കേൾക്കുന്നവർ മാത്രമായിരിക്കാതെ, വചനം ചെയ്യുന്നവരായിരിക്കുക
“എന്നോട് ‘കർത്താവേ, കർത്താവേ’ എന്ന് പറയുന്ന ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.”—മത്തായി 7:21.
1. യേശുവിന്റെ അനുഗാമികൾ എന്തു ചെയ്തുകൊണ്ടിരിക്കണം?
ചോദിച്ചുകൊണ്ടിരിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. മുട്ടിക്കൊണ്ടിരിക്കുക. പ്രാർത്ഥനയിലും പഠനത്തിലും ഗിരിപ്രഭാഷണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വചനങ്ങൾ ചെയ്യുന്നതിലും ഉററിരിക്കുക. തന്റെ അനുഗാമികൾ ഭൂമിയുടെ ഉപ്പാകുന്നുവെന്ന് യേശു പറയുന്നു, ഉപ്പിനാൽ രുചിവരുത്തിയ സംരക്ഷണാത്മകമായ ഒരു സന്ദേശത്തോടുകൂടിയ അവർ അതിന്റെ രുചിയോ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ശേഷിയോ നഷ്ടപ്പെടുത്തി വീര്യമില്ലാത്തവരായിത്തീരാൻ അനുവദിക്കരുതായിരുന്നു. അവർ ലോകത്തിന്റെ വെളിച്ചമാകുന്നു, അവർ പറയുന്നതിനാൽ മാത്രമല്ല അവർ ചെയ്യുന്ന കാര്യങ്ങളാലും യേശുക്രിസ്തുവിൽനിന്നും യഹോവയാം ദൈവത്തിൽനിന്നുമുള്ള വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ടുതന്നെ. അവരുടെ പ്രബുദ്ധമായ വചനങ്ങളെപ്പോലെതന്നെ അവരുടെ സൽപ്രവൃത്തികളും ശോഭിക്കുന്നു—അധികം സംസാരിക്കുകയും അൽപ്പം പ്രവർത്തിക്കുകയുംചെയ്യുന്ന മത-രാഷ്ട്രീയ നേതാക്കളുടെ പരീശ കപടഭക്തി പരിചയപ്പെട്ടിരിക്കുന്ന ഒരു ലോകത്തിൽ അവ കൂടുതൽ ഉച്ചത്തിൽ സംസാരിച്ചേക്കാം.—മത്തായി5:13-16.
2. യാക്കോബ് എന്ത് പ്രബോധനം നൽകുന്നു, എന്നാൽ ചിലർ തെററായി ഏത് ആശ്വാസകരമായ നിലപാട് സ്വീകരിക്കുന്നു?
2 യാക്കോബ് പ്രബോധിപ്പിക്കുന്നു: “വ്യാജ ന്യായവാദത്താൽ നിങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് കേൾക്കുന്നവർ മാത്രമായിരിക്കാതെ വചനം ചെയ്യുന്നവരായിത്തീരുക.” (യാക്കോബ് 1:22) ‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു’ എന്ന ഉപദേശത്താൽ അനേകർ തങ്ങളേത്തന്നെ വഞ്ചിക്കുന്നു, തങ്ങൾക്ക് സ്വർഗ്ഗീയ പ്രതിഫലം എന്നു കരുതുന്ന ഒന്നിനുവേണ്ടി കാത്തിരിക്കുകയും ഇപ്പോൾ വിശ്രമിക്കുകയും ചെയ്യാമെന്നപോലെതന്നെ. അത് ഒരു വ്യാജ ഉപദേശവും ശൂന്യപ്രത്യാശയുമാണ്. യേശു പറഞ്ഞു: “അവസാനംവരെ സഹിച്ചുനിൽക്കുന്നവനാണ് രക്ഷിക്കപ്പെടുന്നത്.” (മത്തായി 24:13) നിത്യജീവൻ സമ്പാദിക്കുന്നതിന് നിങ്ങൾ “മരണംവരെ പോലും വിശ്വസ്തരെന്ന് നിങ്ങളെത്തന്നെ തെളിയി”ക്കണം.—വെളിപ്പാട് 2:10; എബ്രായർ 6:4-6;10:26, 27.
3. യേശു അടുത്തതായി ഗിരിപ്രഭാഷണത്തിൽ വിധിക്കൽ സംബന്ധിച്ച് എന്തു പ്രബോധനം നൽകുന്നു?
3 യേശു തന്റെ ഗിരിപ്രഭാഷണം തുടരവേ ക്രിസ്ത്യാനികൾ പിൻപററാൻ കഠിനശ്രമം ചെയ്യേണ്ട കൂടുതൽ വചനങ്ങൾ നൽകപ്പെട്ടു. ലളിതമെന്നു തോന്നിക്കുന്ന ഒന്ന് ഇവിടെ നൽകുന്നു, എന്നാൽ ഒഴിവാക്കാൻ അത്യന്തം പ്രയാസകരമായ പ്രവണതകളിൽ ഒന്നിനെ അതു കുററം വിധിക്കുന്നു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കൽ നിർത്തുക; എന്തെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽ അവർ നിങ്ങൾക്കും അളന്നുതരും; അപ്പോൾ നീ നിന്റെ സഹോദരന്റെ കണ്ണിലെ വൈക്കോൽ നോക്കുകയും നിന്റെ സ്വന്തം കണ്ണിലെ കഴുക്കോൽ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അല്ലെങ്കിൽ, നോക്കൂ! നിന്റെ സ്വന്തം കണ്ണിൽ ഒരു കഴുക്കോൽ ഇരിക്കുമ്പോൾ നിന്റെ സഹോദരനോട് ‘നിന്റെ കണ്ണിൽനിന്ന് വൈക്കോൽ എടുക്കാൻ എന്നെ അനുവദിക്കുക’ എന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും? കപടഭക്തിക്കാരാ! ആദ്യമായി നിന്റെ സ്വന്തം കണ്ണിൽനിന്ന് കഴുക്കോൽ എടുത്തുമാററുക, അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിൽനിന്ന് വൈക്കോൽ എടുക്കാൻ നീ വ്യക്തമായി കാണും.”—മത്തായി 7:1-5.
4. ലൂക്കോസിന്റെ വിവരണം കൂടുതലായ ഏത് പ്രബോധനം നൽകുന്നു, അതിന്റെ ബാധകമാക്കൽ എന്തിൽ കലാശിക്കുന്നു?
4 ഗിരിപ്രഭാഷണം സംബന്ധിച്ച ലൂക്കോസിന്റെ വിവരണത്തിൽ മററുള്ളവരിൽ കുററം കണ്ടുപിടിക്കാതിരിക്കാൻ യേശു തന്റെ ശ്രോതാക്കളോടു പറഞ്ഞു. പകരം, അവർ “മോചിച്ചുകൊണ്ടിരിക്കട്ടെ,” അതായത് അവരുടെ സഹമമനുഷ്യന്റെ വീഴ്ചകൾ ക്ഷമിച്ചുകൊണ്ടിരിക്കട്ടെ. യേശു പറഞ്ഞതുപോലെ മററുള്ളവർ ദയയോടെ പ്രതികരിക്കാൻ ഇത് ഇടയാക്കും: “കൊടുക്കൽ ശീലിക്കുക, ആളുകൾ നിങ്ങൾക്കും നൽകും. അമർത്തിക്കുലുക്കി നിറഞ്ഞുകവിയുന്ന ഒരളവ് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും. നിങ്ങൾ അളക്കുന്ന അളവിനാൽ അവർ നിങ്ങൾക്കും തിരിച്ച് അളന്നുതരും.”—ലൂക്കോസ് 6:37, 38.
5. നമ്മളിലുള്ളതിനെക്കാൾ മററുള്ളവരിലെ കുററങ്ങൾ കാണുന്നത് വളരെ എളുപ്പമായിരിക്കുന്നതെന്തുകൊണ്ട്?
5 ക്രി.വ. ഒന്നാം നൂററാണ്ടിൽ അലിഖിത പാരമ്പര്യങ്ങൾ നിമിത്തം പരീശൻമാർ മൊത്തത്തിൽ മററുള്ളവരെ രൂക്ഷമായി വിമർശിക്കാൻ ചായ്വ് കാണിച്ചു. അങ്ങനെ ചെയ്യുന്ന സ്വാഭാവമുണ്ടായിരുന്ന യേശുവിന്റെ ശ്രോതാക്കളിൽ ഏതൊരാളും അത് അവസാനിപ്പിക്കണമായിരുന്നു. നമ്മുടെ സ്വന്തം കണ്ണിലെ കഴുക്കോലിനെക്കാൾ മററുള്ളവരുടെ കണ്ണിലെ വൈക്കോൽ കാണുക കൂടുതൽ എളുപ്പമാണ്—നമ്മുടെ ഞാനെന്ന ഭാവത്തെ കൂടുതൽ ഉറപ്പാക്കുന്നതുതന്നെ! ഒരു മനുഷ്യൻ പറഞ്ഞു: “മററുള്ളവരെ വിമർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അത് ഞാൻ വളരെ നല്ലവനാണെന്ന് തോന്നിക്കുന്നു!” പതിവായി മററുള്ളവരെ കുററപ്പെടുത്തുന്നത്, നാം ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം കുററങ്ങൾ നികത്തുന്നതായി തോന്നിക്കുന്ന ധർമ്മബോധം നമുക്ക് നൽകിയേക്കാം. എന്നാൽ തിരുത്തൽ ആവശ്യമാണെങ്കിൽ അത് സൗമ്യതയുടെ ആത്മാവിൽ നൽകപ്പെടണം. തിരുത്തൽ നൽകുന്നയാൾ തന്റെ സ്വന്തം വീഴ്ചകൾ സംബന്ധിച്ച് എപ്പോഴും ബോധമുള്ളവനായിരിക്കണം.—ഗലാത്യർ 6:1.
വിധിക്കുന്നതിനു മുമ്പ് മനസ്സിലാക്കാൻ ശ്രമിക്കുക
6. ആവശ്യമായി വരുമ്പോൾ എന്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിധികൾ നടത്തപ്പെടണം, അമിതവിമർശകരാകാതിരിക്കുന്നതിന് നാം ഏതു സഹായം തേടണം?
6 ലോകത്തെ വിധിക്കാനല്ല അതിനെ രക്ഷിക്കാനത്രെ യേശു വന്നത്. അവൻ നടത്തിയ വിധികൾ അവന്റേതല്ലായിരുന്നു, പിന്നെയോ ദൈവം അവന് സംസാരിക്കാൻ നൽകിയ വചനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. (യോഹന്നാൻ 12:47-50) നാം നടത്തുന്ന ഏതു വിധികളും യഹോവയുടെ വചനത്തിന് ചേർച്ചയിലായിരിക്കണം. നാം വിധിപ്രിയരായിരിക്കുന്ന മനുഷ്യപ്രവണതയെ അടിച്ചമർത്തേണ്ടതുണ്ട്. ഇതു ചെയ്യുന്നതിൽ യഹോവയുടെ സഹായത്തിനായി നാം സ്ഥിരമായി പ്രാർത്ഥിക്കണം: “ചോദിച്ചുകൊണ്ടിരിക്കുക, അതു നിങ്ങൾക്ക് നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, അതു നിങ്ങൾക്ക് തുറക്കപ്പെടും. എന്തെന്നാൽ ചോദിച്ചുകൊണ്ടിരിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഏവനും കണ്ടെത്തുന്നു, മുട്ടിക്കൊണ്ടിരിക്കുന്ന ഏവനും തുറക്കപ്പെടും.” (മത്തായി 7:7, 8) യേശുപോലും പറഞ്ഞു: “എനിക്ക് സ്വന്തമായി മുൻകൈ എടുത്ത് യാതൊന്നും ചെയ്യാൻ കഴിയുകയില്ല; ഞാൻ കേൾക്കുന്നതുപോലെതന്നെ ന്യായംവിധിക്കുന്നു; ഞാൻ നടത്തുന്ന ന്യായവിധി നീതിയുള്ളതാണ്, എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ സ്വന്ത ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമാണ് തേടുന്നത്.”—യോഹന്നാൻ 5:30.
7. സുവർണ്ണനിയമം ബാധകമാക്കുന്നതിൽ നമ്മെ സഹായിക്കുന്ന ഏതു സ്വഭാവം നാം നട്ടുവളർത്തണം?
7 ആളുകളെ വിധിക്കുന്ന ശീലമല്ല, പിന്നെയോ നമ്മേത്തന്നെ അവരുടെ സ്ഥാനത്ത് ആക്കിക്കൊണ്ട് അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ശീലം നാം നട്ടുവളർത്തണം—അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല—എന്നാൽ യേശു അടുത്തതായി പ്രസ്താവിച്ച സുവർണ്ണ നിയമം നാം അനുസരിക്കണമെങ്കിൽ ഒരു അവശ്യസംഗതിതന്നെ: “അതുകൊണ്ട് മനുഷ്യർ നിങ്ങൾക്ക് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ അവ്വണ്ണംതന്നെ അവർക്കും ചെയ്യണം; വാസ്തവത്തിൽ ഇതാണ് ന്യായപ്രമാണവും പ്രവാചകൻമാരും അർത്ഥമാക്കുന്നത്.” (മത്തായി 7:12) അതുകൊണ്ട് യേശുവിന്റെ അനുഗാമികൾ വേദകത്വമുള്ളവരായിരിക്കുകയും മററുള്ളവരുടെ മാനസികവും വൈകാരികവും ആത്മീയവുമായ അവസ്ഥ തിരിച്ചറിയുകയും വേണം. അവർ മററുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും അവരെ സഹായിക്കുന്നതിൽ വ്യക്തിപരമായ താത്പര്യമെടുക്കുകയും വേണം. (ഫിലിപ്പിയർ 2:2-4) വർഷങ്ങൾക്കുശേഷം പൗലോസ് എഴുതി: “‘നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം’ എന്ന ഒരു വചനത്തിൽ മുഴു ന്യായപ്രമാണവും നിവൃത്തിയേറുന്നു.”—ഗലാത്യർ 5:14.
8. യേശു ഏതു രണ്ടു വഴികളെക്കുറിച്ച് ചർച്ചചെയ്തു, ഭൂരിപക്ഷം ആളുകളും അവയിൽ ഒന്ന് തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
8 “ഇടുങ്ങിയ വാതിലിലൂടെ അകത്തുകടക്കുക” എന്ന് യേശു അടുത്തതായി പറഞ്ഞു, “എന്തുകൊണ്ടെന്നാൽ നാശത്തിലേക്ക് നയിക്കുന്ന പാത വീതിയുള്ളതും വിശാലവുമാകുന്നു, അതിലൂടെ പോകുന്നവർ അനേകരാണുതാനും; അതേസമയം ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതുമാകുന്നു, അതു കണ്ടെത്തുന്നവർ ചുരുക്കമത്രെ.” (മത്തായി 7:13, 14) അക്കാലത്ത് അനേകർ നാശത്തിലേക്കു നയിക്കുന്ന പാത തെരഞ്ഞെടുത്തു, അനേകർ ഇപ്പോഴും അതു ചെയ്യുന്നു. വീതിയുള്ള വഴി ഇഷ്ടംപോലെ ചിന്തിക്കാനും ഇഷ്ടംപോലെ ജീവിക്കാനും ആളുകളെ അനുവദിക്കുന്നു: ചട്ടങ്ങളില്ല, ചുമതലകളില്ല, വെറും അനായാസമായ ഒരു ജീവിതരീതി, എല്ലാം എളുപ്പം. ഇവരിൽ ആരും അവർക്കായുള്ള “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ തീവ്രയത്നം ചെയ്യു”ന്നില്ല!—ലൂക്കോസ് 13:24.
9. ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നതിന് എന്ത് ആവശ്യമായിരിക്കുന്നു, അതിൽ നടക്കുന്നവർക്ക് യേശു എന്ത് മുന്നറിയിപ്പുനൽകി?
9 എന്നാൽ നിത്യജീവനിലേക്കുള്ള വഴിയിലേക്കു തുറക്കുന്നത് ഇടുങ്ങിയ വാതിലാണ്. അത് ആത്മനിയന്ത്രണം ആവശ്യമാക്കിത്തീർക്കുന്ന ഒരു ഗതിയാണ്. അത് നിങ്ങളുടെ ആന്തരങ്ങളെ ചുഴിഞ്ഞു പരിശോധിക്കുന്നതും നിങ്ങളുടെ സമർപ്പണത്തിന്റെ വീര്യം പരിശോധിക്കുന്നതുമായ ശിക്ഷണം ആവശ്യമാക്കിത്തീർത്തേക്കാം. പീഡനങ്ങൾ വരുമ്പോൾ വഴി പരുക്കനാവുകയും സഹിഷ്ണുത ആവശ്യമായിത്തീരുകയുംചെയ്യുന്നു. ഈ വഴിയിൽ നടക്കുന്നവർക്ക് യേശു മുന്നറിയിപ്പുനൽകുന്നു: “ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ, അകമെ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.” (മത്തായി 7:15) ഈ വർണ്ണന പരീശൻമാർക്ക് പൂർണ്ണമായി യോജിച്ചു. (മത്തായി 23:27, 28) അവർ “മോശയുടെ ഇരിപ്പിടത്തിൽ തങ്ങളെത്തന്നെ ഇരുത്തിയിരുന്നു,” മനുഷ്യരുടെ പാരമ്പര്യങ്ങൾ പിൻപററവേ ദൈവത്തിനുവേണ്ടി സംസാരിക്കുന്നതായി അവകാശപ്പെട്ടുകൊണ്ടുതന്നെ.—മത്തായി 23:2.
പരീശൻമാർ “രാജ്യം അടച്ചുകളഞ്ഞ” വിധം
10. ഏതു പ്രത്യേക വിധത്തിൽ ‘മനുഷ്യരുടെ മുമ്പാകെ രാജ്യം അടച്ചുകളയാൻ’ ശാസ്ത്രിമാരും പരീശൻമാരും ശ്രമിച്ചു?
10 അതിലുപരി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ശ്രമിച്ചവരെ യഹൂദ പുരോഹിതവർഗ്ഗം തടയാൻ ശ്രമിച്ചു. “കപടഭക്തരായ ശാസ്ത്രിമാരും പരീശൻമാരുമായുള്ളോരേ, നിങ്ങൾക്ക് കഷ്ടം! എന്തെന്നാൽ നിങ്ങൾ മനുഷ്യരുടെ മുമ്പാകെ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാൻ പോകുന്നവരെ നിങ്ങൾ അനുവദിക്കുന്നുമില്ല.” (മത്തായി 23:13) പരീശൻമാരുടെ രീതി യേശു മുന്നറിയിപ്പുനൽകിയതുപോലെതന്നെയായിരുന്നു. അവർ “മനുഷ്യപുത്രൻ നിമിത്തം [അവന്റെ ശിഷ്യൻമാരുടെ] പേര് ദുഷിച്ചതെന്ന നിലയിൽ തിരസ്ക്കരിക്കു”മായിരുന്നു. (ലൂക്കോസ് 6:22) അന്ധനായി ജനിച്ച് ക്രിസ്തുവിനാൽ സൗഖ്യമാക്കപ്പെട്ട മനുഷ്യൻ യേശു മശിഹായാണെന്ന് വിശ്വസിച്ചതുകൊണ്ട് അവർ അവനെ സിനഗോഗിൽനിന്ന് പുറത്താക്കി. സിനഗോഗിൽനിന്നുള്ള ബഹിഷ്ക്കരണം ഭയപ്പെട്ടിരുന്നതുകൊണ്ട് അവന്റെ മാതാപിതാക്കൾ ഒരു ചോദ്യത്തിന് ഉത്തരം പറയുന്നില്ലായിരുന്നു. അതേ കാരണത്താൽ യേശുവിനെ മശിഹായായി വിശ്വസിച്ച മററുള്ളവർ പരസ്യമായി അതു സമ്മതിക്കാൻ വിസമ്മതിച്ചു.—യോഹന്നാൻ 9:22, 34; 12:42; 16:2.
11. ക്രൈസ്തവലോകത്തിലെ പുരോഹിതൻമാർ ഏത് തിരിച്ചറിയിക്കൽഫലങ്ങൾ ഉത്പാദിപ്പിക്കുന്നു?
11 “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും” എന്ന് യേശു പറഞ്ഞു. “ഏതു നല്ല വൃക്ഷവും നല്ല ഫലം ഉല്പാദിപ്പിക്കുന്നു, എന്നാൽ ഏതു ചീത്ത വൃക്ഷവും വിലകെട്ട ഫലം ഉത്പാദിപ്പിക്കുന്നു.” (മത്തായി 7:16-20) അതേ തത്വം ഇന്നും ബാധകമാകുന്നു. ക്രൈസ്തവലോകത്തിലെ പുരോഹിതൻമാരിൽ അനേകരും ഒരു സംഗതി പറയുന്നു, മറെറാരു സംഗതി ചെയ്യുന്നു. ബൈബിൾ പഠിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും അവർ ത്രിത്വവും തീനരകവും പോലുള്ള ദൈവദൂഷണങ്ങൾ പ്രചരിപ്പിക്കുന്നു. മററു ചിലർ മറുവിലയെ നിഷേധിക്കുന്നു, സൃഷ്ടിക്കു പകരം പരിണാമം പഠിപ്പിക്കുന്നു, കാതുകളെ രസിപ്പിക്കുന്ന ജനപ്രീതിയുള്ള മനഃശാസ്ത്രം പ്രസംഗിക്കുകയും ചെയ്യുന്നു. പരീശൻമാരെപ്പോലെ ഇന്നത്തെ പുരോഹിതൻമാരിൽ അനേകരും പണസ്നേഹികളാണ്, തങ്ങളുടെ ആടുകളുടെ ദശലക്ഷക്കണക്കിന് ഡോളർ കൊള്ളയടിക്കുന്നവർതന്നെ. (ലൂക്കോസ് 16:14) അവരെല്ലാവരും “കർത്താവേ, കർത്താവേ” എന്ന് അലറിവിളിക്കുന്നു, എന്നാൽ അവരോടുള്ള യേശുവിന്റെ പ്രതികരണം ഇതാണ്: “ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല! അധർമ്മംപ്രവർത്തിക്കുന്നവരേ, എന്നിൽനിന്ന് അകന്നുപോകുവിൻ.”—മത്തായി 7:21-23.
12. ഒരിക്കൽ ഇടുങ്ങിയ വഴിയിലൂടെ നടന്നിരുന്ന ചിലർ അത് നിറുത്തിയത് എന്തുകൊണ്ട്, എന്തു ഫലത്തോടെ?
12 ഇടുങ്ങിയ വഴിയിലൂടെ ഒരിക്കൽ സഞ്ചരിച്ചിരുന്ന ചിലർ ഇന്ന് അങ്ങനെ ചെയ്യുന്നത് നിർത്തിയിട്ടുണ്ട്. തങ്ങൾ യഹോവയെ സ്നേഹിക്കുന്നുവെന്ന് അവർ പറയുന്നു, എന്നാൽ പ്രസംഗിക്കാനുള്ള അവന്റെ കല്പന അനുസരിക്കുന്നില്ല. തങ്ങൾ യേശുവിനെ സ്നേഹിക്കുന്നുവെന്ന് അവർ പറയുന്നു, എന്നാൽ അവർ അവന്റെ ആടുകളെ പോററുന്നില്ല. (മത്തായി 24:14; 28:19, 20; യോഹന്നാൻ 21:15-17; 1 യോഹന്നാൻ 5:3) യേശുവിന്റെ കാലടികളിൽ നടക്കുന്നവരോടുകൂടെ അമിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. ഞെരുക്കമുള്ള വഴി വളരെയധികം ഞെരുങ്ങിയതായി അവർ കണ്ടെത്തുന്നു. നല്ല പ്രവൃത്തിയിൽ അവർ തളർന്നു, അതുകൊണ്ട് അവർ “നമ്മുടെ ഇടയിൽനിന്ന് പുറത്തുപോയി, എന്നാൽ അവർ നമ്മുടെ തരക്കാരല്ലായിരുന്നു. എന്തെന്നാൽ അവർ നമ്മുടെ തരക്കാരായിരുന്നെങ്കിൽ നമ്മോടുകൂടെ കഴിയുമായിരുന്നു.” (1 യോഹന്നാൻ 2:19) അവർ അന്ധകാരത്തിലേക്കു തിരിച്ചുപോയി, “ആ അന്ധകാരം എത്ര വലുതാണ്!” (മത്തായി 6:23) അവർ യോഹന്നാന്റെ അപേക്ഷ അവഗണിച്ചു: “കുഞ്ഞുമക്കളേ, നമുക്ക് വാക്കിനാലോ നാവിനാലോ അല്ല പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കാം.”—1 യോഹന്നാൻ 3:18.
13, 14. നമ്മുടെ ജീവിതത്തിൽ തന്റെ വചനങ്ങൾ ബാധകമാക്കുന്നതുസംബന്ധിച്ച് യേശു ഏത് ഉപമ നൽകി, പലസ്തീനിലുള്ളവർക്ക് അത് യോജിച്ചതായിരുന്നതെന്തുകൊണ്ട്?
13 യേശു നാടകീയമായ ഒരു ഉപമയോടെ അവന്റെ ഗിരിപ്രഭാഷണം ഉപസംഹരിച്ചു: “എന്റെ ഈ വചനങ്ങൾ കേട്ട് ചെയ്യുന്ന ഏവനും പാറക്കൂട്ടത്തിൻമേൽ തന്റെ ഭവനം നിർമ്മിച്ച വിവേകമുള്ള മനുഷ്യനെപ്പോലെ ആയിരിക്കും. മഴപെയ്തു, വെള്ളം പൊങ്ങി, കാററ് അടിച്ചു, ആ വീടിൻമേൽ ആഞ്ഞ് പതിച്ചു, എന്നാൽ അത് പാറക്കൂട്ടത്തിൻമേൽ അടിസ്ഥാനമുള്ളതായിരുന്നതിനാൽ വീണില്ല.”—മത്തായി 7:24, 25.
14 പലസ്തീനിൽ കനത്ത മഴക്ക് കുത്തിയൊഴുകുന്ന താഴ്വരകളിൽനിന്ന് പെട്ടെന്നുള്ള വിനാശകരമായ പ്രളയങ്ങളായി വെള്ളം ഉയർത്താൻ കഴിയുമായിരുന്നു. വീടുകൾ നിലനിൽക്കണമെങ്കിൽ അവക്ക് ഉറപ്പുള്ള പാറയിൽ അടിസ്ഥാനങ്ങൾ ആവശ്യമായിരുന്നു. ഒരു പ്രത്യേക മനുഷ്യൻ “ആഴത്തിൽ കുഴിച്ച പാറക്കൂട്ടത്തിൽ അടിസ്ഥാനം സ്ഥാപി”ച്ചതായി ലൂക്കോസിന്റെ വിവരണം പ്രകടമാക്കുന്നു. (ലൂക്കോസ് 6:48) അത് കഠിനവേലയായിരുന്നു, എന്നാൽ കൊടുങ്കാററുവന്നപ്പോൾ അത് പ്രയോജനകരമായിരുന്നു. അതുകൊണ്ട് യേശുവിന്റെ വചനങ്ങളുടെമേൽ ക്രിസ്തീയ ഗുണങ്ങൾ കെട്ടുപണിചെയ്യുന്നത്, കഷ്ടകാലമാകുന്ന പെട്ടെന്നുള്ള പ്രളയം ആഞ്ഞടിക്കുമ്പോൾ പ്രതിഫലദായകമായിരിക്കും.
15. യേശുവിന്റെ വചനങ്ങൾ അനുസരിക്കുന്നതിനു പകരം മനുഷ്യരുടെ പാരമ്പര്യങ്ങൾ പിൻപററിയവർക്കുള്ള ഫലം എന്തായിരിക്കും?
15 മറേറ ഭവനം മണലിൻമേൽ പണിയപ്പെട്ടു: “എന്റെ ഈ വചനങ്ങൾ കേട്ട് ചെയ്യാത്ത ഏവനും മണലിൻമേൽ തന്റെ ഭവനം നിർമ്മിച്ച ഭോഷനായ മനുഷ്യനെപ്പോലെയായിരിക്കും. മഴ പെയ്തു, വെള്ളം പൊങ്ങി, കാററടിച്ചു, ആ വീടിൻമേൽ ആഞ്ഞുപതിച്ചു, അത് വീണുപോയി, അതിന്റെ തകർച്ച വലിയതായിരുന്നു. അതുകൊണ്ട് “കർത്താവേ, കർത്താവേ” എന്നു പറയുന്നവരും യേശുവിന്റെ വചനം ചെയ്യുന്നതിൽ പരാജയപ്പെടുന്നവരുമായവർക്ക് അപ്രകാരമായിരിക്കും.—മത്തായി 7:26, 27.
“അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല”
16. ഗിരിപ്രഭാഷണം കേട്ടവരുടെമേലുള്ള ഫലം എന്തായിരുന്നു?
16 ഗിരിപ്രഭാഷണത്തിന്റെ ഫലമെന്തായിരുന്നു? “യേശു ഈ വചനങ്ങൾ പൂർത്തീകരിച്ചപ്പോൾ ജനക്കൂട്ടം അവന്റെ പഠിപ്പിക്കൽ രീതിയിൽ വിസ്മയിച്ചുവെന്നതായിരുന്ന ഫലം; എന്തുകൊണ്ടെന്നാൽ അവൻ അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല, പിന്നെയോ അധികാരമുള്ള ഒരാളെപ്പോലെയായിരുന്നു പഠിപ്പിച്ചത്.” (മത്തായി 7:28, 29) തങ്ങൾ മുമ്പ് അറിഞ്ഞിട്ടില്ലാത്ത വിധം അധികാരത്തോടെ സംസാരിച്ചവനാൽ അവർ ആഴമായി ഉണർത്തപ്പെട്ടു.
17. തങ്ങളുടെ ഉപദേശത്തിന് സാധുത നൽകുവാൻ ശാസ്ത്രിമാർ എന്തു ചെയ്യേണ്ടിയിരുന്നു, ഉദ്ധരിക്കപ്പെട്ട മരിച്ചുപോയ വിശുദ്ധരെ സംബന്ധിച്ച് അവർ എന്തവകാശപ്പെട്ടു?
17 ഈ ചരിത്രരേഖ പ്രകടമാക്കുന്നപ്രകാരം ഒരു ശാസ്ത്രിയും സ്വന്ത അധികാരത്തിൽ ഒരിക്കലും സംസാരിച്ചിട്ടില്ല: “ശാസ്ത്രിമാർ അവരുടെ ഉപദേശങ്ങളുടെ ബഹുമതി പാരമ്പര്യങ്ങളിൽനിന്നും അവരുടെ പിതാക്കൻമാരിൽനിന്നും കടമെടുത്തു: ഏതു ശാസ്ത്രിയുടെയും ഒരു പ്രസംഗത്തിനും [പരാമർശം] കൂടാതെ യാതൊരു അധികാരമോ മൂല്യമോ ഇല്ലായിരുന്നു . . . റബ്ബിമാർക്ക് ഒരു പാരമ്പര്യമുണ്ട്, അല്ലെങ്കിൽ . . . ജ്ഞാനികളുടെ മൊഴിയുണ്ട്; അല്ലെങ്കിൽ ആ സ്വഭാവത്തിലുള്ള ഏതെങ്കിലും പരമ്പരാഗത വെളിപ്പാടുണ്ട്. മഹാനായ ഹിലേൽ സത്യമായും, ഒരു കാര്യംസംബന്ധിച്ച് പാരമ്പര്യപ്രകാരവും, പഠിപ്പിച്ചു; ‘എന്നാൽ അയാൾ ദിവസം മുഴുവനും അതേക്കുറിച്ച് പ്രസംഗിച്ചെങ്കിലും, . . . അവർക്ക് അയാളുടെ ഉപദേശമല്ല ലഭിച്ചത്, ഒടുവിൽ ഞാൻ ഷെമയ്യായിൽനിന്നും അബ്താലിയനിൽനിന്നും [ഹിലേലിനു മുമ്പുള്ള അധികാരികൾ] അങ്ങനെ കേട്ടുവെന്ന് അയാൾ പറയുന്നതുവരെ.’” (ജോൺ ലൈററ് ഫുട്ടിന്റെ തൽമൂദിൽനിന്നും ഹെബ്രായിക്കായിൽനിന്നുമുള്ള ഒരു പുതിയ നിയമവ്യാഖ്യാനം) പരീശൻമാർ ദീർഘകാലം മുമ്പു മരിച്ച ജ്ഞാനികളെക്കുറിച്ചുപോലും അവകാശവാദം മുഴക്കി: “നീതിമാൻമാരുടെ അധരങ്ങൾ അവരുടെ പേരിൽ ആരെങ്കിലും ന്യായപ്രമാണത്തിന്റെ ഉപദേശം പരാമർശിക്കുമ്പോൾ—കുഴിയിൽ അവരുടെ അധരങ്ങൾ അവരോടൊപ്പം പിറുപിറുക്കുന്നു.”—തോറാ—ഫ്രം സ്ക്രോൾ ററു സിംബൽ ഇൻ ഫോർമേററീവ് ജൂഡേയിസം.
18. (എ) ശാസ്ത്രിമാരുടെയും യേശുവിന്റെയും പഠിപ്പിക്കൽ തമ്മിൽ എന്തു വ്യത്യാസം ഉണ്ടായിരുന്നു? (ബി) യേശുവിന്റെ പഠിപ്പിക്കൽ വളരെ മികച്ചതായിരുന്നത് ഏതു വിധങ്ങളിൽ?
18 ശാസ്ത്രിമാർ മരിച്ചുപോയ മനുഷ്യരെ പ്രാമാണികൻമാരായി ഉദ്ധരിച്ചു; യേശു ജീവനുള്ള ദൈവത്തിൽനിന്നുള്ള അധികാരത്തോടെ സംസാരിച്ചു. (യോഹന്നാൻ 12:49, 50; 14:10) റബ്ബിമാർ അടച്ച നീർത്തൊട്ടിയിൽനിന്ന് ചീത്തയായ വെള്ളം കോരിയെടുത്തു; യേശു ഒരു ആന്തരികദാഹം ശമിപ്പിച്ച ശുദ്ധജലത്തിന്റെ ഉറവുകൾ ആനയിച്ചു. അവൻ പ്രാർത്ഥിക്കുകയും രാത്രിയിൽ ഉടനീളം ധ്യാനിക്കുകയും ചെയ്തു, അവൻ സംസാരിച്ചപ്പോൾ ആളുകൾ മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്തവിധം അവരുടെ ഉള്ളിൽതട്ടി. അവർക്ക് അനുഭവിക്കാൻ കഴിഞ്ഞ ഒരു ശക്തിയോടെയും ശാസ്ത്രിമാരും പരീശൻമാരും സദൂക്യരും പോലും ഒടുവിൽ വെല്ലുവിളിക്കാൻ ഭയപ്പെട്ട ഒരു അധികാരത്തോടെയും അവൻ സംസാരിച്ചു. (മത്തായി 22:46; മർക്കോസ് 12:34; ലൂക്കോസ് 20:40) മുമ്പൊരിക്കലും മറെറാരു മനുഷ്യൻ ഇതുപോലെ സംസാരിച്ചിരുന്നില്ല! പ്രസംഗത്തിന്റെ അവസാനത്തിൽ ജനക്കൂട്ടം വിസ്മയിച്ചുപോയി!
19. ഇന്ന് യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ചില പഠിപ്പിക്കൽ രീതികൾ യേശു ഗിരിപ്രഭാഷണത്തിൽ ഉപയോഗിച്ചതിനോട് സമാനമായിരിക്കുന്നതെങ്ങനെ?
19 ഇക്കാലത്തെ സംബന്ധിച്ചെന്ത്? വീടുതോറും പ്രസംഗിക്കുന്ന ശുശ്രൂഷകരെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ സമാനമായ രീതികൾ ഉപയോഗിക്കുന്നു. ഒരു വീട്ടുകാരൻ നിങ്ങളോടു പറയുന്നു: “ഭൂമി ദഹിപ്പിക്കപ്പെടാനിരിക്കുന്നു എന്ന് എന്റെ സഭ പറയുന്നു.” നിങ്ങൾ പ്രതികരിക്കുന്നു: “സഭാപ്രസംഗി 1:4-ൽ നിങ്ങളുടെ സ്വന്തം ജയിംസ് രാജാവിന്റെ ഭാഷാന്തരം ബൈബിൾ വായിക്കപ്പെടുന്നു: ‘ഭൂമിയോ എന്നേക്കും നിൽക്കുന്നു.’” വ്യക്തി അത്ഭുതപ്പെടുന്നു. “അത് എന്റെ ബൈബിളിലുണ്ടെന്ന് ഞാൻ ഒരിക്കലും അറിയാഞ്ഞതെന്തുകൊണ്ട്!” മറെറാരാൾ പറയുന്നു: “പാപികൾ തീനരകത്തിൽ പൊള്ളിക്കപ്പെടും എന്ന് ഞാൻ എപ്പോഴും കേട്ടിരിക്കുന്നു.” “എന്നാൽ റോമർ 6:23-ൽ നിങ്ങളുടെ സ്വന്തം ബൈബിൾ പറയുന്നു: ‘പാപത്തിന്റെ ശമ്പളം മരണമാകുന്നു.’” അല്ലെങ്കിൽ ത്രിത്വത്തെ സംബന്ധിച്ച്: “യേശുവും അവന്റെ പിതാവും തുല്യരാണെന്ന് എന്റെ ഉപദേശി പറയുന്നു.” “എന്നാൽ യോഹന്നാൻ 14:28-ൽ യേശു ഇപ്രകാരം പറയുന്നതായി നിങ്ങളുടെ ബൈബിൾ ഉദ്ധരിക്കുന്നു: ‘എന്റെ പിതാവ് എന്നെക്കാൾ വലിയവനാകുന്നു.’” മറെറാരാൾ നിങ്ങളോടു പറയുന്നു: “ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണെന്ന് പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.” നിങ്ങളുടെ പ്രതികരണം: “ദാനിയേൽ 2:44-ൽ നിങ്ങളുടെ ബൈബിൾ പറയുന്നു: ‘ഈ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജത്വം സ്ഥാപിക്കും. . . അത് ഈ രാജത്വങ്ങളെയൊക്കെയും തകർത്തു നശിപ്പിക്കുകയും അതുതന്നെ എന്നേക്കും നിൽക്കുകയും ചെയ്യും.’ അത് നിങ്ങളുടെ ഉള്ളിലായിരിക്കാൻ എങ്ങനെ കഴിയും?”
20. (എ) സാക്ഷികളുടെയും ക്രൈസ്തവലോകത്തിലെ പുരോഹിതവർഗ്ഗത്തിന്റെയും പഠിപ്പിക്കൽ വിധങ്ങൾ തമ്മിൽ എന്തു വൈരുദ്ധ്യമുണ്ട്? (ബി) ഇപ്പോൾ എന്തിനുള്ള സമയമാണ്?
20 യേശു ദൈവത്തിൽനിന്നുള്ള അധികാരത്തോടെ സംസാരിച്ചു. യഹോവയുടെ സാക്ഷികൾ ദൈവവചനത്തിന്റെ അധികാരത്തോടെ സംസാരിക്കുന്നു. ക്രൈസ്തവലോകത്തിലെ പുരോഹിതവർഗ്ഗം ബാബിലോണിൽനിന്നും ഈജിപ്ററിൽനിന്നും കൈമാറിക്കിട്ടിയ ഉപദേശങ്ങളാൽ മലീമസമായ മതപാരമ്പര്യങ്ങൾ പ്രസ്താവിക്കുന്നു. ബൈബിൾ തങ്ങളുടെ വിശ്വാസങ്ങളെ ഖണ്ഡിക്കുന്നത് ആത്മാർത്ഥതയുള്ള ആളുകൾ കേൾക്കുമ്പോൾ അവർ വിസ്മയിച്ചുകൊണ്ട് വിളിച്ചുപറയുന്നു: ‘അത് എന്റെ ബൈബിളിൽ ഉണ്ടെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല!’ എന്നാൽ അതുണ്ട്. തങ്ങളുടെ ആത്മീയ ആവശ്യംസംബന്ധിച്ച് ബോധമുള്ള എല്ലാവരും ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ വചനങ്ങൾ ചെവിക്കൊള്ളുകയും ഈടുനിൽക്കുന്ന പാറയടിസ്ഥാനത്തിൻമേൽ പണിയുകയും ചെയ്യാനുള്ള സമയം ഇപ്പോഴാണ്. (w90 10⁄1)
പുനരവലോകന ചോദ്യങ്ങൾ
◻ വിധിക്കുന്നതിനു പകരം നാം എന്തു ചെയ്യാൻ ശ്രമിക്കണം, എന്തുകൊണ്ട്?
◻ ഇന്ന് അനേകരും വീതിയുള്ള വഴി തെരഞ്ഞെടുക്കുന്നതെന്തുകൊണ്ട്?
◻ യേശുവിന്റെ പഠിപ്പിക്കൽരീതി ശാസ്ത്രിമാരുടേതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നതെന്തുകൊണ്ട്?
◻ ശ്രോതാക്കളുടെമേൽ ഗിരിപ്രഭാഷണത്തിന്റെ ഫലം എന്തായിരുന്നു?