വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യോഹന്നാൻ സ്നാപകൻ യേശുവിനു മുമ്പേ മരിക്കുമെന്ന് യേശുവിന് മുന്നമേ അറിയാമായിരുന്നുവെന്ന് മത്തായി 11:11-ൽനിന്ന് നാം നിഗമനം ചെയ്യണമോ?
ഉവ്വ്, യോഹന്നാൻ ഒരു അഭിഷിക്ത ക്രിസ്ത്യാനിയായിത്തീരാൻ അതിജീവിക്കുകയില്ലെന്ന് യേശു അറിയുകതന്നെ ചെയ്തുവെന്ന് സ്പഷ്ടമാണ്, എന്തെന്നാൽ “സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേററിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏററവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രസ്താവിച്ചിരുന്നു.—മത്തായി 11:11.
ഗബ്രിയേൽദൂതൻ യോഹന്നാന്റെ വരാനിരുന്ന ജനനത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോൾ യോഹന്നാൻ “ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ” “ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കു”മെന്ന് അവൻ മുൻകൂട്ടിപ്പറഞ്ഞു. യഹോവയുടെ മശിഹായിക്കുവേണ്ടി ഒരു ജനത്തെ ഒരുക്കിക്കൊണ്ട് യോഹന്നാൻ ഒരു മുന്നോടിയായിരിക്കണമായിരുന്നു. എന്നാൽ യോഹന്നാൻതന്നെ ആ വരാനിരുന്ന മശിഹായുടെ ഒരു ശിഷ്യനായിത്തീരുമെന്ന് ആ ദിവ്യ പ്രഖ്യാപനത്തിലെ യാതൊന്നും സൂചിപ്പിച്ചില്ല. യോഹന്നാന്റെ പിതാവാ യ സെഖര്യാവ് നടത്തിയ പ്രാവചനിക പ്രസ്താവനയിലും ആ ഫലത്തിലുള്ള ഏതെങ്കിലും സൂചനയുണ്ടായിരുന്നില്ല.—ലൂക്കോസ് 1:17, 67-79.
അങ്ങനെ, യേശുവിനെ സ്നാപനപ്പെടുത്തിയ ശേഷം, ഒരു ജനത്തെ ഒരുക്കാനുള്ള തന്റെ നിയമനത്തോടു പററിനിന്നുകൊണ്ട് യോഹന്നാൻ പ്രസംഗിക്കുന്നതിലും സ്നാപനപ്പെടുത്തുന്നതിലും തുടർന്നു. യേശു പരിശുദ്ധാത്മാവുകൊണ്ടുള്ള ഒരു സ്നാപനം പ്രദാനം ചെയ്യുമെന്ന് യോഹന്നാൻ അത്ഭുതകരമായി അറിഞ്ഞു, എന്നാൽ ഒരു അഭിഷിക്ത ക്രിസ്ത്യാനിയായിത്തീർന്നുകൊണ്ട് തനിക്കുതന്നെ പരിശുദ്ധാത്മാവു ലഭിക്കുമെന്ന് യോഹന്നാൻ പറഞ്ഞില്ല. (മത്തായി 3:11) താൻ കുറഞ്ഞുകൊണ്ടിരിക്കുമെന്നും അതേസമയം യേശു വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും കൂടെ യോഹന്നാൻ തിരിച്ചറിഞ്ഞു.—യോഹന്നാൻ 3:22-30.
നാം മത്തായി 11:11-ൽ വായിക്കുന്നത് യേശു പറഞ്ഞപ്പോൾ, യോഹന്നാൻ അപ്പോൾത്തന്നെ തടവിലാക്കപ്പെട്ടിരുന്നു. തടവിലാക്കപ്പെട്ട ഈ പ്രവാചകൻ, ഭാവിയിൽ സ്വർഗ്ഗങ്ങളിൽ ഒരു രാജ-പുരോഹിതനായി സേവിക്കുന്ന ഏററവും ചെറിയവനേക്കാൾ ചെറിയവവനായിരിക്കുമെന്ന് യേശു മുന്നമേ അറിയിച്ചു. എന്നിരുന്നാലും, സ്വർഗ്ഗീയ ജീവനിലേക്കുള്ള “പുതു”വഴി തുറക്കപ്പെടുന്നതിനുമുമ്പ് യോഹന്നാൻ താമസിയാതെ മരിക്കുമെന്നും ഭൗമികരംഗത്തുനിന്ന് നീങ്ങിപ്പോകുമെന്നും യേശു അറിഞ്ഞിരുന്നതായി തോന്നുന്നു. (എബ്രായർ 10:19, 20) അതിന്റെ അർത്ഥം യേശുവിന്റെ ശിഷ്യരുടെ ആത്മാഭിഷേകം തുടങ്ങിയ ക്രി.വ. 33 വരെ യോഹന്നാൻ തുടർന്നുജീവിക്കുകയില്ലെന്നായിരുന്നു. അതുകൊണ്ട്, മത്തായി 11:11-ലെ യേശുവിന്റെ പ്രസ്താവന യോഹന്നാൻ സ്വർഗ്ഗത്തിലേക്കു പോകുകയില്ലെന്ന് യേശു അറിഞ്ഞിരുന്നുവെന്നതിന്റെ ഒരു സൂചനയായും കൂടെ എടുക്കാൻ കഴിയും.