‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’
“ആകയാൽ നിങ്ങൾ പുറപ്പെട്ട് . . . പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും . . . സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19.
1. പരിശുദ്ധാത്മാവിനോടുള്ള ബന്ധത്തിൽ ഏതു പുതിയ പദപ്രയോഗം യോഹന്നാൻ സ്നാപകൻ ഉപയോഗിച്ചു?
നമ്മുടെ പൊതുയുഗത്തിന്റെ 29-ാം ആണ്ടിൽ മശിഹായുടെ വഴി ഒരുക്കിക്കൊണ്ട് യോഹന്നാൻ സ്നാപകൻ ഇസ്രായേലിൽ പ്രവർത്തനനിരതനായിരുന്നു. അവന്റെ ശുശ്രൂഷാവേളയിൽ അവൻ പരിശുദ്ധാത്മാവിനെക്കുറിച്ച് പുതിയ ഒരു സംഗതി പ്രഖ്യാപിച്ചു. തീർച്ചയായും പരിശുദ്ധാത്മാവിനെ സംബന്ധിച്ച് എബ്രായതിരുവെഴുത്തുകൾ പറഞ്ഞത് യഹൂദൻമാർക്ക് അപ്പോൾത്തന്നെ അറിയാമായിരുന്നു. എന്നാലും, “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏൽപ്പിക്കുന്നതേയുള്ളു. എന്റെ പിന്നാലെ വരുന്നവനോ . . . നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏൽപ്പിക്കും” എന്ന് യോഹന്നാൻ പറഞ്ഞപ്പോൾ അവർ അതിശയിച്ചുപോയിരിക്കാം. (മത്തായി 3:11) ‘പരിശുദ്ധാത്മാവിലുള്ള സ്നാനം’ എന്നത് ഒരു പുതിയ പദപ്രയോഗമായിരുന്നു.
2. പരിശുദ്ധാത്മാവ് ഉൾപ്പെടുന്ന ഏതു പുതിയ പദപ്രയോഗം യേശു അവതരിപ്പിച്ചു?
2 വരുന്നവൻ യേശു ആയിരുന്നു. അവന്റെ ഭൗമികജീവിതകാലത്ത് അവൻ ആത്മാവിനെക്കുറിച്ച് പലപ്രാവശ്യം പറയുകതന്നെ ചെയ്തുവെങ്കിലും അവൻ യഥാർത്ഥത്തിൽ ആരെയും പരിശുദ്ധാത്മാവിൽ സ്നാപനം ഏല്പിച്ചില്ല. മാത്രവുമല്ല, അവന്റെ പുനരുത്ഥാനശേഷം, അവൻ പരിശുദ്ധാത്മാവിനെക്കുറിച്ച് മറെറാരു പുതിയ വിധത്തിൽ പരാമർശിച്ചു. അവൻ തന്റെ ശിഷ്യൻമാരോട് “ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പി”ക്കുക എന്നു പറഞ്ഞു. (മത്തായി 28:19) “നാമത്തിൽ” എന്ന പദപ്രയോഗത്തിന്റെ അർത്ഥം “അംഗീകരിച്ചുകൊണ്ട്” എന്നാണ്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള ജലസ്നാപനം പരിശുദ്ധാത്മാവിലുള്ള സ്നാപനത്തിൽനിന്ന് വ്യത്യസ്തമായിരിക്കേണ്ടിയിരുന്നു. അതും പരിശുദ്ധാത്മാവു ഉൾപ്പെടുന്ന ഒരു പുതിയ പദപ്രയോഗമായിരുന്നു.
പരിശുദ്ധാത്മാവിൽ സ്നാപനമേൽക്കുന്നു
3, 4. (എ) പരിശുദ്ധാത്മാവിലുള്ള ആദ്യ സ്നാപനങ്ങൾ എപ്പോൾ നടന്നു? (ബി) യേശുവിന്റെ ശിഷ്യൻമാരെ സ്നാപനപ്പെടുത്തുന്നതിനുപുറമേ, പരിശുദ്ധാത്മാവ് എങ്ങനെ അവർക്കായി ക്രി.വ. 33ലെ പെന്തെക്കോസ്തിൽ പ്രവർത്തിച്ചു?
3 പരിശുദ്ധാത്മാവിലുള്ള സ്നാപനത്തേസംബന്ധിച്ചാണെങ്കിൽ, യേശു തന്റെ സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവു കൊണ്ടു സ്നാനം ലഭിക്കും” എന്ന് തന്റെ ശിഷ്യൻമാരോടു വാഗ്ദാനംചെയ്തു. (പ്രവൃത്തികൾ 1:5, 8) അതിനുശേഷം താമസിയാതെ ആ വാഗ്ദത്തം നിവൃത്തിയായി. യേശു സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവിലുള്ള തന്റെ ആദ്യസ്നാപനങ്ങൾ നടത്തവേ യരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിയിരുന്ന ഏതാണ്ട് 120പേരുടെമേൽ പരിശുദ്ധാത്മാവ് ഇറങ്ങി. (പ്രവൃത്തികൾ 2:1-4, 33) ഫലമെന്തായിരുന്നു? ശിഷ്യൻമാർ ക്രിസ്തുവിന്റെ ആത്മീയ ശരീരത്തിന്റെ ഭാഗമായിത്തീർന്നു. അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്ന പ്രകാരം “[അവർ] എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനമേററു.” (1 കൊരിന്ത്യർ 12:13) അതേ സമയം, അവർ ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തിൽ ഭാവിരാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കാൻ അഭിഷേകംചെയ്യപ്പെട്ടു. (എഫേസ്യർ 1:13, 14; 2 തിമൊഥെയോസ് 2:12; വെളിപാട് 20:6) പരിശുദ്ധാത്മാവ് ആ മഹത്തായ ഭാവി അവകാശത്തിന്റെ ഒരു പ്രാരംഭമുദ്രയും തെളിവുമായി സേവിച്ചു, എന്നാൽ അതുമാത്രമായിരുന്നില്ല.—2 കൊരിന്ത്യർ 1:21, 22.
4 അതിന് ചുരുക്കംചില വർഷം മുമ്പ് യേശു നിക്കോദേമൊസിനോട് “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴികയില്ല. . . . വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല” എന്ന് പറഞ്ഞിരുന്നു. (യോഹന്നാൻ 3:3, 5) ഇപ്പോൾ 120 മനുഷ്യർ വീണ്ടും ജനിച്ചിരുന്നു. പരിശുദ്ധാത്മാവു മുഖാന്തരം അവർ ദൈവത്തിന്റെ ആത്മീയ പുത്രൻമാരായി, ക്രിസ്തുവിന്റെ സഹോദരൻമാരായി ദത്തെടുക്കപ്പെട്ടിരുന്നു. (യോഹന്നാൻ 1:11-13; റോമർ 8:14, 15) പരിശുദ്ധാത്മാവിന്റെ ഈ പ്രവർത്തനങ്ങളെല്ലാം അവയുടെ വിധത്തിൽ അത്ഭുതങ്ങളെക്കാൾ അതിശയകരമായിരുന്നു. തന്നെയുമല്ല, ഒരു കാലത്തേക്കു മാത്രമായിരുന്ന അത്ഭുതങ്ങളിൽനിന്ന് വ്യത്യസ്തമായി പരിശുദ്ധാത്മാവ് അപ്പോസ്തലൻമാരുടെ മരണശേഷം നിന്നുപോകാതെ ഈ വിധത്തിൽ ഇന്നോളം തുടർന്നിരിക്കുന്നു. തക്ക സമയത്തെ ആത്മീയാഹാരം പ്രദാനംചെയ്യുന്നതിന് ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ”യായി സേവിക്കുന്ന ക്രിസ്തുശരീരത്തിന്റെ ആത്മസ്നാപനമേററ അംഗങ്ങളിൽ അവസാനത്തവർ തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരിക്കുന്നതിനുള്ള പദവി യഹോവയുടെ സാക്ഷികൾക്കുള്ളതാണ്.—മത്തായി 24:45-47, NW.
“പരിശുദ്ധാത്മാവിന്റെ നാമത്തിൽ” സ്നാപനമേൽക്കുന്നു
5, 6. പരിശുദ്ധാത്മാവിലെ ആദ്യസ്നാപനങ്ങൾ എങ്ങനെ ജലസ്നാപനങ്ങളിലേക്കു നയിച്ചു?
5 വാഗ്ദത്തംചെയ്യപ്പെട്ട പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാപനത്തേക്കുറിച്ചെന്ത്? പരിശുദ്ധാത്മാവിൽ സ്നാപനമേററ ആ ആദ്യശിഷ്യൻമാർ അങ്ങനെയുള്ള ഒരു ജലസ്നാപനത്തിന് വിധേയരായില്ല. അവർ നേരത്തെതന്നെ യോഹന്നാന്റെ സ്നാപനമേററിരുന്നു, ആ പ്രത്യേക കാലത്ത് അത് യഹോവക്ക് സ്വീകാര്യമായിരുന്നതുകൊണ്ട് അവർ വീണ്ടും സ്നാപനമേൽക്കേണ്ടതില്ലായിരുന്നു. എന്നാൽ ക്രി.വ. 33ലെ പെന്തെക്കോസ്തിൽ ഒരു വലിയ കൂട്ടം ദേഹികൾ പുതിയ ജലസ്നാപനം സ്വീകരിക്കുകതന്നെ ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു?
6 നൂററിയിരുപതുപേരുടെ പരിശുദ്ധാത്മാവിലെ സ്നാപനം ജനക്കൂട്ടങ്ങളെ ആകർഷിച്ച ഒരു വലിയ ശബ്ദത്തിന്റെ അകമ്പടിയോടെയായിരുന്നു. അവർ അന്യഭാഷകളിൽ, അതായത് സന്നിഹിതരായിരുന്നവർക്ക് മനസ്സിലായ വിദേശ ഭാഷകളിൽ, ശിഷ്യൻമാർ സംസാരിക്കുന്നതു കേട്ടപ്പോൾ വിസ്മയിച്ചുപോയി. ഈ അത്ഭുതം മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ടവനും ഇപ്പോൾ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നവനുമായ യേശു ദൈവാത്മാവിനെ പകർന്നതിന്റെ തെളിവാണെന്ന് അപ്പൊസ്തലനായ പത്രോസ് വിശദീകരിച്ചു. പത്രോസ് തന്റെ ശ്രോതാക്കളെ പ്രോൽസാഹിപ്പിച്ചു: “നിങ്ങൾ സ്തംഭത്തിലേററിയ ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കിയെന്ന് ഇസ്രയേൽഗൃഹമെല്ലാം തീർച്ചയായും അറിയട്ടെ.” അനന്തരം അവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് പര്യവസാനിപ്പിച്ചു: “അനുതപിക്കുക, നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനുവേണ്ടി നിങ്ങളിൽ ഓരോരുത്തനും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം കഴിപ്പിക്കപ്പെടുകയും ചെയ്യട്ടെ, എന്നാൽ നിങ്ങൾക്ക് പരിശുദ്ധാത്മാവെന്ന സൗജന്യദാനം ലഭിക്കും.” ഏതാണ്ട് 3,000 ദേഹികൾ ചെവികൊടുത്തു.—പ്രവൃത്തികൾ 2:36, 38, 41, NW.
7. ക്രി.വ. 33ലെ പെന്തെക്കോസ്തിൽ സ്നാപനമേററ 3000പേർ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാപനമേററതെങ്ങനെ?
7 ഇവർ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് (അംഗീകരിച്ചുകൊണ്ടാണ്) സ്നാപനംകഴിപ്പിക്കപ്പെട്ടതെന്ന് പറയാൻ കഴിയുമോ? ഉവ്വ്, പിതാവിന്റെ നാമത്തിൽ സ്നാപനമേൽക്കാൻ പത്രോസ് അവരോട് പറഞ്ഞില്ലെങ്കിലും അവർ അവനു സമർപ്പിക്കപ്പെട്ടിരുന്ന ഒരു ജനതയിലെ അംഗങ്ങളായ സ്വാഭാവിക ഇസ്രയേൽ ആയിരുന്നതുകൊണ്ട് അവർ അപ്പോൾത്തന്നെ യഹോവയെ പരമാധികാര കർത്താവായി അംഗീകരിച്ചിരുന്നു. ‘പുത്രന്റെ നാമത്തിൽ’ സ്നാപനമേൽക്കാൻ പത്രോസ് അവരോടു പറയുകതന്നെ ചെയ്തു. അതുകൊണ്ട് അവരുടെ സ്നാപനം യേശുവിനെ കർത്താവും ക്രിസ്തുവുമായി അവർ അംഗീകരിക്കുന്നതിനെ അർത്ഥമാക്കി. അവർ ഇപ്പോൾ അവന്റെ ശിഷ്യരായിരുന്നു, അന്നു മുതൽ പാപങ്ങളുടെ മോചനം അവനിലൂടെയാണെന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ, സ്നാപനം പരിശുദ്ധാത്മാവിനെ അംഗീകരിച്ചുകൊണ്ടായിരുന്നു, അവർക്ക് ഒരു സൗജന്യദാനമായി ആത്മാവ് ലഭിക്കുമെന്നുള്ള വാഗ്ദത്തത്തോടുള്ള പ്രതികരണമായിട്ടാണ് അതിന് വിധേയമായത്.
8. (എ) ജലസ്നാപനത്തിനു പുറമേ, വേറെ ഏതു സ്നാപനം അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ലഭിച്ചിരിക്കുന്നു? (ബി) 144000ത്തിനു പുറമേ വേറെ ആർക്കും പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള സ്നാപനം ലഭിക്കുന്നു?
8 ക്രി.വ. 33ലെ പെന്തെക്കോസ്ത് ദിവസം വെള്ളത്തിൽ സ്നാപനമേററവർ സ്വർഗ്ഗീയ രാജ്യത്തിലെ ഭാവിരാജാക്കൻമാരും പുരോഹിതൻമാരുമായി അഭിഷേകം ചെയ്യപ്പെട്ടതുകൊണ്ട് അവർ ആത്മാവിലും സ്നാപനം കഴിപ്പിക്കപ്പെട്ടു. വെളിപാടുപുസ്തകമനുസരിച്ച് അവർ 1,44,000 പേർ മാത്രമാണ്. അതുകൊണ്ട് പരിശുദ്ധാത്മാവിൽ സ്നാപനംകഴിപ്പിക്കപ്പെടുന്നവരും ഒടുവിൽ രാജ്യാവകാശികളായി ‘മുദ്രയിടപ്പെടുന്ന’വരുമായവരുടെ എണ്ണം 1,44,000 മാത്രമാണ്. (വെളിപാട് 7:4; 14:1) എന്നിരുന്നാലും, സകല പുതിയ ശിഷ്യരും—അവരുടെ പ്രത്യാശ എന്തുതന്നെയായിരുന്നാലും—പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ വെള്ളത്തിൽ സ്നാപനം കഴിപ്പിക്കപ്പെടുന്നു. (മത്തായി 28:19, 20) അപ്പോൾ “ചെറിയ ആട്ടിൻകൂട്ട”ത്തിൽ പെട്ടവർക്കായാലും “വേറെ ആടുകളിൽ” പെട്ടവർക്കായാലും പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള സ്നാപനം സകല ക്രിസ്ത്യാനികൾക്കും എന്തർത്ഥമാക്കുന്നു? (ലൂക്കോസ് 12:32; യോഹന്നാൻ 10:16) അതിന് ഉത്തരം പറയുന്നതിനു മുമ്പ്, പരിശുദ്ധാത്മാവിന്റെ ക്രിസ്തീയ യുഗത്തിലെ ചില പ്രവർത്തനങ്ങൾ നമുക്ക് ശ്രദ്ധിക്കാം.
ആത്മാവിന്റെ ഫലങ്ങൾ
9. പരിശുദ്ധാത്മാവിന്റെ ഏതു പ്രവർത്തനം സകല ക്രിസ്ത്യാനികൾക്കും പ്രധാനമാണ്?
9 പരിശുദ്ധാത്മാവിന്റെ ഒരു പ്രധാനപ്പെട്ട പ്രവർത്തനം ക്രിസ്തീയ വ്യക്തിത്വം വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്നതാണ്. അപൂർണ്ണത നിമിത്തം പാപംചെയ്യുന്നതിനെ നമുക്ക് ഒഴിവാക്കാൻ കഴികയില്ലെന്നുള്ളത് സത്യംതന്നെ. (റോമർ 7:21-23) എന്നാൽ നാം ആത്മാർത്ഥമായി അനുതപിക്കുമ്പോൾ യഹോവ ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നമ്മോടു ക്ഷമിക്കുന്നു. (മത്തായി 12:31, 32; റോമർ 7:24, 25; 1 യോഹന്നാൻ 2:1, 2) മാത്രവുമല്ല, നാം പാപംചെയ്യാനുള്ള നമ്മുടെ പ്രവണതക്കെതിരെ പോരാടാൻ യഹോവ പ്രതീക്ഷിക്കുന്നു, ഇതു ചെയ്യാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. “ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല” എന്ന് പൗലോസ് പറഞ്ഞു. (ഗലാത്യർ 5:16) ആത്മാവിന് നമ്മിൽ അതിവിശിഷ്ട ഗുണങ്ങൾ ഉളവാക്കാൻ കഴിയുമെന്ന് അവൻ എഴുതി: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം.”—ഗലാത്യർ 5:22, 23.
10. ഒരു ക്രിസ്ത്യാനിയിൽ ആത്മാവിന്റെ ഫലം വളർത്തപ്പെടുന്നതെങ്ങനെ?
10 ആത്മാവ് എങ്ങനെയാണ് ഒരു ക്രിസ്ത്യാനിയിൽ അങ്ങനെയുള്ള ഫലങ്ങൾ സാദ്ധ്യമാക്കുന്നത്? നാം സമർപ്പിതരും സ്നാപനമേററവരുമായ ക്രിസ്ത്യാനികളായതുകൊണ്ടുമാത്രം അത് സ്വയംപ്രവർത്തകമായി സംഭവിക്കുന്നില്ല. നാം അതിനുവേണ്ടി പ്രവർത്തിക്കണം. എന്നാൽ നാം ഈ ഗുണങ്ങൾ പ്രകടമാക്കുന്ന മററു ക്രിസ്ത്യാനികളുമായി സഹവസിക്കുന്നുവെങ്കിൽ, പ്രത്യേക ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കാൻ ദൈവത്തിന്റെ ആത്മാവിനുവേണ്ടി നാം ദൈവത്തോടു പ്രാർത്ഥിക്കുന്നുവെങ്കിൽ, നാം ചീത്ത സഹവാസങ്ങൾ ഒഴിവാക്കുകയും ബുദ്ധിയുപദേശത്തിനും നല്ല മാതൃകകൾക്കും വേണ്ടി ബൈബിൾ പഠിക്കുകയും ചെയ്യുന്നുവെങ്കിൽ, അപ്പോൾ നമ്മിൽ ആത്മാവിന്റെ ഫലങ്ങൾ വളരും.—സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33; ഗലാത്യർ 5:24-26; എബ്രായർ 10:24, 25.
പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നു
11. ഏതു വിധത്തിൽ മൂപ്പൻമാർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നു?
11 പൗലോസ് എഫേസൂസിലെ മൂപ്പൻമാരെ അഭിസംബോധന ചെയ്തപ്പോൾ പരിശുദ്ധാത്മാവിന്റെ മറെറാരു പ്രവർത്തനത്തെ അവതരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കുതന്നെയും ദൈവം തന്റെ സ്വന്തം പുത്രന്റെ രക്തത്താൽ വിലക്കുവാങ്ങിയ തന്റെ സഭയെ മേയിക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ ആരുടെയിടയിൽ മേൽവിചാരകൻമാരായി നിയമിച്ചുവോ ആ മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധകൊടുക്കുക.” (പ്രവൃത്തികൾ 20:28, NW) അതെ, സഭാമേൽവിചാരകൻമാർ അഥവാ മൂപ്പൻമാർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നു. ഏതു വിധത്തിൽ? നിയമിത മൂപ്പൻമാർ നിശ്വസ്തബൈബിളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരുന്നതുനിമിത്തം. (1 തിമൊഥെയോസ് 3:1-13; തീത്തോസ് 1:5-9) പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ അവർക്ക് ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ കഴികയുള്ളു. കൂടാതെ, ഒരു പുതിയ മൂപ്പനെ ശുപാർശചെയ്യുന്ന മൂപ്പൻമാരുടെ സംഘം അയാൾ യോഗ്യതകളിലെത്തിച്ചേരുന്നുണ്ടോ ഇല്ലയോ എന്ന് വിവേചിക്കുന്നതിന് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ആത്മാഭിഷിക്തരായ വിശ്വസ്തനും വിവേകിയുമായ അടിമയുടെ മേൽനോട്ടത്തിൻകീഴിൽ യഥാർത്ഥ നിയമനം നടത്തപ്പെടുകയും ചെയ്യുന്നു.
ആത്മാവിനാൽ നയിക്കപ്പെടുക
12. ആത്മാവിന് ബൈബിളിലൂടെ നമ്മെ എങ്ങനെ സ്വാധീനിക്കാൻ കഴിയും?
12 വിശുദ്ധതിരുവെഴുത്തുകൾ എഴുതപ്പെട്ടത് പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിലാണെന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. അതുകൊണ്ട് അവർ യഹോവയുടെ ക്രിസ്തീയ-പൂർവ സാക്ഷികൾ ചെയ്തതുപോലെ ആത്മനിശ്വസ്ത ജ്ഞാനത്തിനുവേണ്ടി അവയിലേക്ക് ആഴത്തിലിറങ്ങുന്നു. (സദൃശവാക്യങ്ങൾ 2:1-9) അവർ അവ വായിക്കുകയും അവയെക്കുറിച്ച് ധ്യാനിക്കുകയും തങ്ങളുടെ ജീവിതത്തെ വഴികാട്ടാൻ അവയെ അനുവദിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 1:1-3; 2 തിമൊഥെയോസ് 3:16) അങ്ങനെ അവർ ദൈവത്തിന്റെ ‘ആഴമേറിയ കാര്യങ്ങൾ ആരായുന്നതിന്’ ആത്മാവിനാൽ സഹായിക്കപ്പെടുന്നു. (1 കൊരിന്ത്യർ 2:10, 13; 3:19) ദൈവദാസൻമാരെ ഈ വിധത്തിൽ നയിക്കുന്നത് നമ്മുടെ കാലത്തെ ദൈവാത്മാവിന്റെ ഒരു പ്രധാന പ്രവർത്തനമാണ്.
13, 14. സഭയിലെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിന് യേശു എന്തിനെ ഉപയോഗിച്ചു, അവൻ അതുതന്നെ ഇന്ന് എങ്ങനെ ചെയ്യുന്നു?
13 കൂടാതെ, വെളിപാടു പുസ്തകത്തിൽ, പുനരുത്ഥാനം പ്രാപിച്ച യേശു ഏഷ്യാമൈനറിലെ ഏഴു സഭകൾക്ക് സന്ദേശങ്ങൾ അയച്ചു. (വെളിപാട് 2ഉം 3ഉം അദ്ധ്യായങ്ങൾ) താൻ സഭകളെ പരിശോധിച്ചിരിക്കുന്നുവെന്നും അവയുടെ ആത്മീയാവസ്ഥ മനസ്സിലാക്കിയിരിക്കുന്നുവെന്നും അവയിൽ അവൻ വെളിപ്പെടുത്തി. ചിലത് വിശ്വാസത്തിന്റെ വിശിഷ്ടമായ മാതൃക വെക്കുന്നുണ്ടെന്ന് അവൻ കണ്ടെത്തി. മററു ചിലതിൽ, മൂപ്പൻമാർ കക്ഷിവാദവും ദുർമ്മാർഗ്ഗവും ശീതോഷ്ണാവസ്ഥയും ആട്ടിൻകൂട്ടത്തെ ദുഷിപ്പിക്കാൻ അനുവദിച്ചിരുന്നു. സർദ്ദീസിലെ സഭ ചുരുക്കം ചില വിശ്വസ്തദേഹികൾ ഒഴിച്ച് ആത്മീയമായി മൃതമായിരുന്നു. (വെളിപാട് 3:1, 4) യേശു ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കൈകാര്യംചെയ്തത്? പരിശുദ്ധാത്മാവു മുഖാന്തരം. ഏഴു സഭകൾക്കും ബുദ്ധിയുപദേശം കൊടുക്കുമ്പോൾ, യേശുവിന്റെ സന്ദേശം “ആത്മാവ് സഭകളോടു പറയുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ” എന്ന വാചകത്തോടെയാണ് ഓരോ സന്ദർഭത്തിലും ഉപസംഹരിച്ചത്.—വെളിപാട് 2:7, 11, 17, 29; 3:6, 13, 22.
14 ഇന്നും യേശു സഭകളെ പരിശോധിക്കുന്നുണ്ട്. അവൻ പ്രശ്നങ്ങൾ ഉള്ളതായി മനസ്സിലാക്കുമ്പോൾ പരിശുദ്ധാത്മാവു മുഖേന അവ കൈകാര്യംചെയ്യുന്നു. നാം ബൈബിൾ വായിക്കുന്നതിലൂടെ പ്രശ്നങ്ങളെ നേരിട്ടു തിരിച്ചറിയാനും തരണംചെയ്യാനും ആത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ആത്മാഭിഷിക്തരായ വിശ്വസ്തനും വിവേകിയുമായ അടിമ പ്രസിദ്ധപ്പെടുത്തുന്ന ബൈബിൾസാഹിത്യത്തിലൂടെ സഹായം വരാൻ കഴിയും. അല്ലെങ്കിൽ സഭയിലെ ആത്മാവിനാൽ നിയമിക്കപ്പെട്ട മൂപ്പൻമാരിലൂടെ അതിനു വരാൻ കഴിയും. സംഗതി എങ്ങനെയായാലും, ബുദ്ധിയുപദേശം വ്യക്തികൾക്കായാലും മൊത്തത്തിൽ സഭക്കായാലും, നാം യേശുവിന്റെ ഈ വാക്കുകൾ അനുസരിക്കുന്നുണ്ടോ: “ആത്മാവ് സഭകളോടു പറയുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ”?
ആത്മാവും പ്രസംഗവേലയും
15. പ്രസംഗവേല സംബന്ധിച്ച് ആത്മാവ് യേശുവിനുവേണ്ടി എങ്ങനെ പ്രവർത്തിച്ചു?
15 യേശു നസറേത്തിലെ ഒരു സിനഗോഗിൽ പ്രസംഗിച്ച ഒരു അവസരത്തിൽ അവൻ ആത്മാവിന്റെ മറെറാരു പ്രവർത്തനം പ്രകടമാക്കി. രേഖ നമ്മോട് ഇങ്ങനെ പറയുന്നു: “അവൻ ചുരുൾ തുറക്കുകയും ‘ദരിദ്രരോടു സുവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകംചെയ്തതുകൊണ്ട് അവന്റെ ആത്മാവ് എന്റെമേലുണ്ട്, ബന്ദികളോട് ഒരു വിടുതലും കുരുടരോട് കാഴ്ചയുടെ ഒരു വീണ്ടെടുക്കലും പ്രസംഗിക്കാനും ഞെരുക്കപ്പെട്ടവരെ ഒരു വിടുതലോടെ അയക്കാനും അവൻ എന്നെ അയച്ചു’ എന്ന് എഴുതപ്പെട്ടിരുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. അനന്തരം അവൻ അവരോട്: ‘നിങ്ങൾ ഇപ്പോൾ കേട്ടുകഴിഞ്ഞ ഈ തിരുവെഴുത്ത് നിവൃത്തിയായിരിക്കുന്നു’ എന്ന് പറഞ്ഞുതുടങ്ങി.” (ലൂക്കോസ് 4:17, 18, 21, NW; യെശയ്യാവ് 61:1, 2) അതെ, സുവാർത്ത പ്രസംഗിക്കാൻ യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടു.
16. ഒന്നാം നൂററാണ്ടിൽ, പരിശുദ്ധാത്മാവ് സുവാർത്താപ്രസംഗത്തിൽ വളരെയധികം ഉൾപ്പെട്ടിരുന്നതെങ്ങനെ?
16 തന്റെ മരണത്തിന് അല്പംമുമ്പ്, തന്റെ അനുഗാമികൾ പൂർത്തീകരിക്കേണ്ട ഒരു മഹത്തായ പ്രസംഗപ്രസ്ഥാനത്തെ യേശു മുൻകൂട്ടിപ്പറഞ്ഞു. “സകല ജനതകളിലും സുവാർത്ത പ്രസംഗിക്കപ്പെടണം” എന്ന് അവൻ പറഞ്ഞു. (മർക്കോസ് 13:10, NW) ഈ വാക്കുകൾക്ക് ഒന്നാം നൂററാണ്ടിൽ ഒരു പ്രാരംഭ നിവൃത്തി ഉണ്ടായി. പരിശുദ്ധാത്മാവ് വഹിച്ച പങ്ക് ശ്രദ്ധാർഹമായിരുന്നു. എത്യോപ്യൻ ഷണ്ഡനോടു പ്രസംഗിക്കാൻ ഫിലിപ്പോസിനെ നയിച്ചത് പരിശുദ്ധാത്മാവായിരുന്നു. പരിശുദ്ധാത്മാവ് പത്രോസിനെ കോർന്നേലിയോസിന്റെ അടുക്കലേക്കു നയിച്ചു, പൗലോസും ബർന്നബാസും അന്ത്യോക്യയിൽനിന്ന് അപ്പോസ്തലൻമാരായി അയക്കപ്പെടണമെന്ന് പരിശുദ്ധാത്മാവ് നിർദ്ദേശിച്ചു. പിന്നീട് ആസ്യയിലും ബിഥുന്യെയിലും പ്രസംഗിക്കാൻ പൗലോസ് ആഗ്രഹിച്ചപ്പോൾ പരിശുദ്ധാത്മാവ് ഏതോ വിധത്തിൽ അവനെ തടയുകയും സാക്ഷ്യവേല യൂറോപ്പിലേക്ക് നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു.—പ്രവൃത്തികൾ 8:29; 10:19; 13:2; 16:6, 7.
17. ഇന്ന് പരിശുദ്ധാത്മാവ് പ്രസംഗവേലയിൽ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
17 ഇന്ന് പരിശുദ്ധാത്മാവ് വീണ്ടും പ്രസംഗവേലയിൽ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. യെശയ്യാവ് 61:1, 2ന്റെ കൂടുതലായ ഒരു നിവൃത്തിയിൽ യഹോവയുടെ ആത്മാവ് യേശുവിന്റെ സഹോദരൻമാരെ പ്രസംഗിക്കുന്നതിന് അഭിഷേകംചെയ്തിരിക്കുന്നു. മർക്കോസ് 13:10ന്റെ അന്തിമനിവൃത്തിയിൽ ഈ അഭിഷിക്തർ മഹാപുരുഷാരത്തിന്റെ സഹായത്തോടെ അക്ഷരീയമായി “സകല ജനതകളിലും” സുവാർത്ത പ്രസംഗിച്ചിരിക്കുന്നു. (വെളിപാട് 7:9) ആത്മാവ് അവരെയെല്ലാം ഇതിൽ പിന്താങ്ങുന്നു. ഒന്നാം നൂററാണ്ടിലേതുപോലെ, അത് പ്രദേശങ്ങൾ തുറക്കുകയും വേലയുടെ പൊതു പുരോഗതിയെ നയിക്കുകയും ചെയ്യുന്നു. അത് അധൈര്യത്തെ തരണംചെയ്യുന്നതിനും പ്രസംഗവൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനും വ്യക്തികളെ സഹായിച്ചുകൊണ്ട് അവരെ ശക്തീകരിക്കുന്നു. തന്നെയുമല്ല, യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കൻമാർക്കും മുമ്പിൽ കൊണ്ടുപോകുകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യമായിരിക്കും. എന്നാൽ നിങ്ങളെ ഏൽപ്പിക്കുമ്പോൾ എങ്ങിനെയോ എന്തോ പറയേണ്ടു എന്ന് വിചാരപ്പെടേണ്ട . . . പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.”—മത്തായി 10:18-20.
18, 19. “ജീവജലം സൗജന്യമായി വാങ്ങാൻ” സൗമ്യഹൃദയരെ ക്ഷണിക്കുന്നതിൽ ആത്മാവ് ഏതു വിധത്തിൽ മണവാട്ടിയോടു ചേരുന്നു?
18 വെളിപാടുപുസ്തകത്തിൽ, ബൈബിൾ വീണ്ടും പ്രസംഗവേലയിലെ പരിശുദ്ധാത്മാവിന്റെ ഉൾപ്പെടലിനെ ഊന്നിപ്പറയുന്നു. അവിടെ അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ. ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളിപാട് 22:17) 1,44,000ത്തിന്റെ ഇപ്പോഴും ഭൂമിയിലുള്ള ശേഷിപ്പിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന മണവാട്ടി ജീവജലം സൗജന്യമായി വാങ്ങാൻ എല്ലാവരെയും ക്ഷണിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവും “വരിക!” എന്നു പറയുന്നു. ഏതു വിധത്തിൽ?
19 ഇന്ന് വേറെ ആടുകളുടെ മഹാപുരുഷാരത്താൽ സഹായിക്കപ്പെട്ട് മണവാട്ടിവർഗ്ഗം പ്രസംഗിക്കുന്ന സന്ദേശം പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള സ്വാധീനത്തിൽ എഴുതപ്പെട്ട ബൈബിളിൽനിന്ന് വരുന്നതിനാൽ. അതേ ആത്മാവ് നിശ്വസ്തവചനം ഗ്രഹിക്കുന്നതിനും മററുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുന്നതിനും മണവാട്ടിവർഗ്ഗത്തിന്റെ ഹൃദയങ്ങളും മനസ്സുകളും തുറന്നിരിക്കുന്നു. യേശുക്രിസ്തുവിന്റെ പുതിയ ശിഷ്യരായി സ്നാപനമേൽക്കുന്നവർ ജീവജലം സൗജന്യമായി സ്വീകരിക്കുന്നതിൽ പ്രമോദിക്കുന്നു. ഇനിയും മററുള്ളവരോടും “വരിക!” എന്ന് പറയുന്നതിൽ ആത്മാവിനോടും മണവാട്ടിയോടും സഹകരിക്കുന്നതിൽ അവർ പുളകിതരാകുന്നു. ഇന്ന് നാല്പതു ലക്ഷത്തിലധികംപേർ ഈ വേലയിൽ ആത്മാവിനോടുകൂടെ പങ്കെടുക്കുന്നു.
നമ്മുടെ സ്നാപനത്തിനനുസൃതമായി ജീവിക്കൽ
20, 21. നമുക്ക് പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള നമ്മുടെ സ്നാപനത്തിനനുസരിച്ച് എങ്ങനെ ജീവിക്കാൻ കഴിയും, നാം ഈ സ്നാപനത്തെ എങ്ങനെ വീക്ഷിക്കണം?
20 പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള സ്നാപനം നാം പരിശുദ്ധാത്മാവിനെ തിരിച്ചറിയുന്നുവെന്നും യഹോവയുടെ ഉദ്ദേശ്യങ്ങളിൽ അതു വഹിക്കുന്ന പങ്കിനെ അംഗീകരിക്കുന്നുവെന്നുമുള്ളതിന്റെ ഒരു പരസ്യപ്രഖ്യാപനമാണ്. നാം പരിശുദ്ധാത്മാവിനോടു സഹകരിക്കുമെന്നും യഹോവയുടെ ജനത്തിന്റെ ഇടയിലെ അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ യാതൊന്നും ചെയ്യുകയില്ലെന്നും അത് അർത്ഥമാക്കുന്നു. അങ്ങനെ, നാം വിശ്വസ്തനും വിവേകിയുമായ അടിമയെ അംഗീകരിക്കുകയും അതുമായി സഹകരിക്കുകയും ചെയ്യുന്നു. സഭയിലെ മൂപ്പൻക്രമീകരണത്തോടു നാം സഹകരിക്കുന്നു. (എബ്രായർ 13:7, 17; 1 പത്രോസ് 5:1-4) നാം ജഡികമല്ല, ആത്മീയ ജ്ഞാനമനുസരിച്ച് ജീവിക്കുന്നു, നമ്മുടെ വ്യക്തിത്വത്തെ കൂടുതൽ ക്രിസ്തുസമാനമാക്കിക്കൊണ്ട് അതിനെ കരുപ്പിടിപ്പിക്കാൻ നാം ആത്മാവിനെ അനുവദിക്കുന്നു. (റോമർ 13:14) ഇനിയും ചെവികൊടുത്തേക്കാവുന്ന ദശലക്ഷങ്ങളോട് “വരിക!” എന്ന് പറയുന്നതിൽ നാം മുഴുഹൃദയത്തോടെ ആത്മാവിനോടും മണവാട്ടിയോടും ചേരുന്നു.
21 ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നത് എന്തു ഗൗരവമുള്ള ഒരു സംഗതിയാണ്! അതേസമയം, എന്തനുഗ്രഹങ്ങൾ കൈവരാവുന്നതാണ്! അങ്ങനെ സ്നാപനമേൽക്കുന്നവരുടെ എണ്ണം തുടർന്ന് വർദ്ധിക്കട്ടെ. നാം യഹോവക്കുവേണ്ടി അടിമവേല ചെയ്യുകയും “ആത്മാവിനാൽ ജ്വലിക്കു”കയും ചെയ്യുന്നതിൽ തുടരവേ, ആ സ്നാപനത്തിന്റെ അർത്ഥത്തിനനുസരിച്ച് ജീവിക്കുന്നതിൽ നമുക്കെല്ലാം തുടരാം.—റോമർ 12:11, NW. (w92 2⁄1)
പരിശുദ്ധാത്മാവിനെക്കുറിച്ച് നിങ്ങൾ എന്ത് ഓർമ്മിക്കുന്നു?
◻ ക്രി.വ. 33ലെ പെന്തെക്കോസ്തിൽ ഏതു വിധങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തനനിരതമായിരുന്നു?
◻ നമുക്ക് എങ്ങനെ ആത്മാവിന്റെ ഫലങ്ങൾ ഉളവാക്കാൻ കഴിയും?
◻ മൂപ്പൻമാർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നതെങ്ങനെ?
◻ യേശു സഭയിലെ പ്രശ്നങ്ങളെ പരിശുദ്ധാത്മാവ് മുഖാന്തരം കൈകാര്യംചെയ്യുന്നതെങ്ങനെ?
◻ ആത്മാവ് പ്രസംഗവേലയിൽ വളരെയധികം ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
[15-ാം പേജിലെ ചിത്രം]
പത്രോസ് പ്രസംഗിച്ച സ്നാപനവും പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലായിരുന്നു
[17-ാം പേജിലെ ചിത്രം]
ആത്മാവ് സുവാർത്താപ്രസംഗത്തിൽ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു