ കൊടുക്കാനുള്ളതു കൊടുക്കില്ലെന്ന വാശിയിലാണ് കടക്കാരനെങ്കിൽ, അപ്പോൾ അതു മോഷണംപോലെ ഒരു ഗുരുതരമായ പാപമായിത്തീർന്നേക്കാം.
മററു പാപങ്ങൾ രണ്ടു ക്രിസ്ത്യാനികൾക്കു തമ്മിൽ പറഞ്ഞുതീർക്കാവുന്നതല്ല. മോശൈക ന്യായപ്രമാണത്തിൻ കീഴിൽ, ഗുരുതരമായ പാപങ്ങളെ സംബന്ധിച്ചു വിവരങ്ങൾ ബന്ധപ്പെട്ടവരെ ധരിപ്പിക്കണമായിരുന്നു. (ലേവ്യപുസ്തകം 5:1; സദൃശവാക്യങ്ങൾ 29:24) അതുപോലെ, സഭയുടെ ശുദ്ധിയെ ബാധിക്കുന്ന കൊടിയ പാപങ്ങളെക്കുറിച്ചും ക്രിസ്തീയ മൂപ്പൻമാരെ വിവരം ധരിപ്പിക്കേണ്ടതുണ്ട്.
എന്നുവരികിലും, ക്രിസ്ത്യാനികൾ തമ്മിൽ ഉണ്ടായേക്കാവുന്ന ഒട്ടുമിക്ക ഉരസലുകളും ഈ നടപടിക്രമത്തിനു കീഴിൽ വരുന്നില്ല.
നിങ്ങൾക്കു ക്ഷമിച്ചുകൂടേ?
ഗുരുതരമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നു വിശദീകരിച്ച യേശുക്രിസ്തു ഉടനെ മറെറാരു പ്രധാന പാഠം പഠിപ്പിക്കുകയുണ്ടായി. നാം ഇങ്ങനെ വായിക്കുന്നു: “അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.” (മത്തായി 18:21, 22) ‘ദിവസത്തിൽ ഏഴുവട്ടം’ ക്ഷമിക്കാൻ യേശു മറെറാരവസരത്തിൽ ശിഷ്യൻമാരോടു പറയുകയുണ്ടായി. (ലൂക്കൊസ് 17:3, 4) അപ്പോൾ, പരസ്പരം സൗജന്യമായി ക്ഷമിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ക്രിസ്തുവിന്റെ അനുഗാമികളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമാണ്.
കാര്യമായ ശ്രമം ആവശ്യമായിവരുന്ന ഒരു സാഹചര്യമാണിത്. “ചില സഹോദരങ്ങൾക്ക് എങ്ങനെ ക്ഷമിക്കണം എന്നുതന്നെ അറിയില്ല” എന്ന് ആരംഭത്തിൽ ഉദ്ധരിച്ച വ്യക്തി പറയുന്നു. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രഥമവും പ്രധാനവുമായി ക്രിസ്തീയ സഭയിലെ സമാധാനം കാത്തുസൂക്ഷിക്കണം. അതിനായി നമുക്കിതങ്ങു ക്ഷമിച്ചേക്കാം എന്ന് ആരെങ്കിലും അവരോടു പറയുമ്പോൾ അവർ പകച്ചുപോകുന്നതുപോലെ തോന്നുന്നു.”
അപ്പോസ്തലനായ പൗലോസ് എഴുതി: “ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13) നമുക്ക് ഉപദ്രവം വരുത്തിയ ഒരു സഹോദരന്റെ അടുത്തേക്കു പോകുന്നതിനു മുമ്പ്, പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുന്നതു നന്നായിരിക്കും: അദ്ദേഹവുമായി സംസാരിക്കാൻതക്ക ഗൗരവമുള്ളതാണോ ഈ കുററം? ക്രിസ്ത്യാനിത്വത്തിന്റെ അന്തസ്സത്ത കണക്കിലെടുക്കുമ്പോൾ വാസ്തവത്തിൽ എനിക്കിതങ്ങു മറന്നുകളയുക അസാധ്യമാണോ? ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്താണെങ്കിൽ, ക്ഷമ ലഭിക്കാൻ ആഗ്രഹിക്കയില്ലേ? ക്ഷമിക്കാൻ ഞാൻ കൂട്ടാക്കുന്നില്ലെങ്കിൽ, ദൈവം എന്റെ പ്രാർഥന കേൾക്കുമെന്നും അവൻ എന്നോടു ക്ഷമിക്കുമെന്നും എനിക്കു പ്രതീക്ഷിക്കാനാവുമോ? (മത്തായി 6:12, 14, 15) ക്ഷമിക്കുന്നവരാകാൻ അത്തരം ചോദ്യങ്ങൾ നമ്മെ ശരിക്കും സഹായിച്ചേക്കാം.
യഹോവയുടെ ജനത്തിന്റെ സഭയിലെ സമാധാനം കാത്തുസൂക്ഷിക്കുക എന്നതു ക്രിസ്ത്യാനികൾ എന്ന നിലയിലുള്ള നമ്മുടെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. അതുകൊണ്ട്, നമുക്കു യേശുവിന്റെ ബുദ്ധ്യുപദേശം പ്രാവർത്തികമാക്കാം. സൗജന്യമായി ക്ഷമിക്കാൻ ഇതു നമ്മെ സഹായിക്കും. ക്ഷമിക്കാനുള്ള അത്തരം ഉത്സാഹം സഹോദരസ്നേഹത്തെ ഊട്ടിവളർത്തും. അതാണ് യേശുവിന്റെ ശിഷ്യൻമാരെ തിരിച്ചറിയിക്കുന്ന അടയാളം.—യോഹന്നാൻ 13:34, 35.
[23-ാം പേജിലെ ചിത്രം]
യേശുവിന്റെ ബുദ്ധ്യുപദേശം പിൻപററിക്കൊണ്ട് ക്രിസ്ത്യാനികൾക്കു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവും