നിങ്ങളുടെ സകല ഉത്കണ്ഠകളും യഹോവയുടെ മേൽ ഇടുവിൻ
“അവൻ (യഹോവ) നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും (“ഉത്കണ്ഠകളും”) അവന്റെമേൽ ഇട്ടുകൊള്ളുവിൻ.”—1 പത്രോ. 5:7.
1, 2. (എ) നമുക്ക് ഉത്കണ്ഠകൾ ഉണ്ടാകുമ്പോൾ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ഈ ലേഖനത്തിൽ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?
‘പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട് ഇന്നു ചുറ്റിനടക്കുകയാണ്.’ (1 പത്രോ. 5:8; വെളി. 12:17) അതുകൊണ്ട് സമ്മർദം നിറഞ്ഞതാണു ജീവിതം. ദൈവത്തിന്റെ ദാസർക്കുപോലും ഉത്കണ്ഠകൾ ഉണ്ടാകുന്നു. മുൻകാലങ്ങളിൽ ജീവിച്ചിരുന്ന ദൈവദാസരും ചിലപ്പോഴൊക്കെ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഉദാഹരണത്തിന്, ദാവീദ് രാജാവിന് ഉത്കണ്ഠ തോന്നിയെന്നു ബൈബിൾ പറയുന്നു. (സങ്കീ. 13:2) അതുപോലെ, ‘എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം’ അപ്പോസ്തലനായ പൗലോസിനെ അലട്ടി. (2 കൊരി. 11:28) എന്നാൽ ഉത്കണ്ഠകൾ താങ്ങാനാകാതെ വരുമ്പോൾ നമുക്ക് എന്തു ചെയ്യാനാകും?
2 ഉത്കണ്ഠകളിൽനിന്ന് ആശ്വാസം നേടാൻ മുൻകാലങ്ങളിലെ ദൈവദാസരെ സ്നേഹമുള്ള നമ്മുടെ സ്വർഗീയപിതാവ് സഹായിച്ചിട്ടുണ്ട്. നമുക്കുവേണ്ടിയും അതുതന്നെ ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്. ബൈബിൾ നമ്മളോട് ഇങ്ങനെ പറയുന്നു: “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.” (1 പത്രോ. 5:7) ഉത്കണ്ഠകളെ മറികടക്കാൻ കഴിയുന്ന നാലു വിധങ്ങളെക്കുറിച്ച് ചിന്തിക്കാം. (1) ഹൃദയംഗമമായി പ്രാർഥിക്കുക, (2) ദൈവവചനം വായിക്കുക, ധ്യാനിക്കുക, (3) പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കാൻ അനുവദിക്കുക, (4) വിഷമങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ആരെങ്കിലുമായി സംസാരിക്കുക. ഈ നാലു വിധങ്ങളും ചർച്ച ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങളിലാണു നിങ്ങൾ മെച്ചപ്പെടേണ്ടതെന്നു കണ്ടെത്തുക.
“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക”
3. ‘നിങ്ങളുടെ ഭാരം യഹോവയുടെമേൽ വെക്കാൻ’ എങ്ങനെ കഴിയും?
3 ആത്മാർഥമായ പ്രാർഥന, അതാണു നമ്മുടെ ഉത്കണ്ഠകൾ യഹോവയുടെ മേൽ ഇടാനുള്ള ആദ്യവഴി. നിങ്ങൾക്ക് അസ്വസ്ഥതയും ആശങ്കയും ഒക്കെ തോന്നുമ്പോൾ, ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ തന്നോടു പറയാൻ സ്നേഹമുള്ള നിങ്ങളുടെ സ്വർഗീയപിതാവ് ആഗ്രഹിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ് യഹോവയോട് ഇങ്ങനെ യാചിച്ചു: “ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.” അതേ സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ പറഞ്ഞു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീ. 55:1, 22) ഒരു പ്രശ്നം പരിഹരിക്കാൻ നിങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തശേഷം, ആ പ്രശ്നത്തെ ഓർത്ത് കൂടുതൽ വിഷമിക്കാതിരിക്കാൻ യഹോവയോടു ഹൃദയംഗമമായി പ്രാർഥിക്കുന്നതു നിങ്ങളെ സഹായിക്കും. എന്നാൽ ഉത്കണ്ഠകൾ നിങ്ങളെ തളർത്താതിരിക്കാൻ പ്രാർഥന എങ്ങനെയാണു സഹായിക്കുന്നത്?—സങ്കീ. 94:18, 19.
4. ഉത്കണ്ഠ തോന്നുമ്പോൾ പ്രാർഥിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ഫിലിപ്പിയർ 4:6, 7 വായിക്കുക. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ഹൃദയപൂർവം പ്രാർഥിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ യഹോവ എങ്ങനെയാണ് അതിന് ഉത്തരം തരുന്നത്? ശാന്തത അനുഭവപ്പെടാനും മനസ്സിടിക്കുന്ന ചിന്തകളും തോന്നലുകളും ഒഴിവാക്കാനും യഹോവ നമ്മളെ സഹായിക്കും. ഉത്കണ്ഠയുടെയും ഭീതിയുടെയും സ്ഥാനത്ത് നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആന്തരികസമാധാനം ദൈവം തരും. നമ്മുടെ അനേകം സഹോദരങ്ങൾ ഈ പ്രശാന്തത അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതു നിങ്ങൾക്കും സ്വന്തമാക്കാനാകും. നമ്മൾ നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും കവിയുന്നതായിരിക്കും “ദൈവസമാധാനം.” “ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും” എന്ന യഹോവയുടെ വാഗ്ദാനത്തിൽ നമുക്കു പൂർണമായും ആശ്രയിക്കാം.—യശ. 41:10.
ദൈവവചനത്തിൽനിന്ന് നമുക്കു കിട്ടുന്ന ആന്തരികസമാധാനം
5. ആന്തരികസമാധാനമുള്ളവരായിരിക്കാൻ ദൈവവചനം സഹായിക്കുന്നത് എങ്ങനെ?
5 ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതാണ് ആന്തരികസമാധാനം കിട്ടാനുള്ള രണ്ടാമത്തെ വഴി. ബൈബിൾ ദൈവത്തിന്റെ വചനമാണ്. പ്രായോഗികമായതും ജ്ഞാനം നിറഞ്ഞതും ആയ സ്രഷ്ടാവിന്റെ ഉപദേശങ്ങൾ ഇതിലുണ്ട്. യഹോവയുടെ ചിന്തകളെക്കുറിച്ചും ബൈബിളിലെ പ്രായോഗികനിർദേശങ്ങൾ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നതിനെക്കുറിച്ചും ചിന്തിക്കുമ്പോൾ നമുക്കു വളരെയധികം ശക്തി ലഭിക്കും. അതെ, തന്റെ വചനം വായിക്കുന്നത് ‘ഉറപ്പും ധൈര്യവും’ ഉള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്നു. അങ്ങനെ, ‘ഭയപ്പെടാതെയും ഭ്രമിക്കാതെയും’ ഇരിക്കാൻ നമുക്കു കഴിയും.—യോശു. 1:7-9.
6. യേശുവിന്റെ വാക്കുകൾ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
6 യേശു ആളുകളോട് എങ്ങനെയാണു സംസാരിച്ചതെന്നു ദൈവവചനത്തിൽ നമുക്കു കാണാനാകും. യേശു പറയുന്നതു കേൾക്കാൻ ആളുകൾക്ക് ഇഷ്ടമായിരുന്നു. കാരണം, യേശുവിന്റെ വാക്കുകൾ ആശ്വാസവും നവോന്മേഷവും നൽകി, പ്രത്യേകിച്ച് ക്ഷീണിതർക്കും വിഷാദം അനുഭവിക്കുന്നവർക്കും. (മത്തായി 11:28-30 വായിക്കുക.) മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവനായിരുന്നു യേശു. (മർക്കോ. 6:30-32) ഇന്നു നമുക്കും യേശുവിൽനിന്ന് അതുതന്നെ പ്രതീക്ഷിക്കാം. അതിനു നമ്മൾ അപ്പോസ്തലന്മാരെപ്പോലെ യേശുവിന്റെ കൂടെയായിരിക്കണമെന്നില്ല. രാജാവായി സ്വർഗത്തിലാണെങ്കിലും യേശു ഇപ്പോഴും നമ്മളെ സ്നേഹിക്കുന്നു. അതുകൊണ്ട്, ഉത്കണ്ഠകൾ അലട്ടുമ്പോൾ യേശു നമ്മുടെ ‘തുണയ്ക്കെത്തുകയും’ ‘അവശ്യഘട്ടങ്ങളിൽ’ സഹായിക്കുകയും ചെയ്യും. അതെ, ഉത്കണ്ഠകളെ മറികടക്കാനും നമ്മുടെ ഹൃദയത്തെ പ്രത്യാശയും ധൈര്യവും കൊണ്ട് നിറയ്ക്കാനും യേശുവിന്റെ വാക്കുകൾക്കു കഴിയും.—എബ്രാ. 2:17, 18; 4:16.
ദൈവാത്മാവ് നൽകുന്ന ഗുണങ്ങൾ
7. പരിശുദ്ധാത്മാവിൽനിന്ന് നമുക്ക് എന്തു സഹായമാണു ലഭിക്കുന്നത്?
7 പരിശുദ്ധാത്മാവിനുവേണ്ടി അപേക്ഷിക്കുമ്പോൾ നമ്മുടെ പിതാവ് അതു നമുക്കു തരുമെന്നു യേശു വാഗ്ദാനം ചെയ്തു. (ലൂക്കോ. 11:10-13) ഉത്കണ്ഠ കുറയ്ക്കാൻ ഈ മൂന്നാമത്തെ വിധം എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? സർവശക്തനായ ദൈവത്തിന്റെ നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കും. ബൈബിൾ ഈ ഗുണങ്ങളെ ‘ആത്മാവിന്റെ ഫലം’ എന്നു വിളിക്കുന്നു. (ഗലാത്യർ 5:22, 23 വായിക്കുക; കൊലോ. 3:10) ഈ ഗുണങ്ങൾ വളർത്തിയെടുക്കുകയാണെങ്കിൽ നമുക്കു മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ആസ്വദിക്കാൻ കഴിയും. ഉത്കണ്ഠയ്ക്കു കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും അതുവഴി കഴിയും. ആത്മാവിന്റെ ഫലം നമ്മളെ സഹായിക്കുന്ന ചില പ്രത്യേക വിധങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
8-12. പരിശുദ്ധാത്മാവിന്റെ ഫലം നിങ്ങളെ എങ്ങനെ സഹായിക്കും?
8 “സ്നേഹം, സന്തോഷം, സമാധാനം.” മറ്റുള്ളവരോടു ബഹുമാനത്തോടെ ഇടപെടുമ്പോൾ ഉത്കണ്ഠയ്ക്കുള്ള കാരണങ്ങൾ കുറയും. എങ്ങനെ? നിങ്ങൾ സഹോദരസ്നേഹവും ആർദ്രപ്രിയവും ബഹുമാനവും കാണിക്കുമ്പോൾ ദേഷ്യവും നിരാശയും സമ്മർദവും ഉണ്ടാകാവുന്ന സാഹചര്യങ്ങൾ മിക്കപ്പോഴും ഒഴിവാക്കാൻ കഴിയും. അതു മറ്റുള്ളവരുമായി സമാധാനബന്ധം കാത്തുസൂക്ഷിക്കുന്നത് എളുപ്പമാക്കും.—റോമ. 12:10.
9 “ദീർഘക്ഷമ, ദയ, നന്മ.” ബൈബിൾ പറയുന്നു: “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി . . . അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.” (എഫെ. 4:32) ആ ഉപദേശം അനുസരിക്കുമ്പോൾ നമുക്കു മറ്റുള്ളവരുമായി സമാധാനബന്ധമുണ്ടായിരിക്കാനും ഉത്കണ്ഠയ്ക്കു കാരണമാകുന്ന സാഹചര്യങ്ങൾ തടയാനും കഴിയും. അതുപോലെ, നമ്മുടെ അപൂർണതകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ എളുപ്പമാകുകയും ചെയ്യും.
10 “വിശ്വാസം.” ഇന്നു പണവും വസ്തുവകകളും നമുക്ക് ഉത്കണ്ഠയ്ക്കു കാരണമാകാറുണ്ട്. (സദൃ. 18:11) ഇത്തരം ഉത്കണ്ഠകൾ നമുക്ക് എങ്ങനെ ഒഴിവാക്കാനാകും? ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള’ പൗലോസ് അപ്പോസ്തലന്റെ ഉപദേശം നമ്മൾ അനുസരിക്കണം. നമുക്ക് ആവശ്യമുള്ളതെല്ലാം യഹോവ സ്നേഹപൂർവം തരുമെന്നു വിശ്വസിക്കാൻ ശക്തമായ വിശ്വാസം നമ്മളെ സഹായിക്കും. “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട്, പൗലോസിനെപ്പോലെ നമുക്കും പറയാൻ കഴിയും: “യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?”—എബ്രാ. 13:5, 6.
11 “സൗമ്യത, ആത്മനിയന്ത്രണം.” സൗമ്യതയും ആത്മനിയന്ത്രണവും കാണിക്കുന്നത് എത്ര പ്രായോഗികവും സഹായകവും ആണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. ഈ ഗുണങ്ങളുണ്ടെങ്കിൽ ഉത്കണ്ഠയ്ക്കു കാരണമാകുന്ന കാര്യങ്ങൾ ചെയ്യുന്നതും പറയുന്നതും ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും. “വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും” ഒക്കെ ഒഴിവാക്കുന്നതു നിങ്ങൾക്കു വളരെയധികം പ്രയോജനം ചെയ്യും.—എഫെ. 4:31.
12 “(ദൈവത്തിന്റെ) കരുത്തുറ്റ കൈക്കീഴിൽ” ആശ്രയിക്കാനും ‘സകല ചിന്താകുലവും അവന്റെമേൽ ഇടാനും’ നമുക്കു താഴ്മ വേണം. (1 പത്രോ. 5:6, 7) നിങ്ങൾക്കു താഴ്മയുണ്ടെങ്കിൽ യഹോവ നിങ്ങളെ പിന്തുണയ്ക്കുകയും കരുതുകയും ചെയ്യും. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളും ചെയ്യാൻ കഴിയില്ലാത്ത കാര്യങ്ങളും തിരിച്ചറിയുമ്പോൾ നിങ്ങൾ നിങ്ങളിൽത്തന്നെ ആശ്രയിക്കില്ല. ദൈവത്തിൽ ആശ്രയിക്കുന്നതുകൊണ്ട് നിങ്ങളുടെ ഉത്കണ്ഠ കുറയുകയും ചെയ്യും.— മീഖ 6:8.
“ഒരിക്കലും ഉത്കണ്ഠപ്പെടരുത്”
13. “ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
13 മത്തായി 6:34 വായിക്കുക. “ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്നാണു യേശു നമ്മളോടു പറഞ്ഞത്. ഈ ഉപദേശം അനുസരിക്കുക ബുദ്ധിമുട്ടാണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ യേശു എന്താണ് അർഥമാക്കിയത്? ദാവീദിനും പൗലോസിനും ഇടയ്ക്കൊക്കെ ഉത്കണ്ഠ തോന്നിയെന്നു നമ്മൾ പഠിച്ചല്ലോ. ദൈവത്തെ സേവിക്കുന്ന ഒരാൾക്ക് ഒരിക്കലും ഉത്കണ്ഠ തോന്നില്ല എന്നല്ല യേശു അർഥമാക്കിയത്. അനാവശ്യമായതോ അങ്ങേയറ്റം തീവ്രമായതോ ആയ ഉത്കണ്ഠ ഒരു പ്രശ്നവും പരിഹരിക്കില്ലെന്നു മനസ്സിലാക്കാൻ യേശു ശിഷ്യന്മാരെ സഹായിക്കുകയായിരുന്നു. ഓരോ ദിവസവും പ്രശ്നങ്ങളുണ്ടാകും, അവയുടെകൂടെ, കഴിഞ്ഞകാലത്ത് ഉണ്ടായതും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതും ആയ പ്രശ്നങ്ങളെക്കുറിച്ച് ഓർത്ത് ഉത്കണ്ഠ കൂട്ടേണ്ട ആവശ്യമില്ല. കടുത്ത ഉത്കണ്ഠ കുറയ്ക്കാൻ യേശുവിന്റെ ഉപദേശം നമ്മളെ എങ്ങനെ സഹായിക്കും?
14. നിങ്ങൾക്ക് എങ്ങനെയാണു ദാവീദിനെപ്പോലെ ഉത്കണ്ഠ കുറയ്ക്കാൻ കഴിയുന്നത്?
14 പണ്ടെന്നോ പറ്റിയ തെറ്റുകൾ ഓർത്താണു ചിലർ ഉത്കണ്ഠപ്പെടുന്നത്! എത്ര വർഷം കഴിഞ്ഞാലും അവർക്കു കുറ്റബോധം വിട്ടുമാറിയെന്നു വരില്ല. ചില അവസരങ്ങളിൽ ദാവീദ് രാജാവിനു തന്റെ തെറ്റുകൾ ഭാരമായി തോന്നി. അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.” (സങ്കീ. 38:3, 4, 8, 18) ആ സാഹചര്യത്തിൽ എന്തു ചെയ്യുന്നതായിരുന്നു ജ്ഞാനം? ദാവീദ് എന്താണു ചെയ്തത്? യഹോവയുടെ കരുണയിലും ക്ഷമയിലും ആശ്രയിച്ചു. ദൈവം തന്നോടു ക്ഷമിച്ചെന്ന് അറിഞ്ഞപ്പോൾ ദാവീദിനു സന്തോഷം തോന്നി.—സങ്കീർത്തനം 32:1-3, 5 വായിക്കുക.
15. (എ) ദാവീദിൽനിന്ന് നമുക്കു മറ്റ് എന്തുകൂടി പഠിക്കാനുണ്ട്? (ബി) ഉത്കണ്ഠ കുറയ്ക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും? (“ഉത്കണ്ഠ കുറയ്ക്കാൻ ചില പ്രായോഗിക മാർഗങ്ങൾ” എന്ന ചതുരം കാണുക.)
15 ഇപ്പോഴത്തെ കാര്യം ഓർത്തായിരിക്കും ചില സമയങ്ങളിൽ നിങ്ങൾ ഉത്കണ്ഠപ്പെടുന്നത്. ഉദാഹരണത്തിന്, 55-ാം സങ്കീർത്തനം എഴുതിയപ്പോൾ താൻ കൊല്ലപ്പെടുമോ എന്ന ഭയം ദാവീദിനുണ്ടായിരുന്നു. (സങ്കീ. 55:2-5) എങ്കിലും, ഉത്കണ്ഠകൾ കാരണം തനിക്ക് യഹോവയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ദാവീദ് ആഗ്രഹിച്ചില്ല. സ്വന്തം പ്രശ്നങ്ങൾ ദാവീദ് പ്രാർഥനയിലൂടെ യഹോവയോടു പറഞ്ഞു. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി താനും ചിലതൊക്കെ ചെയ്യണമെന്നു ദാവീദിന് അറിയാമായിരുന്നു. (2 ശമു. 15:30-34) ദാവീദിൽനിന്ന് നിങ്ങൾക്ക് ഒരു പാഠം പഠിക്കാം. ഉത്കണ്ഠ നിങ്ങളെ തളർത്തിക്കളയാൻ അനുവദിക്കുന്നതിനു പകരം പ്രശ്നം പരിഹരിക്കാൻ നിങ്ങളെക്കൊണ്ടാകുന്നതു ചെയ്യുക. എന്നിട്ട് യഹോവ കരുതുമെന്ന ഉറപ്പോടെ യഹോവയിൽ ആശ്രയിക്കുക.
16. ദൈവനാമത്തിന്റെ അർഥം നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നത് എങ്ങനെ?
16 ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓർത്തായിരിക്കാം ചില ക്രിസ്ത്യാനികൾ ഉത്കണ്ഠപ്പെടുന്നത്. എന്നാൽ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ആകുലപ്പെടേണ്ട ആവശ്യമില്ല. എന്തുകൊണ്ട്? മിക്കപ്പോഴും കാര്യങ്ങൾ സംഭവിക്കുന്നത് നമ്മൾ ആലോചിച്ചുകൂട്ടുന്നത്ര മോശമായിട്ടായിരിക്കില്ല യഥാർഥത്തിൽ. കൂടാതെ, ദൈവത്തിനു നിയന്ത്രിക്കാനാകാത്ത ഒരു പ്രശ്നവുമില്ലെന്ന് ഓർക്കുക. നമുക്ക് അറിയാവുന്നതുപോലെ ദൈവനാമത്തിന്റെ അർഥംതന്നെ “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. (പുറ. 3:14) അതുകൊണ്ട് നമ്മൾ ഭാവിയെക്കുറിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. കാരണം, മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളും നിറവേറുമെന്നു ദൈവത്തിന്റെ പേര് തെളിവ് നൽകുന്നു. ദൈവം വിശ്വസ്തരെ അനുഗ്രഹിക്കുമെന്നും കഴിഞ്ഞ കാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉള്ളതും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതും ആയ ഉത്കണ്ഠകൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഉറപ്പുണ്ടായിരിക്കാം.
വിഷമങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ആരെങ്കിലുമായി സംസാരിക്കുക
17, 18. ഉത്കണ്ഠ തോന്നുമ്പോൾ അതെക്കുറിച്ച് തുറന്നുസംസാരിക്കുന്നതു നിങ്ങളെ എങ്ങനെ സഹായിക്കും?
17 വിഷമങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ഒരാളോടു സത്യസന്ധമായി തുറന്നുസംസാരിക്കുന്നതാണ് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന നാലാമത്തെ മാർഗം. ഇണയ്ക്കോ ഒരു അടുത്ത സുഹൃത്തിനോ സഭയിലെ ഒരു മൂപ്പനോ നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കാനാകും. ബൈബിൾ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” (സദൃ. 12:25) ബൈബിൾ ഇങ്ങനെയും പറയുന്നു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.”—സദൃ. 15:22.
18 ഉത്കണ്ഠകൾ കുറയ്ക്കാൻ സഹായിക്കുന്നതാണു നമ്മുടെ ക്രിസ്തീയയോഗങ്ങളും. ഓരോ മീറ്റിങ്ങിനു വരുമ്പോഴും, നിങ്ങളെക്കുറിച്ച് ചിന്തയുള്ള, നിങ്ങളെ സന്തോഷമുള്ളവരും ഉന്മേഷമുള്ളവരും ആയി കാണാൻ ആഗ്രഹിക്കുന്ന, സ്നേഹമുള്ള സഹോദരങ്ങളോടൊത്താണു നിങ്ങൾ സമയം ചെലവഴിക്കുന്നത്. (എബ്രാ. 10:24, 25) അങ്ങനെ ‘പരസ്പരം പ്രോത്സാഹിപ്പിക്കുന്നതു’ നിങ്ങളെ ശക്തിപ്പെടുത്തുകയും ഉത്കണ്ഠകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.—റോമ. 1:12.
ദൈവവുമായുള്ള ബന്ധമാണു നിങ്ങളുടെ ഏറ്റവും വലിയ ബലം
19. ദൈവവുമായുള്ള ബന്ധം നിങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
19 ഉത്കണ്ഠകൾ യഹോവയുടെ മേൽ ഇടുന്നത് എത്ര പ്രധാനമാണെന്നു കനഡയിലെ ഒരു മൂപ്പൻ മനസ്സിലാക്കി. അദ്ദേഹം ഒരു അധ്യാപകനും കുട്ടികൾക്കു കൗൺസിലിങ് കൊടുക്കുന്നയാളും ആയിരുന്നു. ഏറെ സമ്മർദങ്ങളുള്ള ഒരു ജോലിയായിരുന്നു അത്. ഉത്കണ്ഠ അദ്ദേഹത്തിന് ഒരു ആരോഗ്യപ്രശ്നമായിത്തീർന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം എന്തു ചെയ്തു? ഒന്നാമതായി, യഹോവയുമായുള്ള ബന്ധം ശക്തമാക്കാൻ അദ്ദേഹം കഠിനശ്രമം ചെയ്തു. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സുഹൃത്തുക്കളും അദ്ദേഹത്തിനു വലിയ സഹായമായി. ഭാര്യയോടു തുറന്നുസംസാരിച്ചതും അദ്ദേഹത്തിനു പ്രയോജനം ചെയ്തു. കൂടാതെ, സാഹചര്യത്തെ യഹോവ കാണുന്നതുപോലെ കാണാൻ സഹമൂപ്പന്മാരും സർക്കിട്ട് മേൽവിചാരകനും സഹായിച്ചു. സഹോദരൻ ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് പട്ടികയിൽ മാറ്റം വരുത്തി വിശ്രമത്തിനും വ്യായാമത്തിനും സമയം കണ്ടെത്തുകയും ചെയ്തു. അങ്ങനെ ക്രമേണ, കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹത്തിനു തോന്നിത്തുടങ്ങി. നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യങ്ങൾ നേരിടുമ്പോൾ സഹായത്തിനായി അദ്ദേഹം യഹോവയിൽ ആശ്രയിക്കും.
20. (എ) നമുക്ക് എങ്ങനെ ഉത്കണ്ഠകൾ ദൈവത്തിന്റെ മേൽ വെക്കാനാകും? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
20 പ്രാർഥിച്ചുകൊണ്ടും ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ടും നമ്മുടെ ഉത്കണ്ഠകൾ യഹോവയുടെ മേൽ വെക്കുന്നത് എത്ര പ്രധാനമാണെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിച്ചു. അതോടൊപ്പം, നമ്മളെ സഹായിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും വിഷമങ്ങൾ ആരോടെങ്കിലും തുറന്നുസംസാരിക്കുകയും മീറ്റിങ്ങുകൾക്കു വരുകയും ചെയ്യേണ്ടതുണ്ടെന്നും നമ്മൾ മനസ്സിലാക്കി. പ്രതിഫലം നൽകുമെന്ന പ്രത്യാശ തന്നുകൊണ്ട് യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നതെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.—എബ്രാ. 11:6.