വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
തന്റെ വിശ്വസ്തനായ അടിമ “വിവേകി” ആയിരിക്കുമെന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
“തന്റെ വീട്ടുകാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിനു യജമാനൻ അവരുടെമേൽ ആക്കിവെച്ച വിശ്വസ്തനും വിവേകിയുമായ അടിമ ആർ?” (മത്തായി 24:45, NW) യേശു ഉന്നയിച്ച ചോദ്യമാണിത്. ആത്മീയ “ഭക്ഷണം” പ്രദാനം ചെയ്യുന്ന “അടിമ” ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയാണ്. എന്തു കാരണത്താലാണ് യേശു അവരെ ‘വിവേകികൾ’ എന്നു വിളിച്ചത്?a
“വിവേകി” എന്ന വാക്ക് ഉപയോഗിച്ചപ്പോൾ യേശു എന്തായിരിക്കാം അർഥമാക്കിയതെന്ന് മനസ്സിലാക്കാൻ അവന്റെതന്നെ പഠിപ്പിക്കലുകൾ ശ്രദ്ധിച്ചാൽ മതി. ഉദാഹരണത്തിന് “വിശ്വസ്തനും വിവേകിയുമായ അടിമ”യെക്കുറിച്ചു പറഞ്ഞപ്പോൾ, മണവാളന്റെ വരവിനായി കാത്തിരുന്ന പത്തു കന്യകമാരുടെ ദൃഷ്ടാന്തം യേശു പറയുകയുണ്ടായി. ആ കന്യകമാർ, വലിയ മണവാളനായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരുന്ന, 1914-നു മുമ്പുള്ള അഭിഷിക്ത ക്രിസ്ത്യാനികളെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ഒടുവിൽ മണവാളൻ എത്തിയപ്പോഴേക്കും അഞ്ചു കന്യകമാരുടെ വിളക്കിലെ എണ്ണ തീർന്നുപോയതിനാൽ അവർക്കു കല്യാണസദ്യയിൽ പങ്കെടുക്കാനായില്ല. എന്നാൽ ശേഷമുള്ള അഞ്ചു പേർ വിവേകികളെന്നു തെളിഞ്ഞു. മണവാളൻ എത്തിയപ്പോഴും പ്രകാശം ചൊരിയാൻ തക്കവണ്ണം അവരുടെ വിളക്കിൽ ആവശ്യത്തിന് എണ്ണ ഉണ്ടായിരുന്നു, അവർക്കു കല്യാണ സദ്യയിൽ പങ്കുപറ്റാനുമായി.—മത്തായി 25:10-12.
1914-ൽ യേശു രാജ്യാധികാരത്തിൽ എത്തിയപ്പോൾ, സ്വർഗത്തിൽ അവനോടൊപ്പം ഉടൻതന്നെ ചേരാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അഭിഷിക്ത ക്രിസ്ത്യാനികളിൽ പലരും. എന്നാൽ അഭിഷിക്തർക്കു ഭൂമിയിൽ കൂടുതൽ ജോലികൾ ചെയ്യേണ്ടതുണ്ടായിരുന്നു, ചിലർ അതിനു സജ്ജരല്ലായിരുന്നു. അവിവേകികളായ കന്യകമാരെപ്പോലെ ആയിരുന്നു അവർ. വെളിച്ചം തുടർന്നും പ്രകാശിപ്പിക്കേണ്ടതിന് അവർ മുന്നമേതന്നെ തങ്ങളെ ആത്മീയമായി ബലപ്പെടുത്തിയിരുന്നില്ല. എന്നാൽ ഭൂരിപക്ഷംപേരും വിവേകത്തോടെ അഥവാ ജ്ഞാനത്തോടെയും ദീർഘവീക്ഷണത്തോടെയും പെരുമാറി. അതിനാൽ അവർ ആത്മീയമായി ബലിഷ്ഠരായിരുന്നു. കൂടുതൽ ജോലികൾ ചെയ്തുതീർക്കാനുണ്ടെന്ന് അറിഞ്ഞപ്പോൾ അവർ സന്തോഷത്തോടെ അതിനു തയ്യാറായി. അങ്ങനെ അവർ “വിശ്വസ്തനും വിവേകിയുമായ അടിമ” ആണെന്നു തെളിഞ്ഞു.
മത്തായി 7:24-ലും “വിവേകി” എന്ന പദം യേശു ഉപയോഗിച്ചിരിക്കുന്നതായി കാണാനാകും, അതും നമുക്കു പരിശോധിക്കാം. യേശു പറഞ്ഞു: “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള (“വിവേകിയായ,” NW) മനുഷ്യനോടു തുല്യനാകുന്നു.” ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യത മുൻകൂട്ടിക്കണ്ടുകൊണ്ട് വിവേകിയായ മനുഷ്യൻ നല്ല ഉറപ്പോടെ വീടു പണിതു. നേർവിപരീതമായി, അവിവേകിയായ മനുഷ്യൻ മണലിന്മേലാണ് വീടു പണിതത്, അതു നിലംപൊത്തുകയും ചെയ്തു. ചുരുക്കത്തിൽ, യേശുവിനെ വിവേകപൂർവം അനുഗമിക്കുന്നവനു മനുഷ്യജ്ഞാനത്തിൽ ആശ്രയിക്കുന്നതിന്റെ ഭോഷത്വം മുൻകൂട്ടിക്കാണാൻ കഴിയുന്നു. തന്റെ വിശ്വാസവും പ്രവൃത്തിയും പഠിപ്പിക്കലും യേശു എന്തു പഠിപ്പിച്ചോ അതിൽ അടിസ്ഥാനമാക്കാൻ വിവേകബുദ്ധിയും വിവേചനയും അവനെ സഹായിക്കുന്നു. ‘വിശ്വസ്തനും വിവേകിയുമായ അടിമയും’ സമാനമായി പ്രവർത്തിക്കുന്നു.
അതുപോലെ “വിവേകി” എന്ന പദം എബ്രായ തിരുവെഴുത്തുകളുടെ പല ഭാഷാന്തരങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്നു നോക്കുന്നതു നന്നായിരിക്കും. ഉദാഹരണത്തിന്, ഈജിപ്തിന്റെ ഭക്ഷ്യവിതരണത്തിന്റെ ഉത്തരവാദിത്വം ഫറവോൻ യോസേഫിനെ ഏൽപ്പിച്ചു. തന്റെ ജനത്തിനു ഭക്ഷണം കൊടുക്കുന്നതിനുവേണ്ടിയുള്ള യഹോവയുടെ ക്രമീകരണത്തിന്റെ ഭാഗമായിരുന്നു അത്. എന്തുകൊണ്ടാണ് യോസേഫിനെ തിരഞ്ഞെടുത്തത്? ഫറവോൻ അവനോടു പറഞ്ഞു: “നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.” (ഉല്പത്തി 41:33-39; 45:5) അതുപോലെ അബീഗയിലിനെ ‘വിവേകമുള്ളവൾ’ എന്നു ബൈബിൾ വിളിക്കുന്നു. യഹോവയുടെ അഭിഷിക്തനായ ദാവീദിനും കൂട്ടാളികൾക്കും അവൾ ഭക്ഷണം കൊടുത്തു. (1 ശമൂവേൽ 25:3, 11, 18) ദൈവേഷ്ടം എന്താണെന്നു തിരിച്ചറിയുകയും ദീർഘവീക്ഷണത്തോടും വിവേചനയോടും കൂടെ പ്രവർത്തിക്കുകയും ചെയ്തതിനാൽ യോസേഫിനെയും അബീഗയിലിനെയും വിവേകമുള്ളവർ എന്നു വിളിച്ചത് ഉചിതമായിരുന്നു.
അതുകൊണ്ട് വിശ്വസ്ത അടിമയെ വിവേകി എന്നു വിളിച്ചപ്പോൾ യേശു അർഥമാക്കിയത്, അടിമയെ പ്രതിനിധാനം ചെയ്യുന്നവർ വിവേകവും ദീർഘവീക്ഷണവും നല്ല വിവേചനബുദ്ധിയും പ്രകടമാക്കുമെന്നാണ്; കാരണം അവരുടെ വിശ്വാസത്തിന്റെയും പ്രവൃത്തിയുടെയും പഠിപ്പിക്കലിന്റെയും അടിസ്ഥാനം ദൈവത്തിന്റെ സത്യവചനമാണ്.
[അടിക്കുറിപ്പ്]
a “ഫ്രോണിമോസ്” എന്ന ഗ്രീക്കു പദമാണ് “വിവേകി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പ്രായോഗിക ജ്ഞാനത്തെയും ദീർഘവീക്ഷണത്തെയുമാണ് ഈ വാക്ക് മിക്കപ്പോഴും കുറിക്കുന്നത് എന്ന് മാർവിൻ ആർ. വിൻസെന്റിന്റെ പുതിയ നിയമ പദപഠനം (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു.