വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വാണിജ്യ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കോപ്പികൾ സൗജന്യമായി മറ്റുള്ളവർക്കു കൊടുക്കുന്ന രീതി ഇന്നു സർവസാധാരണമാണ്. സത്യക്രിസ്ത്യാനികൾ അതിനെ എങ്ങനെ വീക്ഷിക്കണം?
യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഉപയോഗിച്ച് ചിലർ അതിനെ തെറ്റായി ന്യായീകരിക്കാൻ ശ്രമിച്ചേക്കാം: “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.” പകർപ്പവകാശം സംവരണം ചെയ്യപ്പെട്ടിരിക്കുന്ന സാഹിത്യങ്ങളുടെയോ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയോ (സോഫ്റ്റ്വെയർ) കോപ്പികൾ സൗജന്യമായി മറ്റുള്ളവർക്കു നൽകുന്നതിനെയല്ല യേശു അർഥമാക്കിയത്, നിയമാംഗീകാരത്തോടു കൂടി മാത്രമേ അവ ഉപയോഗിക്കാവൂ. യേശു ഇവിടെ പരാമർശിച്ചത് നമ്മുടെ ശുശ്രൂഷയുടെ ഭാഗമായുള്ള കൊടുക്കലിനെയാണ്. വിവിധ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിച്ച് രാജ്യത്തെ കുറിച്ചു പ്രസംഗിക്കാനും രോഗികളെ സൗഖ്യമാക്കാനും ഭൂതങ്ങളെ പുറത്താക്കാനും അവൻ തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞു. പണം ഈടാക്കുന്നതിനു പകരം, അവർ അതെല്ലാം ‘സൗജന്യമായി കൊടുക്കണ’മായിരുന്നു.—മത്തായി 10:7, 8.
പേഴ്സണൽ/ബിസിനസ് കമ്പ്യൂട്ടറുകളുടെ എണ്ണം വർധിച്ചിരിക്കുന്നതിനാൽ, മിക്കവർക്കും പ്രോഗ്രാമുകൾ ആവശ്യമായി വന്നിട്ടുണ്ട്. സാധാരണഗതിയിൽ അവ വിലകൊടുത്ത് വാങ്ങേണ്ടതുണ്ട്. ചിലർ സ്വന്തമായി പ്രോഗ്രാമുകൾ എഴുതി സൗജന്യമായി ലഭ്യമാക്കുകയും അവയുടെ പകർപ്പുകൾ ഉണ്ടാക്കുന്നതിനും മറ്റുള്ളവർക്കു കൊടുക്കുന്നതിനും അനുവാദം നൽകുകയും ചെയ്യാറുണ്ട് എന്നതു ശരിതന്നെ. എന്നാൽ മിക്ക കമ്പ്യൂട്ടർ പ്രോഗ്രാമുകളും വില ഈടാക്കിയിട്ടാണ് വിതരണം ചെയ്യുന്നത്. അത്തരം പ്രോഗ്രാമുകൾ, വ്യക്തിപരമായ ഉപയോഗത്തിനായാലും ബിസിനസ് ആവശ്യങ്ങൾക്കായാലും, വിലകൊടുത്തു വാങ്ങാനാണു പ്രതീക്ഷിക്കപ്പെടുന്നത്. ആരെങ്കിലും വിലകൊടുക്കാതെ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ (സോഫ്റ്റ്വെയർ പാക്കേജ്) എടുക്കുകയോ അവയുടെ പകർപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നത്, ഒരു മുഴു പുസ്തകവും ഫോട്ടോക്കോപ്പിയെടുത്ത് മറ്റുള്ളവർക്കു സൗജന്യമായി നൽകുന്നതുപോലെതന്നെ നിയമവിരുദ്ധമായിരിക്കും.
കളികൾ ഉൾപ്പെടെയുള്ള മിക്ക കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും ലൈസൻസ് ഉണ്ട്. ആ പ്രോഗ്രാമിന്റെ ഉടമ അല്ലെങ്കിൽ അത് ഉപയോഗിക്കുന്നയാൾ അതിലെ പ്രത്യേക വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥനാണ്. അത്തരം ലൈസൻസുകളിൽ മിക്കവയും, പ്രസ്തുത പ്രോഗ്രാം ആർക്കെങ്കിലും ഒരാൾക്ക്, സാധാരണഗതിയിൽ ഒരു കമ്പ്യൂട്ടറിൽ മാത്രം—വീട്ടിലോ ബിസിനസ് സ്ഥലത്തോ സ്കൂളിലോ എവിടെ ആയിരുന്നാലും—ഉപയോഗിക്കുന്നതിനുള്ള അനുവാദമേ നൽകാറുള്ളൂ. ഉപഭോക്താവിന് സ്വന്തം ആവശ്യത്തിനായി പ്രോഗ്രാമിന്റെ ഒരു പകർപ്പ് (backup copy) കൈവശം വെക്കാം, എന്നാൽ അതിൽനിന്നു കോപ്പികളെടുത്തു മറ്റുള്ളവർക്ക് നൽകരുത് എന്നു ചില ലൈസൻസുകളിൽ വ്യവസ്ഥയുണ്ട്. പ്രോഗ്രാം ഉടമയ്ക്ക് ഒരു പ്രോഗ്രാം മുഴുവനായും (ലൈസൻസും മറ്റു രേഖകളും സഹിതം) മറ്റുള്ളവർക്കു നൽകാവുന്നതാണ്. എന്നാൽ അതോടെ അയാൾക്ക് ആ പ്രോഗ്രാം ഉപയോഗിക്കാനുള്ള അവകാശം നഷ്ടമാകുന്നു. ലൈസൻസുകൾ പലതരത്തിലുണ്ട്. അതിനാൽ, പ്രോഗ്രാം വാങ്ങുകയോ മറ്റാരിൽനിന്നെങ്കിലും ലഭിക്കുകയോ ചെയ്യുമ്പോൾ അതിന്റെ ലൈസൻസിലെ വ്യവസ്ഥകൾ എന്തെല്ലാമാണെന്നു പരിശോധിച്ചു നോക്കേണ്ടതുണ്ട്.
കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പോലെയുള്ള “ധൈഷണികമായ സ്വത്ത്” (intellectual property) സംരക്ഷിക്കുന്നതിനുള്ള പകർപ്പവകാശ വ്യവസ്ഥകളിൽ പല രാജ്യങ്ങളും പങ്കുചേർന്നിട്ടുണ്ട്. അവർ പകർപ്പവകാശ നിയമങ്ങൾ പ്രാബല്യത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും കളികളുടെയും കോപ്പികൾ നിർമിക്കുകയും അവയിൽ ചിലത് ഇന്റർനെറ്റിൽകൂടി വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന “ഒരു പ്രധാന സോഫ്റ്റ്വെയർ കൊള്ളസംഘത്തിലെ അംഗങ്ങളെ ജർമനിയിലെയും ഡെന്മാർക്കിലെയും പോലീസുകാർ ചേർന്ന് അറസ്റ്റു ചെയ്തു” എന്ന് 2000 ജനുവരി 14-ലെ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുകയുണ്ടായി.
ഇക്കാര്യത്തിൽ ക്രിസ്തീയ സഭയുടെ നിലപാട് എന്താണ്? യേശു പറഞ്ഞു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മർക്കൊസ് 12:17) ദൈവനിയമത്തിനു വിരുദ്ധമല്ലാത്ത, തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ അത് ക്രിസ്ത്യാനികളെ ബാധ്യസ്ഥരാക്കുന്നു. ഗവൺമെന്റുകളെ സംബന്ധിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. . . . അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.”—റോമർ 13:1, 2.
ക്രിസ്തീയ സഭയിലെ മൂപ്പന്മാർക്ക്, പകർപ്പവകാശ നിയമങ്ങളെ വ്യാഖ്യാനിക്കാനും പ്രാബല്യത്തിൽ വരുത്താനും അധികാരപ്പെട്ടവരെന്നപോലെ മറ്റുള്ളവരുടെ കമ്പ്യൂട്ടറുകൾ പരിശോധിക്കാനുള്ള ഉത്തരവാദിത്വമില്ല. എന്നാൽ, ക്രിസ്ത്യാനികൾ തങ്ങളുടേതല്ലാത്തത് അനുവാദമില്ലാതെ എടുക്കരുതെന്നും നിയമം അനുസരിക്കാൻ തീവ്രശ്രമം ചെയ്യേണ്ടതുണ്ടെന്നും മൂപ്പന്മാർ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. നിയമലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതിൽനിന്ന് അത് ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നു, ദൈവമുമ്പാകെ ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ അത് അവരെ സഹായിക്കുകയും ചെയ്യുന്നു. പൗലൊസ് എഴുതി: “അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.” (റോമർ 13:5) സമാനമായി, സത്യക്രിസ്ത്യാനികളുടെ ആഗ്രഹം പൗലൊസ് പിൻവരുന്ന വാക്കുകളിൽ പ്രകടിപ്പിച്ചു: “സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.”—എബ്രായർ 13:18.
[29-ാം പേജിലെ ചതുരം]
ചില ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും ഒരു പ്രോഗ്രാം ഒന്നിലധികം പേർക്ക് ഉപയോഗിക്കുന്നതിന് അനുവദിക്കുന്ന ലൈസൻസുകൾ (multiple-user licenses) വാങ്ങാറുണ്ട്. പ്രസ്തുത പ്രോഗ്രാം പരമാവധി എത്ര പേർക്ക് ഉപയോഗിക്കാനാകുമെന്ന് അത്തരം ലൈസൻസുകൾ വ്യവസ്ഥ ചെയ്യുന്നു. 1995-ൽ, പിൻവരുന്ന ബുദ്ധിയുപദേശം അടങ്ങുന്ന ഒരു ലേഖനം യഹോവയുടെ സാക്ഷികളുടെ സഭകളിൽ ചർച്ച ചെയ്തിരുന്നു:
“കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കി വിൽക്കുന്ന മിക്ക കമ്പനികളും അവയുടെ പകർപ്പവകാശം സംവരണംചെയ്യുന്നു, എന്നിട്ട് പ്രോഗ്രാമുകൾ നിയമപരമായി എങ്ങനെ ഉപയോഗിക്കാമെന്നു സൂചിപ്പിച്ചുകൊണ്ട് ഒരു ലൈസൻസ് നൽകുന്നു. ഉടമസ്ഥനു പ്രോഗ്രാമിന്റെ കോപ്പികൾ മറ്റുള്ളവർക്കു നൽകാൻ അനുവാദമില്ലെന്നു സാധാരണമായി ലൈസൻസ് പറയുന്നു; വാസ്തവത്തിൽ അങ്ങനെ ചെയ്യുന്നതിനെ അന്താരാഷ്ട്ര പകർപ്പവകാശ നിയമം നിയമവിരുദ്ധമാക്കുന്നു. . . ചില വലിയ കമ്പനികൾ ലൈസൻസുള്ള പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകൾ വിൽക്കുന്നുണ്ട്. എന്നിരുന്നാലും, ചില വിൽപ്പനക്കാർ പ്രോഗ്രാമുകളോടൊപ്പം ലൈസൻസ് നൽകാറില്ല. കാരണം, ആ പ്രോഗ്രാമുകൾ നിയമവിരുദ്ധമായ കോപ്പികളാണ്. അവ വാങ്ങുന്ന ആൾ പ്രസ്തുത പ്രോഗ്രാമുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമം ലംഘിക്കുന്നുവെന്നാണ് അതിന്റെ അർഥം. ഇതിനോടുള്ള ബന്ധത്തിൽ, പകർപ്പവകാശം സംവരണം ചെയ്യപ്പെട്ടിരിക്കുന്നതോ (സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾപോലെ) ഉടമസ്ഥനിൽനിന്ന് നിയമപരമായ അനുവാദം കൂടാതെ കോപ്പി ചെയ്യുന്നതോ ആയ വിവരങ്ങൾ ക്രിസ്ത്യാനികൾ ഇലക്ട്രോണിക് ബുള്ളറ്റിൻ ബോർഡുകളിൽ പ്രസിദ്ധീകരിക്കുകയോ അതിൽനിന്ന് പകർത്തുകയോ ചെയ്യരുത്.”