പഠനലേഖനം 12
സൃഷ്ടികളിൽനിന്ന് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുക
‘ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ ലോകാരംഭംമുതൽ ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നു.’—റോമ. 1:20.
ഗീതം 6 ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു
ചുരുക്കംa
1. യഹോവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇയ്യോബിനെ സഹായിച്ച ഒരു കാര്യം എന്താണ്?
ഇയ്യോബ് തന്റെ ജീവിതത്തിൽ ഒരുപാടു സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഒരെണ്ണം വളരെ പ്രത്യേകതയുള്ളതായിരുന്നു. തന്റെ ദൈവമായ യഹോവയുമായുള്ള സംഭാഷണമായിരുന്നു അത്. താൻ വളരെ ജ്ഞാനിയാണെന്നും തന്റെ ദാസന്മാർക്കുവേണ്ടി കരുതാൻ ശക്തനാണെന്നും ഉള്ള ഇയ്യോബിന്റെ വിശ്വാസം കൂടുതൽ ശക്തമാക്കുന്നതിനു യഹോവ പ്രകൃതിയിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചു. ഉദാഹരണത്തിന്, മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി കരുതുന്ന തനിക്ക് ഇയ്യോബിന്റെ ആവശ്യങ്ങൾക്കുവേണ്ടിയും കരുതാനാകുമെന്ന് യഹോവ അദ്ദേഹത്തെ ഓർമിപ്പിച്ചു. (ഇയ്യോ. 38:39-41; 39:1, 5, 13-16) സൃഷ്ടികളിൽനിന്നുള്ള അത്തരം ഉദാഹരണങ്ങൾ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ ഇയ്യോബിനെ സഹായിച്ചു.
2. യഹോവയുടെ സൃഷ്ടികളെ നിരീക്ഷിക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
2 സൃഷ്ടികളെ നിരീക്ഷിക്കുന്നതിലൂടെ നമുക്കും യഹോവയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാനാകും. എന്നാൽ എപ്പോഴും അത് അത്ര എളുപ്പമായിരിക്കണമെന്നില്ല. നമ്മൾ താമസിക്കുന്നത് ഒരു നഗരത്തിലാണെങ്കിൽ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവസരങ്ങൾ അവിടെ അധികമുണ്ടാകില്ല. ഇനി, മനോഹരമായ ഒരു ഗ്രാമപ്രദേശത്താണു താമസിക്കുന്നതെങ്കിലും സൃഷ്ടികളെ നിരീക്ഷിക്കാനും പഠിക്കാനും ഉള്ള സമയം നമുക്കില്ലായിരിക്കും. അതുകൊണ്ട് സൃഷ്ടികളെ നിരീക്ഷിക്കാൻ സമയവും ശ്രമവും ചെലവഴിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് നോക്കാം. കൂടാതെ യഹോവയും യേശുവും എങ്ങനെയാണു സൃഷ്ടികളെ ഉപയോഗിച്ച് പലതും പഠിപ്പിച്ചതെന്നും നമ്മൾ കാണും. പ്രകൃതിയിൽനിന്ന് കൂടുതൽ പഠിക്കാൻ എന്തു ചെയ്യാമെന്നും മനസ്സിലാക്കും.
സൃഷ്ടികളെ നിരീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
3. താൻ സൃഷ്ടിച്ചതെല്ലാം ആദാം ആസ്വദിക്കാൻ യഹോവ ആഗ്രഹിച്ചെന്നു നമുക്ക് എങ്ങനെ അറിയാം?
3 ആദ്യ മനുഷ്യൻ തന്റെ സൃഷ്ടികൾ ആസ്വദിക്കണമെന്ന് യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് ആദാമിനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിനു താമസിക്കാൻ ദൈവം മനോഹരമായ ഒരു പറുദീസ നൽകി. അവിടെ കൃഷി ചെയ്യാനും ഭൂമിയുടെ മറ്റു ഭാഗങ്ങളും പറുദീസയാക്കി മാറ്റാനും അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. (ഉൽപ. 2:8, 9, 15) വിത്തുകൾ പൊട്ടി മുളയ്ക്കുന്നതും പൂക്കൾ വിരിയുന്നതും ആകാംക്ഷയോടെ നോക്കിനിൽക്കുന്ന ആദാമിനെ നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? ഏദെൻ തോട്ടം പരിപാലിക്കാനുള്ള എത്ര വലിയൊരു ഉത്തരവാദിത്വമാണ് യഹോവ അദ്ദേഹത്തെ ഏൽപ്പിച്ചത്! ഇനി, ഓരോ മൃഗത്തിനും പേരിടാനും യഹോവ ആദാമിനോട് ആവശ്യപ്പെട്ടു. (ഉൽപ. 2:19, 20) അത് യഹോവയ്ക്കുതന്നെ ചെയ്യാവുന്ന ഒരു കാര്യമായിരുന്നു. എന്നിട്ടും ആ ജോലി ആദാമിനു നൽകി. മൃഗങ്ങൾക്കു പേരിടുന്നതിനു മുമ്പ് ആദാം ഉറപ്പായും അവയുടെ ഓരോന്നിന്റെയും പ്രത്യേകതകളും സ്വഭാവങ്ങളും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ആദാം അതു ശരിക്കും ആസ്വദിച്ചിട്ടുണ്ടാകണം. യഹോവ എത്ര ജ്ഞാനിയാണെന്നും എത്ര വൈദഗ്ധ്യത്തോടെയും ഭംഗിയോടെയും ആണ് ഓരോന്നും സൃഷ്ടിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാൻ അത് അദ്ദേഹത്തിനു ധാരാളം അവസരങ്ങൾ നൽകി.
4. (എ) നമ്മൾ സൃഷ്ടികളെക്കുറിച്ച് പഠിക്കേണ്ടതിന്റെ ഒരു കാരണം എന്താണ്? (ബി) ദൈവത്തിന്റെ സൃഷ്ടികളിൽ നിങ്ങൾക്ക് കൂടുതൽ ഇഷ്ടമുള്ളവ ഏതൊക്കെയാണ്?
4 സൃഷ്ടികളെക്കുറിച്ച് പഠിക്കേണ്ടതിന്റെ ഒരു കാരണം, നമ്മൾ അങ്ങനെ ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു എന്നതാണ്. “കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കുക” എന്നു ദൈവം നമ്മളോടു പറയുന്നു. തുടർന്ന് യഹോവ ഇങ്ങനെ ചോദിക്കുന്നു: “ഇവയെയെല്ലാം സൃഷ്ടിച്ചത് ആരാണ്?” അതിന്റെ ഉത്തരം വ്യക്തമാണ്. (യശ. 40:26) യഹോവ ആകാശത്തെ മാത്രമല്ല ഭൂമിയെയും സമുദ്രത്തെയും തന്റെ സൃഷ്ടികൾകൊണ്ട് നിറച്ചിരിക്കുന്നു. അവയിൽനിന്നെല്ലാം ദൈവത്തെക്കുറിച്ച് പലതും പഠിക്കാനുണ്ട്. (സങ്കീ. 104:24, 25) ഇനി, യഹോവ മനുഷ്യനെ സൃഷ്ടിച്ച വിധത്തെക്കുറിച്ചും ചിന്തിക്കുക. പ്രകൃതിഭംഗിയോട് ഇഷ്ടവും നന്ദിയും തോന്നുന്ന വിധത്തിലാണു ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ, കാണാനും കേൾക്കാനും സ്പർശിക്കാനും രുചിക്കാനും മണക്കാനും ഉള്ള കഴിവും തന്നിരിക്കുന്നതുകൊണ്ട് ദൈവത്തിന്റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനും നമുക്കു കഴിയുന്നു.
5. റോമർ 1:20 അനുസരിച്ച് യഹോവയുടെ സൃഷ്ടികളെക്കുറിച്ച് പഠിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
5 സൃഷ്ടികളെക്കുറിച്ച് പഠിക്കേണ്ടതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം, അത് യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു എന്നതാണ്. (റോമർ 1:20 വായിക്കുക.) ഉദാഹരണത്തിന്, ദൈവം ഓരോന്നും ഉണ്ടാക്കിയിരിക്കുന്ന വിധം നോക്കിയാൽ, യഹോവ എത്ര ജ്ഞാനിയാണെന്നു നമുക്കു മനസ്സിലാകും. ഇനി, നമുക്ക് ആസ്വദിക്കാനായി എത്രയോ തരം ഭക്ഷണസാധനങ്ങളാണു ദൈവം നൽകിയിരിക്കുന്നത്! അത് യഹോവയുടെ സ്നേഹത്തിന്റെ തെളിവല്ലേ? ഇങ്ങനെ, സൃഷ്ടികളിൽനിന്നും യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ നമുക്കു ദൈവത്തെ നന്നായി അറിയാനാകും. അത് യഹോവയോടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരിപ്പിക്കും. യഹോവ എങ്ങനെയാണു പ്രധാനപ്പെട്ട ചില പാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നതിനു സൃഷ്ടികളെ ഉപയോഗിച്ചതെന്നു ഇനി നോക്കാം.
യഹോവ തന്നെക്കുറിച്ച് പഠിപ്പിക്കാൻ സൃഷ്ടികളെ ഉപയോഗിക്കുന്നു
6. ദേശാടനം ചെയ്യുന്ന പക്ഷികളെ നിരീക്ഷിക്കുന്നതിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
6 യഹോവ ഓരോന്നിനും സമയം നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വർഷവും ഫെബ്രുവരി അവസാനംമുതൽ മെയ് പകുതിവരെയുള്ള സമയത്ത് കൊക്കുകൾ കൂട്ടത്തോടെ വടക്കോട്ടു പറക്കുന്നത് ഇസ്രായേല്യർക്കു കാണാമായിരുന്നു. “ആകാശത്തിലെ കൊക്കുകൾപോലും അവയുടെ കാലം അറിയുന്നു” എന്ന് ഇസ്രായേല്യരോട് യഹോവ പറഞ്ഞു. (യിരെ. 8:7) പക്ഷികൾക്കു ദേശാടനം ചെയ്യാൻ യഹോവ ഒരു സമയം നിശ്ചയിച്ചതുപോലെ തന്റെ ന്യായവിധികൾ നടപ്പാക്കാനും ദൈവം സമയം നിശ്ചയിച്ചിട്ടുണ്ട്. ഇന്നു പക്ഷികൾ ദേശാടനം ചെയ്യുന്നതു കാണുമ്പോൾ അതു നമ്മളെ ഒരു കാര്യം ഓർമിപ്പിക്കുന്നു: യഹോവ താൻ ‘നിശ്ചയിച്ച സമയത്തുതന്നെ’ ഈ ദുഷ്ടലോകത്തെ നശിപ്പിക്കും.—ഹബ. 2:3.
7. പക്ഷികൾ പറക്കുന്നതു നിരീക്ഷിക്കുന്നതിലൂടെ നമുക്ക് എന്തു പഠിക്കാം? (യശയ്യ 40:31)
7 യഹോവ തന്റെ ദാസന്മാർക്കു ശക്തി നൽകുന്നു. ക്ഷീണിതരോ മനസ്സു തകർന്നവരോ ആയ തന്റെ ദാസന്മാർക്കു ‘കഴുകന്മാരെപ്പോലെ ചിറകടിച്ചുയരാനുള്ള’ ശക്തി നൽകുമെന്ന് യഹോവ യശയ്യയിലൂടെ ഉറപ്പുകൊടുത്തു. (യശയ്യ 40:31 വായിക്കുക.) മുകളിലേക്ക് ഉയരുന്ന വായുവിന്റെ സഹായത്തോടെ അനായാസം പറന്നുപൊങ്ങുന്ന കഴുകന്മാരെ ഇസ്രായേല്യർ പലപ്പോഴും കണ്ടിരുന്നു. ഈ പക്ഷികൾക്കു ശക്തി നൽകുന്നതുപോലെ തന്റെ ദാസന്മാർക്കും വേണ്ട ശക്തി നൽകാൻ യഹോവയ്ക്കു കഴിയുമെന്ന് അത് ഓർമിപ്പിച്ചു. അധികം ചിറകടിക്കാതെതന്നെ മുകളിലേക്കു പറന്നുപൊങ്ങുന്ന ഒരു കഴുകനെ കാണുമ്പോൾ ഒരു കാര്യം ഓർക്കുക: നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ശക്തി തരാൻ യഹോവയ്ക്കാകും.
8. സൃഷ്ടികളിൽനിന്ന് ഇയ്യോബ് ഏതു കാര്യം മനസ്സിലാക്കി, നമുക്കും എന്തു പഠിക്കാം?
8 യഹോവയെ നമുക്കു പൂർണമായി ആശ്രയിക്കാം. തന്നെ കൂടുതൽ ആശ്രയിക്കാൻ യഹോവ ഇയ്യോബിനെ സഹായിച്ചു. (ഇയ്യോ. 32:2; 40:6-8) നക്ഷത്രങ്ങൾ, മേഘങ്ങൾ, മിന്നൽപ്പിണരുകൾ എന്നിവപോലുള്ള അനേകം സൃഷ്ടികളെക്കുറിച്ച് യഹോവ ഇയ്യോബിനോടു സംസാരിച്ചു. കാട്ടുപോത്ത്, കുതിര തുടങ്ങിയ മൃഗങ്ങളെക്കുറിച്ചും സംസാരിച്ചു. (ഇയ്യോ. 38:32-35; 39:9, 19, 20) അവയെല്ലാം ദൈവത്തിന്റെ വലിയ ശക്തിയെക്കുറിച്ച് മാത്രമല്ല സ്നേഹത്തെയും ജ്ഞാനത്തെയും കുറിച്ചും മനസ്സിലാക്കാൻ ഇയ്യോബിനെ സഹായിച്ചു. അങ്ങനെ ഇയ്യോബ് മുമ്പത്തെക്കാൾ അധികമായി യഹോവയിൽ ആശ്രയിക്കാൻതുടങ്ങി. (ഇയ്യോ. 42:1-6) അതുപോലെ, സൃഷ്ടികളെക്കുറിച്ച് പഠിക്കുമ്പോൾ യഹോവ മറ്റാരെക്കാളും ജ്ഞാനിയും ശക്തനും ആണെന്ന കാര്യം നമുക്കും ബോധ്യമാകും. കൂടാതെ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ ദൈവത്തിനാകും, ഉറപ്പായും ദൈവം അങ്ങനെ ചെയ്യും എന്നും അതു പഠിപ്പിക്കുന്നു. ഈ ബോധ്യം യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ നമ്മളെ സഹായിക്കും.
പിതാവിനെക്കുറിച്ച് പഠിപ്പിക്കാൻ യേശു സൃഷ്ടികളെ ഉപയോഗിച്ചു
9-10. സൂര്യനും മഴയും യഹോവയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
9 എല്ലാ സൃഷ്ടികളെക്കുറിച്ചും യേശുവിനു നന്നായി അറിയാമായിരുന്നു. കാരണം, പ്രപഞ്ചം ഉണ്ടാക്കിയ സമയത്ത് ഒരു “വിദഗ്ധജോലിക്കാരനായി” യേശു പിതാവിനോടൊപ്പമുണ്ടായിരുന്നു. (സുഭാ. 8:30) പിന്നീട് ഭൂമിയിലായിരുന്നപ്പോൾ പിതാവിനെക്കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു സൃഷ്ടികളെ ഉപയോഗിച്ചു. അതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം.
10 യഹോവ എല്ലാവരെയും സ്നേഹിക്കുന്നു. യേശു മലയിലെ പ്രസംഗത്തിൽ, പലരും വളരെ നിസ്സാരമായെടുക്കുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് ശിഷ്യന്മാരോടു പറഞ്ഞു: സൂര്യനും മഴയും. ഇവ രണ്ടും ജീവൻ നിലനിറുത്താൻ വളരെ ആവശ്യമാണ്. യഹോവയ്ക്കു വേണമെങ്കിൽ തന്നെ ആരാധിക്കാത്തവർക്ക് അതു നൽകാതിരിക്കാം. പക്ഷേ യഹോവ അങ്ങനെ ചെയ്യുന്നില്ല. പകരം സ്നേഹത്തോടെ എല്ലാവർക്കും അതു നൽകുന്നു. (മത്താ. 5:43-45) ഈ ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നമ്മളും എല്ലാവരെയും സ്നേഹിക്കാൻ യഹോവ പ്രതീക്ഷിക്കുന്നെന്നു യേശു പഠിപ്പിച്ചു. മനോഹരമായ സൂര്യാസ്തമയമോ ഉന്മേഷം പകരുന്ന മഴയോ ഒക്കെ കാണുമ്പോൾ എല്ലാ മനുഷ്യരോടുമുള്ള യഹോവയുടെ സ്നേഹത്തെക്കുറിച്ച് നമുക്ക് ഓർക്കാം. അപ്പോൾ എല്ലാവരോടും സന്തോഷവാർത്ത അറിയിച്ചുകൊണ്ട് യഹോവയുടെ ആ സ്നേഹം അനുകരിക്കാൻ നമുക്കു തോന്നും.
11. ആകാശത്തിലെ പക്ഷികളെ നിരീക്ഷിക്കുന്നതു നമുക്കു പ്രോത്സാഹനം നൽകുന്നത് എങ്ങനെ?
11 യഹോവ നമ്മുടെ ആവശ്യങ്ങൾക്കായി കരുതുന്നു. മലയിലെ പ്രസംഗത്തിൽ യേശു ഇങ്ങനെയും പറഞ്ഞു: “ആകാശത്തിലെ പക്ഷികളെ അടുത്ത് നിരീക്ഷിക്കുക. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു. അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?” സാധ്യതയനുസരിച്ച് യേശു ഇതു പറഞ്ഞപ്പോൾ പക്ഷികൾ അതിലേ പറക്കുന്നത് അവർക്കു കാണാമായിരുന്നു. (മത്താ. 6:26) ഇതിലൂടെ യഹോവ നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നു യേശു ഉറപ്പുനൽകുകയായിരുന്നു. (മത്താ. 6:31, 32) സൃഷ്ടികളെ ഉപയോഗിച്ചുകൊണ്ട് യേശു പഠിപ്പിച്ച ആ പാഠം ഇന്നും വിശ്വസ്തരായ ദാസന്മാർക്കു പ്രോത്സാഹനം നൽകുന്നു. സ്പെയിനിൽനിന്നുള്ള ചെറുപ്പക്കാരിയായ ഒരു മുൻനിരസേവികയുടെ അനുഭവം അതാണു കാണിക്കുന്നത്. താമസിക്കാൻ നല്ലൊരു ഇടം കിട്ടാത്തതുകൊണ്ട് സഹോദരി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ, കിളികൾ ചെറിയ ധാന്യങ്ങളും പഴങ്ങളും കൊത്തിത്തിന്നുന്നതു സഹോദരി കാണാനിടയായി. അതോടെ സഹോദരിയുടെ മനസ്സ് ശാന്തമായി. സഹോദരി പറയുന്നു: “ആ പക്ഷികൾക്കുവേണ്ടി കരുതുന്ന യഹോവ എന്റെ ആവശ്യങ്ങൾക്കുവേണ്ടിയും കരുതുമെന്ന് അത് എന്നെ ഓർമിപ്പിച്ചു. അധികം വൈകാതെതന്നെ സഹോദരിക്കു നല്ലൊരു താമസസൗകര്യം കിട്ടുകയും ചെയ്തു.”
12. മത്തായി 10:29-31 പറയുന്നതനുസരിച്ച് കുരുവികൾ യഹോവയെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?
12 യഹോവ നമ്മളെ ഓരോരുത്തരെയും വിലയുള്ളവരായി കാണുന്നു. പ്രസംഗപ്രവർത്തനത്തിന് അപ്പോസ്തലന്മാരെ അയയ്ക്കുന്നതിനു മുമ്പ്, എതിർപ്പുകളെ ധൈര്യത്തോടെ നേരിടാൻ യേശു അവരെ സഹായിച്ചു. (മത്തായി 10:29-31 വായിക്കുക.) ഇസ്രായേലിൽ വളരെ സാധാരണമായി കണ്ടിരുന്ന കുരുവികളെക്കുറിച്ച് പറഞ്ഞുകൊണ്ടാണു യേശു അതു ചെയ്തത്. അക്കാലത്ത് അവയ്ക്കു തീരെ വിലയില്ലായിരുന്നു. എന്നാൽ യേശു ശിഷ്യന്മാരോടു പറഞ്ഞു: “അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല.” എന്നിട്ട് ഇങ്ങനെയും പറഞ്ഞു: “അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!” യഹോവ അവരെ ഓരോരുത്തരെയും വിലയുള്ളവരായി കാണുന്നെന്നു യേശു അതിലൂടെ ശിഷ്യന്മാർക്ക് ഉറപ്പു കൊടുത്തു. അതുകൊണ്ട് അവർ യാതൊരു എതിർപ്പിനെയും ഭയക്കേണ്ടതില്ലായിരുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രസംഗപ്രവർത്തനം ചെയ്യുന്നതിനിടെ കുരുവികളെ കണ്ടപ്പോൾ അവർ തീർച്ചയായും യേശുവിന്റെ വാക്കുകൾ ഓർത്തുകാണും. ചെറിയ പക്ഷികളെ കാണുമ്പോഴെല്ലാം നിങ്ങളും ഓർക്കുക: യഹോവ നിങ്ങളെ ഓരോരുത്തരെയും മൂല്യമുള്ളവരായി കാണുന്നുണ്ട്. കാരണം ‘അനേകം കുരുവികളെക്കാൾ വിലയുള്ളവരാണു നിങ്ങൾ.’ യഹോവയുടെ സഹായത്താൽ ഏതൊരു എതിർപ്പിനെയും ധൈര്യത്തോടെ നേരിടാൻ നിങ്ങൾക്കാകും.—സങ്കീ. 118:6.
സൃഷ്ടികളിൽനിന്ന് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ എന്തു ചെയ്യാം?
13. സൃഷ്ടികളിൽനിന്ന് കൂടുതൽ പഠിക്കാൻ എന്തു സഹായിക്കും?
13 സൃഷ്ടികളിൽനിന്ന് യഹോവയെക്കുറിച്ച് നമുക്കു മറ്റു പലതും പഠിക്കാനാകും. അതിന് എന്താണു ചെയ്യേണ്ടത്? ആദ്യംതന്നെ സൃഷ്ടികളെ നിരീക്ഷിക്കാൻ സമയം കണ്ടെത്തുക. അടുത്തതായി, അവ യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കുക. അത് എപ്പോഴും അത്ര എളുപ്പമല്ല. കാമറൂണിലുള്ള ജറാൾഡിൻ സഹോദരി പറയുന്നു: “ഞാൻ വളർന്നുവന്നത് ഒരു നഗരത്തിലാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ നിരീക്ഷിക്കാൻ ഞാൻ നല്ല ശ്രമം ചെയ്യണമായിരുന്നു.” അൽഫോൻസോ എന്നു പേരുള്ള ഒരു മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സൃഷ്ടികളെ നിരീക്ഷിക്കാനും അതു യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കാനും പ്രത്യേകം സമയം മാറ്റിവെച്ചാലേ എനിക്ക് അതിനു കഴിയൂ എന്നു ഞാൻ മനസ്സിലാക്കി.”
14. ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചപ്പോൾ ദാവീദ് എന്തെല്ലാം കാര്യങ്ങൾ മനസ്സിലാക്കി?
14 ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച ഒരു വ്യക്തിയായിരുന്നു ദാവീദ്. അദ്ദേഹം യഹോവയോടു പറഞ്ഞു: “അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയും അങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ, നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്?” (സങ്കീ. 8:3, 4) രാത്രിയിൽ ആകാശത്തേക്കു നോക്കി അതിന്റെ ഭംഗി ആസ്വദിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. ആ നക്ഷത്രങ്ങൾ ദൈവത്തെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കുകയും ചെയ്തു. യഹോവ എത്ര മഹാനും ശക്തനും ആണെന്ന് അങ്ങനെ അദ്ദേഹം മനസ്സിലാക്കി. ഇനി, തന്റെ അമ്മയുടെ ഗർഭപാത്രത്തിൽ താൻ വളർന്നുവന്നതിനെക്കുറിച്ചും ദാവീദ് ചിന്തിച്ചു. എത്ര അതിശയകരമായാണു തന്റെ ശരീരം ഉണ്ടാക്കിയിരിക്കുന്നതെന്നു ചിന്തിച്ചത് യഹോവയുടെ ജ്ഞാനത്തെ കൂടുതൽ വിലമതിക്കാൻ അദ്ദേഹത്തെ സഹായിച്ചു.—സങ്കീ. 139:14-17.
15. സൃഷ്ടികളിൽനിന്ന് നിങ്ങൾ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കിയതിന്റെ ചില ഉദാഹരണങ്ങൾ പറയുക. (സങ്കീർത്തനം 148:7-10)
15 ദാവീദിനെപ്പോലെ നിങ്ങൾക്കും, പ്രകൃതിയിലെ എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കുന്നതിന് ഒരുപാടു ദൂരേക്കു പോകേണ്ട ആവശ്യമില്ലായിരിക്കും. യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന പലതും നിങ്ങളുടെ ചുറ്റുമുണ്ട്. ഉദാഹരണത്തിന്, സൂര്യന്റെ ചൂട് ഏൽക്കുമ്പോൾ യഹോവയുടെ ശക്തിയെക്കുറിച്ച് ഓർക്കുക. (യിരെ. 31:35) ഒരു കിളി കൂടു കൂട്ടുന്നതു കാണുമ്പോൾ ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ച് ചിന്തിക്കാനാകും. ഒരു പട്ടിക്കുട്ടി സ്വന്തം വാലിൽ കടിക്കാൻവേണ്ടി വട്ടം കറങ്ങുന്നതു കാണുമ്പോൾ യഹോവ തമാശയൊക്കെ ഇഷ്ടപ്പെടുന്ന ദൈവമാണെന്നു മനസ്സിലാക്കുക. ഒരു അമ്മ കുഞ്ഞിനെ കളിപ്പിക്കുന്നതു കാണുമ്പോൾ യഹോവയുടെ സ്നേഹത്തെക്കുറിച്ച് ഓർത്ത് നന്ദി പറയുക. യഹോവയെക്കുറിച്ച് പഠിക്കാൻ നമുക്ക് എത്രയെത്ര അവസരങ്ങളാണുള്ളത്! കാരണം, അടുത്തും അകലെയും ഉള്ള ചെറുതും വലുതും ആയ എല്ലാ സൃഷ്ടികളും ദൈവത്തെ സ്തുതിക്കുന്നു.—സങ്കീർത്തനം 148:7-10 വായിക്കുക.
16. നമുക്ക് ഓരോരുത്തർക്കും എന്തു ചെയ്യാൻ തീരുമാനിക്കാം?
16 നമ്മുടെ ദൈവം വലിയ ജ്ഞാനിയാണ്, സ്നേഹമുള്ളവനാണ്, ശക്തനുമാണ്. യഹോവ ഉണ്ടാക്കിയിരിക്കുന്നതെല്ലാം വളരെ മനോഹരമാണ്. ചുറ്റുമുള്ള സൃഷ്ടികളെ അടുത്ത് നിരീക്ഷിക്കുകയാണെങ്കിൽ ഈ ഗുണങ്ങളെക്കുറിച്ചും ഇതുപോലുള്ള മറ്റു ഗുണങ്ങളെക്കുറിച്ചും നമുക്കു മനസ്സിലാക്കാനാകും. ദൈവത്തിന്റെ സൃഷ്ടികൾ കണ്ട് ആസ്വദിക്കാനും അവ യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കാനും പതിവായി സമയം കണ്ടെത്തുക. അങ്ങനെ ചെയ്യുന്നതിലൂടെ സ്രഷ്ടാവിനോടു കൂടുതൽ അടുക്കാൻ നമുക്കാകും. (യാക്കോ. 4:8) മാതാപിതാക്കൾക്ക് എങ്ങനെ സൃഷ്ടികളെ ഉപയോഗിച്ചുകൊണ്ട് യഹോവയോട് അടുക്കാൻ മക്കളെ സഹായിക്കാനാകുമെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.
ഗീതം 5 ദൈവത്തിന്റെ അത്ഭുതചെയ്തികൾ
a യഹോവയുടെ സൃഷ്ടികൾ ഭയാദരവ് ഉണർത്തുന്നവയാണ്. സൂര്യന്റെ അളവറ്റ ഊർജംമുതൽ പൂക്കളുടെ മൃദുലമായ ഇതളുകൾവരെ ദൈവത്തിന്റെ എല്ലാ സൃഷ്ടികളും അത്ഭുതപ്പെടുത്തുന്നവയാണ്. യഹോവ എങ്ങനെയുള്ള വ്യക്തിയാണെന്നു മനസ്സിലാക്കാനും അവ സഹായിക്കുന്നു. സൃഷ്ടികളെ നിരീക്ഷിക്കാൻ സമയം കണ്ടെത്തേണ്ടത് എന്തുകൊണ്ടാണെന്നും അങ്ങനെ ചെയ്യുന്നതു ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണെന്നും ഈ ലേഖനത്തിൽ ചർച്ച ചെയ്യും.