അധ്യായം 42
യേശു പരീശന്മാരെ ശകാരിക്കുന്നു
മത്തായി 12:33-50; മർക്കോസ് 3:31-35; ലൂക്കോസ് 8:19-21
“യോന പ്രവാചകന്റെ അടയാള”ത്തെക്കുറിച്ച് യേശു പറയുന്നു
കുടുംബാംഗങ്ങളെക്കാൾ അടുപ്പം ശിഷ്യന്മാരോട്
ദൈവത്തിന്റെ ശക്തികൊണ്ടാണ് യേശു ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന വസ്തുത നിഷേധിക്കുന്ന ശാസ്ത്രിമാരും പരീശന്മാരും വലിയൊരു അപകടത്തിലാണ്. അവർ ദൈവത്തെയാണു നിന്ദിക്കുന്നത്. പരിശുദ്ധാത്മാവിന് എതിരെയാണു സംസാരിക്കുന്നത്. അതുകൊണ്ട് അവർ ആരുടെ പക്ഷത്താണ്, ദൈവത്തിന്റെയോ സാത്താന്റെയോ? യേശു പറയുന്നു: “നിങ്ങൾ നല്ല മരമാണെങ്കിൽ ഫലവും നല്ലതായിരിക്കും. എന്നാൽ ചീത്ത മരമാണെങ്കിൽ ഫലവും ചീത്തയായിരിക്കും. ഒരു മരത്തെ അതിന്റെ ഫലംകൊണ്ടാണല്ലോ തിരിച്ചറിയുന്നത്.”—മത്തായി 12:33.
ഭൂതങ്ങളെ പുറത്താക്കുക എന്നതു നല്ല ഫലമാണ്. സാത്താനെ സേവിക്കുന്നതുകൊണ്ടാണ് യേശുവിന് അതു കഴിയുന്നത് എന്നു ചിന്തിക്കുന്നത് എത്ര മണ്ടത്തരമാണ്! മലയിലെ പ്രസംഗത്തിൽ യേശു വ്യക്തമാക്കിയതുപോലെ ഫലം നല്ലതാണെങ്കിൽ മരവും നല്ലതാണ്. അതുകൊണ്ട് പരീശന്മാരുടെ ഫലം, യേശുവിന് എതിരെയുള്ള അന്യായമായ ആരോപണം, എന്താണു തെളിയിക്കുന്നത്? അവർ ചീത്തയാണെന്ന്. യേശു അവരോടു പറയുന്നു: “അണലിസന്തതികളേ, ദുഷ്ടരായ നിങ്ങൾക്കു നല്ല കാര്യങ്ങൾ സംസാരിക്കാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!”—മത്തായി 7:16, 17; 12:34.
നമ്മുടെ വാക്കുകളിൽനിന്ന് നമ്മുടെ ഹൃദയം എങ്ങനെയുള്ളതാണെന്നു മനസ്സിലാകും. അതു ന്യായവിധിക്കുള്ള അടിസ്ഥാനവുമാകും. അതുകൊണ്ട് യേശു പറയുന്നു: “മനുഷ്യർ പറയുന്ന ഏതൊരു പാഴ്വാക്കിനും ന്യായവിധിദിവസത്തിൽ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ നിന്നെ നീതിമാനെന്നു വിധിക്കും. നിന്നെ കുറ്റക്കാരനെന്നു വിധിക്കുന്നതും നിന്റെ വാക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.”—മത്തായി 12:36, 37.
യേശു ഇത്രയെല്ലാം അത്ഭുതങ്ങൾ ചെയ്തിട്ടും ശാസ്ത്രിമാർക്കും പരീശന്മാർക്കും തൃപ്തിയാകുന്നില്ല. അവർ കൂടുതലായ അടയാളങ്ങൾ ആവശ്യപ്പെടുന്നു, “ഗുരുവേ, അങ്ങ് ഒരു അടയാളം കാണിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.” യേശു അത്ഭുതം ചെയ്യുന്നത് അവർ നേരിട്ടു കണ്ടാലും ഇല്ലെങ്കിലും, യേശു എന്തു ചെയ്യുന്നു എന്നതിനു ധാരാളം ദൃക്സാക്ഷികളുണ്ട്. അതുകൊണ്ട് യേശു ആ ജൂതനേതാക്കന്മാരോടു പറയുന്നു: “ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും ഒരു തലമുറ അടയാളം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോന പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.”—മത്തായി 12:38, 39.
താൻ പറഞ്ഞതിന്റെ അർഥം എന്താണെന്നും യേശു വ്യക്തമാക്കിക്കൊടുക്കുന്നു: “യോന മൂന്നു പകലും മൂന്നു രാത്രിയും ഒരു വലിയ മത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഉള്ളിലായിരിക്കും.” യോനയെ വലിയ ഒരു മീൻ വിഴുങ്ങി. പക്ഷേ, പുനരുത്ഥാനം പ്രാപിച്ച് വരുന്നതുപോലെ യോന പുറത്ത് വന്നു. അങ്ങനെ താനും മരിച്ച് മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടും എന്ന് യേശു മുൻകൂട്ടിപ്പറയുന്നു. പിന്നീട് അതു നടക്കുമ്പോൾ പക്ഷേ, ജൂതനേതാക്കന്മാർ ‘യോന പ്രവാചകന്റെ ആ അടയാളം’ തള്ളിക്കളയുന്നു. അവർ മാനസാന്തരപ്പെടാനോ മാറ്റം വരുത്താനോ കൂട്ടാക്കുന്നില്ല. (മത്തായി 27:63-66; 28:12-15) അതേസമയം, “നിനെവെക്കാർ” യോന പ്രസംഗിച്ചപ്പോൾ മാനസാന്തരപ്പെട്ടു. അതുകൊണ്ട് അവർ ഈ തലമുറയെ കുറ്റം വിധിക്കും. ശേബയിലെ രാജ്ഞിയും തന്റെ മാതൃകയാൽ അവരെ കുറ്റം വിധിക്കും. ആ രാജ്ഞി ശലോമോന്റെ ജ്ഞാനം കേൾക്കാൻ ആഗ്രഹിച്ചു. അതിൽ അതിശയിച്ചു. യേശു പറയുന്നു, “ഇവിടെ ഇതാ, ശലോമോനെക്കാൾ വലിയവൻ!”—മത്തായി 12:40-42.
ഈ ദുഷ്ടതലമുറയുടെ അവസ്ഥയെ യേശു താരതമ്യപ്പെടുത്തുന്നത് ദുഷ്ടാത്മാവ് വിട്ടുപോയ ഒരു മനുഷ്യന്റെ അവസ്ഥയോടാണ്. (മത്തായി 12:45) അതു പോയപ്പോഴുണ്ടായ ശൂന്യത അയാൾ നല്ല കാര്യങ്ങൾകൊണ്ട് നിറയ്ക്കാത്തതിനാൽ ആ ദുഷ്ടാത്മാവ് അതിനെക്കാൾ ദുഷ്ടരായ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവന്ന് അയാളിൽ പ്രവേശിക്കുന്നു. ദുഷ്ടാത്മാവ് വിട്ടുപോയ ആ മനുഷ്യനെപ്പോലെയായിരുന്നു ഇസ്രായേൽ ജനത. അവരെ ശുദ്ധീകരിച്ചു, നവീകരിച്ചു. പക്ഷേ, അവർ ദൈവത്തിന്റെ പ്രവാചകന്മാരെ തള്ളിക്കളഞ്ഞു. അതും പോരാഞ്ഞിട്ട് ദൈവാത്മാവുണ്ടെന്ന് ഉറപ്പുള്ള യേശുവിനെത്തന്നെ അവർ എതിർത്തു. അതു കാണിക്കുന്നത് ഇപ്പോൾ ഈ ജനതയുടെ സ്ഥിതി അതിന്റെ തുടക്കത്തെക്കാൾ മോശമാണെന്നാണ്.
യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മയും അനിയന്മാരും വരുന്നു. അവർ ജനക്കൂട്ടത്തിന്റെ അരികിൽ വന്ന് നിൽക്കുകയാണ്. അപ്പോൾ യേശുവിന്റെ അടുത്ത് ഇരുന്നിരുന്ന ആരോ യേശുവിനോട്, “അങ്ങയെ കാണാൻ അമ്മയും സഹോദരന്മാരും പുറത്ത് കാത്തുനിൽക്കുന്നു” എന്നു പറയുന്നു. അപ്പോൾ യേശു, സ്വന്തം സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും പോലെയാണു തനിക്കു ശിഷ്യന്മാർ എന്നു പറഞ്ഞുകൊണ്ട് അവരോടു തനിക്ക് എത്രമാത്രം അടുപ്പമുണ്ടെന്നു സൂചിപ്പിക്കുന്നു. ശിഷ്യന്മാരുടെ നേരെ കൈ നീട്ടിക്കൊണ്ട് യേശു പറയുന്നു: “ദൈവത്തിന്റെ വചനം കേട്ട് അത് അനുസരിക്കുന്ന ഇവരാണ് എന്റെ അമ്മയും സഹോദരന്മാരും.” (ലൂക്കോസ് 8:20, 21) അങ്ങനെ, തന്റെ വീട്ടുകാരുമായുള്ള ബന്ധം വിലയേറിയതാണെങ്കിലും ശിഷ്യന്മാരുമായുള്ള ബന്ധം അതിനെക്കാൾ വിലയേറിയതാണെന്നു യേശു വ്യക്തമാക്കുന്നു. നമ്മുടെ ആത്മീയസഹോദരങ്ങളുമായി അത്തരം ബന്ധമുണ്ടായിരിക്കുന്നത് എത്ര ഉന്മേഷം പകരുന്നു, പ്രത്യേകിച്ച് മറ്റ് ആളുകൾ നമ്മളെ സംശയിക്കുകയും നമ്മളെക്കുറിച്ചും നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചും മോശമായി സംസാരിക്കുകയും ചെയ്യുമ്പോൾ!