യഹോവ നീതിയെ സ്നേഹിക്കുന്നു
‘യഹോവയായ ഞാൻ നീതി ഇഷ്ടപ്പെടുന്നു.’—യെശയ്യാവു 61:8, NW.
1, 2. (എ) നീതി, അനീതി എന്നീ വാക്കുകളുടെ അർഥമെന്താണ്? (ബി) യഹോവയെയും അവന്റെ നീതിയെന്ന ഗുണത്തെയും കുറിച്ച് ബൈബിൾ എന്തു പറയുന്നു?
നീതിയെ “സദാചാരപരമോ യുക്തിപൂർവമോ ന്യായയുക്തമോ ആയ പെരുമാറ്റം” എന്നു നിർവചിച്ചിരിക്കുന്നു. അനീതിക്ക് “അന്യായം, അധർമം, അക്രമം, തെറ്റായ പ്രവൃത്തി” എന്നൊക്കെയാണ് അർഥം.
2 അഖിലാണ്ഡ പരമാധികാരിയായ യഹോവയെക്കുറിച്ച് ഏകദേശം 3,500 വർഷങ്ങൾക്കുമുമ്പ് മോശെ എഴുതി: “അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, . . . നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:4) ഏഴു നൂറ്റാണ്ടുകൾക്കുശേഷം, ‘യഹോവയായ ഞാൻ നീതി ഇഷ്ടപ്പെടുന്നു’ എന്ന് എഴുതാൻ ദൈവം യെശയ്യാവിനെ നിശ്വസ്തനാക്കി. (യെശയ്യാവു 61:8, NW) പിന്നീട് ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ഉദ്ഘോഷിച്ചു: “ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.” (റോമർ 9:14) അതേ കാലഘട്ടത്തിൽത്തന്നെയാണ്, “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും” പത്രൊസ് പ്രസ്താവിച്ചത്. (പ്രവൃത്തികൾ 10:34, 35) അതേ, ‘യഹോവ നീതിയെ സ്നേഹിക്കുന്നവനാണ്.’—സങ്കീർത്തനം 37:28, NIBV; മലാഖി 3:6.
അനീതി അരങ്ങുവാഴുന്നു
3. ഭൂമിയിൽ അനീതിയുടെ ആരംഭം എങ്ങനെ ആയിരുന്നു?
3 നീതിക്ക് അധികമൊന്നും വിലകൽപ്പിക്കാത്ത ഒരു ലോകത്താണു നാമിന്നു ജീവിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും—സ്കൂളിൽ, ജോലിസ്ഥലത്ത്, അധികാരികളിൽനിന്ന്, എന്തിനധികം പറയുന്നു കുടുംബത്തിനുള്ളിൽപ്പോലും—നാം അനീതി നേരിട്ടേക്കാം. എന്നാലിത് അത്ര പുതിയ കാര്യമൊന്നുമല്ല. സാത്താനാൽ പ്രേരിതരായി നമ്മുടെ ആദ്യ മാതാപിതാക്കൾ ദൈവത്തിനെതിരെ മത്സരിക്കുകയും നീതികെട്ടവരായിത്തീരുകയും ചെയ്തപ്പോൾ മനുഷ്യ കുടുംബത്തിലേക്കു കടന്നുവന്നതാണ് അനീതി. യഹോവയിൽനിന്നു ലഭിച്ച ഇച്ഛാസ്വാതന്ത്ര്യം എന്ന മഹത്തായ ദാനം ആദാമും ഹവ്വായും സാത്താനായിത്തീർന്ന ദൂതനും ദുരുപയോഗം ചെയ്തതു യാതൊരു വിധത്തിലും നീതീകരിക്കാനാകാത്ത നടപടിയായിരുന്നു. അവരുടെ ഭാഗത്തുണ്ടായ വീഴ്ച മുഴുമനുഷ്യവർഗത്തെയും ദുരിതത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടു.—ഉല്പത്തി 3:1-6; റോമർ 5:12; എബ്രായർ 2:14.
4. അനീതി മനുഷ്യചരിത്രത്തിന്റെ ഭാഗമായിത്തീർന്നിട്ട് എത്ര കാലമായി?
4 ദൈവത്തിനെതിരെ ഏദെനിൽ നടന്ന ആ മത്സരം മുതലിങ്ങോട്ട് ഏകദേശം 6,000 വർഷമായി അനീതി മനുഷ്യസമൂഹത്തിന്റെ ഭാഗമാണ്. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, കാരണം സാത്താനാണ് ഈ ലോകത്തിന്റെ ദൈവം. (2 കൊരിന്ത്യർ 4:4) അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആണ്, കൂടാതെ യഹോവയുടെ എതിരാളിയും അവനെതിരെ ദൂഷണം പറയുന്നവനുമാണ്. (യോഹന്നാൻ 8:44) അവൻ എന്നും കടുത്ത അനീതിയേ പ്രവർത്തിച്ചിട്ടുള്ളൂ. ഉദാഹരണത്തിന്, നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തിനുമുമ്പ് ‘ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതും ആയിരുന്നു.’ സാത്താന്റെ ദുഷ്ട സ്വാധീനമായിരുന്നു ഈ അവസ്ഥാവിശേഷത്തിനു ഭാഗികമായി കാരണമായത്. (ഉല്പത്തി 6:5) യേശുവിന്റെ നാളിലും ഇതേ അവസ്ഥ നിലനിന്നിരുന്നു. “അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി” എന്നവൻ പറഞ്ഞു. ഓരോ ദിവസത്തിനും അനീതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നാണ് ഇതുകൊണ്ടവൻ അർഥമാക്കിയത്. (മത്തായി 6:34) ബൈബിൾ വളരെ കൃത്യമായി പറയുന്നു: “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു.”—റോമർ 8:22.
5. മുമ്പെന്നത്തെക്കാളും അധികമായി ഇന്ന് അനീതി നടമാടുന്നത് എന്തുകൊണ്ട്?
5 അങ്ങനെ, കടുത്ത അനീതിക്ക് ഇടയാക്കുന്ന മോശമായ കാര്യങ്ങൾ മനുഷ്യ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ അവസ്ഥയോ? അത് മുമ്പെന്നത്തെക്കാളും വഷളാണ്. എന്തുകൊണ്ടെന്നാൽ ഈ അഭക്ത വ്യവസ്ഥിതി പല ദശകങ്ങളായി “ദുർഘടസമയങ്ങൾ” മുഖമുദ്രയായ അതിന്റെ ‘അന്ത്യകാലത്താണ്.’ ഈ കാലത്ത് മനുഷ്യർ ‘സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും . . . നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളും ആയിരിക്കുമെന്ന്’ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5) ഇത്തരം ദുർഗുണങ്ങൾ എല്ലാത്തരം അനീതിക്കും വഴിവെക്കുന്നു.
6, 7. ആധുനികകാലത്തു മനുഷ്യകുടുംബം നേരിടുന്ന കടുത്ത അനീതികൾ ഏവ?
6 മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര അനീതിയാണു കഴിഞ്ഞ നൂറുവർഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനൊരു കാരണം, ഏറ്റവുമധികം യുദ്ധങ്ങൾ നടന്നത് ഈ കാലഘട്ടത്തിൽ ആണെന്നതാണ്. ഉദാഹരണത്തിന്, ചില ചരിത്രകാരന്മാർ കണക്കാക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ മാത്രം ഏതാണ്ട് 5 കോടിക്കും 6 കോടിക്കും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്. അതിൽ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീപുരുഷന്മാരും കുട്ടികളുമായിരുന്നു. ആ ലോകയുദ്ധത്തിനുശേഷവും കോടിക്കണക്കിന് ആളുകൾ മറ്റു നിരവധി യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്, ഇവിടെയും ഇരകളായവരിൽ ഭൂരിപക്ഷവും സാധാരണ പൗരന്മാരാണ്. ഈ അനീതിക്കും അക്രമത്തിനുമെല്ലാം പിന്നിൽ സാത്താനാണു പ്രവർത്തിക്കുന്നത്. പെട്ടെന്നുതന്നെ യഹോവ അവനെ നിശ്ശേഷം പരാജയപ്പെടുത്തും. ഇത് അറിയാവുന്നതിനാലാണ് അവൻ ഇങ്ങനെ ക്രുദ്ധനായി പ്രവർത്തിക്കുന്നത്. ബൈബിൾ പ്രവചനം അത് ഇങ്ങനെയാണു വിവരിക്കുന്നത്: “പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാടു 12:12.
7 ജനകോടികൾ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാനാകാതെ നട്ടംതിരിയുമ്പോൾ ആഗോള തലത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഓരോ വർഷവും ചെലവഴിക്കുന്നത് ഏകദേശം 45 ലക്ഷം കോടി രൂപയാണ്. ഈ പണമത്രയും മനുഷ്യക്ഷേമം ഉന്നമിപ്പിക്കുന്നതിനായി ചെലവഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അനേകർ സുഭിക്ഷിതയിൽ ആറാടുമ്പോൾ നൂറുകോടിയോളംപേർ പട്ടിണിയിൽ കഴിഞ്ഞുകൂടുകയാണ്. യുഎൻ നേതൃത്വത്തിലുള്ള ഒരു സമിതിയുടെ റിപ്പോർട്ടനുസരിച്ച് 50 ലക്ഷത്തോളം കുട്ടികൾ ഓരോ വർഷവും പട്ടിണിമൂലം മരിക്കുന്നുണ്ട്. എത്ര വലിയ അനീതി! ഇനി ലോകമെമ്പാടുമായി എത്രയോ ഗർഭച്ഛിദ്രങ്ങളാണു നടക്കുന്നത്! അവയുടെ എണ്ണം ഓരോ വർഷവും 4 കോടിക്കും 6 കോടിക്കും മധ്യേയാകാമെന്നു കണക്കുകൾ കാണിക്കുന്നു. അനീതിയുടെ മറ്റൊരു ബീഭത്സമുഖം!
8. മനുഷ്യവർഗത്തിനു യഥാർഥ നീതി എങ്ങനെ മാത്രമേ ലഭിക്കുകയുള്ളൂ?
8 ഇന്നു മനുഷ്യവർഗത്തെ വേട്ടയാടുന്ന അസംഖ്യം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ മനുഷ്യ ഭരണാധികാരികൾക്ക് സാധിക്കുന്നില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. നമ്മുടെ നാളുകളെക്കുറിച്ച് ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “ദുഷ്ടമനുഷ്യരും മായാവികളും [“കാപട്യക്കാരും,” NW] വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ട് മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമൊഥെയൊസ് 3:13, 14) ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അനീതി പടർന്നു പന്തലിച്ചിരിക്കുന്നതിനാൽ അതു പിഴുതെറിയുക മനുഷ്യനു സാധ്യമല്ല. നീതിമാനായ ദൈവത്തിനു മാത്രമേ അതു വേരോടെ പിഴുതെറിയാനാകൂ. അവനു മാത്രമേ സാത്താനെയും ഭൂതങ്ങളെയും ദുഷ്ട മനുഷ്യരെയും നിർമൂലമാക്കാനാകൂ.—യിരെമ്യാവു 10:23, 24.
അനീതിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ട ഒരാൾ
9, 10. ആസാഫിന് ആത്മീയ കാര്യങ്ങളിലുള്ള താത്പര്യം കുറയാൻ കാരണമെന്ത്?
9 ദൈവം മനുഷ്യകാര്യാദികളിൽ ഇടപെട്ട് യഥാർഥ നീതിയും ന്യായവും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചില ബൈബിൾ എഴുത്തുകാർപോലും അത്ഭുതപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനെക്കുറിച്ചു ചിന്തിക്കാം. ആ സങ്കീർത്തനത്തിന്റെ മേലെഴുത്തിൽ ആസാഫ് എന്ന പേരു കാണാനാകും. ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന ഒരു പ്രമുഖ ലേവ്യ സംഗീതജ്ഞനെയോ ആസാഫ് ഗൃഹത്തിലെ സംഗീതജ്ഞരെയോ ആണ് ഇവിടെ പരാമർശിക്കുന്നത്. ആസാഫും അദ്ദേഹത്തിന്റെ പിന്മുറക്കാരും രചിച്ച പല സങ്കീർത്തനങ്ങളും ആരാധനാ വേളകളിൽ ആലപിച്ചിരുന്നു. എങ്കിലും ഒരു ഘട്ടത്തിൽ 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് ആത്മീയ കാര്യങ്ങളിലുള്ള താത്പര്യം കുറഞ്ഞുപോയി. പ്രശ്നങ്ങൾ ഏതുമില്ലാത്ത സംതൃപ്തവും സുഖസമൃദ്ധവുമായ ഒന്നാണ് ദുഷ്ടന്മാരുടെ ജീവിതം എന്ന് അവനു തോന്നി.
10 നാം ഇങ്ങനെ വായിക്കുന്നു: “ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി. അവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു. അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.” (സങ്കീർത്തനം 73:2-8) എന്നാൽ അത്തരമൊരു നിഷേധാത്മക ചിന്താഗതി തെറ്റായിരുന്നുവെന്ന് ക്രമേണ ആ ബൈബിൾ എഴുത്തുകാരൻ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 73:15, 16) സങ്കീർത്തനക്കാരൻ തന്റെ ചിന്താഗതി തിരുത്താൻ ശ്രമിച്ചുവെങ്കിലും യഹോവയുടെ വിശ്വസ്ത ആരാധകർ പലപ്പോഴും കഷ്ടപ്പെടുമ്പോൾ ദുഷ്ടന്മാർ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ കാരണം അവനു പൂർണമായും ഉൾക്കൊള്ളാനായില്ല.
11. സങ്കീർത്തനക്കാരനായ ആസാഫ് പിന്നീട് എന്തു മനസ്സിലാക്കി?
11 ഒടുവിൽ, ദുഷ്ടന്മാരെ കാത്തിരിക്കുന്നത് എന്താണെന്ന് ആ വിശ്വസ്ത മനുഷ്യൻ തിരിച്ചറിഞ്ഞു. ആത്യന്തികമായി യഹോവ കാര്യങ്ങൾ ക്രമപ്പെടുത്തുമെന്ന് അവൻ മനസ്സിലാക്കി. (സങ്കീർത്തനം 73:17-19) ദാവീദ് എഴുതി: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.”—സങ്കീർത്തനം 37:9, 11, 34.
12. (എ) ദുഷ്ടതയെയും അനീതിയെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യമെന്ത്? (ബി) അനീതി എന്ന പ്രശ്നത്തിനുള്ള ഈ പരിഹാരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
12 തന്റെ തക്കസമയത്തു ദുഷ്ടതയും അനീതിയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയെന്നതു യഹോവയുടെ ഉദ്ദേശ്യമാണ്, അത് അവൻ നിവർത്തിക്കുകതന്നെ ചെയ്യും. വിശ്വസ്ത ക്രിസ്ത്യാനികൾപോലും കൂടെക്കൂടെ ഓർമയിൽ കൊണ്ടുവരേണ്ട ഒരു കാര്യമാണിത്. തന്റെ ഹിതത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ അവൻ നശിപ്പിക്കും, എന്നാൽ അതിനു ചേർച്ചയിൽ ജീവിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും. “അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു. യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു.”—സങ്കീർത്തനം 11:4-7.
നീതിയുള്ള ഒരു പുതിയ ലോകം
13, 14. പുതിയ ലോകത്തിൽ നീതിയും ന്യായവും വാഴുമെന്നു പറയാവുന്നത് എന്തുകൊണ്ട്?
13 സാത്താന്റെ നിയന്ത്രണത്തിലുള്ള അനീതി നിറഞ്ഞ ഈ വ്യവസ്ഥിതിയെ നശിപ്പിച്ചതിനുശേഷം യഹോവ മഹത്ത്വമാർന്ന ഒരു പുതിയ ലോകം ആനയിക്കും. സ്വർഗരാജ്യമായിരിക്കും അതിനെ ഭരിക്കുക, അതിനുവേണ്ടി പ്രാർഥിക്കാനാണു യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർഥനയ്ക്കു പൂർണമായി ഉത്തരം കിട്ടുന്ന അക്കാലത്ത് ദുഷ്ടതയും അനീതിയും ന്യായത്തിനും നീതിക്കും വഴിമാറും.—മത്തായി 6:10.
14 നമുക്ക് ഏതുതരം ഭരണം പ്രതീക്ഷിക്കാമെന്നു ബൈബിൾ വ്യക്തമാക്കുന്നു; പരമാർഥഹൃദയരായ എല്ലാവരും ഇന്നു കാംക്ഷിക്കുന്ന ഒന്നാണത്. ആ ഭരണത്തിൻകീഴിൽ സങ്കീർത്തനം 145:16 അതിന്റെ എല്ലാ അർഥത്തിലും നിവൃത്തിയാകും. അത് ഇങ്ങനെ പറയുന്നു: “നീ [യഹോവയാം ദൈവം] തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.” യെശയ്യാവു 32:1 ആ ഭരണത്തെക്കുറിച്ചു പറയുന്നത് ഇതാണ്: “ഒരു രാജാവു [സ്വർഗത്തിലുള്ള യേശുക്രിസ്തു] നീതിയോടെ വാഴും; പ്രഭുക്കന്മാർ [ക്രിസ്തുവിന്റെ, ഭൂമിയിലെ പ്രതിനിധികൾ] ന്യായത്തോടെ അധികാരം നടത്തും.” യേശുക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് യെശയ്യാവു 9:7 പ്രവചിക്കുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” നീതിനിഷ്ഠമായ ആ ഭരണത്തിൻകീഴിൽ ജീവിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്കൊന്നു വിഭാവനം ചെയ്യാമോ?
15. പുതിയ ലോകത്തിൽ മനുഷ്യവർഗത്തിനുവേണ്ടി യഹോവ എന്തു ചെയ്യും?
15 ദൈവത്തിന്റെ പുതിയ ലോകത്തിൽ, സഭാപ്രസംഗി 4:1-ലെ വാക്കുകൾ നമുക്ക് ഒരിക്കലും ആവർത്തിക്കേണ്ടിവരില്ല. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.” നീതി വസിക്കുന്ന ആ പുതിയ ലോകത്തിന്റെ മാഹാത്മ്യം നമ്മുടെ അപൂർണ മനസ്സുകൾക്കു വിഭാവനം ചെയ്യാനാകുന്നതിലും അപ്പുറമാണ്. തിന്മ മേലാൽ ഉണ്ടായിരിക്കുകയില്ല പകരം എല്ലാ ദിവസവും നന്മയാൽ സമൃദ്ധമായിരിക്കും. അതേ, നമ്മുടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്ന വിധത്തിൽ തെറ്റായതെന്തും യഹോവ നേരെയാക്കും. “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” എന്നെഴുതാൻ യഹോവ അപ്പൊസ്തലനായ പത്രൊസിനെ നിശ്വസ്തനാക്കിയത് എത്ര ഉചിതമാണ്.—2 പത്രൊസ് 3:13.
16. ‘പുതിയ ആകാശം’ സ്ഥാപിതമായിരിക്കുന്നു എന്നു പറയുന്നത് എന്തുകൊണ്ട്, ഏതർഥത്തിലാണ് ‘പുതിയ ഭൂമി’ ഇപ്പോൾ ഒരുക്കപ്പെടുന്നത്?
16 ആ ‘പുതിയ ആകാശം’ അതായത് ക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള സ്വർഗീയ ഗവണ്മെന്റ് ഇപ്പോൾത്തന്നെ സ്ഥാപിതമാണ്. പുതിയ ഭൂമിയുടെ അതായത് വിശ്വസ്ത ആരാധകർ അടങ്ങുന്ന ഒരു പുതിയ ആഗോള സമൂഹത്തിന്റെ കേന്ദ്രബിന്ദുവായി വർത്തിക്കുന്നവർ ഈ അന്ത്യകാലത്തു കൂട്ടിച്ചേർക്കപ്പെടുന്നു. ഏകദേശം 235 ദേശങ്ങളിൽ, ഒരു ലക്ഷത്തോളം സഭകളിലായി 70 ലക്ഷത്തിനടുത്താണ് ഇന്നവരുടെ എണ്ണം. അവർ യഹോവയുടെ ന്യായവും നീതിയുമുള്ള വഴികളെക്കുറിച്ചു പഠിക്കുകയും അതിന്റെ ഫലമായി ക്രിസ്തീയ സ്നേഹത്തിൽ അധിഷ്ഠിതമായ ഐക്യം ലോകവ്യാപകമായി ആസ്വദിക്കുകയും ചെയ്യുന്നു. ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ശ്രദ്ധേയവും യാതൊന്നിനും തകർക്കാനാവാത്തതുമായ ഐക്യമാണ് അവരുടേത്. അതു സാത്താന്റെ പ്രജകൾക്കിടയിലുള്ള ഏതൊരു ഐക്യത്തെയും നിഷ്പ്രഭമാക്കുന്നതുമാണ്. ഈ സ്നേഹവും ഐക്യവുമെല്ലാം നീതിയും ന്യായവും വാഴുന്ന പുതിയ ലോകത്തിൽ നമ്മെ കാത്തിരിക്കുന്ന സുവർണകാലത്തിന്റെ പൂർവവീക്ഷണമാണു നൽകുന്നത്.—യെശയ്യാവു 2:2-4; യോഹന്നാൻ 13:34, 35; കൊലൊസ്സ്യർ 3:14.
സാത്താന്റെ ആക്രമണം പരാജയപ്പെടും
17. യഹോവയുടെ ജനത്തിനെതിരെയുള്ള സാത്താന്റെ അന്തിമ ആക്രമണം പരാജയപ്പെടും എന്നു തീർത്തു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
17 യഹോവയുടെ ആരാധകരെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ സാത്താനും അവന്റെ അനുയായികളും പെട്ടെന്നുതന്നെ അവർക്കെതിരെ ആക്രമണം അഴിച്ചുവിടും. (യെഹെസ്കേൽ 38:14-23) അത് യേശു പ്രവചിച്ച, ‘ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടത്തിന്റെ’ ഭാഗമായിരിക്കും. (മത്തായി 24:21) എന്നാൽ സാത്താന്റെ ആക്രമണം വിജയിക്കുമോ? ഇല്ല. ദൈവവചനം നമുക്ക് ഉറപ്പു നൽകുന്നു: “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:28, 29.
18. (എ) തന്റെ ജനത്തിനെതിരെയുള്ള സാത്താന്റെ ആക്രമണത്തോടു ദൈവം എങ്ങനെ പ്രതികരിക്കും? (ബി) നീതിയുടെയും ന്യായത്തിന്റെയും വിജയത്തെക്കുറിച്ചുള്ള ഈ ബൈബിളധിഷ്ഠിത ചർച്ച നിങ്ങൾക്കെങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നു?
18 സാത്താന്റെയും അവന്റെ അനുയായികളുടെയും ഈ ആക്രമണം യഹോവയുടെ ദാസർക്കെതിരെയുള്ള അവരുടെ ധിക്കാരപരമായ അവസാനത്തെ നടപടി ആയിരിക്കും. സെഖര്യാവു മുഖേന യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു.” (സെഖര്യാവു 2:8, NW) തന്റെ ദാസർക്കെതിരെയുള്ള ഈ ആക്രമണത്തെ ആരെങ്കിലും തന്റെ കണ്ണിൽകുത്താൻ ശ്രമിക്കുന്നതുപോലെയാണു യഹോവ വീക്ഷിക്കുന്നത്. അതിനോടു സത്വരം പ്രതികരിക്കുന്ന അവൻ ശത്രുക്കളെ ഉന്മൂലനം ചെയ്യും. ഭൂമിയിലുള്ളതിലേക്കും സ്നേഹമുള്ളവരും ഏകീകൃതരും സമാധാനപ്രിയരും നിയമനിഷ്ഠരും ആണ് യഹോവയുടെ ദാസർ. അതുകൊണ്ടുതന്നെ അവർക്കെതിരെയുള്ള ആക്രമണം തികച്ചും അനാവശ്യവും നീതീകരിക്കാൻ ആകാത്തതുമാണ്. നീതിയെ ഇഷ്ടപ്പെടുന്ന യഹോവ അതൊരിക്കലും അനുവദിക്കില്ല. തന്റെ ജനത്തിനുവേണ്ടി യഹോവ നടപടി എടുക്കുന്നത് അവരുടെ ശത്രുക്കളുടെ നിത്യനാശത്തിൽ കലാശിക്കും. കൂടാതെ അത് നീതിയുടെയും ന്യായത്തിന്റെയും വിജയം ഉറപ്പാക്കുകയും ഏക സത്യദൈവത്തെ ആരാധിക്കുന്നവർക്ക് രക്ഷ കൈവരുത്തുകയും ചെയ്യും. എത്ര വിസ്മയാവഹവും ആവേശജനകവുമായ സംഭവങ്ങളാണ് ആസന്നഭാവിയിൽ നമ്മുടെ മുമ്പിൽ ചുരുളഴിയാനിരിക്കുന്നത്!—സദൃശവാക്യങ്ങൾ 2:21, 22.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• അനീതി ഇത്ര വ്യാപകമായിരിക്കുന്നത് എന്തുകൊണ്ട്?
• ഭൂമിയിൽനിന്നു യഹോവ അനീതി തുടച്ചുനീക്കുന്നത് എങ്ങനെയായിരിക്കും?
• നീതിയുടെ വിജയത്തെക്കുറിച്ചുള്ള ഈ പഠനത്തിൽ നിങ്ങൾക്കു ഹൃദയസ്പർശിയായി അനുഭവപ്പെട്ടത് എന്താണ്?
[23-ാം പേജിലെ ചിത്രം]
പ്രളയത്തിനുമുമ്പ് ദുഷ്ടത നടമാടിയിരുന്നു, ഈ ‘അന്ത്യകാലത്തും’ സ്ഥിതി വ്യത്യസ്തമല്ല
[24, 25 പേജുകളിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ ദുഷ്ടത നീതിക്കും ന്യായത്തിനും വഴിമാറും