ബൈബിളിന്റെ വീക്ഷണം
നുണപറയൽ—അതിനെ എപ്പോഴെങ്കിലും ന്യായീകരിക്കാനാകുമോ?
“ഒരു ചെറിയ നുണ പറഞ്ഞാൽ ചിലപ്പോഴൊക്കെ ഒരുപാടു വിശദീകരണങ്ങൾ ഒഴിവാക്കാനാകും.”
നുണപറയലിനെ സംബന്ധിച്ചുള്ള പലരുടെയും മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. ആർക്കും ദ്രോഹം ചെയ്യുന്നില്ലെങ്കിൽ നുണ പറയുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് അവരുടെ ന്യായം. അത്തരം യുക്തിക്ക് ഒരു ഔദ്യോഗിക പേരു പോലുമുണ്ട്.—സാഹചര്യാധിഷ്ഠിത ധർമശാസ്ത്രം. അതനുസരിച്ച്, നിങ്ങൾ പിൻപറ്റേണ്ട ഏക നിയമം സ്നേഹത്തിന്റെ നിയമമാണ്. മറ്റു വാക്കുകളിൽ, ഗ്രന്ഥകാരിയായ ഡയാൻ കോംപ് വിശദീകരിക്കുന്നു: “നുണ പറയാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകവും അതു സംബന്ധിച്ച നിങ്ങളുടെ ആന്തരവും ശരിയാണെങ്കിൽ, നിങ്ങൾ നുണ പറഞ്ഞുവെന്നത് അത്ര വലിയ ഒരു കാര്യമൊന്നുമല്ല.”
ഇന്നത്തെ ലോകത്തിൽ അത്തരം മനോഭാവം സർവസാധാരണമാണ്. പ്രമുഖ രാഷ്ട്രീയക്കാരുടെയും ലോക നേതാക്കളുടെയും മറ്റും കള്ളംപറച്ചിൽ ഉൾപ്പെടുന്ന അപവാദങ്ങൾ സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിന്റെ സ്വാധീനഫലമായി അനേകരും സത്യം പറയാനുള്ള പ്രതിബദ്ധത സംബന്ധിച്ച് ഒരു അയഞ്ഞ മനോഭാവം സ്വീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിലാണെങ്കിൽ നുണ പറയൽ ഒരു ഔദ്യോഗിക കീഴ്വഴക്കം തന്നെ ആയിത്തീർന്നിരിക്കുന്നു. “കള്ളം പറയാൻ എനിക്കു പണം ലഭിക്കുന്നു. കള്ളം പറഞ്ഞാൽ . . . ഞാൻ വ്യാപാര മത്സരങ്ങളിൽ വിജയിക്കുകയും ഓരോ വർഷവും എനിക്കു വളരെയധികം പ്രശംസ ലഭിക്കുകയും ചെയ്യുന്നു. ഏതൊരു വ്യാപാര പരിശീലനത്തിന്റെയും കാതലായ സംഗതി ഇതാണെന്നു തോന്നുന്നു” എന്ന് ഒരു സെയിൽസ് ഗേൾ പരാതിപ്പെടുന്നു. നിർദോഷകരമായ നുണ പറയുന്നതിൽ യഥാർഥത്തിൽ കുഴപ്പമൊന്നുമില്ല എന്ന് അനേകരും വിശ്വസിക്കുന്നു. അതു ശരിയാണോ? ക്രിസ്ത്യാനികൾക്ക് നുണയെ ന്യായീകരിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടോ?
ബൈബിളിന്റെ ഉന്നത നിലവാരം
എല്ലാ തരത്തിലുള്ള നുണയെയും ബൈബിൾ ശക്തമായി കുറ്റം വിധിക്കുന്നു. ‘ഭോഷ്കു പറയുന്നവരെ നീ [ദൈവം] നശിപ്പിക്കും’ എന്നു സങ്കീർത്തനക്കാരൻ പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 5:6; വെളിപ്പാടു 22:15 കാണുക.) സദൃശവാക്യങ്ങൾ 6:16-19-ൽ യഹോവ വെറുക്കുന്ന ഏഴു കാര്യങ്ങളെ ബൈബിൾ പട്ടികപ്പെടുത്തുന്നു. “വ്യാജമുള്ള നാവി”നെയും “ഭോഷ്കു പറയുന്ന കള്ളസാക്ഷി”യെയും ഈ പട്ടികയിൽ മുഖ്യമായും ഉൾപ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ട്? കാരണം, നുണ പറയൽ വരുത്തിവെക്കുന്ന ദ്രോഹത്തെ യഹോവ വെറുക്കുന്നു. സാത്താനെ നുണയനും മനുഷ്യഘാതകനും എന്നു യേശു വിളിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് അതാണ്. അവൻ പറഞ്ഞ നുണകളാണ് മനുഷ്യവർഗത്തിന്റെ മേൽ ദുരിതവും മരണവും വരുത്തിവെച്ചത്.—ഉല്പത്തി 3:4, 5; യോഹന്നാൻ 8:44; റോമർ 5:12.
നുണപറയലിനെ യഹോവ എത്ര ഗൗരവമായി വീക്ഷിക്കുന്നുവെന്ന് അനന്യാസിനും സഫീരയ്ക്കും ഭവിച്ച സംഗതി എടുത്തുകാട്ടുന്നു. യഥാർഥത്തിൽ ആയിരുന്നതിലും കൂടുതൽ ഔദാര്യ മനസ്കരായി കാണപ്പെടാനുള്ള ശ്രമത്തിൽ ഇരുവരും അപ്പൊസ്തലന്മാരോടു നുണ പറഞ്ഞു. അവരുടെ ആ പ്രവൃത്തി മനഃപൂർവം, കരുതിക്കൂട്ടിയുള്ളത് ആയിരുന്നു. പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ പ്രഖ്യാപിച്ചു: “മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.” അക്കാരണത്താൽ ആ രണ്ടു പേരെയും ദൈവം വധിച്ചു.—പ്രവൃത്തികൾ 5:1-10.
വർഷങ്ങൾക്കുശേഷം പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “അന്യോന്യം ഭോഷ്കു പറയരുതു.” (കൊലൊസ്സ്യർ 3:9) ക്രിസ്തീയ സഭയെ സംബന്ധിച്ചിടത്തോളം ഈ ഉദ്ബോധനത്തിനു വലിയ പ്രാധാന്യമുണ്ട്. തന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്ന അടയാളം തത്ത്വാധിഷ്ഠിത സ്നേഹമായിരിക്കും എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 13:34, 35) തികഞ്ഞ സത്യസന്ധതയും ആശ്രയത്വവുമുള്ള ഒരു ചുറ്റുപാടിൽ മാത്രമേ നിഷ്കപടമായ അത്തരം സ്നേഹം തഴച്ചുവളരുകയുള്ളൂ. എപ്പോഴും സത്യം സംസാരിക്കുമെന്നു നമുക്ക് ഉറപ്പില്ലാത്ത ആരെയെങ്കിലും സ്നേഹിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.
എല്ലാത്തരം നുണകളും അധിക്ഷേപാർഹമാണെങ്കിലും ചിലതരം നുണകൾ മറ്റുള്ളവയെക്കാൾ ഗൗരവതരമാണ്. ഉദാഹരണമായി, ഒരു വ്യക്തി നുണ പറയുന്നത് ലജ്ജയോ പേടിയോ നിമിത്തമായിരിക്കാം. ദ്രോഹിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ മറ്റു ചിലർ ദ്രോഹകരമായ നുണ പറയുന്ന ശീലം വളർത്തിയെടുത്തേക്കാം. ദ്രോഹകരമായ ആന്തരമുള്ളതിനാൽ, അത്തരമൊരു മനഃപൂർവ നുണയൻ വളരെ അപകടകാരിയാണ്. അനുതപിക്കാത്തപക്ഷം അയാളെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യും. എല്ലാ നുണയും ദ്രോഹചിന്തയാൽ പ്രേരിതമല്ലാത്തതിനാൽ ആരെങ്കിലും നുണ പറഞ്ഞെങ്കിൽ, അനാവശ്യമായി കുറ്റം വിധിക്കാതിരിക്കാനും ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും സംബന്ധിച്ച് അറിയുന്നുവെന്ന് ഉറപ്പു വരുത്താനും ശ്രദ്ധിക്കണം. ആന്തരങ്ങളും സംഭവത്തിന്റെ ഗൗരവം കുറയ്ക്കുന്ന സാഹചര്യങ്ങളും കണക്കിലെടുക്കണം.—യാക്കോബ് 2:13.
‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവർ’
സത്യസന്ധരായിരിക്കുകയെന്നാൽ, ഒരു കാര്യത്തെക്കുറിച്ചു ചോദിക്കുന്ന ഏതൊരാളോടും എല്ലാ കാര്യങ്ങളും പറയണമെന്നല്ല. “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ . . . തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്വാൻ ഇടവരരുതു.” എന്നു മത്തായി 7:6-ൽ യേശു മുന്നറിയിപ്പു നൽകി. ദൃഷ്ടാന്തത്തിന്, ദുരുദ്ദേശ്യമുള്ള വ്യക്തികളോട് എല്ലാ കാര്യങ്ങളും പറയേണ്ടതില്ലായിരിക്കാം. വിദ്വേഷപൂരിതമായ ഒരു ലോകത്തിലാണു തങ്ങൾ ജീവിക്കുന്നതെന്നു ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നു. അതുകൊണ്ട്, “പ്രാവിനെപ്പോലെ കളങ്കമില്ലാത്തവ”രായിരിക്കെ തന്നെ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവ”രായിരിക്കാനും യേശു തന്റെ ശിഷ്യന്മാരെ ഉപദേശിച്ചു. (മത്തായി 10:16; യോഹന്നാൻ 15:19) യേശു എല്ലായ്പോഴും മുഴു സത്യവും വെളിപ്പെടുത്തിയില്ല. പ്രത്യേകിച്ച്, മുഴു വസ്തുതകളും വെളിപ്പെടുത്തുന്നത് തനിക്കും ശിഷ്യന്മാർക്കും ദ്രോഹം വരുത്തിവെക്കുമായിരുന്നപ്പോൾ. എങ്കിലും, അത്തരം സന്ദർഭങ്ങളിൽ അവൻ ഒരിക്കലും നുണ പറഞ്ഞില്ല. പകരം അവൻ മിണ്ടാതിരിക്കുകയോ സംഭാഷണം മറ്റു വിഷയങ്ങളിലേക്കു തിരിച്ചുവിടുകയോ ചെയ്തു.—മത്തായി 15:1-6; 21:23-27; യോഹന്നാൻ 7:3-10.
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന പുരാതനകാല വിശ്വസ്ത സ്ത്രീപുരുഷന്മാരായ അബ്രഹാം, ഇസ്ഹാക്ക്, രാഹാബ്, ദാവീദ് എന്നിവർ തങ്ങളുടെ ശത്രുക്കളാകാൻ സാധ്യതയുള്ള വ്യക്തികളെ കൈകാര്യം ചെയ്തപ്പോൾ ബുദ്ധിയും ജാഗ്രതയും പ്രകടമാക്കി. (ഉല്പത്തി 20:11-13; 26:9; യോശുവ 2:1-6; 1 ശമൂവേൽ 21:10-14) അനുസരണം മുഖമുദ്രയായിരുന്ന അത്തരം സ്ത്രീപുരുഷന്മാരെ ബൈബിൾ വിശ്വസ്ത ആരാധകരുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു. അത് അവരെ അനുകരണയോഗ്യർ ആക്കുന്നു.—റോമർ 15:4; എബ്രായർ 11:8-10, 20, 31-39.
നുണ പറയുന്നതാണ് എളുപ്പവഴിയെന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ, പ്രത്യേകാൽ ദുഷ്കരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ യേശുവിന്റെ പ്രവർത്തനഗതി അനുകരിക്കുകയും ബൈബിൾ പരിശീലിത മനസ്സാക്ഷി പിൻപറ്റുകയും ചെയ്യുന്നതാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അഭികാമ്യം.—എബ്രായർ 5:14.
സത്യസന്ധരും പരമാർഥരും ആയിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നുണ പറയുന്നതു തെറ്റാണ്. കൂടാതെ നാം പിൻവരുന്ന ബൈബിൾ ബുദ്ധിയുപദേശം പിൻപറ്റുകയും വേണം: “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.” (എഫെസ്യർ 4:25) അങ്ങനെ ചെയ്യുക വഴി നാം ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കുകയും സഭയിൽ സമാധാനവും സ്നേഹവും ഉന്നമിപ്പിക്കുകയും “വിശ്വസ്തദൈവ”ത്തെ ബഹുമാനിക്കുന്നതിൽ തുടരുകയും ചെയ്യും.—സങ്കീർത്തനം 31:5; എബ്രായർ 13:18.
[20-ാം പേജിലെ ചിത്രം]
നുണ പറഞ്ഞതിനാൽ അനന്യാസിനും സഫീരയ്ക്കും ജീവൻ നഷ്ടമായി