നാം ഘോഷിക്കേണ്ട സന്ദേശം
“നിങ്ങൾ എന്റെ സാക്ഷികൾ . . .; ഞാൻ ദൈവം” എന്നു പറഞ്ഞുകൊണ്ട് യഹോവ നമ്മെ ഒരു ഉത്തരവാദിത്വവും വലിയ ഒരു പദവിയും ഭരമേൽപ്പിച്ചിരിക്കുന്നു. (യെശ. 43:12) നാം നിഷ്ക്രിയ വിശ്വാസികളല്ല, ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽ അടങ്ങിയിരിക്കുന്ന സുപ്രധാന സത്യങ്ങൾക്കു പരസ്യ സാക്ഷ്യം വഹിക്കുന്ന സാക്ഷികളാണ്. നമ്മുടെ നാളിൽ ഘോഷിക്കാനായി യഹോവ നമ്മെ നിയോഗിച്ചിരിക്കുന്ന സന്ദേശം എന്താണ്? യഹോവയാം ദൈവത്തിലും യേശുക്രിസ്തുവിലും മിശിഹൈക രാജ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സന്ദേശമാണത്.
‘സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകളെ പ്രമാണിച്ചുകൊൾക’
ക്രിസ്തീയ യുഗ പിറവിക്കു ദീർഘനാൾ മുമ്പ്, തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നതിനായി ‘ഭൂമിയിലെ സകല ജനതകൾക്കും’ വേണ്ടിയുള്ള ഒരു കരുതലിനെ കുറിച്ചു യഹോവ വിശ്വസ്തനായ അബ്രാഹാമിനോടു പറയുകയുണ്ടായി. (ഉല്പ. 22:18, NW) സകല മനുഷ്യരും പാലിക്കേണ്ട ഒരു അടിസ്ഥാന നിബന്ധനയെ കുറിച്ച് എഴുതാൻ അവൻ ശലോമോനെ നിശ്വസ്തനാക്കുകയും ചെയ്തു. ആ നിബന്ധന ഇതായിരുന്നു: “ദൈവത്തെ [“സത്യദൈവത്തെ,” NW] ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.” (സഭാ. 12:13) എന്നാൽ സകല ജനതകളിലെയും ആളുകൾ ഈ കാര്യങ്ങളെ കുറിച്ച് എങ്ങനെയാണു മനസ്സിലാക്കുക?
ദൈവവചനത്തിൽ വിശ്വസിച്ചിരുന്ന ചിലർ എക്കാലത്തും ഉണ്ടായിരുന്നെങ്കിലും സകല ജനതകളുടെയും പക്കൽ സുവാർത്ത യഥാർഥത്തിൽ എത്തിക്കുന്ന സമഗ്രമായ ഒരു ആഗോള സാക്ഷീകരണം “കർത്താവിന്റെ ദിവസ”ത്തിലാണു നടക്കേണ്ടിയിരുന്നത് എന്നു ബൈബിൾ സൂചിപ്പിക്കുന്നു. ഇത് 1914-ൽ തുടങ്ങി. (വെളി. 1:10, NW) ഈ കാലത്ത്, ദൂത മാർഗനിർദേശത്തിൻ കീഴിൽ “സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു” ഒരു സുപ്രധാന സന്ദേശം ഘോഷിക്കുന്നതിനെ കുറിച്ച് വെളിപ്പാടു 14:6, 7 മുൻകൂട്ടി പറഞ്ഞു. “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ” എന്ന് അവരെ ഉദ്ബോധിപ്പിക്കുമായിരുന്നു. ഈ സന്ദേശം ഘോഷിക്കുക എന്നതു ദൈവേഷ്ടമാണ്. നമുക്ക് ആ വേലയിൽ പങ്കെടുക്കാനുള്ള പദവിയുണ്ട്.
‘സത്യദൈവം.’ ‘നിങ്ങൾ എന്റെ സാക്ഷികൾ’ എന്ന് യഹോവ പ്രഖ്യാപിച്ചത് ദൈവത്വം സംബന്ധിച്ച വിവാദവിഷയത്തിന്റെ ഒരു ചർച്ചാവേളയിലായിരുന്നു. (യെശ. 43:10) വെറുതെ ഏതെങ്കിലും ഒരു മതം ഉണ്ടായിരിക്കണമെന്നോ ഏതെങ്കിലും ഒരു ദൈവത്തിൽ വിശ്വസിക്കണമെന്നോ ഉള്ള സന്ദേശം ആളുകളോടു ഘോഷിക്കാതെ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തെ മനസ്സിലാക്കാനുള്ള അവസരം അവർക്കു കൊടുക്കേണ്ടതുണ്ട്. (യെശ. 45:5, 18, 21, 22; യോഹ. 17:3) സത്യദൈവത്തിനു മാത്രമേ ഭാവിയെ കുറിച്ച് ആശ്രയയോഗ്യമായ വിധത്തിൽ മുൻകൂട്ടി പറയാനാകൂ. കഴിഞ്ഞ കാലത്തു യഹോവ പറഞ്ഞതു നിവൃത്തിയായി എന്ന സംഗതി അവൻ ഭാവിയിലേക്കു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും നിവൃത്തിയാകും എന്നു വിശ്വസിക്കാനുള്ള ഉറച്ച അടിസ്ഥാനം നൽകുന്നുവെന്ന് ആളുകൾക്കു കാണിച്ചുകൊടുക്കാൻ നമുക്കു കഴിയും.—യോശു. 23:14, NW; യെശ. 55:10, 11.
തീർച്ചയായും, നാം സാക്ഷീകരിക്കുന്നവരിൽ പലരും മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരോ ഒരു ദൈവത്തെയും ആരാധിക്കുന്നില്ലെന്ന് അവകാശപ്പെടുന്നവരോ ആണ്. ഒരു കേൾക്കുന്ന കാതു ലഭിക്കുന്നതിന്, ഇരുകൂട്ടർക്കും താത്പര്യമുള്ള ഒരു കാര്യം പറഞ്ഞുകൊണ്ടു നാം സംഭാഷണം തുടങ്ങേണ്ടതുണ്ടായിരിക്കാം. പ്രവൃത്തികൾ 17:22-31-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഉദാഹരണത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് നയചാതുര്യം ഉള്ളവൻ ആയിരുന്നു. അതേസമയം, സകല മനുഷ്യരും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതുണ്ട് എന്ന വസ്തുത അവൻ വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തു.
ദൈവനാമം അറിയിക്കൽ. സത്യദൈവത്തെ പേരിനാൽ തിരിച്ചറിയിക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ച വരുത്തരുത്. യഹോവ തന്റെ നാമത്തെ വളരെയേറെ പ്രിയപ്പെടുന്നു. (പുറ. 3:15; യെശ. 42:8) ആളുകൾ ആ പേര് അറിയാൻ അവൻ ആഗ്രഹിക്കുന്നു. അവൻ തന്റെ ഉത്കൃഷ്ട നാമം 7,000-ത്തിലേറെ തവണ ബൈബിളിൽ പ്രത്യക്ഷപ്പെടാൻ ഇടയാക്കി. ആളുകൾക്ക് ആ പേര് പരിചയപ്പെടുത്തി കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.—ആവ. 4:35.
മുഴു മനുഷ്യവർഗത്തിന്റെയും ഭാവി ജീവിത പ്രതീക്ഷകൾ അവർ യഹോവയെ അറിയുകയും അവനെ വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. (യോവേ. 2:32; മലാ. 3:16; 2 തെസ്സ. 1:7) എങ്കിലും, മിക്കയാളുകൾക്കും യഹോവയെ അറിയില്ല. ബൈബിളിലെ ദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒട്ടുവളരെ ആളുകളും ഇവരിൽ ഉൾപ്പെടുന്നു. ബൈബിൾ കൈവശം ഉണ്ടായിരിക്കുകയും അതു വായിക്കുകയും ചെയ്യുന്നെങ്കിൽ പോലും, അവർക്ക് ദൈവത്തിന്റെ വ്യക്തിപരമായ നാമം അറിയില്ലായിരിക്കാം. പല ആധുനിക ബൈബിൾ വിവർത്തനങ്ങളിൽനിന്നും അതു നീക്കം ചെയ്തിരിക്കുന്നു എന്നതാണ് അതിനു കാരണം. യഹോവ എന്ന നാമം ഉപയോഗിക്കരുതെന്ന് മതനേതാക്കന്മാർ പറഞ്ഞപ്പോൾ കേട്ട പരിചയം മാത്രമേ ചിലർക്കു ദൈവനാമത്തെ കുറിച്ചുള്ളൂ.
ദൈവനാമം നമുക്കെങ്ങനെ ആളുകൾക്കു പരിചയപ്പെടുത്തി കൊടുക്കാൻ കഴിയും? അതു ബൈബിളിൽനിന്ന്—സാധിക്കുമെങ്കിൽ അവരുടെ സ്വന്തം ബൈബിളിൽനിന്ന്—അവരെ കാണിച്ചുകൊടുക്കുന്നതിന്റെ അത്രയും ഫലപ്രദമായി യാതൊന്നുമില്ല. ചില വിവർത്തനങ്ങളിൽ ദൈവനാമം ആയിരക്കണക്കിനു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മറ്റു ചിലതിലാകട്ടെ, സങ്കീർത്തനം 83:18-ലോ പുറപ്പാടു 6:3-6-ലോ മാത്രമായിരിക്കാം അതു കാണാനാകുക. അല്ലെങ്കിൽ അത് പുറപ്പാടു 3:14, 15-ന്റെയോ 6:3-ന്റെയോ അടിക്കുറിപ്പിൽ കാണാൻ കഴിഞ്ഞേക്കാം. പല വിവർത്തനങ്ങളും, മൂല ഭാഷാ പാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം വരുന്ന ഇടങ്ങളിൽ “കർത്താവ്,” “ദൈവം” എന്നീ പകര പ്രയോഗങ്ങൾ (ചില ഭാഷാന്തരങ്ങളിൽ വലിപ്പം കൂട്ടിയും മറ്റും) കൊടുത്തിരിക്കുന്നു. ആധുനിക വിവർത്തകർ ദൈവത്തിന്റെ വ്യക്തിപരമായ നാമം പൂർണമായി നീക്കം ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ, ദൈവനാമം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ആളുകൾക്കു കാണിച്ചു കൊടുക്കാൻ നിങ്ങൾ പഴക്കമേറിയ ഒരു ബൈബിൾ വിവർത്തനം ഉപയോഗിക്കേണ്ടതുണ്ടായിരിക്കാം. ചില നാടുകളിൽ, മത കീർത്തനങ്ങളിൽനിന്നോ ഒരു പൊതു കെട്ടിടത്തിലെ ആലേഖനത്തിൽനിന്നോ നിങ്ങൾക്കു ദൈവനാമം കാണിച്ചുകൊടുക്കാൻ സാധിച്ചേക്കും.
മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരുടെ കാര്യത്തിൽ പോലും യിരെമ്യാവു 10:10-13 ഫലകരമായി ഉപയോഗിക്കാൻ കഴിയും. അത് ദൈവനാമം എന്താണെന്നു പ്രസ്താവിക്കുന്നതിനു പുറമേ അവൻ ആരാണെന്നു വ്യക്തമായി വിശദീകരിക്കുകയും ചെയ്യുന്നു.
ക്രൈസ്തവലോകം ചെയ്യുന്നതുപോലെ, “ദൈവം” എന്നും “കർത്താവ്” എന്നും മറ്റുമുള്ള സ്ഥാനപ്പേരുകൾകൊണ്ട് യഹോവ എന്ന നാമം മറച്ചുവെക്കരുത്. ഇതിന്റെ അർഥം എല്ലാ സംഭാഷണങ്ങളുടെയും തുടക്കത്തിൽ ആ നാമം ഉപയോഗിക്കണമെന്നല്ല. മുൻവിധി നിമിത്തം, ചിലയാളുകൾ ചർച്ച അവിടംകൊണ്ട് അവസാനിപ്പിച്ചെന്നു വരാം. എന്നാൽ, സംഭാഷണത്തിനുള്ള അടിസ്ഥാനം സ്ഥാപിച്ചുകഴിഞ്ഞാൽ, ദിവ്യനാമം ഉപയോഗിക്കുന്നതിൽനിന്നു വിട്ടുനിൽക്കരുത്.
“കർത്താവ്” എന്നും “ദൈവം” എന്നുമുള്ള സ്ഥാനപ്പേരുകൾ മൊത്തം എത്ര പ്രാവശ്യം വരുന്നുവോ അതിനെക്കാൾ കൂടുതൽ തവണ ബൈബിൾ, ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നു എന്നുള്ളതു ശ്രദ്ധേയമാണ്. എങ്കിലും, ബൈബിൾ എഴുത്തുകാർ എല്ലാ വാചകങ്ങളിലും ദൈവനാമം ഉൾപ്പെടുത്താൻ ശ്രമിച്ചില്ല. പകരം, സ്വാഭാവികമായും മടികൂടാതെയും ആദരവോടെയും അവർ അത് ഉപയോഗിച്ചു. അനുകരിക്കാൻ പറ്റിയ നല്ലൊരു മാതൃകയാണ് അത്.
പേരിനു പിന്നിലെ വ്യക്തി. ദൈവത്തിന് വ്യക്തിപരമായ ഒരു പേരുണ്ട് എന്ന വസ്തുതതന്നെ ഒരു സുപ്രധാന സത്യമാണെങ്കിലും, അത് തുടക്കം മാത്രമേ ആകുന്നുള്ളൂ.
യഹോവയെ സ്നേഹിക്കാനും അവനെ വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കാനും കഴിയണമെങ്കിൽ അവൻ ഏതുതരം ദൈവമാണെന്ന് ആളുകൾ അറിയേണ്ടതുണ്ട്. സീനായ് പർവതത്തിൽവെച്ച് യഹോവ മോശെയ്ക്ക് തന്റെ നാമം വെളിപ്പെടുത്തിയപ്പോൾ അവൻ “യഹോവ” എന്ന പദം ആവർത്തിച്ച് പ്രസ്താവിച്ചതിനു പുറമേ തന്റെ പ്രമുഖ ഗുണങ്ങളിൽ ചിലതിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചു. (പുറ. 34:6, 7) നമുക്ക് അനുകരിക്കാൻ പറ്റിയ ഒരു മാതൃകയാണ് അത്.
പുതിയ താത്പര്യക്കാരോടു സാക്ഷീകരിക്കുമ്പോഴായാലും സഭയിൽ പ്രസംഗങ്ങൾ നടത്തുമ്പോഴായാലും രാജ്യാനുഗ്രഹങ്ങളെ കുറിച്ചു നിങ്ങൾ സംസാരിക്കുമ്പോൾ ആ വാഗ്ദാനങ്ങൾ നൽകുന്ന ദൈവത്തെ കുറിച്ച് അവ എന്തു സൂചിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുക. അവന്റെ കൽപ്പനകളെ കുറിച്ചു പരാമർശിക്കുമ്പോൾ അവയിൽ പ്രതിഫലിച്ചു കാണുന്ന ജ്ഞാനത്തിനും സ്നേഹത്തിനും ഊന്നൽ കൊടുത്തുകൊണ്ടു സംസാരിക്കുക. ദൈവത്തിന്റെ നിബന്ധനകൾ നമ്മെ ബുദ്ധിമുട്ടിക്കുന്നവയല്ല, പകരം നമ്മുടെ പ്രയോജനത്തിനായി നൽകപ്പെട്ടിരിക്കുന്നവ ആണെന്നു വ്യക്തമാക്കുക. (യെശ. 48:17, 18; മീഖാ 6:8) യഹോവയുടെ ശക്തിപ്രകടനങ്ങളിൽ ഓരോന്നും അവന്റെ വ്യക്തിത്വം, നിലവാരങ്ങൾ, ഉദ്ദേശ്യം എന്നിവ സംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു എന്നു കാണിച്ചുകൊടുക്കുക. യഹോവ തന്റെ ഗുണങ്ങൾ സമനിലയോടെ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക. യഹോവയെ കുറിച്ചുള്ള സ്വന്തം വികാരങ്ങൾ നിങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത് ആളുകൾ കേൾക്കാനിടയാകട്ടെ. യഹോവയോടുള്ള നിങ്ങളുടെ സ്നേഹം മറ്റുള്ളവരിൽ അത്തരം സ്നേഹം ഉണരാൻ ഇടയാക്കും.
നമ്മുടെ നാളിലേക്കുള്ള അടിയന്തിര സന്ദേശം ദൈവത്തെ ഭയപ്പെടാൻ സകലരെയും ആഹ്വാനം ചെയ്യുന്നു. പറയുന്ന കാര്യങ്ങളിലൂടെ ആ ദൈവഭയം ഉണർത്താൻ നമ്മൾ ശ്രമിക്കണം. ഈ ഭയം യഹോവയോടു തോന്നുന്ന ആരോഗ്യാവഹമായ ഭയം, ഭയാദരവ്, ആഴമായ ഭക്ത്യാദരവ് ആണ്. (സങ്കീ. 89:7) ഇതിൽ, യഹോവ പരമോന്നത ന്യായാധിപതി ആണെന്നും നമ്മുടെ ഭാവി ജീവിത പ്രതീക്ഷകൾ നമ്മൾ അവന്റെ അംഗീകാരം നേടുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അറിയുന്നത് ഉൾപ്പെടുന്നു. (ലൂക്കൊ. 12:5; റോമ. 14:12) അതുകൊണ്ട്, അത്തരം ഭയം അവനോടുള്ള ആഴമായ സ്നേഹവുമായും തത്ഫലമായി അവനെ പ്രസാദിപ്പിക്കാനുള്ള തീവ്രമായ ആഗ്രഹവുമായും ഇഴചേർന്നു കിടക്കുന്നു. (ആവ. 10:12, 13, NW) കൂടാതെ, ദൈവഭയം തിന്മയെ വെറുക്കാനും ദൈവത്തിന്റെ കൽപ്പനകൾ പ്രമാണിക്കാനും പൂർണ ഹൃദയത്തോടെ അവനെ ആരാധിക്കാനും നമുക്കു പ്രചോദനമേകുന്നു. (ആവ. 5:29; 1 ദിന. 28:9; സദൃ. 8:13, NW) ദൈവത്തെ സേവിക്കവേ, ലോകത്തിലുള്ളതിനെ സ്നേഹിക്കാൻ ശ്രമിക്കുന്നതിൽനിന്ന് അതു നമ്മെ സംരക്ഷിക്കുന്നു.—1 യോഹ. 2:15-17.
ദൈവനാമം—“ബലമുള്ള ഗോപുരം.” യഹോവയെ യഥാർഥമായി അറിയാനിടയാകുന്ന ആളുകൾ വലിയ സംരക്ഷണം ആസ്വദിക്കുന്നു. അവന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നതോ അവന്റെ ഗുണങ്ങളിൽ ചിലതു പറയാൻ കഴിയുന്നതോ കൊണ്ടല്ല അവർക്ക് ഇതു സാധിക്കുന്നത്. അവർ യഹോവയിൽ ആശ്രയം വെക്കുന്നു എന്നതാണ് അതിനുള്ള കാരണം. അവരെ കുറിച്ച് സദൃശവാക്യങ്ങൾ 18:10 ഇങ്ങനെ പറയുന്നു: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു [“സുരക്ഷിതനായിക്കഴിയുന്നു,” പി.ഒ.സി. ബൈ.].”
യഹോവയിൽ ആശ്രയിക്കാൻ മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുന്നതിന് ലഭിക്കുന്ന അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. (സങ്കീ. 37:3; സദൃ. 3:5, 6) അത്തരം ആശ്രയം യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസത്തെ വെളിപ്പെടുത്തുന്നു. (എബ്രാ. 11:6) ആളുകൾ യഹോവ സാർവത്രിക പരമാധികാരിയാണെന്ന് അറിയുകയും അവന്റെ വഴികളെ പ്രിയപ്പെടുകയും യഥാർഥ രക്ഷ അവനിൽനിന്നു മാത്രമേ വരുകയുള്ളു എന്നു പൂർണമായി വിശ്വസിക്കുകയും ചെയ്യുന്നതു നിമിത്തം “യഹോവയുടെ നാമം വിളിച്ചപേക്ഷി”ക്കുമ്പോൾ അവർ രക്ഷിക്കപ്പെടുമെന്ന് ദൈവവചനം നമുക്ക് ഉറപ്പുതരുന്നു. (റോമ. 10:13, 14, NW) നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കവേ, ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അത്തരം വിശ്വാസം വളർത്തിയെടുക്കാൻ അവരെ സഹായിക്കുക.
പലരും വീർപ്പുമുട്ടിക്കുന്ന വ്യക്തിഗത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. അവർക്ക് യാതൊരു പോംവഴിയും കാണാൻ കഴിയുന്നില്ലായിരിക്കാം. യഹോവയുടെ വഴികൾ പഠിക്കാനും അവനിൽ ആശ്രയിക്കാനും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാനും അവരെ ഉദ്ബോധിപ്പിക്കുക. (സങ്കീ. 25:5) ദൈവത്തിന്റെ സഹായത്തിനായി മുട്ടിപ്പായി പ്രാർഥിക്കാനും അവന്റെ അനുഗ്രഹങ്ങൾക്കായി അവനോടു നന്ദി പറയാനും അവരെ പ്രോത്സാഹിപ്പിക്കുക. (ഫിലി. 4:6, 7, NW) അവർ യഹോവയെ അറിയുമ്പോൾ—ബൈബിളിലെ ചില പ്രസ്താവനകൾ വായിക്കുന്നതിലൂടെ മാത്രമല്ല, അവന്റെ വാഗ്ദാനങ്ങളുടെ നിവൃത്തി സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നതിലൂടെയും—യഹോവയുടെ നാമം പ്രതിനിധാനം ചെയ്യുന്ന സംഗതികൾ ശരിക്കും മനസ്സിലാക്കുന്നതിൽനിന്നു വരുന്ന സുരക്ഷിതത്വം അവർ ആസ്വദിച്ചു തുടങ്ങും.—സങ്കീ. 34:8; യിരെ. 17:7, 8.
സത്യദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യുന്നതിലെ ജ്ഞാനം വിലമതിക്കാൻ ആളുകളെ സഹായിക്കുന്നതിന് എല്ലാ അവസരങ്ങളും നന്നായി ഉപയോഗിക്കുക.
‘യേശുവിനു സാക്ഷ്യം വഹിക്കൽ’
പുനരുത്ഥാന ശേഷം സ്വർഗത്തിലേക്കു മടങ്ങിപ്പോകും മുമ്പ് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ ശിഷ്യന്മാർക്കു നിർദേശങ്ങൾ നൽകി: “നിങ്ങൾ . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ. 1:8) നമ്മുടെ നാളിലെ വിശ്വസ്ത ദൈവദാസന്മാരെ ‘യേശുവിനു സാക്ഷ്യം വഹിക്കുന്നവർ’ എന്നു വർണിച്ചിരിക്കുന്നു. (വെളി. 12:17, പി.ഒ.സി. ബൈ.) ആ സാക്ഷ്യം നൽകുന്നതിൽ നിങ്ങൾ എത്ര ശുഷ്കാന്തിയുള്ളവരാണ്?
യേശുവിൽ വിശ്വസിക്കുന്നു എന്ന് ആത്മാർഥമായി പറയുന്ന പലർക്കും അവന്റെ മനുഷ്യപൂർവ അസ്തിത്വത്തെ കുറിച്ച് യാതൊന്നും അറിഞ്ഞുകൂടാ. ഭൂമിയിലായിരുന്നപ്പോൾ അവൻ ഒരു യഥാർഥ മനുഷ്യനായിരുന്നു എന്ന് അവർ തിരിച്ചറിയുന്നില്ല. അവൻ ദൈവപുത്രനാണ് എന്നതിന്റെ അർഥം എന്തെന്ന് അവർ ഗ്രഹിക്കുന്നില്ല. ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ അവൻ വഹിക്കുന്ന പങ്കിനെ കുറിച്ച് അവർക്കു കാര്യമായി ഒന്നും അറിയില്ല. അവൻ ഇപ്പോൾ എന്തു ചെയ്യുന്നുവെന്നും ഭാവിയിൽ അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ ബാധിക്കുമെന്നും അവർ തിരിച്ചറിയുന്നില്ല. യഹോവയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നില്ലെന്ന തെറ്റായ ധാരണ പോലും വെച്ചുപുലർത്തുന്നവരായിരിക്കാം അവർ. ഇക്കാര്യങ്ങളെ കുറിച്ചുള്ള സത്യം അറിയിക്കാനുള്ള പദവി നമ്മുടേതാണ്.
ഇനിയും മറ്റു ചിലർ, ബൈബിളിൽ വർണിച്ചിരിക്കുന്ന യേശുവിനെ പോലുള്ള ഒരുവൻ യഥാർഥത്തിൽ ജീവിച്ചിരുന്നുവെന്നുതന്നെ വിശ്വസിക്കാത്തവരാണ്. ചിലർ യേശുവിന് മഹാനായ ഒരു മനുഷ്യനിൽ കവിഞ്ഞ് യാതൊരു സ്ഥാനവും കൽപ്പിക്കുന്നില്ല. അവൻ ദൈവപുത്രനാണ് എന്ന ആശയം പലരും നിഷേധിക്കുന്നു. അത്തരക്കാരുടെ ഇടയിൽ ‘യേശുവിനു സാക്ഷ്യം വഹിക്കാൻ’ വളരെയധികം ശ്രമവും ക്ഷമയും നയചാതുര്യവും ആവശ്യമാണ്.
നിങ്ങളുടെ ശ്രോതാക്കൾ ഏതു വീക്ഷണഗതി ഉള്ളവരായിരുന്നാലും, നിത്യജീവനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതലിൽനിന്നു പ്രയോജനം അനുഭവിക്കണമെങ്കിൽ അവർ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളേണ്ടതുണ്ട്. (യോഹ. 17:3) ജീവനുള്ള സകലരും ‘“യേശുക്രിസ്തു കർത്താവു” എന്നു ഏറ്റുപറകയും’ അവന്റെ അധികാരത്തിന് കീഴ്പെടുകയും വേണം എന്നതാണ് ദൈവേഷ്ടം, അതവൻ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു. (ഫിലി. 2:9-11) അതുകൊണ്ട്, ഉറച്ചതെങ്കിലും തെറ്റായ അഭിപ്രായങ്ങളോ പ്രകടമായ മുൻവിധിയോ ഉള്ളവരെ കണ്ടുമുട്ടുമ്പോൾ ഇതേക്കുറിച്ചൊന്നും പറയാതിരിക്കാം എന്ന നിലപാടു സ്വീകരിക്കാൻ നമുക്കാവില്ല. ചിലരുടെ അടുത്ത് യേശുക്രിസ്തുവിനെ കുറിച്ചു നമുക്കു തുറന്നു സംസാരിക്കാൻ കഴിയുമ്പോൾ—പ്രഥമ സന്ദർശനത്തിൽ പോലും—മറ്റു ചിലരുടെ അടുത്ത്, അവർ യേശുവിനെ കുറിച്ചു ശരിയായി ചിന്തിച്ചു തുടങ്ങാൻ സഹായകമായ കാര്യങ്ങൾ വിവേചനാപൂർവം പറയേണ്ടതുണ്ടായിരിക്കാം. കൂടാതെ, ഭാവി സന്ദർശനങ്ങളിൽ ഈ വിഷയത്തോടു ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അവതരിപ്പിക്കാനുള്ള വഴികളെ കുറിച്ചു നാം ചിന്തിക്കേണ്ടതുമുണ്ടായിരിക്കാം. എന്നിരുന്നാലും, ഒരു വ്യക്തിയുമായി ഭവന ബൈബിളധ്യയനം നടത്തുന്നതുവരെ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുക സാധ്യമല്ലായിരിക്കാം.—1 തിമൊ. 2:3-7.
ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള നിർണായക സ്ഥാനം. യേശു “വഴി” ആയതിനാലും ‘അവൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ലാത്തതിനാലും’ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിക്കാതെ ദൈവവുമായി ഒരു അംഗീകൃത ബന്ധം ഉണ്ടായിരിക്കുക സാധ്യമല്ലെന്നു മനസ്സിലാക്കാൻ നമ്മൾ ആളുകളെ സഹായിക്കേണ്ടതുണ്ട്. (യോഹ. 14:6) യഹോവ തന്റെ ആദ്യജാത പുത്രനു നിയോഗിച്ചു കൊടുത്തിരിക്കുന്ന നിർണായക പങ്കു മനസ്സിലാക്കാതെ ഒരു വ്യക്തിക്കു ബൈബിൾ മനസ്സിലാക്കാനാകില്ല. എന്തുകൊണ്ട്? കാരണം യഹോവ ഈ പുത്രനെ, തന്റെ എല്ലാ ഉദ്ദേശ്യങ്ങളുടെയും നിവൃത്തിയിലെ കേന്ദ്ര കഥാപാത്രം ആക്കിയിരിക്കുന്നു. (കൊലൊ. 1:17-20) ബൈബിൾ പ്രവചനം ഈ വസ്തുതയെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്. (വെളി. 19:10) സാത്താന്റെ മത്സരവും ആദാമിന്റെ പാപവും വരുത്തിവെച്ച സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതു യേശുക്രിസ്തുവിലൂടെയാണ്.—എബ്രാ. 2:5-9, 14, 15.
ഒരു വ്യക്തിക്ക് ക്രിസ്തുവിന്റെ പങ്ക് മനസ്സിലാകണമെങ്കിൽ സ്വയം വിടുവിക്കാനാകാത്ത പരിതാപകരമായ ഒരു അവസ്ഥയിലാണ് മനുഷ്യർ എന്ന് അയാൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. നാമെല്ലാവരും പാപത്തിൽ ജനിച്ചവരാണ്. ഇതു നമ്മുടെ ജീവിതകാലത്തു പല വിധങ്ങളിൽ നമ്മെ ബാധിച്ചേക്കാം. ഇന്നല്ലെങ്കിൽ നാളെ അതു നമ്മെ മരണത്തിൽ കൊണ്ടെത്തിക്കുന്നു. (റോമ. 3:23; 5:12) നിങ്ങൾ സാക്ഷീകരണം നടത്തുന്നവരുമായി ആ വസ്തുതയെ കുറിച്ചു ന്യായവാദം ചെയ്യുക. എന്നിട്ട്, യഹോവ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെ ആ കരുതലിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് പാപത്തിൽനിന്നും മരണത്തിൽനിന്നും ഉള്ള വിടുതൽ സ്നേഹപുരസ്സരം സാധ്യമാക്കിത്തീർത്തിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടുക. (മർക്കൊ. 10:45; എബ്രാ. 2:9) ഇതു പൂർണതയിൽ നിത്യജീവൻ ആസ്വദിക്കാനുള്ള വഴി അവർക്കു തുറന്നു കൊടുക്കുന്നു. (യോഹ. 3:16, 36) മറ്റൊരു വിധത്തിലും ഇതു സാധ്യമല്ല. (പ്രവൃ. 4:12) ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങൾ, സഭയിലോ അല്ലാതെയോ പഠിപ്പിക്കുമ്പോൾ, ഈ വസ്തുതകൾ വെറുതെ പ്രസ്താവിച്ചാൽ പോരാ. നമ്മുടെ വീണ്ടെടുപ്പുകാരൻ എന്ന നിലയിൽ ക്രിസ്തുവിന്റെ പങ്കിനോടുള്ള കൃതജ്ഞതാ മനോഭാവം ദയയോടും ക്ഷമയോടും കൂടി നിങ്ങളുടെ ശ്രോതാക്കളിൽ ഉൾനടുക. ഈ കരുതലിനോടുള്ള നന്ദി ഒരു വ്യക്തിയുടെ മനോഭാവം, നടത്ത, ജീവിതലക്ഷ്യങ്ങൾ എന്നിവയുടെ മേൽ ആഴമായ സ്വാധീനം ചെലുത്തുന്നതായിരിക്കും.—2 കൊരി. 5:14, 15.
യേശു തന്റെ ജീവൻ യാഗമായി അർപ്പിച്ചത് ഒരിക്കൽ മാത്രമാണ് എന്നതു ശരി തന്നെ. (എബ്രാ. 9:28) എന്നാൽ, അവൻ മഹാപുരോഹിതൻ എന്ന നിലയിൽ ഇപ്പോൾ സജീവമായി സേവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അർഥം ഗ്രഹിക്കാൻ മറ്റുള്ളവരെ സഹായിക്കുക. ചുറ്റുമുള്ളവരുടെ നിർദയമായ പെരുമാറ്റം നിമിത്തം അവർ സമ്മർദമോ നിരാശയോ കഷ്ടപ്പാടോ പ്രശ്നങ്ങളോ അനുഭവിച്ചുകൊണ്ടിരിക്കുകയാണോ? ഒരു മനുഷ്യനായിരിക്കെ യേശു ഇതെല്ലാം അനുഭവിച്ചു. നമുക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് അവനറിയാം. അപൂർണത നിമിത്തം, ദൈവത്തിന്റെ കരുണയുടെ ആവശ്യം നമുക്ക് അനുഭവപ്പെടുന്നുവോ? യേശുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിൽ, നാം ദൈവത്തോടു ക്ഷമയ്ക്കായി യാചിക്കുന്നെങ്കിൽ യേശു “എന്ന കാര്യസ്ഥൻ [“സഹായകൻ,” NW] നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” അനുകമ്പയോടെ അവൻ ‘നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നു [“അപേക്ഷിക്കുന്നു,” NW].’ (1 യോഹ. 2:1, 2; റോമ. 8:34) യേശുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിലും മഹാപുരോഹിതൻ എന്ന നിലയിൽ അവൻ അനുഷ്ഠിക്കുന്ന സേവനങ്ങൾ മുഖാന്തരവും, തക്കസമയത്തു സഹായം സ്വീകരിക്കുന്നതിനായി യഹോവയുടെ “അനർഹദയയുടെ സിംഹാസനത്തെ” സമീപിക്കാൻ നമുക്കു കഴിയുന്നു. (എബ്രാ. 4:15, 16, NW) നാം അപൂർണരാണെങ്കിലും മഹാപുരോഹിതൻ എന്ന നിലയിൽ യേശു പ്രദാനം ചെയ്യുന്ന സഹായം ഒരു ശുദ്ധ മനസ്സാക്ഷിയോടെ ദൈവത്തെ സേവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.—എബ്രാ. 9:13, 14.
കൂടാതെ, ക്രിസ്തീയ സഭയുടെ ശിരസ്സായി ദൈവത്താൽ നിയുക്തനായവൻ എന്ന നിലയിൽ യേശു വലിയ അധികാരം പ്രയോഗിക്കുന്നു. (മത്താ. 28:18; എഫെ. 1:22, 23) ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് അവൻ ദൈവേഷ്ടത്തിനു ചേർച്ചയിൽ ആവശ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ, സഭയുടെ ശിരസ്സ് യേശുക്രിസ്തുവാണ്, മനുഷ്യരാരുമല്ല എന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക. (മത്താ. 23:10) പ്രഥമ സന്ദർശനം മുതൽത്തന്നെ താത്പര്യക്കാരെ സ്ഥലത്തെ സഭയുടെ യോഗങ്ങൾക്ക്—“വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനം ചെയ്യപ്പെടുന്ന വിവരങ്ങളുടെ സഹായത്താൽ നാം ബൈബിൾ പഠിക്കുന്ന യോഗങ്ങൾക്ക്—ക്ഷണിക്കുക. “അടിമ” ആരെന്നു മാത്രമല്ല, യജമാനൻ ആരെന്നും കൂടെ അവർക്കു വിശദീകരിച്ചു കൊടുക്കുക, അങ്ങനെ യേശുവിന്റെ ശിരഃസ്ഥാനത്തെ കുറിച്ച് അവർ അറിയാനിടവരും. (മത്താ. 24:45-47, NW) മൂപ്പന്മാർക്ക് അവരെ പരിചയപ്പെടുത്തി കൊടുക്കുകയും മൂപ്പന്മാരുടെ തിരുവെഴുത്തു യോഗ്യതകളെ കുറിച്ചു വിശദീകരിക്കുകയും ചെയ്യുക. (1 തിമൊ. 3:1-7; തീത്തൊ. 1:5-9) സഭ മൂപ്പന്മാരുടേതല്ല, എന്നാൽ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകളിൽ നടക്കാൻ അവർ നമ്മെ സഹായിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുക. (പ്രവൃ. 20:28; എഫെ. 4:16; 1 പത്രൊ. 5:2, 3) ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ പ്രവർത്തിക്കുന്ന സംഘടിതമായ ഒരു ലോകവ്യാപക സമൂഹം ഉണ്ടെന്നു കാണാൻ ഈ താത്പര്യക്കാരെ സഹായിക്കുക.
യേശു തന്റെ മരണത്തിനു കുറച്ചു മുമ്പ് യെരൂശലേമിൽ പ്രവേശിച്ചപ്പോൾ അവന്റെ ശിഷ്യന്മാർ “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തിൽ വരുന്ന രാജാവു” എന്നു പറഞ്ഞ് അവനെ വാഴ്ത്തിയതായി സുവിശേഷങ്ങളിൽ നാം വായിക്കുന്നു. (ലൂക്കൊ. 19:38) ആളുകൾ കൂടുതൽ ഗഹനമായി ബൈബിൾ പഠിക്കുമ്പോൾ, സകല ജനതകളിലെയും ആളുകളെ ബാധിക്കുന്ന ഭരണാധികാരം യഹോവ ഇപ്പോൾ യേശുവിനെ ഭരമേൽപ്പിച്ചിരിക്കുന്നതായി അവർ മനസ്സിലാക്കുന്നു. (ദാനീ. 7:13, 14) നിങ്ങൾ അധ്യയനങ്ങൾ എടുക്കുകയോ സഭയിൽ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യുമ്പോൾ, യേശുവിന്റെ ഭരണാധിപത്യം നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ എന്താണോ അർഥമാക്കേണ്ടത് അതു മനസ്സിലാക്കാനും വിലമതിക്കാനും ആളുകളെ സഹായിക്കുക.
യേശുക്രിസ്തു രാജാവാണെന്നു നമ്മൾ യഥാർഥത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നും അവന്റെ ഭരണാധിപത്യത്തിനു നാം മനസ്സോടെ കീഴ്പെടുന്നുണ്ടോ എന്നും നമ്മുടെ ജീവിതരീതി വെളിവാക്കുന്നു എന്ന് ഊന്നിപ്പറയുക. രാജാവായി അഭിഷേകം ചെയ്യപ്പെട്ട ശേഷം യേശു തന്റെ അനുഗാമികൾക്കു നിയോഗിച്ചു കൊടുത്ത വേലയിലേക്കു ശ്രദ്ധ ക്ഷണിക്കുക. (മത്താ. 24:14; 28:18-20) ജീവിതത്തിലെ മുൻഗണനകളെ കുറിച്ച് വിസ്മയാവഹനാം ഉപദേഷ്ടാവായ യേശു പറഞ്ഞത് എന്താണെന്നു ചർച്ച ചെയ്യുക. (യെശ 9:6, 7, ഓശാന ബൈ.; മത്തായി 6:19-34) തന്റെ അനുഗാമികൾ പ്രകടമാക്കുമെന്നു സമാധാനപ്രഭു പറഞ്ഞ മനോഭാവത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. (മത്താ. 20:25-27; യോഹ. 13:35) മറ്റുള്ളവർ ചെയ്യേണ്ടതു ചെയ്യുന്നുണ്ടോ എന്നു വിധിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കുക. പകരം, ക്രിസ്തുവിന്റെ രാജത്വത്തോടുള്ള അവരുടെ കീഴ്പെടലിനെ കുറിച്ച് അവരുടെ പ്രവർത്തനങ്ങൾ എന്തു സൂചിപ്പിക്കുന്നുവെന്നു പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെയ്യവേ, നിങ്ങളും അതുതന്നെ ചെയ്യേണ്ടതുണ്ടെന്ന കാര്യം സമ്മതിച്ചു പറയുക.
ക്രിസ്തുവിനെ അടിസ്ഥാനമായി ഇടൽ. ഒരു ക്രിസ്തീയ ശിഷ്യനെ ഉളവാക്കുന്ന വേലയെ, യേശുക്രിസ്തു എന്ന അടിസ്ഥാനത്തിന്മേൽ പണിയുന്നതിനോടു ബൈബിൾ ഉപമിക്കുന്നു. (1 കൊരി. 3:10-15) ഇതു സാധ്യമാകുന്നതിന്, ബൈബിൾ യേശുവിനെ വർണിക്കുന്ന വിധത്തിൽത്തന്നെ അവനെ അറിയാൻ ആളുകളെ സഹായിക്കുക. തങ്ങൾ അനുഗമിക്കേണ്ട വ്യക്തി എന്ന നിലയിൽ അവർ നിങ്ങളിലേക്കു നോക്കാതിരിക്കാൻ ജാഗ്രത പാലിക്കുക. (1 കൊരി. 3:4-7) യേശുക്രിസ്തുവിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുക.
നന്നായി അടിസ്ഥാനം ഇട്ടിരിക്കുന്ന പക്ഷം, ക്രിസ്തു “അവന്റെ കാൽച്ചുവടു പിന്തുടരുവാൻ [“അടുത്തു പിന്തുടരുവാൻ,” NW]” നമുക്കു ഒരു മാതൃക വെച്ചിരിക്കുന്നു എന്ന് വിദ്യാർഥികൾ മനസ്സിലാക്കും. (1 പത്രൊ. 2:21) ആ അടിസ്ഥാനത്തിന്മേൽ പണിതുയർത്തുന്നതിന്, സുവിശേഷങ്ങളെ സത്യസന്ധമായ ചരിത്രമായി മാത്രമല്ല, അനുകരിക്കേണ്ട ഒരു മാതൃകയായി കണ്ടു വായിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക. യേശുവിന്റെ മനോഭാവങ്ങളും ഗുണങ്ങളും ഓർമിക്കാനും അനുകരിക്കാനും അവരെ സഹായിക്കുക. യേശുവിനു തന്റെ പിതാവിനെ കുറിച്ച് എങ്ങനെ തോന്നിയെന്നും അവൻ പ്രലോഭനങ്ങളെയും പരിശോധനകളെയും എങ്ങനെ കൈകാര്യം ചെയ്തെന്നും അവൻ എങ്ങനെ ദൈവത്തിനു കീഴ്പെട്ടിരുന്നെന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ അവൻ മനുഷ്യരോട് എങ്ങനെ ഇടപെട്ടെന്നും ശ്രദ്ധിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. യേശുവിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്ന പ്രവർത്തനത്തിന് ഊന്നൽ നൽകുക. അങ്ങനെയാകുമ്പോൾ ജീവിതത്തിൽ തീരുമാനങ്ങളെയും പരിശോധനകളെയും നേരിടുമ്പോൾ ഒരു വിദ്യാർഥി സ്വയം ഇങ്ങനെ ചോദിക്കും: ‘ഈ സാഹചര്യത്തിൽ യേശു എന്തു ചെയ്യുമായിരുന്നു? എന്റെ നടത്ത അവൻ എനിക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളോടുള്ള ശരിയായ വിലമതിപ്പിനെ പ്രതിഫലിപ്പിക്കുമോ?’
സഭയുടെ മുമ്പാകെ സംസാരിക്കുമ്പോൾ, നിങ്ങളുടെ സഹോദരങ്ങൾ ഇപ്പോൾത്തന്നെ യേശുവിൽ വിശ്വസിക്കുന്നവരായതുകൊണ്ട് അവനിലേക്കു പ്രത്യേകിച്ചു ശ്രദ്ധ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നു കരുതരുത്. ആ വിശ്വാസത്തെ അടിസ്ഥാനമാക്കി കൂടുതലായി പണിയുന്നെങ്കിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ ഏറെ അർഥവത്തായിത്തീരും. യോഗങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ സഭയുടെ ശിരസ്സ് എന്ന നിലയിലുള്ള യേശുവിന്റെ പങ്കുമായി അതിനെ ബന്ധിപ്പിക്കുക. വയൽശുശ്രൂഷയെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ, തന്റെ ശുശ്രൂഷ നിർവഹിക്കവേ യേശു കാണിച്ച മനോഭാവത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. പുതിയ ലോകത്തിൽ ജീവിക്കാനായി ആളുകളെ കൂട്ടിച്ചേർക്കുന്നതിന് രാജാവെന്ന നിലയിൽ ക്രിസ്തു ചെയ്തുകൊണ്ടിരിക്കുന്നതിന്റെ വെളിച്ചത്തിൽ ശുശ്രൂഷയെ കുറിച്ചു സംസാരിക്കുക.
യേശുവിനെ കുറിച്ചുള്ള അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കിയാൽ മാത്രം പോരാ എന്നതു വ്യക്തം. യഥാർഥ ക്രിസ്ത്യാനികൾ ആയിത്തീരുന്നതിന്, ആളുകൾ അവനിൽ വിശ്വാസം അർപ്പിക്കുകയും അവനെ ശരിക്കും സ്നേഹിക്കുകയും വേണം. അത്തരം സ്നേഹം വിശ്വസ്തമായ അനുസരണത്തിനു പ്രചോദനമേകുന്നു. (യോഹ. 14:15, 21) പ്രതികൂല സാഹചര്യത്തിൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും ആയുഷ്കാലം മുഴുവൻ ക്രിസ്തുവിന്റെ കാൽച്ചുവടുകളിൽ നടക്കാനും തങ്ങൾ അടിസ്ഥാനത്തിന്മേൽ “[നന്നായി] വേരൂന്നി ഉറപ്പിക്കപ്പെട്ട” പക്വതയുള്ള ക്രിസ്ത്യാനികളാണെന്നു തെളിയിക്കാനും അത് ആളുകളെ പ്രാപ്തരാക്കുന്നു. (എഫെ. 3:17, NW) അത്തരം ഒരു ഗതി യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു.
“രാജ്യത്തിന്റെ ഈ സുവിശേഷം”
തന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകവേ യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്താ 24:14.
ഇത്ര വ്യാപകമായി ഘോഷിക്കപ്പെടേണ്ട ഈ സന്ദേശം വാസ്തവത്തിൽ എന്താണ്? “നിന്റെ രാജ്യം വരേണമേ” എന്നു പറഞ്ഞുകൊണ്ട് ഏതു രാജ്യത്തെ കുറിച്ചു ദൈവത്തോടു പ്രാർഥിക്കാനാണോ യേശു നമ്മെ പഠിപ്പിച്ചത് ആ രാജ്യത്തെ കുറിച്ചുള്ളതാണു പ്രസ്തുത സന്ദേശം. (മത്താ. 6:10) ഭരണാധികാരം ഉത്ഭവിക്കുന്നത് യഹോവയിൽനിന്ന് ആയതുകൊണ്ടും രാജാവെന്ന നിലയിൽ അതു ക്രിസ്തുവിനു നൽകിയിരിക്കുന്നതുകൊണ്ടും വെളിപ്പാടു 11:15 (NW) ആ രാജ്യത്തെ “നമ്മുടെ കർത്താവിന്റെയും [യഹോവയുടെയും] അവന്റെ ക്രിസ്തുവിന്റെയും രാജ്യം” എന്നു വർണിക്കുന്നു. എന്നിരുന്നാലും, നമ്മുടെ നാളിൽ ഘോഷിക്കപ്പെടുമെന്ന് യേശു പറഞ്ഞ സന്ദേശം ഒന്നാം നൂറ്റാണ്ടിൽ അവന്റെ അനുഗാമികൾ പ്രസംഗിച്ചതിനെക്കാൾ വിപുലമാണെന്നതു ശ്രദ്ധിക്കുക. അവർ ആളുകളോടു പറഞ്ഞത് “ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു” എന്നാണ്. (ലൂക്കൊ. 10:9, NW) രാജാവായി അഭിഷേകം ചെയ്യപ്പെട്ട യേശു അന്ന് അവരുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ മത്തായി 24:14 രേഖപ്പെടുത്തുന്ന പ്രകാരം, ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിലെ മറ്റൊരു സംഭവവികാസത്തെ കുറിച്ചുള്ള ആഗോള ഘോഷണത്തെപ്പറ്റി യേശു മുൻകൂട്ടി പറഞ്ഞു.
ഈ സംഭവവികാസത്തെ കുറിച്ചുള്ള ഒരു ദർശനം ദാനീയേൽ പ്രവാചകനു ലഭിച്ചു. “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” അതായത് യേശുക്രിസ്തു, “വയോധികന്റെ,” അതായത് യഹോവയാം ദൈവത്തിന്റെ, പക്കൽനിന്ന് “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു . . . ആധിപത്യവും മഹത്വവും രാജത്വവും” സ്വീകരിക്കുന്നതായി അവൻ കണ്ടു. (ദാനീ. 7:13, 14) സാർവത്രിക പ്രാധാന്യമുള്ള ആ സംഭവം 1914-ൽ സ്വർഗത്തിൽ നടന്നു. അതേത്തുടർന്ന് പിശാചും അവന്റെ ഭൂതങ്ങളും ഭൂമിയിലേക്കു തള്ളിയിടപ്പെട്ടു. (വെളി. 12:7-10) പഴയ വ്യവസ്ഥിതി അതിന്റെ അന്ത്യനാളുകളിലേക്കു കടന്നിരുന്നു. എന്നാൽ അതു മുഴുവനായി നീക്കം ചെയ്യപ്പെടുന്നതിനു മുമ്പ്, യഹോവയുടെ മിശിഹൈക രാജാവ് തന്റെ സ്വർഗീയ സിംഹാസനത്തിൽനിന്ന് ഇപ്പോൾ ഭരണം നടത്തുകയാണെന്ന സന്ദേശം ഗോളമെങ്ങും ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലായിടത്തുമുള്ള ആളുകളെ ഇത് അറിയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രതികരണം “മനുഷ്യരുടെ രാജത്വത്തിന്മേൽ” വാഴുന്ന അത്യുന്നതനോടുള്ള അവരുടെ മനോഭാവം എന്താണെന്നു വെളിപ്പെടുത്തുന്നു.—ദാനീ. 4:32.
അവിടംകൊണ്ടു തീർന്നില്ല, ഇനിയും വളരെ കാര്യങ്ങൾ നടക്കാനുണ്ട് എന്നതു സത്യംതന്നെ! “നിന്റെ രാജ്യം വരേണമേ” എന്നു നാം ഇപ്പോഴും പ്രാർഥിക്കുന്നു. എന്നാൽ ദൈവരാജ്യം ഇനിയും സ്ഥാപിതമാകാനിരിക്കുന്നതേയുള്ളു എന്ന ധാരണയോടെയല്ല നാമിതു ചെയ്യുന്നത്. പകരം ദാനീയേൽ 2:44, വെളിപ്പാടു 21:2-5 തുടങ്ങിയ പ്രവചനങ്ങൾ നിവർത്തിക്കാനായി സ്വർഗരാജ്യം നിർണായകമായ ഒരു വിധത്തിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന കാര്യം തിരിച്ചറിഞ്ഞുകൊണ്ടാണ്. അത് ഈ ഭൂമിയെ ദൈവത്തെയും സഹമനുഷ്യരെയും സ്നേഹിക്കുന്ന ആളുകളെക്കൊണ്ടു നിറഞ്ഞ ഒരു പറുദീസയാക്കി മാറ്റും. “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കവേ, നാം ആ ഭാവി പ്രതീക്ഷകളിലേക്കു വിരൽ ചൂണ്ടുന്നു. എന്നാൽ, യഹോവ മുഴു ഭരണാധികാരവും തന്റെ പുത്രനെ ഭരമേൽപ്പിച്ചു കഴിഞ്ഞെന്നും നമ്മൾ ഉറപ്പോടെ പ്രഖ്യാപിക്കുന്നു. രാജ്യത്തെ കുറിച്ചു സാക്ഷീകരിക്കുമ്പോൾ നിങ്ങൾ ഈ സുവിശേഷത്തിന് ഊന്നൽ നൽകുന്നുവോ?
രാജ്യത്തെ കുറിച്ചു വിശദീകരിക്കൽ. ദൈവരാജ്യത്തെ പ്രസിദ്ധമാക്കാനുള്ള നമ്മുടെ നിയോഗം നമുക്ക് എങ്ങനെ നിറവേറ്റാനാകും? വിവിധ വിഷയങ്ങളെ കുറിച്ചു സംഭാഷണങ്ങൾ ആരംഭിച്ചുകൊണ്ട് നാം ആളുകളുടെ താത്പര്യം ഉണർത്തിയേക്കാം. എന്നാൽ നമ്മുടെ സന്ദേശം ദൈവരാജ്യത്തെ കുറിച്ചുള്ളതാണെന്നു പെട്ടെന്നുതന്നെ നാം വ്യക്തമാക്കണം.
ഈ വേലയുടെ ഒരു സുപ്രധാന വശമാണ് രാജ്യത്തെ കുറിച്ചു പരാമർശിക്കുന്ന തിരുവെഴുത്തുകൾ വായിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യുന്നത്. രാജ്യത്തെ കുറിച്ചു പരാമർശിക്കുമ്പോൾ, അത് എന്താണെന്നു നിങ്ങളുടെ ശ്രോതാക്കൾക്കു മനസ്സിലാകുന്നുവെന്ന് ഉറപ്പുവരുത്തുക. ദൈവരാജ്യം ഒരു ഗവൺമെന്റാണെന്നു മാത്രം പറഞ്ഞാൽ പോരായിരിക്കാം. അദൃശ്യമായ ഒന്നിനെ ഒരു ഗവൺമെന്റായി കാണാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. നിങ്ങൾക്ക് അവരുമായി പല വിധങ്ങളിൽ ന്യായവാദം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, ഗുരുത്വാകർഷണം അദൃശ്യമാണ്. എങ്കിലും അതിന് നമ്മുടെ ജീവിതത്തിൽ ശക്തമായ ഒരു സ്വാധീനമുണ്ട്. ഗുരുത്വാകർഷണ നിയമം ഉണ്ടാക്കിയവനെ നമുക്കു കാണാൻ കഴിയുന്നില്ല. എന്നാൽ അവനു വളരെയേറെ ശക്തിയുണ്ടെന്നുള്ളതു വ്യക്തമാണ്. ബൈബിൾ അവനെ കുറിച്ച് “നിത്യതയുടെ രാജാവ്” എന്നു പറയുന്നു. (1 തിമൊ. 1:17, NW) അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ന്യായവാദം ചെയ്യാവുന്നതാണ്: വലിയ ഒരു രാജ്യത്ത് ഒരിക്കൽപ്പോലും തലസ്ഥാനനഗരി സന്ദർശിക്കുകയോ ഭരണാധികാരിയെ നേരിൽ കാണുകയോ ചെയ്തിട്ടില്ലാത്ത നിരവധി പേരുണ്ട്. അവർ തലസ്ഥാനനഗരിയെ കുറിച്ചും ഭരണാധികാരിയെ കുറിച്ചും ഒക്കെ മനസ്സിലാക്കുന്നത് വാർത്താ റിപ്പോർട്ടുകളിലൂടെ ആണ്. സമാനമായി, 2,200-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ബൈബിൾ ദൈവരാജ്യത്തെ കുറിച്ചു നമ്മോടു പറയുന്നു; ഭരണാധികാരം ആരെയാണു ഭരമേൽപ്പിച്ചിരിക്കുന്നത് എന്നും രാജ്യം എന്തു ചെയ്തുകൊണ്ടിരിക്കുന്നു എന്നും അതു നമ്മളെ അറിയിക്കുന്നു. മറ്റെല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളെക്കാളും കൂടുതൽ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വീക്ഷാഗോപുരം, അതിന്റെ മുഖപേജിൽ പ്രസ്താവിച്ചിരിക്കുന്നതു പോലെ ‘യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കാൻ’ അർപ്പിതമായിരിക്കുന്നു.
രാജ്യം എന്താണെന്നു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് സാമ്പത്തിക ഭദ്രത, സമാധാനം, കുറ്റകൃത്യത്തിൽനിന്നുള്ള മോചനം, എല്ലാ വംശീയ വിഭാഗങ്ങളോടുമുള്ള പക്ഷപാതരഹിതമായ ഇടപെടൽ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിങ്ങനെ ഗവൺമെന്റുകൾ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾക്കു പരാമർശിക്കാവുന്നതാണ്. ദൈവരാജ്യത്തിലൂടെ മാത്രമേ ഇവയും മനുഷ്യവർഗത്തിന്റെ മറ്റെല്ലാ ന്യായമായ ആഗ്രഹങ്ങളും പൂർണമായി സാക്ഷാത്കരിക്കപ്പെടൂ എന്നു കാണിച്ചുകൊടുക്കുക.—സങ്കീ. 145:16, NW.
യേശുക്രിസ്തു രാജാവായി വാഴുന്ന രാജ്യത്തിന്റെ പ്രജകളായിരിക്കാനുള്ള ആഗ്രഹം ആളുകളിൽ ജനിപ്പിക്കാൻ ശ്രമിക്കുക. സ്വർഗീയ രാജാവെന്ന നിലയിൽ അവൻ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ മുന്നോടിയായി അവൻ പ്രവർത്തിച്ച അത്ഭുതങ്ങളിലേക്കു വിരൽ ചൂണ്ടുക. അവൻ പ്രകടമാക്കിയ ആകർഷകമായ ഗുണങ്ങളെ കുറിച്ചു കൂടെക്കൂടെ സംസാരിക്കുക. (മത്താ. 8:2, 3; 11:28-30) അവൻ തന്റെ ജീവനെ നമുക്കായി അർപ്പിച്ചെന്നും തുടർന്ന് ദൈവം അവനെ സ്വർഗത്തിലെ അമർത്യ ജീവനിലേക്ക് ഉയർപ്പിച്ചെന്നും വിശദീകരിക്കുക. അവൻ രാജാവായി ഭരണം നടത്തുന്നത് അവിടെനിന്നാണ്.—പ്രവൃ. 2:29-35.
ദൈവരാജ്യം ഇപ്പോൾ സ്വർഗത്തിൽനിന്നു ഭരണം നടത്തുന്നുവെന്ന കാര്യം ഊന്നിപ്പറയുക. എന്നാൽ തങ്ങൾ ദൈവരാജ്യ ഭരണത്തിന്റെ തെളിവായി കാണാൻ പ്രതീക്ഷിക്കുന്ന അവസ്ഥകളല്ല മിക്കയാളുകളും യഥാർഥത്തിൽ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നത് എന്ന സംഗതി മനസ്സിലാക്കുക. അതു ശരിയാണെന്ന് അംഗീകരിക്കുക, എന്നിട്ട് ദൈവരാജ്യം ഭരണം നടത്തുന്നതിന്റെ തെളിവെന്ന നിലയിൽ യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞത് എന്താണെന്ന് അറിയാമോ എന്ന് അവരോടു ചോദിക്കുക. മത്തായി 24-ാം അധ്യായത്തിലോ മർക്കൊസ് 13-ാം അധ്യായത്തിലോ ലൂക്കൊസ് 21-ാം അധ്യായത്തിലോ കാണുന്ന സംയുക്ത അടയാളത്തിന്റെ ചില സവിശേഷതകൾ എടുത്തുകാട്ടുക. എന്നിട്ട്, സ്വർഗത്തിലെ ക്രിസ്തുവിന്റെ സിംഹാസനാരോഹണം ഭൂമിയിൽ ഇത്തരം അവസ്ഥകളിലേക്കു നയിക്കുന്നത് എന്തുകൊണ്ടായിരിക്കുമെന്നു ചോദിക്കുക. എന്നിട്ട് വെളിപ്പാടു 12:7-10, 12-ലേക്കു ശ്രദ്ധ ക്ഷണിക്കുക.
ദൈവരാജ്യം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പ്രകടമായ തെളിവെന്ന നിലയിൽ, മത്തായി 24:14 വായിക്കുകയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഗോള ബൈബിൾ വിദ്യാഭ്യാസ പരിപാടിയെ കുറിച്ചു വിവരിക്കുകയും ചെയ്യുക. (യെശ. 54:13) യഹോവയുടെ സാക്ഷികൾ പ്രയോജനം നേടുന്ന ബൈബിളധിഷ്ഠതവും സൗജന്യമായി നടത്തപ്പെടുന്നതുമായ വ്യത്യസ്ത സ്കൂളുകളെ കുറിച്ച് ആളുകളോടു പറയുക. നാം 230-ലധികം ദേശങ്ങളിൽ, വീടുതോറുമുള്ള ശുശ്രൂഷയ്ക്കു പുറമേ വ്യക്തികൾക്കും കുടുംബങ്ങൾക്കും സൗജന്യ ഭവന ബൈബിൾ വിദ്യാഭ്യാസം നൽകുന്നുണ്ടെന്നു വിശദീകരിക്കുക. സ്വന്തം പ്രജകൾക്കു മാത്രമല്ല ഭൂമിയിലെമ്പാടുമുള്ളവർക്കും വേണ്ടി ഇത്ര വിപുലമായ ഒരു വിദ്യാഭ്യാസ പരിപാടി നടത്താൻ ഏതു മനുഷ്യ ഗവൺമെന്റിനാണു കഴിയുന്നത്? അത്തരം വിദ്യാഭ്യാസം ആളുകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവു നേരിൽ കാണാൻ രാജ്യഹാൾ സന്ദർശിക്കാനും യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കാനും ആളുകളെ ക്ഷണിക്കുക.—യെശ. 2:2-4; 32:1, 17; യോഹ. 13:35.
എന്നാൽ തന്റെ ജീവിതത്തെ ഇത് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നിങ്ങൾ സംസാരിക്കുന്ന വ്യക്തി തിരിച്ചറിയുമോ? നിങ്ങളുടെ സന്ദർശനോദ്ദേശ്യം, ദൈവരാജ്യത്തിന്റെ പ്രജകൾ എന്ന നിലയിൽ ജീവൻ തിരഞ്ഞെടുക്കാൻ സകലർക്കുമുള്ള അവസരത്തെ കുറിച്ചു ചർച്ച ചെയ്യുകയാണെന്ന് നിങ്ങൾക്കു നയപരമായി ചൂണ്ടിക്കാട്ടാവുന്നതാണ്. അവർക്ക് അത് തിരഞ്ഞെടുക്കാൻ എങ്ങനെ സാധിക്കും? ദൈവം എന്ത് ആവശ്യപ്പെടുന്നു എന്നു മനസ്സിലാക്കി അതിനു ചേർച്ചയിൽ ഇപ്പോൾ ജീവിക്കുന്നതിലൂടെ.—ആവ. 30:19, 20, NW; വെളി. 22:17.
രാജ്യം ഒന്നാമതു വെക്കാൻ മറ്റുള്ളവരെ സഹായിക്കൽ. ഒരു വ്യക്തി രാജ്യ സന്ദേശം സ്വീകരിച്ചു കഴിഞ്ഞാലും, അദ്ദേഹം കൈക്കൊള്ളേണ്ട ചില തീരുമാനങ്ങളുണ്ട്. ദൈവരാജ്യത്തിന് അദ്ദേഹം തന്റെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം നൽകും? ‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കാൻ’ യേശു തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു. (മത്താ. 6:33, NW) അങ്ങനെ ചെയ്യുന്നതിന് നമുക്ക് സഹക്രിസ്ത്യാനികളെ ഏതു വിധത്തിൽ സഹായിക്കാം? നാംതന്നെ നല്ലൊരു മാതൃക വെച്ചുകൊണ്ടും ലഭ്യമായ അവസരങ്ങളെ കുറിച്ചു ചർച്ച ചെയ്തുകൊണ്ടും. ചിലപ്പോഴൊക്കെ, വ്യക്തി ചില സാധ്യതകളെ കുറിച്ചു പരിചിന്തിച്ചുവോ എന്നു ചോദിച്ചുകൊണ്ടും മറ്റുള്ളവർ എന്താണു ചെയ്യുന്നത് എന്നു കാണിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും. യഹോവയോടുള്ള ഒരുവന്റെ സ്നേഹം ആഴമുള്ളതാക്കിത്തീർക്കുന്ന വിധത്തിൽ ബൈബിൾ വിവരണങ്ങൾ ചർച്ചചെയ്തുകൊണ്ട്. രാജ്യം ഒരു യാഥാർഥ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്. രാജ്യഘോഷണ വേല വാസ്തവത്തിൽ എത്ര പ്രധാനമാണ് എന്ന് എടുത്തുപറഞ്ഞുകൊണ്ട്. പലപ്പോഴും ഏറ്റവും ഫലകരം, എന്താണു ചെയ്യേണ്ടത് എന്ന് ആളുകളോടു പറയുന്നതല്ല, പകരം അതു ചെയ്യാനുള്ള ആഗ്രഹം അവരിൽ ഉണർത്തുന്നതാണ്.
നാമെല്ലാവരും ഘോഷിക്കേണ്ട അതിപ്രധാന സന്ദേശം യഹോവയാം ദൈവത്തിലും യേശുക്രിസ്തുവിലും രാജ്യത്തിലും പ്രഥമ ശ്രദ്ധ പതിപ്പിക്കുന്നു എന്നതിനു സംശയമില്ല. യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും രാജ്യത്തെയും കുറിച്ചുള്ള മർമപ്രധാന സത്യങ്ങൾക്ക് നമ്മുടെ പരസ്യ സാക്ഷീകരണത്തിലും സഭകളിലും വ്യക്തിപരമായ ജീവിതത്തിലും കാതലായ സ്ഥാനം നൽകേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു നമ്മൾ ശരിക്കും പ്രയോജനം അനുഭവിക്കുന്നുവെന്നു തെളിയിക്കുകയായിരിക്കും.