യേശുവിന്റെ ജീവിതവും ശുശ്രൂഷയും
അപ്പവും പുളിമാവും
ദെക്കപൊലിസിൽ യേശുവിന്റെ അടുക്കൽ വലിയ ജനക്കൂട്ടം തിങ്ങിക്കൂടിയിരിക്കുന്നു. അധികമായും വിജാതീയർ പാർക്കുന്ന ഈ പ്രദേശത്തേക്ക് അനേകർ അവനെ ശ്രദ്ധിക്കുന്നതിനും തങ്ങളുടെ ശാരീരികവൈകല്യങ്ങൾ സുഖപ്പെടുത്തപ്പെടുന്നതിനും വേണ്ടി വളരെ ദൂരത്തുനിന്ന് വന്നു. അവർ സാധാരണയായി വിജാതീയ പ്രദേശത്തുകൂടെ യാത്രചെയ്യുമ്പോൾ ഭക്ഷണസാമഗ്രികൾ കൊണ്ടുനടക്കുന്നതിന് ഉപയോഗിക്കാറുള്ളതുപോലെ വലിയ കൊട്ടകൾ അല്ലെങ്കിൽ കൂടകൾ കൊണ്ടുവന്നിട്ടുണ്ട്.
എന്നിരുന്നാലും, ഒടുവിൽ, യേശു തന്റെ ശിഷ്യൻമാരെ വിളിച്ച് ഇങ്ങനെ പറയുന്നു: “ജനക്കൂട്ടത്തോട് എനിക്കു സഹതാപം തോന്നുന്നു, എന്തുകൊണ്ടെന്നാൽ അവർ എന്നോടുകൂടെയായിരുന്നിട്ട് ഇപ്പോൾ മൂന്നു ദിവസമായിരിക്കുന്നു, അവർക്ക് ഭക്ഷിക്കാൻ യാതൊന്നുമില്ല; ഞാൻ അവരെ തങ്ങളുടെ ഭവനങ്ങളിലേക്ക് പട്ടിണിക്ക് പറഞ്ഞയച്ചാൽ അവർ വഴിയിൽ തളർന്നുപോകും. നിശ്ചയമായും അവരിൽ ചിലർ ദൂരെനിന്നുള്ളവർ ആണ്.”
“ഈ ഒററപ്പെട്ട സ്ഥലത്ത് എവിടെനിന്ന് ഈ ആളുകളെയെല്ലാം അപ്പംകൊണ്ട് തൃപ്തരാക്കാൻ ആർക്കെങ്കിലും കഴിയും?” എന്ന് ശിഷ്യൻമാർ ചോദിക്കുന്നു.
യേശു അന്വേഷിക്കുന്നു: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?”
“ഏഴ്,” അവർ ഉത്തരം പറയുന്നു, “ഏതാനും ചെറുമൽസ്യങ്ങളും.”
ആളുകളോട് നിലത്ത് ഇരിക്കാൻ പറഞ്ഞശേഷം യേശു അപ്പവും മീനും എടുത്ത് ദൈവത്തോട് പ്രാർത്ഥിക്കുകയും അവ നുറുക്കുകയും അവ തന്റെ ശിഷ്യൻമാരുടെ കൈയിൽ കൊടുക്കാൻ തുടങ്ങുകയും ചെയ്യുന്നു. അവർ അവ ആളുകൾക്ക് വിളമ്പുന്നു, അവരെല്ലാം തിന്നുതൃപ്തരാകുന്നു. ഏകദേശം 4,000 പുരുഷൻമാരെ കൂടാതെ സ്ത്രീകളും കുട്ടികളും തിന്നതിനുശേഷം പോലും ശേഷിച്ചവ ശേഖരിച്ചപ്പോൾ ഏഴു കൊട്ട നിറയെ ഉണ്ട്!
യേശു ജനക്കൂട്ടത്തെ പറഞ്ഞുവിട്ടശേഷം തന്റെ ശിഷ്യൻമാരോടൊത്ത് വള്ളത്തിൽ കയറി ഗലീലിയാക്കടലിന്റെ പടിഞ്ഞാറെ തീരത്തേക്കു കടക്കുന്നു. ഇവിടെ പരീശൻമാർ, ഈ പ്രാവശ്യം സദൂക്യർ എന്ന മതവിഭാഗത്തിലെ അംഗങ്ങളോടൊത്ത് യേശുവിനോട് ആകാശത്തിൽനിന്ന് ഒരു അടയാളം കാണിച്ചുതരാൻ ആവശ്യപ്പെട്ടുകൊണ്ട് അവനെ പരീക്ഷിക്കുന്നു.
യേശുവിനെ പരീക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമം മനസ്സിലാക്കിക്കൊണ്ട് അവൻ ഇപ്രകാരം മറുപടി പറയുന്നു: “സന്ധ്യമയങ്ങുമ്പോൾ, ‘ആകാശം തീപോലെ ചുവന്നു കാണുന്നതിനാൽ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും പ്രഭാതത്തിൽ ആകാശം തീപോലെ ചുവന്നതെങ്കിലും മൂടി കാണുന്നതിനാൽ ഇന്ന് ശൈത്യവും മഴയുമുള്ള അന്തരീക്ഷമായിരിക്കുമെന്നും’ പറയാൻ നിങ്ങൾക്ക് പരിചയമുണ്ട്. നിങ്ങൾക്ക് ആകാശത്തിന്റെ ഭാവങ്ങളെ വ്യാഖ്യാനിക്കാൻ അറിയാം, എന്നാൽ കാലങ്ങളുടെ അടയാളങ്ങളെ വ്യാഖ്യാനിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല.”
അതിനാൽ, യേശു അവരെ ദുഷ്ടൻമാർ എന്നും വ്യഭിചാരികൾ എന്നും വിളിക്കുകയും നേരത്തെ പരീശൻമാരോട് പറഞ്ഞതുപോലെ, യോനായുടെ അടയാളമല്ലാതെ അവർക്ക് അടയാളമൊന്നും കാണിക്കയില്ലെന്ന് മുന്നറിയിപ്പു കൊടുക്കുകയുംചെയ്യുന്നു. അവിടം വിട്ട് അവനും അവന്റെ ശിഷ്യൻമാരും ഒരു വള്ളത്തിൽ കയറി ഗലീലക്കടലിന്റെ വടക്കുകിഴക്കെ തീരത്തുള്ള ബെത്ത്സെയ്ദായിലേക്ക് പോയി. വഴിയിൽവെച്ച് ശിഷ്യൻമാർ അപ്പം എടുക്കാൻ മറന്നുപോയി എന്ന് കണ്ടുപിടിക്കുന്നു, അവരുടെ അടുത്ത് ഒരു അപ്പം മാത്രമുണ്ട്.
യേശു പരീശൻമാരെയും ഹെരോദാവിന്റെ പിൻതുണക്കാരായ സദൂക്യരെയും അവിചാരിതമായി അഭിമുഖീകരിച്ചത് മനസ്സിൽവെച്ചുകൊണ്ട് അവൻ ഇപ്രകാരം മുന്നറിയിപ്പുകൊടുക്കുന്നു: “നിങ്ങളുടെ കണ്ണുകൾ തുറന്നുപിടിക്കുക, പരീശൻമാരുടെ പുളിമാവും ഹെരോദാവിന്റെ പുളിമാവും സൂക്ഷിച്ചുകൊള്ളുക.” അപ്പം കൊണ്ടുവരാൻ തങ്ങൾ മറന്നതിനെ യേശു പരാമർശിക്കുകയാണെന്ന് ശിഷ്യൻമാർ വിശ്വസിക്കുന്നതുകൊണ്ട് തെളിവനുസരിച്ച് പുളിമാവ് അവരുടെ മനസ്സുകളിൽ അപ്പത്തെ സൂചിപ്പിച്ചതിനാൽ, അവർ ആ വിഷയം സംബന്ധിച്ച് തർക്കിക്കാൻ തുടങ്ങുന്നു. അവരുടെ തെററിദ്ധാരണ മനസ്സിലാക്കിക്കൊണ്ട് യേശു പറയുന്നു: “നിങ്ങൾക്ക് അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ എന്തിന് തർക്കിക്കുന്നു?”
അടുത്തകാലത്ത്, യേശു അത്ഭുതകരമായി ആയിരക്കണക്കിനാളുകൾക്ക് അപ്പം പ്രദാനംചെയ്തിരുന്നു, ഒരുപക്ഷേ ഈ അവസാനത്തെ അത്ഭുതം ഒന്നൊ രണ്ടൊ ദിവസം മുമ്പായിരിക്കാം നിർവഹിച്ചത്. അവൻ അക്ഷരീയ അപ്പത്തിന്റെ ഒരു കുറവിനെക്കുറിച്ച് ഉത്ക്കണ്ഠയുള്ളവനല്ലെന്ന് അവർ അറിയേണ്ടതായിരുന്നു. “നിങ്ങൾ ഓർമ്മിക്കുന്നില്ലേ,” അവൻ അവരെ ഓർമ്മിപ്പിക്കുന്നു, “ഞാൻ അഞ്ചപ്പം അയ്യായിരം പുരുഷൻമാർക്ക് മുറിച്ചുകൊടുത്തപ്പോൾ നിങ്ങൾ എത്ര കൊട്ട നിറയെ കഷണങ്ങൾ ശേഖരിച്ചു?”
“പന്ത്രണ്ട്,” അവർ മറുപടി പറയുന്നു.
“ഞാൻ നാലായിരം പുരുഷൻമാർക്ക് ഏഴെണ്ണം നുറുക്കിക്കൊടുത്തപ്പോൾ എത്ര കൊട്ട നിറയെ കഷണങ്ങൾ നിങ്ങൾ എടുത്തു?”
“ഏഴ്,” അവർ മറുപടി പറഞ്ഞു.
“എന്നിട്ടും നിങ്ങൾക്ക് അർത്ഥം മനസ്സിലായില്ലേ?” യേശു ചോദിക്കുന്നു. “ഞാൻ നിങ്ങളോട് അപ്പത്തെക്കുറിച്ച് സംസാരിച്ചില്ല എന്ന് നിങ്ങൾ വിവേചിക്കാത്തതെന്തുകൊണ്ടാണ്? എന്നാൽ പരീശൻമാരുടെയും സദൂക്യരുടെയും പുളിമാവ് സൂക്ഷിച്ചുകൊള്ളുക.”
ശിഷ്യൻമാർക്ക് ഒടുവിൽ കാര്യം പിടികിട്ടി. പുളിപ്പിക്കുകയും അപ്പം പൊങ്ങിവരാൻ ഇടയാക്കുകയും ചെയ്യുന്ന ഒരു വസ്തുവായ പുളിമാവ് എന്നത് മിക്കപ്പോഴും ദുഷിപ്പിനെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കായിരുന്നു. അതുകൊണ്ട് ഇപ്പോൾ യേശു ഒരു ദുഷിപ്പിക്കുന്ന ഫലമുള്ള “പരീശൻമാരുടെയും സദൂക്യരുടെയും ഉപദേശത്തി”നെതിരെ സൂക്ഷിക്കുന്നതിന് മുന്നറിയിപ്പുകൊടുക്കുന്നതിന് ഒരു പ്രതിരൂപാത്മകത്വം ഉപയോഗിക്കുകയാണെന്ന് ശിഷ്യൻമാർക്ക് മനസ്സിലാകുന്നു. മർക്കോസ് 8:1-21; മത്തായി 15:32-16:12.
◆ ആളുകളുടെ കൈകളിൽ വലിയ കൊട്ടകൾ ഉള്ളതെന്തുകൊണ്ട്?
◆ ദെക്കപ്പൊലിസ് വിട്ടശേഷം യേശു വള്ളത്തിൽ ഏതു യാത്രകൾ ചെയ്യുന്നു?
◆ പുളിമാവിനെ സംബന്ധിച്ച യേശുവിന്റെ അഭിപ്രായത്തെക്കുറിച്ച് ശിഷ്യൻമാർക്ക് എന്തു തെററിദ്ധാരണയുണ്ടായിരുന്നു?
◆ “പരീശൻമാരുടെയും സദൂക്യരുടെയും പുളിമാവ്” എന്നതിനാൽ യേശു എന്തർത്ഥമാക്കി? (w87 12⁄1)