അധ്യായം 35
പ്രശസ്തമായ ഗിരിപ്രഭാഷണം
മത്തായി 5:1–7:29; ലൂക്കോസ് 6:17-49
ഗിരിപ്രഭാഷണം
യേശു ഒരു രാത്രി മുഴുവൻ പ്രാർഥിക്കുന്നു. എന്നിട്ട് ശിഷ്യന്മാരിൽനിന്ന് 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു. യേശുവിനു നല്ല ക്ഷീണം കാണും. ഇപ്പോൾ പകൽ സമയമാണ്. ഇത്രയൊക്കെ ചെയ്തെങ്കിലും യേശുവിന് ഇപ്പോഴും ആളുകളെ സഹായിക്കാനുള്ള ആരോഗ്യവും ആഗ്രഹവും ഉണ്ട്. ഗലീലയിലെ ഒരു കുന്നിൻചെരിവിൽവെച്ച് യേശു ആളുകളെ സഹായിക്കുന്നു. യേശുവിന്റെ പ്രവർത്തനകേന്ദ്രമായ കഫർന്നഹൂമിന്റെ അടുത്തുതന്നെയായിരിക്കണം ഈ സ്ഥലം.
ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ കൂട്ടമായി യേശുവിന്റെ അടുക്കൽ എത്തിയിട്ടുണ്ട്. ചിലർ അങ്ങ് തെക്ക് യരുശലേമിൽനിന്നും യഹൂദ്യയുടെ പല ഭാഗങ്ങളിൽനിന്നും ഉള്ളവരാണ്. മറ്റു ചിലർ വടക്കുപടിഞ്ഞാറുള്ള തീരദേശനഗരങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും ആണ് എത്തിയിരിക്കുന്നത്. എന്തിനാണ് അവർ യേശുവിനെ അന്വേഷിച്ച് വന്നിരിക്കുന്നത്? “യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ ഭേദമാക്കിക്കിട്ടാനും” വേണ്ടി. അതുതന്നെയാണ് അവിടെ നടക്കുന്നതും. യേശു അവരെ ‘എല്ലാവരെയും സുഖപ്പെടുത്തുന്നു.’ ഒന്ന് ആലോചിച്ചു നോക്കിയേ! എല്ലാ രോഗികളുടെയും അസുഖം ഭേദമാകുന്നു. “അശുദ്ധാത്മാക്കൾ ബാധിച്ച് കഷ്ടപ്പെട്ടിരുന്ന”വരെപ്പോലും, അതായത് സാത്താന്റെ ദുഷ്ടാത്മാക്കൾ ബാധിച്ചവരെപ്പോലും, യേശു സഹായിക്കുന്നു.—ലൂക്കോസ് 6:17-19.
അടുത്തതായി യേശു കുന്നിൻചെരിവിൽ നിരപ്പായ ഒരു സ്ഥലം കണ്ടുപിടിക്കുന്നു. ജനമെല്ലാം ചുറ്റും കൂടുന്നു. യേശുവിന്റെ ശിഷ്യന്മാർ, പ്രത്യേകിച്ച് 12 അപ്പോസ്തലന്മാർ, സാധ്യതയനുസരിച്ച് തൊട്ടടുത്തുതന്നെയുണ്ട്. ഇത്രയെല്ലാം അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ള ഈ അധ്യാപകനിൽനിന്ന് കേട്ട് പഠിക്കാനുള്ള ഉത്സാഹത്തിലാണ് എല്ലാവരും. കേൾവിക്കാർക്കു ശരിക്കും പ്രയോജനം ചെയ്യുന്ന ഒരു പ്രസംഗം യേശു നടത്തുന്നു. അന്നുമുതൽ ഇങ്ങോട്ട് എത്രയെത്ര ആളുകൾ അതിൽനിന്നു പ്രയോജനം നേടിയിരിക്കുന്നു! നമുക്കും അതിൽനിന്ന് പ്രയോജനം നേടാം. കാരണം ആഴമേറിയ ആത്മീയവിവരങ്ങൾ വളരെ ലളിതമായും വ്യക്തമായും യേശു അവതരിപ്പിച്ചു. സാധാരണജീവിതാനുഭവങ്ങളിലേക്കും അവർക്കു പരിചയമുള്ള കാര്യങ്ങളിലേക്കും ആണ് യേശു അവരുടെ ശ്രദ്ധ തിരിച്ചുവിട്ടത്. അതുകൊണ്ടുതന്നെ ദൈവികമാർഗത്തിൽ ഒരു നല്ല ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും യേശു പറഞ്ഞ കാര്യങ്ങൾ മനസ്സിലാകും. യേശുവിന്റെ പ്രസംഗത്തിലെ എന്തെല്ലാം കാര്യങ്ങളാണ് അതിനെ ഇത്ര മൂല്യമുള്ളതാക്കുന്നത്?
ആരാണ് ശരിക്കും സന്തുഷ്ടർ?
എല്ലാവരും സന്തോഷമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു. ഇതു മനസ്സിലാക്കിക്കൊണ്ടുതന്നെ ആരാണു ശരിക്കും സന്തുഷ്ടർ എന്നു പറഞ്ഞുകൊണ്ടാണു യേശു തന്റെ പ്രസംഗം ആരംഭിക്കുന്നത്. അതു തീർച്ചയായും ആ കേൾവിക്കാരുടെ താത്പര്യം ഉണർത്തിയിരിക്കണം. പക്ഷേ ചില കാര്യങ്ങൾ അവരെ കുഴപ്പിക്കും.
യേശു പറയുന്നു: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക് ആശ്വാസം കിട്ടും. . . . നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടർ; കാരണം അവർ തൃപ്തരാകും. . . . നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്. എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും . . . ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ. . . . ആനന്ദിച്ച് ആഹ്ലാദിക്കുക.”—മത്തായി 5:3-12.
“സന്തുഷ്ടർ” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? വെറുതെ കളിച്ച് ചിരിച്ച് ഉല്ലസിച്ച് ആനന്ദിക്കുന്നതിനെ അല്ല യേശു അർഥമാക്കിയത്. ശരിക്കുള്ള സന്തോഷം ഉള്ളിന്റെ ഉള്ളിൽനിന്ന് വരേണ്ടതാണ്. ജീവിതത്തിൽ യഥാർഥ സംതൃപ്തിയും ചാരിതാർഥ്യവും ഉണ്ടായിരിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ ആത്മീയാവശ്യം തിരിച്ചറിയുന്നവരും പാപാവസ്ഥയിൽ ദുഃഖിക്കുന്നവരും ദൈവത്തെ അറിയുകയും സേവിക്കുകയും ചെയ്യുന്നവരും ആണ് യഥാർഥത്തിൽ സന്തുഷ്ടർ എന്നു യേശു പറയുന്നു. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതുകൊണ്ട് ആളുകൾ അവരെ വെറുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും അവർ സന്തുഷ്ടരാണ്. കാരണം അവർ ദൈവത്തെ സന്തോഷിപ്പിക്കുന്നെന്നും പ്രതിഫലമായി ദൈവം അവർക്കു നിത്യജീവൻ കൊടുക്കുമെന്നും അവർക്ക് അറിയാം.
എന്നാൽ ഇഷ്ടംപോലെ സമ്പത്തുണ്ടായിരിക്കുന്നതും ജീവിതസുഖങ്ങൾ ആസ്വദിക്കുന്നതും ആണ് സന്തോഷം തരുന്നത് എന്നാണു മിക്കവരും ചിന്തിക്കുന്നത്. പക്ഷേ യേശു പറയുന്നത് അതിനു നേർവിപരീതമായ ഒരു കാര്യമാണ്. തന്റെ കേൾവിക്കാരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു താരതമ്യം ഉപയോഗിച്ചുകൊണ്ട് യേശു പറയുന്നു: “ധനികരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾക്ക് ഇപ്പോൾത്തന്നെ മുഴുവനായി കിട്ടിക്കഴിഞ്ഞു. ഇപ്പോൾ തൃപ്തരായിരിക്കുന്നവരേ, നിങ്ങളുടെ കാര്യവും കഷ്ടം! കാരണം നിങ്ങൾ വിശന്നിരിക്കും. ഇപ്പോൾ ചിരിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ ദുഃഖിച്ച് കരയും. എല്ലാവരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങളുടെ കാര്യം കഷ്ടം! കാരണം അവരുടെ പൂർവികർ കള്ളപ്രവാചകന്മാരെയും അങ്ങനെ പുകഴ്ത്തിയിട്ടുണ്ടല്ലോ.”—ലൂക്കോസ് 6:24-26.
സമ്പത്തുണ്ടായിരിക്കുകയും സന്തോഷത്തോടെ ചിരിക്കുകയും മറ്റുള്ളവർ പുകഴ്ത്തുമ്പോൾ അത് ആസ്വദിക്കുകയും ചെയ്യുന്നവരുടെ കാര്യം കഷ്ടം എന്നു യേശു പറഞ്ഞത് എന്തുകൊണ്ടാണ്? കാരണം ഒരാൾക്ക് ഇതൊക്കെ ഉണ്ടായിരിക്കുകയും അയാൾ അതിനെ വിലപ്പെട്ടതായി കരുതുകയും ചെയ്യുമ്പോൾ ദൈവത്തെ സേവിക്കുന്നത് അവഗണിച്ചുകളയാനും അങ്ങനെ യഥാർഥസന്തോഷം നഷ്ടപ്പെടാനും സാധ്യതയുണ്ട്. പക്ഷേ ഒരാൾ പാവപ്പെട്ടവനായതുകൊണ്ടോ വിശന്നിരിക്കുന്നതുകൊണ്ടോ മാത്രം അയാൾ സന്തുഷ്ടനായിരിക്കും എന്നല്ല യേശു പറയുന്നത്. എന്നാൽ പരിമിതികളോ പ്രശ്നങ്ങളോ ഉള്ളവരാണ് പലപ്പോഴും യേശുവിന്റെ പഠിപ്പിക്കലുകളോടു നന്നായി പ്രതികരിക്കുകയും യഥാർഥസന്തോഷത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നത്.
തന്റെ ശിഷ്യന്മാരെക്കുറിച്ച് യേശു പറയുന്നു: “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്.” (മത്തായി 5:13) അവർ ഒരിക്കലും അക്ഷരാർഥത്തിലുള്ള ഉപ്പല്ല. ഉപ്പ് ഒരു സംരക്ഷകവസ്തുവാണ്. ദേവാലയത്തിലെ യാഗപീഠത്തിന്റെ അടുത്ത് വലിയ അളവിൽ ഉപ്പ് കൂട്ടിയിട്ടിരുന്നു, യാഗവസ്തുവിൽ ചേർക്കുന്നതിനായിരുന്നു അത്. കേടാകുകയോ അഴുകുകയോ ചെയ്യാതിരിക്കുന്നതിനെയും ഉപ്പ് സൂചിപ്പിക്കുന്നു. (ലേവ്യ 2:13; യഹസ്കേൽ 43:23, 24) യേശുവിന്റെ ശിഷ്യന്മാർ “ഭൂമിയുടെ ഉപ്പാണ്.” കാരണം ആത്മീയവും ധാർമികവും ആയി നശിച്ചുപോകാതെ ആളുകളെ സംരക്ഷിക്കാൻ അവർക്കു കഴിയും. അതെ, അവർ പ്രസംഗിക്കുന്ന സന്ദേശത്തിന് അതു സ്വീകരിക്കുന്നവരുടെ ജീവൻ രക്ഷിക്കാനാകും.
യേശു ശിഷ്യന്മാരോട് ഇങ്ങനെയും പറയുന്നു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.” വിളക്കു കത്തിച്ച് ആരും കൊട്ടകൊണ്ട് മൂടിവെക്കാറില്ല. പകരം എല്ലാവർക്കും വെളിച്ചം കിട്ടാൻ അതു വിളക്കുതണ്ടിൽ വെക്കും. അതുകൊണ്ട് യേശു പറയുന്നു: “നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.”—മത്തായി 5:14-16.
യേശുവിന്റെ അനുഗാമികൾക്കുള്ള ഉന്നതനിലവാരം
ദൈവനിയമത്തിന്റെ ലംഘകനായിട്ടാണു ജൂതമതനേതാക്കന്മാർ യേശുവിനെ വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത കാലത്ത് അവർ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തി. അതു മനസ്സിലാക്കിയ യേശു അവരോട് ഇങ്ങനെ തുറന്നുപറയുന്നു: “നിയമത്തെയോ പ്രവാചകന്മാരുടെ വാക്കുകളെയോ നീക്കിക്കളയാനാണു ഞാൻ വന്നതെന്നു വിചാരിക്കരുത്; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു ഞാൻ വന്നത്.”—മത്തായി 5:17.
അതെ, യേശുവിന് ദൈവനിയമത്തോടു വലിയ ആദരവുണ്ട്. അതുണ്ടായിരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യേശു ഇങ്ങനെപോലും പറയുന്നു: “അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ചെറിയ ഒന്നുപോലും ലംഘിക്കുകയോ ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കില്ല.” അങ്ങനെയുള്ള ഒരാൾ ദൈവരാജ്യത്തിൽ കടക്കുകപോലുമില്ല എന്നാണു യേശു ഉദ്ദേശിക്കുന്നത്. “എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും” എന്നും യേശു പറയുന്നു.—മത്തായി 5:19.
ദൈവനിയമം ലംഘിക്കാൻ ഇടയാക്കുന്ന മനോഭാവത്തെപ്പോലും യേശു കുറ്റംവിധിക്കുന്നു. “കൊല ചെയ്യരുത് ” എന്ന ദൈവനിയമത്തെക്കുറിച്ച് പറഞ്ഞശേഷം യേശു പറയുന്നു: “സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും.” (മത്തായി 5:21, 22) ആരോടെങ്കിലും ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതു ഗൗരവമുള്ള ഒരു കാര്യമാണ്. അതു ചിലപ്പോൾ കൊലപാതകത്തിലേക്കുപോലും നയിച്ചേക്കാം. അതുകൊണ്ട് സമാധാനമുണ്ടാക്കാൻ ഏതളവുവരെ പോകണമെന്നു യേശു വിശദീകരിക്കുന്നു: “നീ കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ. നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്ച അർപ്പിക്കുക.”—മത്തായി 5:23, 24.
ദൈവനിയമത്തിൽ കാണുന്ന മറ്റൊരു കല്പന വ്യഭിചാരത്തെ കുറ്റംവിധിക്കുന്നതാണ്. യേശു പറയുന്നു: “‘വ്യഭിചാരം ചെയ്യരുത് ’ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ ഹൃദയത്തിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” (മത്തായി 5:27, 28) പെട്ടെന്ന് ഒരു നിമിഷം ഒരു അധാർമികചിന്ത മനസ്സിലൂടെ കടന്നുപോകുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പകരം, ‘നോക്കിക്കൊണ്ടിരുന്നാൽ’ അത് എത്ര ഗൗരവമുള്ളതാണെന്ന് ഊന്നിപ്പറയുകയാണ് യേശു. തുടർച്ചയായി നോക്കിക്കൊണ്ടിരിക്കുന്നതു മിക്കപ്പോഴും കാമവികാരത്തെ ഉണർത്തുന്നു. ഒരവസരം കിട്ടിയാൽ അതു വ്യഭിചാരത്തിലേക്കു നയിച്ചേക്കാം. ഒരാൾക്ക് ഇത് എങ്ങനെ തടയാം? അങ്ങേയറ്റത്തെ നടപടികൾപോലും ആവശ്യമായിരിക്കാം. യേശു പറയുന്നു: “നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക; . . . നീ ഇടറിവീഴാൻ നിന്റെ വലതുകൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക.”—മത്തായി 5:29, 30.
ജീവൻ രക്ഷിക്കാൻവേണ്ടി ചിലർ ഗുരുതരമായ രോഗം ബാധിച്ച കൈയോ കാലോ മുറിച്ചുമാറ്റാൻ മനസ്സോടെ തയ്യാറായിട്ടുണ്ട്. എന്നാൽ അധാർമികചിന്തയും അതിന്റെ ഫലമായുണ്ടാകുന്ന പ്രവർത്തനങ്ങളും ഒഴിവാക്കാൻവേണ്ടി എന്തും, കണ്ണോ കൈയോ പോലെ അത്ര വിലപ്പെട്ടതുപോലും, ‘എറിഞ്ഞുകളയുന്നത് ’ അതിനെക്കാൾ പ്രധാനമാണെന്നാണ് യേശു പറയുന്നത്. “മുഴുശരീരവും ഗീഹെന്നയിൽ (യരുശലേമിന്റെ മതിലുകൾക്കു വെളിയിൽ കത്തിക്കൊണ്ടിരിക്കുന്ന ചവറ്റുകൂന) വീഴുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത് ” എന്നു യേശു വിശദീകരിക്കുന്നു. നിത്യമായ നാശത്തെയാണു ഗീഹെന്ന അർഥമാക്കുന്നത്.
നമ്മളെ ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്നവരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും യേശു ഉപദേശിക്കുന്നു. “ദുഷ്ടനോട് എതിർത്തുനിൽക്കരുത്; നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക” എന്നു യേശു പറയുന്നു. (മത്തായി 5:39) അതിന്റെ അർഥം നമ്മളെയോ നമ്മുടെ കുടുംബത്തെയോ ആക്രമിക്കാൻ വരുന്നവരെ ചെറുത്തുനിൽക്കരുത് എന്നല്ല. യേശു പറഞ്ഞ ഈ അടി ആരെയെങ്കിലും ഗുരുതരമായി മുറിവേൽപ്പിക്കാനോ കൊല്ലാനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച് അപമാനിക്കാൻവേണ്ടിയുള്ളതാണ്. ആരെങ്കിലും ഒന്ന് അടിക്കുകയോ അധിക്ഷേപവാക്കുകൾ പറയുകയോ ചെയ്തുകൊണ്ട് ഒരു തർക്കത്തിനോ വഴക്കിനോ തിരികൊളുത്തിയാൽ പകരംവീട്ടരുത് എന്നാണു യേശു പറയുന്നത്.
അയൽക്കാരനെ സ്നേഹിക്കുക എന്ന ദൈവനിയമത്തിനു ചേർച്ചയിലാണ് ആ ഉപദേശം. അതുകൊണ്ട് യേശു കേൾവിക്കാരെ ഇങ്ങനെ ഉപദേശിക്കുന്നു: “ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.” അതിനുള്ള ശക്തമായ കാരണവും യേശു ചൂണ്ടിക്കാണിക്കുന്നു: “അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും; കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും . . . ചെയ്യുന്നവനാണല്ലോ ദൈവം.”—മത്തായി 5:44, 45.
തന്റെ പ്രസംഗത്തിന്റെ ഈ ഭാഗം യേശു ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “അതുകൊണ്ട് നിങ്ങളുടെ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ.” (മത്തായി 5:48) ആളുകൾ എല്ലാ അർഥത്തിലും പൂർണരായിരിക്കാൻ യേശു ഉദ്ദേശിച്ചില്ലെന്നു വ്യക്തമാണ്. പക്ഷേ ദൈവത്തെ അനുകരിച്ചുകൊണ്ട് നമ്മൾ നമ്മുടെ സ്നേഹം വിശാലമാക്കണം, നമ്മുടെ ശത്രുക്കളെപ്പോലും സ്നേഹിക്കാൻ നമ്മൾ തയ്യാറാകണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.”—ലൂക്കോസ് 6:36.
പ്രാർഥനയും ദൈവത്തിലുള്ള ആശ്രയവും
തന്റെ പ്രസംഗം തുടരുന്ന യേശു കേൾവിക്കാരെ ഇങ്ങനെ ഉപദേശിക്കുന്നു: “ആളുകളെ കാണിക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച് നീതിപ്രവൃത്തികൾ ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക.” ദൈവഭക്തിയുടെ കപടനാട്യത്തെ കുറ്റംവിധിച്ചുകൊണ്ട് യേശു പറയുന്നു: “നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്. കപടഭക്തർ . . . അങ്ങനെ ചെയ്യാറുണ്ടല്ലോ.” (മത്തായി 6:1, 2) മറ്റാരെയും അറിയിക്കാതെ ദാനം ചെയ്യുന്നതാണു നല്ലത്.
അടുത്തതായി യേശു പറയുന്നു: “പ്രാർഥിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെയായിരിക്കരുത്. ആളുകളെ കാണിക്കാൻവേണ്ടി അവർ സിനഗോഗുകളിലും പ്രധാനതെരുവുകളുടെ മൂലകളിലും നിന്ന് പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നു.” പകരം യേശു പറയുന്നു: “പ്രാർഥിക്കുമ്പോൾ മുറിയിൽ കടന്ന് വാതിൽ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്കുക.” (മത്തായി 6:5, 6) ഒരിക്കലും പരസ്യമായി പ്രാർഥിക്കരുതെന്നല്ല യേശു ഉദ്ദേശിച്ചത്. കാരണം യേശുതന്നെ അങ്ങനെ പ്രാർഥിച്ചിട്ടുണ്ട്. കേൾവിക്കാരിൽ മതിപ്പുളവാക്കാനോ അവരുടെ പ്രശംസപിടിച്ചുപറ്റാനോ വേണ്ടിയുള്ള പ്രാർഥനയെയാണു യേശു കുറ്റംവിധിക്കുന്നത്.
യേശു ജനക്കൂട്ടത്തെ ഉപദേശിക്കുന്നു: “പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്.” (മത്തായി 6:7) ഒരേ കാര്യത്തെക്കുറിച്ച് ആവർത്തിച്ച് പ്രാർഥിക്കുന്നതു തെറ്റാണെന്നു യേശു പറയുന്നില്ല. കാണാപ്പാഠം പഠിച്ച കുറെ കാര്യങ്ങൾ ‘തന്നെയും പിന്നെയും ഉരുവിടുന്നതിനെ,’ അതായത് മനഃപാഠമാക്കിയ പ്രാർഥനകൾ വീണ്ടുംവീണ്ടും ചൊല്ലുന്നതിനെ, ആണ് യേശു കുറ്റപ്പെടുത്തുന്നത്. തുടർന്ന് യേശു ഏഴ് അപേക്ഷയുള്ള മാതൃകാപ്രാർഥന പഠിപ്പിക്കുന്നു. ആദ്യത്തെ മൂന്നെണ്ണം ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെയും ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ളതാണ്; അതായത് ദൈവത്തിന്റെ പേര് പരിശുദ്ധമാകാനും രാജ്യം വരാനും ദൈവത്തിന്റെ ഇഷ്ടം നടക്കാനും വേണ്ടിയുള്ളതാണ് അവ. ഈ കാര്യങ്ങളെക്കുറിച്ച് പ്രാർഥിച്ചതിനു ശേഷമേ നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി, അതായത്, അതതു ദിവസത്തേക്കുള്ള ആഹാരത്തിനും നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കും അതേപോലെ സഹിക്കാവുന്നതിലധികമായ പ്രലോഭനമുണ്ടാകാതിരിക്കാനും ദുഷ്ടനിൽനിന്ന് വിടുവിക്കാനും വേണ്ടി, അപേക്ഷിക്കാവൂ.
നമ്മുടെ വസ്തുവകകൾക്ക് നമ്മൾ എത്രമാത്രം പ്രാധാന്യം കൊടുക്കണം? യേശു ജനക്കൂട്ടത്തോട് പറയുന്നു: “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളൻ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ.” എത്ര ശരിയാണ്, അല്ലേ? ഭൗതികസമ്പത്ത് നശിച്ചുപോകുന്നതാണ്, അതു നശിക്കുകയും ചെയ്യും. അതുണ്ടായിരിക്കുന്നതുകൊണ്ട് ദൈവമുമ്പാകെയുള്ള നമ്മുടെ മൂല്യം കൂടുന്നില്ല. അതുകൊണ്ട് യേശു ഇങ്ങനെ പറയുന്നു: “സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ.” ദൈവത്തെ സേവിക്കുന്നതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിക്കൊണ്ട് നമുക്ക് ഇതു ചെയ്യാം. ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കാനോ നിത്യജീവനാകുന്ന നമ്മുടെ പ്രതിഫലം ഇല്ലാതാക്കാനോ മറ്റാർക്കും കഴിയില്ല. യേശുവിന്റെ വാക്കുകൾ എത്ര സത്യമാണ്: “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”—മത്തായി 6:19-21.
ഈ ആശയത്തിന് ഊന്നൽനൽകാൻവേണ്ടി യേശു ഒരു ദൃഷ്ടാന്തം പറയുന്നു: “കണ്ണാണു ശരീരത്തിന്റെ വിളക്ക്. നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും. എന്നാൽ കണ്ണ് അസൂയയുള്ളതാണെങ്കിൽ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും.” (മത്തായി 6:22, 23) കണ്ണു ശരിയായി പ്രവർത്തിക്കുമ്പോൾ, നമ്മുടെ ശരീരത്തിന് അതൊരു വിളക്കുപോലെയായിരിക്കും. പക്ഷേ അതിന് കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിച്ചിരിക്കണം. അങ്ങനെയല്ലെങ്കിൽ നമ്മൾ ജീവിതത്തെ വിലയിരുത്തുന്നതു തെറ്റായ രീതിയിലായിരിക്കും. ദൈവത്തെ സേവിക്കുന്നതിനു പകരം ഭൗതികവസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇരുട്ടിന്റെ കാര്യങ്ങളിലേക്കു തിരിഞ്ഞാൽ “ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും.”
പിന്നീട് യേശു ശക്തമായ ഒരു ദൃഷ്ടാന്തം പറയുന്നു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.”—മത്തായി 6:24.
യേശു പറയുന്നതു കേട്ടുകൊണ്ടിരുന്ന ചിലർക്കെങ്കിലും ഭൗതികാവശ്യങ്ങളെ എങ്ങനെ വീക്ഷിക്കണം എന്നതിനെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നിരിക്കാം. അതുകൊണ്ട് ദൈവസേവനം ഒന്നാമതു വെക്കുകയാണെങ്കിൽ അവർ ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് യേശു ഉറപ്പുകൊടുക്കുന്നു. “ആകാശത്തിലെ പക്ഷികളെ അടുത്ത് നിരീക്ഷിക്കുക. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു.”—മത്തായി 6:26.
പർവതത്തിൽ കാണുന്ന ലില്ലിച്ചെടികളുടെ കാര്യത്തിലോ? യേശു പറയുന്നു: “ശലോമോൻ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല.” എന്താണ് ഇതിന്റെ അർഥം? “ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ . . . നിങ്ങളെ എത്രയധികം!” (മത്തായി 6:29, 30) അതുകൊണ്ട് യേശു ജ്ഞാനത്തോടെ ഈ ഉപദേശം നൽകുന്നു: “‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടിക്കും,’ ‘ഞങ്ങൾ എന്ത് ഉടുക്കും’ എന്നൊക്കെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. . . . ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയപിതാവിന് അറിയാമല്ലോ. അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.
ജീവൻ എങ്ങനെ നേടാം?
അപ്പോസ്തലന്മാർക്കും ആത്മാർഥഹൃദയരായ മറ്റുള്ളവർക്കും ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കണമെന്നുണ്ട്. എന്നാൽ അവരുടെ കാര്യത്തിൽ അത് അത്ര എളുപ്പമല്ല. ഉദാഹരണത്തിന് പരീശന്മാരിൽ പലരും മറ്റുള്ളവരെ വിമർശിക്കുകയും കഠിനമായി വിധിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് തന്റെ കേൾവിക്കാരോട് യേശു പറയുന്നു: “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക! കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും.”—മത്തായി 7:1, 2.
അമിതമായി വിമർശിക്കുന്ന പരീശന്മാരുടെ വാക്കുകളനുസരിച്ച് ജീവിക്കുന്നത് അപകടമാണ്. അതു മനസ്സിലാക്കാൻ യേശു ഒരു ദൃഷ്ടാന്തം പറയുന്നു: “ഒരു അന്ധനു മറ്റൊരു അന്ധനെ വഴികാട്ടാൻ കഴിയുമോ? രണ്ടു പേരും കുഴിയിൽ വീഴില്ലേ?” അങ്ങനെയെങ്കിൽ യേശുവിന്റെ കേൾവിക്കാർ മറ്റുള്ളവരെ എങ്ങനെയാണു വീക്ഷിക്കേണ്ടത്? തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം കണ്ടുപിടിക്കരുത്, അത് ഗൗരവമുള്ള തെറ്റാണ്. യേശു ചോദിക്കുന്നു: “സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്, ‘നിൽക്ക്, ഞാൻ നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്താ, ആദ്യം സ്വന്തം കണ്ണിലെ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത് എടുത്തുകളയാനും നിനക്കു പറ്റും.”—ലൂക്കോസ് 6:39-42.
ഇതിന്റെ അർഥം ശിഷ്യന്മാർ ഒരു കാര്യവും വിലയിരുത്തരുത് എന്നല്ല. യേശു അവരോടു പറയുന്നു: “വിശുദ്ധമായതു നായ്ക്കൾക്ക് ഇട്ടുകൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്.” (മത്തായി 7:6) ദൈവവചനത്തിൽനിന്നുള്ള സത്യം മൂല്യവത്താണ്, ആലങ്കാരികമായി പറഞ്ഞാൽ വിലയേറിയ മുത്തുകൾപോലെയാണ് അവ. ചില ആളുകൾ മൃഗങ്ങളെപ്പോലെ പെരുമാറുന്നെങ്കിൽ, അതായത് മൂല്യവത്തായ സത്യങ്ങളോട് ഒരു വിലമതിപ്പും കാണിക്കുന്നില്ലെങ്കിൽ, ശിഷ്യന്മാർ അവരെ വിട്ടിട്ട് സത്യം സ്വീകരിക്കുന്നവരെ അന്വേഷിക്കണം.
യേശു വീണ്ടും പ്രാർഥനയെക്കുറിച്ച് പറയുമ്പോൾ തുടർച്ചയായി പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.” പ്രാർഥനയ്ക്ക് ഉത്തരം തരാൻ ദൈവം തയ്യാറാണെന്ന കാര്യം ഊന്നിപ്പറയാൻ യേശു ചോദിക്കുന്നു: “മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ? . . . മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികം കൊടുക്കും!”—മത്തായി 7:7-11.
പിന്നീട് പ്രശസ്തമായിത്തീർന്ന ഒരു പെരുമാറ്റച്ചട്ടത്തെക്കുറിച്ചാണ് യേശു അടുത്തതായി പറയുന്നത്: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.” മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ നമ്മളെല്ലാം ഇതു മനസ്സിൽപ്പിടിച്ച് പ്രവർത്തിക്കേണ്ടതല്ലേ? അങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ ബുദ്ധിമുട്ടായിരിക്കാം. യേശുവിന്റെ അടുത്ത നിർദേശം അതാണു കാണിക്കുന്നത്: “ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക. കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്; അനേകം ആളുകളും പോകുന്നത് അതിലൂടെയാണ്. എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്. കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.”—മത്തായി 7:12-14.
ജീവനിലേക്കു നയിക്കുന്ന വഴിയിൽനിന്ന് ശിഷ്യന്മാരെ വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്. അതുകൊണ്ട് യേശു ഈ മുന്നറിയിപ്പു കൊടുക്കുന്നു: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാണ്.” (മത്തായി 7:15) നല്ല മരം ഏത്, ചീത്ത മരം ഏത് എന്ന് അതിന്റെ ഫലം നോക്കിയാൽ അറിയാമെന്നു യേശു പറയുന്നു. ആളുകളുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. അങ്ങനെ കള്ളപ്രവാചകന്മാരെ അവരുടെ പഠിപ്പിക്കലിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും തിരിച്ചറിയാം. ഒരാളെ തന്റെ ശിഷ്യനാക്കുന്നത് അയാൾ പറയുന്ന കാര്യങ്ങൾ മാത്രമല്ല, അയാൾ എന്തു ചെയ്യുന്നു എന്നതുകൂടിയാണെന്നു യേശു വിശദീകരിക്കുന്നു. യേശു തങ്ങളുടെ കർത്താവാണെന്നു ചിലർ അവകാശപ്പെടുന്നു. പക്ഷേ അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നില്ലെങ്കിലോ? യേശു പറയുന്നു: “ഞാൻ അവരോട്, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാരികളേ, എന്റെ അടുത്തുനിന്ന് പോകൂ!’ എന്നു തീർത്തുപറയും.”—മത്തായി 7:23.
തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് യേശു പറയുന്നു: “എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും. മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാനം പാറയിലായിരുന്നു.” (മത്തായി 7:24, 25) ആ വീടു തകർന്നുവീഴാഞ്ഞത് എന്തുകൊണ്ടാണ്? അയാൾ “ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ട് ” പണിതതുകൊണ്ട്. (ലൂക്കോസ് 6:48) അതുകൊണ്ട് വെറുതേ യേശുവിന്റെ വാക്കുകൾ കേട്ടാൽ പോരാ, അതു ‘ചെയ്യാൻ’ നമ്മൾ കഠിനമായി ശ്രമിക്കണം.
“ഈ വചനങ്ങൾ കേട്ടനുസരിക്കാത്ത”വന്റെ കാര്യമോ? അയാൾ “മണലിൽ വീടു പണിത വിഡ്ഢിയെപ്പോലെയായിരിക്കും.” (മത്തായി 7:26) കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ആ വീടു തകർന്നുവീഴും.
യേശു ഇങ്ങനെ പഠിപ്പിക്കുന്നതു കണ്ട് ജനം അതിശയിച്ചുപോകുന്നു. അന്നത്തെ മതനേതാക്കന്മാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ് യേശു പഠിപ്പിക്കുന്നത്. സാധ്യതയനുസരിച്ച് അവിടെ കേട്ടുകൊണ്ടിരിക്കുന്ന പലരും യേശുവിന്റെ ശിഷ്യന്മാരായിത്തീരുന്നു.