ആത്മീയ പുരോഗതി പ്രാപിക്കാൻ പുരുഷന്മാരെ സഹായിക്കുക
“ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും.”—ലൂക്കോ. 5:10.
1, 2. (എ) യേശുവിന്റെ പ്രസംഗത്തോട് പുരുഷന്മാർ പ്രതികരിച്ചത് എങ്ങനെ? (ബി) ഈ ലേഖനത്തിൽ നാം എന്ത് പരിചിന്തിക്കും?
ഗലീലയിൽ പ്രസംഗപര്യടനം നടത്തവെ ഒരിക്കൽ യേശുവും ശിഷ്യന്മാരും വഞ്ചിയിൽ കയറി ഒരു ഏകാന്തസ്ഥലത്തേക്കു പോയി. പക്ഷേ ജനക്കൂട്ടം കാൽനടയായി അവരെ തേടിയെത്തി. “സ്ത്രീകളെയും കുട്ടികളെയും കൂടാതെ ഏകദേശം അയ്യായിരംപുരുഷന്മാർ” അന്നവിടെ വന്നു. (മത്താ. 14:21) മറ്റൊരിക്കൽ, സൗഖ്യം പ്രാപിക്കാനും യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും ആഗ്രഹിച്ച് ഒരു വലിയ ജനക്കൂട്ടം യേശുവിനെ സമീപിച്ചു. “സ്ത്രീകൾക്കും കുട്ടികൾക്കും പുറമേ നാലായിരംപുരുഷന്മാർ” അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. (മത്താ. 15:38) അതെ, അനേകം പുരുഷന്മാർ യേശുവിന്റെ പഠിപ്പിക്കലിൽ താത്പര്യം കാണിക്കുകയും അവനെ തേടിയെത്തുകയും ചെയ്തു. ഇനിയങ്ങോട്ട് കൂടുതൽ പുരുഷന്മാർ പ്രതികരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. മീൻ പിടിക്കാൻ അത്ഭുതകരമായി സഹായിച്ചശേഷം അവൻ ശിമോനോടു പറഞ്ഞു: “ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും.” (ലൂക്കോ. 5:10) മനുഷ്യവർഗമാകുന്ന കടലിൽ വലയെറിയുന്നെങ്കിൽ ശിഷ്യന്മാർക്ക് അനേകം പുരുഷന്മാർ ഉൾപ്പെട്ട ഒരു കൂട്ടത്തെ ലഭിക്കുമായിരുന്നു.
2 നാം പ്രസംഗിക്കുന്ന തിരുവെഴുത്തു സന്ദേശത്തോട് ഇന്നും പുരുഷന്മാർ താത്പര്യം കാണിക്കാറുണ്ട്. അവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നു. (മത്താ. 5:3) എന്നുവരികിലും ആത്മീയമായി പുരോഗമിക്കാൻ പല പുരുഷന്മാർക്കും മടിയാണ്. നമുക്ക് അവരെ എങ്ങനെ സഹായിക്കാം? പുരുഷന്മാരുടെ പക്കൽ സുവാർത്ത എത്തിക്കാൻ യേശു തന്റെ ശൈലിയിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും തന്റെ കാലത്തുണ്ടായിരുന്ന പുരുഷന്മാരെ അവർ നേരിട്ട പ്രതിബന്ധങ്ങൾ തരണംചെയ്യാൻ അവൻ സഹായിച്ചു. യേശുവിന്റെ ആ മാതൃകയിൽനിന്ന് നമുക്ക് ചിലത് പഠിക്കാനുണ്ട്. (1) ഉപജീവനചിന്തകൾ, (2) മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയം, (3) അപര്യാപ്തതാബോധം എന്നിങ്ങനെ ഇക്കാലത്തെ പുരുഷന്മാർ സാധാരണമായി നേരിടുന്ന മൂന്നുപ്രശ്നങ്ങൾ തരണംചെയ്യാൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാം എന്നാണ് നാം ഇനി കാണാൻ പോകുന്നത്.
ഉപജീവനചിന്തകൾ
3, 4. (എ) പല പുരുഷന്മാരും പ്രാധാന്യംകൽപ്പിക്കുന്നത് എന്തിനാണ്? (ബി) ചില പുരുഷന്മാർ ആത്മീയ കാര്യങ്ങളെക്കാൾ ഉപരി പണം ഉണ്ടാക്കുന്നതിനു മുൻഗണന നൽകുന്നത് എന്തുകൊണ്ട്?
3 ഒരു ശാസ്ത്രി വന്ന് യേശുവിനോട്, “ഗുരോ, നീ പോകുന്നിടത്തൊക്കെയും ഞാൻ നിന്നെ അനുഗമിക്കും” എന്നു പറഞ്ഞു. എന്നാൽ, ‘മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല’ എന്ന് യേശു പറഞ്ഞപ്പോൾ ആ ശാസ്ത്രി രണ്ടാമതൊന്നു ചിന്തിച്ചു. അടുത്തനേരത്തെ ഭക്ഷണം എവിടെനിന്നു ലഭിക്കും, എവിടെ താമസിക്കും എന്നൊന്നും അറിയാത്ത അവസ്ഥ ആ ശാസ്ത്രിക്ക് ഉൾക്കൊള്ളാനായില്ലെന്നു തോന്നുന്നു. ഏതായാലും അവൻ യേശുവിന്റെ ശിഷ്യനായിത്തീർന്നതായി സൂചനയൊന്നുമില്ല.—മത്താ. 8:19, 20.
4 ആത്മീയ കാര്യങ്ങളെക്കാൾ സാമ്പത്തികഭദ്രതയ്ക്ക് പ്രാധാന്യംകൽപ്പിക്കുന്നവരാണ് പൊതുവെ പുരുഷന്മാർ. ഉയർന്ന വിദ്യാഭ്യാസം നേടുക, നല്ല ശമ്പളമുള്ള ജോലി കരസ്ഥമാക്കുക, ഇവയിലാണ് പലരുടെയും ശ്രദ്ധ. തിരുവെഴുത്തുകൾ പഠിച്ച് ദൈവവുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുന്നതുകൊണ്ട് പ്രയോജനങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യം പണം സമ്പാദിക്കുന്നതാണ് അതിനെക്കാളേറെ ഗുണം ചെയ്യുന്നത് എന്നാണ് അവരുടെ ചിന്ത. ബൈബിൾ പറയുന്ന കാര്യങ്ങളിൽ അവർക്കു താത്പര്യമുണ്ടായിരിക്കും; എന്നാൽ “ഈ ലോകത്തിന്റെ ആകുലതകളും ധനത്തിന്റെ വഞ്ചകശക്തിയും” അവരുടെ താത്പര്യം ഞെരുക്കിക്കളയും. (മർക്കോ. 4:18, 19) അങ്ങനെയെങ്കിൽ, ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകാൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ചത് എങ്ങനെയാണ്?
5, 6. മുൻഗണനകളിൽ മാറ്റംവരുത്തി പ്രസംഗവേലയിൽ ശ്രദ്ധിക്കാൻ അന്ത്രെയാസിനും പത്രോസിനും യാക്കോബിനും യോഹന്നാനും കഴിഞ്ഞത് എന്തുകൊണ്ട്?
5 അന്ത്രെയാസും സഹോദരനായ ശിമോൻ പത്രോസും ഒരുമിച്ച് മത്സ്യക്കച്ചവടം നടത്തിയിരുന്നു. അതുപോലെ, യോഹന്നാനും അവന്റെ സഹോദരനായ യാക്കോബും അവരുടെ പിതാവായ സെബെദിയും ചേർന്ന് കച്ചവടം ചെയ്തിരുന്നു; കച്ചവടത്തിൽനിന്ന് നല്ല വരുമാനം ഉണ്ടായിരുന്ന അവർക്ക് കൂലിക്കാരും ഉണ്ടായിരുന്നു. (മർക്കോ. 1:16-20) യോഹന്നാൻ സ്നാപകനിൽനിന്ന് യേശുവിനെക്കുറിച്ച് ആദ്യം കേട്ടപ്പോൾത്തന്നെ അവനാണ് മിശിഹാ എന്ന് അന്ത്രെയാസിനും യോഹന്നാനും ഉറപ്പായി. ഇക്കാര്യം അന്ത്രെയാസ് തന്റെ സഹോദരനായ ശിമോൻ പത്രോസിനെ അറിയിച്ചു. യോഹന്നാനും ഇക്കാര്യം തന്റെ സഹോദരനായ യാക്കോബിനെ അറിയിച്ചിട്ടുണ്ടാകണം. (യോഹ. 1:29, 35-41) ഗലീല, യെഹൂദ്യ, ശമര്യ എന്നിവിടങ്ങളിൽ പ്രസംഗപര്യടനം നടത്തുകയായിരുന്ന യേശുവിനോടൊപ്പം പിന്നീടുള്ള ഏതാനും മാസങ്ങൾ ഈ നാലുപേരും ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം അവരെല്ലാം പഴയ തൊഴിലിലേക്ക് തിരിച്ചുപോയി. ആത്മീയ കാര്യങ്ങളിൽ താത്പര്യം ഉണ്ടായിരുന്നെങ്കിലും അവരുടെ മുഖ്യ ശ്രദ്ധ ശുശ്രൂഷയിലായിരുന്നില്ല.
6 കുറച്ചുനാളുകൾക്കുശേഷം, തന്റെ അനുഗാമികളാകാനും ‘മനുഷ്യരെ പിടിക്കുന്നവരാകാനും’ യേശു പത്രോസിനെയും അന്ത്രെയാസിനെയും ക്ഷണിച്ചു. അവരിരുവരും ആ ക്ഷണത്തോടു പ്രതികരിച്ചത് എങ്ങനെയാണ്? “അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു.” യാക്കോബും യോഹന്നാനും ചെയ്തതും അതുതന്നെയാണ്: “ഉടനെ അവർ വള്ളം ഉപേക്ഷിച്ച്, തങ്ങളുടെ അപ്പനെയും വിട്ട് അവനെ അനുഗമിച്ചു.” (മത്താ. 4:18-22) മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ ഈ പുരുഷന്മാർക്ക് കഴിഞ്ഞത് എങ്ങനെയാണ്? പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വികാരത്തിന്റെ പുറത്തെടുത്ത തീരുമാനമായിരുന്നോ അത്? ഒരിക്കലുമല്ല. കഴിഞ്ഞ മാസങ്ങളിലെല്ലാം യേശുവിനെ ശ്രദ്ധിക്കുകയും അവന്റെ അത്ഭുതങ്ങൾ ദർശിക്കുകയും നീതിക്കുവേണ്ടിയുള്ള അവന്റെ തീക്ഷ്ണത കാണുകയും അവന്റെ പ്രസംഗം ആളുകളിൽ ഉണ്ടാക്കിയ പ്രഭാവത്തിനു സാക്ഷ്യംവഹിക്കുകയും ചെയ്തവരാണവർ. തത്ഫലമായി യഹോവയിലുള്ള അവരുടെ വിശ്വാസവും അവനിലുള്ള ആശ്രയത്വവും കരുത്താർജിച്ചു!
7. തന്റെ ജനത്തിനായി കരുതാനുള്ള യഹോവയുടെ പ്രാപ്തിയിൽ വിശ്വാസം അർപ്പിക്കാൻ ബൈബിൾ വിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
7 യഹോവയിൽ ആശ്രയിക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? (സദൃ. 3:5, 6) നാം പഠിപ്പിക്കുന്ന വിധം പ്രധാനമാണ്. ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നാമതു വെക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കും എന്ന ദൈവത്തിന്റെ വാഗ്ദാനം പഠനവേളയിൽ എടുത്തു പറയുക. (മലാഖി 3:10; മത്തായി 6:33 വായിക്കുക.) യഹോവ തന്റെ ജനത്തിനായി കരുതുന്നത് എങ്ങനെയെന്നു കാണിക്കുന്ന തിരുവെഴുത്തുകൾ നമുക്ക് അവരുടെ ശ്രദ്ധയിൽപ്പെടുത്താനാകുമെങ്കിലും നാം വെക്കുന്ന മാതൃക വിദ്യാർഥിയിൽ ചെലുത്തുന്ന പ്രഭാവം വിലകുറച്ചു കാണരുത്. നമ്മെ ദൈവം അനുഗ്രഹിച്ചിരിക്കുന്ന അനുഭവങ്ങൾ കേൾക്കുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ അവർ കൂടുതൽ പ്രേരിതരാകും. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വായിച്ചിട്ടുള്ള അനുഭവങ്ങളും അവരോടു പറയാവുന്നതാണ്.a
8. (എ) “യഹോവ നല്ലവൻ എന്ന്” ഒരു ബൈബിൾ വിദ്യാർഥി രുചിച്ചറിയേണ്ടതിന്റെ പ്രാധാന്യം എന്ത്? (ബി) യഹോവ നല്ലവനാണെന്നു രുചിച്ചറിയാൻ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
8 മറ്റുള്ളവർക്ക് യഹോവയുടെ അനുഗ്രഹം ലഭിച്ചതിനെക്കുറിച്ചു കേട്ടതുകൊണ്ടോ വായിച്ചതുകൊണ്ടോ ശക്തമായ വിശ്വാസം വളർത്തിയെടുക്കാനായെന്നുവരില്ല. യഹോവ നല്ലവനാണെന്ന് ബൈബിൾ വിദ്യാർഥി സ്വന്തമായി അനുഭവിച്ചറിയണം. “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ” എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 34:8) യഹോവ നല്ലവനാണെന്നു തിരിച്ചറിയാൻ നമുക്ക് എങ്ങനെ വിദ്യാർഥിയെ സഹായിക്കാം? സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരു ബൈബിൾ വിദ്യാർഥി പുകവലിയോ ചൂതാട്ടമോ മദ്യപാനമോ പോലുള്ള ഒരു ദുശ്ശീലം മാറ്റാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ. (സദൃ. 23:20, 21; 2 കൊരി. 7:1; 1 തിമൊ. 6:10) അതിനുവേണ്ട സഹായത്തിനായി പ്രാർഥിക്കാൻ ആ വിദ്യാർഥിയോടു പറയാം. യഹോവ നല്ലവനാണെന്നു രുചിച്ചറിയാൻ അങ്ങനെ ആ വ്യക്തിക്കു കഴിയും. അതിനുശേഷം, വാരന്തോറുമുള്ള ബൈബിളധ്യയനത്തിനും യോഗങ്ങൾക്കു തയ്യാറായി സംബന്ധിക്കുന്നതിനും സമയം നീക്കിവെച്ചുകൊണ്ട് ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാം. തന്റെ ശ്രമത്തെ യഹോവ അനുഗ്രഹിക്കുന്നുവെന്ന് അനുഭവിച്ചറിയുമ്പോൾ ആ വ്യക്തിയുടെ വിശ്വാസം ശക്തമാകും!
മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയം
9, 10. (എ) നിക്കോദേമൊസ്, അരിമഥ്യക്കാരനായ യോസേഫ് എന്നിവർ യേശുവിനോടുള്ള തങ്ങളുടെ പ്രതിപത്തി മറച്ചുവെച്ചത് എന്തുകൊണ്ട്? (ബി) യേശുവിന്റെ അനുഗാമികളാകാൻ ഇന്ന് ചില പുരുഷന്മാർ മടിക്കുന്നത് എന്തുകൊണ്ട്?
9 മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയമായിരിക്കാം ക്രിസ്തുവിനെ പൂർണമായി അനുഗമിക്കുന്നതിൽനിന്ന് ചില പുരുഷന്മാരെ പിന്തിരിപ്പിക്കുന്നത്. നിക്കോദേമൊസ്, അരിമഥ്യക്കാരനായ യോസേഫ് എന്നിവർ യേശുവിനോടുള്ള തങ്ങളുടെ പ്രതിപത്തി മറച്ചുവെച്ചത് ഇക്കാരണത്താലാണ്. മറ്റ് യഹൂദന്മാർ ഇതറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ അവരെ ഭയപ്പെടുത്തി. (യോഹ. 3:1, 2; 19:38) ആ ഭയം അടിസ്ഥാനരഹിതമായിരുന്നു എന്ന് പറയാനാവില്ല. യേശുവിനോടുള്ള വിദ്വേഷംമൂത്ത്, അവനിൽ വിശ്വസിക്കുന്നുവെന്ന് ഏറ്റുപറയുന്നവരെ മതനേതാക്കന്മാർ പള്ളിഭ്രഷ്ടരാക്കിയിരുന്നു.—യോഹ. 9:22.
10 ചില പ്രദേശങ്ങളിൽ, ഒരു പുരുഷൻ ദൈവത്തിലോ ബൈബിളിലോ മതത്തിലോ കൂടുതൽ താത്പര്യമെടുക്കുന്നതു കണ്ടാൽ സഹജോലിക്കാരും കൂട്ടുകാരും ബന്ധുക്കളുമൊക്കെ പ്രശ്നം സൃഷ്ടിച്ചെന്നിരിക്കും. മറ്റു ചിലയിടങ്ങളിൽ മതംമാറുന്ന കാര്യം പറയുന്നതുപോലും അപകടമാണ്. സൈന്യത്തിലോ രാഷ്ട്രീയത്തിലോ സാമൂഹ്യപ്രവർത്തനങ്ങളിലോ സജീവമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് സമ്മർദം അധികമായിരിക്കാം. ജർമനിയിൽനിന്നുള്ള ഒരു വ്യക്തി തുറന്നു പറഞ്ഞു: ‘സാക്ഷികളായ നിങ്ങൾ പഠിപ്പിക്കുന്നതൊക്കെ സത്യമാണ്. എന്നാൽ ഞാനിന്നൊരു സാക്ഷിയായാൽ നാളെ അത് എല്ലാവരും അറിയും. എന്റെ ജോലിസ്ഥലത്തും അയൽപക്കങ്ങളിലും ഞാനും കുടുംബവും പോകുന്ന ക്ലബ്ബിലുമൊക്കെ ആളുകൾ എന്തു വിചാരിക്കും? അത് എനിക്കു സഹിക്കാനാവില്ല.’
11. മാനുഷഭയം തരണംചെയ്യാൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ചത് എങ്ങനെ?
11 യേശുവിന്റെ അപ്പൊസ്തലന്മാരാരും ഭീരുക്കളായിരുന്നില്ലെങ്കിലും അവരെല്ലാം മാനുഷഭയവുമായി മല്ലിട്ടിരുന്നു. (മർക്കോ. 14:50, 66-72) ചുറ്റുപാടുമുള്ളവരിൽനിന്നുള്ള കടുത്ത എതിർപ്പ് വകവെക്കാതെ ആത്മീയമായി പുരോഗമിക്കാൻ യേശു എങ്ങനെയാണ് അവരെ സഹായിച്ചത്? പിൽക്കാലത്ത് ഉണ്ടാകാനിരുന്ന എതിർപ്പു നേരിടാൻ യേശു അവരെ മുന്നമേ ഒരുക്കി. അവൻ അവരോട് പറഞ്ഞു: “മനുഷ്യപുത്രൻനിമിത്തം ആളുകൾ നിങ്ങളെ ദ്വേഷിച്ച് ഭ്രഷ്ടരാക്കി നിന്ദിച്ച് നിങ്ങൾക്കു ദുഷ്പേരു കൽപ്പിക്കുമ്പോഴൊക്കെയും നിങ്ങൾ അനുഗൃഹീതർ.” (ലൂക്കോ. 6:22) അപമാനം നേരിടേണ്ടിവരും എന്നു പ്രതീക്ഷിക്കാൻ യേശു അനുഗാമികളോടു പറഞ്ഞു. “മനുഷ്യപുത്രൻനിമിത്തം” ആണ് അതെല്ലാം സഹിക്കേണ്ടിവരുന്നതെന്ന് അവർ ഓർക്കണമായിരുന്നു. സഹായത്തിനും ശക്തിക്കുമായി ദൈവത്തിൽ ആശ്രയിക്കുന്നിടത്തോളം അവൻ അവരെ താങ്ങും എന്നും യേശു ഉറപ്പുനൽകി. (ലൂക്കോ. 12:4-12) കൂടാതെ, തന്റെ മറ്റു ശിഷ്യന്മാരുമായി അടുത്തു സഹവസിക്കാനും അവരെ സുഹൃത്തുക്കളാക്കാനും അവൻ പുതിയവരെ പ്രോത്സാഹിപ്പിച്ചു.—മർക്കോ. 10:29, 30.
12. മാനുഷഭയം തരണംചെയ്യാൻ പുതിയവരെ നമുക്ക് എങ്ങനെ സഹായിക്കാം?
12 മാനുഷഭയം തരണംചെയ്യാൻ ബൈബിൾ വിദ്യാർഥികളെ നാം സഹായിക്കണം. ഒരു പ്രശ്നം പ്രതീക്ഷിച്ചതാണെങ്കിൽ അതു കൈകാര്യം ചെയ്യാൻ കൂടുതൽ എളുപ്പമാണ്. (യോഹ. 15:19) അതുകൊണ്ട് സഹജോലിക്കാരും മറ്റുള്ളവരും ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്കും തടസ്സവാദങ്ങൾക്കും ലളിതമായ, യുക്തിസഹമായ, ബൈബിളധിഷ്ഠിത മറുപടി നൽകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുക. നാം അവരുടെ ഉറ്റ സുഹൃത്തുക്കൾ ആയിരിക്കണം. അതോടൊപ്പം സഭയിലെ മറ്റുള്ളവർക്കും, വിശേഷിച്ച് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവർക്കും ഒരേ അഭിരുചികൾ ഉള്ളവർക്കും അദ്ദേഹത്തെ പരിചയപ്പെടുത്തുക. എല്ലാറ്റിനും ഉപരി, ഹൃദയം തുറന്നു പ്രാർഥിക്കുന്ന ശീലം വളർത്താൻ അദ്ദേഹത്തെ പഠിപ്പിക്കണം. ദൈവത്തോട് അടുത്തുചെല്ലാനും യഹോവയെ തന്റെ ശരണവും ശൈലവുമായി കാണാനും അത് അദ്ദേഹത്തെ സഹായിക്കും.—സങ്കീർത്തനം 94:21-23; യാക്കോബ് 4:8 വായിക്കുക.
അപര്യാപ്തതാബോധം
13. അപര്യാപ്തതാബോധം ചില പുരുഷന്മാരെ ആത്മീയ കാര്യങ്ങളിൽനിന്നു പിന്തിരിപ്പിക്കുന്നത് എങ്ങനെ?
13 ചില പുരുഷന്മാർ ആത്മീയ കാര്യങ്ങളിൽ ഉൾപ്പെടാൻ മടിക്കുന്നത് വായനാപ്രാപ്തി കുറവായതുകൊണ്ടോ തങ്ങളുടെ ആശയങ്ങൾ തുറന്നുപറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടോ ലജ്ജാശീലമുള്ളവരായതുകൊണ്ടോ ആണ്. പൊതുവേദിയിൽ തങ്ങളുടെ വീക്ഷണങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാൻ ചില പുരുഷന്മാർക്ക് ബുദ്ധിമുട്ടുണ്ട്. പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതും മറ്റുള്ളവരോട് തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്നതുമൊന്നും ചിലർക്ക് ചിന്തിക്കാനേ കഴിയില്ല. ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: ‘ചെറുപ്പമായിരുന്നപ്പോൾ ഞാൻ വേഗം വീട്ടുവാതിൽക്കൽച്ചെന്ന് ഡോർബെൽ അടിക്കുന്നതായി നടിക്കുകയും ആരുടെയും കണ്ണിൽപ്പെടാതെ അവിടെനിന്നു പോരുകയും ചെയ്യുമായിരുന്നു. . . . വീടുതോറും പോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ എന്നെ രോഗിയാക്കി.’
14. ഭൂതബാധിതനായ കുട്ടിയെ സുഖപ്പെടുത്താൻ യേശുവിന്റെ ശിഷ്യന്മാർക്ക് കഴിയാഞ്ഞത് എന്തുകൊണ്ട്?
14 ഭൂതബാധിതനായ ഒരു കുട്ടിയെ സുഖപ്പെടുത്താൻ കഴിയാതെവന്നപ്പോൾ യേശുവിന്റെ ശിഷ്യന്മാർക്കു തോന്നിയ വിഷമം നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ? പരാജയഭാരം അവരുടെ ആത്മവിശ്വാസത്തിനു ക്ഷതമേൽപ്പിച്ചിട്ടുണ്ടാകും. ആ കുട്ടിയുടെ പിതാവ് യേശുവിന്റെ അടുക്കൽ വന്നു പറഞ്ഞു: “(എന്റെ മകൻ) അപസ്മാരബാധയാൽ വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അവർക്ക് അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല.” യേശു ഭൂതത്തെ പുറത്താക്കി ആ കുട്ടിയെ സുഖപ്പെടുത്തി. ശിഷ്യന്മാർ പിന്നീട് യേശുവിനെ സമീപിച്ച്, “എന്തുകൊണ്ടാണ് ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്?” എന്നു ചോദിച്ചു. യേശുവിന്റെ മറുപടി എന്തായിരുന്നു? “നിങ്ങളുടെ അൽപ്പവിശ്വാസംനിമിത്തമത്രേ. നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അവിടേക്കു നീങ്ങിപ്പോകുക’ എന്നു പറഞ്ഞാൽ അതു നീങ്ങിപ്പോകും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (മത്താ. 17:14-20) മലപോലെയുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ യഹോവയിലുള്ള വിശ്വാസം അനിവാര്യമാണ്. ഇക്കാര്യം മറന്ന് സ്വന്തം പ്രാപ്തിയിൽ ആശ്രയിക്കാൻ തുടങ്ങുമ്പോൾ എന്തു സംഭവിക്കും? പരാജയപ്പെടും; അങ്ങനെ ഒരുവന്റെ ആത്മവിശ്വാസം കെട്ടുപോകും.
15, 16. അപര്യാപ്തതാബോധവുമായി പോരാടുന്ന ഒരു ബൈബിൾ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
15 സ്വന്തം പ്രാപ്തിയിൽ ആശ്രയിക്കാതെ യഹോവയിൽ ആശ്രയിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് അപര്യാപ്തതാബോധവുമായി പോരാടുന്ന വ്യക്തിയെ സഹായിക്കാനുള്ള ഒരു ഉത്തമമാർഗം. “ദൈവം തക്കസമയത്തു നിങ്ങളെ ഉയർത്തേണ്ടതിന് അവന്റെ കരുത്തുറ്റ കൈക്കീഴിൽ താഴ്മയോടിരിക്കുവിൻ; . . . നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ” എന്ന് പത്രോസ് എഴുതി. (1 പത്രോ. 5:6, 7) ഇതു ചെയ്യാൻ നമ്മുടെ ബൈബിൾ വിദ്യാർഥിക്ക് കഴിയണമെങ്കിൽ ആത്മീയമായി പുരോഗമിക്കാൻ നാം അദ്ദേഹത്തെ സഹായിക്കണം. ആത്മീയ മനഃസ്ഥിതിയുള്ള ഒരാൾക്ക് ആത്മീയ കാര്യങ്ങളോട് വിലമതിപ്പ് ഉണ്ടായിരിക്കും. അദ്ദേഹം ദൈവവചനത്തെ സ്നേഹിക്കുകയും ‘ആത്മാവിന്റെ ഫലം’ പ്രകടിപ്പിക്കുകയും ചെയ്യും. (ഗലാ. 5:22, 23) അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രാർഥനയ്ക്ക് വലിയ സ്ഥാനം ഉണ്ടായിരിക്കും. (ഫിലി. 4:6, 7) ഏതൊരു സാഹചര്യം നേരിടാനും ഏതൊരു നിയമനം നിർവഹിക്കാനും വേണ്ട കരുത്തിനും ധൈര്യത്തിനുമായി അദ്ദേഹം ദൈവത്തിലേക്കു നോക്കും.—2 തിമൊഥെയൊസ് 1:7, 8 വായിക്കുക.
16 ചില ബൈബിൾ വിദ്യാർഥികൾക്ക് വായിക്കുന്നതിലും ആശയവിനിമയം നടത്തുന്നതിലും പ്രസംഗിക്കുന്നതിലും ഒക്കെ പുരോഗമിക്കാൻ സഹായം ആവശ്യമായിരിക്കാം. യഹോവയെ അറിയുന്നതിനുമുമ്പു ചെയ്ത തെറ്റുനിമിത്തം അവനെ സേവിക്കാൻ താൻ അയോഗ്യനാണെന്ന ചിന്തയായിരിക്കാം മറ്റു ചിലരെ അലട്ടുന്നത്. നമ്മുടെ വിദ്യാർഥിയുടെ സാഹചര്യം ഇതിലേതായാലും സ്നേഹപൂർവം, ക്ഷമയോടെ നാം സഹായിക്കേണ്ടതുണ്ട്. “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം” എന്ന് യേശു പറഞ്ഞു.—മത്താ. 9:12.
കൂടുതൽ പുരുഷന്മാരെ കണ്ടെത്തുക
17, 18. (എ) കൂടുതൽ പുരുഷന്മാരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പഠിക്കും?
17 ബൈബിളിൽമാത്രം അടങ്ങിയിരിക്കുന്ന, യഥാർഥ സന്തുഷ്ടി നൽകുന്ന സന്ദേശത്തോട് കൂടുതൽ പുരുഷന്മാർ പ്രതികരിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. (2 തിമൊ. 3:16, 17) അങ്ങനെയെങ്കിൽ കൂടുതൽ പുരുഷന്മാരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? പുരുഷന്മാർ ഏറെയും വീടുകളിലുണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ, വൈകുന്നേരങ്ങളിലും വാരാന്തങ്ങളിൽ ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളിലും, കൂടുതൽ സമയം സാക്ഷീകരിക്കുന്നതാണ് ഒരു മാർഗം. വീടുതോറും പോകുമ്പോൾ സാധിക്കുമ്പോഴെല്ലാം വീട്ടുകാരനോടു സംസാരിക്കുക. ഉചിതമെങ്കിൽ ജോലിസ്ഥലത്തുള്ള പുരുഷന്മാരോട് അനൗപചാരികമായി സാക്ഷീകരിക്കുക. ഒറ്റയ്ക്കു വിശ്വാസത്തിലുള്ള സഹോദരിമാരുടെ ഭർത്താക്കന്മാരോടു സംസാരിക്കാനും ലക്ഷ്യംവെക്കാം.
18 കണ്ടുമുട്ടുന്ന ഏവരോടും നാം സാക്ഷീകരിക്കുമ്പോൾ ആത്മാർഥഹൃദയരായവർ അനുകൂലമായി പ്രതികരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. സത്യം അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെയെല്ലാം നമുക്ക് ക്ഷമയോടെ സഹായിക്കാം. സഭയിലുള്ള സ്നാനമേറ്റ പുരുഷന്മാരുടെ കാര്യമോ? ദൈവത്തിന്റെ സംഘടനയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻവേണ്ട യോഗ്യത നേടാൻ നമുക്ക് എങ്ങനെ അവരെ സഹായിക്കാനാകും? അടുത്ത ലേഖനത്തിൽ നാം അത് പഠിക്കും.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകവും വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ജീവിതകഥകളും കാണുക.
ഉത്തരം പറയാമോ?
• ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകാൻ പുരുഷന്മാരെ എങ്ങനെ സഹായിക്കാം?
• മാനുഷഭയം തരണംചെയ്യാൻ പുതിയവരെ നമുക്ക് എങ്ങനെ സഹായിക്കാം?
• അപര്യാപ്തതാബോധം മറികടക്കാൻ എന്തു സഹായിക്കും?
[25-ാം പേജിലെ ചിത്രം]
പുരുഷന്മാരുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ നിങ്ങൾ അവസരങ്ങൾ കണ്ടെത്താറുണ്ടോ?
[26-ാം പേജിലെ ചിത്രം]
പരിശോധനകൾ നേരിടാൻ ബൈബിൾ വിദ്യാർഥിയെ എങ്ങനെ ഒരുക്കാം?