“സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്”
“ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്.”—മത്താ. 10:34.
1, 2. (എ) നമ്മൾ ഇപ്പോൾ എങ്ങനെയുള്ള സമാധാനം ആസ്വദിക്കുന്നു? (ബി) ഇക്കാലത്ത് പൂർണമായ സമാധാനമില്ലാത്തത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ഉത്കണ്ഠകളില്ലാത്ത സമാധാനമുള്ള ഒരു ജീവിതമാണു നമ്മളെല്ലാം ആഗ്രഹിക്കുന്നത്. ആശങ്കപ്പെടുത്തുന്ന ചിന്തകളിൽനിന്നും വികാരങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കാൻ കഴിയുന്ന “ദൈവസമാധാനം” എന്ന ആന്തരികശാന്തത തരുന്നതിൽ നമ്മൾ യഹോവയോട് എത്ര നന്ദിയുള്ളവരാണ്. (ഫിലി. 4:6, 7) യഹോവയ്ക്കു നമ്മുടെ ജീവിതം സമർപ്പിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ട്. അങ്ങനെ നമ്മൾ ‘ദൈവവുമായി സമാധാനത്തിലാണ്.’—റോമ. 5:1.
2 എങ്കിലും പൂർണമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ദൈവത്തിന്റെ സമയം ഇതുവരെ വന്നിട്ടില്ല. ബുദ്ധിമുട്ടു നിറഞ്ഞ ഈ അവസാനകാലത്ത് അനേകരും മത്സരമനോഭാവമുള്ളവരാണ്, അതുകൊണ്ടുതന്നെ ലോകം സംഘർഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. (2 തിമൊ. 3:1-4) ഇനി, ക്രിസ്ത്യാനികളായ നമുക്കു സാത്താനും അവൻ വ്യാപിപ്പിക്കുന്ന വ്യാജപഠിപ്പിക്കലുകൾക്കും എതിരെ പോരാടേണ്ടതുണ്ട്. (2 കൊരി. 10:4, 5) പക്ഷേ നമ്മുടെ സമാധാനത്തിന് ഏറ്റവും അധികം ഭീഷണി വന്നേക്കാവുന്നത് അവിശ്വാസികളായ ബന്ധുക്കളിൽനിന്നായിരിക്കാം. അവർ നമ്മുടെ വിശ്വാസങ്ങളെ പരിഹസിച്ചേക്കാം, കുടുംബം കലക്കുന്നവരാണെന്നു കുറ്റപ്പെടുത്തിയേക്കാം, ‘നിങ്ങളുടെ ഈ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങളുമായി ഇനി ഒരു ബന്ധവുമില്ല’ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയേക്കാം. എന്നാൽ, കുടുംബത്തിൽനിന്നുള്ള എതിർപ്പിനെ നമ്മൾ എങ്ങനെ വീക്ഷിക്കണം? അതിന്റെ പേരിലുണ്ടാകുന്ന വ്യത്യസ്ത പ്രശ്നങ്ങളെ എങ്ങനെ നേരിടാം?
കുടുംബത്തിൽനിന്നുള്ള എതിർപ്പിനെ എങ്ങനെ വീക്ഷിക്കണം?
3, 4. (എ) യേശുവിനെ അനുഗമിക്കുമ്പോൾ എന്തു പരിണതഫലം പ്രതീക്ഷിക്കണം? (ബി) യേശുവിനെ അനുകരിക്കുന്നതു പ്രത്യേകിച്ചും ബുദ്ധിമുട്ടായിത്തീർന്നേക്കാവുന്നത് എപ്പോൾ?
3 തന്റെ പഠിപ്പിക്കലുകൾ ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുമെന്നും എതിർപ്പുകളെ നേരിടാൻ തന്റെ അനുഗാമികൾക്കു ധൈര്യം ആവശ്യമാണെന്നും യേശുവിന് അറിയാമായിരുന്നു. കുടുംബാംഗങ്ങൾക്കിടയിലെ സമാധാനത്തെ ഇതു ബാധിക്കുമായിരുന്നു. യേശു പറഞ്ഞു: “ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്. മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്. ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും.”—മത്താ. 10:34-36.
4 “ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? തന്നെ അനുഗമിക്കുന്നതുകൊണ്ടുണ്ടാകുന്ന പരിണതഫലങ്ങളെക്കുറിച്ച് തന്റെ ശ്രോതാക്കൾ ചിന്തിക്കേണ്ടതുണ്ടെന്നാണു യേശു അർഥമാക്കിയത്. യേശുവിന്റെ സന്ദേശം ആളുകളെ ഭിന്നിപ്പിക്കുമായിരുന്നു. എന്നാൽ യേശുവിന്റെ ഉദ്ദേശ്യം ദൈവവചനത്തിലെ സത്യം അറിയിക്കുക എന്നതായിരുന്നു, അല്ലാതെ ബന്ധങ്ങൾ തകർക്കുക എന്നതായിരുന്നില്ല. (യോഹ. 18:37) എങ്കിലും, ഉറ്റസുഹൃത്തുക്കളോ കുടുംബാംഗങ്ങളോ സത്യത്തെ എതിർക്കുമ്പോൾ ക്രിസ്തു പഠിപ്പിക്കുന്നതനുസരിച്ച് ജീവിക്കുന്നത് അത്ര എളുപ്പമല്ല.
5. യേശുവിന്റെ ശിഷ്യന്മാർ എന്ത് അനുഭവിച്ചറിഞ്ഞിരിക്കുന്നു?
5 തന്റെ അനുഗാമികൾ പലതരം കഷ്ടതകൾ സഹിച്ചുനിൽക്കേണ്ടിവരുമെന്നു യേശു പറഞ്ഞു. അക്കൂട്ടത്തിൽ കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പുകളും ഉൾപ്പെടുന്നു. (മത്താ. 10:38) ക്രിസ്തുവിന്റെ ഒരു ശിഷ്യനായിരിക്കുന്നതിനു കുടുംബാംഗങ്ങളിൽനിന്നുള്ള പരിഹാസവും ഒറ്റപ്പെടുത്തലും ഒക്കെ അവർ സഹിച്ചുനിൽക്കേണ്ടിവരുമായിരുന്നു. പക്ഷേ അവർ നേടിയ കാര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവർ നഷ്ടപ്പെടുത്തിയത് ഒന്നുമല്ല!—മർക്കോസ് 10:29, 30 വായിക്കുക.
6. യഹോവയെ ആരാധിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ ബന്ധുക്കൾ എതിർക്കുന്നെങ്കിൽ നമ്മൾ എന്തെല്ലാം ഓർക്കണം?
6 യഹോവയെ ആരാധിക്കുന്നതിനെ കുടുംബാംഗങ്ങൾ എതിർത്താലും നമ്മൾ അവരെ തുടർന്നും സ്നേഹിക്കും. പക്ഷേ ഒന്നോർക്കണം: നമ്മൾ ഏറ്റവും അധികം സ്നേഹിക്കേണ്ടതു ദൈവത്തെയും ക്രിസ്തുവിനെയും ആണ്. (മത്താ. 10:37) അതുപോലെ, കുടുംബാംഗങ്ങളോടു നമുക്കുള്ള സ്നേഹവും അടുപ്പവും മുതലെടുത്തുകൊണ്ട് നമ്മുടെ വിശ്വസ്തത തകർക്കാൻ സാത്താൻ ശ്രമിക്കുമെന്ന കാര്യം മറക്കരുത്. കുടുംബത്തിൽനിന്നുള്ള എതിർപ്പു നേരിട്ടേക്കാവുന്ന ചില സാഹചര്യങ്ങളും അത്തരം സാഹചര്യങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്നും നമുക്ക് ഇപ്പോൾ നോക്കാം.
ഇണ അവിശ്വാസിയാണെങ്കിൽ
7. അവിശ്വാസിയായ ഇണയുള്ള ഒരാൾ തന്റെ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണണം?
7 “വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും” എന്നു ബൈബിൾ മുന്നറിയിപ്പു തരുന്നു. (1 കൊരി. 7:28) നിങ്ങളുടെ ഇണ അവിശ്വാസിയാണെങ്കിൽ സാധാരണ വിവാഹബന്ധത്തിലുണ്ടാകുന്നതിനെക്കാൾ കൂടുതൽ പ്രശ്നങ്ങളും ഉത്കണ്ഠകളും നിങ്ങൾക്കുണ്ടായേക്കാം. അപ്പോൾ നിങ്ങളുടെ സാഹചര്യത്തെ യഹോവ കാണുന്നതുപോലെ കാണുക. യഹോവയുടെ വീക്ഷണത്തിൽ, ക്രിസ്തുവിന്റെ അനുഗാമിയാകാൻ നിങ്ങളുടെ ഇണ ഇപ്പോൾ തയ്യാറല്ല എന്നതു വിവാഹമോചനത്തിനോ വേർപിരിയലിനോ ഉള്ള ന്യായമായ കാരണമല്ല. (1 കൊരി. 7:12-16) അതുപോലെ, അവിശ്വാസിയായ ഭർത്താവ് ആത്മീയകാര്യങ്ങളിൽ നേതൃത്വമെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ബഹുമാനിക്കണം, കാരണം അദ്ദേഹം കുടുംബത്തിന്റെ തലയാണ്. അതുപോലെ, ഭാര്യ അവിശ്വാസിയാണെങ്കിലും ഒരു ക്രിസ്തീയഭർത്താവ് അവളോട് ആത്മത്യാഗസ്നേഹവും വാത്സല്യവും കാണിക്കണം.—എഫെ. 5:22, 23, 28, 29.
8. നിങ്ങളുടെ ദൈവസേവനത്തിന് ഇണ പരിധികൾ വെക്കാൻ ശ്രമിക്കുന്നെങ്കിൽ ഏതു ചോദ്യം സ്വയം ചോദിക്കണം?
8 നിങ്ങളുടെ ദൈവസേവനത്തിനു ചില പരിധികൾ വെക്കാൻ ഇണ ശ്രമിക്കുന്നെങ്കിൽ എന്തു ചെയ്യും? ഉദാഹരണത്തിന്, ആഴ്ചയിലെ ചില ദിവസങ്ങൾ മാത്രമേ വയൽസേവനത്തിനു പോകാവൂ എന്ന് ഒരു സഹോദരിയോടു ഭർത്താവ് പറഞ്ഞു. നിങ്ങൾ അത്തരം ഒരു സാഹചര്യം നേരിടുന്നെങ്കിൽ സ്വയം ചോദിക്കുക: ‘യഹോവയെ ആരാധിക്കുന്നതു പൂർണമായി നിറുത്താനാണോ ഇണ ആവശ്യപ്പെടുന്നത്? അങ്ങനെയല്ലെങ്കിൽ ഇണയുടെ അഭ്യർഥന മാനിക്കാവുന്നതല്ലേ?’ വിട്ടുവീഴ്ച കാണിക്കാനുള്ള സന്നദ്ധത വിവാഹബന്ധത്തിൽ അനാവശ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.—ഫിലി. 4:5.
9. അവിശ്വാസിയായ പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?
9 ഇണ അവിശ്വാസിയാണെങ്കിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതു പ്രത്യേകിച്ചും ബുദ്ധിമുട്ടായിത്തീർന്നേക്കാം. ഉദാഹരണത്തിന്, “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്ന ബൈബിൾകല്പനയെക്കുറിച്ച് ചിന്തിക്കുക. (എഫെ. 6:1-3) എന്നാൽ നിങ്ങളുടെ ഇണ ബൈബിളിലെ നിലവാരങ്ങൾക്കനുസരിച്ചല്ല ജീവിക്കുന്നതെങ്കിൽ ഈ കല്പന അനുസരിക്കാൻ കുട്ടിയെ എങ്ങനെ പഠിപ്പിക്കാം? ഇണയോടു ബഹുമാനം കാണിച്ചുകൊണ്ട് നിങ്ങൾതന്നെ നല്ലൊരു മാതൃക വെക്കണം. ഇണയുടെ നല്ല ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക, ഇണ ചെയ്യുന്ന നല്ല കാര്യങ്ങളോടു നിങ്ങൾക്കുള്ള വിലമതിപ്പു പ്രകടിപ്പിക്കുക. മക്കളുടെ മുമ്പിൽവെച്ച് ഇണയെപ്പറ്റി മോശമായ വിധത്തിൽ സംസാരിക്കരുത്. യഹോവയെ സേവിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമാണെന്നു മക്കളോടു വിശദീകരിക്കുക. ഒരുപക്ഷേ കുട്ടികളുടെ നല്ല പെരുമാറ്റം അവിശ്വാസിയായ പിതാവിനെയോ മാതാവിനെയോ സത്യത്തിലേക്ക് ആകർഷിച്ചേക്കാം.
10. ദമ്പതികളിൽ ഒരാൾ അവിശ്വാസിയാണെങ്കിൽ വിശ്വാസിയായ ഇണയ്ക്ക് എങ്ങനെ തങ്ങളുടെ മക്കളെ ബൈബിൾസത്യം പഠിപ്പിക്കാം?
10 വ്യാജമതത്തോടു ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുക്കാനോ വ്യാജമതവിശ്വാസങ്ങൾ പഠിക്കാനോ ചിലപ്പോൾ അവിശ്വാസിയായ ഇണ മക്കളെ നിർബന്ധിച്ചേക്കാം. ഭാര്യ കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നത് അവിശ്വാസികളായ ചില ഭർത്താക്കന്മാർ വിലക്കിയേക്കാം. അപ്പോൾപ്പോലും കുട്ടികളെ ബൈബിൾസത്യം പഠിപ്പിക്കാൻ ക്രിസ്തീയഭാര്യ തന്നാലാകുന്നതെല്ലാം ചെയ്യണം. (പ്രവൃ. 16:1; 2 തിമൊ. 3:14, 15) ഉദാഹരണത്തിന്, കുട്ടികളുമായി ക്രമമായ ബൈബിൾപഠനം നടത്താനോ അവരെ മീറ്റിങ്ങുകൾക്കു കൊണ്ടുപോകാനോ അവിശ്വാസിയായ ഭർത്താവ് സമ്മതിക്കില്ലായിരിക്കാം. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ മാനിക്കുമ്പോൾത്തന്നെ, അവസരം കിട്ടുമ്പോഴെല്ലാം കുട്ടികളോടു തന്റെ വിശ്വാസത്തെക്കുറിച്ച് ഭാര്യക്കു സംസാരിക്കാനാകും. അങ്ങനെ യഹോവയെക്കുറിച്ചും ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങളെക്കുറിച്ചും ഉള്ള അറിവ് പകർന്നുകൊടുക്കണം. (പ്രവൃ. 4:19, 20) എന്താണെങ്കിലും, യഹോവയെ സേവിക്കണോ വേണ്ടയോ എന്നുള്ളതു മുതിർന്നുവരവെ കുട്ടികൾതന്നെ എടുക്കേണ്ട ഒരു തീരുമാനമാണ്.—ആവ. 30:19, 20.a
ബന്ധുക്കൾ സത്യാരാധനയെ എതിർക്കുമ്പോൾ
11. സാക്ഷികളല്ലാത്ത ബന്ധുക്കളുമായി പ്രശ്നങ്ങളുണ്ടാകാൻ എന്ത് ഇടയാക്കിയേക്കാം?
11 യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കുന്ന കാര്യം ആദ്യമൊന്നും നമ്മൾ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ടാകില്ല. എന്നാൽ നമ്മുടെ വിശ്വാസം ബലപ്പെട്ടപ്പോൾ ബൈബിൾസത്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയേണ്ടതാണെന്നു നമ്മൾ മനസ്സിലാക്കി. (മർക്കോ. 8:38) നിങ്ങളുടെ ധീരമായ നിലപാടുമൂലം സാക്ഷികളല്ലാത്ത ബന്ധുക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ അത്തരം പ്രശ്നങ്ങൾ കുറയ്ക്കാനും വിശ്വസ്തരായി തുടരാനും നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങൾ നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം.
12. അവിശ്വാസികളായ ബന്ധുക്കൾ നമ്മളെ എതിർക്കുന്നത് എന്തുകൊണ്ടായിരിക്കാം, നമ്മൾ എന്തു മനസ്സിലാക്കാൻ ശ്രമിക്കണം?
12 അവിശ്വാസികളായ ബന്ധുക്കളെ അവരുടെ സ്ഥാനത്തുനിന്ന് നോക്കിക്കാണാൻ ശ്രമിക്കുക. ബൈബിൾസത്യം അറിഞ്ഞപ്പോൾ നമുക്കു വലിയ ആവേശവും സന്തോഷവും ഒക്കെ തോന്നിക്കാണും. പക്ഷേ നമ്മുടെ ബന്ധുക്കൾ കാര്യങ്ങൾ അങ്ങനെയായിരിക്കില്ല കാണുന്നത്. നമ്മളെ ആരോ പറഞ്ഞ് പറ്റിച്ചിരിക്കുകയാണെന്നോ നമ്മൾ ഒരു വിചിത്രമായ മതത്തിന്റെ ഭാഗമായെന്നോ ഒക്കെയായിരിക്കാം അവരുടെ ചിന്ത. അവരുടെകൂടെ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാത്തതുകൊണ്ട് നമുക്ക് ഇപ്പോൾ അവരോടു സ്നേഹമില്ലെന്നായിരിക്കാം അവർ കരുതുന്നത്. മരണശേഷം ദൈവം നമ്മെ ശിക്ഷിക്കുമെന്നുപോലും അവർ ആകുലപ്പെട്ടേക്കാം. അതുകൊണ്ട്, അവരുടെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ നോക്കിക്കാണാൻ ശ്രമിച്ചുകൊണ്ട് സഹാനുഭൂതി കാണിക്കുക. അവർ നമ്മളിൽ താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. (സുഭാ. 20:5) ‘എല്ലാ തരം ആളുകളോടും’ സന്തോഷവാർത്ത അറിയിക്കുന്നതിന് അവരെ നന്നായി മനസ്സിലാക്കാൻ പൗലോസ് അപ്പോസ്തലൻ ശ്രമിച്ചു. അങ്ങനെ ചെയ്യുന്നതു നമ്മളെയും സഹായിക്കും.—1 കൊരി. 9:19-23.
13. അവിശ്വാസികളായ ബന്ധുക്കളോടു നമ്മൾ എങ്ങനെ സംസാരിക്കണം?
13 സൗമ്യതയോടെ സംസാരിക്കുക. “എപ്പോഴും നിങ്ങളുടെ വാക്കുകൾ . . . ഹൃദ്യമായിരിക്കട്ടെ” എന്നു ബൈബിൾ പറയുന്നു. (കൊലോ. 4:6) ബന്ധുക്കളോടു സംസാരിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ ഫലം പ്രകടമാക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കാം. അവരുടെ തെറ്റായ എല്ലാ മതവിശ്വാസങ്ങളെയും ഖണ്ഡിക്കാൻ നമ്മൾ ശ്രമിക്കേണ്ടതില്ല. അവർ നമ്മളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നെങ്കിൽ നമുക്ക് അപ്പോസ്തലന്മാരുടെ മാതൃക അനുകരിക്കാം. പൗലോസ് എഴുതി: “ഞങ്ങളെ അപമാനിക്കുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു. ഞങ്ങളെ ഉപദ്രവിക്കുമ്പോൾ ഞങ്ങൾ ക്ഷമയോടെ അതെല്ലാം സഹിക്കുന്നു. ഞങ്ങളെക്കുറിച്ച് അപവാദം പറയുമ്പോൾ ഞങ്ങൾ സൗമ്യമായി മറുപടി പറയുന്നു.”—1 കൊരി. 4:12, 13.
14. നല്ല പെരുമാറ്റത്തിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
14 നല്ല പെരുമാറ്റം കാത്തുസൂക്ഷിക്കുക. അവിശ്വാസികളായ ബന്ധുക്കളോട് ഇടപെടുമ്പോൾ സൗമ്യതയോടെ സംസാരിക്കണമെന്നു നമ്മൾ കണ്ടു. എന്നാൽ നമ്മുടെ നല്ല പെരുമാറ്റം അതിനെക്കാൾ ഗുണം ചെയ്യും. (1 പത്രോസ് 3:1, 2, 16 വായിക്കുക.) യഹോവയുടെ സാക്ഷികൾ സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കുന്നെന്നും കുട്ടികളെ നന്നായി പരിപാലിക്കുന്നെന്നും ശുദ്ധവും ധർമനിഷ്ഠയുള്ളതും സംതൃപ്തവും ആയ ജീവിതം നയിക്കുന്നവരാണെന്നും നിങ്ങളുടെ നല്ല മാതൃകയിലൂടെ ബന്ധുക്കൾ കാണട്ടെ. നമ്മുടെ ബന്ധുക്കൾ സത്യം സ്വീകരിച്ചില്ലെങ്കിൽപ്പോലും സന്തോഷിക്കാം, കാരണം നമ്മുടെ വിശ്വസ്തത യഹോവയെ പ്രസാദിപ്പിക്കും.
15. ബന്ധുക്കളുമായുള്ള വാഗ്വാദങ്ങൾ ഒഴിവാക്കാൻ നമുക്ക് എങ്ങനെ മുന്നമേ തയ്യാറാകാം?
15 മുൻകൂട്ടി തയ്യാറെടുക്കുക. പ്രശ്നങ്ങളുണ്ടായേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച് മുന്നമേ ചിന്തിക്കുക. അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നു തീരുമാനിക്കുക. (സുഭാ. 12:16, 23) ഓസ്ട്രേലിയയിലുള്ള ഒരു സഹോദരി പറയുന്നു: “സത്യത്തോടു കടുത്ത എതിർപ്പുള്ളയാളായിരുന്നു എന്റെ ഭർത്താവിന്റെ അച്ഛൻ. ഞങ്ങളോടു കടുത്ത ഭാഷയിൽ സംസാരിച്ചാലും അതേ നാണയത്തിൽ തിരിച്ചടിക്കാതിരിക്കാനുള്ള സഹായത്തിനായി പ്രാർഥിച്ചിട്ടായിരുന്നു ഞങ്ങൾ അച്ഛനെ ഫോൺ വിളിച്ചിരുന്നത്. സംഭാഷണം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന വിഷയങ്ങൾ ഞങ്ങൾ മുന്നമേ തയ്യാറാകും. നീണ്ട സംഭാഷണങ്ങൾ മിക്കപ്പോഴും മതത്തെക്കുറിച്ചുള്ള ചൂടുപിടിച്ച വാഗ്വാദങ്ങളിലേക്കു നയിക്കാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് എപ്പോൾ സംഭാഷണം നിറുത്തണമെന്നു ഞങ്ങൾ മുൻകൂട്ടി തീരുമാനിക്കുമായിരുന്നു.”
16. ബന്ധുക്കളെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യേണ്ടിവരുമ്പോഴുള്ള കുറ്റബോധത്തെ നിങ്ങൾക്ക് എങ്ങനെ മറികടക്കാം?
16 അവിശ്വാസികളായ ബന്ധുക്കളുമായി എല്ലാ കാര്യത്തിലും യോജിപ്പിലെത്താൻ കഴിയുമെന്നു പ്രതീക്ഷിക്കാനാകില്ല. നിങ്ങൾ അവരെ സ്നേഹിക്കുന്നതുകൊണ്ടും അവരെ എപ്പോഴും പ്രീതിപ്പെടുത്താൻ ശ്രമിച്ചിരുന്നതുകൊണ്ടും അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ നിങ്ങൾക്കു കുറ്റബോധം തോന്നിയേക്കാം. അങ്ങനെ തോന്നുന്നെങ്കിൽ ഓർക്കുക, കുടുംബത്തോടുള്ള സ്നേഹത്തെക്കാൾ പ്രധാനം യഹോവയോടുള്ള വിശ്വസ്തതയാണ്. നിങ്ങൾ അങ്ങനെയൊരു നിലപാടെടുക്കുമ്പോൾ, ബൈബിൾസത്യത്തിനു ചേർച്ചയിൽ ജീവിക്കുന്നതു നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് അവർ തിരിച്ചറിഞ്ഞേക്കാം. എന്തുതന്നെയായാലും സത്യം സ്വീകരിക്കാൻ നിങ്ങൾക്കു മറ്റുള്ളവരെ നിർബന്ധിക്കാനാകില്ല. പകരം യഹോവയുടെ വഴികളിൽ നടക്കുന്നതുകൊണ്ട് നിങ്ങൾ എന്തെല്ലാം പ്രയോജനങ്ങൾ അനുഭവിക്കുന്നെന്ന് അവർ കാണട്ടെ. നമ്മുടെ സ്നേഹവാനായ ദൈവം നമുക്ക് അവസരം തന്നതുപോലെ പോകേണ്ട വഴി തിരഞ്ഞെടുക്കാൻ അവർക്കും അവസരം കൊടുക്കുന്നു.—യശ. 48:17, 18.
കുടുംബാംഗം യഹോവയെ ഉപേക്ഷിച്ചുപോകുമ്പോൾ
17, 18. ഒരു കുടുംബാംഗം യഹോവയെ സേവിക്കുന്നതു നിറുത്തിയാൽ പിടിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും?
17 കുടുംബത്തിലെ ഒരംഗത്തെ പുറത്താക്കുമ്പോഴോ അദ്ദേഹം സഭയുമായി നിസ്സഹവസിക്കുമ്പോഴോ വാളുകൊണ്ട് കുത്തുന്നതുപോലെയുള്ള വേദനയായിരിക്കും തോന്നുക. അത്തരം സാഹചര്യത്തിൽ നമുക്ക് എങ്ങനെ പിടിച്ചുനിൽക്കാം?
18 നിങ്ങളുടെ ആത്മീയചര്യക്കു മുടക്കം വരുത്തരുത്. നിങ്ങളുടെ ആത്മീയബലം വർധിപ്പിക്കാൻ ക്രമമായി ബൈബിൾ വായിക്കുക, ക്രിസ്തീയയോഗങ്ങൾക്കു തയ്യാറാകുകയും ഹാജരാകുകയും ചെയ്യുക, ശുശ്രൂഷയിൽ ഏർപ്പെടുക, സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുക. (യൂദ 20, 21) എന്നാൽ ഇക്കാര്യങ്ങളെല്ലാം നിങ്ങൾക്കു ഹൃദയമർപ്പിച്ച് സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നില്ലെങ്കിലോ? എല്ലാം യാന്ത്രികമായിട്ടാണു ചെയ്യുന്നതെന്നു തോന്നുന്നെങ്കിലോ? മടുത്ത് പിന്മാറാതെ യഹോവയുടെ സേവനത്തിൽ തുടരുക. ഒരു നല്ല ആത്മീയചര്യ നിലനിറുത്തിയാൽ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാൻ സാധിക്കുകതന്നെ ചെയ്യും. 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന്റെ അനുഭവം നോക്കാം. തെറ്റായ ചിന്തകൾ അദ്ദേഹത്തെ പിടിമുറുക്കാൻ തുടങ്ങി. അദ്ദേഹത്തിന് ആകെ അസ്വസ്ഥത തോന്നി. എന്നാൽ വിശുദ്ധമന്ദിരത്തിൽ പോയപ്പോൾ അദ്ദേഹത്തിനു തന്റെ ചിന്തകൾ തിരുത്താനായി. (സങ്കീ. 73:16, 17) യഹോവയെ വിശ്വസ്തമായി ആരാധിക്കുന്നതു നിങ്ങളെയും സഹായിക്കും.
19. യഹോവയിൽനിന്നുള്ള ശിക്ഷണത്തോടു നമുക്ക് എങ്ങനെ ആദരവ് കാണിക്കാം?
19 യഹോവയിൽനിന്നുള്ള ശിക്ഷണത്തെ മാനിക്കുക. ശിക്ഷണം ആദ്യം അൽപ്പം വേദനാകരമായിരിക്കും, പക്ഷേ തെറ്റു ചെയ്തയാൾ ഉൾപ്പെടെ എല്ലാവരുടെയും നിത്യനന്മയിൽ അതു കലാശിക്കും. (എബ്രായർ 12:11 വായിക്കുക.) ഉദാഹരണത്തിന്, പശ്ചാത്താപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരനുമായുള്ള “കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നാണ്” യഹോവ നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നത്. (1 കൊരി. 5:11-13) പുറത്താക്കപ്പെട്ട കുടുംബാംഗവുമായി ആവശ്യമില്ലാതെ സമ്പർക്കത്തിൽവരാൻ ശ്രമിക്കുന്നത് ഒഴിവാക്കണം, അതു വേദനാകരമാണെങ്കിൽക്കൂടി. ഫോൺ, മെസ്സേജ്, കത്തുകൾ, ഇ-മെയിൽ എന്നിവയിലൂടെയോ ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽമീഡിയയിലൂടെയോ അനാവശ്യമായി ബന്ധപ്പെടാൻ ശ്രമിക്കരുത്.
20. ഏതു പ്രതീക്ഷ നമ്മൾ കൈവിടരുത്?
20 പ്രതീക്ഷ കൈവിടരുത്. സ്നേഹം “എല്ലാം പ്രത്യാശിക്കുന്നു.” യഹോവയെ ഉപേക്ഷിച്ചുപോയ ഒരാൾ തിരികെ വരുമെന്നുള്ള പ്രതീക്ഷയും അതിൽ ഉൾപ്പെടുന്നു. (1 കൊരി. 13:7) പുറത്താക്കപ്പെട്ട ഒരു അടുത്ത കുടുംബാംഗത്തിന്റെ ഹൃദയനിലയിൽ മാറ്റം വരുന്നതായി നിങ്ങൾ നിരീക്ഷിക്കുന്നെങ്കിലോ? “എന്റെ അടുത്തേക്കു മടങ്ങിവരുക” എന്ന യഹോവയുടെ ആഹ്വാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള ശക്തി തിരുവെഴുത്തുകളിൽനിന്ന് അദ്ദേഹത്തിനു ലഭിക്കാനായി പ്രാർഥിക്കുക.—യശ. 44:22.
21. യേശുവിനെ അനുഗമിക്കുന്നതു നിങ്ങളുടെ കുടുംബത്തിൽ ഭിന്നതയ്ക്കു കാരണമായിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം?
21 തന്നെക്കാൾ അധികം ഏതെങ്കിലും മനുഷ്യനു പ്രാധാന്യം കൊടുക്കുന്ന ഒരാൾ തന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ലെന്നു യേശു പറഞ്ഞു. എങ്കിലും, കുടുംബത്തിൽനിന്ന് എതിർപ്പുകളുണ്ടായാലും വിശ്വസ്തത കാത്തുസൂക്ഷിക്കാനുള്ള ധൈര്യം തന്റെ ശിഷ്യർക്കുണ്ടായിരിക്കുമെന്നു യേശുവിന് ഉറപ്പായിരുന്നു. യേശുവിന്റെ ഒരു അനുഗാമിയായതിനെപ്രതി നിങ്ങളുടെ കുടുംബത്തിലേക്ക് “ഒരു വാൾ” വന്നിട്ടുണ്ടെങ്കിൽ, അതു നിമിത്തമുണ്ടായ വെല്ലുവിളികളെ തരണം ചെയ്യാനുള്ള സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക. (യശ. 41:10, 13) യഹോവയും യേശുവും നിങ്ങളിൽ സന്തുഷ്ടരാണെന്ന് അറിയുക. നിങ്ങളുടെ വിശ്വസ്തഗതിക്ക് അവർ പ്രതിഫലം തരും. ആ അറിവ് നിങ്ങളെ സന്തോഷിപ്പിക്കട്ടെ!
a പിതാവോ മാതാവോ മാത്രം യഹോവയെ സേവിക്കുന്ന കുടുംബങ്ങളിൽ എങ്ങനെ കുട്ടികളെ പരിശീലിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 2002 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.