പ്രലോഭനങ്ങളും നിരുത്സാഹവും മറികടക്കാനുള്ള ശക്തി ലഭിച്ചവർ
‘പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിക്കും.’—പ്രവൃ. 1:8.
1, 2. യേശു തന്റെ ശിഷ്യന്മാർക്ക് എന്തു സഹായം വാഗ്ദാനം ചെയ്തു, അവർക്ക് അത് ആവശ്യമായിരുന്നത് എന്തുകൊണ്ട്?
താൻ കൽപ്പിച്ചതെല്ലാം സ്വന്തം പ്രാപ്തികൊണ്ട് ശിഷ്യന്മാർക്ക് നിറവേറ്റാനാകില്ലെന്ന് യേശുവിന് അറിയാമായിരുന്നു. ബൃഹത്തായ ഒരു വേലയാണ് അവർക്ക് നിർവഹിക്കാനുണ്ടായിരുന്നത്; എതിരാളികളുടെ കരുത്തും ജഡത്തിന്റെ ബലഹീനതയും കൂടെ കണക്കിലെടുക്കുമ്പോൾ ആ വേല നിർവഹിക്കാൻ അവർക്ക് അമാനുഷശക്തിതന്നെ വേണ്ടിയിരുന്നു. അതുകൊണ്ട് സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു ശിഷ്യന്മാർക്ക് ഈ ഉറപ്പുനൽകി: “പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിച്ചിട്ട് നിങ്ങൾ യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.”—പ്രവൃ. 1:8.
2 എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവ് ലഭിക്കുകയും അവർ യെരുശലേമിനെ സുവിശേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തപ്പോൾ ആ വാക്കുകൾ നിറവേറാൻ തുടങ്ങി. പരിശുദ്ധാത്മാവിൽനിന്ന് ശക്തി പ്രാപിച്ചതിനാൽ ഒരു എതിർപ്പിനും അവരുടെ പ്രസംഗവേലയ്ക്കു തടയിടാനായില്ല. (പ്രവൃ. 4:20) ദൈവം നൽകുന്ന ആ ശക്തി അന്നുമുതലുള്ള യേശുവിന്റെ എല്ലാ വിശ്വസ്ത അനുഗാമികൾക്കും അത്യാവശ്യമായിരുന്നിട്ടുണ്ട്. നമുക്കും “യുഗസമാപ്തിയോളം എല്ലാനാളും” അത് കൂടിയേതീരൂ.—മത്താ. 28:20.
3. (എ) പരിശുദ്ധാത്മാവും ശക്തിയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുക. (ബി) യഹോവ നൽകുന്ന ശക്തി നമ്മെ എങ്ങനെ സഹായിക്കും?
3 ‘പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിക്കും’ എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞത് ശ്രദ്ധിക്കുക. ‘ആത്മാവ്,’ ‘ശക്തി’ എന്നീ പദങ്ങൾ ഒരേ കാര്യത്തെയല്ല അർഥമാക്കുന്നത്. ദൈവത്തിന്റെ ഹിതം നിറവേറ്റാനായി അവനിൽനിന്നു പുറപ്പെട്ട് വ്യക്തികളിലോ വസ്തുക്കളിലോ സ്വാധീനം ചെലുത്തുന്ന പ്രവർത്തനനിരതമായ ഊർജമാണ് ദൈവത്തിന്റെ ആത്മാവ്. എന്നാൽ, “ഊർജമുള്ള അവസ്ഥ” എന്നാണ് ശക്തിയെ നിർവചിച്ചിരിക്കുന്നത്, അതായത് പ്രവർത്തിക്കാനുള്ള ത്രാണി. പ്രവർത്തിക്കേണ്ട സമയംവരെ ആരിലെങ്കിലുമോ എന്തിലെങ്കിലുമോ അതിന് നിഷ്ക്രിയമായി സ്ഥിതിചെയ്യാനാകും. ‘പരിശുദ്ധാത്മാവിനെ’ ഒരു ബാറ്ററിക്ക് ചാർജുനൽകുന്ന വൈദ്യുതിയോടും ‘ശക്തിയെ,’ അങ്ങനെ ചാർജുചെയ്യപ്പെട്ട ബാറ്ററിയിൽ സ്ഥിതിചെയ്യുന്ന ഊർജത്തോടും ഉപമിക്കാനാകും. പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് യഹോവ നൽകുന്ന ശക്തി ക്രിസ്തീയ സമർപ്പണത്തിനൊത്ത് ജീവിക്കാൻ നമ്മെ ഓരോരുത്തരെയും സജ്ജരാക്കും. ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ പ്രലോഭനങ്ങളെ ചെറുക്കാനും അതിനു നമ്മെ സഹായിക്കാനാകും.—മീഖാ 3:8; എഫെസ്യർ 3:16 വായിക്കുക.
4. ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും, എന്തുകൊണ്ട്?
4 പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന ശക്തി നമുക്ക് എങ്ങനെ അനുഭവിച്ചറിയാനാകും? പരിശുദ്ധാത്മാവിന്റെ സ്വാധീനം വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കും? ദൈവത്തെ വിശ്വസ്തമായി സേവിക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് പല മാർഗതടസ്സങ്ങളും നേരിടേണ്ടിവരും. അവ സാത്താനിൽനിന്നു വരുന്നതോ അവന്റെ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുള്ളതോ നമ്മുടെ ജഡിക ബലഹീനത നിമിത്തമുണ്ടാകുന്നതോ ആകാം. ക്രിസ്തീയ ജീവിതം നയിക്കാനും ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കാനും യഹോവയുമായി ഒരു ഉറ്റബന്ധം നിലനിറുത്താനും നാം അത്തരം തടസ്സങ്ങൾ മറികടക്കേണ്ടിയിരിക്കുന്നു. പ്രലോഭനങ്ങളെ ചെറുക്കുന്നതിനും തളർച്ചയും നിരുത്സാഹവും തരണംചെയ്യുന്നതിനും പരിശുദ്ധാത്മാവ് സഹായിക്കുന്നത് എങ്ങനെയെന്ന് നമുക്കു നോക്കാം.
പ്രലോഭനങ്ങളെ ചെറുക്കാനുള്ള ശക്തി
5. പ്രാർഥന നമുക്കെങ്ങനെ ശക്തി പകരും?
5 “ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 6:13) ഇങ്ങനെ പ്രാർഥിക്കുന്ന വിശ്വസ്തരായ തന്റെ ദാസന്മാരെ യഹോവ ഒരുനാളും കൈവിടില്ല. “സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ . . . നൽകും” എന്ന് യേശു മറ്റൊരവസരത്തിൽ പറയുകയുണ്ടായി. (ലൂക്കോ. 11:13) ശരിയായതു ചെയ്യാൻ പ്രാപ്തിയേകുന്ന ഈ ആത്മാവിനെ നമുക്കു നൽകുമെന്ന യഹോവയുടെ വാഗ്ദാനം എത്ര വലിയ ആശ്വാസമാണ്! പ്രലോഭനങ്ങളൊന്നും ഉണ്ടാകാതെ യഹോവ നമ്മെ കാക്കും എന്നല്ല ഇതിന്റെ അർഥം. (1 കൊരി. 10:13) പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ നാം കൂടുതൽ തീവ്രമായി പ്രാർഥിക്കേണ്ടതുണ്ട്.—മത്താ. 26:42.
6. സാത്താന്റെ പ്രലോഭനങ്ങളെ യേശു നേരിട്ടത് എങ്ങനെ?
6 സാത്താനിൽനിന്ന് പ്രലോഭനം ഉണ്ടായപ്പോൾ തിരുവെഴുത്തുകൾ ഉപയോഗിച്ചാണ് യേശു അതിനെ നേരിട്ടത്. “എന്ന് എഴുതിയിരിക്കുന്നുവല്ലോ,” “എന്നുകൂടെ എഴുതിയിരിക്കുന്നു,” “സാത്താനേ, ദൂരെപ്പോകൂ! ‘നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്; അവനെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിരിക്കുന്നു” എന്നൊക്കെ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിൽ ദൈവവചനം നിറഞ്ഞുനിന്നിരുന്നു. യഹോവയോടും അവന്റെ വചനത്തോടുമുള്ള സ്നേഹമാണ് സാത്താന്റെ പ്രലോഭനങ്ങളെ തിരസ്കരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്. (മത്താ. 4:1-10) എത്ര ശ്രമിച്ചിട്ടും യേശു വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ സാത്താൻ അവനെ വിട്ടുപോയി.
7. പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നത് എങ്ങനെ?
7 സാത്താന്റെ പ്രലോഭനങ്ങളെ ചെറുക്കാൻ യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചെങ്കിൽ നാം എത്രയധികം അങ്ങനെ ചെയ്യേണ്ടതാണ്! സാത്താനും അവന്റെ പിണയാളുകളും കൊണ്ടുവരുന്ന പ്രലോഭനങ്ങളെ ചെറുക്കുന്നതിന് നാം ആദ്യംതന്നെ ചെയ്യേണ്ട ഒരു കാര്യമുണ്ട്: ദൈവത്തിന്റെ നിലവാരങ്ങൾ മനസ്സിലാക്കാനും അതിനു ചേർച്ചയിൽ ജീവിക്കാനും നിശ്ചയിച്ചുറയ്ക്കുക. ദൈവവചനം പഠിക്കാനും അതിലൂടെ ദിവ്യനീതിയും ജ്ഞാനവും മനസ്സിലാക്കാനും അവസരം ലഭിച്ച, അതിന്റെ മൂല്യം തിരിച്ചറിഞ്ഞ, അനേകർ ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ പ്രേരിതരായിരിക്കുന്നു. അതെ, “ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും” വിവേചിക്കാനുള്ള ശക്തി ‘ദൈവത്തിന്റെ വചന’ത്തിനുണ്ട്. (എബ്രാ. 4:12) തിരുവെഴുത്തുകൾ എത്രയധികം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുവോ അത്രയധികം, ‘യഹോവയുടെ സത്യത്താൽ നാം ബുദ്ധിപഠിക്കും.’ (ദാനീ. 9:13) അതുകൊണ്ട് സ്വന്തം ബലഹീനതകളുമായി ബന്ധപ്പെട്ട തിരുവെഴുത്തുകളെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കുന്നത് ഗുണംചെയ്യും.
8. നമ്മിൽ പരിശുദ്ധാത്മാവ് നിറയാൻ നാം എന്തു ചെയ്യണം?
8 യേശുവിന് തിരുവെഴുത്തു പരിജ്ഞാനം ഉണ്ടായിരുന്നെന്നു മാത്രമല്ല അവൻ “പരിശുദ്ധാത്മാവ് നിറഞ്ഞ”വനുമായിരുന്നു. അതുകൊണ്ടാണ് പ്രലോഭനങ്ങളെ മറികടക്കാൻ അവനു കഴിഞ്ഞത്. (ലൂക്കോ. 4:1) സമാനമായി പ്രലോഭനങ്ങളെ ചെറുക്കാൻ വേണ്ട ഉൾക്കരുത്തും പ്രാപ്തിയും നേടിയെടുക്കാൻ നാം യഹോവയോട് അടുത്തു ചെല്ലണം. ബൈബിൾ പഠനം, പ്രാർഥന, സഹവിശ്വാസികളുമായുള്ള സഹവാസം എന്നിങ്ങനെയുള്ള ദിവ്യകരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നെങ്കിൽ നമ്മിൽ പരിശുദ്ധാത്മാവ് നിറയും; അങ്ങനെ ദൈവത്തോട് അടുത്തു ചെല്ലാൻ നമുക്കാകും. (യാക്കോ. 4:7, 8) ഇത്തരം ക്രിസ്തീയ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്നതിന്റെ പ്രയോജനം പലരും തിരിച്ചറിഞ്ഞിരിക്കുന്നു; പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയ ചിന്തകളിൽ മനസ്സ് കേന്ദ്രീകരിക്കാൻ അത് സഹായിക്കും.
9, 10. (എ) ക്രിസ്ത്യാനികൾക്ക് സാധാരണ നേരിട്ടേക്കാവുന്ന ചില പ്രലോഭനങ്ങൾ ഏവ? (ബി) തളർച്ച തോന്നുമ്പോൾപ്പോലും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ ധ്യാനവും പ്രാർഥനയും എങ്ങനെ സഹായിക്കും?
9 ഏതൊക്കെ പ്രലോഭനങ്ങളാണ് നിങ്ങൾക്ക് നേരിടേണ്ടിവരുന്നത്? നിങ്ങളുടെ ഇണയല്ലാത്ത ആരെങ്കിലുമായി ശൃംഗരിക്കാൻ എപ്പോഴെങ്കിലും പ്രലോഭനം തോന്നിയിട്ടുണ്ടോ? നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലാത്ത ഒരാളാണെങ്കിൽ അവിശ്വാസിയായ ആരുടെയെങ്കിലും പ്രേമാഭ്യർഥന സ്വീകരിക്കാനുള്ള പ്രലോഭനം ഉണ്ടായിട്ടുണ്ടോ? ടിവി കാണുമ്പോഴോ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ ഓർക്കാപ്പുറത്തായിരിക്കാം അശ്ലീലം വീക്ഷിക്കാനുള്ള പ്രലോഭനം ഉണ്ടാകുന്നത്. ഇങ്ങനെയൊരു സാഹചര്യം നിങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടോ? അപ്പോൾ നിങ്ങൾ എന്താണ് ചെയ്തത്? ഒരു ചെറിയ തെറ്റ് മറ്റൊന്നിലേക്കും പിന്നീട് അത് വലിയ തെറ്റിലേക്കും നയിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. (യാക്കോ. 1:14, 15) നിങ്ങൾ ഗുരുതരമായ തെറ്റു ചെയ്യാൻ ഇടവന്നാൽ അത് യഹോവയെയും സഭയിലുള്ളവരെയും നിങ്ങളുടെ കുടുംബത്തെയും എത്രമാത്രം വേദനിപ്പിക്കും എന്ന് ചിന്തിച്ചുനോക്കൂ. നേരെമറിച്ച്, ദിവ്യതത്ത്വങ്ങളോടു പറ്റിനിന്നാൽ നിങ്ങൾക്ക് ഒരു ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കാനാകും. (സങ്കീർത്തനം 119:37; സദൃശവാക്യങ്ങൾ 22:3 വായിക്കുക.) അത്തരം പരിശോധനകൾ ഉണ്ടാകുമ്പോൾ അവയെ തരണംചെയ്യാൻ വേണ്ട ശക്തിക്കായി പ്രാർഥിക്കാൻ ഒരു കാരണവശാലും മറക്കരുത്.
10 സാത്താന്റെ പ്രലോഭനങ്ങളെക്കുറിച്ച് നാം മറ്റൊരു കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ്. മരുഭൂമിയിലെ യേശുവിന്റെ 40 ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോഴാണ് സാത്താൻ അവനെ പരീക്ഷിച്ചത്. യേശുവിന്റെ വിശ്വസ്തത പരീക്ഷിക്കാൻ പറ്റിയ ‘അവസരം’ ഇതാണെന്ന് സാത്താൻ കരുതി. (ലൂക്കോ. 4:13) നമ്മുടെ വിശ്വസ്തത പരീക്ഷിക്കാനും സാത്താൻ തക്കംപാർത്തിരിക്കുകയാണ്. നാം ആത്മീയമായി ശക്തരായിരിക്കേണ്ടത് പ്രധാനമാണെന്നല്ലേ ഇതു കാണിക്കുന്നത്? പലപ്പോഴും, തന്റെ ഇരകൾ തീർത്തും ദുർബലരായിരിക്കുന്ന സമയത്താണ് അവരെ ആക്രമിക്കാൻ സാത്താൻ തുനിയുന്നത്. അതുകൊണ്ട് തളർച്ചയോ നിരാശയോ തോന്നുമ്പോൾ സംരക്ഷണത്തിനും സഹായത്തിനും പരിശുദ്ധാത്മാവിനും വേണ്ടി മുമ്പെന്നത്തെക്കാൾ അധികം നാം യഹോവയോടു മുട്ടിപ്പായി അപേക്ഷിക്കണം.—2 കൊരി. 12:8-10.
തളർച്ചയെയും നിരുത്സാഹത്തെയും അതിജീവിക്കാനുള്ള ശക്തി
11, 12. (എ) ഇന്ന് പലർക്കും നിരുത്സാഹം തോന്നുന്നത് എന്തുകൊണ്ട്? (ബി) നിരുത്സാഹത്തെ തരണംചെയ്യാൻ വേണ്ട ശക്തി നമുക്ക് എങ്ങനെ ലഭിക്കും?
11 അപൂർണ മനുഷ്യരായതിനാൽ നമുക്ക് ഇടയ്ക്കിടെ നിരുത്സാഹം തോന്നുന്നതിൽ അതിശയിക്കാനില്ല; സമ്മർദങ്ങൾ നിറഞ്ഞ കാലത്തു ജീവിക്കുന്നതിനാൽ വിശേഷിച്ചും ഇതു സത്യമാണ്. മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും അധികം പ്രശ്നങ്ങൾ നിറഞ്ഞ കാലഘട്ടം ഇതായിരിക്കണം. (2 തിമൊ. 3:1-5) അർമ്മഗെദ്ദോൻ അടുത്തുവരുന്തോറും സാമ്പത്തിക പ്രശ്നങ്ങളും വൈകാരിക സമ്മർദങ്ങളും ഒന്നിനൊന്ന് വർധിക്കുകയാണ്. കുടുംബത്തെ പോറ്റുന്നത് പലർക്കും കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. അവർക്കു മടുപ്പും ക്ഷീണവും തളർച്ചയും ഒക്കെ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ അവസ്ഥ ഇതാണോ? എങ്കിൽ പിടിച്ചുനിൽക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?
12 ശിഷ്യന്മാർക്ക് ഒരു സഹായിയെ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ, നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തിരുന്നു. (യോഹന്നാൻ 14:16, 17 വായിക്കുക.) പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയുടെ ഉറവാണത്. “നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും എല്ലാം ഉപരിയായി” ഏതു പരിശോധനയിലും സഹിച്ചുനിൽക്കാൻ വേണ്ട ശക്തി പരിശുദ്ധാത്മാവിലൂടെ നൽകാൻ യഹോവയ്ക്കാകും. (എഫെ. 3:20) പരിശുദ്ധാത്മാവിൽ ആശ്രയിച്ചാൽ, ‘എല്ലാവിധത്തിലും ഞെരുക്കപ്പെടുമ്പോഴും’ നമുക്ക് “അസാമാന്യശക്തി” ലഭിക്കും എന്ന് പൗലോസ് അപ്പൊസ്തലൻ പറയുകയുണ്ടായി. (2 കൊരി. 4:7, 8) സമ്മർദങ്ങളെല്ലാം നീക്കിത്തരാമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ, തന്റെ ആത്മാവിലൂടെ അവ നേരിടാൻ വേണ്ട കരുത്ത് പകരുമെന്ന് അവൻ ഉറപ്പുതന്നിരിക്കുന്നു.—ഫിലി. 4:13.
13. (എ) ബുദ്ധിമുട്ടേറിയ ഒരു സാഹചര്യവുമായി പൊരുത്തപ്പെടാൻ ഒരു യുവക്രിസ്ത്യാനിക്ക് സാധിച്ചിരിക്കുന്നത് എങ്ങനെ? (ബി) ഇതുപോലെ മറ്റാരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?
13 സ്റ്റെഫാനി (19) എന്ന ഒരു സാധാരണ പയനിയറുടെ കാര്യമെടുക്കുക. 12-ാം വയസ്സിൽ മസ്തിഷ്കാഘാതം ഉണ്ടായപ്പോഴാണ് അവൾക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലാകുന്നത്. അതിനുശേഷം രണ്ടുതവണ അവൾ ശസ്ത്രക്രിയയ്ക്കു വിധേയയായി, റേഡിയേഷൻ എടുക്കേണ്ടിവന്നു. പിന്നീട് രണ്ടുവട്ടംകൂടി മസ്തിഷ്കാഘാതം ഉണ്ടായി, ഇടതുവശം ഭാഗികമായി തളർന്നു, കാഴ്ചശക്തിയും കുറഞ്ഞു. എല്ലാകാര്യങ്ങളും ചെയ്യാനുള്ള ആരോഗ്യം സ്റ്റെഫാനിക്ക് ഇപ്പോഴില്ല. അതുകൊണ്ട് ക്രിസ്തീയ യോഗങ്ങളും വയൽസേവനവും പോലെ പ്രാധാന്യമേറിയ കാര്യങ്ങൾമാത്രം ചെയ്യാൻ അവൾ ശ്രമിക്കുന്നു. പക്ഷേ, സഹിച്ചുനിൽക്കാൻ യഹോവയുടെ ആത്മാവ് തന്നെ പലവിധങ്ങളിൽ സഹായിക്കുന്നത് അവൾക്ക് അനുഭവവേദ്യമാണ്. ആശയറ്റുപോയ അവസരങ്ങളിൽ സഹക്രിസ്ത്യാനികളുടെ അനുഭവങ്ങളടങ്ങിയ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ അവൾക്ക് പുതുജീവൻ പകർന്നിട്ടുണ്ട്. കത്തുകൾ അയച്ചുകൊണ്ടും യോഗങ്ങൾക്കു മുമ്പും പിമ്പും പ്രോത്സാഹനം പകർന്നുകൊണ്ടും സഹോദരീസഹോദരന്മാർ അവൾക്ക് താങ്ങായി വർത്തിച്ചിരിക്കുന്നു. സ്റ്റെഫാനിയുടെ ബൈബിൾ വിദ്യാർഥികളിൽ പലരും അവളോട് നന്ദി കാണിക്കുന്നത് എങ്ങനെയാണെന്നോ? ബൈബിളധ്യയനത്തിനായി അവർ അവളുടെ വീട്ടിൽ ചെല്ലും. ഇതിനെല്ലാം സ്റ്റെഫാനി യഹോവയോടു വളരെ നന്ദിയുള്ളവളാണ്. സങ്കീർത്തനം 41:3 ആണ് അവളുടെ പ്രിയപ്പെട്ട വാക്യം. തന്റെ കാര്യത്തിൽ അത് അക്ഷരംപ്രതി സത്യമാണെന്ന് അവൾ വിശ്വസിക്കുന്നു.
14. ക്ഷീണവും തളർച്ചയും തോന്നുമ്പോൾ എന്തു ചെയ്യരുത്, എന്തുകൊണ്ട്?
14 നമുക്ക് ക്ഷീണവും തളർച്ചയും തോന്നുമ്പോൾ, സമ്മർദം അനുഭവപ്പെടുമ്പോൾ, ആത്മീയ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കിയേക്കാം എന്ന് ചിന്തിക്കരുത്. അത് ഒരിക്കലും ഒരു പരിഹാരമല്ല, മറിച്ച് ശുദ്ധമണ്ടത്തരമാണ്. കാരണം? വ്യക്തിപരവും കുടുംബം ഒത്തൊരുമിച്ചും ഉള്ള ബൈബിൾ പഠനം, വയൽസേവനം, യോഗങ്ങൾ എന്നിവയിലൂടെയാണ് നമുക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. മുന്നോട്ടു പോകാനുള്ള കരുത്ത് പകരുന്നത് അതാണല്ലോ. ക്രിസ്തീയ പ്രവർത്തനങ്ങൾ നമുക്ക് നവോന്മേഷമേ പകരൂ. (മത്തായി 11:28, 29 വായിക്കുക.) തളർന്ന് അവശരായി യോഗങ്ങൾക്ക് വരുന്നവർ ഊർജസ്വലരായി വീട്ടിലേക്ക് മടങ്ങിയിട്ടുള്ള അനുഭവങ്ങൾ എത്രയെത്ര! ചാർജുപോയ ബാറ്ററിക്ക് ചാർജ് കിട്ടിയതുപോലെ.
15. (എ) ക്രിസ്ത്യാനിയുടെ ജീവിതം ആയാസരഹിതമായിരിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ടോ? തിരുവെഴുത്ത് ഉപയോഗിച്ച് വിശദീകരിക്കുക. (ബി) യഹോവ നമുക്ക് എന്ത് ഉറപ്പുനൽകിയിരിക്കുന്നു, അത് എന്തു ചോദ്യം ഉയർത്തുന്നു?
15 ക്രിസ്തീയ പ്രവർത്തനങ്ങൾ ആയാസരഹിതമാണ് എന്നല്ല പറഞ്ഞുവരുന്നത്. ഒരു വിശ്വസ്ത ക്രിസ്ത്യാനിയായി ജീവിക്കാൻ ശ്രമം ആവശ്യമാണ്. (മത്താ. 16:24-26; ലൂക്കോ. 13:24) എന്നാൽ ക്ഷീണിച്ചിരിക്കുന്നവന് പരിശുദ്ധാത്മാവിനെ നൽകി ശക്തി പകരാൻ യഹോവയ്ക്കാകും. യെശയ്യാ പ്രവാചകൻ ഇങ്ങനെ എഴുതുകയുണ്ടായി: “യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശ. 40:29-31) എന്നാൽ ഒരു ചോദ്യം: ക്രിസ്തീയ പ്രവർത്തനങ്ങൾ ക്ഷീണിപ്പിക്കുന്നു എന്നു തോന്നാൻ വാസ്തവത്തിൽ എന്താണ് കാരണം?
16. നിരുത്സാഹവും തളർച്ചയും ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
16 “പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാൻ” ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (ഫിലി. 1:10) ക്രിസ്തീയ ജീവിതത്തെ ഒരു ദീർഘദൂര ഓട്ടവുമായി താരതമ്യം ചെയ്തുകൊണ്ട് നിശ്വസ്തതയിൽ പൗലോസ് അപ്പൊസ്തലൻ പറഞ്ഞു: “(നമുക്ക്) സർവഭാരവും . . . വിട്ട് മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം.” (എബ്രാ. 12:1) അനാവശ്യ കാര്യങ്ങൾക്കു പിന്നാലെ പോയി അനാവശ്യ ഭാരങ്ങൾ തലയിലേറ്റുന്നെങ്കിൽ നാം പെട്ടെന്ന് തളർന്നുപോകുമെന്നും അതുകൊണ്ട് അവ ഒഴിവാക്കണമെന്നും ആണ് പൗലോസ് പറഞ്ഞത്. തിരക്കുപിടിച്ച ഒരു ജീവിതത്തിലേക്ക് വീണ്ടും പല കാര്യങ്ങൾ കുത്തിത്തിരുകാൻ നമ്മിൽ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. നിങ്ങൾക്ക് കൂടെക്കൂടെ ക്ഷീണവും സമ്മർദവും അനുഭവപ്പെടുന്നെങ്കിൽ ഒരു ആത്മപരിശോധന എന്തുകൊണ്ടും നല്ലതാണ്. ലൗകിക ജോലിക്കുവേണ്ടി എത്രമാത്രം സമയവും ഊർജവും ചെലവഴിക്കുന്നുണ്ട്, ഒഴിവുസമയം ചെലവിടാൻ എത്ര കൂടെക്കൂടെയാണ് യാത്ര ചെയ്യുന്നത്, സ്പോർട്സിനും മറ്റ് ഉല്ലാസങ്ങൾക്കും എത്ര സമയം നീക്കിവെക്കുന്നു എന്നൊക്കെ ആലോചിച്ചുനോക്കുക. ന്യായബോധവും താഴ്മയും ഉണ്ടെങ്കിൽ നാം നമ്മുടെ പരിമിതികൾ മനസ്സിലാക്കി അത്യാവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കും.
17. ചിലർക്ക് നിരുത്സാഹം തോന്നാൻ എന്താണ് കാരണം, പക്ഷേ യഹോവ എന്ത് ഉറപ്പുനൽകിയിരിക്കുന്നു?
17 പ്രതീക്ഷിച്ച അത്ര പെട്ടെന്ന് വ്യവസ്ഥിതിയുടെ അന്ത്യം വരാത്തതുകാരണം ചിലർക്ക് കുറച്ചൊക്കെ നിരാശ തോന്നിയേക്കാം. (സദൃ. 13:12) അങ്ങനെയുള്ളവർക്ക് ആശ്വാസം പകരുന്നതാണ് ഹബക്കൂക്ക് 2:3-ലെ വാക്കുകൾ: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” അതെ, താൻ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ വ്യവസ്ഥിതിയുടെ അന്ത്യം വരുമെന്ന് യഹോവ ഉറപ്പുതന്നിരിക്കുന്നു!
18. (എ) ഏതു വാഗ്ദാനങ്ങൾ നിങ്ങൾക്കു ശക്തി പകരുന്നു? (ബി) അടുത്ത ലേഖനത്തിൽ ഏതു വിലപ്പെട്ട വിവരങ്ങൾ അടങ്ങിയിരിക്കുന്നു?
18 തളർച്ചയും നിരുത്സാഹവും പഴങ്കഥയായി മാറുന്ന, സകലരും ‘യൗവനചൈതന്യത്തോടെ’ ജീവിക്കുന്ന നാളിനായി കാത്തുകാത്തിരിക്കുകയാണ് യഹോവയുടെ വിശ്വസ്ത ദാസന്മാരെല്ലാം. (ഇയ്യോ. 33:25) എന്നാൽ ഇന്നുപോലും, നവോന്മേഷം പകരുന്ന ക്രിസ്തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നതിനാൽ നമ്മിലെ ആന്തരികമനുഷ്യൻ ബലംപ്രാപിക്കും. (2 കൊരി. 4:16; എഫെ. 3:16) നാം തളർന്നുപോയി നമുക്ക് നിത്യാനുഗ്രഹങ്ങൾ നഷ്ടപ്പെടാൻ ഇടവരരുത്. പ്രലോഭനങ്ങളോ തളർച്ചയോ നിരുത്സാഹമോ ഒക്കെയായിരിക്കാം നമ്മുടെ പ്രശ്നങ്ങൾക്കു പിന്നിൽ. എന്നാൽ ആ പ്രശ്നങ്ങളെല്ലാം പൊയ്പ്പോകും, ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്റെ പുതിയ ലോകത്തിൽ! പീഡനങ്ങൾ സഹിക്കാനും തരപ്പടിക്കാരുടെ ദുസ്സ്വാധീനത്തെ ചെറുക്കാനും മറ്റു ദുരിതങ്ങൾ നേരിടുമ്പോൾ പിടിച്ചുനിൽക്കാനും പരിശുദ്ധാത്മാവ് ക്രിസ്ത്യാനികളെ ശക്തീകരിക്കുന്നത് എങ്ങനെയെന്നാണ് നാം അടുത്ത ലേഖനത്തിൽ പഠിക്കുന്നത്.
ഉത്തരം പറയാമോ?
• ബൈബിൾ വായന നമുക്ക് ശക്തി പകരുന്നത് എങ്ങനെ?
• പ്രാർഥനയും ധ്യാനവും നമ്മെ ശക്തീകരിക്കുന്നത് എങ്ങനെ?
• തളർച്ചയും നിരുത്സാഹവും ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
[24-ാം പേജിലെ ചിത്രം]
ക്രിസ്തീയ യോഗങ്ങൾ നമുക്ക് ഉന്മേഷം പകരും