ക്രിസ്തീയ സ്ത്രീകൾ ബഹുമാനവും ആദരവും അർഹിക്കുന്നു
“ഭർത്താക്കൻമാരേ, . . . വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം . . . എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.”—1 പത്രൊസ് 3:7.
1, 2. (എ) യേശു ശമര്യ സ്ത്രീയുമായി കിണറ്റിനരികെവെച്ചു നടത്തിയ സംഭാഷണം എന്തു താത്പര്യത്തെ ഉണർത്തി, എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.) (ബി) ശമര്യ സ്ത്രീയുമായി സംസാരിച്ചതിലൂടെ യേശു എന്താണു പ്രകടമാക്കിയത്?
പൊ.യു. (പൊതുയുഗം) 33-ന്റെ അവസാനത്തോടടുത്ത ഒരു മധ്യാഹ്നവേള. സുഖാർ പട്ടണത്തിനു സമീപമുള്ള ഒരു പുരാതന കിണറ്റിനരികെവെച്ച് യേശു സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ചു തനിക്കു തോന്നിയ സംഗതി വെളിപ്പെടുത്തി. കുന്നും മേടും നിറഞ്ഞ ശമര്യയിൽകൂടി പ്രഭാതസമയത്തു യാത്രചെയ്ത് ക്ഷീണിച്ചും വിശന്നും ദാഹിച്ചുമാണ് അവൻ ആ കിണറ്റിങ്കൽ എത്തിയത്. അവൻ കിണറ്റിനരികെ ഇരിക്കുമ്പോൾ ഒരു ശമര്യ സ്ത്രീ വെള്ളം കോരുവാൻ വന്നു. “എനിക്ക് അൽപ്പം കുടിക്കാൻ തരിക,” യേശു അവളോടു പറഞ്ഞു. ആ സ്ത്രീ അത്ഭുതസ്തബ്ധയായി യേശുവിനെ തുറിച്ചു നോക്കിയിരിക്കണം. അവൾ ചോദിച്ചു: “നീ ഒരു യഹൂദനായിരിക്കെ ഒരു ശമര്യാക്കാരിയായ എന്നോടു കുടിക്കാൻ ചോദിക്കുന്നതെങ്ങനെ?” ഭക്ഷ്യവസ്തുക്കൾ വാങ്ങി തിരിച്ചെത്തിയ ശിഷ്യൻമാർ യേശു എന്തുകൊണ്ടാണ് ‘ഒരു സ്ത്രീയോടു സംസാരിക്കുന്നത്’ എന്നോർത്ത് ആശ്ചര്യപ്പെട്ടു.—യോഹന്നാൻ 4:4-9, 27, NW.
2 ആ സ്ത്രീ അപ്രകാരം ചോദിക്കാനും ശിഷ്യൻമാരിൽ താത്പര്യം ജനിക്കാനും ഇടയാക്കിയതെന്താണ്? അവൾ ഒരു ശമര്യാക്കാരി ആയിരുന്നു, യഹൂദൻമാർക്ക് ശമര്യരുമായി യാതൊരു സമ്പർക്കവുമില്ലായിരുന്നു. (യോഹന്നാൻ 8:48) എന്നാൽ പരിചിന്തന അർഹിക്കുന്ന മറ്റൊരു കാരണവുമുണ്ടായിരുന്നു എന്നതു സ്പഷ്ടമാണ്. അക്കാലത്ത്, റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു പൊതു സ്ഥലത്തുനിന്നു പുരുഷൻമാർക്കു സ്ത്രീകളോടു സംസാരിച്ചുകൂടായിരുന്നു.a എന്നിട്ടും, യേശു ആത്മാർഥതയുള്ള ആ സ്ത്രീയോടു പരസ്യമായി പ്രസംഗിച്ചു, താൻ മിശിഹായാണെന്ന് അവൻ വെളിപ്പെടുത്തുകപോലും ചെയ്തു. (യോഹന്നാൻ 4:25, 26) അങ്ങനെ, സ്ത്രീകളെ തരംതാഴ്ത്തുന്നതുൾപ്പെടെയുള്ള തിരുവെഴുത്തുവിരുദ്ധമായ പാരമ്പര്യങ്ങളിൽ താൻ കെട്ടുപിണഞ്ഞു കിടക്കുകയില്ലെന്നു യേശു വെളിപ്പെടുത്തി. (മർക്കൊസ് 7:9-13) നേരേമറിച്ച്, സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്നു തന്റെ പ്രവൃത്തിയിലൂടെയും പഠിപ്പിക്കലിലൂടെയും യേശു പ്രകടമാക്കി.
യേശു സ്ത്രീകളോടു പെരുമാറിയ വിധം
3, 4. (എ) തന്റെ വസ്ത്രത്തിൽ തൊട്ട സ്ത്രീയോടു യേശു എങ്ങനെയാണു പ്രതികരിച്ചത്? (ബി) ക്രിസ്തീയ പുരുഷൻമാർക്ക്, പ്രത്യേകിച്ചും മേൽവിചാരകൻമാർക്ക്, യേശു ഒരു നല്ല മാതൃകവെച്ചതെങ്ങനെ?
3 യേശു സ്ത്രീകളോടു പെരുമാറിയ വിധത്തിൽനിന്ന് ആളുകളോടുള്ള അവന്റെ ആർദ്രാനുകമ്പ വെളിപ്പെടുകയുണ്ടായി. ഒരു സാഹചര്യത്തിൽ, 12 വർഷമായി രക്തസ്രാവത്താൽ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു സ്ത്രീ ആൾക്കൂട്ടത്തിനിടയിൽ യേശുവിനെ തിരഞ്ഞെത്തി. ആചാരപരമായി അശുദ്ധയായിരുന്നു അവൾ, തൻമൂലം അവൾ അവിടെ വരരുതായിരുന്നു. (ലേവ്യപുസ്തകം 15:25-27) എന്നാൽ ഗത്യന്തരമില്ലാതെ അവൾ യേശുവിന്റെ പിന്നാലെ പതുങ്ങി നടന്നു. അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ അവൾ തത്ക്ഷണം സുഖം പ്രാപിച്ചു! യായീറോസിന്റെ മകൾ അതിഗുരുതരാവസ്ഥയിൽ രോഗം ബാധിച്ചുകിടന്നിരുന്നതിനാൽ അവന്റെ വീട്ടിലേക്കു പോവുകയായിരുന്നു യേശു. എന്നിട്ടും അവൻ വഴിയിൽ നിന്നു. തന്നിൽനിന്നു ശക്തി പുറപ്പെട്ടതായി ഗ്രഹിച്ച അവൻ തന്നെ തൊട്ടതാരാണെന്നറിയാൻ ചുറ്റും നോക്കി. ഒടുവിൽ, ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് അവന്റെ മുന്നിൽ വന്നു വീണു. ജനക്കൂട്ടത്തിനിടയിൽ ആയിരിക്കുകയും അനുവാദം കൂടാതെ തന്റെ വസ്ത്രത്തിൽ തൊടുകയും ചെയ്തതിനു യേശു അവളോടു ദേഷ്യപ്പെട്ടോ? നേരേമറിച്ച്, അവൻ ഊഷ്മളതയും ദയയുമുള്ളവനാണെന്ന് അവൾ കണ്ടെത്തി. “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു,” അവൻ പറഞ്ഞു. യേശു ഒരു സ്ത്രീയെ “മകളേ” എന്നു നേരിട്ട് വിളിച്ച ഏക സന്ദർഭം ഇതു മാത്രമായിരുന്നു. ആ വാക്കുകൾ അവൾക്ക് എത്ര സാന്ത്വനദായകമായിരുന്നിരിക്കണം!—മത്തായി 9:18-22; മർക്കൊസ് 5:21-34.
4 യേശു നിയമത്തിന്റെ മുനയിൽ കടിച്ചുതൂങ്ങിയില്ല. അവൻ അതിനു പിന്നിലെ യഥാർഥ അർഥമെന്തെന്നു കണ്ടു, കൂടാതെ, കരുണയുടെയും അനുകമ്പയുടെയും ആവശ്യകതയും അവൻ തിരിച്ചറിഞ്ഞു. (താരതമ്യം ചെയ്യുക: മത്തായി 23:23.) യേശു രോഗബാധിതയായ ആ സ്ത്രീയുടെ ഗതിമുട്ടിയ അവസ്ഥ മനസ്സിലാക്കുകയും അവൾ വിശ്വാസത്താൽ പ്രേരിതയാവുകയായിരുന്നുവെന്നു കണക്കിലെടുക്കുകയും ചെയ്തു. അങ്ങനെ അവൻ ക്രിസ്തീയ പുരുഷൻമാർക്ക്, പ്രത്യേകിച്ചും മേൽവിചാരകൻമാർക്ക്, ഒരു നല്ല മാതൃകവയ്ക്കുകയുണ്ടായി. ഒരു ക്രിസ്തീയ സഹോദരി വ്യക്തിപരമായ പ്രശ്നങ്ങളോ ബുദ്ധിമുട്ടേറിയതോ പീഡാകരമായതോ ആയ ഒരു സാഹചര്യമോ അഭിമുഖീകരിക്കുന്നുവെങ്കിൽ മൂപ്പൻമാർ വാക്കുകൾക്കും പ്രവൃത്തികൾക്കും അപ്പുറം നോക്കണം. സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും പരിഗണനയിലെടുക്കണം. ഗുണദോഷിക്കലിനും തിരുത്തലിനും പകരം ക്ഷമയും സഹാനുഭൂതിയും അനുകമ്പയുമാണ് ആവശ്യമായിരിക്കുന്നതെന്ന് അത്തരം ഉൾക്കാഴ്ച സൂചിപ്പിച്ചേക്കാം.—സദൃശവാക്യങ്ങൾ 10:19; 16:23; 19:11.
5. (എ) റബ്ബിമാരുടെ പാരമ്പര്യങ്ങൾ ഏതു വിധത്തിലാണു സ്ത്രീകൾക്കു പ്രതിബന്ധം സൃഷ്ടിച്ചത്? (അടിക്കുറിപ്പു കാണുക.) (ബി) പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ആദ്യം കാണുകയും അതേപ്പറ്റി സാക്ഷ്യം നൽകുകയും ചെയ്തത് ആർ?
5 യേശു ഭൂമിയിലുണ്ടായിരുന്നപ്പോൾ, റബ്ബിമാരുടെ പാരമ്പര്യങ്ങളുടെ ചുഴിയിൽ അകപ്പെട്ടുപോയിരുന്നതിനാൽ, നിയമാനുസൃതമായി സാക്ഷ്യം നൽകുന്നതിനു സ്ത്രീകൾക്ക് അനുവാദമില്ലായിരുന്നു.b പൊ.യു. 33 നീസാൻ 16-ാം തീയതി രാവിലെ യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ട ഉടനെ എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ആദ്യം കാണുകയും തങ്ങളുടെ കർത്താവ് ഉയിർപ്പിക്കപ്പെട്ടുവെന്നു മറ്റു ശിഷ്യൻമാർക്കു സാക്ഷ്യം നൽകുകയും ചെയ്യാൻപോകുന്നത് ആരായിരിക്കും? അത് യേശുവിനെ സ്തംഭത്തിലേറ്റിയ സ്ഥലത്ത് അവൻ മരിക്കുന്നതുവരെ നിന്നിരുന്ന സ്ത്രീകളായിരുന്നു.—മത്തായി 27:55, 56, 61.
6, 7. (എ) കല്ലറയ്ക്കൽ വന്ന സ്ത്രീകളോട് യേശു എന്തു പറഞ്ഞു? (ബി) യേശുവിന്റെ പുരുഷന്മാരായ ശിഷ്യൻമാർ സ്ത്രീകളുടെ സാക്ഷ്യത്തോട് ആദ്യം പ്രതികരിച്ചതെങ്ങനെ, ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
6 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതിരാവിലെ മഗ്ദലക്കാരത്തി മറിയയും മറ്റു സ്ത്രീകളും യേശുവിന്റെ ശരീരത്തിൽ പൂശേണ്ടതിനു സുഗന്ധക്കൂട്ടുകളുമായി കല്ലറയ്ക്കൽ ചെന്നു. കല്ലറ ശൂന്യമായിരിക്കുന്നതുകണ്ടു പത്രോസിനോടും യോഹന്നാനോടും ആ വിവരം പറയാൻ മറിയ ഓടിപ്പോയി. മറ്റേ സ്ത്രീകൾ അവിടെത്തന്നെ നിന്നു. പെട്ടെന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് യേശു ഉയിർത്തെഴുന്നേറ്റതായി അവരോടു പറഞ്ഞു. “വേഗം ചെന്നു അവന്റെ ശിഷ്യൻമാരോടു പറവിൻ” എന്നു ദൂതൻ അവരോടു നിർദേശിച്ചു. ഈ സ്ത്രീകൾ വിവരം അറിയിക്കുവാൻ ഓടിപ്പോകുമ്പോൾ യേശുതന്നെയും അവർക്കു പ്രത്യക്ഷനായി. “പോയി എന്റെ സഹോദരന്മാരോടു . . . പറവിൻ,” അവൻ അവരോടു പറഞ്ഞു. (മത്തായി 28:1-10; മർക്കൊസ് 16:1, 2; യോഹന്നാൻ 20:1, 2) ദൂതൻ പ്രത്യക്ഷനായ വിവരം മഗ്ദലക്കാരത്തി മറിയ അറിഞ്ഞിരുന്നില്ല, അടക്കാനാവാത്ത ദുഃഖത്തോടെ അവൾ ശൂന്യമായ കല്ലറയിലേക്കു മടങ്ങി. അവിടെവച്ച് യേശു അവൾക്കു പ്രത്യക്ഷനായി, അവൾ ഒടുവിൽ അവനെ തിരിച്ചറിഞ്ഞപ്പോൾ അവൻ പറഞ്ഞു: “നീ എന്റെ സഹോദരൻമാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.”—യോഹന്നാൻ 20:11-18; താരതമ്യം ചെയ്യുക: മത്തായി 28:9, 10.
7 യേശുവിനു പത്രോസിനോ യോഹന്നാനോ പുരുഷൻമാരായ മറ്റേതെങ്കിലും ശിഷ്യൻമാർക്കോ ആദ്യം പ്രത്യക്ഷപ്പെടാമായിരുന്നു. അതിനുപകരം, തന്റെ പുനരുത്ഥാനത്തിന്റെ പ്രഥമ ദൃക്സാക്ഷികളാക്കിക്കൊണ്ടും അതേപ്പറ്റി തന്റെ പുരുഷ ശിഷ്യൻമാർക്കു സാക്ഷ്യം നൽകാനുള്ള നിയോഗം നൽകിക്കൊണ്ടും ഈ സ്ത്രീകളെ ബഹുമാനിക്കാൻ അവൻ ആഗ്രഹിച്ചു. പുരുഷൻമാർ ആദ്യം പ്രതികരിച്ചതെങ്ങനെയാണ്? “ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല” എന്നു രേഖ പറയുന്നു. (ലൂക്കൊസ് 24:11) ആ സാക്ഷ്യം സ്ത്രീകൾ നൽകിയതു കൊണ്ടാണോ അവർക്കു വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നിയത്? അങ്ങനെയെങ്കിൽ, യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നതിനു സമൃദ്ധമായ തെളിവ് അവർക്കു ക്രമേണ ലഭിച്ചു. (ലൂക്കൊസ് 24:13-46; 1 കൊരിന്ത്യർ 15:3-8) ഇന്ന്, ക്രിസ്തീയ പുരുഷൻമാർ തങ്ങളുടെ ക്രിസ്തീയ സഹോദരിമാരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുമ്പോൾ അവർ ബുദ്ധിപൂർവം പ്രവർത്തിക്കുകയാണു ചെയ്യുന്നത്.—താരതമ്യം ചെയ്യുക: ഉല്പത്തി 21:12.
8. സ്ത്രീകളുമായി ഇടപെട്ട വിധത്തിലൂടെ യേശു എന്തു വ്യക്തമാക്കി?
8 യേശു സ്ത്രീകളുമായി ഇടപെട്ട വിധം വാസ്തവത്തിൽ ഹൃദയോഷ്മളമാണ്. സ്ത്രീകളുമായുള്ള ഇടപെടലുകളിൽ അവൻ സദാ അനുകമ്പയുള്ളവനും തികച്ചും സമചിത്തതയുള്ളവനുമായിരുന്നു, മാത്രമല്ല, അവൻ അവരെ ഒരിക്കലും ഉയർത്തിപ്പിടിക്കുകയോ നിസ്സാരീകരിക്കുകയോ ചെയ്തില്ല. (യോഹന്നാൻ 2:3-5) സ്ത്രീകളുടെ മാന്യതയിൽ കരിതേക്കുകയും ദൈവത്തിന്റെ വചനം അസാധുവാക്കുകയും ചെയ്ത റബ്ബിമാരുടെ പാരമ്പര്യങ്ങളെ അവൻ നിരാകരിച്ചു. (താരതമ്യം ചെയ്യുക: മത്തായി 15:3-9.) ബഹുമാനത്തോടും ആദരവോടും കൂടെ സ്ത്രീകളോടു പെരുമാറിക്കൊണ്ട് അവരോടു പെരുമാറേണ്ടതെങ്ങനെയെന്നു യഹോവയാം ദൈവത്തിനു തോന്നുന്നതു യേശു നേരിട്ടു വെളിപ്പെടുത്തി. (യോഹന്നാൻ 5:19) ക്രിസ്തീയ പുരുഷൻമാർക്ക് അനുകരിക്കാനുള്ള ഒരു ഉജ്ജ്വല മാതൃകയും യേശു നൽകി.—1 പത്രൊസ് 2:21.
സ്ത്രീകളെപ്പറ്റിയുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ
9, 10. യേശു സ്ത്രീകളെ സംബന്ധിച്ച റബ്ബിമാരുടെ പാരമ്പര്യങ്ങളെ തള്ളിക്കളഞ്ഞതെങ്ങനെ, പരീശൻമാർ വിവാഹമോചനത്തെപ്പറ്റി ചോദ്യമുന്നയിച്ചപ്പോൾ അവൻ എന്തു പറഞ്ഞു?
9 യേശു തന്റെ പ്രവൃത്തികളിലൂടെ മാത്രമല്ല തന്റെ പഠിപ്പിക്കലുകളിലൂടെയും റബ്ബിമാരുടെ പാരമ്പര്യങ്ങളെ തള്ളിക്കളയുകയും സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്തു. ഉദാഹരണത്തിന്, വിവാഹമോചനവും വ്യഭിചാരവും സംബന്ധിച്ച് അവൻ പഠിപ്പിച്ചതെന്താണെന്നു പരിചിന്തിക്കുക.
10 വിവാഹമോചനത്തെപ്പറ്റി യേശുവിനോട് ഈ ചോദ്യം ഉന്നയിക്കുകയുണ്ടായി: “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ?” മർക്കൊസിന്റെ വിവരണമനുസരിച്ച് യേശു ഇങ്ങനെ പറഞ്ഞു: “[പരസംഗം നിമിത്തമല്ലാതെ] ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു.” (മർക്കൊസ് 10:10-12; മത്തായി 19:3, 9) ലളിതമായി പ്രസ്താവിച്ച ആ വാക്കുകൾ സ്ത്രീകളുടെ മാന്യതയ്ക്ക് ആദരവു നൽകി. അതെങ്ങനെ?
11. “പരസംഗം നിമിത്തമല്ലാതെ” എന്ന യേശുവിന്റെ വാക്കുകൾ വിവാഹബന്ധത്തെപ്പറ്റി എന്തു സൂചിപ്പിക്കുന്നു?
11 ഒന്നാമതായി, (മത്തായിയുടെ സുവിശേഷ വിവരണത്തിൽ കാണുന്ന) “പരസംഗം നിമിത്തമല്ലാതെ” എന്ന വാക്കുകളിലൂടെ, വിവാഹബന്ധത്തെ നിസ്സാരമായി കാണുകയോ അത് എളുപ്പത്തിൽ ഛിന്നഭിന്നമാക്കുകയോ ചെയ്യരുതെന്നു യേശു സൂചിപ്പിച്ചു. റബ്ബിമാരുടെ നിലവിലുള്ള പഠിപ്പിക്കലനുസരിച്ച്, ഭാര്യ ഒരു വിഭവം ചീത്തയാക്കുന്നതോ അപരിചിതനുമായി സംസാരിക്കുന്നതോ പോലുള്ള നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വിവാഹമോചനം നടത്താൻ അനുവാദമുണ്ടായിരുന്നു. എന്തിന്, കൂടുതൽ ആകർഷകത്വമുള്ള ഒരു സ്ത്രീ ഭർത്താവിന്റെ ദൃഷ്ടിയിൽപ്പെട്ടാൽമതി, വിവാഹമോചനം നടത്താൻ അനുവാദം ലഭിക്കുകയായി! “യേശു താൻ ചെയ്തതുപോലെതന്നെ പറഞ്ഞപ്പോൾ അവൻ . . . വിവാഹത്തെ അതർഹിക്കുന്ന സ്ഥാനത്തു പുനഃസ്ഥാപിക്കുന്നതിനുള്ള ഉദ്യമത്തിൽ സ്ത്രീകൾക്കു പിന്തുണ നൽകുകയായിരുന്നു” എന്ന് ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. തീർച്ചയായും, വിവാഹം ഒരു സ്ത്രീക്ക് സുരക്ഷിതത്വം തോന്നാവുന്ന ശാശ്വത ബന്ധമായിരിക്കണം.—മർക്കൊസ് 10:6-9.
12. “അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു” എന്ന പ്രയോഗത്തിലൂടെ യേശു എന്തു ധാരണയാണ് അവതരിപ്പിച്ചത്?
12 രണ്ടാമതായി, “അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു” എന്ന പ്രയോഗത്തിലൂടെ യേശു റബ്ബിമാരുടെ ന്യായാലയങ്ങളിൽ അംഗീകൃതമല്ലാതിരുന്ന ഒരു വീക്ഷണഗതി അവതരിപ്പിച്ചു—ഭാര്യക്കു വിരോധമായി ഭർത്താവ് വ്യഭിചാരം ചെയ്യുന്നുവെന്ന ധാരണ. “റബ്ബിമാരുടെ യഹൂദമതപ്രകാരം, അവിശ്വസ്തത പുലർത്തുന്നതിലൂടെ ഒരു സ്ത്രീ തന്റെ ഭർത്താവിനെതിരെ വ്യഭിചാരം ചെയ്യുന്നു: ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട് അയാൾക്കെതിരെ വ്യഭിചാരം ചെയ്യുന്നു. എന്നാൽ ഒരു മനുഷ്യൻ എന്തുതന്നെ ചെയ്താലും തന്റെ ഭാര്യക്കു വിരോധമായി ഒരിക്കലും വ്യഭിചാരം ചെയ്യുന്നില്ല. ഭർത്താവിനെ ഭാര്യയുടേതിനു തുല്യമായ ധാർമിക കടപ്പാടിൻകീഴിലാക്കിക്കൊണ്ട് യേശു സ്ത്രീകളുടെ അന്തസ്സും മാന്യതയും ഉയർത്തിപ്പിടിച്ചു” എന്ന് ദി എക്സ്പോസിറ്റേഴ്സ് ബൈബിൾ കമന്ററി വിശദീകരിക്കുന്നു.
13. വിവാഹമോചനം സംബന്ധിച്ച ക്രിസ്തീയ വ്യവസ്ഥയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരേ പ്രമാണമായിരിക്കുമെന്നു യേശു കാണിച്ചതെങ്ങനെ?
13 മൂന്നാമതായി, “സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു” എന്ന പ്രയോഗത്തിലൂടെ, അവിശ്വസ്തനായ ഭർത്താവിനെ ഉപേക്ഷിക്കാൻ സ്ത്രീക്കുള്ള അവകാശത്തെ യേശു പ്രമാണീകരിച്ചു—സ്പഷ്ടമായും അറിയപ്പെട്ടിരുന്ന ഒരു രീതിയായിരുന്നെങ്കിലും അന്നു യഹൂദ നിയമത്തിൽ പ്രബലമല്ലാതിരുന്ന ഒരു ആചാരം.c “ഒരു സ്ത്രീയെ അവളുടെ സമ്മതത്തോടെയോ അല്ലാതെയോ വിവാഹമോചനം ചെയ്യാം, എന്നാൽ ഒരു പുരുഷനെ വിവാഹമോചനം ചെയ്യുന്നതിന് അവന്റെ സമ്മതം കൂടിയേ തീരൂ” എന്നു പറയപ്പെട്ടിരുന്നു. എന്നിരുന്നാലും, യേശുവിന്റെ അഭിപ്രായത്തിൽ, ക്രിസ്തീയ വ്യവസ്ഥയിൽ ഈ പ്രമാണം പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്.
14. തന്റെ പഠിപ്പിക്കലിലൂടെ യേശു എന്താണു പ്രതിഫലിപ്പിച്ചത്?
14 യേശുവിന്റെ പഠിപ്പിക്കലുകൾ സ്പഷ്ടമായും സ്ത്രീകളുടെ ക്ഷേമത്തിൽ ആഴമായ താത്പര്യം പ്രകടമാക്കുന്നുണ്ട്. തൻമൂലം, ചില സ്ത്രീകൾ തങ്ങളുടെ സ്വന്ത വസ്തുവകകൊണ്ടു യേശുവിനു ശുശ്രൂഷചെയ്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. (ലൂക്കൊസ് 8:1-3) യേശു പറഞ്ഞു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹന്നാൻ 7:16) തന്റെ പഠിപ്പിക്കലിലൂടെ സ്ത്രീകളോടുള്ള യഹോവയുടെ സ്വന്തം ആർദ്ര പരിഗണന പ്രതിഫലിപ്പിക്കുകയായിരുന്നു യേശു.
“അവർക്കു ബഹുമാനം കൊടുപ്പിൻ”
15. ഭർത്താക്കൻമാർ ഭാര്യമാരോടു പെരുമാറേണ്ട വിധം സംബന്ധിച്ച് അപ്പോസ്തലനായ പത്രോസ് എന്താണ് എഴുതിയത്?
15 യേശു സ്ത്രീകളോട് ഇടപെട്ടവിധം നേരിട്ടു കണ്ടറിഞ്ഞവനാണ് അപ്പോസ്തലനായ പത്രോസ്. ഏതാണ്ടു 30 വർഷം കഴിഞ്ഞ്, ഭാര്യമാർക്കു സ്നേഹപുരസ്സരമായ ബുദ്ധ്യുപദേശം നൽകിയശേഷം പത്രോസ് എഴുതി: “ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ് 3:7) “അവർക്കു ബഹുമാനം കൊടുപ്പിൻ” എന്ന വാക്കുകളാൽ പത്രോസ് എന്താണ് അർഥമാക്കിയത്?
16. (എ) “ബഹുമാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു നാമത്തിന്റെ അർഥം എന്ത്? (ബി) യേശു മറുരൂപം പ്രാപിച്ച സമയത്തു യഹോവ യേശുവിനെ എങ്ങനെ ബഹുമാനിച്ചു, ഇതിൽനിന്നു നാം എന്തു പഠിക്കുന്നു?
16 ഒരു നിഘണ്ടുനിർമാതാവു പറയുന്നപ്രകാരം, “ബഹുമാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു നാമത്തിന്റെ (റ്റീമേ) അർഥം “വില, മൂല്യം, ബഹുമാനം, ആദരവ്” എന്നാണ്. ഈ ഗ്രീക്കു പദത്തിന്റെ രൂപങ്ങൾ “സമ്മാനം,” “വിലയേറിയ” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു. (പ്രവൃത്തികൾ 28:10; 1 പത്രോസ് 2:7, NW) 2 പത്രൊസ് 1:17-ൽ പത്രോസ് ഉപയോഗിച്ചിരിക്കുന്ന ഇതേ പദത്തിന്റെ ഒരു രൂപം പരിശോധിക്കുന്നപക്ഷം, ഒരുവനെ ബഹുമാനിക്കുക എന്നത് എന്ത് അർഥമാക്കുന്നുവെന്ന കാര്യത്തിൽ നമുക്ക് ഉൾക്കാഴ്ച ലഭിക്കുന്നു. അവിടെ അവൻ യേശുവിന്റെ മറുരൂപത്തോടുള്ള ബന്ധത്തിൽ ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു.’ യേശുവിന്റെ മറുരൂപത്തിങ്കൽ മറ്റുള്ളവർ കേൾക്കെ അവന്റെമേൽ അംഗീകാരം പ്രകടമാക്കിക്കൊണ്ടു യഹോവ തന്റെ പുത്രനെ ബഹുമാനിച്ചു. (മത്തായി 17:1-5) അപ്പോൾ, തന്റെ ഭാര്യയെ ബഹുമാനിക്കുന്ന ഒരുവൻ അവളെ അവമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുകയില്ല. മറിച്ച്, തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും—രഹസ്യമായിട്ടും പരസ്യമായിട്ടും—അയാൾ അവളെ ആദരിക്കുന്നുവെന്നു പ്രകടമാക്കുന്നു.—സദൃശവാക്യങ്ങൾ 31:28-30.
17. (എ) ക്രിസ്തീയ ഭാര്യ ബഹുമാനം അർഹിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവദൃഷ്ടിയിൽ ഒരു സ്ത്രീയെക്കാൾ തനിക്കു വിലയുള്ളതായി ഒരു പുരുഷനു തോന്നരുതാത്തത് എന്തുകൊണ്ട്?
17 ക്രിസ്തീയ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാർക്ക് ഈ ബഹുമാനം ‘കൊടു’ക്കുന്നവരായിരിക്കണം എന്നു പത്രോസ് പറയുന്നു. അത് ഒരു ഉപകാരമായിട്ടല്ല മറിച്ച്, ഭാര്യയുടെ അവകാശമായിട്ടു നൽകേണ്ടതുണ്ട്. ഭാര്യമാർ അത്തരം ബഹുമാനത്തിനു പാത്രമായിരിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ” ആണെന്നു പത്രോസ് വിശദീകരിക്കുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ പത്രോസിന്റെ ലേഖനം കൈപ്പറ്റിയ സ്ത്രീപുരുഷൻമാരെല്ലാം ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികളായി വിളിക്കപ്പെട്ടവരായിരുന്നു. (റോമർ 8:16, 17; ഗലാത്യർ 3:28) അവർക്കു സഭയിൽ ഒരേ ഉത്തരവാദിത്വമായിരുന്നില്ല ഉണ്ടായിരുന്നത്, എന്നാൽ അവർ ക്രമേണ ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരണം നടത്തുന്നതിൽ പങ്കുചേരും. (വെളിപ്പാടു 20:6) ഇന്നും, ദൈവജനത്തിൽ ഭൂരിപക്ഷത്തിനും ഭൗമിക പ്രത്യാശയുള്ളപ്പോൾ ഏതെങ്കിലും ഒരു ക്രിസ്തീയ പുരുഷൻ സഭയിൽ തനിക്ക് ഉണ്ടായിരുന്നേക്കാവുന്ന പദവികൾമൂലം, താൻ ദൈവദൃഷ്ടിയിൽ സ്ത്രീകളെക്കാൾ കൂടുതൽ വിലയുള്ളവരാണെന്നു ചിന്തിക്കുന്നതു ഗുരുതരമായ ഒരു തെറ്റായിരിക്കും. (താരതമ്യം ചെയ്യുക: ലൂക്കൊസ് 17:10.) സ്ത്രീകൾക്കും പുരുഷൻമാർക്കുമെല്ലാം ദൈവദൃഷ്ടിയിൽ ഒരേ ആത്മീയ സ്ഥാനമാണ് ഉള്ളത്, കാരണം യേശുവിന്റെ ബലിമരണം പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരേ അവസരമാണു തുറന്നുകൊടുത്തിരിക്കുന്നത്—അതായത്, നിത്യജീവന്റെ വീക്ഷണത്തിൽ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം.—റോമർ 6:23.
18. ഭാര്യയെ ബഹുമാനിക്കുന്നതിന് എന്തു നിർബന്ധിത കാരണമാണു പത്രോസ് നൽകുന്നത്?
18 ഭർത്താവ് ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ മറ്റൊരു നിർബന്ധിത കാരണം പത്രോസ് നൽകുന്നു, “[അയാളുടെ] പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു.” ‘മുടക്കം വരുക’ എന്ന പദപ്രയോഗം “ക്ഷതം വരുത്തുക” എന്ന അക്ഷരീയ അർഥമുള്ള ഗ്രീക്കു ക്രിയാപദത്തിൽനിന്നു (എൻകോപ്ട്ടോ) വന്നതാണ്. വൈൻസ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെൻറ് വേഡ്സ് പറയുന്നപ്രകാരം, “വഴിയിൽ വിള്ളലുണ്ടാക്കിയോ പാതയിൽ ശക്തമായ ഒരു പ്രതിബന്ധം സൃഷ്ടിച്ചോ വ്യക്തികൾക്കു മാർഗതടസ്സം വരുത്തുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്.” തൻമൂലം, ഭാര്യക്കു ബഹുമാനം നൽകാൻ പരാജയപ്പെടുന്ന ഭർത്താവിനു തന്റെ പ്രാർഥനകൾക്കും ദൈവം അതു കേൾക്കുന്നതിനും മധ്യേ മാർഗതടസ്സം ഉള്ളതായി കാണാൻ കഴിയും. ദൈവത്തെ സമീപിക്കാൻ താൻ യോഗ്യനല്ലെന്ന് അയാൾക്കു തോന്നിയേക്കാം, അല്ലെങ്കിൽ തന്റെ പ്രാർഥന യഹോവ ചെവിക്കൊള്ളുകയില്ല എന്ന് അയാൾക്കു തോന്നിയേക്കാം. പുരുഷൻമാർ സ്ത്രീകളോടു പെരുമാറുന്ന വിധത്തിൽ യഹോവ വളരെ തത്പരനാണെന്നതു സ്പഷ്ടമാണ്.—താരതമ്യം ചെയ്യുക: വിലാപങ്ങൾ 3:44.
19. സഭയിലെ സ്ത്രീപുരുഷൻമാർക്ക് പരസ്പര ആദരവോടെ എങ്ങനെ പെരുമാറാവുന്നതാണ്?
19 ബഹുമാനം കാണിക്കുക എന്നതു ഭർത്താക്കൻമാരുടെ മാത്രം ഉത്തരവാദിത്വമല്ല. ഭർത്താവ് സ്നേഹപുരസ്സരവും മാന്യവുമായി പെരുമാറിക്കൊണ്ടു തന്റെ ഭാര്യയെ ബഹുമാനിക്കേണ്ടപ്പോൾ ഒരു ഭാര്യ വിധേയത്വവും ആഴമായ ആദരവും കാണിച്ചുകൊണ്ടു തന്റെ ഭർത്താവിനെ ബഹുമാനിക്കേണ്ടതാണ്. (1 പത്രൊസ് 3:1-6) കൂടാതെ, ‘അന്യോന്യം ബഹുമാനിക്കു’ന്നതിനു പൗലോസ് ക്രിസ്ത്യാനികളെ അനുശാസിച്ചു. (റോമർ 12:10) സഭയിലെ സ്ത്രീപുരുഷൻമാർ പരസ്പരം ആദരവോടെ സേവിക്കുന്നതിനുള്ള ഒരു ആഹ്വാനമാണിത്. അത്തരമൊരു മനോഭാവം പ്രബലമായിരിക്കുമ്പോൾ നേതൃത്വം വഹിക്കുന്നവരുടെ അധികാരത്തിനു തുരങ്കം വയ്ക്കുന്ന രീതിയിൽ ക്രിസ്തീയ സ്ത്രീകൾ സംസാരിക്കുകയില്ല. മറിച്ച്, അവർ മൂപ്പൻമാരെ പിന്തുണയ്ക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യും. (1 കൊരിന്ത്യർ 14:34, 35; എബ്രായർ 13:17) ക്രിസ്തീയ മേൽവിചാരകൻമാർ തങ്ങളുടെ പക്ഷത്തുനിന്ന് “മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും” പരിഗണിക്കും. (1 തിമൊഥെയൊസ് 5:1, 2) മൂപ്പൻമാർ ബുദ്ധിപൂർവം തങ്ങളുടെ ക്രിസ്തീയ സഹോദരിമാരുടെ വാക്കുകൾ ദയാപുരസ്സരം പരിഗണിക്കും. തൻമൂലം, ഒരു സഹോദരി ആദരപൂർവം ദിവ്യാധിപത്യ ശിരഃസ്ഥാനത്തെ കണക്കിലെടുത്തുകൊണ്ട് ആദരപൂർവം ഒരു ചോദ്യമുന്നയിക്കുകയോ ശ്രദ്ധ ചെലുത്തേണ്ട എന്തെങ്കിലും ചൂണ്ടിക്കാട്ടുകയോ ചെയ്യുമ്പോൾ മൂപ്പന്മാർ അവളുടെ ചോദ്യമോ പ്രശ്നമോ സസന്തോഷം പരിഗണനയിലെടുക്കും.
20. തിരുവെഴുത്തുപരമായ രേഖയനുസരിച്ചു സ്ത്രീകളോട് എങ്ങനെ പെരുമാറണം?
20 ഏദെനിൽവെച്ചു പാപത്തിനു തുടക്കമിട്ടതുമുതൽ പല സംസ്കാരങ്ങളിലും സ്ത്രീകൾ ബഹുമാനമില്ലാത്ത താണ നിലയിലേക്കു തള്ളപ്പെട്ടിരിക്കയാണ്. എന്നാൽ അവർ ഇത്തരം പെരുമാറ്റം അനുഭവിക്കണമെന്നു യഹോവ ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നില്ല. സ്ത്രീകളുടെ നേർക്കു സാംസ്കാരികമായ എന്തു വീക്ഷണങ്ങൾ നിലനിന്നാലും വേണ്ടില്ല, ദൈവഭക്തിയുള്ള സ്ത്രീകളോടു ബഹുമാനത്തോടെയും ആദരവോടെയും പെരുമാറേണ്ടതുണ്ടെന്ന് എബ്രായ തിരുവെഴുത്തുകളും ഗ്രീക്കു തിരുവെഴുത്തുകളും വ്യക്തമായി കാണിക്കുന്നു. അത് അവരുടെ ദൈവദത്ത അവകാശമാണ്.
[അടിക്കുറിപ്പുകൾ]
a ദി ഇന്റർനാഷണൽ സ്റ്റാൻഡാർഡ് ബൈബിൾ എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു: “സ്ത്രീകൾ അതിഥികളായ പുരുഷൻമാരോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചില്ല, സ്ത്രീകളുമായി സംസാരിക്കുന്നതിൽനിന്നു പുരുഷന്മാർ വിലക്കപ്പെട്ടിരുന്നു. . . . പൊതു സ്ഥലത്തുനിന്ന് ഒരു സ്ത്രീയോടു സംസാരിക്കുന്നതു പ്രത്യേകിച്ചും അപകീർത്തി വരുത്തുമായിരുന്നു.” റബ്ബിമാരുടെ പഠിപ്പിക്കലുകളുടെ ഒരു സമാഹാരമായിരുന്ന യഹൂദ മിഷ്നെ ഇങ്ങനെ ഉപദേശിച്ചു: “സ്ത്രീവർഗത്തോട് അധികം സംസാരിക്കരുത് . . . സ്ത്രീവർഗത്തോട് അധികം സംസാരിക്കുന്നവൻ തന്റെമേൽ സ്വയം തിൻമ വരുത്തുകയും നിയമ പഠനം അവഗണിക്കുകയുമാണ്, അവൻ ഒടുവിൽ ഗീഹെന്ന അവകാശമാക്കും”—അബോത്ത് 1:5
b ക്രിസ്തുവിന്റെ നാളിലെ പാലസ്തീൻ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നു: “ചില കാര്യങ്ങളിൽ സ്ത്രീയെ ഏതാണ്ട് അടിമയ്ക്കു തുല്യമായാണു കരുതിപ്പോന്നത്. ദൃഷ്ടാന്തത്തിന്, തന്റെ ഭർത്താവിന്റെ മരണത്തിനു സാക്ഷ്യം വഹിക്കുന്നതൊഴിച്ചാൽ മറ്റൊരു കാര്യത്തിനും അവൾക്കു നീതിന്യായ കോടതിയിൽ സാക്ഷ്യം നൽകാൻ കഴിയുമായിരുന്നില്ല.” ലേവ്യപുസ്തകം 5:1 പരാമർശിച്ചുകൊണ്ട് ദ മിഷ്നെ വിശദീകരിക്കുന്നു: “‘സാക്ഷ്യം നൽകുന്നതു’ [സംബന്ധിച്ച നിയമം] പുരുഷൻമാർക്കാണു ബാധകമാകുന്നത്, സ്ത്രീകൾക്കല്ല.”—ഷെബുവോത്ത് 4:1.
c ഹെരോദാ രാജാവിന്റെ സഹോദരി ശലോമി തന്റെ ഭർത്താവിന് “തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്, യഹൂദ നിയമപ്രകാരമല്ലാത്ത, ഒരു പ്രമാണപത്രം” അയച്ചതായി ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് റിപ്പോർട്ടു ചെയ്യുന്നു. “കാരണം, അതു ചെയ്യാൻ പുരുഷനു (മാത്രമേ) ഞങ്ങൾ അധികാരം നൽകിയിട്ടുള്ളൂ.”—യഹൂദരുടെ പുരാണേതിഹാസങ്ങൾ (ഇംഗ്ലീഷ്) XV, 259 [vii, 10].
നിങ്ങളുടെ ഉത്തരമെന്ത്?
◻ യേശു സ്ത്രീകളോട് ബഹുമാനത്തോടും ആദരവോടുംകൂടി ഇടപെട്ടുവെന്നു പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങൾ ഏവ?
◻ യേശുവിന്റെ പഠിപ്പിക്കലുകൾ സ്ത്രീകളുടെ മാന്യതയോട് ആദരവു പ്രകടമാക്കിയത് എങ്ങനെ?
◻ ഒരു ഭർത്താവ് തന്റെ ക്രിസ്തീയ ഭാര്യയെ ബഹുമാനിക്കേണ്ടത് എന്തുകൊണ്ട്?
◻ ബഹുമാനം കാണിക്കുന്നതിനു സകല ക്രിസ്ത്യാനികൾക്കും എന്തു കടപ്പാടാണുള്ളത്?
[17-ാം പേജിലെ ചിത്രം]
പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ആദ്യം കണ്ടത് ദൈവഭക്തിയുള്ള സ്ത്രീകളായിരുന്നു, അവർ അതേപ്പറ്റി അവന്റെ സഹോദരൻമാർക്കു സാക്ഷ്യം നൽകി