നിങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കട്ടെ
“നിങ്ങളുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും ആയിരിക്കട്ടെ.”—മത്താ. 5:37.
ഉത്തരം പറയാമോ:
ആണയിടുന്നതിനെക്കുറിച്ച് യേശു എന്ത് പറഞ്ഞു?
വാക്കു പാലിക്കുന്നതിൽ യേശു ഒരു നല്ല മാതൃകയാണെന്ന് പറയുന്നത് എന്തുകൊണ്ട്?
ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിൽ നിങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കണം?
1. ആണയിടുന്നതിനെക്കുറിച്ച് യേശു എന്തു പറഞ്ഞു, എന്തുകൊണ്ട്?
പൊതുവെ, സത്യക്രിസ്ത്യാനികൾ ആണയിടേണ്ട ആവശ്യമില്ല. കാരണം അവർ, ‘നിങ്ങളുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കട്ടെ’ എന്ന യേശുവിന്റെ വാക്കുകൾ അനുസരിക്കുന്നു. ഒരു വ്യക്തി തന്റെ വാക്കു പാലിക്കണം എന്നാണ് യേശു ഉദ്ദേശിച്ചത്. ഇത് പറയുന്നതിനു മുമ്പ് “സത്യംചെയ്യുകയേ അരുത്” എന്ന് യേശു പറഞ്ഞിരുന്നു. പറയുന്നതുപോലെ പ്രവർത്തിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലാതെ ദൈനംദിനസംഭാഷണത്തിൽ തൊട്ടതിനുംപിടിച്ചതിനും ഒക്കെ ആണയിടുന്ന ആളുകളുടെ രീതിയെയാണ് യേശു ഇവിടെ കുറ്റംവിധിച്ചത്. ഉവ്വ് എന്നോ ഇല്ല എന്നോ മാത്രം പറയുന്നതിനു പകരം ‘അധികമായത്’ സംസാരിക്കുന്ന അത്തരം വ്യക്തികൾ തങ്ങൾ ആശ്രയയോഗ്യരല്ലെന്നും ‘ദുഷ്ടന്റെ’ സ്വാധീനത്തിലാണെന്നും വെളിപ്പെടുത്തുകയായിരിക്കാം.—മത്തായി 5:33-37 വായിക്കുക.
2. ആണയിടുന്നത് എല്ലായ്പ്പോഴും തെറ്റല്ലാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുക.
2 ഒരിക്കലും ആണയിടാൻ പാടില്ലെന്നാണോ യേശു പറഞ്ഞത്? അല്ല. നാം മുൻലേഖനത്തിൽ പഠിച്ചതുപോലെ യഹോവയാം ദൈവവും അവന്റെ ദാസനായ അബ്രാഹാം എന്ന നീതിമാനും സുപ്രധാനമായ ചില സന്ദർഭങ്ങളിൽ ആണയിട്ടിട്ടുണ്ട്. ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികൾ ആണയിടണമെന്ന് ന്യായപ്രമാണവും ആവശ്യപ്പെട്ടിരുന്നു. (പുറ. 22:10, 11; സംഖ്യാ. 5:21, 22) കോടതി മുമ്പാകെ കാര്യങ്ങൾ ബോധിപ്പിക്കേണ്ടിവരുമ്പോൾ സത്യം മാത്രമേ പറയൂ എന്ന് ഒരു ക്രിസ്ത്യാനിക്ക് ചിലപ്പോൾ ആണയിടേണ്ടിവന്നേക്കാം. ഇനി, അപൂർവം ചില സാഹചര്യങ്ങളിൽ മറ്റുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനോ പ്രശ്നങ്ങൾക്കു തീർപ്പുണ്ടാക്കുന്നതിനോ ആണയിടേണ്ടത് അനിവാര്യമാണെന്ന് ഒരു ക്രിസ്ത്യാനിക്ക് തോന്നിയേക്കാം. ആണയിട്ട് സത്യം വെളിപ്പെടുത്താൻ മഹാപുരോഹിതൻ ആവശ്യപ്പെട്ടപ്പോൾ യേശു അതിനെ എതിർത്തില്ല, മറിച്ച് യഹൂദന്യായാധിപസഭയുടെ മുമ്പാകെ അവൻ സത്യം ബോധിപ്പിച്ചു. (മത്താ. 26:63, 64) യേശുവിന് ആരോടും ആണയിടേണ്ട ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും, പലപ്പോഴും കാര്യങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ അവയുടെ വിശ്വാസ്യതയ്ക്ക് അടിവരയിടാൻ യേശു തന്റെ തനതായ ശൈലിയിൽ “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറയുമായിരുന്നു. (യോഹ. 1:51; 13:16, 20, 21, 38) തങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നാണെന്നു തെളിയിച്ച യേശുവിന്റെയും പൗലോസിന്റെയും മറ്റുള്ളവരുടെയും മാതൃകയിൽനിന്ന് നമുക്കു കൂടുതലായി എന്തു പഠിക്കാമെന്ന് നോക്കാം.
യേശു—ഏറ്റവും മികച്ച മാതൃക
3. പ്രാർഥനയിൽ യേശു ദൈവത്തിന് എന്ത് ഉറപ്പു കൊടുത്തു, അവന്റെ സ്വർഗീയപിതാവ് എങ്ങനെ പ്രതികരിച്ചു?
3 “ഇതാ, . . . ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.” (എബ്രാ. 10:7) ഇങ്ങനെ പ്രാർഥിച്ചുകൊണ്ട്, സാത്താൻ ‘കുതികാൽ തകർക്കുന്നത്’ ഉൾപ്പെടെ വാഗ്ദത്തസന്തതിയെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് എല്ലാം നിറവേറ്റാൻ തയ്യാറായി യേശു സ്വയം ദൈവത്തിനു വിട്ടുകൊടുത്തു. (ഉല്പ. 3:15) ഇത്ര ഭാരിച്ച ഒരു ഉത്തരവാദിത്വം ചുമലിലേറ്റാൻ സ്വമനസ്സാലെ മുന്നോട്ടുവന്ന മറ്റൊരു മനുഷ്യനില്ല. തന്റെ പുത്രനിൽ സമ്പൂർണവിശ്വാസമുണ്ടെന്ന് യഹോവ പ്രഖ്യാപിച്ചു; വാക്കു പാലിക്കുമെന്ന് ആണയിടാൻ യേശുവിനോട് ആവശ്യപ്പെടാതെതന്നെ.—ലൂക്കോ. 3:21, 22.
4. തന്റെ ഉവ്വ് എന്നത് ഉവ്വ് എന്നാണെന്ന് തെളിയിക്കാൻ യേശു ഏത് അളവോളം പോയി?
4 പഠിപ്പിച്ചതിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട് യേശു എല്ലായ്പ്പോഴും തന്റെ ഉവ്വ് എന്നത് ഉവ്വ് എന്നാണെന്ന് തെളിയിച്ചു. രാജ്യസുവാർത്ത പ്രസംഗിക്കാനും പിതാവ് യേശുവിലേക്ക് ആകർഷിച്ചവരെ ശിഷ്യരാക്കാനും ഉള്ള ദൈവദത്തനിയോഗത്തിൽനിന്ന് തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ യേശു യാതൊന്നിനെയും അനുവദിച്ചില്ല. (യോഹ. 6:44) ബൈബിളിലെ പിൻവരുന്ന സുപരിചിതമായ വാക്കുകൾ യേശു എത്രമാത്രം വിശ്വസ്തനായിരുന്നു എന്ന വസ്തുത എടുത്തുകാട്ടുന്നു: “ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം അവൻ മുഖാന്തരം ഉവ്വ് എന്നായിരിക്കുന്നു.” (2 കൊരി. 1:20) പിതാവിനു കൊടുത്ത ഉറപ്പു പാലിച്ചതിൽ ഏറ്റവും മികച്ച മാതൃകയാണ് യേശു. അടുത്തതായി, യേശുവിനെ അനുകരിക്കാൻ കഠിനപ്രയത്നം ചെയ്ത ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കാം.
പൗലോസ്—വാക്കിനു വില കൽപ്പിച്ചവൻ
5. പൗലോസ് അപ്പൊസ്തലൻ നമുക്ക് എന്തു മാതൃകവെച്ചിരിക്കുന്നു?
5 “കർത്താവേ, ഞാൻ എന്തു ചെയ്യണം?” (പ്രവൃ. 22:10) ആത്മാർഥമായ ഈ വാക്കുകളോടെയാണ് പിന്നീട് പൗലോസ് എന്ന് അറിയപ്പെട്ട ശൗൽ, മഹത്ത്വീകരിക്കപ്പെട്ട കർത്താവായ യേശുവിന്റെ വാക്കുകളോടു പ്രതികരിച്ചത്. ശൗൽ ക്രിസ്തുശിഷ്യരെ ഉപദ്രവിക്കുന്നത് തടയാൻ ഒരു ദർശനത്തിൽ യേശു അവന് പ്രത്യക്ഷപ്പെട്ട സന്ദർഭമായിരുന്നു അത്. ഈ സംഭവത്തെ തുടർന്ന് താഴ്മയോടെ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് അനുതപിക്കുകയും സ്നാനമേൽക്കുകയും ചെയ്ത ശൗൽ വിജാതീയരോട് യേശുവിനെക്കുറിച്ചുള്ള സുവാർത്ത അറിയിക്കുകയെന്ന പ്രത്യേകനിയമനം ഏറ്റെടുത്തു. ആ സമയം മുതൽ യേശുവിനെ ‘കർത്താവ്’ എന്ന് അഭിസംബോധന ചെയ്ത പൗലോസ് തന്റെ ഭൗമികജീവിതത്തിലുടനീളം യേശുവിന്റെ ആ സ്ഥാനം അംഗീകരിച്ചുകൊണ്ടു ജീവിച്ചു. (പ്രവൃ. 22:6-16; 2 കൊരി. 4:5; 2 തിമൊ. 4:8) “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളിക്കുകയും എന്നാൽ ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?” എന്ന് യേശു ചിലരോടു ചോദിച്ചിരുന്നു; എന്നാൽ, അവരെപ്പോലെ ആയിരുന്നില്ല പൗലോസ്. (ലൂക്കോ. 6:46) അതെ, പൗലോസ് അപ്പൊസ്തലനെപ്പോലെ, തന്നെ കർത്താവായി സ്വീകരിക്കുന്ന ഏവരും തങ്ങളുടെ വാക്കിനു ചേർച്ചയിൽ പ്രവർത്തിക്കാൻ യേശു പ്രതീക്ഷിക്കുന്നു.
6, 7. (എ) കൊരിന്ത് വീണ്ടും സന്ദർശിക്കാനുള്ള തന്റെ പദ്ധതിയിൽ പൗലോസ് മാറ്റം വരുത്തിയത് എന്തുകൊണ്ട്, പൗലോസ് ആശ്രയയോഗ്യനല്ലെന്ന വിമർശകരുടെ ആരോപണം തെറ്റായിരുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ ഇടയിൽ നേതൃത്വമെടുക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
6 ഏഷ്യാമൈനറിൽ ഉടനീളവും യൂറോപ്പിലേക്കും സുവാർത്ത വ്യാപിപ്പിക്കാൻ പൗലോസ് തീക്ഷ്ണതയോടെ പ്രവർത്തിച്ചു. അവൻ അനേകം സഭകൾ സ്ഥാപിക്കുകയും അവ വീണ്ടും സന്ദർശിക്കുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ താൻ എഴുതിയ കാര്യങ്ങളുടെ വിശ്വാസ്യത ആണയിട്ട് ഉറപ്പിക്കേണ്ടതുണ്ടെന്ന് അവനു തോന്നി. (ഗലാ. 1:20) പൗലോസ് ആശ്രയയോഗ്യനല്ലെന്ന് കൊരിന്തിലുള്ള ചിലർ ആരോപിച്ചപ്പോൾ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് അവൻ ഇങ്ങനെ എഴുതുകയുണ്ടായി: ‘നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല; ദൈവം വിശ്വസ്തനാണെന്നത് എത്ര തീർച്ചയാണോ അത്രതന്നെ തീർച്ചയാണത്.’ (2 കൊരി. 1:18) ഇത് എഴുതുന്ന സമയത്ത് പൗലോസ് എഫെസൊസ് വിട്ട് മാസിഡോണിയയിലൂടെ കൊരിന്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മാസിഡോണിയയിലേക്കു പോകുന്നതിനു മുമ്പ് കൊരിന്ത് വീണ്ടും സന്ദർശിക്കാനായിരുന്നു അവൻ ആദ്യം പദ്ധതിയിട്ടിരുന്നത്. (2 കൊരി. 1:15, 16) എന്നാൽ, ഇന്നത്തെ സഞ്ചാരമേൽവിചാരകന്മാരുടെ കാര്യത്തിലെന്നപോലെ യാത്രാപദ്ധതികളിൽ ചിലപ്പോഴൊക്കെ മാറ്റങ്ങൾ വരുത്തേണ്ടിവരും. നിസ്സാരകാര്യങ്ങളോ സ്വാർഥതാത്പര്യങ്ങളോ നിമിത്തമല്ല മറിച്ച്, ഏതെങ്കിലും അടിയന്തിരസാഹചര്യംനിമിത്തമാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്. പൗലോസ് കൊരിന്തിലെ സഭ സന്ദർശിക്കാൻ കാലതാമസം വരുത്തിയത് സഭയുടെ നന്മയെ കരുതിയായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
7 കൊരിന്ത് സന്ദർശിക്കാനുള്ള ആദ്യത്തെ പദ്ധതി തയ്യാറാക്കിയ ശേഷം, പൗലോസിന്റെ പക്കൽ അലോസരപ്പെടുത്തുന്ന ഒരു വാർത്ത എത്തി. കൊരിന്ത്യസഭയിലുള്ളവർ അധാർമികത വെച്ചുപൊറുപ്പിക്കുന്നതായും അവർക്ക് ഇടയിൽ അനൈക്യം ഉള്ളതായും അവൻ കേട്ടു. (1 കൊരി. 1:11; 5:1) കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ കത്തിൽ ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ട ശക്തമായ ബുദ്ധിയുപദേശം അവൻ നൽകി. തുടർന്ന്, തന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നതിന് സഹോദരങ്ങൾക്ക് സമയം നൽകാൻ പൗലോസ് തീരുമാനിച്ചു. കുറച്ചു നാളുകൾ കഴിഞ്ഞ് സന്ദർശിക്കുകയാണെങ്കിൽ അത് അവർക്ക് കൂടുതൽ പ്രോത്സാഹനം പകരുമെന്ന് അവൻ ചിന്തിച്ചു. അതുകൊണ്ടാണ് അവൻ എഫെസൊസിൽനിന്ന് നേരിട്ട് കൊരിന്തിലേക്ക് കപ്പൽ കയറാതിരുന്നത്. സദുദ്ദേശ്യത്തോടെയാണ് യാത്രാപദ്ധതിയിൽ ഈ മാറ്റം വരുത്തിയതെന്ന് ഉറപ്പു നൽകിക്കൊണ്ട് കൊരിന്ത്യർക്കുള്ള തന്റെ രണ്ടാമത്തെ കത്തിൽ പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളെ കൂടുതൽ വിഷമിപ്പിക്കരുതെന്നു കരുതിയാണ് ഞാൻ ഇതുവരെ കൊരിന്തിലേക്കു വരാതിരുന്നത്. ഇതിന് ദൈവംതന്നെ എനിക്കു സാക്ഷി.” (2 കൊരി. 1:23) നമുക്ക് ഒരിക്കലും പൗലോസിന്റെ വിമർശകരെപ്പോലെ ആകാതിരിക്കാം. പകരം, നമ്മുടെ ഇടയിൽ നേതൃത്വമെടുക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നവരോട് ആഴമായ ബഹുമാനം കാണിക്കാം. അതെ, ക്രിസ്തുവിനെ അനുകരിച്ച പൗലോസിന്റെ മാതൃക നമുക്ക് അനുകരിക്കാം.—1 കൊരി. 11:1; എബ്രാ. 13:7.
അനുകരണീയരായ മറ്റു ചിലർ
8. റിബെക്ക നമുക്ക് എന്ത് മാതൃകവെച്ചു?
8 “ഞാൻ പോകുന്നു.” (ഉല്പ. 24:58) റിബെക്കയുടേതാണ് ഈ വാക്കുകൾ. അബ്രാഹാമിന്റെ പുത്രനായ യിസ്ഹാക്കിന്റെ ഭാര്യയാകാൻ അന്നേ ദിവസംതന്നെ തന്റെ വീടുവിട്ട് ഒരു അപരിചിതനോടൊപ്പം 800 കിലോമീറ്ററോളം യാത്ര ചെയ്യാൻ തയ്യാറാണെന്നാണ് ഈ മറുപടിയിലൂടെ അവൾ തന്റെ അമ്മയോടും സഹോദരനോടും വെളിപ്പെടുത്തിയത്. (ഉല്പ. 24:50-58) റിബെക്കയുടെ ഉവ്വ് എന്നത് ഉവ്വ് എന്നുതന്നെ ആയിരുന്നു. അവൾ ദൈവഭയമുള്ള നല്ലൊരു ഭാര്യ ആണെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. ശിഷ്ടകാലം മുഴുവൻ അവൾ വാഗ്ദത്തദേശത്ത് ഒരു പരദേശിയായി കൂടാരങ്ങളിൽ കഴിഞ്ഞു. അവളുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിച്ചു: അവൾ വാഗ്ദത്തസന്തതിയായ യേശുക്രിസ്തുവിന്റെ പൂർവമാതാവായി.—എബ്രാ. 11:9, 13.
9. രൂത്ത് തന്റെ വാക്കിനോടു പറ്റിനിന്നത് എങ്ങനെ?
9 “ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു.” (രൂത്ത് 1:10) മോവാബ്യരായിരുന്ന രൂത്തിന്റെയും ഒർപ്പായുടെയും വാക്കുകളാണിത്; അവർ ഇരുവരും വിധവകളായിരുന്നു. മോവാബിൽനിന്ന് ബേത്ത്ലെഹെമിലേക്കു മടങ്ങുകയായിരുന്ന തങ്ങളുടെ അമ്മാവിയമ്മയായ നൊവൊമിയോട് അവർ ഈ വാക്കുകൾ ആവർത്തിച്ചു പറയുകയുണ്ടായി. ഒടുവിൽ നൊവൊമിയുടെ നിർബന്ധത്തിനു വഴങ്ങി ഒർപ്പാ തന്റെ മാതൃദേശത്തേക്കു മടങ്ങി. പക്ഷേ, രൂത്തിന്റെ ഇല്ല എന്നത് ഇല്ല എന്നുതന്നെ ആയിരുന്നു. (രൂത്ത് 1:16, 17 വായിക്കുക.) എന്നെന്നേക്കുമായി തന്റെ കുടുംബത്തെയും മോവാബിലെ വ്യാജമതത്തെയും ഉപേക്ഷിച്ച് അവൾ വിധവയായ നൊവൊമിയോടു വിശ്വസ്തമായി പറ്റിനിന്നു. തന്റെ ശേഷിച്ച കാലമെല്ലാം യഹോവയുടെ ഒരു വിശ്വസ്ത ആരാധികയായി ജീവിച്ച രൂത്തിന് അനുഗ്രഹം ലഭിച്ചു. ക്രിസ്തുവിന്റെ വംശാവലിയിൽ അഞ്ചു സ്ത്രീകളെക്കുറിച്ചു മാത്രമേ മത്തായി പരാമർശിച്ചിട്ടുള്ളൂ. രൂത്ത് അവരിൽ ഒരാളാണ്.—മത്താ. 1:1, 3, 5, 6, 16.
10. യെശയ്യാവ് നമുക്ക് ഒരു നല്ല മാതൃകയായിരുന്നത് എന്തുകൊണ്ട്?
10 “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശ. 6:8) ഇതു പറയുന്നതിനു മുമ്പ് യെശയ്യാവ് മഹത്ത്വമേറിയ ഒരു ദർശനം കണ്ടു. ഇസ്രായേലിലെ ആലയത്തിനു മീതെ യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതായാണ് അവൻ കണ്ടത്. അത് നോക്കിക്കൊണ്ടിരിക്കെ, “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്ന് യഹോവ പറയുന്നത് യെശയ്യാവ് കേട്ടു. വഴിപിഴച്ച തന്റെ ജനത്തിന്റെ പക്കൽ യഹോവയുടെ സന്ദേശങ്ങൾ എത്തിച്ചുകൊണ്ട് അവന്റെ ഒരു വക്താവായിരിക്കാനുള്ള ക്ഷണമായിരുന്നു ഇത്. യെശയ്യാവ് തന്റെ വാക്കു പാലിച്ചു. അവന്റെ ഉവ്വ് എന്നത് ഉവ്വ് എന്നായിരുന്നു. ജനത്തെ കുറ്റംവിധിച്ചുകൊണ്ടുള്ള ശക്തമായ സന്ദേശങ്ങളും സത്യാരാധന പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള മഹത്തായ വാഗ്ദാനങ്ങളും അറിയിച്ചുകൊണ്ട് ഏതാണ്ട് 46 വർഷത്തിലധികം വിശ്വസ്തതയോടെ അവൻ ദൈവത്തിന്റെ പ്രവാചകനായി സേവിച്ചു.
11. (എ) നമ്മുടെ വാക്കു പാലിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) വാക്കിനു ചേർച്ചയിൽ പ്രവർത്തിക്കാതിരുന്ന ഏത് മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളാണ് നമുക്ക് പാഠമായുള്ളത്?
11 യഹോവ തന്റെ വചനത്തിൽ മേൽപ്പറഞ്ഞ മാതൃകകൾ രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനാണ്? നമ്മുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നുതന്നെ ആയിരിക്കേണ്ടത് എത്ര പ്രധാനമാണ്? “വ്യവസ്ഥകൾ ലംഘിക്കുന്ന” ഒരു വ്യക്തി “മരണയോഗ്യ”നാണെന്ന് ബൈബിൾ വ്യക്തമായി മുന്നറിയിപ്പു നൽകുന്നു. (റോമ. 1:31, 32) ഈജിപ്തിലെ ഫറവോൻ, യെഹൂദാരാജാവായ സിദെക്കീയാവ്, അനന്യാസ്, സഫീറ എന്നിവരുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരുന്നില്ല. അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ച അവർ നമുക്ക് മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളായി.—പുറ. 9:27, 28, 34, 35; യെഹെ. 17:13-15, 19, 20; പ്രവൃ. 5:1-10.
12. നമ്മുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കാൻ എന്ത് സഹായിക്കും?
12 “അന്ത്യകാലത്ത്” ജീവിക്കുന്ന നമുക്കു ചുറ്റും ‘അവിശ്വസ്തരായ’ മനുഷ്യരാണ്. അവർ “ദൈവഭക്തിയുടെ വേഷം ധരിച്ചവരെങ്കിലും അതിന്റെ ശക്തിക്കൊത്തവിധം ജീവിക്കാത്തവരത്രേ.” (2 തിമൊ. 3:1-5) അത്തരം മോശമായ സഹവാസം നാം കഴിയുന്നത്ര ഒഴിവാക്കണം. പകരം, തങ്ങളുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കാൻ പരിശ്രമിക്കുന്നവരോടൊപ്പം നാം ക്രമമായി കൂടിവരുകയും വേണം.—എബ്രാ. 10:24, 25.
നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉവ്വ്
13. യേശുക്രിസ്തുവിന്റെ അനുഗാമിയാകുന്ന ഒരു വ്യക്തി പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഉവ്വ് ഏതാണ്?
13 ഒരു വ്യക്തി ദൈവത്തിനു സമർപ്പിക്കുമ്പോൾ നൽകുന്ന വാഗ്ദാനമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉവ്വ്. സ്വയം ത്യജിച്ചുകൊണ്ട് യേശുവിന്റെ ശിഷ്യന്മാരായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉവ്വ് എന്ന് പറഞ്ഞുകൊണ്ട് ആ ആഗ്രഹം പ്രകടിപ്പിക്കാനുള്ള മൂന്ന് അവസരങ്ങളുണ്ട്. (മത്താ. 16:24) പുതുതായി പ്രസാധകനാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയോട് രണ്ടു മൂപ്പന്മാർ സംസാരിക്കുന്ന സന്ദർഭത്തിൽ, “യഹോവയുടെ സാക്ഷികളിൽ ഒരുവനാകാൻ നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവോ” എന്ന് ചോദിക്കും. ആ വ്യക്തി തുടർന്നും ആത്മീയപുരോഗതി വരുത്തുകയും സ്നാനമേൽക്കാൻ അംഗീകാരം തേടുകയും ചെയ്യുമ്പോൾ മൂപ്പന്മാർ അദ്ദേഹത്തോട് “നിങ്ങൾ പ്രാർഥനയിൽ യഹോവയ്ക്ക് നിങ്ങളെത്തന്നെ വ്യക്തിപരമായി സമർപ്പിച്ചിരിക്കുന്നുവോ?” എന്നു ചോദിക്കും. ഒടുവിൽ, സ്നാനമേൽക്കുന്ന ദിവസം ഓരോ സ്നാനാർഥിയോടും പിൻവരുന്ന ചോദ്യം ചോദിക്കും: “യേശുക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ, നിങ്ങൾ സ്വന്തപാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും യഹോവയുടെ ഹിതം ചെയ്യാൻ നിങ്ങളെത്തന്നെ അവനു സമർപ്പിക്കുകയും ചെയ്തിരിക്കുന്നുവോ?” അങ്ങനെ, സാക്ഷികളുടെ മുമ്പാകെ ഉവ്വ് എന്നു പറഞ്ഞുകൊണ്ട് ദൈവത്തെ എന്നേക്കും സേവിക്കുമെന്ന് പുതിയവർ ഉറപ്പു നൽകുന്നു.
14. ഇടയ്ക്കിടെ നാം എന്ത് ആത്മപരിശോധന നടത്തേണ്ടതാണ്?
14 പുതുതായി സ്നാനമേറ്റ വ്യക്തിയായാലും പതിറ്റാണ്ടുകളായി ദൈവത്തെ സേവിക്കുന്ന വ്യക്തിയായാലും പിൻവരുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഇടയ്ക്കിടെ ഒരു ആത്മപരിശോധന നടത്തേണ്ടത് പ്രധാനമാണ്: യേശുവിനെ അനുകരിച്ചുകൊണ്ട്, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉവ്വിന് ചേർച്ചയിലാണോ ഞാൻ എല്ലായ്പ്പോഴും ജീവിക്കുന്നത്? പ്രസംഗവേലയ്ക്കും ശിഷ്യരാക്കൽവേലയ്ക്കും ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുത്തുകൊണ്ട് ഞാൻ യേശുവിനെ ഇപ്പോഴും അനുസരിക്കുന്നുണ്ടോ?—2 കൊരിന്ത്യർ 13:5 വായിക്കുക.
15. നിങ്ങളുടെ ജീവിതത്തിൽ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കേണ്ട പ്രധാനപ്പെട്ട സാഹചര്യങ്ങൾ ഏവ?
15 സമർപ്പണപ്രതിജ്ഞയോട് വിശ്വസ്തമായി പറ്റിനിൽക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി സുപ്രധാനമായ മറ്റു ചില കാര്യങ്ങളിലും വിശ്വസ്തരായിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ വിവാഹം കഴിച്ച വ്യക്തിയാണോ? എങ്കിൽ, തുടർന്നും സവിശേഷമായ ആ പ്രതിജ്ഞയ്ക്കു ചേർച്ചയിൽ നിങ്ങളുടെ ഇണയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക. ഇനി, നിങ്ങൾ ഒരു ബിസ്സിനെസ്സ് കരാറിൽ ഒപ്പുവെക്കുകയോ സഭയോടൊത്തോ സംഘടനയോടൊത്തോ സ്വമേധയാ സേവിക്കാനുള്ള ഒരു അപേക്ഷ പൂരിപ്പിച്ചു നൽകുകയോ ചെയ്തിട്ടുണ്ടോ? എങ്കിൽ, നിങ്ങൾ നൽകിയ വാഗ്ദാനത്തോടു വിശ്വസ്തത പുലർത്തുക. സാമ്പത്തികമായി ഏറെയൊന്നുമില്ലാത്ത ഒരു വ്യക്തിയുടെ വീട്ടിൽ ഭക്ഷണത്തിന് ചെല്ലാമെന്ന് നിങ്ങൾ സമ്മതിച്ചിട്ടുണ്ടോ? എങ്കിൽ, ഇതിലും മെച്ചപ്പെട്ടതെന്ന് തോന്നുന്ന മറ്റൊരു ക്ഷണം ലഭിച്ചതിന്റെ പേരിൽ അത് നിരസിക്കരുത്. വീടുതോറുമുള്ള സേവനത്തിൽ കണ്ടുമുട്ടിയ ഒരു വ്യക്തിയുമായി ആത്മീയവിവരങ്ങൾ പങ്കുവെക്കാൻ മടങ്ങിച്ചെല്ലാമെന്ന് നിങ്ങൾ സമ്മതിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, ഏതുവിധേനയും നിങ്ങളുടെ വാക്കു പാലിക്കുക. അപ്പോൾ യഹോവ നിങ്ങളുടെ ശുശ്രൂഷയെ അനുഗ്രഹിക്കും.—ലൂക്കോസ് 16:10 വായിക്കുക.
മഹാപുരോഹിതനും രാജാവും ആയ യേശുവിൽനിന്ന് സഹായം
16. നമുക്കു വാക്കു പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യണം?
16 അപൂർണമനുഷ്യരായ “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു” എന്ന് ബൈബിൾ പറയുന്നു, പ്രത്യേകിച്ച് നാവിന്റെ ഉപയോഗത്തിൽ. (യാക്കോ. 3:2) വാക്കു പാലിക്കാൻ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കുമ്പോൾ നാം എന്തു ചെയ്യേണ്ടതുണ്ട്? ദൈവം ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ, ‘അധരങ്ങൾകൊണ്ടു നിർവ്വിചാരമായി സത്യം ചെയ്ത്’ കുറ്റക്കാരായിത്തീരുന്നവർക്കുവേണ്ടി കരുണാപൂർവം ഒരു ക്രമീകരണം ചെയ്തിരുന്നു. (ലേവ്യ. 5:4-7, 11) ഇന്ന്, ഇത്തരത്തിൽ പാപം ചെയ്ത ക്രിസ്ത്യാനികൾക്കായും യഹോവ സ്നേഹപൂർവം ഒരു കരുതൽ ചെയ്തിട്ടുണ്ട്. നാം ചെയ്ത തെറ്റ് യഹോവയോട് ഏറ്റുപറയുകയാണെങ്കിൽ മഹാപുരോഹിതനായ ക്രിസ്തു മുഖാന്തരം കരുണാപൂർവം ദൈവം നമ്മോടു ക്ഷമിക്കും. (1 യോഹ. 2:1, 2) ദൈവത്തിന്റെ പ്രീതി തുടർന്നും ലഭിക്കണമെങ്കിൽ, നാം അനുതാപത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ട്. വീണ്ടും അതേ പാപങ്ങൾ ആവർത്തിക്കാതിരിക്കുന്നതും നാം വാക്കു പാലിക്കാത്തതുമൂലം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മാലാവുന്നതെല്ലാം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. (സദൃ. 6:2, 3) എന്നാൽ ഒരു വാഗ്ദാനം നൽകുന്നതിനു മുമ്പ്, അതു നിറവേറ്റാൻ കഴിയുമോ എന്ന് ശ്രദ്ധാപൂർവം വിലയിരുത്തുന്നതാണ് ഏറ്റവും ഉചിതം.—സഭാപ്രസംഗി 5:2 വായിക്കുക.
17, 18. തങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കാൻ പരിശ്രമിക്കുന്നവരെ ഏത് മഹനീയഭാവിയാണ് കാത്തിരിക്കുന്നത്?
17 തങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കാൻ പ്രയത്നിക്കുന്ന യഹോവയുടെ ആരാധകരെ എത്ര ശോഭനമായ ഭാവിയാണ് കാത്തിരിക്കുന്നത്! 1,44,000 അഭിഷിക്തക്രിസ്ത്യാനികൾക്ക് സ്വർഗത്തിലെ അമർത്യജീവനും യേശുവിനോടുകൂടെ അവന്റെ രാജ്യത്തിൽ പങ്കാളികളായി ‘ആയിരംവർഷം രാജാക്കന്മാരായി വാഴാനുള്ള’ പദവിയും ലഭിക്കും. (വെളി. 20:6) മറ്റു ദശലക്ഷങ്ങളെ സംബന്ധിച്ചോ? അവർ പറുദീസഭൂമിയിൽ ക്രിസ്തുവിന്റെ രാജ്യഭരണത്തിൽനിന്നു പ്രയോജനം നേടും. മാനസികമായും ശാരീരികമായും പൂർണതയിലെത്താൻ അവിടെ അവർക്കു സഹായം ലഭിക്കും.—വെളി. 21:3-5.
18 യേശുവിന്റെ ആയിരവർഷവാഴ്ചയ്ക്കു ശേഷമുള്ള അന്തിമപരിശോധനയിൽ വിശ്വസ്തത തെളിയിക്കുന്നവർക്ക് പിന്നീട് ഒരു കാരണവശാലും ആരുടെയും വാക്ക് സംശയിക്കേണ്ടിവരില്ല. (വെളി. 20:7-10) എല്ലാവരുടെയും ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും ആയിരിക്കും. കാരണം, ‘വിശ്വസ്തദൈവവും’ നമ്മുടെ സ്നേഹവാനാം സ്വർഗീയപിതാവും ആയ യഹോവയെ പൂർണമായി അനുകരിക്കുന്നവരായിരിക്കും അന്ന് ജീവിക്കുന്ന എല്ലാവരും.—സങ്കീ. 31:5.
[28-ാം പേജിലെ ചിത്രം]
തന്റെ പിതാവിനു നൽകിയ വാഗ്ദാനത്തോട് സ്നാനം മുതൽ മരണം വരെ യേശു വിശ്വസ്തനായിരുന്നു
[30-ാം പേജിലെ ചിത്രം]
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉവ്വ് നിങ്ങൾ പാലിക്കുന്നുണ്ടോ?