യേശുവിനെപ്പോലെ പ്രവർത്തിക്കാൻ നിങ്ങൾ പ്രേരിതരാകുന്നുണ്ടോ?
“അവൻ . . . വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.”—മർക്കൊസ് 6:34.
1. വ്യക്തികൾ പ്രശംസനീയമായ ഗുണങ്ങൾ പ്രകടമാക്കുന്നത് സ്വഭാവികമായിരിക്കുന്നത് എന്തുകൊണ്ട്?
ചരിത്രത്തിലുടനീളം അനേകം വ്യക്തികൾ പ്രശംസനീയമായ ഗുണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. അതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. യഹോവയാം ദൈവത്തിന് സ്നേഹവും ദയയും ഔദാര്യമനസ്കതയും നാം അതിയായി വിലമതിക്കുന്ന മറ്റു ഗുണങ്ങളും ഉണ്ട്, അവൻ അവ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യർ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ പ്രതിച്ഛായയിൽ ആണ്. അതുകൊണ്ടാണ്, അനേകരും ഒരളവുവരെ സ്നേഹവും ദയയും കരുണയും മറ്റു ദിവ്യ ഗുണങ്ങളും അതുപോലെതന്നെ മനസ്സാക്ഷിയും പ്രകടമാക്കുന്നത്. (ഉല്പത്തി 1:26, NW; റോമർ 2:14, 15) എന്നാൽ ചിലർ ഈ ഗുണങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതൽ പ്രകടമാക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകാം.
2. ക്രിസ്തുവിനെ അനുകരിക്കുകയാണെന്ന് ഒരുപക്ഷേ വിചാരിച്ചുകൊണ്ട് ആളുകൾ ചെയ്തേക്കാവുന്ന ചില സത്പ്രവൃത്തികൾ ഏവ?
2 രോഗികളെ കൂടെക്കൂടെ സന്ദർശിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന, വികലാംഗരോട് അനുകമ്പ കാണിക്കുന്ന, അല്ലെങ്കിൽ ദരിദ്രർക്കു നിർലോഭം ദാനം ചെയ്യുന്ന സ്ത്രീപുരുഷന്മാരെ നിങ്ങൾക്കു പരിചയമുണ്ടായിരിക്കാം. കരുണയാൽ പ്രേരിതരായി, കുഷ്ഠരോഗ കേന്ദ്രങ്ങളിലോ അനാഥമന്ദിരങ്ങളിലോ സേവിക്കാനായി ജീവിതം ഉഴിഞ്ഞു വെക്കുന്ന, ആശുപത്രികളിലോ അഗതിമന്ദിരങ്ങളിലോ സന്നദ്ധസേവനം നടത്തുന്ന, അല്ലെങ്കിൽ ഭവനരഹിതരെയോ അഭയാർഥികളെയോ സഹായിക്കാൻ യത്നിക്കുന്ന വ്യക്തികളെ കുറിച്ചും ചിന്തിക്കുക. ക്രിസ്ത്യാനികൾക്കായി ഒരു മാതൃക വെച്ച യേശുവിനെ തങ്ങൾ അനുകരിക്കുക ആണെന്ന് അവരിൽ ചിലർ വിചാരിക്കുന്നുണ്ടാകാം. ക്രിസ്തു രോഗികളെ സൗഖ്യമാക്കുകയും വിശന്നവർക്ക് ആഹാരം നൽകുകയും ചെയ്തെന്ന് സുവിശേഷങ്ങളിൽ നാം വായിക്കുന്നു. (മർക്കൊസ് 1:34; 8:1-9; ലൂക്കൊസ് 4:40) യേശു പ്രകടമാക്കിയ സ്നേഹവും ആർദ്രതയും അനുകമ്പയും ഒക്കെ ‘ക്രിസ്തുവിന്റെ മനസ്സിന്റെ’ പ്രതിഫലനങ്ങൾ ആണ്. അപ്രകാരം ചെയ്യുക വഴി അവൻ തന്റെ സ്വർഗീയ പിതാവിനെ അനുകരിക്കുകയായിരുന്നു.—1 കൊരിന്ത്യർ 2:16.
3. യേശുവിന്റെ സത്പ്രവൃത്തികളെ കുറിച്ച് ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കുന്നതിന് നാം എന്തു പരിചിന്തിക്കേണ്ടതാണ്?
3 എന്നാൽ ഇന്ന് യേശുവിന്റെ സ്നേഹത്താലും അനുകമ്പയാലും പ്രചോദിതർ ആയിത്തീർന്നവരിൽ പലരും ക്രിസ്തുവിന്റെ മനസ്സിന്റെ മുഖ്യ സവിശേഷത കണക്കിലെടുക്കുന്നില്ല എന്നതു നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? മർക്കൊസ് 6-ാം അധ്യായം ശ്രദ്ധാപൂർവം പരിശോധിക്കുന്നതിനാൽ നമുക്ക് ഇക്കാര്യത്തിൽ ഉൾക്കാഴ്ച നേടാൻ കഴിയും. സൗഖ്യമാക്കാനായി ആളുകൾ രോഗികളെ യേശുവിന്റെ അടുത്തു കൊണ്ടുവന്നതായി നാം അവിടെ വായിക്കുന്നു. അവന്റെ അടുത്തു വന്ന ആയിരക്കണക്കിന് ആളുകൾക്കു വിശന്നപ്പോൾ അവൻ അവർക്ക് അത്ഭുതകരമായി ആഹാരം നൽകിയെന്നും സന്ദർഭം വ്യക്തമാക്കുന്നു. (മർക്കൊസ് 6:35-44, 54-56) രോഗികളെ സൗഖ്യമാക്കുകയും വിശക്കുന്നവർക്ക് ആഹാരം നൽകുകയും ചെയ്തത് സ്നേഹപൂർവകമായ അനുകമ്പയുടെ ശ്രദ്ധേയമായ പ്രകടനമായിരുന്നു. എന്നാൽ യേശു മറ്റുള്ളവരെ സഹായിച്ച പ്രധാന വിധം അതായിരുന്നോ? യേശു യഹോവയെ അനുകരിച്ചതു പോലെ, നമുക്ക് എങ്ങനെയാണ് സ്നേഹവും ദയയും അനുകമ്പയും സംബന്ധിച്ച യേശുവിന്റെ മാതൃകയെ ഏറ്റവും നന്നായി അനുകരിക്കാൻ കഴിയുക?
ആത്മീയ ആവശ്യങ്ങളോടു പ്രതികരിക്കാൻ പ്രേരിതൻ
4. മർക്കൊസ് 6:30-34-ലെ വിവരണത്തിന്റെ പശ്ചാത്തലം എന്തായിരുന്നു?
4 തനിക്കു ചുറ്റുമുണ്ടായിരുന്നവരോട് യേശുവിനു മനസ്സലിവു തോന്നിയത് മുഖ്യമായും അവരുടെ ആത്മീയ ആവശ്യങ്ങൾ നിമിത്തമായിരുന്നു. അവയായിരുന്നു ശാരീരിക ആവശ്യങ്ങളെക്കാൾ പ്രധാനം. മർക്കൊസ് 6:30-34-ലെ വിവരണം പരിചിന്തിക്കുക. അവിടെ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം നടന്നത് പൊ.യു. 32-ലെ പെസഹാ കാലത്തോട് അടുത്ത് ഗലീലാക്കടൽത്തീരത്തു വെച്ചായിരുന്നു. അപ്പൊസ്തലന്മാർ ആവേശഭരിതരായിരുന്നു. അതിന് അവർക്കു മതിയായ കാരണവും ഉണ്ടായിരുന്നു. വ്യാപകമായ ഒരു പര്യടനം പൂർത്തിയാക്കി യേശുവിന്റെ അടുത്തെത്തിയ അവർ തങ്ങളുടെ അനുഭവങ്ങൾ അവനുമായി പങ്കുവെക്കാൻ വെമ്പുകയായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ, ഒരു പുരുഷാരവും അവിടെ കൂടിവന്നു. യേശുവിനും അപ്പൊസ്തലന്മാർക്കും ആഹാരം കഴിക്കാനോ വിശ്രമിക്കാനോ കഴിയാത്ത വിധം അത്ര വലുതായിരുന്നു ആ കൂട്ടം. യേശു അപ്പൊസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ.” (മർക്കൊസ് 6:31) സാധ്യതയനുസരിച്ച്, കഫർന്നഹൂമിന് അടുത്തുനിന്ന് ഒരു പടകിൽ കയറി അവർ ഗലീലാക്കടലിന്റെ മറുകരയിലുള്ള ശാന്തമായ ഒരു സ്ഥലത്തേക്കു യാത്ര തിരിച്ചു. എന്നാൽ പടക് അവിടെ എത്തിച്ചേരുന്നതിനു മുമ്പേതന്നെ പുരുഷാരം കടൽത്തീരത്തുകൂടി ഓടി അവിടെ എത്തി. യേശു എങ്ങനെ പ്രതികരിക്കുമായിരുന്നു? തന്റെ സ്വകാര്യതയ്ക്കു ഭംഗം നേരിട്ടതിൽ അവൻ അസ്വസ്ഥനായോ? തീർച്ചയായും ഇല്ല!
5. തന്റെ അടുക്കൽ വന്ന ജനക്കൂട്ടത്തോട് യേശുവിന് എന്തു തോന്നി, തത്ഫലമായി അവൻ എന്തു ചെയ്തു?
5 രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തന്നെ ആകാംക്ഷാപൂർവം കാത്തുനിൽക്കുന്ന കാഴ്ച യേശുവിന്റെ ഹൃദയത്തെ സ്പർശിച്ചു. (മത്തായി 14:14; മർക്കൊസ് 6:44) യേശുവിൽ അനുകമ്പ ഉളവാക്കിയത് എന്താണെന്നും അവൻ അതിനോട് എങ്ങനെ പ്രതികരിച്ചെന്നും വിശദീകരിച്ചുകൊണ്ട് മർക്കൊസ് എഴുതി: “അവൻ . . . വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊസ് 6:34) യേശു വെറുമൊരു പുരുഷാരത്തെ അല്ല മറിച്ച്, ആത്മീയ ആവശ്യങ്ങൾ ഉള്ള വ്യക്തികളെ ആണു കണ്ടത്. പുൽമേടുകളിലേക്കു നയിക്കാനോ സംരക്ഷിക്കാനോ ഇടയന്മാരില്ലാതെ നിസ്സഹായാവസ്ഥയിൽ അലയുന്ന ആടുകളെ പോലെ ആയിരുന്നു അവർ. മതനേതാക്കന്മാർ കരുതലുള്ള ഇടയന്മാർ ആയിരിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, നിർദയരായ അവർ വാസ്തവത്തിൽ സാധാരണ ജനങ്ങളെ പുച്ഛിക്കുകയും അവരുടെ ആത്മീയ ആവശ്യങ്ങളെ അവഗണിക്കുകയുമാണു ചെയ്തിരുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. (യെഹെസ്കേൽ 34:2-4; യോഹന്നാൻ 7:47-49) സാധിക്കുന്നത്ര വലിയ നന്മ അവർക്കു ചെയ്തുകൊണ്ട് യേശു വ്യത്യസ്തമായ ഒരു വിധത്തിൽ അവരോട് ഇടപെടുമായിരുന്നു. അവൻ അവരെ ദൈവരാജ്യത്തെ കുറിച്ചു പഠിപ്പിക്കാൻ തുടങ്ങി.
6, 7. (എ) ആളുകളുടെ ആവശ്യങ്ങളോടുള്ള യേശുവിന്റെ പ്രതികരണത്തിൽ സുവിശേഷങ്ങൾ ഏതു മുൻഗണന വെളിപ്പെടുത്തുന്നു? (ബി) പ്രസംഗിക്കാനും പഠിപ്പിക്കാനും യേശുവിനെ പ്രചോദിപ്പിച്ചത് എന്തായിരുന്നു?
6 ഒരു സമാന്തര വിവരണത്തിലെ, കാര്യങ്ങൾ വിവരിച്ചിരിക്കുന്ന ക്രമവും ഏതു സംഗതിക്കു മുൻഗണന നൽകിയിരിക്കുന്നു എന്നതും പരിചിന്തിക്കുക. മറ്റുള്ളവരുടെ ശാരീരിക ക്ഷേമത്തിൽ അതീവ താത്പര്യമുണ്ടായിരുന്ന, വൈദ്യനായ ലൂക്കൊസ് ആണ് അത് എഴുതിയത്. ‘പുരുഷാരം [യേശുവിനെ] പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.’ (ലൂക്കൊസ് 9:11; കൊലൊസ്സ്യർ 4:14) അത്ഭുതത്തെ കുറിച്ചുള്ള എല്ലാ വിവരണങ്ങളിലും സംഗതി ഇപ്രകാരം അല്ലെങ്കിലും, ഈ സന്ദർഭത്തിൽ ലൂക്കൊസിന്റെ നിശ്വസ്ത വിവരണം ആദ്യം പ്രസ്താവിച്ചത് എന്താണ്? യേശു ആളുകളെ പഠിപ്പിച്ചു എന്ന സംഗതിയാണ് അത്.
7 ഇത് മർക്കൊസ് 6:34-ൽ ഊന്നിപ്പറഞ്ഞിരിക്കുന്ന സംഗതിയുമായി യോജിക്കുന്നു. യേശു തന്റെ മനസ്സലിവ് എങ്ങനെ പ്രകടമാക്കിയെന്നു മർക്കൊസിലെ ഈ വിവരണം വ്യക്തമായി പ്രകടമാക്കുന്നു. ആളുകളുടെ ആത്മീയ ആവശ്യത്തോടു പ്രതികരിച്ചുകൊണ്ട് യേശു അവരെ പഠിപ്പിച്ചു. മുമ്പ് തന്റെ ശുശ്രൂഷയിൽ യേശു പിൻവരുന്ന പ്രകാരം പറഞ്ഞിരുന്നു: “അവൻ അവരോടു: ഞാൻ മററുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു.” (ലൂക്കൊസ് 4:43) എന്നാൽ യേശു രാജ്യ സന്ദേശം പ്രഖ്യാപിച്ചപ്പോൾ, താൻ ചെയ്യേണ്ടിയിരുന്ന പ്രസംഗവേല യാന്ത്രികമായി ചെയ്തുകൊണ്ട് കേവലം കടമ നിർവഹിക്കുക ആയിരുന്നു എന്നു നാം വിചാരിക്കുന്നെങ്കിൽ അതു തെറ്റാണ്. ആളുകളോടുള്ള അവന്റെ സ്നേഹപുരസ്സരമായ അനുകമ്പയായിരുന്നു അവരുമായി സുവാർത്ത പങ്കുവെക്കാൻ അവനെ പ്രേരിപ്പിച്ച ഒരു മുഖ്യ ഘടകം. യേശുവിനെ സമീപിച്ചവർ രോഗികളോ ഭൂതബാധിതരോ ദരിദ്രരോ വിശക്കുന്നവരോ ആയിരുന്നുകൊള്ളട്ടെ, അവർക്കു വേണ്ടി അവനു ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും വലിയ നന്മ ദൈവരാജ്യത്തെ കുറിച്ചുള്ള സത്യം പഠിക്കാനും സ്വീകരിക്കാനും അതിനെ സ്നേഹിക്കാനും അവരെ സഹായിക്കുക എന്നതായിരുന്നു. യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നതിലും മനുഷ്യർക്കു ശാശ്വത അനുഗ്രഹങ്ങൾ പ്രദാനം ചെയ്യുന്നതിലും ദൈവരാജ്യം വഹിക്കുന്ന പങ്കു നിമിത്തം അതിനെ കുറിച്ചുള്ള സത്യം മുഖ്യ പ്രാധാന്യം അർഹിച്ചിരുന്നു.
8. തന്റെ പ്രസംഗ-പഠിപ്പിക്കൽ വേല സംബന്ധിച്ച് യേശുവിന് എന്തു തോന്നി?
8 സജീവമായി രാജ്യം പ്രസംഗിക്കുക എന്നതായിരുന്നു യേശു ഭൂമിയിൽ വന്നതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്ന്. തന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോട് അടുത്ത് യേശു പീലാത്തോസിനോട് പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹന്നാൻ 18:37) യേശു ആർദ്രവികാരങ്ങളുള്ള ഒരു വ്യക്തി ആയിരുന്നെന്ന് കഴിഞ്ഞ ലേഖനങ്ങളിൽ നാം കണ്ടു. അവൻ കരുതലുള്ളവനും മറ്റുള്ളവർക്കു സമീപിക്കാവുന്നവനും പരിഗണനയുള്ളവനും മറ്റുള്ളവരെ വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിക്കുന്നവനും എല്ലാറ്റിലും ഉപരി സ്നേഹവാനും ആയിരുന്നു. ക്രിസ്തുവിന്റെ മനസ്സ് ശരിയായി മനസ്സിലാക്കണം എങ്കിൽ നാം അവന്റെ വ്യക്തിത്വത്തിന്റെ ആ വശങ്ങൾ വിലമതിക്കേണ്ടതുണ്ട്. യേശു മുൻഗണന നൽകിയ പ്രസംഗ-പഠിപ്പിക്കൽ വേല ക്രിസ്തുവിന്റെ മനസ്സിൽ ഉൾപ്പെടുന്നു എന്ന് തിരിച്ചറിയുന്നതും അത്രതന്നെ പ്രധാനമാണ്.
സാക്ഷീകരിക്കാൻ അവൻ മറ്റുള്ളവരെ ഉദ്ബോധിപ്പിച്ചു
9. പ്രസംഗത്തിനും പഠിപ്പിക്കലിനും ആർ മുൻഗണന നൽകണമായിരുന്നു?
9 സ്നേഹത്തിന്റെയും അനുകമ്പയുടെയും ഒരു പ്രകടനമായ പ്രസംഗ-പഠിപ്പിക്കൽ വേലയ്ക്കു മുൻഗണന നൽകേണ്ടിയിരുന്നത് യേശു മാത്രം ആയിരുന്നില്ല. തന്റെ ആന്തരങ്ങളും മുൻഗണനകളും പ്രവൃത്തികളും അനുകരിക്കാൻ അവൻ തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. ദൃഷ്ടാന്തത്തിന്, യേശു 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്ത ശേഷം അവർ എന്തു ചെയ്യണമായിരുന്നു? മർക്കൊസ് 3:14, 15 നമ്മോട് ഇങ്ങനെ പറയുന്നു: “അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അപ്പൊസ്തലന്മാർ പിന്തുടരേണ്ടിയിരുന്ന മുൻഗണന നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ?
10, 11. (എ) അപ്പൊസ്തലന്മാരെ അയച്ചപ്പോൾ യേശു അവരോട് എന്തു ചെയ്യാനാണു പറഞ്ഞത്? (ബി) അപ്പൊസ്തലന്മാരെ അയച്ചപ്പോൾ പ്രധാന ശ്രദ്ധ നൽകപ്പെട്ടത് ഏതു സംഗതിക്കായിരുന്നു?
10 കാലക്രമത്തിൽ, മറ്റുള്ളവരെ സുഖപ്പെടുത്താനും ഭൂതങ്ങളെ പുറത്താക്കാനും യേശു പന്തിരുവരെ പ്രാപ്തരാക്കി. (മത്തായി 10:1; ലൂക്കൊസ് 9:1) തുടർന്ന് അവൻ അവരെ “യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ” അടുക്കലേക്ക് അയച്ചു. എന്തിന്? യേശു അവർക്ക് ഈ നിർദേശം നൽകി: “നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ.” (മത്തായി 10:5-8; ലൂക്കൊസ് 9:2) വാസ്തവത്തിൽ അവർ എന്താണു ചെയ്തത്? “അങ്ങനെ അവർ പുറപ്പെട്ടു [1] (ആളുകൾ) മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; [2] വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.”—മർക്കൊസ് 6:12, 13.
11 എല്ലാ സന്ദർഭത്തിലും പഠിപ്പിക്കൽ ആദ്യം പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും, മേൽപ്പറഞ്ഞ വാക്യത്തിൽ കാര്യങ്ങൾ പ്രസ്താവിച്ചിരിക്കുന്ന ക്രമം, ഉൾപ്പെട്ടിരിക്കുന്ന മുൻഗണനകൾക്കും ആന്തരങ്ങൾക്കും വളരെയേറെ അർഥം പകരുന്നില്ലേ? (ലൂക്കൊസ് 10:1-8) പഠിപ്പിക്കാനുള്ള നിയമനം സൗഖ്യമാക്കാനുള്ള നിയമനത്തിനു മുമ്പായി എത്ര കൂടെക്കൂടെ പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നത് വിലകുറച്ചു കാണരുത്. ഈ വിവരണത്തിന്റെ സന്ദർഭം പരിചിന്തിക്കുക. 12 അപ്പൊസ്തലന്മാരെ അയയ്ക്കുന്നതിന് തൊട്ടു മുമ്പ്, പുരുഷാരത്തിന്റെ അവസ്ഥ കണ്ട് യേശുവിനു മനസ്സലിവു തോന്നിയിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യൻമാരോടു: കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.”—മത്തായി 9:35-38.
12. യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും അത്ഭുത പ്രവൃത്തികൾ കൂടുതലായ ഏത് ഉദ്ദേശ്യത്തിന് ഉപകരിച്ചു?
12 യേശുവിനോടൊപ്പം ആയിരുന്നതിനാൽ അപ്പൊസ്തലന്മാർക്ക് ക്രിസ്തുവിന്റെ മനസ്സ് കുറച്ചൊക്കെ ഉൾക്കൊള്ളാൻ കഴിഞ്ഞു. ആളുകളോടു യഥാർഥ സ്നേഹവും അനുകമ്പയും ഉള്ളവരായിരിക്കുന്നതിൽ രാജ്യത്തെ കുറിച്ചു പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും ഉൾപ്പെടുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. അത് ആയിരിക്കണമായിരുന്നു അവരുടെ സത്പ്രവൃത്തികളുടെ മുഖ്യ വശം. അതിനോടുള്ള ചേർച്ചയിൽ, രോഗികളെ സൗഖ്യമാക്കുന്നതു പോലെ ഭൗതിക സ്വഭാവമുള്ള സത്പ്രവൃത്തികൾ ചെയ്യുക വഴി അവശത അനുഭവിക്കുന്നവരെ കേവലം സഹായിക്കുന്നതിലും വളരെ കൂടുതൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞു. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതു പോലെ, സൗഖ്യമാക്കലും അത്ഭുതകരമായ ഭക്ഷ്യ വിതരണവും ഒക്കെ നടക്കുന്നിടത്ത് ചില ആളുകൾ തടിച്ചുകൂടുമായിരുന്നു. (മത്തായി 4:24, 25; 8:16; 9:32, 33; 14:35, 36: യോഹന്നാൻ 6:26) എന്നാൽ ആ പ്രവൃത്തികൾ ശാരീരിക സഹായത്തെക്കാൾ ഉപരി, യേശു ദൈവപുത്രനും മോശെ മുൻകൂട്ടി പറഞ്ഞ ‘പ്രവാചകനും’ ആണെന്നു തിരിച്ചറിയാൻ നിരീക്ഷകരെ സഹായിച്ചു.—യോഹന്നാൻ 6:14; ആവർത്തനപുസ്തകം 18:15.
13. ആവർത്തനപുസ്തകം 18:18 വരാനിരിക്കുന്ന ‘പ്രവാചകന്റെ’ ഏതു കടമ എടുത്തുകാട്ടി?
13 മോശെ മുൻകൂട്ടിപ്പറഞ്ഞ ആ ‘പ്രവാചകൻ’ യേശു ആണെന്നത് പ്രാധാന്യമുള്ള സംഗതി ആയിരുന്നത് എന്തുകൊണ്ട്? ആ ‘പ്രവാചകന്റെ’ മുഖ്യ കടമ എന്തായിരിക്കുമെന്നാണു മുൻകൂട്ടിപ്പറഞ്ഞിരുന്നത്? അത്ഭുതകരമായ സൗഖ്യമാക്കൽ നടത്തിക്കൊണ്ടോ വിശക്കുന്നവർക്കായി അനുകമ്പാപൂർവം ആഹാരം പ്രദാനം ചെയ്തുകൊണ്ടോ അവൻ പ്രസിദ്ധൻ ആയിത്തീരണമായിരുന്നോ? ആവർത്തനപുസ്തകം 18:18 ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “നിന്നെപ്പോലെ [മോശയെപ്പോലെ] ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” അതുകൊണ്ട് ആർദ്രവികാരങ്ങൾ ഉള്ളവരായിരിക്കാനും പ്രകടമാക്കാനും പഠിക്കുമ്പോൾത്തന്നെ, പ്രസംഗ-പഠിപ്പിക്കൽ വേലയിലും ക്രിസ്തുവിന്റെ മനസ്സ് പ്രകടമാക്കേണ്ടതാണെന്ന് അപ്പൊസ്തലന്മാർ തിരിച്ചറിഞ്ഞു. ആളുകൾക്കു വേണ്ടി അവർക്കു ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും മെച്ചമായ സംഗതി അതായിരുന്നു. അതുവഴി രോഗികൾക്കും ദരിദ്രർക്കും നിത്യമായ പ്രയോജനങ്ങൾ നേടാൻ കഴിയുമായിരുന്നു. ആ പ്രയോജനങ്ങൾ ഏതാനും വർഷത്തേക്കുള്ളതോ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതോ ആയിരുന്നില്ല.—യോഹന്നാൻ 6:26-30.
ഇന്ന് ക്രിസ്തുവിന്റെ മനസ്സ് വളർത്തിയെടുക്കൽ
14. ക്രിസ്തുവിന്റെ മനസ്സ് ഉണ്ടായിരിക്കുന്നത് നമ്മുടെ പ്രസംഗ പ്രവർത്തനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
14 “നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു” എന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് അപ്പൊസ്തലൻ എഴുതി. (1 കൊരിന്ത്യർ 2:16) എന്നാൽ ക്രിസ്തുവിന്റെ മനസ്സ് ഒന്നാം നൂറ്റാണ്ടിൽ—യേശുവിനും ആദിമ ശിഷ്യന്മാർക്കും—മാത്രം ഉണ്ടായിരിക്കേണ്ടിയിരുന്ന ഒന്നാണെന്നു നാം ആരും കരുതില്ല. സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും നാമും ബാധ്യസ്ഥരാണെന്ന് നാം നിസ്സംശയമായും സമ്മതിക്കും. (മത്തായി 24:14; 28:19, 20) എന്നാൽ, നാം ആ വേല ചെയ്യുന്നത് എന്ത് ആന്തരത്തോടെ ആണെന്നു ചിന്തിക്കുന്നതു നല്ലതാണ്. അത് വെറും ഒരു കർത്തവ്യ ബോധത്തിൽനിന്ന് ആയിരിക്കരുത്. നാം ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്റെ അടിസ്ഥാന കാരണം ദൈവത്തോടുള്ള സ്നേഹം ആയിരിക്കണം. ക്രിസ്തുവിനെ പോലെ തന്നെ ആയിരിക്കുന്നതിൽ അനുകമ്പയാൽ പ്രേരിതരായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടുന്നു.—മത്തായി 22:37-39.
15. അനുകമ്പ നമ്മുടെ പരസ്യശുശ്രൂഷയിൽ അവശ്യം കാണിക്കേണ്ട ഒരു ഗുണമായിരിക്കുന്നത് എന്തുകൊണ്ട്?
15 നമ്മുടെ വിശ്വാസങ്ങൾ പിൻപറ്റാത്ത ആളുകളോട് അനുകമ്പ തോന്നുക എല്ലായ്പോഴും എളുപ്പമല്ലെന്നുള്ളതു ശരിതന്നെ, വിശേഷിച്ചും വിരക്തിയോ നിരസനമോ എതിർപ്പോ ഒക്കെ നേരിടുമ്പോൾ. എന്നാൽ, ആളുകളോടുള്ള സ്നേഹവും അനുകമ്പയും നമുക്കു നഷ്ടമായാൽ, ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള സുപ്രധാനമായ പ്രചോദനവും നഷ്ടമാകും. അപ്പോൾ, നമുക്ക് എങ്ങനെയാണ് അനുകമ്പ നട്ടുവളർത്താൻ കഴിയുക? “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി”ട്ടാണ് യേശു ആളുകളെ കണ്ടത്, അവരെ അതുപോലെതന്നെ കാണാൻ നമുക്കു ശ്രമിക്കാവുന്നതാണ്. (മത്തായി 9:36) ഇന്നുള്ള അനേകർ അത്തരമൊരു അവസ്ഥയിൽ അല്ലേ? അവർ വ്യാജമത ഇടയന്മാരാൽ ആത്മീയമായി അന്ധരാക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തിരിക്കുന്നു. തത്ഫലമായി, ബൈബിളിൽ കാണപ്പെടുന്ന പിഴവില്ലാത്ത മാർഗനിർദേശത്തെ കുറിച്ചോ ദൈവരാജ്യം ഉടൻതന്നെ ഭൂമിയിൽ കൊണ്ടുവരാനിരിക്കുന്ന പറുദീസാ അവസ്ഥകളെ കുറിച്ചോ അവർക്ക് അറിവില്ല. ദാരിദ്ര്യം, കുടുംബ കലഹം, രോഗം, മരണം എന്നിവ ഉൾപ്പെടെയുള്ള അനുദിന ജീവിതപ്രശ്നങ്ങളെ അവർ അഭിമുഖീകരിക്കുന്നത് ദൈവരാജ്യത്തെ കുറിച്ചുള്ള പ്രത്യാശ ഇല്ലാതെയാണ്. അവർക്ക് ആവശ്യമുള്ളത് നമ്മുടെ പക്കലുണ്ട്: സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തെ കുറിച്ചുള്ള ജീവരക്ഷാകരമായ സുവാർത്ത!
16. മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാൻ നാം ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
16 ചുറ്റുമുള്ളവരുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ, ദൈവത്തിന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യത്തെ കുറിച്ച് അവരോടു പറയാൻ നിങ്ങളാലാവുന്നതെല്ലാം ചെയ്യാൻ നിങ്ങൾ പ്രേരിതരാകുന്നില്ലേ? അതേ, നമ്മുടേത് അനുകമ്പ ആവശ്യമാക്കുന്ന ഒരു വേലയാണ്. യേശുവിനെപ്പോലെ നമുക്ക് ആളുകളോടു സഹാനുഭൂതി തോന്നുമ്പോൾ അതു നമ്മുടെ സ്വരത്തിലും മുഖഭാവത്തിലും പഠിപ്പിക്കൽ രീതിയിലും പ്രതിഫലിക്കും. അതെല്ലാം, “നിത്യജീവന് ചേർന്ന ശരിയായ മനോനിലയുള്ളവർക്ക്” നമ്മുടെ സന്ദേശം കൂടുതൽ ആകർഷകമാക്കും.—പ്രവൃത്തികൾ 13:48, NW.
17. (എ) നമുക്ക് മറ്റുള്ളവരോടു സ്നേഹവും അനുകമ്പയും പ്രകടമാക്കാൻ കഴിയുന്ന ചില മാർഗങ്ങൾ ഏവ? (ബി) ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്, ഒന്നുകിൽ സത്പ്രവൃത്തികൾ ചെയ്യുക അല്ലെങ്കിൽ പരസ്യശുശ്രൂഷയിൽ ഏർപ്പെടുക എന്ന നയം അല്ലാത്തത് എന്തുകൊണ്ട്?
17 നമ്മുടെ സ്നേഹവും അനുകമ്പയും തീർച്ചയായും നമ്മുടെ മുഴു ജീവിത ഗതിയിലും പ്രകടമാകണം. അഗതികളുടെയും രോഗികളുടെയും ദരിദ്രരുടെയും ദുരിതങ്ങൾ കുറയ്ക്കാനായി നമുക്കു ന്യായമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് അവരോടു ദയ പ്രകടമാക്കുന്നത് അതിൽ ഉൾപ്പെടുന്നു. പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാൻ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നാം നടത്തുന്ന ശ്രമങ്ങളും അതിൽ ഉൾപ്പെടുന്നു. (ലൂക്കൊസ് 7:11-15; യോഹന്നാൻ 11:33-35) എന്നാൽ ചില മനുഷ്യസ്നേഹികളുടെ കാര്യത്തിൽ എന്നതു പോലെ, സ്നേഹത്തിന്റെയും ദയയുടെയും അനുകമ്പയുടെയുമായ അത്തരം പ്രകടനങ്ങൾ നമ്മുടെ സത്പ്രവൃത്തികളിലെ മുഖ്യ സംഗതി ആയിത്തീരരുത്. നമ്മുടെ ജീവിതത്തിൽ പ്രാധാന്യമുള്ള സംഗതി, അത്തരം ദിവ്യ ഗുണങ്ങൾ നമ്മുടെ ക്രിസ്തീയ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പ്രകടമാക്കുക എന്നതാണ്. അതാണ് നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നത്. യഹൂദ മതനേതാക്കന്മാരെ കുറിച്ച് യേശു പറഞ്ഞത് ഓർമിക്കുക: “നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.” (മത്തായി 23:23) ഒന്നുകിൽ ആളുകളെ അവരുടെ ശാരീരിക ആവശ്യങ്ങളിൽ സഹായിക്കുക അല്ലെങ്കിൽ അവരെ ജീവദായകമായ ആത്മീയ കാര്യങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നില്ല യേശുവിന്റെ നയം. അവൻ അത് രണ്ടും ചെയ്തു. എന്നിരുന്നാലും, അവന് ഏറ്റവും മുഖ്യം പഠിപ്പിക്കൽ വേല ആയിരുന്നു എന്നതു വ്യക്തമാണ്. കാരണം അതിലൂടെ അവൻ ചെയ്ത നന്മ നിത്യ പ്രയോജനം കൈവരുത്തുമായിരുന്നു.—യോഹന്നാൻ 20:16.
18. ‘ക്രിസ്തുവിന്റെ മനസ്സിനെ’ കുറിച്ചു പരിചിന്തിക്കുന്നത് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?
18 യഹോവ നമുക്കു ക്രിസ്തുവിന്റെ മനസ്സ് വെളിപ്പെടുത്തിയിരിക്കുന്നതിൽ നാം എത്ര കൃതജ്ഞതയുള്ളവരാണ്! ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യന്റെ വികാരവിചാരങ്ങൾ, ഗുണങ്ങൾ, പ്രവൃത്തികൾ, മുൻഗണനകൾ എന്നിവ നന്നായി മനസ്സിലാക്കാൻ സുവിശേഷങ്ങൾ നമ്മെ സഹായിക്കുന്നു. യേശുവിനെ കുറിച്ചു ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ബാധകമാക്കുകയും ചെയ്യണമോ എന്നത് ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണ്. യേശുവിനെ പോലെതന്നെ പ്രവർത്തിക്കുന്നതിന്, നാം ആദ്യം അവനെ പോലെ ചിന്തിക്കാനും കാര്യങ്ങൾ വിശകലനം ചെയ്യാനും അവന്റേതു പോലുള്ള വികാരങ്ങൾ പ്രകടമാക്കാനും പഠിക്കേണ്ടതുണ്ടെന്ന് ഓർമിക്കുക. അതിനായി, അപൂർണ മനുഷ്യരായ നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാം. അങ്ങനെ, നമുക്ക് ക്രിസ്തുവിന്റെ മനസ്സ് നട്ടുവളർത്താനും പ്രകടിപ്പിക്കാനും ദൃഢനിശ്ചയം ചെയ്യാം. അതിനെക്കാൾ മെച്ചമായ ഒരു ജീവിതരീതിയോ ആളുകളോട് ഇടപെടാൻ അതിനെക്കാൾ മെച്ചമായ ഒരു വിധമോ ഇല്ല. യേശു പൂർണമായി അനുകരിച്ച നമ്മുടെ ആർദ്രതയുള്ള ദൈവമായ യഹോവയോട് അടുത്തുവരാൻ നമുക്കും മറ്റുള്ളവർക്കും അതിനെക്കാൾ മെച്ചമായ മറ്റൊരു മാർഗവുമില്ല.—2 കൊരിന്ത്യർ 1:3; എബ്രായർ 1:3, NW.
നിങ്ങൾ എങ്ങനെ പ്രതിവചിക്കും
• അവശത അനുഭവിക്കുന്നവരോട് യേശു ഇടപെട്ട വിധം സംബന്ധിച്ച് ബൈബിൾ എന്ത് ഉൾക്കാഴ്ച നൽകുന്നു?
• തന്റെ അനുഗാമികൾക്കു മാർഗനിർദേശം നൽകിയപ്പോൾ യേശു എന്തിന് ഊന്നൽ നൽകി?
• നമ്മുടെ പ്രവർത്തനങ്ങളിൽ നമുക്ക് എങ്ങനെ ‘ക്രിസ്തുവിന്റെ മനസ്സ്’ പ്രതിഫലിപ്പിക്കാനാകും?
[23-ാം പേജിലെ ചിത്രം]
[24-ാം പേജിലെ ചിത്രം]
മറ്റുള്ളവർക്കു വേണ്ടി ക്രിസ്ത്യാനികൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ എന്ത്?