ക്രിസ്തുവിന്റെ നേതൃത്വം നിങ്ങൾക്ക് യഥാർഥമാണോ?
“നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നേ.”—മത്തായി 23:10.
1. സത്യക്രിസ്ത്യാനികളുടെ നായകൻ ആർ മാത്രമാണ്?
നീസാൻ 11 ചൊവ്വാഴ്ച ആയിരുന്നു അന്ന്. മൂന്നു ദിവസം കഴിഞ്ഞ് യേശുക്രിസ്തു വധിക്കപ്പെടുമായിരുന്നു. ആലയത്തിലേക്കുള്ള അവന്റെ അവസാന സന്ദർശനമായിരുന്നു അന്നത്തേത്. അവിടെ കൂടിവന്ന ജനക്കൂട്ടത്തെയും തന്റെ ശിഷ്യന്മാരെയും യേശു ഒരു സുപ്രധാന സംഗതി പഠിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ ക്രിസ്തു തന്നേ.” (മത്തായി 23:8-10) തീർച്ചയായും, യേശുക്രിസ്തുവാണ് സത്യക്രിസ്ത്യാനികളുടെ നായകൻ.
2, 3. യഹോവയുടെ വാക്കിനു ശ്രദ്ധ കൊടുക്കുന്നതിനും അവൻ നിയോഗിച്ചിരിക്കുന്ന നായകനെ അംഗീകരിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ എന്തു ഫലമുണ്ട്?
2 യേശുവിന്റെ നേതൃത്വം നാം അംഗീകരിക്കുമ്പോൾ അതു നമുക്ക് എത്രമാത്രം പ്രയോജനങ്ങളാണു കൈവരുത്തുക! ഈ നായകന്റെ വരവിനെ കുറിച്ചു മുൻകൂട്ടി പറഞ്ഞുകൊണ്ട് പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവയാം ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. . . . എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ. . . . ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും [“നായകനും,” NW] അധിപതിയും ആക്കിയിരിക്കുന്നു.”—യെശയ്യാവു 55:1-4.
3 നാം യഹോവയുടെ വാക്കു ശ്രദ്ധിക്കുകയും അവൻ നമുക്കു തന്നിരിക്കുന്ന നായകനും അധിപതിയുമായവനെ പിന്തുടരുകയും ചെയ്യുമ്പോൾ, അതിനു നമ്മുടെ വ്യക്തിപരമായ ജീവിതത്തിന്മേലുള്ള ഫലം എന്തായിരിക്കുമെന്നു കാണിക്കാൻ യെശയ്യാവ് സാധാരണ പാനീയങ്ങളെ—വെള്ളം, പാല്, വീഞ്ഞ് എന്നിവ—ഉപയോഗിച്ചു. അതിന്റെ ഫലം, ചൂടുള്ള ഒരു ദിവസം ഒരു ഗ്ലാസ്സ് തണുത്ത വെള്ളം കുടിക്കുന്നതു പോലെ നവോന്മേഷപ്രദമാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ ദാഹം ശമിപ്പിക്കപ്പെടുന്നു. പാൽ ശിശുക്കളെ ശക്തരാക്കുകയും വളരാൻ സഹായിക്കുകയും ചെയ്യുന്നതുപോലെ, ‘വചനമെന്ന പാൽ’ നമ്മെ ബലപ്പെടുത്തുകയും ആത്മീയ വളർച്ച പ്രാപിച്ചുകൊണ്ട് ദൈവവുമായുള്ള ബന്ധം ശക്തീകരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (1 പത്രൊസ് 2:1-3) വീഞ്ഞ് ആഘോഷ വേളകളിൽ സന്തോഷം പകരുന്നു എന്നതിനെ ആരാണു നിഷേധിക്കുക? സമാനമായ ഒരു വിധത്തിൽ, സത്യദൈവത്തെ ആരാധിക്കുന്നതും അവൻ നിയോഗിച്ച നായകന്റെ കാലടികൾ പിന്തുടരുന്നതും ജീവിതത്തെ ‘സന്തോഷ’ഭരിതമാക്കുന്നു. (ആവർത്തനപുസ്തകം 16:15) അതുകൊണ്ട് ക്രിസ്തുവിന്റെ നേതൃത്വം നമ്മെ സംബന്ധിച്ചിടത്തോളം യഥാർഥമാണെന്നു പ്രായ-ലിംഗ ഭേദമന്യേ നാമേവരും പ്രകടമാക്കുന്നതു വളരെ പ്രധാനമാണ്. എന്നാൽ മിശിഹായാണ് നമ്മുടെ നായകൻ എന്ന് അനുദിന ജീവിതത്തിൽ നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
യുവജനങ്ങളേ, ‘ജ്ഞാനത്തിൽ മുതിർന്നുവരുവിൻ’
4. (എ) പന്ത്രണ്ടു വയസ്സുള്ള യേശു പെസഹാ സമയത്ത് യെരൂശലേം സന്ദർശിച്ച അവസരത്തിൽ എന്താണു സംഭവിച്ചത്? (ബി) വെറും 12 വയസ്സുള്ളപ്പോൾ യേശുവിന് എത്രമാത്രം ജ്ഞാനം ഉണ്ടായിരുന്നു?
4 നമ്മുടെ നായകൻ യുവജനങ്ങൾക്കായി വെച്ചിരിക്കുന്ന മാതൃക ശ്രദ്ധിക്കുക. യേശുവിന്റെ ബാല്യകാലത്തെ കുറിച്ചു കാര്യമായൊന്നും അറിയില്ലെങ്കിലും, ഒരു സംഭവം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അവന് 12 വയസ്സുള്ളപ്പോൾ, മാതാപിതാക്കൾ വാർഷിക പെസഹാ ആഘോഷത്തിനായി അവനെ തങ്ങളോടൊപ്പം യെരൂശലേമിലേക്കു കൊണ്ടുപോയി. ഈ അവസരത്തിൽ, യേശു ഒരു തിരുവെഴുത്തു ചർച്ചയിൽ മുഴുകിപ്പോകുകയും അവന്റെ കുടുംബം അവൻ തങ്ങളോടൊപ്പമില്ല എന്ന് അറിയാതെ മടങ്ങിപ്പോകുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം അവന്റെ ഉത്കണ്ഠാകുലരായ മാതാപിതാക്കൾ, യോസേഫും മറിയയും, അവനെ ആലയത്തിൽ കണ്ടെത്തി. യേശു ‘ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കുകയും’ ആയിരുന്നു. മാത്രമല്ല, “അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി.” ചിന്തിക്കുക, വെറും 12 വയസ്സുള്ളപ്പോൾ ആത്മീയ കാര്യങ്ങളെ കുറിച്ചു ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉന്നയിക്കാൻ മാത്രമല്ല, ബുദ്ധിപൂർവകമായ ഉത്തരങ്ങൾ നൽകാനും യേശുവിനു കഴിഞ്ഞിരുന്നു! മാതാപിതാക്കളുടെ പരിശീലനം അവനെ സഹായിച്ചു എന്നതിനു സംശയമില്ല.—ലൂക്കൊസ് 2:41-50.
5. കുടുംബ ബൈബിൾ അധ്യയനത്തോടുള്ള തങ്ങളുടെ മനോഭാവത്തെ യുവജനങ്ങൾക്ക് എങ്ങനെ വിലയിരുത്താനാകും?
5 ഒരുപക്ഷേ നിങ്ങൾ ഒരു യുവവ്യക്തി ആയിരിക്കാം. നിങ്ങളുടെ മാതാപിതാക്കൾ ദൈവത്തിന്റെ സമർപ്പിത ദാസർ ആണെങ്കിൽ, സാധ്യതയനുസരിച്ച് നിങ്ങളുടെ വീട്ടിൽ ക്രമമുള്ള ഒരു കുടുംബ ബൈബിൾ അധ്യയനം കാണും. കുടുംബ അധ്യയനത്തോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്? പിൻവരുന്ന ചോദ്യങ്ങളെ കുറിച്ച് എന്തുകൊണ്ട് ധ്യാനിച്ചുകൂടാ: ‘കുടുംബ ബൈബിൾ അധ്യയന ക്രമീകരണത്തെ ഞാൻ മുഴുഹൃദയാ പിന്താങ്ങുന്നുവോ? ആ പതിവിനു മുടക്കം വരുത്താതെ ഞാൻ അതുമായി സഹകരിക്കുന്നുണ്ടോ?’ (ഫിലിപ്പിയർ 3:16, NW) “ഞാൻ അധ്യയനത്തിൽ സജീവമായി പങ്കുപറ്റാറുണ്ടോ? ഉചിതമായിരിക്കുമ്പോൾ, പഠിക്കുന്ന ഭാഗത്തെ കുറിച്ചു ഞാൻ ചോദ്യങ്ങൾ ചോദിക്കുകയും അത് എങ്ങനെ ബാധകമാക്കാം എന്നതു സംബന്ധിച്ച് അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നുവോ? ആത്മീയമായി പുരോഗമിക്കവേ, ‘പ്രായം തികഞ്ഞവർക്കുള്ള കട്ടിയായുള്ള ആഹാര’ത്തോടു ഞാൻ താത്പര്യം നട്ടുവളർത്തുന്നുവോ?”—എബ്രായർ 5:13, 14.
6, 7. യുവജനങ്ങൾക്ക് അനുദിന ബൈബിൾ വായന എത്ര മൂല്യവത്തായിരിക്കാൻ കഴിയും?
6 അതുപോലെതന്നെ, അനുദിന ബൈബിൾ വായനാ പരിപാടിയും വളരെ മൂല്യവത്താണ്. സങ്കീർത്തനക്കാരൻ പാടി: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെ . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ [“മന്ദസ്വരത്തിൽ വായിക്കുന്നവൻ,” NW] ഭാഗ്യവാൻ.” (സങ്കീർത്തനം 1:1, 2) മോശെയുടെ പിൻഗാമിയായ യോശുവ ‘ന്യായപ്രമാണത്തെ കുറിച്ചു രാപ്പകൽ ധ്യാനിച്ചു [“മന്ദസ്വരത്തിൽ വായിച്ചു,” NW].’ ജ്ഞാനപൂർവം പ്രവർത്തിക്കാനും തന്റെ ദൈവദത്ത നിയമനം വിജയകരമായി നിർവഹിക്കാനും അത് അവനെ പ്രാപ്തനാക്കി. (യോശുവ 1:8) ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു’ എന്നു നമ്മുടെ നായകനായ യേശുക്രിസ്തു പറയുകയുണ്ടായി. (മത്തായി 4:4) നമുക്കു ദിവസവും ഭൗതിക ഭക്ഷണം ആവശ്യമാണെങ്കിൽ, പതിവായ അടിസ്ഥാനത്തിലുള്ള ആത്മീയ ഭക്ഷണം നമുക്ക് എത്രയധികം ആവശ്യമാണ്!
7 തന്റെ ആത്മീയ ആവശ്യം തിരിച്ചറിഞ്ഞ 13 വയസ്സുള്ള നിക്കോൾ ദിവസവും ബൈബിൾ വായിക്കാൻ തുടങ്ങി.a ഇപ്പോൾ 16 വയസ്സുള്ള അവൾ മുഴു ബൈബിളും ഒരു പ്രാവശ്യം വായിച്ചുകഴിഞ്ഞിരിക്കുന്നു, മാത്രമല്ല രണ്ടാം വട്ടം വായിച്ചുതുടങ്ങിയ അവൾ അതിന്റെ പകുതി പിന്നിട്ടിരിക്കുന്നു. അവളുടെ രീതി വളരെ ലളിതമാണ്. “ദിവസവും ഒരു അധ്യായമെങ്കിലും വായിക്കുക എന്നതാണ് എന്റെ ലക്ഷ്യം,” അവൾ പറയുന്നു. ദിവസേനയുള്ള ബൈബിൾ വായന അവളെ എങ്ങനെയാണു സഹായിച്ചിരിക്കുന്നത്? അവൾ ഉത്തരം നൽകുന്നു: “മോശമായ സ്വാധീനങ്ങൾ ഇന്നു വളരെയധികമാണ്. സ്കൂളിലും മറ്റിടങ്ങളിലും വിശ്വാസത്തിനു വെല്ലുവിളി ഉയർത്തുന്ന സമ്മർദങ്ങളെ ഞാൻ ദിവസവും അഭിമുഖീകരിക്കുന്നു. ആ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്ന ബൈബിൾ കൽപ്പനകളും തത്ത്വങ്ങളും പെട്ടെന്ന് ഓർമിക്കാൻ ദിവസവുമുള്ള ബൈബിൾ വായന എന്നെ സഹായിക്കുന്നു. അതിന്റെ ഫലമായി, എനിക്ക് യഹോവയോടും യേശുവിനോടും വളരെ അടുപ്പം തോന്നുന്നു.”
8. സിനഗോഗിലെ യേശുവിന്റെ പതിവ് എന്തായിരുന്നു, യുവജനങ്ങൾക്ക് എങ്ങനെ അവനെ അനുകരിക്കാൻ കഴിയും?
8 സിനഗോഗിലെ തിരുവെഴുത്തു വായന ശ്രദ്ധിക്കുകയും അതിൽ പങ്കുപറ്റുകയും ചെയ്യുന്ന രീതി യേശുവിന് ഉണ്ടായിരുന്നു. (ലൂക്കൊസ് 4:16; പ്രവൃത്തികൾ 15:21) ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ക്രിസ്തീയ യോഗങ്ങളിൽ പതിവായി സംബന്ധിച്ചുകൊണ്ട് യുവജനങ്ങൾ ആ മാതൃക പിൻപറ്റുന്നത് എത്ര നല്ലതാണ്! അത്തരം യോഗങ്ങളോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് 14 വയസ്സുള്ള റിച്ചാർഡ് ഇങ്ങനെ പറയുന്നു: “യോഗങ്ങളെ ഞാൻ വളരെ വിലമതിക്കുന്നു. നന്മയായതും തിന്മയായതും, ധാർമികമായതും അധാർമികമായതും, ക്രിസ്തുസമാനമായതും അല്ലാത്തതുമായ സംഗതികൾ ഏതാണ് എന്നതിനെ കുറിച്ചുള്ള നിരന്തരമായ ഓർമിപ്പിക്കലുകൾ എനിക്ക് അവിടെനിന്നു ലഭിക്കുന്നു. കയ്പേറിയ അനുഭവത്തിലൂടെ എനിക്കു കാര്യങ്ങൾ പഠിക്കേണ്ടിവരുന്നില്ല.” അതേ, “യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ [“അനുഭവപരിചയമില്ലാത്തവനെ,” NW] ജ്ഞാനിയാക്കുന്നു.” (സങ്കീർത്തനം 19:7) വാരംതോറുമുള്ള അഞ്ചു യോഗങ്ങളിലും മുടങ്ങാതെ സംബന്ധിക്കാൻ നിക്കോളും ശ്രമിക്കുന്നു. അവയ്ക്കു തയ്യാറാകുന്നതിന് അവൾ രണ്ടുമുതൽ മൂന്നുവരെ മണിക്കൂർ ചെലവഴിക്കുകയും ചെയ്യുന്നു.—എഫെസ്യർ 5:15, 16.
9. യുവജനങ്ങൾക്ക് എങ്ങനെ ‘ജ്ഞാനത്തിൽ മുതിർന്നുവരാൻ’ കഴിയും?
9 ഏകസത്യദൈവത്തെയും അവൻ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിനുള്ള നല്ല സമയമാണ് ചെറുപ്പകാലം. (യോഹന്നാൻ 17:3) കോമിക് പുസ്തകങ്ങൾ വായിച്ചും ടെലിവിഷൻ കണ്ടും വീഡിയോ ഗെയിമുകൾ കളിച്ചും ഇന്റനെറ്റിൽ പരതിയും വളരെയധികം സമയം കളയുന്ന യുവജനങ്ങളെ ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. നമ്മുടെ നായകന്റെ പൂർണതയുള്ള ദൃഷ്ടാന്തം പിൻപറ്റാൻ കഴിയുമ്പോൾ പിന്നെ എന്തിനു നിങ്ങൾ അത്തരം യുവജനങ്ങളെ അനുകരിക്കണം? ഒരു ബാലൻ ആയിരിക്കെ, യഹോവയെ കുറിച്ചു പഠിക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തി. അതിന്റെ ഫലം എന്തായിരുന്നു? ആത്മീയ കാര്യങ്ങളോടുള്ള സ്നേഹം നിമിത്തം ‘യേശു ജ്ഞാനത്തിൽ മുതിർന്നുവന്നു.’ (ലൂക്കൊസ് 2:52) നിങ്ങൾക്കും അതിനു കഴിയും.
“അന്യോന്യം കീഴ്പെട്ടിരിപ്പിൻ”
10. കുടുംബജീവിതം സമാധാനത്തിന്റെയും സന്തുഷ്ടിയുടെയും ഒരു ഉറവായിരിക്കാൻ എന്തു സഹായിക്കും?
10 ഭവനത്തിന് സമാധാനത്തിന്റെയും സംതൃപ്തിയുടെയും ഒരു സങ്കേതമോ ശത്രുതയും കലഹവും നിറഞ്ഞ ഒരു യുദ്ധക്കളമോ ആയിരിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 21:19; 26:21) നാം ക്രിസ്തുവിന്റെ നേതൃത്വം അംഗീകരിക്കുന്നത് കുടുംബത്തിൽ സമാധാനവും സന്തുഷ്ടിയും ഉണ്ടായിരിക്കാൻ സഹായിക്കുന്നു. കുടുംബ ബന്ധങ്ങളിൽ യേശുവിന്റെ മാതൃക നാം അനുകരിക്കേണ്ടതാണ്. തിരുവെഴുത്തുകൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു. . . . ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” (എഫെസ്യർ 5:21-25) കൊലൊസ്സ്യയിലെ സഭയ്ക്ക് പൗലൊസ് അപ്പൊസ്തലൻ എഴുതി: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.”—കൊലൊസ്സ്യർ 3:18-20.
11. ക്രിസ്തുവിന്റെ നേതൃത്വം തനിക്ക് യഥാർഥമാണെന്ന് ഒരു ഭർത്താവിന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
11 ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ, ഭർത്താവ് കുടുംബത്തിൽ നേതൃത്വം എടുക്കുന്നതും ഭാര്യ അദ്ദേഹത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നതും മക്കൾ മാതാപിതാക്കളെ അനുസരിക്കുന്നതും ഉൾപ്പെടുന്നു. എന്നാൽ, പുരുഷൻ തന്റെ ശിരഃസ്ഥാനം ഉചിതമായി പ്രയോഗിക്കുമ്പോൾ മാത്രമേ അതു സന്തുഷ്ടിയിൽ കലാശിക്കുകയുള്ളൂ. തന്റെതന്നെ തലയും നായകനുമായ ക്രിസ്തുയേശുവിനെ അനുകരിച്ചുകൊണ്ട് ശിരഃസ്ഥാനം എങ്ങനെ പ്രയോഗിക്കാമെന്നു ജ്ഞാനിയായ ഒരു ഭർത്താവു പഠിക്കും. (1 കൊരിന്ത്യർ 11:3) യേശു പിന്നീട് ‘എല്ലാറ്റിനും മുകളിൽ സഭയ്ക്കു തലവനായി നിയമിക്കപ്പെട്ടെങ്കിലും,’ ‘ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനാണ്’ അവൻ ഭൂമിയിലേക്കു വന്നത്. (എഫെസ്യർ 1:22, പി.ഒ.സി. ബൈ.; മത്തായി 20:28) സമാനമായ വിധത്തിൽ, ഒരു ക്രിസ്തീയ ഭർത്താവ് ശിരഃസ്ഥാനം പ്രയോഗിക്കുന്നതു സ്വാർഥ നേട്ടങ്ങൾക്കല്ല, പിന്നെയോ തന്റെ ഭാര്യയുടെയും മക്കളുടെയും—അതേ, മുഴു കുടുംബത്തിന്റെയും—താത്പര്യങ്ങൾ പരിരക്ഷിക്കാനാണ്. (1 കൊരിന്ത്യർ 13:4, 5) തന്റെ തലയായ യേശുക്രിസ്തുവിന്റെ ദൈവിക ഗുണങ്ങൾ അനുകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. യേശുവിനെ പോലെ, അദ്ദേഹം സൗമ്യതയും താഴ്മയും ഉള്ളവനാണ്. (മത്തായി 11:28-30) തനിക്കു തെറ്റു പറ്റുമ്പോൾ, “എന്നോടു ക്ഷമിക്കണം” എന്നു പറയുന്നതിനോ ഭാര്യ പറഞ്ഞതായിരുന്നു ശരി എന്ന് അംഗീകരിക്കുന്നതിനോ അദ്ദേഹത്തിനു ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല. അത്തരത്തിലുള്ള നല്ല മാതൃക വെക്കുമ്പോൾ അദ്ദേഹത്തിന് “തുണ” അല്ലെങ്കിൽ “കൂട്ടാളി” ആയിരിക്കുക ഭാര്യയ്ക്കു കൂടുതൽ എളുപ്പമായിത്തീരുന്നു, അങ്ങനെ അദ്ദേഹത്തിൽനിന്നു പഠിക്കാനും അദ്ദേഹത്തോടൊത്തു പ്രവർത്തിക്കാനും ഭാര്യയ്ക്കു കഴിയുന്നു.—ഉല്പത്തി 2:20; മലാഖി 2:14.
12. ശിരഃസ്ഥാന തത്ത്വം മടികൂടാതെ അംഗീകരിക്കാൻ ഒരു ഭാര്യയെ എന്തു സഹായിക്കും?
12 ഇനി, ഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കേണ്ടതുണ്ട്. എന്നാൽ, ലോകത്തിന്റെ മനോഭാവത്താൽ സ്വാധീനിക്കപ്പെടുന്നെങ്കിൽ ശിരഃസ്ഥാന തത്ത്വം സംബന്ധിച്ച അവളുടെ വീക്ഷണത്തെ അതു പ്രതികൂലമായി ബാധിച്ചേക്കാം. അപ്പോൾ ഒരു പുരുഷനു കീഴ്പെട്ടിരിക്കുക എന്ന ആശയം അവൾക്കു നല്ലതായി തോന്നില്ല. ഭർത്താവ് അധികാരം കാട്ടുന്നവൻ ആയിരിക്കണമെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നില്ല. എന്നാൽ, ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കണം എന്ന് അത് ആവശ്യപ്പെടുകതന്നെ ചെയ്യുന്നു. (എഫെസ്യർ 5:24) ഭർത്താവ് അല്ലെങ്കിൽ പിതാവ് കുടുംബത്തിൽ ഉത്തരവാദിത്വം വഹിക്കണമെന്നും തിരുവെഴുത്തുകൾ പറയുന്നു. അതിലെ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ, അതു കുടുംബത്തിന്റെ സമാധാനത്തിനും ക്രമത്തിനും സംഭാവന ചെയ്യും.—ഫിലിപ്പിയർ 2:5.
13. കീഴ്പെടലിന്റെ എന്തു മാതൃകയാണ് യേശു കുട്ടികൾക്കായി വെച്ചത്?
13 കുട്ടികൾ മാതാപിതാക്കളെ അനുസരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ യേശു ഉത്തമ മാതൃക വെച്ചു. 12 വയസ്സുകാരനായ യേശു കുടുംബത്തിൽനിന്ന് അകന്ന് മൂന്നു ദിവസം ആലയത്തിൽ കഴിയാനിടയായ സംഭവത്തെ തുടർന്ന് ‘അവൻ അവരോടുകൂടെ [മാതാപിതാക്കളോടു കൂടെ] ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.’ (ലൂക്കൊസ് 2:51) മാതാപിതാക്കളോടുള്ള കുട്ടികളുടെ കീഴ്പെടൽ കുടുംബത്തിലെ സമാധാനത്തിനും ഐക്യത്തിനും സംഭാവന ചെയ്യും. മുഴു കുടുംബാംഗങ്ങളും ക്രിസ്തുവിന്റെ നേതൃത്വത്തിനു കീഴ്പെട്ടിരിക്കുമ്പോൾ, അതിന്റെ ഫലം ഒരു സന്തുഷ്ട കുടുംബം ആയിരിക്കും.
14, 15. വീട്ടിൽ ദുഷ്കരമായ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ വിജയിക്കാൻ നമ്മെ എന്തു സഹായിക്കും? ഒരു ഉദാഹരണം നൽകുക.
14 കുടുംബത്തിനുള്ളിൽ ദുഷ്കരമായ സാഹചര്യങ്ങൾ ഉയർന്നുവരുമ്പോൾ പോലും, യേശുവിനെ അനുകരിക്കുന്നതും അവന്റെ മാർഗനിർദേശം പിൻപറ്റുന്നതുമാണു വിജയത്തിന്റെ താക്കോൽ. ഉദാഹരണത്തിന് 35 വയസ്സുകാരനായ ജെറി കൗമാരപ്രായക്കാരിയായ ഒരു മകളുള്ള ലാനയെ വിവാഹം കഴിച്ചപ്പോൾ, മുൻകൂട്ടിക്കാണാഞ്ഞ ഒരു പ്രശ്നം അവരുടെ ഇടയിൽ തലപൊക്കി. ജെറി പറയുന്നു: “ഒരു നല്ല ശിരസ്സ് ആയിരിക്കുന്നതിനു മറ്റു കുടുംബങ്ങളുടെ വിജയത്തിനു നിദാനമായ അതേ ബൈബിൾ തത്ത്വങ്ങൾ ഞാൻ ബാധകമാക്കേണ്ടതുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ വളരെ ജ്ഞാനത്തോടും വിവേചനയോടും കൂടെ അതു ചെയ്യേണ്ടതാണെന്ന് എനിക്കു പെട്ടെന്നുതന്നെ ബോധ്യമായി.” തനിക്കും തന്റെ അമ്മയ്ക്കും ഇടയിൽ കയറിവന്ന ഒരു വ്യക്തി ആയിട്ടാണ് ജെറിയെ ലാനയുടെ മകൾ കണ്ടത്, തന്മൂലം അവൾക്ക് അദ്ദേഹത്തെ ഒട്ടും ഇഷ്ടമില്ലായിരുന്നു. ഈ മനോഭാവം ആ പെൺകുട്ടി പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങളെ സ്വാധീനിച്ചു എന്നു മനസ്സിലാക്കാൻ ജെറിക്കു വിവേചന ആവശ്യമായിരുന്നു. അദ്ദേഹം ആ വിഷമഘട്ടത്തെ എങ്ങനെയാണു കൈകാര്യം ചെയ്തത്? ജെറി ഉത്തരം നൽകുന്നു: “തത്കാലത്തേക്ക് എങ്കിലും, കുട്ടിക്കു ശിക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം ലാനതന്നെ നിർവഹിക്കുകയും ഞാൻ ആദ്യം അവളുമായി നല്ലൊരു ബന്ധം നട്ടുവളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഞങ്ങൾ ഇരുവരും തീരുമാനിച്ചു. കാലക്രമത്തിൽ ഇതു നല്ല ഫലങ്ങൾ കൈവരുത്തി.”
15 വീട്ടിൽ ദുഷ്കരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, കുടുംബാംഗങ്ങൾ ഒരു പ്രത്യേക വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നമുക്കു വിവേചന ആവശ്യമാണ്. ദൈവിക തത്ത്വങ്ങൾ ശരിയായ വിധത്തിൽ ബാധകമാക്കുന്നതിനു നമുക്കു ജ്ഞാനവും ആവശ്യമാണ്. ഉദാഹരണത്തിന്, രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീ തന്നെ തൊട്ടത് എന്തുകൊണ്ട് എന്നു യേശു വ്യക്തമായി വിവേചിച്ചറിഞ്ഞു. ജ്ഞാനത്തോടും അനുകമ്പയോടും കൂടെ അവൻ അവളോട് ഇടപെട്ടു. (ലേവ്യപുസ്തകം 15:25-27; മർക്കൊസ് 5:30-34) ജ്ഞാനവും വിവേകവും നമ്മുടെ നായകന്റെ സ്വഭാവവിശേഷങ്ങളാണ്. (സദൃശവാക്യങ്ങൾ 8:12, NW) അവനെപ്പോലെ പ്രവർത്തിക്കുന്നെങ്കിൽ നാമും സന്തുഷ്ടരായിരിക്കും.
‘മുമ്പെ രാജ്യം അന്വേഷിപ്പിൻ’
16. നമ്മുടെ ജീവിതത്തിൽ പ്രമുഖ സ്ഥാനം എന്തിനായിരിക്കണം, സ്വന്തം മാതൃകയാൽ യേശു അത് എങ്ങനെ പ്രകടമാക്കി?
16 തന്റെ നേതൃത്വം അംഗീകരിക്കുന്നവരുടെ ജീവിതത്തിൽ എന്തിനായിരിക്കണം പ്രമുഖ സ്ഥാനം എന്നതു സംബന്ധിച്ച് യേശു ഒരു സംശയവും അവശേഷിപ്പിച്ചില്ല. അവൻ പറഞ്ഞു: ‘മുമ്പെ അവന്റെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ.’ (മത്തായി 6:33) ഇത് എങ്ങനെ ചെയ്യാമെന്നതിന് അവൻ മാതൃക വെക്കുകയും ചെയ്തു. സ്നാപനത്തെ തുടർന്നുള്ള 40 ദിവസത്തെ ഉപവാസത്തിനും ധ്യാനത്തിനും പ്രാർഥനയ്ക്കും ശേഷം യേശു ഒരു പ്രലോഭനത്തെ നേരിട്ടു. ‘ലോകത്തിലുള്ള സകല രാജ്യങ്ങളുടെയും’ മേലുള്ള ഭരണാധികാരം പിശാചായ സാത്താൻ അവനു വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ, യേശുവിന് എങ്ങനെയുള്ള ഒരു ജീവിതം നയിക്കാനാകുമായിരുന്നു എന്നു സങ്കൽപ്പിക്കുക! എന്നാൽ, ക്രിസ്തു തന്റെ പിതാവിന്റെ ഹിതം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സാത്താന്റെ ലോകത്തിലെ അത്തരമൊരു ജീവിതം ഹ്രസ്വമായിരിക്കും എന്നും അവൻ തിരിച്ചറിഞ്ഞു. അവൻ സത്വരം പിശാചിന്റെ വാഗ്ദാനം തള്ളിക്കളഞ്ഞുകൊണ്ട്, ‘“നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.’ താമസിയാതെ, യേശു “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി.” (മത്തായി 4:2, 8-10, 17) ഭൂമിയിലെ തന്റെ ശേഷിച്ച ജീവിതകാലത്ത് ഉടനീളം അവൻ ദൈവരാജ്യത്തിന്റെ ഒരു മുഴുസമയ ഘോഷകൻ ആയിരുന്നു.
17. നമ്മുടെ ജീവിതത്തിൽ രാജ്യതാത്പര്യങ്ങൾക്കാണു പ്രഥമ സ്ഥാനമെന്ന് എങ്ങനെ പ്രകടമാക്കാനാകും?
17 നാം നമ്മുടെ നായകനെ അനുകരിക്കേണ്ടതുണ്ട്, നല്ല വരുമാനമുള്ള ഒരു ജോലിയെ ജീവിതത്തിലെ പ്രമുഖ സംഗതി ആക്കാനുള്ള സാത്താന്റെ ലോകത്തിന്റെ പ്രലോഭനത്തിൽ നാം വീണുപോകരുത്. (മർക്കൊസ് 1:17-21) രാജ്യതാത്പര്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെടത്തക്കവിധം ലൗകിക അനുധാവനങ്ങളുടെ കെണിയിൽ കുരുങ്ങിപ്പോകാൻ സ്വയം അനുവദിക്കുന്നത് എത്ര ഭോഷത്തമായിരിക്കും! രാജ്യപ്രസംഗവും ശിഷ്യരാക്കൽ വേലയും യേശു നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. (മത്തായി 24:14; 28:19, 20) അതേ, നമുക്കു കുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കാം. എന്നാൽ പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സായാഹ്നങ്ങളും വാരാന്തങ്ങളും ഉപയോഗിക്കാൻ നാം സന്തോഷമുള്ളവരല്ലേ? സേവനവർഷം 2001-ൽ ഏതാണ്ട് 7,80,000 പേർ മുഴുസമയ ശുശ്രൂഷകരായി അഥവാ പയനിയർമാരായി സേവിച്ചു എന്നത് എത്ര പ്രോത്സാഹജനകമാണ്!
18. ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ എന്തു സഹായിക്കുന്നു?
18 ആർദ്രവികാരങ്ങൾ ഉള്ളവനും കർമനിരതനുമായ ഒരു വ്യക്തിയെന്ന നിലയിലാണ് സുവിശേഷ വിവരണങ്ങൾ യേശുവിനെ ചിത്രീകരിക്കുന്നത്. തനിക്കു ചുറ്റുമുള്ളവരുടെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ അവന് അവരോടു സഹതാപം തോന്നി, അവരെ സഹായിക്കാൻ അവൻ ആകാംക്ഷയുള്ളവൻ ആയിരുന്നു. (മർക്കൊസ് 6:31-34) മറ്റുള്ളവരോടുള്ള സ്നേഹത്താലും അവരെ സഹായിക്കാനുള്ള ആത്മാർഥമായ ആഗ്രഹത്താലും പ്രചോദിതരായി നാം ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ അതു നമുക്കു സന്തോഷം കൈവരുത്തുന്നു. എന്നാൽ അത്തരം ഒരു ആഗ്രഹം നമുക്ക് എങ്ങനെ വളർത്തിയെടുക്കാൻ കഴിയും? ജയ്സൺ എന്നു പേരുള്ള ഒരു യുവാവ് പറയുന്നു: “കൗമാരപ്രായത്തിൽ ഞാൻ ശുശ്രൂഷ അത്ര ആസ്വദിച്ചിരുന്നില്ല.” എന്നാൽ അതിനോടു സ്നേഹം വളർത്തിയെടുക്കാൻ അവനെ സഹായിച്ചത് എന്താണ്? ജയ്സൺ പറയുന്നു: “എന്റെ കുടുംബം എല്ലാ ശനിയാഴ്ചയും രാവിലെ വയൽസേവനത്തിനു പോയിരുന്നു. അത് എനിക്കു ഗുണം ചെയ്തു. കാരണം, എത്രയധികം ശുശ്രൂഷയിൽ ഏർപ്പെട്ടോ അത്രയധികം അതു കൈവരുത്തുന്ന നന്മ എനിക്കു കാണാൻ കഴിഞ്ഞു. ഞാൻ അതു കൂടുതൽ ആസ്വദിക്കാൻ തുടങ്ങി.” നാമും പതിവായി, ഉത്സാഹപൂർവം ശുശ്രൂഷയിൽ ഏർപ്പെടണം.
19. ക്രിസ്തുവിന്റെ നേതൃത്വം സംബന്ധിച്ച് നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
19 ക്രിസ്തുവിന്റെ നേതൃത്വം അംഗീകരിക്കുന്നത് തീർച്ചയായും നവോന്മേഷപ്രദവും പ്രതിഫലദായകവുമാണ്. അങ്ങനെ ചെയ്യുമ്പോൾ, ചെറുപ്പകാലം അറിവിലും ജ്ഞാനത്തിലും മുതിർന്നുവരുന്നതിനുള്ള ഒരു സമയം ആയിത്തീരുന്നു. കുടുംബജീവിതം സമാധാനത്തിന്റെയും സന്തുഷ്ടിയുടെയും ഒരു ഉറവ് ആയിത്തീരുന്നു. ശുശ്രൂഷ സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നു. അതുകൊണ്ട് തീർച്ചയായും നമ്മുടെ അനുദിന ജീവിതത്തിലും നാം എടുക്കുന്ന തീരുമാനങ്ങളിലും, ക്രിസ്തുവിന്റെ നേതൃത്വം നമുക്ക് യഥാർഥമാണെന്നു പ്രകടമാക്കാൻ ദൃഢചിത്തരായിരിക്കാം. (കൊലൊസ്സ്യർ 3:23, 24) എന്നാൽ മറ്റൊരു മണ്ഡലത്തിലും യേശുക്രിസ്തു നേതൃത്വം പ്രദാനം ചെയ്തിട്ടുണ്ട്—ക്രിസ്തീയ സഭയിൽ. ആ ക്രമീകരണത്തിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയുമെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.
[അടിക്കുറിപ്പ്]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവത്തിന്റെ നിയമിത നായകനെ പിൻപറ്റുന്നത് നമുക്ക് എങ്ങനെ പ്രയോജനം കൈവരുത്തുന്നു?
• യേശുവിന്റെ നേതൃത്വം അംഗീകരിക്കുന്നു എന്ന് യുവജനങ്ങൾക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
• ക്രിസ്തുവിന്റെ നേതൃത്വത്തിനു കീഴ്പെടുന്നവരുടെ കുടുംബജീവിതത്തിന്മേൽ അതിന് എന്തു ഫലമാണ് ഉള്ളത്?
• ക്രിസ്തുവിന്റെ നേതൃത്വം നമുക്ക് യഥാർഥമാണെന്നു നമ്മുടെ ശുശ്രൂഷയിലൂടെ എങ്ങനെ പ്രകടമാക്കാം?
[9-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തെയും നമ്മുടെ നിയമിത നായകനെയും കുറിച്ചുള്ള പരിജ്ഞാനം നേടാൻ പറ്റിയ സമയമാണു ചെറുപ്പകാലം
[10-ാം പേജിലെ ചിത്രം]
ക്രിസ്തുവിന്റെ നേതൃത്വത്തിനു കീഴ്പെട്ടിരിക്കുന്നത് കുടുംബസന്തുഷ്ടി കൈവരുത്തുന്നു
[12-ാം പേജിലെ ചിത്രങ്ങൾ]
യേശു ഒന്നാമതു രാജ്യം അന്വേഷിച്ചു. നിങ്ങളോ?