അധ്യായം 4
ആദ്യം ലോകനാശം—അനന്തരം ലോകസമാധാനം
1-3. (എ) മാനുഷ നേതാക്കൻമാർ മുന്നറിയിപ്പ് നൽകുന്ന ലോകനാശം എന്താണ്? (ബി) നിലനിൽക്കുന്ന സമാധാനത്തിനും സുരക്ഷിതത്വത്തിനും വഴിയൊരുക്കുന്ന ലോക നാശമെന്നനിലയിൽ ബൈബിൾ പരാമർശിക്കുന്നത് അതിനെയല്ലാത്തതെന്തുകൊണ്ട്?
ബൈബിൾ പ്രവചനമനുസരിച്ച് മനുഷ്യവർഗ്ഗത്തിന് നിലനിൽക്കുന്ന സമാധാനം എന്നെങ്കിലും ആസ്വദിക്കാൻ കഴിയുന്നതിനു മുമ്പ് ആദ്യം ഒരു ലോകനാശം സംഭവിക്കേണ്ടതാണ്. (2 പത്രോസ് 3:5-7) എന്നാൽ അതു ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? എവിടെ നിന്നാണ് ആ നാശം വരുന്നത്? ഈ ഗ്രഹത്തിലെ മനുഷ്യർക്കു അത് എന്തർത്ഥമാക്കും?
2 ബൈബിൾ മുൻകൂട്ടിപ്പറയുന്ന ലോകനാശവും, ചില ലോകനേതക്കൻമാരും ശാസ്ത്രജ്ഞൻമാരും മററു ചിലരും മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുന്ന ആഗോള കൊടും വിപത്തും ഒന്നുതന്നെ അല്ലെന്ന് നാം ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അവർ പറയുന്ന അനർത്ഥം മലിനീകരണം പോലുളള കാര്യങ്ങളാലോ ന്യൂക്ലിയർ ആയുധ മത്സരത്താലോ അല്ലെങ്കിൽ ഇതു രണ്ടുംകൂടി ചേർന്നോ ഉളള മനുഷ്യനിർമ്മിതമായ ഒരു അനർത്ഥമായിരിക്കും. എന്നാൽ തീർച്ചയായും അത്തരം ഒരു കൊടും വിപത്ത് ഈ ഗ്രഹത്തിൻമേൽ നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുന്നതിനുളള യാതൊരു പ്രത്യാശയും അവശേഷിപ്പിക്കില്ല.
3 ജീവൻ അസാദ്ധ്യമാകത്തക്കവണ്ണം ഭൂമി നശിപ്പിക്കപ്പെട്ടിരിക്കും. ഉദാഹരണത്തിന്, അണുപ്രസരണം അല്ലെങ്കിൽ വിഭാവനം ചെയ്യപ്പെടുന്ന “ന്യൂക്ലിയർ ശൈത്യകാലം” മരിക്കുന്നവരുടേതിനേക്കാൾ മോശമായ അവസ്ഥയിൽ അല്ലെങ്കിൽ അതിനേക്കാൾ മെച്ചമല്ലാത്ത അവസ്ഥയിലുളള അതിജീവകരെ അവശേഷിപ്പിക്കും. കഷ്ടപ്പെടുന്നവരിൽ ഒന്നാമതായി ഉൾപ്പെടുന്നത് ദരിദ്രരായിരിക്കാനാണിടയെങ്കിലും അതിജീവനം മുഖ്യമായും ഒരു യാദൃശ്ചിക സംഗതിയായിരിക്കും. അത്തരം ഒരു വിപത്തിനെ അതിജീവിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാനുളള എന്തു പ്രത്യാശയാണ് നിങ്ങൾക്കുളളത്? നിങ്ങൾ അതിജീവിച്ചാൽതന്നെ, ഇപ്പോൾ നിലവിലിരിക്കുന്ന കലഹം നിറഞ്ഞ അനിശ്ചിതാവസ്ഥയിലേയ്ക്കു ജീവിതം വീണ്ടും വഴുതിപ്പോകയില്ലെന്നുളളതിന് എന്തു പ്രത്യാശയാണുളളത്?
ബൈബിൾ മുൻകൂട്ടപ്പറയുന്നവ പ്രത്യാശ നൽകുന്നു
4. ബൈബിൾ പറയുന്ന ലോകനാശത്തിൽ നശിപ്പിക്കപ്പെടാനിരിക്കുന്നതാർ?
4 ബൈബിൾ മുൻകൂട്ടിപ്പറയുന്ന ലോകനാശം വ്യത്യസ്തമായിരിക്കുന്നത് അതു വിവേചനയോടെയുളളതും ഉദ്ദേശ്യപൂർവ്വകവും ആയിരിക്കും എന്നതിനാലാണ്. അതു മനുഷോൽപന്നമായ മഠയത്തരങ്ങളുടെ പരമകാഷ്ഠയായി വരുന്ന ഒരു അനർത്ഥമായിരിക്കുകയില്ല. വിവേചനയില്ലാതെ മരണം കൈവരുത്തുന്നതിനു പകരം വാസ്തവത്തിൽ നാശം അർഹിക്കുന്നവരെ മാത്രം അതു ഭൂമിയിൽ നിന്ന് തുടച്ചുനീക്കും. ഇത്തരം ലോകനാശം സദൃശവാക്യങ്ങൾ 2:21,22-ലെ ദിവ്യതത്വത്തോട് ചേർച്ചയിലായിരിക്കും. “നേരുളളവരായിരിക്കും ദേശത്തു വസിക്കുന്നത്, നിഷ്കളങ്കൻമാരായിരിക്കും അതിൽ ശേഷിച്ചിരിക്കുന്നത്. എന്നാൽ ദുഷ്ടൻമാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും. ദ്രോഹികളെ സംബന്ധിച്ചാണെങ്കിൽ അവർ അതിൽ നിന്ന് പറിച്ചെറിയപ്പെടും.”
5, 6. (എ) ആ ലോകനാശകാലത്ത് ഭൂമിക്കു തന്നെ എന്തു സംഭവിക്കും? (ബി) ഈ കാര്യത്തിൽ അത് “നോഹയുടെ നാളുകൾ പോലെതന്നെ” ആയിരിക്കുന്നതെങ്ങനെ?
5 അപ്പോൾ നശിപ്പിക്കപ്പെടുന്നത് എന്തായിരിക്കും? ഭൂഗ്രഹവും അതിലുളള സകലതും മുഴുവനായി കത്തിനശിക്കും എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതായി അനേകർ വിചാരിക്കുന്നു. എന്നാൽ വസ്തുത ഇതല്ല. യേശുക്രിസ്തുതന്നെ പറഞ്ഞു: “സൗമ്യതയുളളവർ സന്തുഷ്ടരാകുന്നു. എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) തീർച്ചയായും ആ ‘അവകാശം’ ജീവികളൊന്നുമില്ലാത്ത ഒരു കരിക്കട്ടയായിരിക്കുകയില്ല! കൂടാതെ മനുഷ്യർക്കു വസിക്കാനുളള ഒരു സ്ഥലമായി ഭൂമി എന്നേയ്ക്കും നിലനിൽക്കുമെന്നുളള ദൈവത്തിന്റെ സുനിശ്ചിതമായ ഉറപ്പും ബൈബിൾ നൽകുന്നു.—സങ്കീർത്തനം 104:5; യെശയ്യാവ് 45:18; മത്തായി 6:9, 10.
6 ഇതിനോട് യോജിപ്പിൽ “മഹോപദ്രവം” കഴിഞ്ഞശേഷം ഭൂമിയിൽ അതിജീവകരായി ഉണ്ടായിരിക്കുന്നവരെ സംബന്ധിച്ചും ബൈബിൾ സംസാരിക്കുന്നു. യേശുക്രിസ്തു പറഞ്ഞു: “നോഹയുടെ നാളുകൾ പോലെതന്നെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യവും ആയിരിക്കും.” നോഹയുടെ കാലത്ത് ആഗോള നാശം സംഭവിച്ചപ്പോൾ അതിജീവകരും ഉണ്ടായിരുന്നു.—മത്തായി 24:21, 37; 2 പത്രോസ് 2:5, 9; വെളിപ്പാട് 7:9, 10, 13, 14.
7. ആ സമയത്ത് എന്താണവസാനിക്കുന്നത്?
7 എന്താണ് നശിപ്പിക്കപ്പെടുക? ഭൂമിയിൽ മനുഷ്യർ പടുത്തുയർത്തിയിരിക്കുന്ന ആഗോള വ്യവസ്ഥിതി—ദൈവത്തിങ്കലേയ്ക്കും ഭൂമിക്കുവേണ്ടിയുളള അവന്റെ വാഗ്ദത്ത ഭരണത്തിലേയ്ക്കും നോക്കുന്നതിനുപകരം ഈ വ്യവസ്ഥിതിയെ പിന്താങ്ങുന്ന സകലരും സഹിതം നശിപ്പിക്കപ്പെടും. (സങ്കീർത്തനം 73:27, 28) അതുകൊണ്ടാണ് “ലോകാവസാനം” എന്ന് ചില ബൈബിൾ ഭാഷാന്തരങ്ങളിൽ കാണുന്ന പദപ്രയോഗത്തിനു പകരം മററു ചില ഭാഷാന്തരങ്ങളിൽ കുറച്ചുകൂടി കൃത്യമായി “യുഗാന്ത്യം” (NE), “യുഗപരിസമാപ്തി” (RO), “വ്യവസ്ഥിതിയുടെ സമാപനം” (NW) എന്നും മററും തർജ്ജമ ചെയ്തിരിക്കുന്നത്.—മത്തായി 24:3.
8. (എ) ഏതുറവിൽ നിന്ന് നാശം വരും? (ബി) ഇന്നത്തെ ലോക വ്യവസ്ഥിതി ഏതവസ്ഥയിലെത്തുന്നതിന് മുൻപ് ഇത് സംഭവിക്കേണ്ടതാണ്?
8 വരാനിരിക്കുന്ന ലോകനാശത്തിന്റെ ഉറവ് മനുഷ്യരല്ല, മറിച്ച് യഹോവയാം ദൈവമായിരിക്കും. മനുഷ്യരുടെ അജ്ഞത, അബദ്ധം, അഴിമതി എന്നിവയുടെ ഫലമായുളള ആധുനിക നശീകരണ ഘടകങ്ങളായ മലിനീകരണം, ക്ഷാമം, ന്യൂക്ലിയർ ഭീകരത എന്നിവ പോലുളള കാര്യങ്ങളായിരിക്കില്ല ആ നാശം വരുത്തുന്നത്. പകരം, ഇവയൊക്കെ ഇന്നത്തെ ലോകവ്യവസ്ഥിതിയുടെ സ്വാർത്ഥതയ്ക്കും സമ്പൂർണ്ണ പരാജയത്തിനുമുളള തെളിവാണ്. അവ ഈ വ്യവസ്ഥിതിയെ പൂർണ്ണമായി നീക്കിക്കളയാൻ യഹോവയാം ദൈവത്തിന് ന്യായമായ കാരണം നൽകുന്നു. ഇന്നത്തെ ലോകം തകർച്ചയുടെ ഒരു ഘട്ടത്തിലെത്തുന്നതിനുമുമ്പ്, അല്ലെങ്കിൽ സ്വയം നശിപ്പിക്കുന്നതിനു മുമ്പ് അത്തരം ഒരു നടപടി എടുക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു. (വെളിപ്പാട് 11:17, 18) എന്നാൽ അത്തരം കഠിനമായ ഒരു നടപടി മാത്രമാണോ ഏക പരിഹാരമാർഗ്ഗം?
യഥാർത്ഥ സമാധാനം നടപ്പിൽ വരുത്തുന്നതിന് എന്തുകൊണ്ട് ഈ വ്യവസ്ഥിതി അവസാനിക്കണം
9, 10. ഇന്നത്തെ ലോകവ്യവസ്ഥിതിയുടെ വെറും നവീകരണത്തേക്കാൾ കർശനമായ എന്തെങ്കിലും ആവശ്യമാണെന്ന് മാനുഷ ചരിത്രം പ്രകടമാക്കുന്നതെങ്ങനെ?
9 ഈ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു പകരം ദൈവം ഇതിൽ ചില മാററങ്ങൾ വരുത്തിയാൽ മാത്രം മതി എന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ ദൈവം യഥാർത്ഥമായി ഇതിനെ പരിഷ്കരിക്കാൻ വയ്യാത്തതായി കാണുന്നു എന്ന് ബൈബിൾ പ്രകടമാക്കുന്നു.
10 നൂററാണ്ടുകളിലൂടെ മനുഷ്യർ വരുത്തിയ നിരവധി മാററങ്ങളെ സംബന്ധിച്ച് നിങ്ങൾ തന്നെ ഒന്നു ചിന്തിക്കുക. മനുഷ്യർ വികസിപ്പിച്ചെടുത്തിട്ടുളള എല്ലാ വ്യത്യസ്ത തരം ഗവൺമെൻറുകളെപ്പററിയും ചിന്തിക്കുക. നഗര രാജ്യങ്ങളും ഏക രാജവാഴ്ചകളും ജനാധിപത്യവും കമ്മ്യൂണിസ്ററ്, സോഷ്യലിസ്ററ് ഭരണങ്ങളും സ്വേച്ഛാധിപത്യങ്ങളും എല്ലാം ഉണ്ടായിരുന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെയോ, അട്ടിമറിയിലൂടെയോ, വിപ്ലവത്തിലൂടെയോ എത്ര കൂടെകൂടെ നിലവിലുളള ഭരണാധിപനോ ഗവൺമെൻറിനോ പകരം പുതിയവ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നോർക്കുക. എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. മനുഷ്യരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുന്ന ആത്മാർത്ഥതയുളള ആളുകൾപോലും, അവർതന്നെ എന്തിൽ കുരുങ്ങി കിടക്കുന്നുവോ ആ വ്യവസ്ഥിതിയാൽ തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെടുത്തപ്പെടുന്നതായി കാണുന്നു. പുരാതന കാലത്തെ ജ്ഞാനിയായ ഒരു ഭരണാധിപൻ തിരിച്ചറിഞ്ഞതുപോല മാനുഷശ്രമത്താൽ മാത്രം “വളച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്നത് നേരെയാക്കാൻ സാദ്ധ്യമല്ല.”—സഭാപ്രസംഗി 1:14, 15.
11-13. (എ) സകല മനുഷ്യവർഗ്ഗത്തിന്റെയും നൻമയ്ക്കുവേണ്ടി ഇന്നത്തെ വ്യവസ്ഥിതിയിൽ മാററങ്ങൾ വരുത്തുന്നതിൽ നിന്ന് മനുഷ്യരെ തടയുന്നതെന്ത്? (ബി) അതുകൊണ്ട് ആവശ്യമായിരിക്കുന്ന മാററത്തിന്റെ വ്യാപ്തിയെ എങ്ങനെ ചിത്രീകരിക്കാം?
11 ഉദാഹരണമായി, ലോകത്തിലെ നഗരങ്ങളെ അനേക പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നു. എന്നാൽ മനുഷ്യർക്ക് അവയെ എല്ലാം പൊളിച്ചുകളഞ്ഞിട്ട് ചുവടെ തുടങ്ങാൻ സാദ്ധ്യമല്ല. ലോകത്തിലെ മുഴു സാമ്പത്തികവും വ്യാവസായികവുമായ വ്യവസ്ഥിതിയെ സംബന്ധിച്ചും ഇതുതന്നെ സത്യമാണ്. സ്വാർത്ഥതാൽപര്യവും ദേശീയത്വവും മുഴു മനുഷ്യവർഗ്ഗത്തിന്റെയും നൻമയ്ക്കായുളള ഏതു യഥാർത്ഥ മാററത്തിന്റെയും അടിത്തറ മാന്തുകയും അതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
12 അതുകൊണ്ട് ഈ മുഴു വ്യവസ്ഥിതിയും ഉറപ്പില്ലാത്ത അടിസ്ഥാനത്തിൻമേൽ മോശമായ പ്ലാൻ അനുസരിച്ച് ന്യൂനതയുളള വസ്തുക്കൾകൊണ്ട് പണിയപ്പെട്ട ഒരു വീടുപോലെയാണ്. വീടിനുളളിലെ ഉപകരണങ്ങൾ പുന:ക്രമീകരിക്കുന്നതു കൊണ്ടോ വീടിന് രൂപമാററം വരുത്തുന്നതു കൊണ്ടോ എന്തുപ്രയോജനമാണുളളത്? അതു നിലനിൽക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ തുടരും, വീടു കൂടുതൽ കൂടുതൽ അധഃപതിക്കുകയും ചെയ്യും. ചെയ്യാവുന്ന ബുദ്ധിപൂർവ്വകമായ ഏക സംഗതി ആ വീടു വലിച്ചു പൊളിച്ചിട്ട് നല്ല അടിസ്ഥാനത്തിൻമേൽ മറെറാന്ന് പണിയുക എന്നതാണ്.
13 “പുതിയ വീഞ്ഞ് ആരും പഴയ തുരുത്തികളിൽ ഒഴിച്ചു വയ്ക്കാറില്ല” എന്ന് പറഞ്ഞപ്പോൾ യേശു ഏതാണ്ട് ഇതിനോട് സാമ്യമുളള ഒരു ഉദാഹരണമാണ് ഉപയോഗിച്ചത്. പുതിയ വീഞ്ഞു നിമിത്തം പഴയ തുകൽ പാത്രം പൊട്ടിപോകും. (മത്തായി 9:17) അതുകൊണ്ട് താൻ ഏതിൻ കീഴിൽ ജീവിച്ചുവോ ആ യഹൂദ വ്യവസ്ഥിതിയെ പരിഷ്കരിക്കാൻ അവൻ ശ്രമിച്ചില്ല. പകരം സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള ഏക പ്രത്യാശ എന്ന നിലയിൽ അവൻ ദൈവരാജ്യം പ്രസംഗിച്ചു. (ലൂക്കോസ് 8:1; 11:2; 12:31) അതുപോലെതന്നെ നമ്മുടെ ഈ നാളുകളിൽ ഈ വ്യവസ്ഥിതിയെ യഹോവ പുനർക്രമീകരിക്കുകയില്ല. കാരണം അതു നിലനിൽക്കുന്ന യാതൊരു പ്രയോജനവും കൈവരുത്തുകയില്ല.
14. പുതിയ നിയമങ്ങളുടെ പാസാക്കൽ ആളുകൾ നീതിയെ സ്നേഹിക്കാനിടയാക്കുമോ?
14 നിയമ നിർമ്മാണം കൊണ്ട് മനുഷ്യരുടെ ഹൃദയത്തിലേക്ക് നീതി കടത്തിവിടാൻ കഴിയില്ല എന്ന സത്യത്തിന് ദൈവവചനം ഊന്നൽ കൊടുക്കുന്നു. അവർക്ക് നീതിയായതിനോട് സ്നേഹമില്ലെങ്കിൽ എത്രയെല്ലാം നിയമങ്ങൾ നിർമ്മിച്ചാലും നീതി അവരുടെ ഹൃദയങ്ങളിൽ പ്രവേശിക്കില്ല. യെശയ്യാവ് 26:10-ൽ നാം വായിക്കുന്നു: “ദുഷ്ടനോട് കൃപകാണിച്ചാലും അവൻ നീതി പഠിക്കയില്ല. നേരുളള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.”—സദൃശവാക്യങ്ങൾ 29:1 താരതമ്യം ചെയ്യുക.
15, 16. അനേകമാളുകളുടെ ഭാഗത്തെ നീതിസ്നേഹത്തിന്റെ അഭാവം ദൈവേഷ്ടത്തോടുളള അവരുടെ പ്രതികരണത്തിൽ പ്രകടമാകുന്നതെങ്ങനെ?
15 ഇന്നത്തെ ഈ വ്യവസ്ഥിതിയുടെ പരാജയങ്ങളും തിൻമകളും ഗണ്യമാക്കാതെ അനേകമാളുകൾ ഇതോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നത് എന്നതാണ് കഠിനമായ വസ്തുത. നീതിയിലേക്കു തിരിയുന്നതിനും ദൈവത്തിൽനിന്നുളള ഭരണത്തിന് കീഴ്പ്പെടുന്നതിനും അവർ ആഗ്രഹിക്കുന്നില്ല. ഈ ലോകത്തിലെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അഴിമതിയും, അതിലെ യുദ്ധങ്ങളുടെ നിഷ്ഫലതയും അതിലെ മതങ്ങളുടെ കപടഭക്തിയും അതിലെ സാങ്കേതിക ജ്ഞാനം പരിഹരിച്ചിട്ടുളളതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവും അവർ കാണുന്നുണ്ടായിരിക്കാം. എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥ നിലനിർത്തുന്നതിൽ തല്പരരായിരിക്കുന്ന രാഷ്ട്രീയവും മതപരവുമായ നേതാക്കളാൽ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വ്യാജമായ ഒരു തോന്നലിൽ മയക്കിയിടപ്പെടുന്നതിനെ അവർ ഇഷ്ടപ്പെടുന്നു. അവർ, പിൻവരുന്നപ്രകാരം ദൈവം ആരെപ്പററിപ്പറഞ്ഞുവോ ആ യിസ്രായേല്യരെപ്പോലെയാണ്. “പ്രവാചകൻമാർ തന്നെ വാസ്തവത്തിൽ വ്യാജം പ്രവചിക്കുന്നു; പുരോഹിതൻമാരാണെങ്കിൽ, അവർ തങ്ങളുടെ അധികാരങ്ങൾക്കനുസൃതമായി കീഴടക്കാൻ പുറപ്പെടുന്നു. എന്റെ സ്വന്ത ജനത്തിന് ആ നടപടി ഇഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ അതിന്റെ അവസാനത്തിൽ നിങ്ങൾ എന്തുചെയ്യും?”—യിരെമ്യാവ് 5:31; യെശയ്യാവ് 30:12, 13.
16 തങ്ങളുടെ തന്നെയും തങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യവും സുരക്ഷിതത്വവും അപകടത്തിലാക്കുന്ന ദുസ്വഭാവമുളള ആളുകളെപ്പററി ഒരുപക്ഷേ നിങ്ങൾക്കറിയാമായിരിക്കാം. എന്നാൽ മാററം വരുത്തുന്നതിന് അവരെ സഹായിക്കാനുളള സകല ശ്രമങ്ങളെയും അവർ ചെറുക്കുന്നു. എന്നാൽ ആളുകൾ ദൈവത്തിന്റെ ബുദ്ധിയുപദേശവും മാർഗ്ഗനിർദ്ദേശവും ചെറുക്കുമ്പോൾ സംഗതി വളരെയേറെ ഗൗരവതരമാണ്. അങ്ങനെ ചെയ്യുന്നവർ സത്യത്തെയും നീതിയെയും വാസ്തവത്തിൽ സ്നേഹിക്കുന്നില്ല എന്ന് പ്രകടമാക്കുന്നു. അവരെപ്പററി യേശു പറഞ്ഞു: “ഈ ജനത്തിന്റെ ഹൃദയം സ്വീകാര്യക്ഷമതയില്ലാത്തതായി തീർന്നിരിക്കുന്നു. പ്രതികരണമില്ലാതെ അവർ തങ്ങളുടെ ചെവികൾകൊണ്ട് കേൾക്കുന്നു; അവർ അവരുടെ കണ്ണുകൾ അടച്ചിരിക്കുന്നു; അവർ കണ്ണുകൾകൊണ്ട് കാണാതെയും ചെവികൾ കൊണ്ട് കേൾക്കാതെയും ഹൃദയം കൊണ്ട് ഗ്രഹിക്കാതെയും തിരിഞ്ഞുകൊളളാതെയും [ദൈവം] അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ.”—മത്തായി 13:15.
17. മനുഷ്യവർഗ്ഗത്തിൻമേൽ നാശം കൈവരുത്തുന്നതിൽ ദൈവം സന്തോഷിക്കുന്നില്ലെന്നുളളത് സത്യമാണെങ്കിൽ, അവൻ അതു ചെയ്യാൻ പോകുന്നതെന്തുകൊണ്ട്?
17 ഉചിതമായും ദൈവത്തിന്റെ ക്ഷമയ്ക്കും കരുണയ്ക്കും അതിരുണ്ട്. ഇല്ലെങ്കിൽ നീതിമാൻമാരോടുളള അവന്റെ സ്നേഹം എവിടെയായിരിക്കും? ദുഷ്ടത ഈ ഭൂമിയിൽ വരുത്തുന്ന കഷ്ടപ്പാടിൽ നിന്നുളള മോചനത്തിനുവേണ്ടിയുളള അവരുടെ അപേക്ഷകൾ അവന് കേൾക്കാതിരിക്കാൻ സാദ്ധ്യമല്ല. (ലൂക്കോസ് 18:7, 8; സദൃശവാക്യങ്ങൾ 29:2, 16) അതുകൊണ്ട് സാഹചര്യങ്ങൾ ലോകനാശം ആവശ്യമാക്കിത്തീർക്കുന്നു. ദൈവം ശരിയും നീതിയുമായതിനോട് വിശ്വസ്തനായി തുടരുകയും ശരിയായതിനെ സ്നേഹിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യണമെങ്കിൽ അവൻ അങ്ങനെ ചെയ്യാൻ സാഹചര്യങ്ങൾ അവനെ കടപ്പാടുളളവനാക്കുന്നു. എന്നാൽ ഇതു മനുഷ്യവർഗ്ഗത്തിൻമേൽ നാശം വരുത്തുന്നതിൽ ദൈവം സന്തോഷിക്കുന്ന സംഗതിയല്ല. “‘ദുഷ്ടനായ ആരെങ്കിലും തന്റെ വഴികളിൽ നിന്ന് പിന്തിരിഞ്ഞ് യഥാർത്ഥത്തിൽ തുടർന്ന് ജീവിക്കുന്നതിനല്ലാതെ അവന്റെ മരണത്തിൽ ഞാൻ സന്തോഷിക്കുന്നുണ്ടോ?’ എന്നാണ് പരമാധീശ കർത്താവായ യഹോവയുടെ അരുളപ്പാട്. . . . ‘അതുകൊണ്ട് ജനങ്ങളെ ഒരു പിന്തിരിയലിനിടയാക്കിക്കൊണ്ട് തുടർന്നു ജീവിക്കുക.’”—യെഹെസ്ക്കേൽ 18:23, 32.
18. ശരിയായതിനെ സ്നേഹിക്കുന്ന ആളുകളെ അരക്ഷിതാവസ്ഥയിൽ നിന്ന് വീണ്ടെടുക്കുന്നതിന് കൊടുക്കേണ്ട വിലയെന്ത്?
18 അതുകൊണ്ട് നീതിയെ സ്നേഹിക്കുന്നവരെ, അരക്ഷിതാവസ്ഥയിൽ നിന്നും കഷ്ടപ്പാടിൽനിന്നും വീണ്ടെടുക്കാൻ കൊടുക്കേണ്ട വിലയാണ് ഈ വ്യവസ്ഥിതിയെ ഇഷ്ടപ്പെടുന്നവരുടെ നാശം. ഇത് “ദുഷ്ടൻ നീതിമാന് ഒരു മറുവിലയാകുന്നു” എന്ന ബൈബിൾ തത്വത്തോട് ചേർച്ചയിലാണ്.—സദൃശവാക്യങ്ങൾ 21:18; യെശയ്യാവ് 41:1, 3, 4. താരതമ്യം ചെയ്യുക.
പ്രയോജനകരമായ ഫലങ്ങൾ
19. ഈ വ്യവസ്ഥിതിയുടെ നാശത്താൽ ലോകസമാധാനത്തിന്റെ ഏതു തടസ്സങ്ങൾ നീക്കപ്പെടും?
19 ഇന്നത്തെ വ്യവസ്ഥിതിയുടെയും അതിന്റെ പിന്തുണക്കാരുടെയും നാശം ഭൂവ്യാപകമായി നീതിയുളള ഒരു പുതിയ വ്യവസ്ഥിതിക്ക് അനുവദിക്കും. അതിൽ ജീവിക്കുന്നവർക്ക് സ്വാർത്ഥപരമായ മത്സരത്തോടെയല്ല ഒന്നിച്ച്, ഐക്യത്തിൽ വേല ചെയ്യാൻ കഴിയും. വിഭാഗീയ ദേശീയാതിർത്തികളും രാഷ്ട്രീയാതിരുകളും ഇല്ലാതാകും. സൈനീകച്ചെലവിന്റെ ഞെരുക്കുന്ന ഭാരം പൊയ്പ്പോയിരിക്കും. മനുഷ്യവർഗ്ഗം ഒരു ഏകീകൃത കുടുംബമായിരിക്കുന്നതിന് തടസ്സമായിട്ടുളള സാമൂഹ്യപ്രതിബന്ധങ്ങളും ഇല്ലാതാകും. ഇതിലെല്ലാമുളള ജീവൽപ്രധാനമായ ഘടകം അന്നു ജീവിക്കുന്ന എല്ലാവരും “സത്യത്തിലും ആത്മാവിലും” ദൈവത്തെ ആരാധിച്ചുകൊണ്ട് പരസ്പരം സത്യത്തിന്റെ ‘ശുദ്ധമായ ഏകഭാഷ’ സംസാരിക്കും എന്നുളളതാണ്. ഇത് അവരെ ഭിന്നിപ്പിക്കുന്ന മതപരമായ അന്ധവിശ്വാസങ്ങളിൽനിന്നും പാരമ്പര്യങ്ങളിൽ നിന്നും മനുഷ്യനിർമ്മിത വിശ്വാസപ്രമാണങ്ങളിൽ നിന്നും സ്വതന്ത്രരായി സംരക്ഷിക്കും.—സെഫന്യാവ് 3:8, 9; യോഹന്നാൻ 4:23, 24.
20. എഴുപത്തിരണ്ടാം സങ്കീർത്തനത്തിൽ സൂചിപ്പിക്കപ്പെടുന്നതുപോലെ ഭൂവ്യാപകമായി ഏതവസ്ഥ നിലവിൽ വരും?
20 തന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരമുളള ദൈവത്തിന്റെ ഗവൺമെൻറ് സർവ്വഭൂമിമേലും പൂർണ്ണമായ അധികാരം പ്രയോഗിക്കുമ്പോൾ ബൈബിളിലെ പുരാതന സങ്കീർത്തനത്തിന് നിവൃത്തി ഉണ്ടാകും: “അവന്റെ നാളുകളിൽ നീതിമാൻമാർ തഴയ്ക്കും, ചന്ദ്രനില്ലാതാകും വരെ സമാധാന സമൃദ്ധിയും. അവന് സമുദ്രം മുതൽ സമുദ്രം വരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾ വരെയും പ്രജകൾ ഉണ്ടായിരിക്കും.”—സങ്കീർത്തനം 72:7, 8.
21. വരാനിരിക്കുന്ന ലോക നാശത്തിൽനിന്ന് ഭൂമിക്കുതന്നെ എങ്ങനെ പ്രയോജനം ലഭിക്കും?
21 വരാനിരിക്കുന്ന ലോകനാശത്തിൽ നിന്ന് ഭൂമി പ്രയോജനം അനുഭവിക്കും. അതുമേലാൽ അത്യാഗ്രഹികളായ മലിനീകരണക്കാരാലോ നിർദ്ദയരായ വിനാശകരാലോ വികലമാക്കപ്പെടുകയില്ല. തടാകങ്ങളും നദികളും സമുദ്രങ്ങളും അന്തരീക്ഷവും അവയിലേയ്ക്കു ഒഴുക്കപ്പെട്ട മാലിന്യത്തിൽ നിന്ന് മോചനം നേടുകയും സ്വയം ശുദ്ധീകരിക്കുകയും ചെയ്യും. ഇപ്രകാരം തങ്ങളുടെ സ്വന്തം സ്രഷ്ടാവിന്റെ മഹത്ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞ ശുദ്ധവും ഉദ്യാനതുല്യവുമായ ഒരു ഗ്രഹം ഉണ്ടായിരിക്കാനുളള തന്റെ ഉദ്ദേശ്യം താൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ദൈവം പ്രകടമാക്കും.—ഉൽപത്തി 1:26-28; യെശയ്യാവ് 45:18; 55:10, 11.
22. അത്തരം നാശം വരുത്തുന്നത് ദൈവം ‘സമാധാനത്തിന്റെ ദൈവ’മായിരിക്കുന്നതിനോട് പരസ്പര യോജിപ്പിലായിരിക്കുന്നതെങ്ങനെ?
22 അതുകൊണ്ട് ദൈവം ലോകനാശം വരുത്തുന്നത് അവൻ ‘സമാധാനത്തിന്റെ ദൈവ’മായിരിക്കുന്നതിന് വിരുദ്ധമല്ല. അതു യേശു “സമാധാനപ്രഭു” ആയിരിക്കുന്നതിനും വിരുദ്ധമല്ല. അവരുടെ സമാധാന പ്രിയവും നീതിപ്രിയവും നിമിത്തമാണ് ഭൂമിയെ ശുദ്ധവും നീതിയുളളതുമായ ഒരവസ്ഥയിലേയ്ക്കു പുനഃസ്ഥിതീകരിക്കാൻ അവൻ ഈ നടപടി സ്വീകരിക്കുന്നത്.—1 കൊരിന്ത്യർ 14:33; യെശയ്യാവ് 9:6, 7.
23, 24. നാം സമാധാനവും സുരക്ഷിതത്വവുമുളള ഒരു ഭാവി ആസ്വദിക്കണമെങ്കിൽ നാം ഇപ്പോൾ വ്യക്തിപരമായി എന്തു ചെയ്യുന്നത് ജീവൽ പ്രധാനമാണ്?
23 അപ്പോൾ വ്യക്തികൾ എന്നനിലയിൽ നാം എന്തു ചെയ്യണം? ദൈവത്തിന്റെ നിർദ്ദേശങ്ങളെ അവഗണിക്കുന്നവർ ഭാവിക്കുവേണ്ടിയുളള അവരുടെ പ്രത്യാശകൾ “മണലിൻമേൽ” ആണ് പണിയുന്നതെന്നും അത്തരം കെട്ടിടം വരാൻ പോകുന്ന വിനാശകരമായ കൊടുങ്കാററുകളെ ചെറുത്തു നിൽക്കുകയില്ലെന്നും യേശു പ്രകടമാക്കി. നമുക്ക് സമാധാനപരവും സുരക്ഷിതവുമായ ഒരു ഭാവി ഉണ്ടായിരിക്കുന്നതിന് നമ്മുടെ പ്രത്യാശകളെ ദൈവവചനത്തോടുളള അനുസരണത്തിൻമേൽ പണിയേണ്ടതിന്റെ ജീവൽപ്രധാനമായ ആവശ്യം അവൻ കാണിച്ചുതന്നു.—മത്തായി 7:24-27.
24 എന്നാൽ ദുഷ്ടതയും കഷ്ടപ്പാടും അവസാനിപ്പിക്കുന്നതിന് എന്തുകൊണ്ടാണ് ദൈവം ഇത്രകാലം കാത്തിരുന്നത്? ബൈബിൾ ഈ ചോദ്യത്തിന് ഉത്തരം നൽകുകയും തന്റെ ഉദ്ദേശ്യം പ്രാവർത്തികമാക്കുന്നതിൽ കഴിഞ്ഞ നൂററാണ്ടിലെല്ലാം ദൈവം ചെയ്തുകൊണ്ടിരുന്നതെന്തെന്ന് കാണിച്ചുതരികയും ചെയ്യുന്നു.
[37-ാം പേജിലെ ചിത്രം]
ആളുകൾ പ്രളയത്തെ അതിജീവിച്ചതുപോലെ “മഹോപദ്രവത്തിലും” അതിജീവകരുണ്ടായിരിക്കും