നീതി അന്വേഷിക്കുന്നവർ സംരക്ഷിക്കപ്പെടും
‘മുമ്പെ [ദൈവത്തിന്റെ] നീതി അന്വേഷിപ്പിൻ.’—മത്തായി 6:33.
1, 2. ഒരു ക്രിസ്തീയ യുവതി എന്തു തീരുമാനം കൈക്കൊണ്ടു, എന്തു കാരണത്താൽ?
ഗവൺമെന്റ് ഓഫീസിൽ സെക്രട്ടറി ആയിരുന്ന ഏഷ്യയിലെ ഒരു ക്രിസ്തീയ യുവതി ദിവസവും നേരത്തേതന്നെ ഓഫീസിലെത്തി ഒട്ടും സമയം പാഴാക്കാതെ ആത്മാർഥതയോടെ ജോലി ചെയ്തിരുന്നു. എന്നാൽ അവളുടെ നിയമനം താത്കാലികം ആയിരുന്നു. അതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ട സമയമായപ്പോൾ, താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ജോലി സ്ഥിരമാക്കാമെന്നും എന്തിന്, സ്ഥാനക്കയറ്റം നൽകാമെന്നുപോലും മേലുദ്യോഗസ്ഥൻ അവളോടു പറഞ്ഞു. ജോലി നഷ്ടപ്പെടുമായിരുന്നെങ്കിൽപ്പോലും അവൾ അത് ഉടനടി നിഷേധിച്ചു.
2 ആ ക്രിസ്തീയ യുവതി യാഥാർഥ്യബോധമില്ലാതെ പ്രവർത്തിക്കുകയായിരുന്നോ? അല്ല, ‘മുമ്പെ [ദൈവത്തിന്റെ] നീതി അന്വേഷിപ്പിൻ’ എന്ന യേശുവിന്റെ വാക്കുകൾ അടുത്തു പിൻപറ്റുകയായിരുന്നു അവൾ. (മത്തായി 6:33) ലൈംഗിക അധാർമികതയിലൂടെ നേട്ടം കൈവരിക്കുന്നതിനെക്കാൾ നീതിനിഷ്ഠമായ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നതായിരുന്നു അവൾക്ക് ഏറെ പ്രധാനം.—1 കൊരിന്ത്യർ 6:18.
നീതി—അതിന്റെ പ്രാധാന്യം
3. നീതി എന്നാൽ എന്ത്?
3 ധാർമിക നൈർമല്യത്തെയും സത്യസന്ധതയെയുമാണ് “നീതി” അർഥമാക്കുന്നത്. ബൈബിളിൽ നീതി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങളുടെ അർഥം “പരമാർഥത” അല്ലെങ്കിൽ “നേര്” എന്നാണ്. സ്വന്തം നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെത്തന്നെ വിലയിരുത്തുന്ന സ്വയനീതിയല്ല അത്. (ലൂക്കൊസ് 16:15) മറിച്ച് അത്, യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള ധാർമിക വൈശിഷ്ട്യം അഥവാ ദൈവികനീതിയാണ്.—റോമർ 1:17; 3:21.
4. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നീതി പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
4 നീതി പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ ‘നീതിമാനായ ദൈവ’മാണ്. അവന്റെ ജനം നീതിനിഷ്ഠമായ ജീവിതം നയിക്കുമ്പോൾ അവൻ അവരോടു പ്രീതി കാട്ടുന്നു. (സങ്കീർത്തനം 4:1; സദൃശവാക്യങ്ങൾ 2:20-22; ഹബക്കൂക് 1:13) അനീതി പ്രവർത്തിക്കുന്ന ആർക്കും അവനുമായി അടുത്ത ബന്ധം ആസ്വദിക്കാനാവില്ല. (സദൃശവാക്യങ്ങൾ 15:8) അതുകൊണ്ടാണ് “യൌവനമോഹങ്ങളെ വിട്ടോടി” മറ്റു സുപ്രധാന ഗുണങ്ങളോടൊപ്പം “നീതി . . . ആചരിക്ക” എന്ന് പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചത്. (2 തിമൊഥെയൊസ് 2:22) നമ്മുടെ ആത്മീയ പടച്ചട്ടയുടെ വിവിധ ഭാഗങ്ങളെക്കുറിച്ചു പരാമർശിക്കവേ “നീതി എന്ന കവചം” പൗലൊസ് ഉൾപ്പെടുത്തിയതും അതുകൊണ്ടാണ്.—എഫെസ്യർ 6:14.
5. അപൂർണരായ മനുഷ്യർക്കു നീതി അന്വേഷിക്കാൻ കഴിയുന്നത് എങ്ങനെ?
5 തീർച്ചയായും, പരിപൂർണ അർഥത്തിൽ നീതിമാനായ ഒരു വ്യക്തിയും ഇല്ല. സകലർക്കും ആദാമിൽനിന്ന് അപൂർണത പാരമ്പര്യമായി കൈമാറിക്കിട്ടിയിരിക്കുന്നു. എല്ലാവരും ജനനംമുതൽ പാപപൂർണരും നീതികെട്ടവരും ആണ്. എങ്കിലും നാം നീതി അന്വേഷിക്കണമെന്ന് യേശു പറഞ്ഞു. അത് എങ്ങനെ സാധിക്കും? യേശു തന്റെ പൂർണതയുള്ള ജീവൻ നമുക്ക് മറുവിലയായി നൽകിയിരിക്കുന്നു, നാം ആ ബലിയിൽ വിശ്വാസം അർപ്പിക്കുന്നപക്ഷം നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ സന്നദ്ധനാണ്. (മത്തായി 20:28; യോഹന്നാൻ 3:16; റോമർ 5:8, 9, 12, 18) ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, യഹോവയുടെ നീതിയുള്ള നിലവാരങ്ങളെക്കുറിച്ചു പഠിക്കുകയും ബലഹീനതകൾ തരണം ചെയ്യാനുള്ള സഹായത്തിനായി പ്രാർഥിച്ചുകൊണ്ട് ആ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യവേ നമ്മുടെ ആരാധന അവനു സ്വീകാര്യമായിത്തീരുന്നു. (സങ്കീർത്തനം 1:6; റോമർ 7:19-25; വെളിപ്പാടു 7:9, 14) എത്ര ആശ്വാസദായകം!
നീതികെട്ട ഒരു ലോകത്തിൽ നീതിനിഷ്ഠരായി
6. ആദിമ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ലോകം അപകടം നിറഞ്ഞ ഒരു സ്ഥലമായിരുന്നത് എന്തുകൊണ്ട്?
6 ‘ഭൂമിയുടെ അറ്റത്തോളം’ യേശുവിനു സാക്ഷ്യം വഹിക്കാനുള്ള നിയമനം ലഭിച്ചപ്പോൾ അവന്റെ ശിഷ്യന്മാർ പ്രയാസകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു. (പ്രവൃത്തികൾ 1:8) നിയമിത പ്രദേശങ്ങളെല്ലാം “ദുഷ്ടന്റെ” അതായത് സാത്താന്റെ “അധീനതയിൽ” ആയിരുന്നു. (1 യോഹന്നാൻ 5:19) അവൻ ഉന്നമിപ്പിക്കുന്ന ദുഷ്ട ആത്മാവ് ലോകത്തെ ഗ്രസിച്ചിരുന്നതിനാൽ അതിന്റെ ദുഷിപ്പിക്കുന്ന സ്വാധീനവുമായി ക്രിസ്ത്യാനികൾ സമ്പർക്കത്തിൽ വരാൻ ഇടയുണ്ടായിരുന്നു. (എഫെസ്യർ 2:2) അവരെ സംബന്ധിച്ചിടത്തോളം ലോകം അപകടം നിറഞ്ഞ ഒരു സ്ഥലമായിരുന്നു. ഒന്നാമതു ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിലൂടെ മാത്രമേ സഹിച്ചുനിൽക്കാനും നിർമലത കാത്തുസൂക്ഷിക്കാനും അവർക്കു കഴിയുമായിരുന്നുള്ളൂ. മിക്കവർക്കും അതു സാധിച്ചെങ്കിലും ചിലർ “നീതിയുടെ മാർഗ്ഗത്തിൽ”നിന്നു വ്യതിചലിച്ചുപോയി.—സദൃശവാക്യങ്ങൾ 12:28; 2 തിമൊഥെയൊസ് 4:10.
7. ഏത് ഉത്തരവാദിത്വങ്ങളോടുള്ള ബന്ധത്തിൽ ക്രിസ്ത്യാനികൾ ദുഷിപ്പിക്കുന്ന സ്വാധീനങ്ങളെ ചെറുത്തുനിൽക്കേണ്ടതായിവരുന്നു?
7 ക്രിസ്ത്യാനികളുടെ കാര്യത്തിൽ ലോകത്തിലെ അവസ്ഥകൾ ഇന്നു കൂടുതൽ സുരക്ഷിതമായിത്തീർന്നിട്ടുണ്ടോ? തീർച്ചയായുമില്ല! ഒന്നാം നൂറ്റാണ്ടിലേതിനെക്കാൾ ദുഷിച്ച ഒരു അവസ്ഥയിലാണ് ലോകം ഇന്ന്. തന്നെയുമല്ല ഭൂമിയിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്ന സാത്താൻ, “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ [സ്ത്രീയുടെ] സന്തതിയിൽ ശേഷിപ്പുള്ള”വരായ അഭിഷിക്ത ക്രിസ്ത്യാനികൾക്കെതിരെ കൊടുംപകയോടെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. (വെളിപ്പാടു 12:12, 17) കൂടാതെ, ആ “സന്തതി”യെ പിന്തുണയ്ക്കുന്ന സകലരെയും സാത്താൻ ആക്രമിക്കുന്നു. എന്നുവരികിലും, ലോകത്തിൽനിന്ന് ഒളിച്ചോടാൻ ക്രിസ്ത്യാനികൾക്കാവില്ല. ലോകത്തിന്റെ ഭാഗമല്ലെങ്കിലും അവർ ലോകത്തിൽ ജീവിച്ചേ പറ്റൂ. (യോഹന്നാൻ 17:15, 16) കൂടാതെ ശരിയായ മനോനിലയുള്ളവരെ കണ്ടെത്തുന്നതിന് അവർ ഈ ലോകത്തിൽ പ്രസംഗിക്കുകയും ക്രിസ്തുവിന്റെ ശിഷ്യന്മാരായിത്തീരാൻ തക്കവണ്ണം അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. (മത്തായി 24:14; 28:19, 20) അങ്ങനെ ലോകത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾ മുഴുവനായും ഒഴിവാക്കാൻ ക്രിസ്ത്യാനികൾക്കു സാധ്യമല്ലാത്തതിനാൽ അവർ അതിനെ ചെറുത്തുനിൽക്കേണ്ടതായിവരുന്നു. അത്തരം നാലു സ്വാധീനങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം.
അധാർമികതയാകുന്ന കെണി
8. ഇസ്രായേല്യർ മോവാബ്യരുടെ ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങിയത് എന്തുകൊണ്ട്?
8 ഇസ്രായേല്യരുടെ 40 വർഷത്തെ മരുപ്രയാണത്തിന്റെ അവസാനത്തോടെ ഒരു വലിയ കൂട്ടം നീതിയുടെ മാർഗത്തിൽനിന്നു വ്യതിചലിച്ചുപോയി. യഹോവയുടെ നിരവധി രക്ഷാപ്രവൃത്തികൾക്കു സാക്ഷ്യംവഹിച്ചവരായിരുന്നു അവർ. മാത്രമല്ല, പെട്ടെന്നുതന്നെ അവർ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ പോകുകയുമായിരുന്നു. എന്നിട്ടും ആ നിർണായക സമയത്ത് അവർ മോവാബ്യരുടെ ദൈവങ്ങളെ സേവിക്കാൻ തുടങ്ങി. അവർ “ജഡമോഹ”ത്തിനു വശംവദരായി എന്നതായിരുന്നു കാരണം. (1 യോഹന്നാൻ 2:16) “ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി,” വിവരണം ചൂണ്ടിക്കാട്ടുന്നു.—സംഖ്യാപുസ്തകം 25:1.
9, 10. തെറ്റായ ജഡികാഭിലാഷങ്ങളുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തിനെതിരെ സദാ ജാഗ്രത പുലർത്തുന്നത് ഇന്നു ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 തെറ്റായ ജഡികാഭിലാഷങ്ങൾ ജാഗ്രതയില്ലാത്തവരെ ദുഷിപ്പിക്കുന്നത് എങ്ങനെയെന്ന് ആ ചരിത്രരേഖ വരച്ചുകാട്ടുന്നു. അതു നമുക്ക് ഒരു പാഠമായിരിക്കണം, പ്രത്യേകിച്ച് അനേകരും അധാർമിക ജീവിതരീതി സ്വീകാര്യമായി വീക്ഷിക്കുന്ന ഇക്കാലത്ത്. (1 കൊരിന്ത്യർ 10:6, 8) ഐക്യനാടുകളിൽനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “[അവിവാഹിത ഇണകൾ] ഒരുമിച്ചു പാർക്കുന്ന നടപടി 1970-നു മുമ്പുവരെ എല്ലാ അമേരിക്കൻ സ്റ്റേറ്റുകളിലും നിയമവിരുദ്ധം ആയിരുന്നു. ഇന്ന് അതു സർവസാധാരണമാണ്. ആദ്യമായി വിവാഹത്തിലേക്കു പ്രവേശിക്കുന്നവരിൽ പകുതിയലധികവും ഒരുമിച്ചു പാർത്തതിനുശേഷമാണ് അങ്ങനെ ചെയ്യുന്നത്.” ഈ രീതിയും സമാനമായ അധഃപതിച്ച ധാർമിക നടപടികളും ഒരു രാജ്യത്തിലെമാത്രം കാര്യമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അതു സത്യമാണ്. ആ കുത്തൊഴുക്കിൽപ്പെട്ട് ചില ക്രിസ്ത്യാനികൾ ക്രിസ്തീയ സഭയിൽനിന്ന് അന്യപ്പെട്ടുപോയിരിക്കുന്നു എന്നതു സങ്കടകരമാണ്.—1 കൊരിന്ത്യർ 5:11.
10 കൂടാതെ, അധാർമികതയെ ഉന്നമിപ്പിക്കുന്ന പരിപാടികളാണ് ഇന്ന് എവിടെയും അരങ്ങുവാഴുന്നത്. ചെറുപ്പക്കാർ വിവാഹത്തിനുമുമ്പു ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് തികച്ചും സ്വീകാര്യമായ സംഗതിയാണെന്ന ധാരണയാണ് ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും പ്രചരിപ്പിക്കുന്നത്. സ്വവർഗബന്ധങ്ങൾ സാധാരണ സംഗതിയായി ചിത്രീകരിക്കപ്പെടുന്നു. പല പരിപാടികളും കൂടുതൽ വ്യക്തവും വിശദവുമായി ലൈംഗികക്രീഢകൾ അവതരിപ്പിക്കുന്നു. ലൈംഗികത പച്ചയായി തുറന്നുകാട്ടുന്ന അത്തരം ചിത്രങ്ങൾ ഇന്റർനെറ്റിലും സുലഭമാണ്. ഉദാഹരണത്തിന്, നഗ്നരായ സ്ത്രീകൾ ലൈംഗികചെയ്തികളിൽ ഏർപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന ഒരു ഇന്റർനെറ്റ് സൈറ്റ് തന്റെ സഹപാഠി കാണാനിടയായെന്ന് സ്കൂളിൽനിന്നെത്തിയ ഏഴുവയസ്സുള്ള മകൻ ആവേശപൂർവം തന്നോടു പറഞ്ഞതായി ഒരു പത്രലേഖകൻ റിപ്പോർട്ടു ചെയ്യുകയുണ്ടായി. മകൻ പറഞ്ഞതു കേട്ട് ആ പിതാവ് നടുങ്ങിപ്പോയി! എന്നാൽ മാതാപിതാക്കളുടെ അറിവില്ലാതെ എത്രയോ കുട്ടികളാണ് അത്തരം സൈറ്റുകൾ കാണുന്നത്! ഇനിയും, എങ്ങനെയുള്ള വീഡിയോ ഗെയിമുകളിലാണ് മക്കൾ ഏർപ്പെടുന്നതെന്ന് എത്ര മാതാപിതാക്കൾക്ക് അറിയാം? മ്ലേച്ഛമായ അധാർമികതയും ഭൂതാരാധനയും അക്രമവുമാണ് പ്രചാരംസിദ്ധിച്ച പല ഗെയിമുകളുടെയും മുഖമുദ്ര.
11. അധാർമികതയിൽ മുങ്ങിപ്പോയിരിക്കുന്ന ഈ ലോകത്തിൽ കുടുംബങ്ങൾക്ക് എങ്ങനെ സംരക്ഷണം കണ്ടെത്താം?
11 അധഃപതിച്ച ഇത്തരം ‘വിനോദങ്ങൾ’ അകറ്റിനിറുത്താൻ ഒരു കുടുംബത്തിന് എങ്ങനെ കഴിയും? അധാർമിക ചുവയുള്ള യാതൊന്നിലും ഉൾപ്പെടാതെ ഒന്നാമതു ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിലൂടെ അതിനു സാധിക്കും. (2 കൊരിന്ത്യർ 6:14; എഫെസ്യർ 5:3) മക്കളുടെ പ്രവർത്തനങ്ങൾക്ക് ഉചിതമായി മേൽനോട്ടം വഹിക്കുകയും യഹോവയോടും നീതിയുള്ള അവന്റെ നിയമങ്ങളോടുമുള്ള സ്നേഹം അവരിൽ നട്ടുവളർത്തുകയും ചെയ്യുന്നതിലൂടെ അശ്ലീലം, അധാർമിക വീഡിയോ ഗെയിമുകളും ചലച്ചിത്രങ്ങളും, നീതിക്കു നിരക്കാത്ത മറ്റു പ്രലോഭനങ്ങൾ എന്നിവയെല്ലാം ചെറുത്തുനിൽക്കുന്നതിന് മക്കൾക്കു കരുത്തു പകരാൻ മാതാപിതാക്കൾക്കു കഴിയും.—ആവർത്തനപുസ്തകം 6:4-9.a
സാമൂഹിക സമ്മർദം അപകടം ഉയർത്തുമ്പോൾ
12. ഒന്നാം നൂറ്റാണ്ടിൽ ഏതു പ്രശ്നം രംഗപ്രവേശം ചെയ്തു?
12 ഏഷ്യാമൈനറിലെ ലുസ്ത്രയിലുള്ള ഒരു മനുഷ്യനെ പൗലൊസ് അത്ഭുതകരമായി സുഖപ്പെടുത്തിയ സന്ദർഭം പരിചിന്തിക്കുക. വിവരണം പറയുന്നു: “പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നും പേർവിളിച്ചു.” (പ്രവൃത്തികൾ 14:11, 12) പിന്നീട് ഇതേ ജനക്കൂട്ടംതന്നെ പൗലൊസിനെയും ബർന്നബാസിനെയും കൊല്ലാൻ ശ്രമിച്ചു. (പ്രവൃത്തികൾ 14:19) വ്യക്തമായും ആ മനുഷ്യർ സമൂഹത്തിൽനിന്നുള്ള സമ്മർദത്തിന് അങ്ങേയറ്റം വശംവദർ ആയിരുന്നു. അവിടെയുള്ള ചിലർ ക്രിസ്ത്യാനികൾ ആയിത്തീർന്നശേഷവും അന്ധവിശ്വാസപരമായ പ്രവണതകൾ മുറുകെപ്പിടിച്ചിരുന്നതായി കാണപ്പെടുന്നു. കൊലൊസ്സ്യയിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ “ദൂതന്മാരെ ആരാധിക്കു”ന്നതിനെതിരെ പൗലൊസ് മുന്നറിയിപ്പു നൽകുകയുണ്ടായി.—കൊലൊസ്സ്യർ 2:18.
13. ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട ചില ആചാരങ്ങൾ ഏവ, അപ്രകാരം ചെയ്യാൻ അവർക്ക് എങ്ങനെ ശക്തി നേടാം?
13 സമാനമായി ഇന്ന്, ക്രിസ്തീയ തത്ത്വങ്ങൾക്കു വിരുദ്ധവും വ്യാജമത സങ്കൽപ്പങ്ങളിൽ അധിഷ്ഠിതവുമായ ജനസമ്മിതി ആർജിച്ച ആചാരങ്ങൾ സത്യക്രിസ്ത്യാനികൾ ഒഴിവാക്കണം. ഉദാഹരണത്തിന്, ജനനവും മരണവുമായി ബന്ധപ്പെട്ട് ചില ദേശങ്ങളിൽ നിലവിലുള്ള പല ചടങ്ങുകളും മനുഷ്യർക്കു മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവുണ്ടെന്ന നുണയിൽ അധിഷ്ഠിതമാണ്. (സഭാപ്രസംഗി 9:5, 10) കൊച്ചു പെൺകുട്ടികളെ ജനനേന്ദ്രിയ ഛേദനത്തിനു വിധേയരാക്കുന്ന ദേശങ്ങളുമുണ്ട്.b ക്രിസ്തീയ മാതാപിതാക്കൾ മക്കളോടു പ്രകടമാക്കേണ്ട സ്നേഹപുരസ്സരമായ കരുതലിനു നിരക്കാത്ത ക്രൂരവും അനാവശ്യവുമായ ഒരു നടപടിയാണ് അത്. (ആവർത്തനപുസ്തകം 6:6, 7; എഫെസ്യർ 6:4) സാമൂഹിക സമ്മർദം ചെറുക്കാനും ഇത്തരം സമ്പ്രദായങ്ങൾ തള്ളിക്കളയാനും ക്രിസ്ത്യാനികൾക്ക് എങ്ങനെ കഴിയും? യഹോവയിൽ സമ്പൂർണമായി ആശ്രയിക്കുന്നതിനാൽ. (സങ്കീർത്തനം 31:6) “അവിടുന്ന് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന ദൈവവുമത്രേ” എന്ന് നീതിമാനായ ദൈവത്തോടു ഹൃദയപൂർവം പറയുന്ന എല്ലാവരെയും അവൻ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും.—സങ്കീർത്തനം 91:2, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; സദൃശവാക്യങ്ങൾ 29:25.
യഹോവയെ മറക്കരുത്
14. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് യഹോവ ഇസ്രായേല്യർക്ക് എന്തു മുന്നറിയിപ്പു നൽകി?
14 വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്, തന്നെ മറന്നുകളയരുതെന്ന് യഹോവ ഇസ്രായേല്യരെ ഓർമിപ്പിച്ചു. അവൻ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും, നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വ[ർ]ദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിപ്പാനും” സൂക്ഷിച്ചുകൊൾക.—ആവർത്തനപുസ്തകം 8:11-14.
15. നാം യഹോവയെ മറക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
15 ഇന്ന് അപ്രകാരം സംഭവിക്കുമോ? ഉവ്വ്, നമ്മുടെ മുൻഗണനകൾ അസ്ഥാനത്താണെങ്കിൽ. എന്നാൽ, ഒന്നാമതു ദൈവിക നീതി അന്വേഷിക്കുന്നെങ്കിൽ നാം നിർമല ആരാധനയ്ക്കു ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം നൽകും. പൗലൊസ് പ്രോത്സാഹിപ്പിച്ചതുപോലെ, നാം “സമയം തക്കത്തിൽ ഉപയോഗി”ക്കുകയും ശുശ്രൂഷയിൽ അടിയന്തിരതാബോധത്തോടെ ഏർപ്പെടുകയും ചെയ്യും. (കൊലൊസ്സ്യർ 4:5; 2 തിമൊഥെയൊസ് 4:2) എന്നാൽ വിശ്രമവേളകൾ ആസ്വദിക്കുകയും ഉല്ലാസങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിനെ യോഗങ്ങളിൽ സംബന്ധിക്കുകയും വയൽസേവനത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിനെക്കാൾ പ്രാധാന്യമുള്ളതായി വീക്ഷിക്കുന്നപക്ഷം, യഹോവയ്ക്കു ജീവിതത്തിൽ രണ്ടാം സ്ഥാനം നൽകിക്കൊണ്ട് നാം അവനെ മറക്കുകയായിരിക്കും ചെയ്യുന്നത്. അന്ത്യകാലത്ത് ആളുകൾ “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”രിക്കുമെന്ന് പൗലൊസ് പറഞ്ഞു. (2 തിമൊഥെയൊസ് 3:4) അത്തരം ചിന്താഗതി തങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആത്മാർഥഹൃദയരായ ക്രിസ്ത്യാനികൾ ക്രമമായി ആത്മപരിശോധന നടത്തുന്നു.—2 കൊരിന്ത്യർ 13:5.
സ്വതന്ത്ര ചിന്താഗതിക്കെതിരെ ജാഗ്രത പാലിക്കുക
16. ഹവ്വായും പൗലൊസിന്റെ നാളിലെ ചിലരും തെറ്റായ ഏതു മനോഭാവം പ്രകടമാക്കി?
16 ഏദെനിൽവെച്ച്, സാത്താൻ അവതരിപ്പിച്ച സ്വതന്ത്രജീവിതത്തിനായുള്ള സ്വാർഥ മോഹം ഹവ്വായ്ക്ക് ആകർഷകമായി തോന്നി. ശരിയും തെറ്റും സംബന്ധിച്ചു സ്വന്തമായി തീരുമാനിക്കാൻ അവൾ ആഗ്രഹിച്ചു. (ഉല്പത്തി 3:1-6) സമാനമായി, ഒന്നാം നൂറ്റാണ്ടിൽ കൊരിന്ത്യ സഭയിലുണ്ടായിരുന്ന ചിലരും സ്വതന്ത്ര ചിന്താഗതി പ്രകടമാക്കി. പൗലൊസിനെക്കാൾ പരിജ്ഞാനം തങ്ങൾക്കുണ്ടെന്നു കരുതിയ അവരെ അവൻ പരിഹാസപൂർവം അതിശ്രേഷ്ഠ അപ്പൊസ്തലന്മാർ എന്നു വിളിച്ചു.—2 കൊരിന്ത്യർ 11:3-5; 1 തിമൊഥെയൊസ് 6:3-5.
17. സ്വതന്ത്ര ചിന്താഗതി വളർത്തിയെടുക്കുന്നതിൽനിന്ന് നമ്മെ എന്തു സംരക്ഷിക്കും?
17 “ധാർഷ്ട്യക്കാരും നിഗളികളു”മായവരെക്കൊണ്ടു നിറഞ്ഞതാണ് ഇന്നത്തെ ലോകം. ആ മനോഭാവം ചില ക്രിസ്ത്യാനികളെയും സ്വാധീനിച്ചിരിക്കുന്നു. ചിലർ സത്യത്തിന്റെ എതിരാളികൾ ആയിത്തീരുകപോലും ചെയ്തിരിക്കുന്നു. (2 തിമൊഥെയൊസ് 3:4; ഫിലിപ്പിയർ 3:18) നിർമല ആരാധനയുടെ കാര്യത്തിൽ, മാർഗനിർദേശത്തിനായി നാം യഹോവയിൽ ആശ്രയിക്കുന്നതും “വിശ്വസ്തനും വിവേകിയുമായ അടിമ”യോടും (NW) സഭാമൂപ്പന്മാരോടും സഹകരിച്ചു പ്രവർത്തിക്കുന്നതും സുപ്രധാനമാണ്. നീതി അന്വേഷിക്കാൻ കഴിയുന്ന ഒരു വിധമാണത്, സ്വതന്ത്ര ചിന്താഗതി വളർത്തിയെടുക്കുന്നതിൽനിന്ന് അതു നമ്മെ സംരക്ഷിക്കുകയും ചെയ്യും. (മത്തായി 24:45-47; സങ്കീർത്തനം 25:9, 10; യെശയ്യാവു 30:21) അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മാണ്. നമ്മെ സംരക്ഷിക്കാനും വഴിനയിക്കാനും യഹോവ അതു സ്ഥാപിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 3:15) അതിന്റെ നിർണായക പങ്കു തിരിച്ചറിയുന്നത്, യഹോവയുടെ നീതിനിഷ്ഠമായ ഹിതത്തിനു താഴ്മയോടെ കീഴ്പെട്ടിരിക്കാനും ‘ദുരഭിമാനത്താൽ ഒന്നും ചെയ്യാതിരിക്കാനും’ നമ്മെ സഹായിക്കും.—ഫിലിപ്പിയർ 2:2-4; സദൃശവാക്യങ്ങൾ 3:4-6.
യേശുവിനെ അനുകരിക്കുക
18. ഏതു വിധങ്ങളിൽ യേശുവിനെ അനുകരിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു?
18 യേശുവിനെക്കുറിച്ച് ബൈബിൾ പ്രാവചനികമായി ഇങ്ങനെ പറയുന്നു: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു.” (സങ്കീർത്തനം 45:7; എബ്രായർ 1:9) എത്ര അനുകരണാർഹമായ മനോഭാവം! (1 കൊരിന്ത്യർ 11:1) യേശുവിന് യഹോവയുടെ നേരുള്ള നിലവാരങ്ങൾ അറിയാമായിരുന്നെന്നു മാത്രമല്ല, അവൻ അതു പ്രിയപ്പെടുകയും ചെയ്തു. അതുകൊണ്ട്, മരുഭൂമിയിൽവെച്ചു സാത്താൻ പരീക്ഷിച്ചപ്പോൾ “നീതിയുടെ മാർഗ്ഗ”ത്തിൽനിന്നു വ്യതിചലിക്കുന്നതിലുള്ള വിസമ്മതം അവൻ യാതൊരു സങ്കോചവും കൂടാതെ ശക്തമായി പ്രകടിപ്പിച്ചു.—സദൃശവാക്യങ്ങൾ 8:21; മത്തായി 4:3-11.
19, 20. നീതി അന്വേഷിക്കുന്നതിന്റെ സത്ഫലങ്ങൾ ഏവ?
19 നീതിക്കു നിരക്കാത്ത ജഡികാഭിലാഷങ്ങൾ ശക്തമായിരിക്കാം എന്നതു ശരിതന്നെ. (റോമർ 7:19, 20) എന്നാൽ നാം നീതിയെ അമൂല്യമായി കരുതുന്നത് ദുഷ്ടതയെ ചെറുക്കാൻ നമ്മെ ശക്തരാക്കും. (സങ്കീർത്തനം 119:165) പ്രലോഭിപ്പിക്കപ്പെടുമ്പോൾ നീതിയോടുള്ള ആഴമായ സ്നേഹം നമ്മെ കാത്തുസൂക്ഷിക്കും. (സദൃശവാക്യങ്ങൾ 4:4-6) പ്രലോഭനങ്ങളിൽ വീണുപോകുമ്പോഴെല്ലാം, ജയിക്കാൻ നാം സാത്താനെ അനുവദിക്കുകയാണെന്ന് ഓർക്കുക. അവനെ ചെറുത്തുനിന്നുകൊണ്ട് യഹോവയ്ക്കു ജയം നേടിക്കൊടുക്കുന്നത് അതിനെക്കാൾ എത്രയോ ശ്രേഷ്ഠമാണ്!—സദൃശവാക്യങ്ങൾ 27:11; യാക്കോബ് 4:7, 8.
20 നീതി അന്വേഷിക്കുന്നതിനാൽ സത്യക്രിസ്ത്യാനികൾ “ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞ”വരായിരിക്കുന്നു. (ഫിലിപ്പിയർ 1:10, 11) അവർ യഥാർഥമായ “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ” ധരിക്കുന്നു. (എഫെസ്യർ 4:24) യഹോവയ്ക്കുള്ളവർ ആയതിനാൽ സ്വാർഥ മോഹങ്ങൾ തൃപ്തിപ്പെടുത്താനല്ല, യഹോവയെ സേവിക്കാനായി അവർ ജീവിക്കുന്നു. (റോമർ 14:8; 1 പത്രൊസ് 4:2) അതാണ് അവരുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഭരിക്കുന്നത്. അവരുടെ സ്വർഗീയ പിതാവിന്റെ ഹൃദയത്തെ അവർ എത്ര സന്തോഷിപ്പിക്കുന്നു!—സദൃശവാക്യങ്ങൾ 23:24.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിൽ അധാർമിക സ്വാധീനങ്ങളിൽനിന്നു കുടുംബത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ചു മാതാപിതാക്കൾക്കുള്ള വിലയേറിയ നിർദേശങ്ങൾ അടങ്ങിയിരിക്കുന്നു.
b സ്ത്രീ ജനനേന്ദ്രിയ ഛേദനം മുമ്പു സ്ത്രീ പരിച്ഛേദന എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
നിങ്ങൾക്കു വിശദീകരിക്കാമോ?
• നീതി അന്വേഷിക്കുന്നതു ജീവത്പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
• അപൂർണരെങ്കിലും ക്രിസ്ത്യാനികൾക്കു നീതി അന്വേഷിക്കാൻ കഴിയുന്നത് എങ്ങനെ?
• ഒരു ക്രിസ്ത്യാനി ഒഴിവാക്കേണ്ട, ലോകത്തിലെ ചില കാര്യങ്ങൾ ഏവ?
• നീതി അന്വേഷിക്കുന്നവർ സംരക്ഷിക്കപ്പെടുന്നത് എങ്ങനെ?
[26-ാം പേജിലെ ചിത്രം]
യേശുവിന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം ലോകം അപകടം നിറഞ്ഞ ഒരു സ്ഥലമായിരുന്നു
[27-ാം പേജിലെ ചിത്രം]
യഹോവയെ സ്നേഹിക്കാൻ പഠിപ്പിക്കപ്പെടുന്ന കുട്ടികൾ അധാർമികതയെ ചെറുത്തുനിൽക്കാൻ കരുത്താർജിക്കുന്നു
[28-ാം പേജിലെ ചിത്രം]
വാഗ്ദത്തദേശത്തെ സമ്പദ്സമൃദ്ധിയിൽ ചില ഇസ്രായേല്യർ യഹോവയെ മറന്നുകളഞ്ഞു
[29-ാം പേജിലെ ചിത്രം]
യേശുവിനെപ്പോലെ ക്രിസ്ത്യാനികൾ അനീതി വെറുക്കുന്നു