ബൈബിളിന്റെ വീക്ഷണം
ശൃംഗരിക്കുന്നതിൽ എന്താണു തെറ്റ്?
“ശൃംഗരിക്കുന്നത് തന്ത്രപരമോ വഞ്ചനാത്മകമോ തെറ്റോ ആണെന്നൊക്കെ നാം വിചാരിക്കുന്നതെന്തിനാണ്? അത് അങ്ങനെയൊന്നുമല്ല! അത് ഒരു രസമാണ്! രണ്ടു കൂട്ടർക്കും പ്രയോജനം ചെയ്യുന്ന ഒന്ന്. എന്തെന്നാൽ നിങ്ങൾ മറ്റെ വ്യക്തിയെ സന്തുഷ്ടനാക്കുകയാണ് ചെയ്യുന്നത്.”—സൂസൻ റാബിൻ, ഡയറക്ടർ ഓഫ് ദ സ്കൂൾ ഓഫ് ഫ്ളർട്ടിങ്, ന്യൂയോർക്ക് സിറ്റി.
പലയാളുകളും ശൃംഗരിക്കലിനെ സ്വാഭാവികവും നിരുപദ്രവകരവും മനുഷ്യബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിലനിർത്തുന്നതിലും അനിവാര്യവും ആയ ഒന്നായി വീക്ഷിക്കുന്നു. “ശൃംഗാര കല”യുടെ അവിഭാജ്യ ഘടകങ്ങളായ പ്രത്യേകതരം ആംഗ്യങ്ങൾ, നിൽപ്പ്, നോട്ടം എന്നിവയെക്കുറിച്ചു പഠിപ്പിക്കുന്ന പുസ്തകങ്ങളുടെയും മാസികാ ലേഖനങ്ങളുടെയും പ്രത്യേക കോഴ്സുകളുടെയും ഒരു പെരുപ്പം തന്നെ അടുത്തകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ശൃംഗരിക്കൽ, അത് എന്താണ്? അതു സംബന്ധിച്ച് പല നിർവചനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. ഒരു നിഘണ്ടു അതിനെ നിർവചിക്കുന്നത് “കളിമട്ടിലുള്ള പ്രേമാത്മകമായ” പെരുമാറ്റം “അല്ലെങ്കിൽ ലൈംഗികമായി വശീകരിക്കുന്ന” പെരുമാറ്റം എന്നാണ്. മറ്റൊരു നിഘണ്ടു ശൃംഗരിക്കലിനെ നിർവചിക്കുന്നത് “ഗൗരവമായ ഉദ്ദേശ്യമില്ലാതെ പ്രേമപൂർവം” പെരുമാറുക എന്നാണ്. അതുകൊണ്ട്, വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെ പ്രേമപരമായ താത്പര്യം കാണിക്കുന്നതിനെയാണ് ശൃംഗരിക്കൽ എന്ന പദം കൊണ്ട് പൊതുവേ അർഥമാക്കുന്നത് എന്നു കരുതുന്നു. ശൃംഗരിക്കലിനെ നിരുപദ്രവകരമായി വീക്ഷിക്കണമോ? അതിനെ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണമെന്താണ്?a
ബൈബിൾ ശൃംഗരിക്കലിനെക്കുറിച്ചു പ്രത്യേകം പരാമർശിക്കുന്നില്ലെങ്കിലും ദൈവത്തിന്റെ വീക്ഷണമെന്താണെന്ന് നമുക്കു തിട്ടപ്പെടുത്താൻ കഴിയും. എങ്ങനെ? അതിന്റെ കാര്യത്തിൽ ബാധകമാകുന്ന ബൈബിൾ തത്ത്വങ്ങൾ പരിശോധിക്കുന്നതിലൂടെ നമുക്കതു ചെയ്യാൻ കഴിയും. അപ്രകാരം നാം “ശരിയും തെറ്റും തിരിച്ചറിവാൻ തക്കവണ്ണം ഗ്രഹണപ്രാപ്തികളെ” വികസിപ്പിച്ചെടുക്കും. (എബ്രായർ 5:14, NW) ശൃംഗരിക്കുന്നതു വിവാഹിതരെ സംബന്ധിച്ചിടത്തോളം ഉചിതമാണോ എന്ന് നമുക്ക് ആദ്യം പരിചിന്തിക്കാം.
ഒരാൾ വിവാഹിതനാണെങ്കിൽ
വിവാഹിത ദമ്പതികൾ തനിച്ചായിരിക്കുമ്പോൾ പ്രേമലീലകളിൽ ഏർപ്പെടുന്നതു തികച്ചും സ്വാഭാവികമാണ്. (ഉല്പത്തി 26:8 താരതമ്യം ചെയ്യുക.) എന്നാൽ, വിവാഹത്തിനു പുറത്തുള്ളവരുമായി അപ്രകാരം ഇടപെടുന്നത് ദൈവിക തത്ത്വങ്ങൾക്കു വിരുദ്ധമാണ്. വിവാഹിത ദമ്പതികൾ അന്യോന്യം ആശ്രയിക്കുകയും ഒരു അടുത്ത ബന്ധം ആസ്വദിക്കുകയും ചെയ്യണമെന്നാണ് യഹോവ ഉദ്ദേശിച്ചത്. (ഉല്പത്തി 2:24; എഫെസ്യർ 5:21-32) അവൻ വിവാഹത്തെ പാവനമായ ഒരു സ്ഥിര ബന്ധമായി വീക്ഷിക്കുന്നു. മലാഖി 2:16 (പി.ഒ.സി. ബൈബിൾ) ദൈവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “വിവാഹമോചനത്തെ ഞാൻ വെറുക്കുന്നു.”b
വിവാഹിതനായ ഒരു വ്യക്തി ശൃംഗരിക്കുന്നത് വിവാഹം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണവുമായി ചേർച്ചയിലാണോ? ഒരിക്കലുമല്ല. എന്തുകൊണ്ടെന്നാൽ വിവാഹിതനായ ഒരാൾ ശൃംഗരിക്കുമ്പോൾ അയാൾ വിവാഹം എന്ന ദൈവിക ക്രമീകരണത്തിന്റെ പവിത്രതയോട് അനാദരവ് കാട്ടുകയാണ് ചെയ്യുന്നത്. കൂടാതെ, “ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണ”മെന്നു ക്രിസ്തീയ ഭർത്താവിനോടും “ഭർത്താവിനെ ഭയപ്പെടേ”ണം [“ആഴമായി ബഹുമാനിക്കണം,” NW] എന്നു ഭാര്യയോടും എഫെസ്യർ 5:32 കൽപ്പിക്കുന്നു. അസൂയ ഉണർത്തുന്ന ശൃംഗാരത്തിൽ ഏർപ്പെടുമ്പോൾ ഒരുവൻ തന്റെ ഇണയോട് സ്നേഹവും ആദരവും കാണിക്കുകയാണോ ചെയ്യുന്നത്?
ശൃംഗരിക്കൽ വ്യഭിചാരത്തിലേക്ക്, അതായത് യഹോവ തുറന്ന് കുറ്റംവിധിക്കുകയും അവിശ്വസ്തതയെന്നു വർണിക്കുകയും ചെയ്യുന്ന ഒരു പാപത്തിലേക്ക്, നയിക്കുന്നുവെന്ന വസ്തുത ഏറെ ചിന്തനീയമാണ്. (പുറപ്പാടു 20:14; ലേവ്യപുസ്തകം 20:10; മലാഖി 2:14, 15; മർക്കൊസ് 10:17-19) വാസ്തവത്തിൽ, വൈവാഹിക അവിശ്വസ്തതയ്ക്കു പാത്രമായ ഇണയ്ക്ക് വിവാഹമോചനം നടത്താനുള്ള അനുവാദം യഹോവ നൽകുന്നതിൽനിന്നും അവൻ വ്യഭിചാരത്തെ എത്ര ഗുരുതരമായ പാപമായി കണക്കാക്കുന്നുവെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും. (മത്തായി 5:32) അപ്പോൾപ്പിന്നെ ശൃംഗരിക്കൽ എന്ന വളരെ അപകടകരമായ നേരമ്പോക്കിനെ യഹോവ അംഗീകരിക്കുമെന്ന് നമുക്ക് അനുമാനിക്കാൻ കഴിയുമോ? തന്റെ കൊച്ചു കുട്ടി മൂർച്ചയുള്ള ഒരു കറിക്കത്തിയുമായി കളിക്കാൻ സ്നേഹമുള്ള ഒരു മാതാവോ പിതാവോ അനുവദിക്കാത്തതുപോലെതന്നെ ദൈവം അത് അനുവദിക്കുന്നില്ല.
വ്യഭിചാരത്തെക്കുറിച്ചു ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.” (സദൃശവാക്യങ്ങൾ 6:27-29) ഇനി വ്യഭിചാരത്തിൽ ഏർപ്പെട്ടില്ലെങ്കിൽ പോലും ശൃംഗരിക്കുന്ന ഒരു വിവാഹിത വ്യക്തി മറ്റൊരു അപകടം ക്ഷണിച്ചുവരുത്തുന്നു—അയാൾ “വൈകാരിക പ്രേമബന്ധം” എന്നു വിളിക്കപ്പെടുന്നതിൽ ഉൾപ്പെട്ടുപോകുന്നു.
വൈകാരിക പ്രേമബന്ധങ്ങൾ
ചിലയാളുകൾ വിവാഹത്തിനു പുറത്തുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നില്ലെങ്കിലും അവരോടു പ്രേമ വികാരങ്ങൾ തോന്നാൻ അനുവദിക്കുന്നു. എന്നാൽ യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ [“നോക്കിക്കൊണ്ടേയിരിക്കുന്നവൻ,” NW] എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” (മത്തായി 5:28) അനുരാഗം ഹൃദയത്തിൽ തോന്നുന്നതുപോലും തെറ്റാണെന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്?
“വ്യഭിചാരം . . . ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു” എന്നതാണ് ഒരു കാരണം. (മത്തായി 15:19) അത്തരമൊരു ബന്ധം വ്യഭിചാരത്തിൽ ഏർപ്പെടത്തക്ക അളവോളം വളർന്നിട്ടില്ലെങ്കിൽ പോലും അതു ഹാനികരമാണ്. എന്തുകൊണ്ട്? പ്രസ്തുത വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ഇണയുമൊത്തുള്ള ജീവിതത്തിൽനിന്ന് വളരെയധികം സമയവും ഊർജവും ചോർത്തിക്കളയുന്ന ഏതൊരു പ്രവർത്തനമോ ബന്ധമോ ഒരു തരത്തിലുള്ള അവിശ്വസ്തതയാണ്.” അതേ, വൈകാരിക പ്രേമബന്ധം ഒരുവന്റെ ഇണയ്ക്കു കൊടുക്കേണ്ട സമയവും ശ്രദ്ധയും സ്നേഹവും കവർന്നെടുക്കുന്നു. മറ്റുള്ളവർ നമ്മോട് പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്ന വിധത്തിൽ നാം അവരോട് പെരുമാറണം എന്ന യേശുവിന്റെ കൽപ്പനയുടെ വെളിച്ചത്തിൽ, ശൃംഗാരിയായ വിവാഹിത വ്യക്തി തന്നോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് ഉചിതമായിരിക്കും, ‘എന്റെ ഇണ മറ്റൊരാളുമായി ഇങ്ങനെ ഇടപെട്ടാൽ എനിക്ക് എന്തു തോന്നും?’—സദൃശവാക്യങ്ങൾ 5:15-23; മത്തായി 7:12.
ഒരു വ്യക്തി അനുചിതമായ ഒരു വൈകാരിക ബന്ധം വളർത്തിയെടുക്കുന്നു എങ്കിൽ അയാൾ എന്തു ചെയ്യണം? അനുചിതമായ വൈകാരിക ബന്ധമുള്ള ഒരു വിവാഹിത വ്യക്തി വാഹനം ഓടിക്കുന്നതിനിടയ്ക്ക് ഉറങ്ങിപ്പോകുന്ന ഡ്രൈവറെ പോലെയാണ്. അയാൾ തന്റെ സാഹചര്യത്തെ പൂർണമായി മനസ്സിലാക്കി തന്റെ വിവാഹബന്ധവും ദൈവവുമായുള്ള ബന്ധവും തകരുന്നതിനു മുമ്പെ സത്വരവും നിർണായകവുമായ നടപടി കൈക്കൊള്ളണം. കണ്ണോ കയ്യോ പോലെ അമൂല്യമായ ഒന്ന് ദൈവവുമായുള്ള ഒരുവന്റെ നല്ല നിലപാടിനെ നശിപ്പിക്കുന്ന പക്ഷം അതിനെ ചൂഴ്ന്നുകളയണം അല്ലെങ്കിൽ വെട്ടിക്കളയണം എന്നു പറഞ്ഞപ്പോൾ യേശു കർശനമായ നടപടിയുടെ ആവശ്യത്തെ ചിത്രീകരിക്കുകയായിരുന്നു.—മത്തായി 5:29, 30.
നിങ്ങൾ മറ്റേ വ്യക്തിയെ എവിടെവെച്ച്, എത്ര കൂടെക്കൂടെ കാണുന്നു എന്നതിന് പരിധി കൽപ്പിക്കുന്നതു ബുദ്ധിയായിരിക്കും. ആ വ്യക്തിയോടൊപ്പം തനിച്ചായിരിക്കുന്നത് തീർച്ചയായും ഒഴിവാക്കുക. ജോലി സ്ഥലത്തുവെച്ചാണ് കണ്ടുമുട്ടുന്നതെങ്കിൽ സംഭാഷണം പരിമിതപ്പെടുത്തുക. ആ വ്യക്തിയുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കേണ്ടതുപോലും അനിവാര്യമായി വന്നേക്കാം. അതിനുശേഷം, കണ്ണുകളുടെ മേലും ചിന്തകളിലും വികാരങ്ങളിലും പെരുമാറ്റത്തിലും കർശനമായ ആത്മനിയന്ത്രണം പാലിക്കണം. (ഉല്പത്തി 39:7-12; സങ്കീർത്തനം 19:14; സദൃശവാക്യങ്ങൾ 4:23; 1 തെസ്സലൊനീക്യർ 4:4-6) വിവാഹിതനായിരുന്ന ഇയ്യോബ് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ഒരു ഉത്തമ ദൃഷ്ടാന്തം വെച്ചു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?”—ഇയ്യോബ് 31:1.
സ്പഷ്ടമായും, വിവാഹിതനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശൃംഗരിക്കൽ ആപത്കരവും തിരുവെഴുത്തു വിരുദ്ധവുമാണ്. എന്നാൽ, അവിവാഹിതരുടെ ഇടയിലെ ശൃംഗാരത്തെ ബൈബിൾ എങ്ങനെയാണ് വീക്ഷിക്കുന്നത്? അതിനെ സ്വാഭാവികമോ നിരുപദ്രവകരമോ എതിർലിംഗത്തിൽ പെട്ടവരുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് അനിവാര്യമോ ആയ ഒന്നായി കണക്കാക്കണമോ? അത് യഥാർഥത്തിൽ ദോഷകരമാണോ?
അവിവാഹിതരുടെ കാര്യത്തിലോ?
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏകാകികളായ രണ്ട് വ്യക്തികൾ അന്യോന്യം പ്രേമപരമായ താത്പര്യം കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അവർ അശുദ്ധമായ നടത്ത ഒഴിവാക്കേണ്ടതുണ്ട്. (ഗലാത്യർ 5:19-21) വിവാഹം കേവലം ഒരു വിദൂര സാധ്യത ആയിരുന്നേക്കാവുന്ന കോർട്ട്ഷിപ്പിന്റെ ആദ്യ ഘട്ടങ്ങളിലാണ് സാധ്യത അനുസരിച്ച് അത്തരം താത്പര്യം ഉടലെടുക്കുക. ഉദ്ദേശ്യങ്ങൾ നല്ലത് ആയിരിക്കുമ്പോൾ ഇത് അനുചിതം ആയിരിക്കണമെന്നില്ല. അത്തരം പെരുമാറ്റം യഥാർഥത്തിൽ ശൃംഗരാത്മകമല്ല.
എന്നാൽ ഏകാകികളായ രണ്ടു വ്യക്തികൾ വെറുതെ ഒരു രസത്തിനുവേണ്ടി പ്രേമപരമായ താത്പര്യങ്ങൾ കാണിക്കുന്നെങ്കിൽ എന്ത്? അവർ അവിവാഹിതർ ആയതുകൊണ്ട് അത് നിരുപദ്രവകരമായി തോന്നിയേക്കാം. എന്നാൽ വൈകാരികമായി വ്രണപ്പെടുന്നതിനുള്ള സാധ്യത പരിചിന്തിക്കുക. ശൃംഗരിക്കുന്നയാളുടെ മുന്നേറ്റത്തെ അയാൾ ഉദ്ദേശിച്ചതിനെക്കാൾ ഗൗരവത്തോടെ മറ്റെയാൾ എടുക്കുന്നെങ്കിൽ അത് തീവ്രദുഃഖത്തിനും ഹൃദയവേദനയ്ക്കും ഇടയാക്കും. സദൃശവാക്യങ്ങൾ 13:12-ലെ വാക്കുകൾ എത്ര സത്യമാണ്. അതിങ്ങനെ പറയുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ”! തങ്ങളുടെ ബന്ധത്തെ അത്ര കാര്യമായി എടുക്കുന്നില്ലെന്ന പരസ്പര ധാരണയുള്ളതായി ഇരുവരും പറഞ്ഞാൽ തന്നെയും മറ്റെയാളുടെ യഥാർഥ വിചാരവികാരങ്ങൾ എന്താണെന്ന് അവരിൽ ആർക്കെങ്കിലും ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ? ബൈബിൾ ഉത്തരം നൽകുന്നു: “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?”—യിരെമ്യാവു 17:9; ഫിലിപ്പിയർ 2:4 താരതമ്യം ചെയ്യുക.
പരസംഗത്തിൽ ഏർപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ചും പരിചിന്തിക്കുക. അത് രോഗം പിടിപെടുന്നതിനോ അവിഹിത ഗർഭധാരണം നടക്കുന്നതിനോ ഇടയാക്കിയേക്കാം. തിരുവെഴുത്തുകൾ പരസംഗത്തെ വിലക്കുന്നു. മനഃപൂർവം പരസംഗത്തിൽ ഏർപ്പെടുന്നവർക്ക് ദൈവപ്രീതി നഷ്ടമാകുകയും ചെയ്യും. പ്രലോഭനത്തെ ചെറുത്തു നിൽക്കുന്നതിന് ക്രിസ്ത്യാനികൾ “പരസംഗം . . . സംബന്ധിച്ച” തങ്ങളുടെ “അവയവങ്ങളെ മരിപ്പി”ക്കണമെന്നും പരസംഗത്തിലേക്കു നയിക്കുന്ന “അത്യാഗ്രഹത്തോടെയുള്ള ലൈംഗിക തൃഷ്ണ” ഒഴിവാക്കണമെന്നും അപ്പോസ്തലനായ പൗലൊസ് ക്രിസ്ത്യാനികൾക്കു ബുദ്ധിപൂർവം മുന്നറിയിപ്പു നൽകി. (കൊലൊസ്സ്യർ 3:5, NW; 1 തെസ്സലൊനീക്യർ 4:3-5, NW) തെറ്റായ ആഗ്രഹം ജനിപ്പിക്കുന്ന വിധത്തിൽ പരസംഗത്തിന്റെ “പേർ പറകപോലും അരുതു” എന്ന് എഫെസ്യർ 5:3-ൽ അവൻ നമ്മെ ബുദ്ധ്യുപദേശിക്കുന്നു. ശൃംഗരിക്കൽ ഈ ബുദ്ധ്യുപദേശവുമായി ഒത്തുപോകുന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള അനാരോഗ്യകരമായ സംഭാഷണം പോലും ബൈബിൾ വിലക്കുന്നു.
ശൃംഗരിക്കുന്നവർ സഹമനുഷ്യരോടു ക്രൂരതയും വിവാഹത്തിന്റെ കാരണഭൂതനായ യഹോവയോട് അനാദരവും കാട്ടുകയാണെന്ന് ബൈബിൾ തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. അനുചിതമായ ശൃംഗാരം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം തീർച്ചയായും സ്നേഹപുരസ്സരവും ന്യായയുക്തവുമാണ്. എന്തുകൊണ്ടെന്നാൽ അത് ആളുകളെ ദ്രോഹത്തിൽനിന്നു സംരക്ഷിക്കുന്നു. അതുകൊണ്ട്, ദൈവത്തെ സ്നേഹിക്കുന്നവർ അനുചിതമായ ശൃംഗാരത്തിൽ ഏർപ്പെടുകയില്ല. മറിച്ച്, അവർ എതിർലിംഗത്തിൽ പെട്ടവരോട് ചാരിത്രശുദ്ധിയോടും ആദരവോടും കൂടി ഇടപെടും.—1 തിമൊഥെയൊസ് 2:9, 10; 5:1, 2, NW.
[അടിക്കുറിപ്പുകൾ]
a ശൃംഗരിക്കലിനെ പ്രേമപരമായ എന്തെങ്കിലും ഉദ്ദേശ്യമില്ലാതെ സൗഹാർദമോ സഹവാസപ്രിയമോ കാട്ടുന്നതുമായി കൂട്ടിക്കുഴയ്ക്കരുത്.
b ഉണരുക!യുടെ 1994 ഫെബ്രുവരി 8 ലക്കത്തിലെ (ഇംഗ്ലീഷ്) “ഏതു തരത്തിലുള്ള വിവാഹമോചനമാണ് ദൈവം വെറുക്കുന്നത്?” എന്ന ലേഖനം കാണുക.
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© The Curtis Publishing Company