യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു അഭിലഷണീയ മനുഷ്യാതീത ഭരണാധികാരി
യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുമ്പോൾ ജനങ്ങൾ അതിശയിക്കുന്നു. “ഇതു തീർച്ചയായും ലോകത്തിലേക്കു വരാനിരുന്ന പ്രവാചകനാണ്” എന്ന് അവർ പറയുന്നു. യേശു മോശയെക്കാൾ വലിയ ആ പ്രവാചകനായിരിക്കണമെന്നു മാത്രമല്ല അവൻ അത്യന്തം അഭിലഷണീയനായ ഒരു ഭരണാധികാരിയായിരിക്കുമെന്നും അവർ നിഗമനംചെയ്യുന്നു. അതുകൊണ്ട് അവർ അവനെ പിടിച്ചു രാജാവാക്കാൻ പ്ലാനിടുന്നു.
എന്നിരുന്നാലും യേശുവിന് അവരുടെ പ്ലാനിനെക്കുറിച്ച് അറിവുണ്ട്. അതുകൊണ്ട് അവരാൽ ബലമായി നിയോഗിക്കപ്പെടുന്നതൊഴിവാക്കാൻ അവൻ പെട്ടെന്നു മാറിക്കളയുന്നു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും തങ്ങളുടെ വള്ളത്തിൽ കയറി കപ്പർന്നഹൂമിലേക്കു തിരികെപോകാൻ തന്റെ ശിഷ്യൻമാരെ നിർബന്ധിക്കുകയും ചെയ്യുന്നു. പിന്നീട് അവൻ പ്രാർത്ഥിക്കാൻ പർവതത്തിലേക്കു പിൻവാങ്ങുന്നു. ആ രാത്രിയിൽ യേശു അവിടെ ഒററക്കാണ്.
പ്രഭാതത്തിന് അല്പംമുമ്പ് യേശു ഉയർന്ന അനുകൂലസ്ഥാനത്തുനിന്ന് പുറത്തേക്കു നോക്കുകയും കടലിൽ തിരമാലകൾ ഒരു ശക്തമായ കാററിനാൽ അടിച്ചുപായിക്കപ്പെടുന്നതു നിരീക്ഷിക്കുകയും ചെയ്യുന്നു. പെസഹായോടു അടുത്തിരുന്നതിനാൽ മിക്കവാറും പൂർണ്ണമായിരുന്ന ചന്ദ്രന്റെ വെളിച്ചത്തിൽ തന്റെ ശിഷ്യൻമാർ കയറിയിരുന്ന വള്ളം തിരമാലകൾക്കെതിരെ നീങ്ങാൻ പണിപ്പെടുന്നതു യേശു കണ്ടു. അവർ തങ്ങളുടെ സർവശക്തിയുമുപയോഗിച്ചു തുഴയുകയായിരുന്നു.
ഇതു കണ്ടപ്പോൾ യേശു പർവതത്തിൽനിന്നിറങ്ങി തിരമാലകൾക്കു കുറുകെ വള്ളത്തിന്റെ നേരെ നടന്നുതുടങ്ങുന്നു. ഏതാണ്ടു മൂന്നോ നാലോ മൈൽ ദൂരം നടന്ന് അവൻ തന്റെ ശിഷ്യൻമാരുടെ അടുക്കൽ എത്തുന്നു. എന്നിരുന്നാലും, അവൻ അവരെ കടന്നുപോകുന്ന മട്ടിൽ നടപ്പു തുടരുന്നു. അവർ അവനെ കാണുമ്പോൾ “ഇത് ഒരു മായാരൂപമാണ്!” എന്ന് ഉദ്ഘോഷിക്കുന്നു.
യേശു സമാശ്വസിപ്പിച്ചുകൊണ്ട് “ഞാനാണ്; പേടിക്കേണ്ട” എന്നു പ്രതിവചിക്കുന്നു.
എന്നാൽ “കർത്താവേ, അതു നീയാണെങ്കിൽ വെള്ളത്തിൻമീതെകൂടെ നിന്റെ അടുക്കൽ വരാൻ എന്നോടു കല്പിക്കേണമേ” എന്നു പത്രോസ് പറയുന്നു.
“വരൂ!” എന്നു യേശു മറുപടി പറയുന്നു.
അപ്പോൾ പത്രോസ് വള്ളത്തിൽനിന്നിറങ്ങി യേശുവിന്റെ നേരെ നടന്നടുക്കുന്നു. എന്നാൽ കൊടുങ്കാററിനെ നോക്കവേ പത്രോസ് ഭയപ്പെടുകയും മുങ്ങാൻ തുടങ്ങുമ്പോൾ “കർത്താവേ, എന്നെ രക്ഷിക്കേണമേ!” എന്നു നിലവിളിക്കുകയും ചെയ്യുന്നു.
പെട്ടെന്നുതന്നെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസിയേ, നീ സംശയത്തിനു വഴിപ്പെട്ടതെന്തുകൊണ്ട്?” എന്നു ചോദിക്കുകയും ചെയ്യുന്നു.
യേശുവും പത്രോസും വള്ളത്തിൽ തിരിച്ചുകയറിയശേഷം കാററു നിലയ്ക്കുന്നു, ശിഷ്യൻമാർ അത്ഭുതസ്തബ്ധരാകുന്നു. എന്നാൽ അവർ അത്ഭുതപ്പെടണമായിരുന്നുവോ? അവർ ഏതാനും മണിക്കൂറുകൾക്കുമുമ്പ് വെറും അഞ്ചപ്പവും രണ്ടു ചെറിയ മീനുംകൊണ്ട് ആയിരങ്ങളെ പോഷിപ്പിച്ച യേശുവിന്റെ വലിയ അത്ഭുതത്തെ വിലമതിച്ചുകൊണ്ട് “അപ്പങ്ങളുടെ അർത്ഥം” ഗ്രഹിച്ചിരുന്നെങ്കിൽ വെള്ളത്തിൻമീതെ നടക്കുന്നതും കാററു ശമിക്കാനിടയാക്കുന്നതും വളരെ അതിശയകരമായി തോന്നേണ്ടതില്ലായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ശിഷ്യൻമാർ യേശുവിനോടു ആദരവുകാട്ടുകയും “നീ യഥാർത്ഥത്തിൽ ദൈവപുത്രനാകുന്നു”വെന്നു പറയുകയും ചെയ്യുന്നു.
ചുരുങ്ങിയ സമയംകൊണ്ട് അവർ കപ്പർന്നഹൂമിനടുത്തുള്ള മനോജ്ഞവും ഫലഭൂയിഷ്ഠവുമായ ഒരു സമതലമായ ഗന്നസരേത്തിലെത്തുന്നു. അവിടെ അവർ വള്ളം നങ്കൂരമിട്ടുറപ്പിക്കുന്നു. എന്നാൽ അവർ കരയിലൂടെ പോകുമ്പോൾ ആളുകൾ യേശുവിനെ തിരിച്ചറിയുകയും ചുററുപാടുമുള്ള ദേശത്തേക്കുപോയി രോഗികളെ കണ്ടെത്തുകയും ചെയ്യുന്നു. ഇവരെ അവരുടെ കട്ടിലുകളിൽ കൊണ്ടുവരുകയും യേശുവിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടുകയും ചെയ്യുമ്പോൾ അവർ പൂർണ്ണമായി സുഖംപ്രാപിക്കുന്നു.
ആയിരങ്ങളെ അത്ഭുതകരമായി പോഷിപ്പിച്ചതു നേരിൽകണ്ട ജനക്കൂട്ടം അടുത്ത ദിവസം യേശു വിട്ടുപോയതായി കണ്ടുപിടിക്കുന്നു. അതുകൊണ്ടു തിബെര്യാസിൽനിന്ന് ചെറുവഞ്ചികൾ വരുമ്പോൾ അവർ അവയിൽ കയറി യേശുവിനെ അന്വേഷിക്കാൻ കപ്പർന്നഹൂമിലേക്കു തുഴഞ്ഞുപോകുന്നു. അവർ അവനെ കണ്ടെത്തുമ്പോൾ “റബ്ബീ, നീ ഇവിടെ എപ്പോൾ എത്തി?” എന്നു അവർ ചോദിക്കുന്നു. യേശുവിന്റെ ഉത്തരം കാര്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നതായിരിക്കും. യോഹന്നാൻ 6:14-25; മത്തായി 14:22-36; മർക്കോസ 6:45-56.
◆ യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിച്ചശേഷം ആളുകൾ അവനോടു എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു?
◆ യേശു പിൻവാങ്ങിപ്പോയ പർവതത്തിൽനിന്ന് അവൻ എന്തു കാണുന്നു, അവൻ അപ്പോൾ എന്തു ചെയ്യുന്നു?
◆ ഈ കാര്യങ്ങളിൽ ശിഷ്യൻമാർ വളരെ അതിശയിക്കരുതാഞ്ഞതെന്തുകൊണ്ട്?
◆ അവർ കരക്കെത്തിയശേഷം എന്തു സംഭവിക്കുന്നു? (w87 9/15)
[9-ാം പേജ് നിറയെയുള്ള ചിത്രം]