അധ്യായം 15
അവന്റെ “മനസ്സലിഞ്ഞു”
1-3. (എ) രണ്ട് യാചകർ സഹായത്തിനായി നിലവിളിച്ചപ്പോൾ യേശു എന്തു ചെയ്തു? (ബി) “മനസ്സലിഞ്ഞു” എന്നതിന്റെ അർഥമെന്ത്? (അടിക്കുറിപ്പ് കാണുക.)
യെരീഹോയ്ക്ക് അടുത്തായി വഴിയരികിൽ ഇരിക്കുകയാണ് അന്ധന്മാരായ രണ്ട് യാചകർ. അവർ ദിവസവും ഇവിടെ വരും; അതുവഴി കടന്നുപോകുന്ന ആളുകളോട് ഭിക്ഷയാചിക്കും. ഇന്നത്തെ ദിവസത്തിന് പക്ഷേ ഒരു പ്രത്യേകതയുണ്ട്. അവരുടെ ജീവിതംതന്നെ മാറ്റിമറിച്ച ഒരു സംഭവം നടക്കാനിരിക്കുകയാണ്.
2 പെട്ടെന്ന് അതാ ഒരു ആരവം കേൾക്കുന്നു. നടക്കുന്നത് എന്താണെന്ന് കാണാൻ മാർഗമില്ലാത്തതിനാൽ അന്ധന്മാരിലൊരാൾ കാര്യം തിരക്കുന്നു. “നസറായനായ യേശു കടന്നുപോകുന്നു!” ആരോ മറുപടി പറഞ്ഞു. യെരുശലേമിലേക്കുള്ള യേശുവിന്റെ അവസാന യാത്രയാണിത്. അവൻ പക്ഷേ തനിച്ചല്ല, വലിയൊരു ജനക്കൂട്ടമുണ്ട് കൂടെ. കടന്നുപോകുന്നത് യേശുവാണെന്ന് അറിഞ്ഞപ്പോൾ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കനിവു തോന്നേണമേ” എന്ന് ആ യാചകർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകൾക്ക് അരിശംവന്നു. മിണ്ടാതിരിക്കാൻ അവർ യാചകരോട് ആവശ്യപ്പെടുന്നു. പക്ഷേ അവരുണ്ടോ കേൾക്കുന്നു, ശബ്ദം കൂട്ടിയതല്ലാതെ മിണ്ടാതിരിക്കാൻ അവർ കൂട്ടാക്കുന്നില്ല.
3 ജനക്കൂട്ടത്തിന്റെ ആരവത്തെയും കടത്തിവെട്ടുന്ന ആ ശബ്ദം എന്തായാലും യേശു കേൾക്കുകതന്നെ ചെയ്തു. അവൻ എന്തു ചെയ്തു? പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു അവന്റെ മനസ്സ്. ഭൂമിയിലെ അവന്റെ ജീവിതം അവസാനിക്കാൻ ഇനി ഏതാണ്ട് ഒരാഴ്ചമാത്രം. യെരുശലേമിൽവെച്ച് താൻ കഷ്ടം സഹിച്ച് മരിക്കേണ്ടിവരുമെന്ന് യേശുവിന് അറിയാം. ഇങ്ങനെയൊക്കെയാണെങ്കിലും ആ അന്ധന്മാരുടെ നിലവിളി കേട്ടില്ലെന്നു നടിക്കാൻ യേശുവിനായില്ല. അവരെ തന്റെ അടുക്കൽ കൊണ്ടുവരാൻ അവൻ ആവശ്യപ്പെടുന്നു. “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടേണം,” അവർ അപേക്ഷിക്കുന്നു. “മനസ്സലിഞ്ഞ്” യേശു അവരുടെ കണ്ണുകളിൽ തൊടുന്നു.a ഉടനെ അവർക്കു കാഴ്ചകിട്ടി. ഒട്ടും താമസിയാതെ അവരും അവനെ അനുഗമിക്കുന്നു.—ലൂക്കോസ് 18:35-43; മത്തായി 20:29-34.
4. ‘ദുർബലനോട് അവൻ കരുണ കാണിക്കും’ എന്ന പ്രവചനം യേശു എങ്ങനെയാണ് നിറവേറ്റിയത്?
4 യേശുവിന്റെ അനുകമ്പ വ്യക്തമാക്കുന്ന സംഭവങ്ങൾ വേറെയുമുണ്ട്. ‘ദുർബലനോട് അവൻ കരുണ കാണിക്കും’ എന്ന് പ്രവചനമുണ്ടായിരുന്നു. (സങ്കീർത്തനം 72:13, പി.ഒ.സി.) ആ വാക്കുകൾക്കു ചേർച്ചയിലായിരുന്നു യേശുവിന്റെ ജീവിതം. മറ്റുള്ളവരുടെ വികാരങ്ങളോട് അവൻ പരിഗണന കാണിച്ചു. ആളുകളെ സഹായിക്കാൻ അവൻ മുൻകൈയെടുത്തു. അവന്റെ കരുണയാണ് പ്രസംഗവേലയിൽ അവനു പ്രചോദനമായത്. യേശുവിന്റെ വാക്കുകളിലെയും പ്രവൃത്തിയിലെയും ആർദ്രാനുകമ്പ സുവിശേഷങ്ങൾ നമുക്കു കാണിച്ചുതരുന്നു. അതാണ് നാം അടുത്തതായി കാണാൻപോകുന്നത്. യേശുവിന്റെ അനുകമ്പ നമുക്കെങ്ങനെ അനുകരിക്കാമെന്നും നാം പഠിക്കും.
മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കുന്നു
5, 6. യേശു സഹാനുഭൂതിയുടെ പര്യായമായിരുന്നു എന്നു വ്യക്തമാക്കുന്ന ഏതാനും ഉദാഹരണങ്ങൾ പറയുക.
5 സഹാനുഭൂതിയുടെ പര്യായമായിരുന്നു യേശു. കഷ്ടപ്പെടുന്നവരുടെ വേദന യേശുവിന് മനസ്സിലായി; അവന് അവരോടു സഹാനുഭൂതി തോന്നി. അവർ അനുഭവിച്ച എല്ലാ കഷ്ടങ്ങളും അവൻ അനുഭവിച്ചിട്ടില്ലെങ്കിലും അവരുടെ വേദനകൾ അവനെ വേദനിപ്പിക്കുകതന്നെ ചെയ്തു. (എബ്രായർ 4:15) 12 വർഷമായി രക്തസ്രാവമുണ്ടായിരുന്ന സ്ത്രീയെ സുഖപ്പെടുത്തിയ സംഭവംതന്നെ എടുക്കുക. ആ സ്ത്രീയുടെ കഷ്ടപ്പാട് യേശുവിന് മനസ്സിലായി. ‘നിന്നെ വലച്ചിരുന്ന കഠിന രോഗം’ എന്ന് യേശു അവളോടു പറഞ്ഞ വാക്കുകൾ അതാണ് കാണിക്കുന്നത്. (മർക്കോസ് 5:25-34) ലാസറിന്റെ മരണത്തെത്തുടർന്ന് മറിയയും മറ്റുള്ളവരും കരയുന്നതു കണ്ടപ്പോൾ യേശുവിന് ദുഃഖം അടക്കാനായില്ല. യേശു ലാസറിനെ പുനരുത്ഥാനപ്പെടുത്താൻ പോകുകയായിരുന്നെന്ന് ഓർക്കണം. എന്നിട്ടും, അവൻ “കണ്ണുനീർവാർത്തു” എന്ന് വിവരണം പറയുന്നു. അതെ, അവന് അത്രയ്ക്ക് വിഷമംതോന്നി.—യോഹന്നാൻ 11:33, 35.
6 മറ്റൊരു സന്ദർഭത്തിൽ, കുഷ്ഠരോഗിയായ ഒരു മനുഷ്യൻ യേശുവിനെ സമീപിച്ച് ഇങ്ങനെ അപേക്ഷിച്ചു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” രോഗം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത പൂർണമനുഷ്യനായിരുന്ന യേശു ആ അപേക്ഷ കൈക്കൊണ്ടോ? അവന് ആ മനുഷ്യനോട് സഹാനുഭൂതി തോന്നി. അതെ, ‘അവന്റെ മനസ്സലിഞ്ഞു.’ (മർക്കോസ് 1:40-42) തുടർന്ന് യേശു അസാധാരണമായ ഒരു കാര്യമാണ് ചെയ്തത്. ന്യായപ്രമാണം കുഷ്ഠരോഗികളെ അശുദ്ധരായി കണക്കാക്കിയിരുന്നെന്നും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിൽനിന്ന് അവരെ വിലക്കിയിരുന്നെന്നും യേശുവിന് നന്നായി അറിയാമായിരുന്നു. (ലേവ്യപുസ്തകം 13:45, 46) ആ മനുഷ്യനെ തൊടാതെതന്നെ സുഖപ്പെടുത്താൻ യേശുവിന് കഴിയുമായിരുന്നു എന്നതിന് സംശയമില്ല. (മത്തായി 8:5-13) എന്നിട്ടും യേശു കൈനീട്ടി അവനെ തൊട്ടു. “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു. തത്ക്ഷണം അവന്റെ കുഷ്ഠം മാറി. അതെ, സഹാനുഭൂതിയുടെ പര്യായമായിരുന്നു യേശു!
7. (എ) സഹാനുഭൂതി വളർത്തിയെടുക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) നമുക്കെങ്ങനെ സഹാനുഭൂതി കാണിക്കാനാകും?
7 ക്രിസ്ത്യാനികളായ നാം സഹാനുഭൂതി കാണിക്കുന്നതിൽ യേശുവിനെ അനുകരിക്കേണ്ടതുണ്ട്. ‘സഹാനുഭൂതി ഉള്ളവരായിരിക്കുവിൻ’ എന്ന് ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.b (1 പത്രോസ് 3:8) മാരകരോഗങ്ങളോ വിഷാദമോ മറ്റോ അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞെന്നുവരില്ല, പ്രത്യേകിച്ചും നമുക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെങ്കിൽ. പക്ഷേ ഒന്നോർക്കണം, അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയാലേ നമുക്ക് സഹാനുഭൂതി കാണിക്കാൻപറ്റൂ എന്നില്ല. രോഗം എന്തെന്ന് അറിഞ്ഞിട്ടില്ലെങ്കിലും യേശു രോഗികളോട് സഹാനുഭൂതി കാണിച്ചു. അങ്ങനെയെങ്കിൽ, ഈ ഗുണം വളർത്തിയെടുക്കാൻ നമുക്ക് എന്തു ചെയ്യാനാകും? കഷ്ടം അനുഭവിക്കുന്നവർ മനസ്സുതുറക്കുമ്പോൾ, സങ്കടങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കുന്നതാണ് ഒരു മാർഗം. ‘അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ. . . ’ എന്ന് ഒരുനിമിഷം ചിന്തിക്കുക. (1 കൊരിന്ത്യർ 12:26) മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ പഠിക്കുക, അതു നമ്മുടേതാക്കുക. ‘വിഷാദമഗ്നരെ സാന്ത്വനപ്പെടുത്താൻ’ അതു നമ്മെ ഏറെ സജ്ജരാക്കും. (1 തെസ്സലോനിക്യർ 5:14) വാക്കുകൾകൊണ്ടു മാത്രമല്ല സഹാനുഭൂതി കാണിക്കാനാകുക. ‘കരയുന്നവരോടൊപ്പം കരയുമ്പോൾ’ അവിടെയും നാം സഹാനുഭൂതി കാണിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് റോമർ 12:15 നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
8, 9. മറ്റുള്ളവരുടെ വികാരങ്ങളോട് യേശു പരിഗണന കാണിച്ചത് എങ്ങനെ?
8 മറ്റുള്ളവരോടു പരിഗണനയുള്ളവനായിരുന്നു യേശു. അവരുടെ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് അവൻ എല്ലായ്പോഴും പ്രവർത്തിച്ചത്. ഒരിക്കൽ കുറെ ആളുകൾ, സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു ബധിരനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അയാളുടെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകണം, സുഖപ്പെടുത്തുമ്പോൾ സാധാരണ ചെയ്യാത്ത ഒരു കാര്യം യേശു ചെയ്യുന്നു: “അവൻ ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിറുത്തി.” അതെ, ജനക്കൂട്ടത്തിന്റെ ബഹളങ്ങളിൽനിന്നൊക്കെ അകന്ന് ആരും കാണാത്ത ഒരിടത്ത് കൊണ്ടുപോയി യേശു അയാളെ സുഖപ്പെടുത്തി.—മർക്കോസ് 7:31-35.
9 അന്ധനായ ഒരു മനുഷ്യനെ സുഖപ്പെടുത്തിയപ്പോഴും യേശു ഇതുപോലെ പരിഗണന കാണിച്ചു. യേശു അയാളെ “കൈക്കുപിടിച്ചു ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി” ഘട്ടംഘട്ടമായി സുഖപ്പെടുത്തി എന്ന് തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന പ്രകൃതിയും അതിലെ കണ്ണഞ്ചിക്കുന്ന ദൃശ്യങ്ങളുമായി പൊരുത്തപ്പെടാൻ അയാളുടെ കണ്ണുകൾക്ക് ഏറെ പ്രയാസപ്പെടേണ്ടിവരുമായിരുന്നു. (മർക്കോസ് 8:22-26) മറ്റുള്ളവരോടുള്ള പരിഗണനയുടെ എത്ര ഉദാത്തമായ മാതൃക!
10. മറ്റുള്ളവരുടെ വികാരങ്ങളോട് പരിഗണന കാണിക്കാനാകുന്ന ചില മാർഗങ്ങളേവ?
10 യേശുവിന്റെ അനുഗാമികൾ മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കണം. ചിന്തിക്കാതെ പറയുന്ന വാക്കുകൾ മറ്റുള്ളവരെ മുറിപ്പെടുത്തും. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ നാം ശ്രദ്ധിക്കുന്നു. (സദൃശവാക്യങ്ങൾ 12:18; 18:21) മറ്റുള്ളവരുടെ വികാരങ്ങൾ പരിഗണിക്കുന്നവരാണല്ലോ ക്രിസ്ത്യാനികൾ. അതുകൊണ്ടുതന്നെ അവർക്കിടയിൽ കുത്തുവാക്കുകൾ, ഇടിച്ചുതാഴ്ത്തുന്ന സംസാരം, പരിഹാസച്ചുവയുള്ള പ്രയോഗങ്ങൾ എന്നിവയ്ക്കൊന്നും സ്ഥാനമില്ല. (എഫെസ്യർ 4:31) മൂപ്പന്മാരേ, മറ്റുള്ളവരുടെ വികാരങ്ങളോട് നിങ്ങൾക്ക് എങ്ങനെ പരിഗണന കാണിക്കാം? ബുദ്ധിയുപദേശം കൊടുക്കേണ്ടിവരുമ്പോൾ സൗമ്യതയോടെ ശാന്തമായി സംസാരിക്കുക; പരിഗണനയോടുകൂടിയ വാക്കുകൾ ഉപയോഗിക്കുക. തന്റെ അന്തസ്സ് മാനിക്കപ്പെടുന്നു എന്ന് കേൾക്കുന്ന വ്യക്തിക്കു തോന്നണം. (ഗലാത്യർ 6:1) ഇനി, കുട്ടികളുടെ വികാരങ്ങൾ കണക്കിലെടുക്കുന്നെന്നു കാണിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? കുട്ടികൾക്കു നാണക്കേട് ഉണ്ടാക്കുന്ന വിധത്തിൽ ശിക്ഷണം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.—കൊലോസ്യർ 3:21.
സഹായിക്കാൻ മുൻകൈയെടുക്കുന്നു
11, 12. എല്ലായ്പോഴും ആരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല യേശു അനുകമ്പ കാണിച്ചതെന്നു വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ ഏവ?
11 പല സാഹചര്യങ്ങളിലും, ആരും ആവശ്യപ്പെട്ടിട്ടല്ല യേശു അനുകമ്പ കാണിച്ചത്. വാസ്തവത്തിൽ അനുകമ്പ കേവലം ഒരു വികാരമല്ല, പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന സജീവമായ ഒരു ഗുണമാണ്. അതുകൊണ്ടുതന്നെ, ആർദ്രാനുകമ്പ തോന്നി മറ്റുള്ളവരെ സഹായിക്കാൻ യേശു മുൻകൈയെടുത്തതിൽ അതിശയിക്കാനില്ല. ഒരിക്കൽ, ഭക്ഷണംപോലും കഴിക്കാതെ മൂന്നു ദിവസം തന്റെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വലിയ ജനക്കൂട്ടത്തെ യേശു പോഷിപ്പിക്കുകയുണ്ടായി. അവർക്കു വിശക്കുന്നുണ്ടാകുമെന്നും അതുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്നും ആരും അവനോട് ആവശ്യപ്പെട്ടില്ല. വിവരണം പറയുന്നതു ശ്രദ്ധിക്കുക: “ഈ ജനക്കൂട്ടത്തോട് എനിക്ക് അലിവു തോന്നുന്നു; മൂന്നുദിവസമായി ഇവർ എന്നോടുകൂടെയാണല്ലോ. ഇവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. വിശന്നവരായി ഇവരെ പറഞ്ഞയയ്ക്കാൻ എനിക്കു മനസ്സുവരുന്നില്ല. ഇവർ വഴിയിൽ തളർന്നു വീണേക്കും.” അതു പറഞ്ഞിട്ട് അത്ഭുതകരമായി അവൻ അവരെ പോഷിപ്പിച്ചു; ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വമനസ്സാലെ.—മത്തായി 15:32-38.
12 ഇനി മറ്റൊരു സംഭവം നോക്കാം. എ.ഡി. 31-ലായിരുന്നു അത്. യേശു നയിൻ പട്ടണത്തോട് അടുത്തപ്പോൾ കരളലിയിക്കുന്ന ഒരു കാഴ്ചകണ്ടു. ഒരു വിലാപയാത്ര പട്ടണത്തിൽനിന്ന് പുറത്തേക്കു പോകുകയാണ്. കുന്നിൻചെരിവിലുള്ള കല്ലറയിലേക്കാണ് അവർ പോകുന്നത്. ‘ഒരു വിധവയുടെ ഏകമകനാണ്’ മരിച്ചിരിക്കുന്നത്. ആ അമ്മയുടെ വേദന നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ? അവളുടെ ഒരേയൊരു മകനെയാണ് അവൾക്കു നഷ്ടമായിരിക്കുന്നത്. ദുഃഖം പങ്കിടാൻ അവളുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. വിലാപയാത്രയിൽ ഒരുപാട് പേരുണ്ടായിരുന്നെങ്കിലും യേശുവിന്റെ ശ്രദ്ധപതിഞ്ഞത് ആ വിധവയിലാണ്. കണ്ട കാര്യങ്ങൾ അവന്റെ ഹൃദയത്തെ സ്പർശിച്ചു, അവന്റെ “മനസ്സലിഞ്ഞു.” എന്തെങ്കിലും ചെയ്യണമെന്ന് ആരും അവനോട് ആവശ്യപ്പെട്ടില്ല. പക്ഷേ അവളെ സഹായിക്കണമെന്ന് അവനു തോന്നി. അത്രയ്ക്ക് അനുകമ്പതോന്നി അവന്. യേശു “അടുത്തു ചെന്ന് ശവമഞ്ചം തൊട്ട്” ആ അമ്മയുടെ മകനെ ഉയിർപ്പിച്ചു. എന്നാൽ തന്നോടൊപ്പം പോരാൻ യേശു അവനോട് ആവശ്യപ്പെട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. പകരം, അമ്മയുടെ കാര്യങ്ങൾ നോക്കുന്നതിനുവേണ്ടി യേശു “അവനെ അവന്റെ അമ്മയ്ക്ക് ഏൽപ്പിച്ചുകൊടുത്തു.”—ലൂക്കോസ് 7:11-15.
13. സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ മുൻകൈയെടുക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാനാകും?
13 നമുക്കെങ്ങനെ യേശുവിനെ അനുകരിക്കാം? അത്ഭുതകരമായി ഭക്ഷണം നൽകാനോ മരിച്ചവരെ ഉയിർപ്പിക്കാനോ ഒന്നും നമുക്ക് കഴിയില്ല എന്നതു ശരിതന്നെ. പക്ഷേ സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ മുൻകൈയെടുത്തുകൊണ്ട് നമുക്ക് യേശുവിനെ അനുകരിക്കാനാകും. കനത്ത സാമ്പത്തിക തിരിച്ചടി നേരിട്ട, അല്ലെങ്കിൽ ജോലി നഷ്ടപ്പെട്ട ഒരു സഹവിശ്വാസിയെ സഹായിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. (1 യോഹന്നാൻ 3:17) ഒരുപക്ഷേ, വിധവയായ ഒരു സഹോദരിയുടെ വീടിന് അറ്റകുറ്റപ്പണികൾ ആവശ്യമായിവന്നേക്കാം. (യാക്കോബ് 1:27) പ്രിയപ്പെട്ട ഒരാളുടെ വേർപാടിനെച്ചൊല്ലി ദുഃഖിക്കുന്ന ഒരു കുടുംബത്തിന് സാന്ത്വനവും സഹായവും ആവശ്യമായിരിക്കാം. (1 തെസ്സലോനിക്യർ 5:11) സഹായം ആവശ്യമുള്ളവരെ അവർ ആവശ്യപ്പെടാതെതന്നെ സഹായിക്കണം. (സദൃശവാക്യങ്ങൾ 3:27) അനുകമ്പയുണ്ടെങ്കിൽ, നമ്മുടെ സാഹചര്യം അനുവദിക്കുന്നതനുസരിച്ച് മറ്റുള്ളവരെ സഹായിക്കാൻ നാം മുൻകൈയെടുക്കും. ഒരു ചെറിയ ഉപകാരം, സാന്ത്വനപ്പെടുത്തുന്ന ഏതാനും വാക്കുകൾ, എല്ലാം അനുകമ്പയുടെ തെളിവാണ്.—കൊലോസ്യർ 3:12.
അനുകമ്പ—പ്രസംഗിക്കാൻ പ്രചോദനമേകുന്നു
14. സുവാർത്താപ്രസംഗത്തിന് യേശു പ്രഥമസ്ഥാനം കൊടുത്തത് എന്തുകൊണ്ട്?
14 ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തു കണ്ടതുപോലെ സുവാർത്ത പ്രസംഗിക്കുന്ന കാര്യത്തിൽ ഉത്കൃഷ്ടമായ ഒരു മാതൃകയാണ് യേശുവെച്ചത്. “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്” എന്ന് യേശു പറയുകയുണ്ടായി. (ലൂക്കോസ് 4:43) യേശുവിന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം ഈ വേലയ്ക്കായിരുന്നു. എന്തുകൊണ്ട്? മുഖ്യമായും ദൈവത്തോടുള്ള സ്നേഹമാണ് അവനെ അതിനു പ്രേരിപ്പിച്ചത്. പക്ഷേ യേശുവിന് പ്രചോദനമായി വർത്തിച്ച മറ്റൊന്നുകൂടി ഉണ്ടായിരുന്നു: ആളുകളോടുള്ള അനുകമ്പ. അത് അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ അവനു പ്രചോദനമായി. യേശു പ്രധാനമായും അനുകമ്പ കാണിച്ചത് ആളുകളുടെ ആത്മീയ വിശപ്പ് ശമിപ്പിച്ചുകൊണ്ടാണ്. തന്റെ പ്രസംഗം കേൾക്കാൻ എത്തിയവരെ യേശു എങ്ങനെയാണ് വീക്ഷിച്ചതെന്ന് കാണിക്കുന്ന രണ്ടു സംഭവങ്ങൾ നമുക്കു നോക്കാം. രാജ്യപ്രസംഗവേലയിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണെന്നു വിശകലനം ചെയ്യാൻ അതു നമ്മെ സഹായിക്കും.
15, 16. പ്രസംഗം കേൾക്കാൻ എത്തിയവരെ യേശു എങ്ങനെയാണ് വീക്ഷിച്ചതെന്നു കാണിക്കുന്ന രണ്ട് സംഭവങ്ങൾ വിവരിക്കുക.
15 ഏതാണ്ട് രണ്ടു വർഷം ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്തശേഷം എ.ഡി. 31-ൽ ഗലീലയിലെ “എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ചു”കൊണ്ട് യേശു തന്റെ ശുശ്രൂഷ വികസിപ്പിച്ചു. അവിടെ കണ്ട കാര്യങ്ങൾ അവനെ വല്ലാതെ സ്പർശിച്ചു. “ജനക്കൂട്ടത്തെ കണ്ട് അവന്റെ മനസ്സലിഞ്ഞു; എന്തെന്നാൽ അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും ആയിരുന്നു” എന്ന് അപ്പൊസ്തലനായ മത്തായി എഴുതി. (മത്തായി 9:35, 36) സാധാരണക്കാരോട് യേശുവിന് സഹാനുഭൂതി തോന്നി. അവരുടെ പരിതാപകരമായ ആത്മീയ അവസ്ഥ അവന് നന്നായി അറിയാമായിരുന്നു. അവരെ കാത്തുപരിപാലിക്കേണ്ട മതനേതാക്കന്മാർതന്നെ അവരോടു മോശമായി പെരുമാറുകയും അവരെ അവഗണിക്കുകയും ചെയ്തു. അവരോട് സഹാനുഭൂതി തോന്നിയ യേശു അവർക്ക് പ്രത്യാശയുടെ സന്ദേശം പകർന്നുകൊടുക്കാൻ അശ്രാന്തം പരിശ്രമിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത അവൻ അവരെ അറിയിച്ചു. അതായിരുന്നു അവർക്കു വേണ്ടിയിരുന്നതും.
16 ഏതാനും മാസങ്ങൾക്കുശേഷം എ.ഡി. 32-ലെ പെസഹായോടടുത്തും സമാനമായ ഒരു സംഭവമുണ്ടായി. വിശ്രമിക്കാൻ ഒരു ഏകാന്തസ്ഥലം അന്വേഷിച്ച് യേശുവും അപ്പൊസ്തലന്മാരും ഗലീലക്കടലിലൂടെ വള്ളത്തിൽ യാത്രചെയ്യുകയാണ്. പക്ഷേ ഒരുകൂട്ടം ആളുകൾ കരയിലൂടെ ഓടി അവർക്കുമുമ്പേ അക്കരെയെത്തി. അതുകണ്ടപ്പോൾ യേശു എന്തു ചെയ്തു? “അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതിനാൽ അവന് അവരോട് അലിവു തോന്നി; അവൻ പല കാര്യങ്ങളും അവരെ പഠിപ്പിക്കാൻതുടങ്ങി.” (മർക്കോസ് 6:31-34) ആളുകളുടെ ദയനീയമായ ആത്മീയ അവസ്ഥ കണ്ട് ഒരിക്കൽക്കൂടെ യേശുവിന് “അലിവു തോന്നി.” “ഇടയനില്ലാത്ത ആടുകളെപ്പോലെ” ആത്മീയമായി വിശന്നുവലഞ്ഞ അവസ്ഥയിലായിരുന്നു അവർ. പരിപാലിക്കാൻ ആരുമില്ലാത്ത അവസ്ഥ! വെറുതെ കടമ നിറവേറ്റാനല്ല യേശു അവരോട് പ്രസംഗിച്ചത്. അനുകമ്പയാണ് അവനെ അതിനു പ്രചോദിപ്പിച്ചത്.
17, 18. (എ) ശുശ്രൂഷയിൽ പങ്കുപറ്റാൻ നമ്മെ പ്രചോദിപ്പിക്കുന്നത് എന്ത്? (ബി) അനുകമ്പ നട്ടുവളർത്താൻ നമുക്ക് എന്തു ചെയ്യാനാകും?
17 ശുശ്രൂഷയിൽ പങ്കുപറ്റാൻ യേശുവിന്റെ അനുഗാമികളായ നമ്മെ പ്രചോദിപ്പിക്കുന്നത് എന്താണ്? ഈ പുസ്തകത്തിന്റെ ഒൻപതാം അധ്യായത്തിൽ കണ്ടതുപോലെ, പ്രസംഗിച്ചു ശിഷ്യരാക്കാനുള്ള നിയോഗം നമുക്കുണ്ട്. അത് നമ്മുടെ ഉത്തരവാദിത്വമാണ്. (മത്തായി 28:19, 20; 1 കൊരിന്ത്യർ 9:16) എന്നാൽ ഒരു കടമനിർവഹണംപോലെ ആയിരിക്കരുത് നാം അതു ചെയ്യുന്നത്. പ്രധാനമായും, യഹോവയോടുള്ള സ്നേഹമാണ് അവന്റെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത്. മറ്റൊരു വിശ്വാസം വെച്ചുപുലർത്തുന്നവരോടുള്ള അനുകമ്പയും പ്രസംഗിക്കാൻ നമുക്കു പ്രചോദനമാകും. (മർക്കോസ് 12:28-31) അങ്ങനെയെങ്കിൽ, നമുക്കെങ്ങനെ അനുകമ്പ വളർത്തിയെടുക്കാനാകും?
18 “ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും” ആയിട്ടാണ് യേശു ആളുകളെ കണ്ടത്. നമുക്കും അതേ വീക്ഷണം ഉണ്ടായിരിക്കണം. കൂട്ടംവിട്ടുപോയ ഒരാടിനെ നിങ്ങൾ കാണുന്നു എന്നു കരുതുക. മേച്ചിൽപ്പുറങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ വഴിനയിക്കാൻ ഒരു ഇടയനില്ലാതെ ആ പാവം വിശപ്പും ദാഹവുംകൊണ്ട് അവശനായിരിക്കുന്നു. അതിനോട് നിങ്ങൾക്ക് സഹതാപം തോന്നില്ലേ? അതിന് തീറ്റയും വെള്ളവും കൊടുക്കാതിരിക്കാൻ നിങ്ങൾക്കു മനസ്സുവരുമോ? ഇനിയും സുവാർത്ത അറിഞ്ഞിട്ടില്ലാത്ത ആളുകൾ ആ ആടിനെപ്പോലെയാണ്. വ്യാജ ഇടയന്മാരാൽ അവഗണിക്കപ്പെട്ട അവർ ആത്മീയമായി വിശന്നുപൊരിയുകയാണ്. ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുമില്ലാതെ ഉഴലുകയാണവർ. അവർക്കു വേണ്ടത് നമ്മുടെ കൈയിലുണ്ട്: പോഷണമേകുന്ന ആത്മീയ ഭക്ഷണവും ദൈവവചനത്തിലെ സത്യമാകുന്ന ശുദ്ധജലവും. (യെശയ്യാവു 55:1, 2) നമുക്കു ചുറ്റുമുള്ളവരുടെ ആത്മീയ അവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവരെ സഹായിക്കാൻ നിങ്ങളുടെ ഹൃദയം വെമ്പുന്നില്ലേ? യേശുവിനെപ്പോലെയാണ് നമ്മളെങ്കിൽ രാജ്യപ്രത്യാശ അവരുമായി പങ്കുവെക്കാൻ നമ്മാലാവുന്നതെല്ലാം നാം ചെയ്യും.
19. പ്രസംഗവേലയിൽ ഏർപ്പെടാൻവേണ്ട യോഗ്യതയിലെത്തിയ ഒരു ബൈബിൾ വിദ്യാർഥിയെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം?
19 യേശുവിന്റെ മാതൃക പിൻപറ്റാൻ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? പ്രസംഗവേലയിൽ ഏർപ്പെടാൻവേണ്ട യോഗ്യതയിലെത്തിയ ഒരു ബൈബിൾ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കണം എന്നിരിക്കട്ടെ. അല്ലെങ്കിൽ ഉത്സാഹം വീണ്ടെടുത്ത് ശുശ്രൂഷയിൽ പങ്കെടുക്കാൻ, നിഷ്ക്രിയനായ ഒരാളെ സഹായിക്കണം എന്നു വിചാരിക്കുക. നമുക്ക് എന്തു ചെയ്യാനാകും? ഇരുവർക്കും പ്രചോദനം ആവശ്യമാണ്. ആളുകളോട് ‘മനസ്സലിവു’ തോന്നിയിട്ടാണ് യേശു അവരെ ഉപദേശിച്ചത് എന്ന് ഓർക്കണം. (മർക്കോസ് 6:34) അതുകൊണ്ട്, അനുകമ്പ വളർത്തിയെടുക്കാൻ ബൈബിൾ വിദ്യാർഥികളെയും നിഷ്ക്രിയരെയും സഹായിക്കാനായാൽ യേശുവിനെപ്പോലെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർ സ്വയം പ്രചോദിതരാകും. നമുക്ക് അവരോട് ഇങ്ങനെ ചോദിക്കാം: ‘സുവാർത്ത അറിഞ്ഞതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണ് ഉണ്ടായത്, അതു നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയില്ലേ? ഇന്നോളം സുവാർത്ത കേട്ടിട്ടില്ലാത്ത ആളുകളുടെ കാര്യമോ, അവരും അത് അറിയേണ്ടതല്ലേ? അവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?’ എന്തായാലും, ദൈവത്തോടുള്ള സ്നേഹവും അവനെ സേവിക്കാനുള്ള ആഗ്രഹവുമാണ് ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ഏറ്റവും ശക്തമായ പ്രചോദനം.
20. (എ) യേശുവിന്റെ ഒരു അനുഗാമിയായിരിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു? (ബി) അടുത്ത അധ്യായത്തിൽ നാം എന്ത് പഠിക്കും?
20 യേശുവിന്റെ വാക്കുകൾ ആവർത്തിക്കുകയോ അവന്റെ പ്രവൃത്തികൾ അനുകരിക്കുകയോ ചെയ്തതുകൊണ്ടുമാത്രം ഒരുവൻ യേശുവിന്റെ അനുഗാമിയാകുന്നില്ല. ക്രിസ്തുവിന്റെ അതേ “മനോഭാവംതന്നെ” നമ്മളും വളർത്തിയെടുക്കണം. (ഫിലിപ്പിയർ 2:5) ആ സ്ഥിതിക്ക്, യേശുവിന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും പിന്നിലെ വികാരവിചാരങ്ങൾ ബൈബിൾ വെളിപ്പെടുത്തിത്തരുന്നതിൽ നാം നന്ദിയുള്ളവരായിരിക്കേണ്ടതല്ലേ? ‘ക്രിസ്തുവിന്റെ മനസ്സ്’ അടുത്തറിയുമ്പോൾ സഹാനുഭൂതിയും ആർദ്രാനുകമ്പയും വളർത്തിയെടുക്കാൻ നാം ഏറെ സജ്ജരായിരിക്കും. (1 കൊരിന്ത്യർ 2:16) അങ്ങനെയാകുമ്പോൾ യേശുവിനെപ്പോലെ മറ്റുള്ളവരോട് ഇടപെടാൻ നമുക്കാകും. യേശു തന്റെ അനുഗാമികളോട് സ്നേഹം കാണിച്ച ചില വിധങ്ങളാണ് അടുത്ത അധ്യായത്തിൽ നാം പഠിക്കുന്നത്.
a “മനസ്സലിഞ്ഞു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം അനുകമ്പയെ കുറിക്കുന്ന അങ്ങേയറ്റം ശക്തമായ പദങ്ങളിലൊന്നാണെന്ന് പറയപ്പെടുന്നു. “ആരെങ്കിലും കഷ്ടപ്പെടുന്നതു കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽത്തോന്നുന്ന വേദന മാത്രമല്ല, ആ കഷ്ടം നീക്കാനുള്ള ശക്തമായ ആഗ്രഹവും” ഉൾക്കൊള്ളുന്ന ഒരു വാക്കാണ് ഇതെന്ന് ഒരു പരാമർശകൃതി പറയുന്നു.
b “സഹാനുഭൂതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം “കൂടെ കഷ്ടംസഹിക്കുക” എന്നാണ്.