വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
കൈ കഴുകുന്നതിനെക്കുറിച്ച് യേശുവിന്റെ ശത്രുക്കൾ പരാതിപ്പെട്ടത് എന്തുകൊണ്ട്?
യേശുവിന്റെ ശത്രുക്കൾ യേശുവിലും ശിഷ്യന്മാരിലും കണ്ടുപിടിച്ച അനേകം കുറ്റങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. ഒരു വ്യക്തിയെ അശുദ്ധനാക്കുന്നത് എന്താണെന്നു മോശയുടെ നിയമം വിവരിച്ചു. ശാരീരികസ്രവവും കുഷ്ഠവും മനുഷ്യരുടെയും മൃഗങ്ങളുടെയും ശവങ്ങളിൽ തൊടുന്നതും ഒക്കെ അതിൽ ഉൾപ്പെട്ടിരുന്നു. അശുദ്ധി എങ്ങനെ നീക്കം ചെയ്യാമെന്ന നിർദേശങ്ങളും അതിലുണ്ടായിരുന്നു. ബലി അർപ്പിച്ചുകൊണ്ടോ വെള്ളം തളിച്ചുകൊണ്ടോ കഴുകിക്കൊണ്ടോ ആയിരുന്നു ഇതു ചെയ്തിരുന്നത്.—ലേവ്യ 11-15 അധ്യായങ്ങൾ; സംഖ്യ 19-ാം അധ്യായം.
ഈ നിയമങ്ങളിൽ ഓരോന്നിനോടും റബ്ബിമാർ അവരുടേതായ നിയമങ്ങൾ കൂട്ടിച്ചേർത്തു. ഒരു പുസ്തകം പറയുന്നതനുസരിച്ച്, ഒരു വ്യക്തിയെ അശുദ്ധനാക്കുന്നത് എന്താണെന്നും ആ വ്യക്തി മറ്റുള്ളവരെ അശുദ്ധരാക്കിയേക്കാവുന്നത് എങ്ങനെയാണെന്നും സംബന്ധിച്ച് റബ്ബിമാർ കൂടുതൽ വിശദമായ നിയമങ്ങൾ ഉണ്ടാക്കി. അശുദ്ധമാകാൻ സാധ്യതയുള്ളതും ഇല്ലാത്തതും ആയ ഉപകരണങ്ങളും സാധനങ്ങളും ഏതൊക്കെയാണ്, ശുദ്ധീകരണത്തിന് ആവശ്യമായ ചടങ്ങുകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും അവർ അവരുടേതായ വ്യാഖ്യാനങ്ങൾ നടത്തി.
ശത്രുക്കൾ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “നിന്റെ ശിഷ്യന്മാർ പൂർവികരുടെ സമ്പ്രദായം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” (മർക്കോ. 7:5) വൃത്തിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിച്ചാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപരമായ കുഴപ്പങ്ങളെക്കുറിച്ചല്ല യേശുവിന്റെ ആ ശത്രുക്കൾ പറഞ്ഞത്. കഴിക്കുന്നതിനു മുമ്പ് ഒരു ആചാരമെന്ന നിലയിൽ കൈയിൽ വെള്ളം ഒഴിക്കണമെന്നു റബ്ബിമാർ നിഷ്കർഷിച്ചിരുന്നു. മുകളിൽ പറഞ്ഞ ആ പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഏതൊക്കെ പാത്രങ്ങൾ ഉപയോഗിച്ചാണു വെള്ളം ഒഴിക്കേണ്ടത്, എന്തു വെള്ളമാണ് ഉപയോഗിക്കേണ്ടത്, ആരാണ് ഒഴിക്കേണ്ടത്, കൈയുടെ ഏതു ഭാഗംവരെ കഴുകണം ഇതെല്ലാം തർക്കവിഷയങ്ങളായിരുന്നു.”
ഇത്തരം മനുഷ്യനിർമിതനിയമങ്ങൾക്കു യേശു ഒട്ടും വില കല്പിച്ചില്ല. ഒന്നാം നൂറ്റാണ്ടിലെ ജൂതമതനേതാക്കന്മാരോടു യേശു ഇങ്ങനെ പറഞ്ഞു: “കപടഭക്തരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചത് എത്രയോ ശരി! ‘ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് (യഹോവയിൽനിന്ന്) ഏറെ അകന്നിരിക്കുന്നു. മനുഷ്യരുടെ കൽപ്പനകൾ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ ആരാധിക്കുന്നതു വ്യർഥമായിട്ടത്രേ’ എന്ന് അവൻ എഴുതിയിരിക്കുന്നു. ദൈവകൽപ്പനകൾ വിട്ടുകളഞ്ഞിട്ട് നിങ്ങൾ മനുഷ്യരുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നു.”—മർക്കോ. 7:6-8.