-
യെരൂശലേം—“മഹാരാജാവിന്റെ നഗരം”വീക്ഷാഗോപുരം—1998 | ഒക്ടോബർ 15
-
-
യെരൂശലേം—“മഹാരാജാവിന്റെ നഗരം”
‘യെരൂശലേമിനെക്കൊണ്ടു സത്യം ചെയ്യരുത്, അതു മഹാരാജാവിന്റെ നഗരം ആകുന്നു.’—മത്തായി 5:34, 35.
-
-
യെരൂശലേം—“മഹാരാജാവിന്റെ നഗരം”വീക്ഷാഗോപുരം—1998 | ഒക്ടോബർ 15
-
-
‘യഹോവയുടെ സിംഹാസന’ത്തിന്റെ സ്ഥലം
4, 5. ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന സ്ഥാനത്തേക്കു യെരൂശലേമിനെ കൊണ്ടുവരുന്നതിൽ ദാവീദ് എങ്ങനെ ഉൾപ്പെട്ടു?
4 പൊ.യു.മു. 11-ാം നൂറ്റാണ്ടിൽ സുരക്ഷിതവും സമാധാനപൂർണവുമായ ഒരു രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ യെരൂശലേം ലോകപ്രശസ്തി കൈവരിച്ചിരുന്നു. യുവാവായ ദാവീദിനെ യഹോവയാം ദൈവം ആ പുരാതന ജനതയുടെ—ഇസ്രായേലിന്റെ—മേൽ രാജാവായി അഭിഷേകം ചെയ്യിച്ചു. ഭരണ ആസ്ഥാനം യെരൂശലേമിൽ ആയിരുന്നതിനാൽ ദാവീദും അവന്റെ രാജകീയ പിൻഗാമികളും ‘യഹോവയുടെ രാജാസന’ത്തിൽ അഥവാ ‘യഹോവയുടെ സിംഹാസന’ത്തിൽ ഇരിക്കാനിടയായി.—1 ദിനവൃത്താന്തം 28:5; 29:23.
5 ദൈവഭക്തനായ ദാവീദ്—യഹൂദാ ഗോത്രത്തിലെ ഒരു ഇസ്രായേല്യൻ—വിഗ്രഹാരാധികളായ യെബൂസ്യരിൽനിന്ന് യെരൂശലേം പിടിച്ചടക്കി. അന്ന് ആ നഗരം സ്ഥിതി ചെയ്തിരുന്നത് സീയോൻ എന്നു വിളിക്കപ്പെടുന്ന ഒരു മലയിൽ മാത്രമായിരുന്നു. എന്നാൽ ആ പേര് യെരൂശലേമിന്റെതന്നെ പര്യായമായി മാറി. ഇസ്രായേലുമായി ദൈവം നടത്തിയ ഉടമ്പടിയെ സൂചിപ്പിക്കുന്ന പെട്ടകം ദാവീദ് പിൽക്കാലത്ത് യെരൂശലേമിലേക്കു മാറ്റി. അവിടെ അത് ഒരു കൂടാരത്തിൽ സൂക്ഷിച്ചു. അതിനു വർഷങ്ങൾക്കു മുമ്പ് ആ വിശുദ്ധ പെട്ടകത്തിനു മുകളിലുള്ള ഒരു മേഘത്തിൽനിന്ന് ദൈവം മോശയോടു സംസാരിച്ചിരുന്നു. (പുറപ്പാടു 25:1, 21, 22; ലേവ്യപുസ്തകം 16:2; 1 ദിനവൃത്താന്തം 15:1-3) പെട്ടകം ദൈവത്തിന്റെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്തു. കാരണം, യഹോവ ആയിരുന്നു ഇസ്രായേലിന്റെ യഥാർഥ രാജാവ്. അതുകൊണ്ട്, രണ്ട് അർഥത്തിൽ യഹോവ യെരൂശലേം നഗരത്തിൽനിന്നു ഭരിച്ചു എന്ന് പറയാമായിരുന്നു.
6. ദാവീദിനെയും യെരൂശലേമിനെയും സംബന്ധിച്ച് യഹോവ എന്തു വാഗ്ദത്തമാണു നൽകിയത്?
6 ദാവീദിന്റെ രാജകീയ ഗൃഹത്തിലെ രാജ്യം സീയോനാൽ അഥവാ യെരൂശലേമിനാൽ പ്രതിനിധീകരിക്കപ്പെട്ടിരുന്നു. ആ രാജ്യം അവസാനിക്കുകയില്ലെന്ന് യഹോവ അവനോടു വാഗ്ദത്തം ചെയ്തു. അതിന്റെ അർഥം, ദൈവത്തിന്റെ അഭിഷിക്തൻ—മിശിഹാ അഥവാ ക്രിസ്തു—എന്ന നിലയിൽ ദാവീദിന്റെ ഒരു പിൻഗാമി നിത്യ ഭരണാവകാശം കൈവശമാക്കും എന്നാണ്.a (സങ്കീർത്തനം 132:11-14; ലൂക്കൊസ് 1:31-33) “യഹോവയുടെ സിംഹാസന”ത്തിന്റെ ഈ നിത്യ അവകാശി, കേവലം യെരൂശലേമിന്റെ മേൽ മാത്രമല്ല, സകല ജനതകളുടെയും മേൽ ഭരിക്കുമെന്നും ബൈബിൾ വെളിപ്പെടുത്തുന്നു.—സങ്കീർത്തനം 2:6-8; ദാനീയേൽ 7:13, 14.
7. ദാവീദ് രാജാവ് സത്യാരാധന ഉന്നമിപ്പിച്ചത് എങ്ങനെ?
7 ദൈവത്തിന്റെ അഭിഷിക്തനായ ദാവീദ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമങ്ങൾ ഫലിക്കാതെ പോയി. പകരം, ശത്രുരാജ്യങ്ങൾ തോൽപ്പിക്കപ്പെട്ടു. വാഗ്ദത്ത ദേശത്തിന്റെ അതിരുകൾ ദൈവനിർദേശിത അളവോളം വ്യാപിപ്പിക്കപ്പെട്ടു. സത്യാരാധന ഉന്നമിപ്പിക്കുന്നതിന് ദാവീദ് ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തി. ദാവീദിന്റെ പല സങ്കീർത്തനങ്ങളും സീയോനിലെ യഥാർഥ രാജാവെന്ന നിലയിൽ യഹോവയെ വാഴ്ത്തുന്നുണ്ട്.—2 ശമൂവേൽ 8:1-15; സങ്കീർത്തനം 9:1, 11; 24:1, 3, 7-10; 65:1, 2; 68:1, 24, 29; 110:1, 2; 122:1-4.
8, 9. ശലോമോൻ രാജാവിന്റെ വാഴ്ചക്കാലത്ത് യെരൂശലേമിൽ സത്യാരാധന വികാസം പ്രാപിച്ചത് എങ്ങനെ?
8 ദാവീദിന്റെ പുത്രനായ ശലോമോന്റെ വാഴ്ചക്കാലത്ത് യഹോവയുടെ ആരാധന പുതിയ മാനങ്ങളിൽ എത്തിച്ചേർന്നു. ശലോമോൻ യെരൂശലേമിനെ വടക്കോട്ട് വ്യാപിപ്പിച്ച് മോരീയാ പർവതം (ഇന്നത്തെ ശിലാ താഴികക്കുടം സ്ഥിതി ചെയ്യുന്ന സ്ഥലം) കൂടി ഉൾപ്പെടുത്തി. ഈ ഉയർന്ന സ്ഥലത്ത് യഹോവയുടെ സ്തുതിക്കായി ഒരു ഗംഭീര ആലയം പണിയുന്നതിനുള്ള പദവിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ആലയത്തിലെ അതിവിശുദ്ധ സ്ഥലത്തായിരുന്നു നിയമ പെട്ടകം വെച്ചിരുന്നത്.—1 രാജാക്കന്മാർ 6:1-38.
9 യെരൂശലേമിൽ കേന്ദ്രീകൃതമായ യഹോവയുടെ ആരാധനയ്ക്ക് ഇസ്രായേൽ ജനത മുഴു ഹൃദയത്തോടു കൂടിയ പിന്തുണ നൽകിയപ്പോൾ അവർ സമാധാനം ആസ്വദിച്ചു. ഈ സ്ഥിതിവിശേഷത്തെ മനോഹരമായി വർണിച്ചുകൊണ്ട് തിരുവെഴുത്തുകൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽ പോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു. . . . ചുറ്റുമുള്ള ദിക്കിൽ ഒക്കെയും [ശലോമോന്] സമാധാനം ഉണ്ടായിരുന്നു. യെഹൂദയും യിസ്രായേലും . . . ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.”—1 രാജാക്കന്മാർ 4:20, 24, 25.
10, 11. ശലോമോന്റെ വാഴ്ചക്കാലത്തെ യെരൂശലേമിനെ കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളെ പുരാവസ്തുശാസ്ത്രം സ്ഥിരീകരിക്കുന്നത് എങ്ങനെ?
10 പുരാവസ്തു കണ്ടെത്തലുകൾ ശലോമോന്റെ സമ്പദ്സമൃദ്ധമായ വാഴ്ചയെ കുറിച്ചുള്ള ഈ വിവരണത്തിനു പിൻബലമേകുന്നു. ഇസ്രായേൽ ദേശത്തിന്റെ പുരാവസ്തുശാസ്ത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ പ്രൊഫസർ യോഹാനാൻ ആഹാരോണി ഇങ്ങനെ പ്രസ്താവിക്കുന്നു: “എല്ലായിടത്തുനിന്നും രാജകൊട്ടാരത്തിലേക്ക് ഒഴുകിയെത്തിയ സമ്പത്തും അതുപോലെതന്നെ തഴച്ചുവളർന്ന വാണിജ്യവും . . . ഭൗതിക സംസ്കാരത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സത്വരവും ശ്രദ്ധേയവുമായ വിപ്ലവം സൃഷ്ടിച്ചു. . . . ഭൗതിക സംസ്കാരത്തിലെ ഈ മാറ്റം . . . ആഡംബര സംഗതികളിൽ മാത്രമല്ല, പ്രത്യേകിച്ച് കളിമൺപാത്ര നിർമാണവിദ്യയിലും പ്രകടമാണ്. . . . കളിമൺ പാത്രങ്ങളുടെ ഗുണവും അത് ചുടുന്ന രീതിയും വളരെയേറെ മെച്ചപ്പെട്ടു.”
11 സമാനമായി, ജെറി എം. ലാൻഡെയ് ഇങ്ങനെ എഴുതി: “ശലോമോന്റെ ഭരണത്തിൻ കീഴിൽ മൂന്നു പതിറ്റാണ്ടുകൾകൊണ്ട് ഇസ്രായേല്യ ഭൗതിക സംസ്കാരത്തിനുണ്ടായ പുരോഗതി അതിനു മുമ്പത്തെ ഇരുന്നൂറ് വർഷംകൊണ്ട് ഉണ്ടായ പുരോഗതിയെക്കാളും കൂടുതലാണ്. വലിയ കെട്ടിടങ്ങളുടെയും കൂറ്റൻ മതിലുകളോടു കൂടിയ വൻ നഗരങ്ങളുടെയും അവശിഷ്ടങ്ങൾ, വളരെ നന്നായി നിർമിച്ച സമ്പന്നരുടെ ഭവനസഞ്ചയങ്ങൾ അടങ്ങിയ പാർപ്പിട മേഖലകളുടെ വ്യാപനം, കളിമൺപാത്ര നിർമാതാവിന്റെയും അയാളുടെ നിർമാണ രീതികളുടെയും സാങ്കേതിക വൈദഗ്ധ്യത്തിൽ ഉണ്ടായ വൻ കുതിച്ചുകയറ്റം എന്നിവ ശലോമോന്യ കാലഘട്ടത്തിലെ കുഴിച്ചെടുത്ത വസ്തുക്കളിൽ നാം കാണുന്നു. കൂടാതെ, വിദൂര സ്ഥലങ്ങളിൽനിന്നു കൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിച്ചു നിർമിച്ച ശിൽപ്പങ്ങളുടെ അവശിഷ്ടങ്ങളും നാം കാണുന്നു—സജീവമായ അന്തർദേശീയ വാണിജ്യവും വിപണനവും നടന്നു എന്നതിന്റെ സൂചനകളാണ് അവ.”—ദാവീദിന്റെ ഗൃഹം (ഇംഗ്ലീഷ്).
സമാധാനത്തിൽ നിന്ന് വിനാശത്തിലേക്ക്
12, 13. യെരൂശലേമിൽ സത്യാരാധനയുടെ ഉന്നമനം നിലച്ചുപോയത് എങ്ങനെ?
12 യഹോവയുടെ വിശുദ്ധ മന്ദിരം സ്ഥിതി ചെയ്തിരുന്ന നഗരമായ യെരൂശലേമിന്റെ സമാധാനവും സമൃദ്ധിയും ഉചിതമായ പ്രാർഥനാ വിഷയങ്ങൾ ആയിരുന്നു. ദാവീദ് എഴുതി: “യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ. നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.” (സങ്കീർത്തനം 122:6-8) ആ സമാധാനപൂർണമായ നഗരത്തിൽ ഗംഭീരമായ ആലയം നിർമിക്കുന്നതിനുള്ള പദവി ശലോമോനു ലഭിച്ചെങ്കിലും, അവൻ കാലാന്തരത്തിൽ അനേകം പുറജാതീയ സ്ത്രീകളെ വിവാഹം ചെയ്തു. അക്കാലത്തെ വ്യാജ ദൈവങ്ങളുടെ ആരാധന ഉന്നമിപ്പിക്കുന്നതിന് അവർ അവനെ വാർധക്യകാലത്തു വശീകരിച്ചു. ഈ വിശ്വാസത്യാഗത്തിനു മുഴു ജനതയുടെ മേലും ദുഷിപ്പിക്കുന്ന ഫലമാണ് ഉണ്ടായിരുന്നത്. തന്മൂലം ആ നഗരത്തിനും അതിലെ നിവാസികൾക്കും യഥാർഥ സമാധാനം നഷ്ടപ്പെട്ടു.—1 രാജാക്കന്മാർ 11:1-8; 14:21-24.
13 ശലോമോന്റെ പുത്രനായ രെഹബെയാമിന്റെ വാഴ്ചയുടെ ആരംഭത്തിൽ പത്തു ഗോത്രങ്ങൾ മത്സരിച്ച് വടക്കേ ഇസ്രായേൽ രാജ്യം രൂപീകരിച്ചു. അവരുടെ വിഗ്രഹാരാധന നിമിത്തം ആ രാജ്യത്തെ മറിച്ചിടാൻ ദൈവം അസ്സീറിയയെ അനുവദിച്ചു. (1 രാജാക്കന്മാർ 12:16-30) തെക്കേ രണ്ടു-ഗോത്ര രാജ്യത്തിന്റെ കേന്ദ്രം തുടർന്നും യെരൂശലേം ആയിരുന്നു. എന്നാൽ, കാലക്രമേണ അവരും സത്യാരാധനയിൽനിന്നു വീണുപോയി. തന്മൂലം, ആ വഴിപിഴച്ച നഗരത്തെ പൊ.യു.മു. 607-ൽ നശിപ്പിക്കാൻ ദൈവം ബാബിലോന്യരെ അനുവദിച്ചു. 70 വർഷത്തോളം യഹൂദാ പ്രവാസികൾ ബാബിലോനിൽ അടിമകൾ എന്ന നിലയിൽ കഷ്ടം അനുഭവിച്ചു. പിന്നീട് ദൈവത്തിന്റെ കരുണയാൽ യെരൂശലേമിലേക്കു മടങ്ങിവന്ന് സത്യാരാധന പുനഃസ്ഥിതീകരിക്കാൻ അവർക്ക് അനുവാദം ലഭിച്ചു.—2 ദിനവൃത്താന്തം 36:15-21.
14, 15. ഇസ്രായേല്യരുടെ ബാബിലോന്യ പ്രവാസത്തിനു ശേഷം യെരൂശലേം വീണ്ടും എങ്ങനെയാണ് ഒരു പ്രമുഖ സ്ഥാനത്തേക്കു വന്നത്, എന്നാൽ എന്തു മാറ്റത്തോടെ?
14 70 വർഷം ശൂന്യമായി കിടന്നപ്പോൾ തകർന്ന കെട്ടിടങ്ങളിൽ പാഴ്ച്ചെടികൾ വളർന്നിരിക്കാം. യെരൂശലേമിന്റെ മതിൽ തകർന്നുപോയി. കവാടങ്ങളുടെയും അവയെ താങ്ങിനിർത്തിയിരുന്ന സ്തംഭങ്ങളുടെയും സ്ഥാനത്ത് വൻ വിടവുകൾ ഉണ്ടായി. എങ്കിലും തിരിച്ചെത്തിയ യഹൂദന്മാർ ധൈര്യം സംഭരിച്ചു. മുമ്പത്തെ ആലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അവർ ഒരു യാഗപീഠം പണിത് യഹോവയ്ക്ക് ദിവസവും യാഗങ്ങൾ അർപ്പിക്കാൻ തുടങ്ങി.
15 അതൊരു നല്ല തുടക്കമായിരുന്നു. എന്നാൽ പുനഃസ്ഥിതീകരിക്കപ്പെട്ട ആ യെരൂശലേം വീണ്ടും ഒരിക്കലും ദാവീദ് രാജാവിന്റെ ഒരു പിൻഗാമി സിംഹാസനത്തിൽ ഇരിക്കുന്ന ഒരു രാജ്യത്തിന്റെ തലസ്ഥാനനഗരി ആകുമായിരുന്നില്ല. പകരം, ആ യഹൂദന്മാരെ ഭരിച്ചത് ബാബിലോനെ ജയിച്ചടക്കിയവർ നിയമിച്ച ഒരു ഗവർണർ ആയിരുന്നു. അവർ തങ്ങളുടെ പേർഷ്യൻ അധിപന്മാർക്കു ചുങ്കം കൊടുക്കുകയും വേണമായിരുന്നു. (നെഹെമ്യാവു 9:34-37) “ചവിട്ടിക്കള”യപ്പെട്ട അവസ്ഥയിൽ ആയിരുന്നെങ്കിലും ഭൂമിയിൽ യഹോവയാം ദൈവത്തിന്റെ പ്രത്യേക പ്രീതി ഉണ്ടായിരുന്ന ഏക നഗരം യെരൂശലേം ആയിരുന്നു. (ലൂക്കൊസ് 21:24) നിർമല ആരാധനയുടെ കേന്ദ്രം എന്ന നിലയിൽ, ദാവീദ് രാജാവിന്റെ ഒരു പിൻഗാമിയിലൂടെ മുഴു ഭൂമിയിലും പരമാധികാരം പ്രയോഗിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെയും അതു പ്രതിനിധാനം ചെയ്തു.
വ്യാജമതക്കാരായ അയൽക്കാർ എതിർക്കുന്നു
16. ബാബിലോനിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാർ യെരൂശലേമിന്റെ പുനഃസ്ഥിതീകരണം നിർത്തിവെച്ചത് എന്തുകൊണ്ട്?
16 പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് മടങ്ങിവന്ന യഹൂദന്മാർ താമസിയാതെ പുതിയ ആലയത്തിനുള്ള അടിസ്ഥാനമിട്ടു. എന്നാൽ അവരുടെ അയൽക്കാരായ വ്യാജമത ആരാധകർ പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടാവിന് ദൂഷണപരമായ ഒരു കത്ത് അയച്ചു. യഹൂദന്മാർ രാജാവിനോടു മറുക്കുമെന്ന് അവർ അതിൽ പറഞ്ഞിരുന്നു. തത്ഫലമായി, അർഥഹ്ശഷ്ടാവ് യെരൂശലേമിലെ കൂടുതലായ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചു. നിങ്ങൾ അന്ന് ആ നഗരത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നു സങ്കൽപ്പിക്കുക. എങ്കിൽ യെരൂശലേമിന്റെ ഭാവി എന്താകുമെന്നു നിങ്ങൾ ചിന്തിക്കുമായിരുന്നു. സംഭവിച്ചതു നോക്കുക, യഹൂദന്മാർ ആലയ നിർമാണം നിർത്തിവെച്ച് ഭൗതിക അനുധാവനങ്ങളിൽ മുഴുകി.—എസ്രാ 4:11-24; ഹഗ്ഗായി 1:2-6.
17, 18. യഹോവ എന്തു മുഖാന്തരത്താലാണ് യെരൂശലേം പുനർനിർമിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തിയത്?
17 ദൈവത്തിന്റെ ജനത മടങ്ങിവന്ന് ഏതാണ്ട് 17 വർഷം കഴിഞ്ഞപ്പോൾ അവരുടെ ചിന്തയെ നേരേയാക്കാൻ അവൻ പ്രവാചകന്മാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും എഴുന്നേൽപ്പിച്ചു. അനുതാപം തോന്നിയ യഹൂദന്മാർ ആലയ പുനർനിർമാണം ഏറ്റെടുത്തു. അതിനിടെ, ദാര്യാവേശ് പേർഷ്യയുടെ രാജാവായിത്തീർന്നു. യെരൂശലേമിലെ ആലയം പുനർനിർമിക്കാനുള്ള കോരെശ് രാജാവിന്റെ കൽപ്പന അദ്ദേഹം ഉറപ്പു വരുത്തി. ദാര്യാവേശ് യഹൂദന്മാരുടെ അയൽക്കാർക്ക് ഒരു കത്ത് അയച്ചു. അതിൽ ‘യെരൂശലേമിൽനിന്ന് അകന്നുനിൽക്കാൻ’ അവർക്കു മുന്നറിയിപ്പു നൽകിയ രാജാവ്, നിർമാണം പൂർത്തിയാക്കേണ്ടതിന് രാജാവിന്റെ നികുതിയിൽനിന്ന് സാമ്പത്തിക സഹായം നൽകാനും ആവശ്യപ്പെട്ടു.—എസ്രാ 6:1-13.
18 തങ്ങൾ മടങ്ങിവന്നതിന്റെ 22-ാം വർഷം യഹൂദന്മാർ ആലയ നിർമാണം പൂർത്തിയാക്കി. നാഴികക്കല്ലായ ഈ സംഭവം വലിയ സന്തോഷത്തോടെ ആഘോഷിക്കേണ്ട ഒന്നാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ യെരൂശലേമും അതിന്റെ മതിലുകളും അധികവും ശൂന്യമായി കിടന്നിരുന്നു. ‘ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാ പുരോഹിതന്റെയും കാലത്ത്’ ആ നഗരത്തിന് ആവശ്യമായ ശ്രദ്ധ ലഭിച്ചു. (നെഹെമ്യാവു 12:26, 27) വ്യക്തമായും, പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും പുരാതന ലോകത്തിലെ ഒരു പ്രമുഖ നഗരമെന്ന നിലയിൽ യെരൂശലേമിന്റെ പുനർനിർമാണം പൂർത്തിയായിരുന്നു.
മിശിഹാ പ്രത്യക്ഷപ്പെടുന്നു!
19. യെരൂശലേമിന്റെ അനുപമ സ്ഥാനത്തെ മിശിഹാ അംഗീകരിച്ചത് എങ്ങനെ?
19 നമുക്കു കുറെ നൂറ്റാണ്ടുകൾ പിന്നിട്ട്, സാർവത്രിക പ്രാധാന്യമുള്ള ഒരു സംഭവത്തിലേക്ക്, യേശുക്രിസ്തുവിന്റെ ജനനത്തിലേക്ക് വരാം. “കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. . . . അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്ന് യഹോവയാം ദൈവത്തിന്റെ ദൂതൻ യേശുവിന്റെ കന്യാമാതാവിനോടു പറഞ്ഞിരുന്നു. (ലൂക്കൊസ് 1:32, 33) വർഷങ്ങൾക്കു ശേഷം യേശു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തി. അതിൽ അവൻ പല വിഷയങ്ങൾ സംബന്ധിച്ചു പ്രോത്സാഹനവും ബുദ്ധ്യുപദേശവും നൽകി. ദൃഷ്ടാന്തത്തിന്, ദൈവത്തോടുള്ള കടപ്പാടുകൾ നിർവഹിക്കാൻ മാത്രമല്ല, പിന്നെയോ കഴമ്പില്ലാത്ത ശപഥം ചെയ്യൽ നടത്താതിരിക്കാൻ ശ്രദ്ധിക്കാനും അവൻ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു. യേശു ഇങ്ങനെ പറഞ്ഞു: “കള്ളസ്സത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വൻമാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം.” (മത്തായി 5:33-35) യെരൂശലേമിന് നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന അതിന്റെ അനുപമ സ്ഥാനത്തെ യേശു അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്. അതേ, അതു “മഹാരാജാവിന്റെ നഗരം” ആയിരുന്നു.
20, 21. യെരൂശലേമിൽ വസിച്ചിരുന്ന പലരുടെയും മനോഭാവത്തിൽ എന്തു വലിയ മാറ്റമുണ്ടായി?
20 തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തോടടുത്ത് യെരൂശലേമിലെ നിവാസികളുടെ മുമ്പാകെ യേശു തന്നെത്തന്നെ അഭിഷിക്ത രാജാവെന്ന നിലയിൽ അവതരിപ്പിച്ചു. പുളകപ്രദമായ ആ സംഭവത്തോടുള്ള പ്രതികരണമായി പലരും സന്തോഷപൂർവം ഇങ്ങനെ ആർത്തു: “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ.”—മർക്കൊസ് 11:1-10; യോഹന്നാൻ 12:12-15.
21 എന്നാൽ, യേശുവിനെതിരെ തിരിയാനുള്ള യെരൂശലേമിലെ മതനേതാക്കന്മാരുടെ പ്രേരണയ്ക്കു വഴങ്ങാൻ ആ ജനത്തിന് ഒരു ആഴ്ച പോലും വേണ്ടിവന്നില്ല. ദൈവത്തിന്റെ മുമ്പാകെയുള്ള അംഗീകൃതനില യെരൂശലേം നഗരത്തിനും ആ ജനതയ്ക്ക് ഒന്നാകെയും നഷ്ടപ്പെടുമെന്ന് യേശു മുന്നറിയിപ്പു നൽകി. (മത്തായി 21:23, 33-45; 22:1-7) ഉദാഹരണത്തിന്, യേശു പ്രഖ്യാപിച്ചു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.” (മത്തായി 23:37, 38) പൊ.യു. 33-ലെ പെസഹാ സമയത്ത് യേശുവിന്റെ ശത്രുക്കൾ അവനെ യെരൂശലേമിനു വെളിയിൽവെച്ച് അന്യായമായി വധിച്ചു. എന്നിരുന്നാലും, യഹോവ തന്റെ അഭിഷിക്തനെ ഉയിർപ്പിച്ച് സ്വർഗീയ സീയോനിലെ അമർത്യ ആത്മജീവൻ നൽകി മഹത്ത്വീകരിച്ചു. നമുക്കെല്ലാം പ്രയോജനം നേടാവുന്ന ഒരു നേട്ടമാണ് അത്.—പ്രവൃത്തികൾ 2:32-36.
22. യേശുവിന്റെ മരണശേഷം യെരൂശലേമിനെ സംബന്ധിച്ച പല പരാമർശങ്ങളും എന്തിനാണു ബാധകമാകുന്നത്?
22 സീയോനെക്കുറിച്ച് അഥവാ യെരൂശലേമിനെക്കുറിച്ച് ഉള്ള നിവൃത്തിയേറാത്ത മിക്ക പ്രവചനങ്ങളും അക്കാലം മുതൽ സ്വർഗീയ ക്രമീകരണങ്ങൾക്ക്, അഥവാ യേശുവിന്റെ അഭിഷിക്ത അനുഗാമികൾക്ക്, ബാധകമാകുന്നതായി മനസ്സിലാക്കാവുന്നതാണ്. (സങ്കീർത്തനം 2:6-8; 110:1-4; യെശയ്യാവു 2:2-4; 65:17, 18; സെഖര്യാവു 12:3; 14:12, 16, 17) യേശുവിന്റെ മരണശേഷം എഴുതപ്പെട്ട “യെരൂശലേം” അഥവാ “സീയോൻ” എന്ന പല പരാമർശങ്ങൾക്കും വ്യക്തമായും പ്രതീകാത്മക അർഥമാണ് ഉള്ളത്. അവ ആ അക്ഷരീയ നഗരത്തിനോ സ്ഥലത്തിനോ ബാധകമാകുന്നില്ല. (ഗലാത്യർ 4:26; എബ്രായർ 12:22; 1 പത്രൊസ് 2:6; വെളിപ്പാടു 3:12; 14:1; 21:2, 10) യെരൂശലേം മേലാൽ “മഹാരാജാവിന്റെ നഗരം” അല്ല എന്നുള്ളതിന്റെ അവസാന തെളിവ് ഉണ്ടായത് പൊ.യു. 70-ൽ ആണ്. ആ വർഷം, ദാനീയേലും യേശുക്രിസ്തുവും പ്രവചിച്ചിരുന്നതു പോലെ റോമൻ സൈന്യങ്ങൾ അതിനെ ശൂന്യമാക്കി. (ദാനീയേൽ 9:26; ലൂക്കൊസ് 19:41-44) ഒരിക്കൽ യഹോവയാം ദൈവത്തിൽനിന്ന് ഭൗമിക യെരൂശലേമിനു ലഭിച്ചിരുന്ന പ്രത്യേക പ്രീതിയിലേക്ക് അതു പിൽക്കാലത്തു പുനഃസ്ഥിതീകരിക്കപ്പെടുമെന്ന് ബൈബിൾ എഴുത്തുകാരോ യേശുവോ മുൻകൂട്ടി പറഞ്ഞില്ല.—ഗലാത്യർ 4:25; എബ്രായർ 13:14.
-